പണ്ട് റേഷൻ പണക്കാരായാലും പാവപ്പെട്ടവരായാലും വെറുതേ കളയാറില്ലായിരുന്നു...റേഷൻ കടയിൽ നിന്നും കിട്ടുന്ന അരിയും , ഗോതമ്പും, പഞ്ചസാരയും, റവയും , മെെതയും ഒക്കെയായിരുന്നു അന്ന് ഓരോ വീട്ടിലേയും ആഹാരം. പലപ്പോഴും അക്കാലത്ത് റേഷൻ കടകളിൽ നീണ്ട ക്യൂ ആയിരിക്കും കാണാറ്.ഇന്നിപ്പം അത്തരം നീണ്ട ക്യൂ കാണുന്നത് ബ്രിവറേജ് സ്റ്റോറുകളിൽ മാത്രമാണ്...
വീട്ടിലെ മൂത്ത കുട്ടിയായിരുന്നതിനാൽ റേഷൻ കടയിൽ പോവുക എന്ന ജോലി എന്റേ തലയിൽ നിക്ഷിപ്തമായിരുന്നു....വീട്ടിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്ററോളം ദൂരമുണ്ട് അന്നത്തേ 'പുതിയേടത്ത് പറമ്പ് 'എന്ന സ്ഥലത്തുള്ള ഞങ്ങളുടേ റേഷൻ കടയിലേക്ക്....ഇവിടേക്ക് 'മുണ്ടോളി മല' എന്ന് പേരുള്ള കുന്ന് കയറി ഇറങ്ങിയാൽ ദൂരം പകുതി കണ്ട് കുറയും...പലപ്പോഴും വെെകുന്നേരം റേഷൻ കടയിലേക്ക് പോവുന്നത് ഈ വഴിക്കായിരിക്കും.തിരിച്ച് വരുമ്പോഴേക്ക് നേരം ഇരുട്ടായിട്ടുണ്ടാവും...അതിനാൽ തിരിച്ചുവരുന്നത് റോഡ് വഴിയായിരിക്കും.....ഇതൊരുപാട് ദൂരം കൂടുതലുള്ള വഴിയാണ്.
സ്കൂളിൽ നിന്നും വീട്ടിലേക്ക് ഏകദേശം ഒന്നര കിലോമീറ്റർ ദൂരം കാണും. സ്കൂൾ വിട്ടതിനു ശേഷം അത്രയും ദൂരം താണ്ടി വന്ന് വല്ലതും കഴിച്ചയുടനെ വീണ്ടും ഒരു ഒന്നര കിലോമീറ്റർ ദൂരത്തുള്ള റേഷൻ കടയിലേക്ക് പോവുക എന്നത് അന്നൊരു പ്രയാസമുള്ള കാര്യമേ ആയിരുന്നില്ല( ഇന്നിപ്പം അതേ എനിക്ക് തന്നെ അര കിലോമീറ്റർ നടക്കാൻ വയ്യേ!).ചില ദിവസങ്ങളിൽ ചെറിയ ചെറിയ സഹായത്തിന് അനിയത്തിയും കൂടെ പോരാറുണ്ട്.
അന്നൊരു ദിവസം വെെകുന്നേരം സ്കൂളിൽ നിന്നും വന്ന് റേഷൻ കടയിൽ പോയി ഞാനും അനിയത്തിയും ഇരുട്ടത്ത് തിരിച്ച് വരുന്ന സമയത്ത് ഒരു കാർ ഞങ്ങളുടേ അരികിലെത്തിയപ്പോൾ വളരേ 'സ്ലോ' ആക്കി.അക്കാലത്ത് തട്ടികൊണ്ട് പോവൽ കഥ ഒരുപാട് കേട്ടിട്ടുള്ള ഞാൻ ഇതുകണ്ട് പെങ്ങളേയും കൂട്ടി പതുക്കെ ഓടാൻ തുടങ്ങി..അപ്പോഴതാ കാറും ഞങ്ങളുടേ പിന്നാലെ വരുന്നു..! പിന്നെ ഒന്നും നോക്കിയില്ല തൊട്ടടുത്ത വീട്ടിലേക്ക് നിലവിളിച്ചുകൊണ്ടൊരു ഓട്ടം..അപ്പോഴതാ ആ കാർ ഞങ്ങളുടേ പിന്നാലെ ആ വീട്ടിലേക്കും വരുന്നു!? അതോടെ റേഷനെല്ലാം താഴേയിട്ട് "ഞങ്ങളേ ആ കാറിലുള്ളവർ പിടിക്കാൻ വരുന്നേ" എന്നും പറഞ്ഞു ആ വീടിന്റെ ഉള്ളിലോട്ട് നിലവിളിച്ച് ഓടിക്കയറി..കാര്യം അറിയാനായി പുറത്തിറങ്ങിയ ആ വീട്ടുകാർ ആദ്യം ഞെട്ടിയെങ്കിലും പിന്നീട് ചിരിയോട് ചിരി..കാരണം ആ കാറിൽ വന്ന വ്യക്തി അവരുടെ അടുത്ത ബന്ധുവും അന്നത്തെ വിരുന്നുകാരനുമായിരുന്നു..! ഈ സത്യം അവർ ഞങ്ങളോട് പറഞ്ഞിട്ടും എന്റേയും പെങ്ങളുടേയും പേടി മാറാൻ ഒരുപാട് സമയമെടുത്തു...
പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് ഞാനാ സത്യം അറിഞ്ഞത്.അതായത് അന്ന് ഞങ്ങളേ പേടിപ്പിച്ചു കളഞ്ഞ ആ കാറിലെ കൊമ്പൻ മീശക്കാരൻ ശരിക്കും ഒരു പേരുകേട്ട ക്രിമിനൽ തന്നെയായിരുന്നു! വാഹന മോഷണമായിരുന്നു അയാളുടെ പ്രധാന ഇനമെങ്കിലും മറ്റു പല തട്ടിപ്പും ഉണ്ടായിരുന്നു .ഇരുട്ടത്ത് നടന്നു വരുന്ന ഞങ്ങളേ(എനിക്കന്ന് ഏകദേശം പന്ത്രണ്ടും അനിയത്തിക്ക് ഒൻപതും വയസ്സ് കാണും) അയാൾ രസത്തിനോ അതല്ലെങ്കിൽ കാര്യമായോ പേടിപ്പിച്ചു എന്ന് തന്നെയാണ് ഞാനും പെങ്ങളും ഇപ്പോഴും വിശ്വസിക്കുന്നത്.......
(എം.ആർ ഒളവട്ടൂർ)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക