Slider

ഊണാണ് ഓണം കഥ

0
ഊണാണ് ഓണം
കഥ
''കുട്ടിക്കാലത്തെ ഓണത്തെ പറ്റി എന്തെങ്കിലും പറയൂ''
'' ഓണം ന്ന് പറഞ്ഞാല്‍ ഊണ് എന്നായിരുന്നു അന്നൊക്കെ അര്‍ത്ഥം. ബാക്കി മുന്നൂറ്റി അറുപത്തിനാലു ദിവസവും പട്ടിണിയായിരുന്നേയ്''
'' ഓണ കാഴ്ചകള്‍ പലതുമുണ്ടായിരുന്നില്ലേ? അതില്‍ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നതെന്തെങ്കിലും?''
''ങ്ആ, ഓണത്ത്ന്നാള്‍ ,ഊണു കഴിഞ്ഞ വലിയ വീട്ടിലെ പെണ്ണുങ്ങള്‍ വേഷ്ടീം മുണ്ടും പുലിയാമോതൊറൊക്കെ കെട്ടി തിരുവാതിരകളിക്കാന്‍ പോണത് വേലിപ്പൊത്തില്‍ ഒളിച്ചു നിന്നു കാണാന്‍ നല്ല രസമായിരുന്നു. പിന്നെ വലിയ വീടുകളിലെ മിടുക്കന്മാരും ഓമനമാരും( (അറിയില്ലെങ്കില്‍ പറയാം വലിയ വീടുകളിലെ ആണ്‍കുട്ടികളെ മിടുക്കന്മാരെന്നാ അന്നൊക്കെ വിളിക്കാറ്. പെണ്‍കുട്ട്യോളൊക്കെ ഓമനമാര്) പൂവിളിയുമായി പൂവറുക്കാന്‍ പോണത് ഞങ്ങള്‍ അകലെ നിന്ന് കണ്ടാസ്വദിക്കും. അടുത്തു പുവ്വാന്‍ പാടീല്യ. ഞങ്ങള് തീണ്ടലുള്ളോരല്ലേ? ഞങ്ങള് നെയ്ത് കൊടുത്ത പൂത്തൊട്ടിക്ക് തീണ്ടലില്യാട്ടോ''
'' എന്തൊക്കെയായിരുന്നു ഊണിന്റെ വിഭവങ്ങള്‍?''
'' വിഭവങ്ങളടെ പേരൊന്നും അറിയില്ല. തമ്പരാന്റെ മുറ്റത്തെ മണ്ണില്‍ എല വെച്ച് അവര് വെളമ്പിത്തരണതുണ്ണ, അതാണ് ഓണം. ചോറിന് ആകാരംന്നാ പറയാ. കറികള്‍ക്ക് കറിആകാരന്ന് പറയണം. പല കറിആകാരങ്ങളൊന്നിച്ച് ചോറാകാരത്തിന്റെ മീതെ വ്ളമ്പീട്ട്ണ്ടാവും.വേറെ വേറെ രുചി നോക്കാനൊന്നും പറ്റില്യ. വയറു നെറച്ചു ചോറു കിട്ടണത് തന്നെ ഒരു ഭാഗ്യാ. വെശന്നുണ്ണുമ്പോ മണ്ണിനും സ്വാദ്ണ്ടാവും. അതു പറഞ്ഞപ്പ പറയാ,അടീലെ കൂര്‍ത്ത കല്ലു കൊണ്ടിട്ട് ചെലപ്പോ എല കീറീട്ട്ണ്ടാവും.അതോണ്ട് ചോറില് മണ്ണ് കടിക്കലൊരു പതിവാ.''
''തമ്പ്രാന്മാര് ഓണപ്പുടവ തരാറുണ്ടോ?''
'' ഓ,ചേറ്ല് പണീട്ക്കണ ഞങ്ങക്കൊക്കെ എന്ത്നാ പൊടവ? കുടീലുള്ള വക്കു പൊട്ട്യേ അലുമിനീയപാത്രങ്ങളും ചട്ടീം കലോം ഒക്കെ കൊണ്ടാ ഞങ്ങള് ഓണം ഉണ്ണാന്‍ പുവ്വാറ്. രണ്ടുദിവസത്തക്ക്ള്ള ചോറാകാരോം കറിആകാരോം വെളമ്പുകാരോട് പെശകി മേടിക്കും.ക്ടാങ്ങള്‍ക്ക് രണ്ടൂസം വയറു നെറച്ചൂണ്ണാം.''
''ഇപ്പോ,നല്ല രസാണ് അല്ലേ? വീട്ടിലിരുന്ന് ഓണം ഉണ്ണാലോ!''
'' ന്നാലും ന്റെ മോളേ, പറയുമ്പോ, എല്ലാം പറയണം. ഇപ്പോ, എല്ലാംണ്ട്. വെശപ്പു മാത്രം ല്യ. അതോണ്ട് ഊണൂല്യ, ഓണോല്യ.''


Rajan P
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo