നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിയോഗം...(തുടർകഥ) - Part 1

നിയോഗം...(തുടർകഥ)
"സച്ചിയേട്ടാ ആ കാണുന്ന മലയിന്നല്ലേ ഈ പുഴ വരുന്നേ.. ന്നെ അവിടെ കൊണ്ടോവോ.. സച്ചിയേട്ടൻ ഒരിക്കൽ അവിടെ പോയിന്നല്ലേ പറഞ്ഞേ.ന്താ അവിടെ കാണാനുള്ളേ.. " പുഴയുടെ കരയിലുള്ള പാറയിൽ കിടക്കുന്ന സച്ചിദാനന്ദനോട് കിച്ചു ചോദിച്ചു.
എഴുന്നേറ്റ് ഇരുന്ന് സച്ചി പറഞ്ഞു.
" അങ്ങോട്ട് പെൺകുട്ടിയോൾക്ക് പോവാൻ പാടില്ല കിച്ചുവേ.. അവിടെ ശരിക്കും ഒരു പൂന്തോട്ടം പോലെയാണ്. ഗന്ധർവൻമാർ വിശ്രമിക്കുവാൻ വരുന്ന സ്ഥലത്രെ അത്. അവിടെ വെച്ച് പെൺകുട്ടിയോളെ കണ്ടാ അവര് മോഹിക്കും ത്രെ.. അതോണ്ട് ന്റെ കിച്ചു അങ്ങട് പോണ്ടാ.."
"അതെന്താ സച്ചിയേട്ടാ ഗന്ധർവ്വൻ മോഹിക്കാൻ മാത്രം ചന്തം നിക്കുണ്ടോ.. അതോ ഞാൻ ഗന്ധർവ്വ നെ കാണുമ്പോ കൂടെ പോവുംന്ന് തോന്നണുണ്ടോ.."
സച്ചിദാനന്ദന്റെ താടി പിടിച്ചുയർത്തി ഒരു കള്ളച്ചിരിയോടെ കിച്ചു ചോദിച്ചു.
അവളുടെ മുഖത്ത് രണ്ടു കൈയും ചേർത്ത് വെച്ച് സച്ചി പറഞ്ഞു.
"നിന്നെ കണ്ടാ ആരാ മോഹിക്കാത്തെന്റെ പെണ്ണേ.. നീ എനിക്ക് ഈ ജീവിതത്തിൽ കിട്ടിയ പുണ്യമല്ലേ.. " പതുക്കെ സച്ചിയുടെ ചുണ്ടുകൾ കിച്ചു വിന്റെ നെറ്റിയിൽ പതിഞ്ഞു.നിറഞ്ഞു തൂവിയ കണ്ണുകൾ കൊണ്ട് കിച്ചു സച്ചിയെ ഒന്നു നോക്കി. പിന്നെ മെല്ലെ അവന്റെ മാറിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു.
" ഗന്ധർവ്വ നല്ല സാക്ഷാൽ ശ്രീകൃഷ്ണൻ വന്നു വിളിച്ചാലും ന്റെ സച്ചിയേട്ടനെ വിട്ട് കിച്ചു എങ്ങട്ടും പോവില്ലാ.. "
പെട്ടെന്ന് അയാൾ കണ്ണു തുറന്ന് ചുറ്റും നോക്കി. എവിടെ കിച്ചു.മെല്ലെ അയാൾക്ക് പരിസരബോധം ഉണ്ടായി. താനിപ്പോ സ്നാനഘട്ടത്തിന്റെ പടിയിൽ കിടക്കാണ്. മുന്നിൽ ശാന്തയായ് ഒഴുകുന്ന ഗംഗാനദി. അയാൾ എഴുന്നേറ്റിരുന്നു.
വൈദ്യുതവിളക്കിന്റെ പ്രകാശം ചായം തേച്ച ഗംഗയിലെക്ക് നോക്കി അയാൾ ഇരുന്നു.
കേ ദാറിൽ നിന്ന് മന്ദാകിനിയായി പിന്നെ ഭഗീരഥി ആയി ബദരിനാഥിൽ അളകനന്ദയായി മാറി ദേവപ്രയാഗിൽ എത്തുമ്പോ ഗംഗ എന്ന പേരിൽ ഋഷികേശ് ഹരിദ്വാർ കടന്ന് കാശിയിലെത്തുന്ന പുണ്യ പ്രവാഹം. ഈ പുണ്യനദിയിൽ ഇപ്പോ തന്റെ അമ്മയുടെ ചിതാഭസ്മം അലിഞ്ഞു ചേർന്നിരിക്കണം. അമ്മയുടെ ആത്മാവിന് മോക്ഷം കിട്ടിക്കാണണം. മരിക്കുന്നതിന് ഒരു ദിവസം മുമ്പാണ് തന്റെ ചിതാഭസ്മം ഗംഗയിൽ ഒഴുക്കണമെന്ന് അമ്മ ആവശ്യപ്പെട്ടത്.അതിന്റെ കാരണവും ഇപ്പോ ഊഹിക്കാൻ കഴിയുന്നുണ്ട്. തന്നെപ്പോലെ ഒരു ശാപ ജന്മത്തിനെ പത്തു മാസം ചുമന്ന് നൊന്തു പ്രസവിച്ച് ഈ ഭൂമിക്ക് സമ്മാനിച്ച പാപം തീരണമെങ്കിൽ അതിൽ നിന്ന് മോക്ഷം കിട്ടണമെങ്കിൽ ഇതേ വഴിയുള്ളൂ എന്ന് അമ്മ ചിന്തിച്ചു കാണണം. ഓർത്തപ്പോൾ ആത്മനിന്ദയോടെ സച്ചി ഒന്നു പുഞ്ചിരിച്ചു.
എവിടെയാണ് സച്ചിദാനന്ദന് പിഴച്ചത്.കഴിഞ്ഞ 19 വർഷത്തെ ജീവിതം അതൊരു ജീവിതമായിരുന്നോ. ഓർത്തപ്പോൾ അയാൾക്ക് തന്നെ അദ്ഭുതം തോന്നി. കഴിഞ്ഞ കാലം ഒരു സിനിമ പോലെ അയാളുടെ മനസ്സിൽ കടന്നു വന്നു.
ഓർമ്മ വെച്ച കാലം തൊട്ട് എല്ലാം കിച്ചു വായിരുന്നു. കിച്ചു ജനിക്കുന്നതിനു മുന്നേ എല്ലാവരും തീരുമാനിച്ചിരുന്നു. പെണ്ണാണെങ്കിൽ അത് സച്ചിക്കുള്ളതാണെന്ന്. അതു കാരണം അവൾ ജനിച്ചതേ തനിക്കു വേണ്ടി ആണെന്നുള്ള ഒരു തോന്നൽ ഉണ്ടായിരുന്നു. ഇരുപത്തൊന്നു വയസ്സുവരെ തന്റെ എല്ലാ കാര്യങ്ങളും തുടങ്ങുന്നതും അവസാനിക്കുന്നതും മുറപ്പെണ്ണായകിച്ചു വിലായിരുന്നു.പ്രണയമെന്തെന്ന് അറിയാത്ത കാലംതൊട്ട്പ്രണയിക്കാന്‍ തുടങ്ങിയവര്‍.അന്നത്തെ ആ ഒറ്റ ദിവസം അതിലാണ് എല്ലാം അവസാനിച്ചത്.സച്ചിദാനന്ദന്റെ സ്വപ്നങ്ങളും.കിച്ചു അവസാനമായി പറഞ്ഞ വാക്കുകള്‍ ഇന്നും ചെവിയില്‍ മുഴങ്ങുന്നു.
“സച്ചിയേട്ടാ ഞാന്‍ അഞ്ജനേടെ കൂടെ പുഴയില്‍ പോവാട്ടോ..കുറച്ച് കഴിഞ്ഞ് അങ്ങോട്ട്‌ വന്നേക്കണേ...”
കിച്ചുവിന്റെ അടുത്ത കൂട്ടുകാരി ആയിരുന്നു അഞ്ജു.ഓര്‍മവച്ച കാലം തൊട്ട് കിച്ചുവിന്റെ നിഴലായി അവള്‍ ഉണ്ടായിരുന്നു.കിച്ചുവിന്റെ വീട്ടിലെ കാര്യസ്ഥന്റെ മോള്.തന്റെയും കിച്ചുവിന്റെയും സ്നേഹം എന്താണെന്ന് ശരിക്കറിഞ്ഞവള്‍.ഞായറാഴ്ച്ച ദിവസങ്ങളില്‍ തുണി കുറേ കഴുകാനുണ്ടാകും അഞ്ജുവിന്.കിച്ചുവിന്റെ വീട്ടിലുള്ളവരുടെയും കാണും.കൂട്ടുകാരി അത് ഒറ്റയ്ക്ക് അലക്കുന്നതിലുള്ള വിഷമം കൊണ്ടാണ് കിച്ചു അവളെ സഹായിക്കാന്‍ പോകുന്നത്.കിച്ചു പോയതിനുപിറകെ സോപ്പും തോര്‍ത്തുമായി പുഴയിലേക്ക് നടക്കുമ്പോഴാണ് അമ്പലത്തിനടുത്തെത്തിയതും പൂജാരി വിളിച്ചത്.രാവിലെ പാട്ടുവെക്കുന്ന ടേപ്പ്റിക്കാര്‍ഡര്‍ വര്‍ക്ക്‌ ആവുന്നില്ല ഒന്നു നോക്കാന്‍.അതു ശരിയാക്കി കഴിഞ്ഞ് പുറത്തിറങ്ങിയതും കണ്ടു.മാട് മേക്കുന്ന മണികണ്ടന്‍ ഓടിവരുന്നത്.ദൂരെ നിന്നേ അവന്‍ നിലവിളിക്കുന്നുണ്ടായിരുന്നു.കുട്ട്യോള് രണ്ടാളും പുഴയില്‍ വീണേ...സച്ചിയേ...ഓടിവാടാന്ന്‍
.കേട്ടതും ഒരു നിമിഷം ഒന്ന് അമ്പരന്നെങ്കിലും പിന്നെ ഒരു കുതിപ്പായിരുന്നു പുഴയിലേക്ക്.അവിടെ എത്തിയതും നിറഞ്ഞൊഴുകുന്ന പുഴ.കരയില്‍ അലക്കി വച്ചിരിക്കുന്ന തുണി.പെട്ടെന്ന് കണ്ടു പുഴയുടെ നടുക്ക്ഒരു തല പൊങ്ങിയത്.പെട്ടെന്ന് അതുതാഴുകയും ചെയ്തു.നിറഞ്ഞൊഴുകുന്ന പുഴയിലേക്ക് ഒറ്റച്ചാട്ടമായിരുന്നു..
(തുടരും)
Ajeesh Kavungal

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot