നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

= സ്ലേറ്റ് =


= സ്ലേറ്റ് =
×××××××××
ഏട്ടന്റെ സ്ലേറ്റ് വേണമെന്ന്
വാശി പിടിച്ച് കരഞ്ഞപ്പോഴാണ്,
സ്കൂളിൽ ചേർക്കുന്നതിനും
രണ്ട് വർഷം മുമ്പ്
അച്ഛനെനിക്കൊരു
സ്ലേറ്റ് വാങ്ങിത്തന്നത്.
ഏട്ടൻ തന്ന
പെൻസിൽ കഷണം കൊണ്ട്
ഞാനതിൽ
എനിക്കോ മറ്റാർക്കെങ്കിലുമോ
മനസ്സിലാവാത്ത കളാകുളിയിൽ
എന്തെല്ലാമോ എഴുതുകയും
വരയ്ക്കുകയും ചെയ്തു.
കൈയ്യിലുള്ള
എല്ലാ കളിപ്പാട്ടങ്ങളെയും തൽക്കാലം മറന്നു.
ആ സ്ലേറ്റ്
നെഞ്ചോട് ചേർത്ത് പിടിച്ചാണ്
അന്നുഞാനുറങ്ങാൻ കിടന്നത്.
(ഉറങ്ങിയപ്പോൾ അമ്മ
അതെടുത്ത് മാറ്റിയിരുന്നു ).
മൂന്നാം നാൾ
എങ്ങിനെയാണെന്നറിയില്ല
അതെന്റെ കൈയ്യിൽ നിന്നും വഴുതി
സിമന്റ് തറയിൽ വീണ്...
ദുഃഖം സഹിക്കാൻ കഴിയാതെ
ഏറെ നേരം കരഞ്ഞു.
സ്കൂളിൽ ചേർത്ത അന്നാണ്
രണ്ടാമത്തെ സ്ലേറ്റ് ലഭിക്കുന്നത്.
പിറ്റേന്ന് സ്കൂളിലേക്ക് നടക്കുമ്പോൾ,
ഏട്ടൻ പിടിക്കാമെന്നു പറഞ്ഞിട്ടും
സമ്മതിക്കാതെ
ഞാൻതന്നെ പിടിച്ച സ്ലേറ്റ്
വഴിയിൽ നിന്നും
കൈയ്യിലെ പിടുത്തം വിട്ടു....
അന്ന് വൈകുന്നേരം
അച്ഛൻ മറ്റൊരു സ്ലേറ്റ് കൊണ്ടുവന്നു.
സ്ലേറ്റിലെ എഴുത്ത് മയക്കാൻ
വെള്ളത്തണ്ടിന് ചോദിച്ചപ്പോൾ
അങ്ങേതിലെ അബ്ദുള്ള
അത് തരാഞ്ഞതും ദേഷ്യത്താൽ
കൈയ്യിലെ സ്ലേറ്റ് കൊണ്ട്
അവന്റെ തലക്കടിച്ചതും...
നടുവിലൂടെ വിണ്ടു...
എങ്കിലുമത് ചട്ടക്കൂട്ടിൽ നിന്നും
വിട്ടുപോയില്ല.
(അന്ന് മാഷോട് കൊണ്ട
അടിയുടെ വേദന
ഇന്ന് കുളിരായി മാറുന്നു.).
ബാപ്പ ഗൾഫിലുള്ള
ഒരു സഹപാഠി
എണ്ണിപ്പടിക്കാൻ മുത്തുകൾ പതിപ്പിച്ച,
പൊട്ടാത്ത ഒരു സ്ലേറ്റുമായി വന്നത് കണ്ട്
അച്ഛനോട് അതേപോലൊരെണ്ണത്തിന്
നിരന്തരം ആവശ്യമുന്നയിച്ചെങ്കിലും
കിട്ടിയത് മറ്റൊരു
പൊട്ടുന്ന സ്ലേറ്റ് തന്നെ.
അച്ഛനോടുള്ള വാശി
രണ്ടാം ദിവസം തന്നെ അത് പൊട്ടിച്ചു.
തുടർച്ചയായി സ്ലേറ്റില്ലാതെ
ക്ലാസിൽ ചെന്നതിന്
ഉണ്ണിമാഷോട് അടി കിട്ടിയപ്പോഴാണ്
അച്ഛൻ അടുത്ത സ്ലേറ്റ് വാങ്ങിത്തന്നത്.
ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ്,
മൂന്നാം ക്ലാസ്, നാലാം ക്ലാസ്
എത്രയെത്ര സ്ലേറ്റുകൾ.....
ഒന്നാം ക്ലാസിൽ ചേർത്തപ്പോഴാണ്
മകന് ഞാനൊരു സ്ലേറ്റ് വാങ്ങിയത്.
അന്നു തന്നെ അവനതു കഷണങ്ങളാക്കി.
പിന്നീട് ഞാനവന്
ഒരു പൊട്ടാത്ത
സ്റ്റേറ്റ് വാങ്ങിക്കൊടുത്തു.
ഇപ്പോൾ
മകന്റെ വീടിന്റെ
ചുമരിലെ ഷോക്കേസിൽ
ഉരൾ ഉലക്ക, അമ്മി കുട്ടി, ...........
തുടങ്ങി ചെറിയ മോഡലുകൾക്കൊപ്പം
'മലയാളം' എന്ന് വലുതായി എഴുതി വെച്ച
ഒരു സ്ലേറ്റും സ്ഥാനം പിടിച്ചിരിക്കുന്നു.
പേരമക്കളുടെ കൈകളിലെല്ലാം
പെൻസിലില്ലാതെ,
വിരലാലെഴുതുന്ന
ന്യൂജെൻ സ്ലേറ്റുകളും.
""""""""""""""""""""""""""""
ഷാനവാസ്.എൻ, കൊളത്തൂർ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot