Slider

ഒരു പ്രവാസിയുടെ രണ്ട് ചോദ്യങ്ങൾ

0

(അനുഭവ കഥ)
നാട്ടിലിങ്ങനേ പാറിപ്പറന്ന് പൂമ്പാറ്റയെ പോലെ ജീവിച്ചവനാണ് അനീസ്...അവന് എല്ലാവരോടും സ്നേഹത്തിൽ പെരുമാറാൻ മാത്രമേ അറിയൂ...അവന്റേ സുന്ദരമായ പെരുമാറ്റം കാരണം നാട്ടുകാർക്കും കുടുംബക്കാർക്കും അവനെ വലിയ ഇഷ്ടമാണ്..
ഒരു പെങ്ങളില്ലാത്തതിന്റേ ദു:ഖം അവന് നന്നായുണ്ട്.അത് കൊണ്ട് തന്നെ കുടുംബത്തിലെയും അയൽപക്കത്തേയും പെൺകുട്ടികളുമായി കൂട്ടുകൂടി അവരെ സ്വന്തം പെങ്ങന്മാരെ പോലെ കണ്ട് അവനീ ദു:ഖത്തിന് ഒരു പരിതി വരെ ആശ്വാസം കണ്ടെത്തുന്നു...എത്ര വളയും മാലയുമാണ് അവൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് അവർക്കൊക്കെ വാങ്ങികൊടുത്തത് എന്നതിന് കയ്യും കണക്കുമില്ല.
ഇപ്പോ അവൻ ഗൾഫിൽ നിന്നും വരുന്ന സമയത്തും അവന്റേ പെട്ടിയിൽ കൂടുതലായി കാണുന്ന ഇനവും മാലയും വളയും തന്നെ....
നാട്ടിലും കുടുംബത്തിലും ഒരുപാട് നല്ല സൗഹൃദങ്ങളുള്ള അനീസിന് ലീവിന് നാട്ടിൽ വന്നാൽ തിരിച്ച് പോവാൻ ഭയങ്കര മടിയാണ്..അവന്റേ രണ്ട് ജ്യേഷ്ഠന്മാരും ഒരു അനിയനും ഗൾഫിലാണ്...പക്ഷേ അവർക്കൊന്നും ഇവനെ പോലെ യാതൊരു മടിയുമില്ല.എന്തെങ്കിലുമൊക്കെ സമ്പാദിക്കണമെങ്കിൽ ഗൾഫിൽ തന്നെ പോവണം എന്നാണ് അവർ പറയാറ്...
ഓരോ തവണ നാട്ടിൽ വരുമ്പോഴും തിരിച്ചു പോവാൻ മടി കാണിക്കുന്ന അനീസിനെ അവന്റേ വീട്ടുകാർ പലതും പറഞ്ഞ് ഉപദേശിച്ചും, ശാസിച്ചും തിരിച്ചയക്കാറാണ് പതിവ്..
കഴിഞ്ഞ പ്രാവശ്യം അവൻ ഗൾഫിൽ നിന്നും വന്നിട്ട് തിരിച്ചുപോവുന്നില്ലാ എന്ന് ഉറപ്പിച്ച് പറഞ്ഞു...എല്ലാ പ്രാവശ്യത്തേയും പോലെ പോവാൻ സമയമാവുമ്പോ അവനേ എങ്ങനെ എങ്കിലും തള്ളി വിമാനം കയറ്റി വിടാമെന്ന് എല്ലാവരും വിചാരിച്ചിരുന്നു...പക്ഷേ ഇപ്രാവശ്യം ആരെന്തു പറഞ്ഞിട്ടും അനീസ് വഴങ്ങുന്നില്ല...കൂടാതെ ആരോടും അധികം മിണ്ടാനോ സംസാരിക്കാനോ നിൽക്കാതെ വാതിലടച്ച് വിഷാദ രോഗത്തിന് അടിമപ്പെട്ടവനെ പോലെ റൂമിൽ തന്നെ കഴിഞ്ഞു കൂടുന്നു...ഇതോടെ എല്ലാവരും ആകെ അങ്കലാപ്പിലായി..
അനീസും ഞാനും ചെറുപ്പം മുതലെ വലിയ കൂട്ടുകാരായിരുന്നു...അതിനാൽ "നീ വന്ന് അവനെയൊന്ന് കാര്യം പറഞ്ഞ് മനസ്സിലാക്കി കൊടുക്കൂ" എന്നും പറഞ്ഞ് അവന്റേ ജ്യേഷ്ഠൻ എനിക്ക് ഫോൺ ചെയ്തു.അങ്ങനെ അനീസിന്റേ വീട്ടിൽ ചെന്ന് ഗൾഫിൽ പോവേണ്ടതിന്റേ ആവശ്യകതയെ കുറിച്ച് അവന്റേ വീട്ടുകാരും ഞാനും ചേർന്ന് വിവരിച്ച് കൊടുത്തു...ഗൾഫിൽ പോവാതെ പണം സമ്പാദിക്കാനും, നല്ലൊരു വീട് വെക്കാനും കഴിയില്ല എന്ന വിഷയത്തിലൂന്നിയായിരുന്നു ഞങ്ങളുടേ സംസാരമത്രയും...ഗൾഫിൽ പോയി വലിയ വലിയ വീട് വെച്ചവരേ കുറിച്ചും ഒരു പാട് കാഷ് സമ്പാദിച്ചവരേ കുറിച്ചും
ഉദാഹരണ സഹിദം ഞങ്ങൾ വിവരിച്ചു കൊടുത്തു. അതിനിടയിലാണ് ഞങ്ങളേ ഉത്തരം മുട്ടിച്ച, എനിക്ക് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ലാത്ത രണ്ട് ചോദ്യം ദേഷ്യത്തോടെ അവൻ ചോദിച്ചത്....
ആരാണ് ഈ ഗൾഫ് പോക്ക് കണ്ട് പിടിച്ചത്? ആരാണ് ഈ ടറസിന്റേ വീട് കണ്ട് പിടിച്ചത്?
എന്നിവയായിരുന്നു ആ രണ്ട് ചോദ്യങ്ങൾ.
"പ്രവാസ ജീവിതം അനുഭവിച്ചറിയാത്ത നിനക്ക് ഒരു പ്രവാസിയുടെ ദു:ഖം എത്ര പറഞ്ഞാലും മനസ്സിലാവില്ല , അത് നീ കഥകളിലും, സിനിമകളിലും കാണുന്നതിനും അപ്പുറമുള്ളൊരു ജീവിതമാണ് "എന്നും അവൻ എന്നോടായി പറഞ്ഞു....ഇതോടെ എനിക്ക് പൂർണ്ണമായും ഉത്തരം മുട്ടി.എങ്കിലും ഞങ്ങളുടേ സംസാരത്തിനൊടുവിൽ അവൻ വീണ്ടും മരുഭൂമിയിലേക്ക് തിരിച്ചുപോവാനുള്ള തീരുമാനമെടുത്തു....ഇപ്പോ ഇടക്കിടെ വിളിക്കുന്ന സമയത്ത് അവിടെ വളരെ സുഖം എന്ന് തന്നെയാണ് എല്ലാ പ്രവാസിയേയും പോലെ അവനും പറയാറ്...!
(എം.ആർ ഒളവട്ടൂർ)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo