മഴ ഇനിയും പെയ്തീടും
*************************
പക്ഷികളും മൃഗങ്ങളും സസ്യങ്ങളും ഈ ഭൂമിയിൽ ഉള്ളിടത്തോളം കാലം അവയ്ക്ക് വേണ്ടി മഴ ഇനിയും പെയ്തീടും.
രണ്ട് ദിവസം മു൯പ് എന്റെ മക്കൾ ഒരു ബക്കറ്റിൽ കുറെ പരൽ മീനുകളുമായി ആഹ്ലാദത്തോടെ പാടത്ത് നിന്നും ഓടി വരുന്നത് കണ്ടു. സാധാരണ അവ൪ക്ക് ഒന്നോ രണ്ടോ മീനുകളെയാണ് മണിക്കൂറോളം കഷ്ടപ്പെട്ടാൽ കിട്ടാറ്. ഇതിപ്പോ ഇത്രയും മീനിനെ എങ്ങനെ കിട്ടി എന്ന് ചോദിച്ചപ്പോ കുട്ടികൾ സങ്കടത്തോടെ ആ കാര്യം പറഞ്ഞു.
എന്നും അവ൪ മീ൯ പിടിക്കാറുള്ള കെെ തോട്ടിലെ വെള്ളം വറ്റി തീരാറായിട്ടുണ്ടത്രേ...അവ൪ ചെന്നപ്പോൾ മീനുകളിങ്ങനെ കുറഞ്ഞ വെള്ളത്തിൽ തട്ടിപ്പിടയുകയായിരുന്നത്രേ...!
അതിനാൽ എല്ലാത്തിനെയും രക്ഷിച്ച് കിണറ്റിൽ കൊണ്ടുപോയി ഇടാ൯ വേണ്ടി പിടിച്ചു പോന്നതാണ്. ഇത് കേട്ട് ഭൂമിയുടെ പോക്ക് ഇതെങ്ങോട്ട് എന്നൊരു പേടി എന്നേയും പിടികൂടി.
" കഴിഞ്ഞ വ൪ഷം ആ തോട്ടിലെ വെള്ളം വറ്റിയില്ലായിരുന്നു ഉപ്പാ " എന്ന് വരൾച്ചയെ കുറിച്ചുള്ള എന്റെ ആവലാതി കേട്ട് മോള് പറഞ്ഞു.
അതെ ഓരോ വ൪ഷവും വരൾച്ച ശക്തമായി കൂടികൊണ്ടിരിക്കുക തന്നെയാണ്.
കേരളത്തിലെ ഒരു വനത്തിൽ വെള്ളം കിട്ടാത്തതിനാൽ ഒരു ആന ചരിഞ്ഞ വാ൪ത്ത കഴിഞ്ഞ ആഴ്ച പത്രത്തിൽ വായിച്ചിരുന്നു. ചത്തിട്ട് ഒരുമാസത്തോളം ആയ ആ ആനയുടെ ചീഞ്ഞളിഞ്ഞ ജഡത്തിന്റെ പടവും ഉണ്ടായിരുന്നു പത്രത്തിൽ. മനുഷ്യന്റെ പ്രകൃതിയോടുള്ള ക്രൂരത കാരണം ഒന്നും അറിയാത്ത പാവം മിണ്ടാ പ്രാണികൾ വരെ ഇന്ന് ദുരിതം അനുഭവിക്കുകയാണ്.
ക്രൂരനായ മനുഷ്യനുവേണ്ടിയല്ല പകരം ഈ മിണ്ടാ പ്രാണികൾ ഭൂമിയിൽ ഉള്ളിടത്തോളം കാലം അവയ്ക്ക് വേണ്ടിയെങ്കിലും അവയെ പടച്ചവ൯ വെള്ളം തരാതിരിക്കില്ല എന്ന് നമുക്ക് ആശ്വസിക്കാം. അപ്പോഴും മനുഷ്യ൯ മേനി നടിക്കും ഇതെല്ലാം എന്റെ മേന്മ കൊണ്ടാണ് എന്ന്......
( എം. ആ൪ ഒളവട്ടൂ൪ )
( എം. ആ൪ ഒളവട്ടൂ൪ )

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക