നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

"മുത്തശ്ശിക്കിളിയുടെ താരാട്ട് "


വിനു നിങ്ങളല്ലേ ????
"അല്ല... ഉണ്ണിമുത്തശ്ശിയെ... ഞാൻ നിങ്ങളുടെ വേലക്കാരനാണോ... അതോ കറവക്കാരനോ ??... "
"നീ ഇതെന്താ ഇപ്പൊ ഇങ്ങനെയൊക്കെ ചോദിക്കണേ... ??"
"അല്ല... പശുവിനെ കറക്കാൻ വന്ന എന്നെക്കൊണ്ട് ഈ ഊഞ്ഞാൽ കെട്ടിക്കുന്നത്കൊണ്ട് ചോദിച്ചതാ "
"ഒരു സഹായമല്ലേ നാരായണാ ഞാൻ ചോദിച്ചത്... നിനക്കറിയോ... കഴിഞ്ഞ തവണ ഞാൻ ശ്രീനിയെ കാണാൻ നഗരത്തിൽ പോയിരുന്നു ... അന്ന് വിനു വലിയ ആഗ്രഹം പറഞ്ഞിരുന്നു... അവന് ഊഞ്ഞാലിൽ ആടണമത്രെ... നാളെ രാവിലെ അവരിങ്ങെത്തും... ഊഞ്ഞാലെവിടെ മുത്തശ്ശിയെ എന്ന് അവനെന്നോട് ചോദിച്ചാൽ ഞാനെന്ത് പറയും???... "
"കുട്ടിയ്ക്കിത്ര ആഗ്രഹമുണ്ടെങ്കിൽ ശ്രീനിവാസന് ഒരു ഊഞ്ഞാല് അവിടെ കെട്ടിക്കൊടുത്തോടായിരുന്നോ ??"
"അതിന് അവിടെ മുറ്റമൊന്നുമില്ലല്ലോ പൊട്ടാ ... ശ്രീനിയുടെ റൂമിലെ ജനൽ തുറന്ന് പുറത്തേക്ക് കൈ നീട്ടിയാൽ ചെന്നെത്തുന്നത് അപ്പുറത്തെ സർദാർജിയുടെ കിടപ്പു മുറിയിലേക്കാണ്.... അവരൊക്കെ താമസിക്കുന്നത് ഫ്ളാറ്റിലല്ലേ.... ഒരു ചുമരിനപ്പുറം വേറെ കുടുംബമാണ്.. നീ നഗരത്തിലൊന്നും പോകാത്തൊണ്ടാണ് "
കയ്യിൽ ചുരുട്ടിപ്പിടിച്ച 100 രൂപ നോട്ട് നാരായണന് കൊടുത്ത് ഉണ്ണിയമ്മ അടുക്കളയിലേക്ക് വേച്ച് വേച്ച് നടന്നു. ഉറിയിൽ തൂക്കിയിട്ടിരുന്ന ഭരണി തുറന്ന് കടുമാങ്ങ അച്ചാറിന്റെ സ്വാദ് നോക്കി. പിന്നെ ശ്രീനിവാസനും കൊച്ചു മകനും കിടക്കാനുള്ള ബെഡ് ശെരിയാക്കി അടുക്കിവെച്ചു.
പിറ്റേ ദിവസം അതിരാവിലെ തന്നെ ഉണ്ണിയമ്മ എഴുന്നേറ്റിരുന്നു. മുറ്റവും പരിസരവും ഒരുവിധം വൃത്തിയാക്കി.മകനും കൊച്ചു മകനുമുള്ള പ്രാതൽ തയ്യാറാക്കി ടേബിളിൽ വെച്ചു. പിന്നെ ഉമ്മറത്തെ തിണ്ണയിലിരുന്ന് പടിപ്പുരയിലേക്ക് കണ്ണോടിച്ചുകൊണ്ടിരുന്നു. വിദൂരതയിൽ നിന്നെങ്ങോ ഒരു കാറിന്റെ ഹോണടി ശബ്ദം കേട്ടയുടനെ ഉണ്ണിയമ്മ മുറ്റത്തേക്കിറങ്ങി പടിപ്പുരയിലേക്ക് ഓടി.
അതെ ശ്രീനിവാസനും കുടുംബവും തന്നെ.മിഴികളിൽ നിറഞ്ഞു തുളുമ്പിയിരുന്ന ആനന്ദാശ്രു സാരിത്തലപ്പുകൊണ്ട് തുടച്ചുകളഞ് ഉണ്ണിയമ്മ ശ്രീനിവാസന്റെ അടുത്തേക്ക് ഓടി.
"ശ്രീനി... മോനെ.. മുഷിഞ്ഞോടാ ??"
"ഇല്ല അമ്മേ... അമ്മയാകെ വല്ലാണ്ടായിക്കണു... ഇവിടെ ഒറ്റക്കിരുന്ന് ജോലിയെടുക്കുന്നത്കൊണ്ടാണ്... ഞങ്ങളുടെ കൂടെ വരാൻ പറഞ്ഞാൽ കേൾക്കില്ല "
"അതൊന്നും സാരല്ലന്നെ... എവിടെ എന്റെ വിനു ??'"
ശ്രീനിയുടെ ഭാര്യ ലേഖയുടെ മറവിൽ നിൽക്കുകയായിരുന്നു വിനു അപ്പോൾ. ഉണ്ണിയമ്മ കൗതുകത്തോടെ അവനെ എത്തിനോക്കിയതും അവൻ ഉണ്ണിയമ്മയെ ശ്രദ്ധിക്കാതെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണിൽ എന്തോ കുത്തിക്കുറിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത്കണ്ടതും ഉണ്ണിയമ്മയുടെ മുഖം വാടി. പെട്ടെന്ന് തന്നെ ലേഖയുടെ ശബ്ദം ഉയർന്നു.
'' വിനു...... മുത്തശ്ശിയെ കണ്ടില്ലേ.. "
അതോടെ അവൻ മൊബൈലിൽ നിന്നും മുഖമുയർത്തി.
"ഹായ്.. മുത്തശ്ശി സുഖമാണോ... by the by...ഈ പട്ടിക്കാട്ടിൽ 3G ഒന്നുമില്ലേ ??...''
"മുത്തശ്ശിയെ കുറെ നാളുകൾക്ക് ശേഷം കാണുമ്പോഴും ഇതാണോ പറയുന്നത്.. ??"
ലേഖയുടെ മുഖം ദേഷ്യംകൊണ്ട് ചുവന്നിരുന്നു. പക്ഷേ , ഉണ്ണിയമ്മ അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
"സാരല്ല... ഇപ്പോഴത്തെ കുട്ടിയോൾക്ക് ഇതൊക്കെയല്ലേ ലോകം... ഇവിടെ ഇങ്ങനെ നിൽക്കാതെ അകത്തേക്ക് വാ എല്ലാരും... ഞാൻ ബാത്‌റൂമിൽ വെള്ളമൊക്കെ നിറച്ചുവെച്ചിട്ടുണ്ട്... കുളിച്ചതിന് ശേഷം ഭക്ഷണം കഴിക്കാം.. ദൂരയാത്ര കഴിഞ് വരുന്നതല്ലേ... വിശക്കുന്നുണ്ടാകും.... "
ഉണ്ണിയമ്മ അവരെയും കൂട്ടി അകത്തേക്ക് നടന്നു.കഴുകി വൃത്തിയാക്കിയ പത്രങ്ങളെല്ലാം തുടച്ചു വെച്ച് ടേബിളിൽ ഒരുക്കിവെക്കുമ്പോൾ ഉണ്ണിയമ്മയുടെ മനസ്സാകെ അസ്വസ്ഥമായിരുന്നു.
"എന്താ എന്റെ കുട്ടിയ്ക്ക് പറ്റിയെ... എന്താ അവനെന്നോട് വിശേഷങ്ങൾ ചോദിക്കാഞ്ഞേ ??''
കുളിച്ചൊരുങ്ങി വസ്ത്രം മാറിയെതിന് ശേഷം ശ്രീനിവാസനും വിനുവും അടുക്കളയിലേക്ക് വന്നു. ഉണ്ണിയമ്മ തയ്യാറാക്കിയ ചമ്മന്തിയും ദോശയും ആർത്തിയോടെ കഴിക്കുന്നതിനിടയിലും വിനു മൊബൈലിൽ കളിച്ചുകൊണ്ടിടിക്കുകയായിരുന്നു.
''അല്ല ശ്രീനിയെ... അന്റെ കുട്ടീനെ പെറ്റിട്ടത് ഈ കുന്ത്രാണ്ടത്തിലാണോ ??..എപ്പോ നോക്കിയാലും അവൻ ഇതിലാണല്ലോ ??"
"അമ്മേ വിനു നല്ല ഓൺലൈൻ എഴുത്തുകാരനാണ്... കഴിഞ്ഞ തവണ അവനിട്ട ഒരു പോസ്റ്റ് പത്ത് ലക്ഷത്തോളം പേർ വായിച്ചു... പോസ്റ്റിന്റെ പേര് ഫേസ്ബുക് മാനിയ "
"മാങ്ങയോ ???"
"മാങ്ങയല്ല ... മാനിയാ... എന്ന് വെച്ചാൽ ആവേശം, ഭ്രാന്ത് എന്നൊക്കെ പറയാം.. "
"ഉവ്വ്.. ഉവ്വ്... ഭ്രാന്താണെന്ന് മനസ്സിലാകുന്നുണ്ട് "
ഭക്ഷണം കഴിച്ച് രണ്ടുപേരും ഉണ്ണിയമ്മയോടൊന്നും സംസാരിക്കാതെ അകത്തേക്ക് പോയി. ഉണ്ണിയമ്മ അവർ കഴിച്ചുവെച്ച പത്രങ്ങളെല്ലാം എടുത്ത് വാഷ്‌ബേസിലേക്ക് നടന്നു. കൂടെ ലേഖയും....
ഉച്ചയൂണിന് സമയമായി. ഉണ്ണിയമ്മയും ലേഖയും ചേർന്ന് തയ്യാറാക്കിവെച്ച സദ്യ കഴിക്കാൻ ശ്രീനിവാസനും വിനുവും വന്നു. അപ്പോഴും അവന്റെ കയ്യിൽ മൊബൈൽ ഫോണുണ്ടായിരുന്നു. ഓരോ ഉരുള എടുത്ത് വായയിലേക്ക് വെക്കുമ്പോഴും തൊട്ടുകൂട്ടാനെന്നപോലെ അവൻ മൊബൈലിലേക്ക് നോക്കി കൊണ്ടിരുന്നു. ഭക്ഷണത്തോട് പോലുമുള്ള അവന്റെ അവജ്ഞ ഉണ്ണിയമ്മയെ വല്ലാതെ വേദനിപ്പിച്ചു.
ഭക്ഷണത്തിന് ശേഷം ശ്രീനിവാസനും ലേഖയും അവരുടെ റൂമിലേക്ക് പോയി. വിനു 3G തിരഞ് പടിപ്പുരയും കടന്ന് പുറത്തേക്ക് പോയി. ഉണ്ണിയമ്മ ഉമ്മറത്തേക്ക് നടന്നു. തിണ്ണയിൽ പടിഞ്ഞിരുന്ന് മുറ്റത്തേക്ക് നോക്കി കൊണ്ടിരുന്നു. കിഴക്കൻ തെന്നലിന്റെ താളത്തിനനുസരിച്ച് ആടിക്കൊണ്ടിരുന്ന ഊഞ്ഞാൽ ഉണ്ണിയമ്മയുടെ ദൃഷ്ടിയിൽ പതിഞ്ഞതും മനസ്സിനെ വന്ന് മൂടിയ കാർമേഘങ്ങൾ ചെറുതുള്ളികളായി കണ്ണുകളിലൂടെ പുറത്തേക്ക് വന്നു.
പിറ്റേദിവസം രാവിലെതന്നെ മടക്കയാത്രയ്ക്ക് തയ്യാറായി ശ്രീനിവാസനും വിനുവും ഉമ്മറത്തേക്ക് വന്നു.
"അടുത്ത മാസം ഞാൻ വരാം അമ്മയെ കൊണ്ടുപോകാൻ... പശുവിനെയും കോഴികളെയുമെല്ലാം നമുക്ക് വിൽക്കാം.. ഇനി കുറച്ചുകാലം അമ്മ ഞങ്ങളുടെ കൂടെ അവിടെ വന്ന് നിൽക്ക് . "
"വേണ്ടാ... ഇവിടേം വിട്ട് ഞാനെങ്ങോട്ടുമില്ല "
"അതെന്താ അമ്മേ... ഞങ്ങളുടെ കൂടെ താമസിക്കുന്നത് അമ്മയ്ക്കിഷ്ടമില്ലേ ??"
"ഇല്ല.. ഇഷ്ടമില്ല...."
"അമ്മ എന്താ ഇങ്ങനെയൊക്കെ പറയുന്നത് ??"
"നീ ആ ഊഞ്ഞാല് കണ്ടോ ???...കഴിഞ്ഞ പ്രാവശ്യം നിന്റെ വീട്ടിൽ വന്നപ്പോൾ നിന്റ മകൻ പറഞ്ഞിരുന്നു അവന് തറവാട്ടിൽ വരുമ്പോൾ ഊഞ്ഞാലിൽ ആടണമെന്ന്... അങ്ങനെ ഞാൻ നാരായണനെക്കൊണ്ട് കെട്ടിച്ചതാ അത്... ഈ മുറ്റവും പരിസരവും നിറഞ്ഞു നിൽക്കുന്ന പൂക്കൾ എന്റെ കഴിഞ്ഞ മൂന്ന് വർഷത്തെ അദ്വാനമാണ്....എനിക്ക് വേണ്ടിയല്ല... കരിയും പുകയും വിഷവും കണ്ട് ജീവിക്കുന്ന എന്റെ കൊച്ചുമോന് ഒരൽപം സന്തോഷം കൊടുക്കലൊന്ന് കരുതി .... പക്ഷെ, അവൻ എന്റെ ഊഞ്ഞാലിനെ മറന്നു.. ജമന്തിയെ മറന്നു ... മുല്ലയെ മറന്നു .... ചെമ്പകത്തെയും മല്ലിയെയും മറന്നു.. നാടും സംസ്കാരവും മറന്നു.. അവസാനം എന്നെയും.... "
ഇടറിയ ശബ്ദത്തോടെ ഉണ്ണിയമ്മ പറഞ്ഞുനിർത്തി. ഏതോ മായികലോകത്ത് ഇരുന്ന് ഉണ്ണിയമ്മയുടെ വാക്കുകൾ ശ്രവിച്ചിരുന്ന വിനുവിന് യാതൊരു ഭാവമാറ്റവും ഉണ്ടായില്ല.അതോടെ ശ്രീനിവാസന് ദേഷ്യം വന്നു തുടങ്ങി.
"വിനു... മുത്തശ്ശി പറഞ്ഞത് കേട്ടില്ലേ??... നീ എന്തിനാ മുത്തശ്ശിയെ ഇങ്ങനെ avoid ചെയ്യുന്നത് "
അവൻ മൊബൈലിൽ നിന്നും മുഖമുയർത്തി.
"ഞാൻ മുത്തശ്ശിയെ avoid ചെയ്യാനൊന്നും നോക്കിയിട്ടില്ല... എല്ലാം മുത്തശ്ശിയുടെ തോന്നലാണ് "
ഇതും പറഞ് അവൻ പടിക്കെട്ടിന് പുറത്ത് നിർത്തിയിട്ടിട്ടുള്ള കാറിലേക്ക് നടന്നു. കുറ്റബോധം നിമിത്തം ഉണ്ണിയമ്മയുടെ മുഖത്തേക്ക് നോക്കാനാവാതെ ശ്രീനിവാസൻ വിയർത്തു
"അമ്മേ... അവൻ പറഞ്ഞതൊന്നും അമ്മ കാര്യമാക്കരുത്... അവനിപ്പോൾ ഒരു മായികലോകത്താണ്... അവൻ എന്നോട് പോലും.... "
കണ്ഠമിടറിയ ശ്രീനിവാസൻ വാക്കുകൾ മിഴുവിക്കാനാകാതെ കാറിലേക്ക് നടന്നു.അവരുടെ സഞ്ചാരം കണ്ണിൽനിന്നും മായുന്നത് വരെ നിറകണ്ണുകളുമായി ഉണ്ണിയമ്മ പടിപ്പുരക്ക് പുറത്ത് നിന്നു.
വീട്ടിലെത്തിയ വിനു ആദ്യം തന്നെ ഓഫാക്കി വെച്ചിരുന്ന വൈഫൈ പാനൽ ഓണാക്കി. മാസങ്ങൾക്ക് ശേഷം അവന് നല്ലൊരു വിഷയം എഴുതാൻ കിട്ടിയിരിക്കുന്നു.
"മുത്തശ്ശിക്കിളിയുടെ താരാട്ട് "
സമീർ ചെങ്ങമ്പള്ളി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot