Slider

മിന്നു മോളുടേ കഥ

0

ഒരു പരിചയക്കാരൻ ഇന്നലേ അദ്ദേഹത്തിന്റെ മൂന്ന് വയസ്സ് മാത്രം പ്രായമായ കുഞ്ഞ് കാൻസറെന്ന ക്രൂരമായ കൊലയാളി രോഗത്തിന്റേ പിടിയിലാണെന്ന് പറഞ്ഞപ്പോഴാണ് ഞാൻ മിന്നുമോളുടേ കഥ വീണ്ടും ഓർത്തുപോയത്.
ഒരുപാട് കാലത്തേ നേർച്ചകൾക്കും കാത്തിരിപ്പിനുമൊടുവിലാണ് ആ ഉമ്മാക്ക് വീണ്ടുമൊരു കുഞ്ഞ് ജനിച്ചത്...
മൂത്ത കുട്ടിക്ക് എകദേശം പത്ത് വയസ്സ് പ്രായമായതിനുശേഷമാണ് മിന്നുമോളേ പ്രസവിക്കുന്നത്.
ഏറേകാലത്തേ കാത്തിരിപ്പിനൊടുവിൽ പിറന്നുവീണ ആ സുന്ദരികുട്ടിയേ
'നിലത്ത് വെച്ചാൽ ഉറുമ്പരിക്കും തലയിൽ വെച്ചാൽ പേനരിക്കും'
എന്ന് പേടിച്ചാണ് ആ ഉപ്പയും ഉമ്മയും വളർത്തിയത്....
ഒരിക്കൽ ഒന്നര വയസ്സിനടുത്ത് പ്രായമുള്ള സമയത്ത് മിന്നുമോൾ അബദ്ധത്തിൽ കട്ടിലിൽ നിന്നും താഴേ വീണ് ശ്വാസം കിട്ടാതെ കണ്ണ് തള്ളിയത് കണ്ട് അവളേ വാരിയെടുത്ത് ആ ഉമ്മ നിലവിളിച്ചതും ,അയൽക്കാർ ഓടിക്കൂടിയതും ഓർത്ത് പോവുന്നു.....
ഒരുദിവസം ഉമ്മ മിന്നുമോളേ കുളിപ്പിച്ച സമയത്താണത് കണ്ടത്.അവളുടേ വലത്തേ കാലിന്റേ തുടയിൽ ചെറിയൊരു തടിപ്പ്.
എവിടെയെങ്കിലും വീണോ മറ്റോ പറ്റിയതല്ല ആ തടിപ്പെന്ന് കണ്ടമാത്രയിലേ ആ ഉമ്മക്ക് മനസ്സിലായി......
സ്കൂൾ അധ്യാപകനായ മിന്നുമോളുടേ ഉപ്പ വെെകുന്നേരം വന്നയുടനേ ഉമ്മ ഈ തടിപ്പിനേ കുറിച്ച് പറഞ്ഞു.അടുത്ത ദിവസം അവരവളേ തൊട്ടടുത്ത് തന്നേയുള്ള ആശുപത്രിയിലേ പരിചയക്കാരനായ ഡോക്ടറേ കാണിച്ചു.
"കാര്യമായ പ്രശ്നമൊന്നുമില്ല. എങ്കിലും നിങ്ങൾ മെഡിക്കൽ കോളേജിൽ ഒന്ന് കാണിച്ചോളൂ" എന്നും പറഞ്ഞ് ആ ഡോക്ടർ കോളേജിലേക്ക് എഴുത്ത് കൊടുത്തു......
മെഡിക്കൽ കോളേജിലേ സീനിയർ ഡോക്ടറേ അവർ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് കണ്ടു.പരിശോധനക്കിടയിലേ ഡോക്ടറുടേ മുഖഭാവത്തിൽ നിന്നും എന്തോ പന്തിക്കേട് തോന്നിയ ആ മാതാ പിതാക്കൾ
"എന്താണ് സാർ ഞങ്ങളുടേ മോൾക്ക് പറ്റിയതെന്ന്?" കരഞ്ഞ് കൊണ്ട് ഡോക്ടറോട് ചോദിച്ചു....
"ഹേയ് കാര്യമായ പ്രശ്നമൊന്നുമില്ല. എങ്കിലും നിങ്ങൾ മോളുടേ ബ്ലഡ് ഒന്ന് ഉടനേ ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ് "എന്നും പറഞ്ഞു ഡോക്ടർ ഏതാനും ചില ടെസ്റ്റുകൾ എഴുതിക്കൊടുത്തു.
പക്ഷേ ആ ടെസ്റ്റ് റിസൽട്ടുകൾ മിന്നുമോളേ കുഞ്ഞുപ്രായത്തിൽ തന്നേ ഒരു കാൻസർ രോഗിയായി വിധിയെഴുതുകയാണുണ്ടായത്....
കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു തുടക്കത്തിൽ ചികിത്സ....
കാൻസർ എന്ന മാരക രോഗത്തിന് അടിമപ്പെട്ട എട്ടും പൊട്ടും തിരിയാത്ത കുട്ടികൾ വരി വരിയായി കട്ടിലുകളിൽ കിടക്കുന്നു.അവരുടേ തൊട്ടടുത്ത് തന്റേ കുഞ്ഞിനെയും നോക്കി കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മാതാപിതാക്കളിൽ ആരെങ്കിലും ഒരാളും കാണും(ഒരു രോഗിയുടേ കൂടേ ഒരാൾ മാത്രമേ അനുവദിക്കൂ).കാൻസർ വാർഡിലേ ഈ കാഴ്ച ഏതൊരാളേയും കരയിപ്പിക്കാൻ പോന്നതാണ്....
പിന്നീട് കൂടുതൽ നല്ല ചികിത്സ കിട്ടാനായി അവർ മിന്നുവിനേ എറണാകുളം ലെയ്ക്ക്ഷോർ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ഏകദേശം ഒരു വർഷത്തിനുള്ളിൽ രോഗം പൂർണ്ണമായും സുഖപ്പെട്ട് ആ സുന്ദരികുട്ടി ഓടിച്ചാടി നടക്കാൻ തുടങ്ങി!
ഇത് കണ്ട് മിന്നുമോളുടേ ഉമ്മയും ഉപ്പയും പടച്ചവനേ ഒരുപാട് സ്തുതിച്ചു..കുടുംബത്തിലുള്ള എല്ലാവർക്കും മിന്നുവിനേ വലിയ സ്നേഹമായിരുന്നു.
രോഗം മാറി വീട്ടുകാരുടേയും കുടുംബക്കാരുടേയും കണ്ണിലുണ്ണിയായി ഓടിച്ചാടി നടക്കുന്നതിനിടയിൽ വിധിയുടെ ക്രൂര വിനോദം വീണ്ടുമതാ മിന്നുമോളേ തേടി എത്തുന്നു!!?
നടക്കുന്നതിനിടയിൽ ഇടക്കിടേ വേദനകൊണ്ട് അവൾ വലത് കാൽ പൊക്കുന്നത് കണ്ട് വീണ്ടും പഴയ ഡോക്ടറേ കാണിച്ചു...അപ്പോഴാണ് മനസ്സിലായത് രോഗം അവളേ വിട്ട് പോയിട്ടില്ലാ എന്ന്......അതേ കാൻസർ എന്ന കൊലയാളി രോഗം അവളേ നിശബ്ദമായി കാർന്ന് തിന്നുകയായിരുന്നു.
ആ നിശബ്ദതയേ ഡോക്ടർമാരടക്കമുള്ള എല്ലാവരും തന്നെ രോഗം സുഖപ്പെട്ടതായി തെറ്റിദ്ധരിക്കുകയായിരുന്നു.....
രോഗം ആ കുഞ്ഞു മാലാഖയുടേ ശ്വാസകോശത്തേ വരെ ആക്രമിച്ചു.ശ്വാസം വലിക്കുന്നത് പോലും അവൾക്ക് കടുത്ത വേദനയായി മാറിയിരിക്കുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞത്.......
പക്ഷേ അതൊന്നും പുറത്ത് കാണിക്കാതെ അവൾ എല്ലാവരോടും ചിരിച്ച് കളിച്ചാണ് പെരുമാറിയിരുന്നത്...
സ്കൂളിൽ ചേർക്കാനുള്ള പ്രായം എത്തിയെങ്കിലും അവളേ സ്കൂളിൽ ചേർത്തില്ല.ഉപ്പയും ഉമ്മയും അവളേ വീട്ടിൽ വെച്ച് പഠിപ്പിക്കുകയായിരുന്നു.പഠിക്കാൻ വളരേ മിടുക്കിയായിരുന്നു അവൾ.പ്രാർത്ഥനകളും, ദിക്റുകളും, ഖുർആനിലേ ഏതാനും സൂറത്തുകളുമെല്ലാം മിന്നുമോൾ പെട്ടെന്ന് മന:പാഠമാക്കി.നിഷ്കളങ്കയായ അവൾ തന്റേ രോഗം സുഖപ്പെടാൻ വേണ്ടി ദിവസവും പടച്ചവനോട് പ്രാർത്ഥിക്കുമായിരുന്നു.
പക്ഷേ ദെെവം അവൾക്കായി കരുതി വെച്ചത് മറ്റൊന്നായിരുന്നു............
അതിനിടയിൽ അവളുടേ അമ്മാവൻ കാൻസർ രോഗം പിടിപെട്ട് മരിക്കുകയുണ്ടായി.അമ്മാവന്റേതും തന്റേതും ഒരേ അസുഖമാണെന്ന് അവൾക്കറിയാമായിരുന്നുവത്രേ! "എന്റെ അതേ രോഗമുള്ള
അമ്മാവൻ മരിച്ചില്ലേ? ഇനി ഏറേ വെെകാതേ ഞാനും മരിക്കും" എന്ന് അവൾ അമ്മാവന്റെ മരണവിവരമറിഞ്ഞ് ഉമ്മയോടും ഉപ്പയോടും പറഞ്ഞു.ഇതെല്ലാം കേട്ട് കരയാനായിരുന്നു ആ ഉപ്പക്കും ഉമ്മക്കും വിധി...
ഒരുദിവസം വീടിന്റെ നിലം തുടക്കുന്നത് കണ്ട് ഉമ്മ അവളോട് എന്താണ് മോളേ നീ ചെയ്യുന്നത്? എന്ന് ചോദിച്ചപ്പോ ഉമ്മാക്ക് ഇതൊന്നും ചെയ്തു തരാൻ ഇനി എനിക്ക് കഴിഞ്ഞില്ലേലോ എന്ന് ചോദിച്ചു!!
അത് കേട്ട് ആ ഉമ്മ പൊട്ടിക്കരഞ്ഞുപോയി.
കൊച്ചു കുട്ടിയായിരുന്നെങ്കിലും മിന്നുവിന് മുതിർന്നവരേ പോലും തോല്പിക്കുന്ന ചിന്തയും ബുദ്ധിയുമായിരുന്നു......
മരിക്കുന്നതിന് രണ്ട് ദിവസം മുന്നേ തന്റേ കളിപ്പാട്ടങ്ങളും , കുടയും , പുതിയ വസ്ത്രങ്ങളുമെല്ലാം താൻ മരിച്ചു കഴിഞ്ഞാൽ ആർക്കെല്ലാം വീതിച്ച് കൊടുക്കണമെന്ന് മിന്നു ഉപ്പക്കും മ്മക്കും പറഞ്ഞുകൊടുത്തിരുന്നു..അതെല്ലാം കുടുംബത്തിലേയും അയൽ പക്കത്തേയും സമപ്രായക്കാരായ കുട്ടികൾക്ക് കൊടുക്കാനായിരുന്നു അവൾ ഏല്പിച്ചിരുന്നത്....
എല്ലാം ഭംഗിയായി ഏല്പിച്ച് അവസാനമായി കുറേ എെസ്ക്രീമും ഉപ്പയോട് വാങ്ങി കൊണ്ടുവരാൻ പറഞ്ഞ് കഴിച്ചു.
അന്ന് വെെകുന്നേരം അവളേ കാണാനായി വന്ന ഉപ്പയുടേ പെങ്ങളുടേ മടിയിൽ കിടന്ന് അവൾ വേദനയില്ലാത്ത സ്വർഗ ലോകത്തേക്ക് പാറിപ്പറന്നു പോയി.....മരിക്കുന്ന സമയത്ത് ആ കുഞ്ഞു മോൾക്ക് ആറ് വയസ്സായിരുന്നു പ്രായം.
മിന്നുമോളുടേ മരണം നൽഗിയ ഷോക്കിൽ നിന്ന് ഒരു വ്യാഴവട്ടം കഴിഞ്ഞിട്ടും അവളുടേ ഉപ്പാക്കും ,ഉമ്മാക്കും മറ്റ് കുടുംബാംഗങ്ങൾക്കും ഇനിയും മോചിതരവാൻ കഴിഞ്ഞിട്ടില്ല...
(എം. ആർ ഒളവട്ടൂർ)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo