" ഈ രാജ്യസ്നേഹീന്നു വച്ചാൽ ആരാണ് പപ്പാ... "
രാവിലെ ഞാനുമൊത്തുള്ള പത്രപാരായണക്ലാസ്സിൽ, പത്രത്തിൽ നിന്നും തലയുയർത്തി, നാലാം ക്ലാസ്സിൽ പഠിക്കുന്ന മകന്റെ കടുകട്ടി ചോദ്യം കേട്ട് ഞാനൊന്നു ഞെട്ടി. അവന്റെ മുഖത്തേക്ക് നോക്കി, ആള് സീരിയസ് തന്നെ. "അതുപിന്നെ... " ഞാനൊന്നു തപ്പിത്തടഞ്ഞു.
" സ്വന്തം ശരീരവും വീടും മാത്രമല്ല, രാജ്യവും ശുചിയായിരിക്കണമെന്ന ഉദ്ദേശത്തോടെ പൊതുസ്ഥലത്തു മൂത്രമൊഴിക്കാതിരിക്കുന്നവനും, മുറുക്കിത്തുപ്പാതിരിക്കുന്നവനും രാജ്യസ്നേഹിയാണ്. പ്രാണവായുവിനായി ഒരിക്കലെങ്കിലും ഒരു മരം നടുന്നവനും രാജ്യസ്നേഹിയാണ്.
"പിന്നെയോ പപ്പായെ... " അവൻ ചോദിച്ചു.
"പിന്നെ..., ഭക്ഷണം പാഴാക്കാത്തവനും, വിശക്കുന്ന ഒരു വയറെങ്കിലും നിറക്കുന്നവനും രാജ്യസ്നേഹി തന്നേ.. കടയിലേക്ക് പോകുമ്പോൾ ഒരു തുണിസഞ്ചി കൂടെ കരുതുന്നവനും രാജ്യസ്നേഹി തന്നേ. തെരുവുവക്കിൽ മാലിന്യം തള്ളാത്തവനും പൊതുസമ്പത്തായ ട്രെയിൻ വൃത്തികേടാക്കാത്തവനും റോഡ് നിയമങ്ങൾ യഥാവിധം പാലിക്കുന്നവനും, എന്തിന്.. തുറന്നു കിടക്കുന്ന ഒരു പഞ്ചായത്ത് വാട്ടർ ടാപ്പ് അടക്കുന്നവൻ പോലും രാജ്യസ്നേഹി തന്നെയാണ്.. " ഞാനൊന്നു നിർത്തി.
"അപ്പോ രാജ്യദ്രോഹിയോ.. പപ്പായെ.. " ചെക്കൻ വിടുന്ന മട്ടില്ല. ഞാൻ ചുറ്റുപാടും നോക്കി. ആരേലും കേട്ടോ.. ആവോ. ചെക്കൻ തല്ലുവാങ്ങി തരോ.
"അതുപിന്നെ.. " ഞാൻ തുടർന്നു. " പാവങ്ങടെ റേഷനരിയിൽ കല്ല് വാരിയിട്ടു തൂക്കം കൂട്ടി വിൽക്കുന്നവനും, വിളക്ക് കത്തിക്കാനുള്ള മണ്ണെണ്ണയിൽ മായം ചേർത്ത് വിൽക്കുന്നവനും രാജ്യദ്രോഹി തന്നേ. കോഴിയിറച്ചിയിൽ വെള്ളം കുത്തിവച്ചു വിൽക്കുന്നവനും വെളിച്ചെണ്ണയിൽ കരിഓയിൽ റീഫിൽറ്റർ ചെയ്തൊഴിച്ചു വിൽക്കുന്നവനും, രാജ്യദ്രോഹി തന്നേ. 50 രൂപയുടെ ഓട്ടത്തിന് 150 രൂപ വാങ്ങുന്ന ഓട്ടോക്കാരനും, വീട്ടിലെ മാലിന്യം റോഡിൽ തള്ളുന്നവനും, മൂക്കി പനിക്ക് ചികിത്സക്ക് ചെല്ലുന്നവനെകൊണ്ട് അന്യായവിലക്കു സ്കാൻ ചെയ്യിപ്പിക്കുന്ന ഡോക്ടറും രാജ്യദ്രോഹികൾ തന്നേ.. സംശയില്ല്യ.. അഞ്ചു രൂപയുടെ എഞ്ചുവടിക്ക് 1500 രൂപാ വാങ്ങിക്കുന്ന പുതുയുഗ വാധ്യാന്മാരും, അത്താഴപ്പട്ടിണിക്കാരന് നീതി നിഷേധിക്കുന്ന 'ഏമാന്മാരും ' രാജ്യദ്രോഹികൾ തന്നേ.. " ഞാൻ പറഞ്ഞു നിർത്തി.
ചെക്കന്റെ മുഖം വല്ലാതെ ചുവന്നു, എന്നെ രൂക്ഷമായി ഒന്ന് നോക്കി.
"എനിക്കൊന്നും മനസിലായില്ല.. അല്ലേലും ഈ പപ്പയിങ്ങനാ.. ചക്കയെന്നു ചോയ്ച്ചാ ചുക്കെന്നു പറേം.. ചുമ്മാതല്ല മമ്മി പറേന്നത്.... " ചെക്കൻ ചൂടായി, പത്രവും തിണ്ണയിലേക്കെറിഞ്ഞു, ചുണ്ടും കൂർപ്പിച്ചുകൊണ്ട് അകത്തേക്കോടിപ്പോയി.
=======================================
ബിനു കല്ലറക്കൽ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക