ഓർമ്മകളിലെ അച്ഛൻ എന്നും മണ്ണണ്ണയുടെ ഗന്ധമാണ്....
വേലായുധേട്ടന്റെ റേഷൻ കടയിലെ സഹായിയായിരുന്നു എന്റെ അച്ഛൻ. സ്‌കൂൾ നിന്ന് വീട്ടിലേക്കുള്ള നടത്തത്തിനിടെ പതിവായി ഞാൻ അച്ഛനെ കാണാറുണ്ടായിരുന്നു. അരിയും പഞ്ചസാരയും മണ്ണെണ്ണയും തൂക്കിനോക്കി വിതരണം ചെയ്യുന്നതിനിടെ കടത്തിണ്ണയിൽ കാത്തുനിന്നിരുന്ന എന്നെ ഇടം കണ്ണിട്ട് നോക്കിയിരുന്ന അച്ഛന്റെ കണ്ണുകളിൽ എന്നോടുള്ള വാത്സല്യവും സ്നേഹവും സ്ഫുരിച്ചിരുന്നു. ആളൊഴിയുന്ന ചെറിയ ഇടവേളയിൽ എന്റെ അടുത്തേക്ക് ഓടി വന്നിരുന്ന അച്ഛന്റെ കയ്യിൽ ഒരു പലഹാരപ്പൊതിയുണ്ടാകുമായിരുന്നു. അതെന്നെ എല്പ്പിച്ച ഉടനെ കവിളിൽ ചുംബിച്ചുകൊണ്ട് അച്ഛൻ കടയിലേക്ക് തന്നെ തിരിച്ചു നടക്കും.
അച്ഛൻ തന്നിരുന്ന പലഹാരപ്പൊതിക്കെന്നും മണ്ണെണ്ണയുടെ ഗന്ധമായിരുന്നു. അച്ചനെ എനിക്ക് ജീവനായിരുന്നതുകൊണ്ട് അതൊട്ടും അരുചികരമായി തോന്നിയിരുന്നില്ല. പക്ഷേ, അമ്മയും ഏട്ടനും എപ്പോഴും അച്ഛനോട് പരാതി പറയുമായിരുന്നു...
"നിങ്ങൾ എന്ത് വാങ്ങിച്ചാലും അത് തിന്നാൻ കൊള്ളത്തില്ല.... എല്ലാത്തിലും മണ്ണണ്ണയുടെ ചുവ "
എല്ലാ ദിവസവും കടയിൽ നിന്ന് വന്ന ഉടനെ അച്ഛൻ തോർത്ത് മുണ്ടെടുത്ത് കുളിമുറിയിലേക്ക് നടക്കും. സോപ്പും ചകിരിയും ഉപയോഗിച്ച് ശരീരം നന്നായി ഉരച്ചു കഴുകും. പോരാത്തതിന് ദേഹം മൊത്തം സുഗന്ധവും പുരട്ടും.
പക്ഷേ, അച്ഛന്റെ നെഞ്ചിൽ തലവെച്ച് കിടന്നുറങ്ങുമ്പോഴും എവിടെ നിന്നോ മണ്ണെണ്ണയുടെ മണം ഒഴുകിയെത്തുമായിരുന്നു.
അച്ചൻ ധരിക്കാറുള്ള വസ്ത്രങ്ങളെല്ലാം മടക്കിയെടുത്ത് അലമാരയിൽ സൂക്ഷിക്കുന്നതിനിടെ ഞാൻ അവയെല്ലാം ആകാംഷാപൂർവ്വം മണത്തു നോക്കുമായിരുന്നു. അടുക്കി വെച്ചിട്ടുള്ള വസ്ത്രങ്ങൾക്കിടയിൽ നിന്ന് മണ്ണെണ്ണ മണക്കുമ്പോൾ ഞാൻ അമ്മയോട് പറയും. അമ്മ വന്ന് പരിശോദിക്കുമ്പോൾ അതെന്റെ മാത്രം തോന്നലെന്ന പതിവ് നിഗമനങ്ങളിൽ സംശയങ്ങൾ അവസാനിക്കും.
മണ്ണെണ്ണ മണക്കുന്ന അച്ഛന്റെ സാന്നിധ്യം ഒരിക്കൽപോലും എനിക്ക് അരോചകരമായി തോന്നിയിരുന്നില്ല. അതെനിക്ക് എനിക്കേറ്റവും പ്രിയപ്പെട്ട അനുഭവമായിരുന്നു ആയിരുന്നു.
ഒരിക്കൽ പ്രിയ ടീച്ചർ ഞങ്ങളോട് ഇഷ്ടമുള്ള ഗന്ധത്തെ പറ്റി ചോദിച്ചു. പലരും പല മറുപടി പറഞ്ഞു. ചിലർക്ക് പൂക്കളുടെ ഗന്ധമാണ് കൂടുതൽ ഇഷ്ടം....മറ്റുചിലർക്ക് പഴങ്ങളുടെ ഗന്ധം.... എന്റെ ഊഴം വന്നപ്പോൾ ഞാൻ നിസ്സംശയം പറഞ്ഞു
"മണ്ണെണ്ണ "
കേട്ട ഉടനെ കൂട്ടുകാരെല്ലാം കളിയാക്കി ചിരിച്ചു. അവർക്കറിയില്ലല്ലോ ഞാൻ എന്റെ അച്ഛന്റെ മണത്തെപ്പറ്റിയാണ് പറഞ്ഞെതെന്ന്....
ഒരിക്കൽ ചലനമറ്റ് കിടന്നിരുന്ന അച്ഛനെ നോക്കി അമ്മയും ഏട്ടനും അലറിവിളിച്ചു.അമ്മയുടെ വിളികേട്ട് വീടിനകത്തേക്ക് കുറേ ആളുകൾ വന്നു. അവർ നിശ്ചലനായി കിടന്നിരുന്ന അച്ഛനെ എടുത്തു തറയിലെ വാഴയിലയിൽ കിടത്തി.പിന്നീട് തേങ്ങാമുറിയിൽ എണ്ണയൊഴിച്ച് തിരിയിട്ടുകത്തിച്ച് തല ഭാഗത്ത് വെച്ചു.
കാര്യം മനസ്സിലാക്കതെ അന്താളിച്ചു നിന്നിരുന്ന എന്നെ നോക്കി അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു
"നമ്മുടെ അച്ഛൻ പോയില്ലേടാ... നമുക്ക് ഇനി ആരുണ്ട് "
കുറേ നേരത്തെ കാത്തിരിപ്പിന് ശേഷം അച്ചനെയുംകൊണ്ട് അവർ തെക്കേ തൊടിയിലേക്ക് പോയി. മാവിൻ തടികൾ കൂട്ടിവെച്ച് അച്ഛനെ അവർ അതിൽ കിടത്തി. കുളിച്ചൊരുക്കിയ ഏട്ടന്റെ കയ്യിലേക്ക് അവർ ഒരു തീപ്പന്തം നൽകി.
അതെ ഏട്ടൻ എന്റെ പ്രിയപ്പെട്ട അച്ഛനെ കത്തിക്കാൻ പോകുന്നു. ഞാൻ സർവ്വ നിയന്ത്രണവും നഷ്ടപ്പെട്ട് ഏട്ടന്റെ അടുത്തേക്ക് ഓടി. അവന്റെ കയ്യിൽ നിന്നും ആ തീപ്പന്തം തട്ടിത്തെറിപ്പിക്കാൻ ശ്രമിച്ചെങ്കിലും ചെറിയച്ഛനും മാമനും എന്നെ ബലംപ്രയോഗിച്ച് അവിടെ നിന്ന് കൊണ്ടുപോയി.
ഏട്ടൻ ആ തീപ്പന്തം ചിതയിലേക്ക് വെച്ചു. പക്ഷേ തലേദിവസത്തെ മഴകാരണം ആ തടികളെല്ലാം കത്താൻ മടിച്ചു. ഒടുവിൽ ഒരു പ്ലാസ്റ്റിക് ബോട്ടിൽ നിറയെ മണ്ണെണ്ണയുമായി ഒരാൾ വന്നു. അയാൾ അത് ചിതയിലേക്ക് ഒഴിച്ചു. അതോടെ വിറകുകളെല്ലാം ശക്തമായി കത്താൻ തുടങ്ങി.
കുറച്ചു സമയത്തിനകം അച്ഛന്റെ ശരീരം വെന്തുരുകാൻ തുടങ്ങി....
കൂടെ മണ്ണെണ്ണയുടെ രൂക്ഷഗന്ധവും അവിടേം ആകെ പരന്നു...
കൂടെ മണ്ണെണ്ണയുടെ രൂക്ഷഗന്ധവും അവിടേം ആകെ പരന്നു...
എന്റെ അച്ചനെ എനിക്കെന്നും ഇഷ്ടമാണ്... പക്ഷേ, മണ്ണെണ്ണയുടെ ഗന്ധം എനിക്കിപ്പോൾ അരോചകമാണ്.... അത് വഞ്ചകന്റെ മണമാണ്.... അച്ഛന്റെ കൂടെ നിന്ന് അച്ഛനെ നശിപ്പിക്കാൻ കൂട്ടു നിന്നവന്റെ മണം...
സമീർ ചെങ്ങമ്പള്ളി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക