നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

" ഞാനെങ്ങനെയാ ഉണ്ടായേ?"

ആറിലോ മറ്റോ പഠിക്കുന്ന സമയം ഓണപ്പരീക്ഷ കഴിഞ്ഞു സ്കൂൾ തുറക്കുന്ന ദിവസം. അത്രയും ദിവസം കളിച്ചു തിമിർത്തു നടന്നതിന്റെ എല്ലാ സന്തോഷവും ഒറ്റയടിക്ക് ആവിയായിപ്പോവും. ഓണപ്പരീക്ഷയുടെ പേപ്പറുകൾ ഓരോന്നായിങ്ങനെ വരും. ഓരോ പരീക്ഷയും വല്ലവിധേനെയും എഴുതി തീർത്തു വരാനിരിക്കുന്ന ഓണാവധിയുടെ സുഖമുള്ള ഓർമകളിൽ ഇരിക്കുമ്പോൾ അവധി കഴിഞ്ഞു വരുമ്പോൾ കാത്തിരിക്കുന്ന എ ഗ്രേഡും ബി ഗ്രേഡുമൊക്കെ ആരോർക്കാനാണ്.
അങ്ങനെ ക്ലാസ്സു തുടങ്ങി ക്ലാസ് ടീച്ചർ ആഗതയായി. ടീച്ചർ വരുമ്പോൾ തന്നെ എല്ലാവരുടെയും ശ്രെദ്ധ കൈകളിലേക്കാണ് കയ്യിലെ പേപ്പർ കെട്ടു കണ്ടാൽ പിന്നെ ക്ലാസ്സിലാകെ ഒരുതരം നിശബ്ദതയാണ് ഒരുതരം ശ്മശാന മൂകത. ഞങ്ങളുടെ ക്ലാസ് ടീച്ചർ മാത്‍സ് ആണ് ഞങ്ങളെ പഠിപ്പിക്കുന്നത്. ക്ലാസ് ടീച്ചർ മാത്‍സ് ടീച്ചർ ആവുക അത് വല്ലാത്തൊരവസ്ഥയാണ്.
അറ്റന്റൻസ് എടുത്തു കഴിഞ്ഞു ടീച്ചർ ഉത്തരക്കടലാസുകളുടെ കെട്ടു കയ്യിലെടുത്തു. ക്ലാസ്സിൽ നേരത്തെ പറഞ്ഞ അതേ ശ്മശാന മൂകത. ടീച്ചറിന്റെ മുഖത്ത് ഒരു ലോഡ് പുച്ഛം, ഇതുങ്ങളെയൊക്കെ ഞാൻ വായിട്ടലച്ചു പഠിപ്പിച്ചിട്ടെന്താ കാര്യമെന്ന ഭാവം. കണക്കിന് ഞാൻ പണ്ടേ കണക്കാണ് പേപ്പർ കയ്യിൽ തരുമ്പോൾ
ടീച്ചറിന്റെ കയ്യിൽ നിന്നും കിട്ടുന്നതിനെക്കുറിച്ചും പേപ്പറും കൊണ്ട് വീട്ടിൽ പോയാൽ അമ്മയുടെ വക മേടിച്ചുകൂട്ടുന്നതിക്കുറിച്ചുമൊക്കെ ഓർത്തു എന്തോ പോയ ആരുടെയോ ഭാവത്തിൽ ഇരിക്കുവാണ് ഞാൻ . ഓണത്തിന്റെ അവധിക്കു തുള്ളിച്ചാടി നടക്കുമ്പോളൊക്കെ 'അമ്മ ഇടയ്ക്കിടെ ഓർമ്മിപ്പിച്ചതാണ്,
"സ്കൂളൊക്കെ തുറന്നു ആ പരീക്ഷെടെ പേപ്പറൊക്കെ കിട്ടട്ടെ ഈ ചാട്ടമൊക്കെ ഞാൻ നിർത്തി തരാം"
ടീച്ചർ ഒന്നാമത്തെ പേപ്പർ കയ്യിലെടുത്തു പേര് വിളിച്ചു ഭാഗ്യം ക്ലാസ് നമ്പർ അനുസരിച്ചല്ല പേപ്പർ കൊടുക്കുന്നത്. എനിക്ക് എ യിൽ തുടങ്ങിയ പേരിട്ടതിനു അച്ഛനോടും അമ്മയോടും എനിക്ക് ഒടുക്കത്തെ ദേഷ്യമായിരുന്നു പണ്ടൊക്കെ. പേപ്പർ കിട്ടുന്ന ടെൻഷനിൽ അങ്ങനെ ഇരിക്കുമ്പോളാണ് എന്റെ അടുത്തിരിക്കുന്നവൾ എന്നെയൊന്നു തോണ്ടിയത്. ഞാനവളെ നോക്കി,
"അഞ്ജലി എനിക്കൊരു സംശയം "
മനുഷ്യനിവിടെ പേപ്പർ കിട്ടുന്ന ആധിയിൽ മൂത്രമൊഴിക്കാൻ മുട്ടി നിൽക്കുന്ന സമയത്താണ് അവളുടെ സംശയം. വല്യ താല്പര്യമില്ലാതെ ഞാൻ അവളോട് പറഞ്ഞു,
"എന്ത് സംശയം ?"
"അല്ലടോ നമ്മളൊക്കെ എങ്ങനെയാ ഉണ്ടായേ ?"
അവളുടെ ചോദ്യം എനിക്ക് പെട്ടന്നങ്ങോട്ടു പിടികിട്ടിയില്ല,
" അല്ല അച്ഛൻ ലീവിന് നാട്ടിൽ വരുന്നത് വരെ ഒരു കുഴപ്പവും ഇല്ലാതിരുന്ന എന്റെ അമ്മയാ, അച്ഛൻ തിരിച്ചു പോയിക്കഴിഞ്ഞപ്പോ തൊട്ടു അമ്മയ്ക്ക് ഒടുക്കത്തെ ഛർദി, അമ്മമ്മ പറയുവാ അമ്മേടെ വയറ്റിൽ ഒരു വാവ ഉണ്ടെന്നു. അതെന്താ അച്ഛൻ വന്നപ്പോ മാത്രം വാവയുണ്ടായെ ? നമ്മളൊക്കെ എങ്ങനാടോ ഉണ്ടാവുന്നെ?"
ജനിച്ചിട്ട് പത്തുപന്ത്രണ്ടു വര്ഷമായെങ്കിലും എന്നെ തെല്ലുമലട്ടാതിരുന്ന ഒരു ചോദ്യമായിരുന്നു അത്. " ഞാൻ എങ്ങനെയാ ഉണ്ടായേ ?". അങ്ങനെ ആ ചോദ്യം മനസ്സിലിട്ടുകൊണ്ട് അതിനെക്കുറിച്ചു കൂലംകക്ഷമായി ചിന്തിക്കുന്നതിനിടയിൽ ടീച്ചർ എന്റെ പേര് വിളിച്ചതും കൊട്ട നിറയെ മാർക്ക് വാങ്ങിയതിന് എന്നെ വല്ലാണ്ടങ്ങു അഭിനന്ദിച്ചതും ഞാൻ അറിഞ്ഞില്ല. എന്റെ മനസ്സിൽ ഒരേ ഒരു ചോദ്യം മാത്രം,
" ഞാനെങ്ങനെയാ ഉണ്ടായേ?"
പേപ്പറും കൊണ്ട് വീട്ടിൽ ചെന്ന് അമ്മയുടെ വക കിട്ടാനുള്ളതും കിട്ടി ബോധിച്ചു രംഗം ഒന്ന് ശാന്തമായ ഗ്യാപ്പിൽ ഞാൻ പതിയെ അടുക്കളയിലേക്കു വച്ചുപിടിച്ചു. 'അമ്മ പപ്പടം കാച്ചുകയാണ്. ഉറങ്ങിക്കിടക്കുന്ന പപ്പടക്കുട്ടന്മാർ തിളച്ചു മറിയുന്ന എണ്ണയിൽ മുങ്ങി നിവർന്നുണരുന്ന കാഴ്ചയും കണ്ടു ഒരു പപ്പടവും കയ്യിലാക്കി ഞാൻ അമ്മയോട് ചോദിച്ചു.
"'അമ്മ കുട്ടികളുണ്ടാവുന്നത് എങ്ങനെയാ?"
പപ്പടം കാച്ചുന്ന ഗ്യാപ്പിൽ അമ്മയെന്നെയൊന്നു നോക്കി.
"പറ 'അമ്മ ഞാനെങ്ങനെയാ ഉണ്ടായേ ?"
"നീയോ? , നീ മൊട്ട വിരിഞ്ഞിട്ടാ ഉണ്ടായേ"
"ആരാ മൊട്ടയിട്ടേ അമ്മയോ അതോ അച്ഛനോ?"
"ഞങ്ങള് രണ്ടുപേരുമല്ല അയലത്തെ സരസുന്റെ കോഴി, നിനക്ക് പഠിക്കാനൊന്നുമില്ലേ പെണ്ണെ, കൊട്ട നിറച്ചു മാർക്കും വാങ്ങിച്ചോണ്ട് വന്നു നിൽക്കുവാ, മര്യാദക്ക് പൊയ്ക്കോ അല്ലെങ്കിൽ നേരത്തെ കിട്ടിയതിന്റെ ബാക്കി ഇപ്പോ കിട്ടും പറഞ്ഞേക്കാം"
'അമ്മ തല്ലിന്റെ അടുത്ത എപ്പിസോഡ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഞാൻ പതിയെ സംഭവ സ്ഥലത്തു നിന്ന് സ്കൂട്ടായി. അങ്ങനെ ഉത്തരം കിട്ടാത്ത ആ വലിയ ചോദ്യവും മനസ്സിലിട്ടുകൊണ്ട് ഇരിക്കുമ്പോളാണ് പുസ്തകത്തിൽ മുഖവും പൂഴ്ത്തിയിരിക്കുന്ന ചേട്ടനെ കണ്ടത്. എന്നെക്കാൾ അഞ്ചു വയസ്സിനു മൂത്തതാണ് ചേട്ടൻ. കണ്ണിൽ കണ്ടാൽ ഞങ്ങൾ കീരിയും പാമ്പുമാണ്. ക്ലാസ്സിൽ ഒന്നാമതായി പഠിക്കുന്ന ആരോടും അധികം സംസാരിക്കാത്ത വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കുന്ന ചേട്ടൻ. 'അമ്മ ഇടയ്ക്കിടയ്ക്ക് പറയും "ആ ചെറുക്കനെ ഓർത്തു എനിക്കൊരു ആധിയുമില്ല അവൻ അവന്റെ കാര്യവും നോക്കി അടങ്ങി ഒതുങ്ങി ഇരുന്നോളും പെണ്ണാണ് ന്നു പറഞ്ഞിട്ടെന്താ അടക്കവും ഒതുക്കവും നിന്റെ അടുത്ത് കൂടി പോയിട്ടില്ല "
എന്നെ കണ്ടതും ചേട്ടൻ ഒരല്പം ഗൗരവത്തിൽ ചോദിച്ചു,
"ഉം എന്താ ?"
"ഒരു കാര്യം ചോയ്ച്ച പറഞ്ഞു തരുവോ?"
"ആം ചോയ്ച്ചോ?"
"അതേ ഞാനെങ്ങനെയാ ഉണ്ടായേ ചേട്ടാ ?"
"ആഹ് ഇത്രേ ഉള്ളോ ഇപ്പോ പറഞ്ഞു താരാല്ലോ"
എന്റെ സംശയത്തിന് ഒടുവിലിതാ ഉത്തരം , കാര്യം ഇടയ്ക്കു തല്ലും വഴക്കുമുണ്ടാക്കുമെങ്കിലും എന്റെ ചേട്ടൻ മുത്താണ്.
" അതെ കുറച്ചു വര്ഷങ്ങള്ക്കു മുൻപേ ഒരുദിവസം നമ്മുടെ വീട്ടിലൊരു പിച്ചക്കാരി വന്നു 'അമ്മ അവർക്കു പത്തു രൂപേം കൊറച്ചു പഴയ തുണിയും കൊടുത്തപ്പോ അവർ കയ്യിലിരുന്ന ഒരു ചെറിയ കൊച്ചിനെ അമ്മയ്ക്ക് കൊടുത്തു ആ കൊച്ച നീ"
ചേട്ടൻ പൊട്ടിചിരിച്ചുകൊണ്ടു പറഞ്ഞു നിർത്തി. അങ്ങനെ ചേട്ടൻ കീരിയും ഞാൻ പാമ്പുമായി ഒടുക്കത്തെ യുദ്ധം. ബഹളം കേട്ട് 'അമ്മ അടുക്കളയിൽ നിന്ന് വന്നു കയ്യിലിരുന്ന തവി കൊണ്ട് എനിക്ക് നല്ലൊരു വീക്കും തന്നു,
" നീയോ പഠിക്കത്തില്ല മര്യാദക്കിരുന്നു പഠിക്കുന്ന ആ ചെറുക്കനെ എന്തിനാടി ശല്യം ചെയ്യുന്നേ?"
അമ്മയുടെ കയ്യിൽ നിന്ന് തല്ലു കിട്ടിയ സങ്കടത്തിൽ വലിയ വായിൽ നിലവിളിക്കുമ്പോളാണ് അച്ഛൻ വന്നത്. കാര്യമെല്ലാമറിഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു,
"നീ എങ്ങനെയാ ഉണ്ടായെന്ന് അച്ഛൻ പറഞ്ഞു തരാം. നിന്നെ ഒരു മാലാഖ കൊണ്ട് തന്നതാ, നിന്നെ മാത്രമല്ല എല്ലാ കുട്ടികളേം മാലാഖയാ കൊണ്ടുതരുന്നേ"
അങ്ങനെ ചോദ്യത്തിന് ഉത്തരം കിട്ടിയ ഞാൻ ഒടുക്കത്തെ ഹാപ്പി.
കാലങ്ങൾ കടന്നുപോയി ഒൻപതാം ക്ലാസ്സിലെ ബയോളജി പുസ്തകം പകുതിയായും പ്ലസ്ടുവിലെ സുവോളജി പുസ്തകം മുഴുവനായും എന്റെ സംശയങ്ങൾ മാറ്റി തന്നു. അപ്പോഴല്ലേ മനസ്സിലായത് പാവം മാലാഖയ്ക്കു ഇതിലൊരു റോളും ഇല്ലാന്ന്.
ഇപ്പോളത്തെ കുട്ടികളോട് മാലാഖയുടെ കഥയൊന്നും പക്ഷെ ഏൽക്കില്ല അവരൊക്കെ ഈ ഗൂഗിൾ യുഗത്തിലെ സന്താനങ്ങളാണ്

Anjali Kini

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot