നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇത് ജാന്‍സിയുടെ കഥ


പ്രീയപ്പെട്ടവരേ... നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു.
ഇത് ജാന്‍സിയുടെ കഥ
''ജാന്‍സി'' അതാണ് അവളുടെ പേര്. ബീകോം അവസാനവര്‍ഷ വിദ്യാര്‍ത്ഥിനി. സുന്ദരിയും സല്‍സ്വഭാവിയും മറ്റുള്ളവരെ ബഹുമാനിക്കുകയും ചെയ്യുന്ന പെണ്‍കുട്ടി. ആളുകള്‍ എന്തെങ്കിലും വ്യാകുലതകളില്‍ ഇരിക്കുമ്പോള്‍ ജാന്‍സിയുടെ മുഖത്തേക്കൊന്നു നോക്കിയാല്‍ ഒരു നിമിഷത്തേക്ക് എല്ലാം മറക്കും. കാരണം എല്ലാ പ്രശ്നങ്ങളേയും മായ്ച്ചുകളയുന്ന മനോഹരമായ ഒരു പുഞ്ചിരി ആ മുഖത്ത് എപ്പോഴും വിടര്‍ന്നു നില്‍ക്കും. എനിക്കു അവളെ കാണുമ്പോഴൊക്കെ അത്ഭുതം തോന്നിയിട്ടുണ്ട് എങ്ങനെ ഒരാള്‍ക്ക് എല്ലായ്പ്പോഴും ചിരിക്കാന്‍ കഴിയും എന്തെങ്കിലും പ്രശ്നങ്ങളുണ്ടാവില്ലേ???
ജാന്‍സി എന്റെ തൊട്ടയല്‍പക്കമായിരുന്നു. ഇടക്കിടെ വീട്ടില്‍ വരും. വീട്ടില്‍ എല്ലാവര്‍ക്കും അവളെ ഇഷ്ടമായിരുന്നു. എനിക്ക് അവള്‍ സ്വന്തം അനിയത്തിയെപ്പോലെയായിരുന്നു. അവള്‍ക്ക് ഞാന്‍ ജ്യേഷ്ടസഹോദരനോ അതിലപ്പുറമോ ആയിരുന്നു. എന്നെ നോക്കുമ്പോള്‍ ആ കണ്ണുകളില്‍ സ്നേഹവും ബഹുമാനവും സ്ഫുരിക്കുന്നത് കാണാം. അവളുടെ പപ്പ തോമസുചേട്ടന് കൃഷിപ്പണിയാണ് ഒരു പാവം മനുഷ്യന്‍, മമ്മി ലിസി ഇടക്കിടെ ഹോംനഴ്സിംഗിന് എന്ന് പറഞ്ഞ് പോകാറുണ്ട് ഒന്നോ രണ്ടോ മാസം കഴിയുമ്പോള്‍ വരും. ആളുകള്‍ക്ക് പൊതുവെ ആ സ്ത്രീയെക്കുറിച്ച് നല്ല അഭിപ്രായമല്ല. ജാന്‍സിക്കും സ്വന്തം മമ്മിയോട് അത്ര പഥ്യമല്ല. പിന്നെ മൂന്നുപേരടങ്ങുന്ന ആ ഇടത്തരം കുടുംബം എങ്ങനെയോ അഡ്ജസ്റ്റ് ചെയ്ത് അങ്ങനെ ജീവിച്ചുപോകുന്നു.
ഒരു ഞായറാഴ്ച വൈകുന്നേരം ജാന്‍സി വീട്ടില്‍ വരുമ്പോള്‍ അവധിയായിരുന്നതിനാല്‍ ഞാനും വീട്ടിലുണ്ട്. അവള്‍ രഹസ്യമായി എന്നോടുപറഞ്ഞു
ചേട്ടനോടെനിക്കു ഒരു കാര്യം പറയാനുണ്ട് ഒന്ന് മുറ്റത്തേക്ക് വരാമോ?..
ഞാന്‍ ചെന്നു നോക്കുമ്പോള്‍ അവള്‍ വേലിയില്‍ പിടിച്ച് മുഖം കുനിച്ചുനില്‍ക്കുന്നു.. എന്താ ജാന്‍സീ...
അവള്‍ മുഖമുയര്‍ത്തി,
കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു..
എനിക്കാകെ പരിഭ്രമമായി.. ജാന്‍സീ എന്തു പറ്റി? എന്താണെങ്കിലും പറയൂ.. നമുക്ക് പരിഹാരമുണ്ടാക്കാം.. അവള്‍ പതിയെ പറഞ്ഞുതുടങ്ങി..
ചേട്ടാ.. ഞാന്‍ ഒരാളുമായി സ്നേഹത്തിലാണ് പേര് വിനോദ്.
ഞാന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു അതിനാണോ ജാന്‍സീ കരയുന്നത് പ്രേമിക്കുന്നത് തെറ്റൊന്നുമല്ല..
അതല്ല ചേട്ടാ വീട്ടില്‍ ഞാന്‍ ഇത് സൂചിപ്പിച്ചപ്പോള്‍ ഒരിക്കലും നടക്കില്ല എന്നാണ് മമ്മി പറയുന്നത്.
ഓഹോ അതാണോ കാര്യം??..
ഞാന്‍ നിന്റെ മമ്മിയോട് ഒന്ന് സംസാരിക്കട്ടേ???? അവള്‍ മുഖമുയര്‍ത്തിപ്രതീക്ഷയുടെ തിളക്കം ആ കണ്ണുകളില്‍ ഞാന്‍ കണ്ടു..
പക്ഷേ ജാന്‍സീ.. അതിനുമുമ്പ് എനിക്ക് നിന്റെ വിനോദിനോട് ഒന്ന് സംസാരിക്കണം..പിന്നെ.. ഇക്കാര്യത്തില്‍ നിന്റെ പപ്പ എന്തു പറഞ്ഞു??..
പപ്പക്കും എതിര്‍പ്പാണ് കാരണം ഒന്നാമത് അവന്‍ ഹിന്ദുവാണ് പപ്പ അവനെ കണ്ടിട്ടുണ്ട് അവന്റെ സ്വഭാവത്തിലും പപ്പക്ക് അത്ര തൃപ്തിയില്ല.. അതുശരി അപ്പോള്‍ അവനെ നിന്റെ പപ്പക്കറിയാം അല്ലേ??? ആട്ടെ അവന്റെ ഡീറ്റയില്‍സ് പറയൂ കേള്‍ക്കട്ടെ..
അവള്‍ പറഞ്ഞുതുടങ്ങി.. ജോലി പ്രൈവറ്റ് ബസ്സില്‍ ക്ളീനര്‍ . വീട് പള്ളിപ്പുറത്തെ ലക്ഷംവീട് കോളനിയില്‍.. ഏത് ബസ്സിലാ ജാന്‍സീ അവന്‍ ജോലി ചെയ്യുന്നത്??..
അത്... അത്.. അവള്‍ വിക്കി.. പറയ് ജാന്‍സീ..
അവന്‍ ആരാന്നറിയാതെ എങ്ങനെ ഞാന്‍ നിന്റെ പപ്പയോടും മമ്മിയോടും സംസാരിക്കും??..
ഞാന്‍ കോളേജില്‍ പോകുന്ന ''യമുനാ'' ബസ്സിലാണ് വിനോദിന്റെ ജോലി.
ഓ... ആളെ പൂര്‍ണ്ണമായും പിടികിട്ടി നെറ്റിയില്‍ കറുപ്പും ചുവപ്പും കുറിയും, കയ്യില്‍ പലകളറിലുള്ള ഒരു ലോഡ് ചരടും കെട്ടി, കാതില്‍ കടുക്കനുമിട്ട് , തലയുടെ പുറകില്‍ കുതിരയുടെ കുഞ്ചിരോമം പോലെ മുടിയും വെട്ടി നടക്കുന്നവന്‍, ആരും ഒന്ന് നോക്കിപ്പോകും അത്രക്ക് അവലക്ഷണം കെട്ടവന്‍. എന്റെ പൊന്നു ജാന്‍സീ നീ സുന്ദരിയാണെങ്കിലും നിനക്ക് സൗന്ദര്യബോധം തൊട്ട് തീണ്ടിയിട്ടില്ല.. അതും പോട്ടെ അവന്‍ അലമ്പാണ്..
ചേട്ടാ.. അവന്‍ എങ്ങനെയോ ആവട്ടെ പക്ഷേ എന്നോട് വലിയ സ്നേഹമാണ് ഞാനെന്നാല്‍ ജീവനാണ് വിനോദിന്..
അപ്പോള്‍ ഇവള്‍ പ്രണയക്കെണിയില്‍ വീണുകഴിഞ്ഞു ഇനി ഉപദേശിച്ചിട്ട് കാര്യമില്ല.. ഞാന്‍ അടവുമാറ്റി പ്രയോഗിച്ചു.. ജാന്‍സീ.. എന്തായാലും നിന്റെ പഠിത്തം കഴിയട്ടെ എന്നെക്കൊണ്ട് കഴിയുന്നപോലെ ഞാന്‍ നിന്റെ പപ്പയോടും മമ്മിയോടും സംസാരിക്കാം ഇപ്പോള്‍ നീ നന്നായി പഠിത്തത്തില്‍ ശ്രദ്ധിക്ക്.. ഇല്ല ചേട്ടാ എനിക്ക് അധികകാലം വീട്ടില്‍ തുടരാന്‍ പറ്റില്ല. മമ്മിയുടെ സ്വഭാവദൂഷ്യം കാരണം നാട്ടുകാരില്‍ ചിലര്‍ എന്നെയും ആ കണ്ണുലൂടെയാണ് കാണുന്നത്. ചിലര്‍ അടക്കം പറയുന്നത് കേട്ടാല്‍ തൊലിയുരിഞ്ഞുപോകും എനിക്ക് പറ്റില്ല..
ജാന്‍സീ നീ സമാധാനപ്പെട് ഇത്രയും കാലം എല്ലാം സഹിച്ചില്ലേ കുറച്ച് നാളുകൂടി ക്ഷമിക്ക്..
അവള്‍ ഒന്നും മിണ്ടാതെ നിറഞ്ഞ കണ്ണുകളോടെ വീട്ടിലേക്കോടി..
അന്ന് രാത്രി അവളുടെ വീട്ടില്‍നിന്ന് ഒച്ചയും ബഹളവും കേട്ടു. പിറ്റേന്ന് അവളെ കണ്ടപ്പോള്‍ ആ വെളുത്ത കവിളില്‍ നീലിച്ചനിറത്തില്‍ വിരല്‍പ്പാടുകള്‍, നിറഞ്ഞ കണ്ണുകള്‍ കൊണ്ട് എന്നെ നോക്കി ഒരു പുഞ്ചിരി.. ജാന്‍സീ കോളേജിലേക്കാണോ?? അതെ ചേട്ടാ..
ഒരു ലോഡുണ്ടല്ലോ ബുക്സ് പഠിക്കാന്‍ നിന്റെ കയ്യില്‍??
ചേട്ടനല്ലേ ഇന്നലെ പറഞ്ഞത് നന്നായി പഠിക്കാന്‍..അതുകൊണ്ട് പഠിക്കാന്‍ തീരുമാനിച്ചു..
ശരി നല്ലകാര്യം.. ഇതും പറഞ്ഞ് ഞാന്‍ ബൈക്കുമെടുത്ത് ജോലിസ്ഥലത്തേക്ക് പോയി.വൈകിട്ട്‌ ഏഴുമണിക്ക് ഞാന്‍ ജോലികഴിഞ്ഞ് വീട്ടില്‍ വരുമ്പോള്‍ ആ ഞെട്ടിക്കുന്ന വാര്‍ത്തയാണ് എതിരേറ്റത്. ജാന്‍സി കോളേജ് വിട്ട് വീട്ടില്‍ വന്നിട്ടില്ല. ഞാന്‍ അവളുടെ വീട്ടിലേക്ക് കയറിച്ചെന്നു നിറകണ്ണുകളോടെ അവളുടെ പപ്പ നില്‍ക്കുന്നു കയ്യില്‍ ഒരു എഴുത്ത് '' ഞാന്‍ സ്നേഹിക്കുന്നയാളിനൊപ്പം പോകുന്നു എന്നെ അന്വഷിക്കരുത്'' ഇത്രയുമാണ് ഉള്ളടക്കം. ലിസിച്ചേച്ചി കലിതുള്ളി നില്‍ക്കുന്നു.. പോയവള്‍ പോട്ടെ ഒരു കുറവും വരാതെ വളര്‍ത്തി പഠിപ്പിച്ചതിന്റെ പ്രതിഫലം തന്നതാ അവള്. അവന്റെ കൂടെപ്പോയി അനുഭവിക്കട്ടെ എന്നിട്ട് മടുക്കുമ്പോള്‍ ചാവട്ടെ. ആ കണ്ണുകളിലും നനവ് പടര്‍ന്നു.. പെറ്റുവളര്‍ത്തിയതിന്റെ ദെണ്ണം ഉണ്ടാവുമല്ലോ..
ഞാന്‍ തോമസ്ചേട്ടന്റെ കയ്യില്‍ പിടിച്ച് പറഞ്ഞു..
ചേട്ടാ.. സംഭവിച്ചത് സംഭവിച്ചു. ചേട്ടന്‍ നാളെ അവന്റെ വീട്ടില്‍ ഒന്ന് പോയി അവരെ കണ്ടിട്ടു വാ.. അയാള്‍ ഒന്നും മിണ്ടാതെ കണ്ണുതുടച്ചുകൊണ്ട് അകത്തേക്ക് പോയി.
പിറ്റേന്ന് രാവിലെ തോമസ്ചേട്ടന്‍ വീട്ടില്‍ വന്നു.
മോനിന്ന് ജോലിക്ക് പോണോ??
എന്താ ചേട്ടാ കാര്യം??
നമുക്ക് അവിടെ വരെയൊന്ന് പോകാം.
ഞാന്‍ പെട്ടെന്ന് ഡ്രെസ്സ് മാറി, ജോലിസ്ഥലത്തേക്ക് ഫോണ്‍വിളിച്ച് ഇന്ന് വരില്ല എന്നറിയിച്ചിട്ട് തോമസ്ചേട്ടനൊപ്പം പുറത്തേക്കിറങ്ങി.. ലിസിച്ചേച്ചിയും വഴിയില്‍ ഒരുങ്ങിനില്‍ക്കുന്നു. അടുത്തവീട്ടിലെ ഓട്ടോറിക്ഷ വിളിച്ച് ഞങ്ങള്‍ വിനോദിന്റെ വീടിരിക്കുന്ന കോളനി ലക്ഷ്യമാക്കി യാത്രതിരിച്ചു.
ഏകദേശം പതിനഞ്ച് കിലോമീറ്റര്‍ പോയിട്ട് കോളനിയിലേക്കുള്ള റോഡിലേക്ക് ഓട്ടോ തിരിഞ്ഞു..
നിരനിരയായി അടുത്തടുത്ത് നില്‍ക്കുന്ന കുടിലുകള്‍. റോഡില്‍ കുട്ടികള്‍ ഒാടിക്കളിക്കുന്നു. വഴിയില്‍കണ്ട ഒരു സ്ത്രീയോട് ചോദിച്ചപ്പോള്‍ വിനോദിന്റെ വീട് പറഞ്ഞുതന്നു. വീടിന്റെ മുമ്പില്‍ വണ്ടി നിന്നു. മൂന്ന് ചെറിയ കുട്ടികള്‍ മുറ്റത്ത് കളിക്കുന്നു. ഏകദേശം മുപ്പത് വയസ്സ് തോന്നിക്കുന്ന ഒരുസ്ത്രീ അവരെ ശകാരിച്ചുകൊണ്ട് നില്‍ക്കുന്നു. ആ സ്ത്രീയുടെ അമ്മയെന്ന് തോന്നിക്കുന്ന സ്ത്രീ തിണ്ണയില്‍ ഇരിക്കുന്നു, വാ നിറച്ച് മുറുക്കാനുമുണ്ട്.ഞങ്ങളെക്കണ്ട് മുറ്റത്ത് നിന്ന സ്ത്രീ അപരിചിതത്വഭാവത്തോടെ അകത്തേക്ക് പോയി. തിണ്ണയില്‍ ഇരുന്ന സ്ത്രീ ഒരു പ്രത്യേകരീതിയില്‍ ചുണ്ടില്‍ രണ്ട് വിരലുകള്‍ ചേര്‍ത്ത് പുറത്തേക്ക് നീട്ടി മുറുക്കാന്‍ തുപ്പി എന്നിട്ട് ചോദിച്ചു.
ആരാ? എന്തുവേണം??
ഞാന്‍ ചോദിച്ചു വിനോദിന്റെ വീടല്ലേ?
അതേ..
വിനോദില്ലേ???
ഉണ്ടല്ലോ. ഞാനവന്റെ അമ്മയാ, നിങ്ങളാരാ???
വിനോദ് ഇന്നലെ ഒരു പെണ്‍കുട്ടിയെ കൊണ്ടുവന്നിരുന്നോ??
നിങ്ങള്‍ അവളുടെ ആരാ???
ഞാന്‍ അവളുടെഅയല്‍പക്കത്തുള്ളതാണ്, ഇവര്‍ അവളുടെ അച്ഛനും അമ്മയും, അവരെയൊന്ന് വിളിക്കാമോ??ആ സ്ത്രീ അകത്തേക്ക് നോക്കി വിളിച്ചു.. എടാ വിനോദേ.. ദേ നീയിന്നലെ എഴുന്നള്ളിച്ചുകൊണ്ടുവന്നവള്‍ടെ തന്തയും തള്ളയും ദാ അന്വഷിച്ചുവന്നിരിക്കുന്നു.
വിനോദ് പുറത്തേക്ക് വന്നു. ലുങ്കിയും ടീഷര്‍ട്ടുമാണ് വേഷം. അവന്‍ മര്യാദയോടെ പറഞ്ഞു അകത്തേക്ക് വരൂ..
ഞങ്ങള്‍ അകത്തു കയറിഒരു മുറിയും, ഹാളും, അടുക്കളയുമുള്ള ചെറിയ വീട്. പഴയ അഴുക്കുപിടിച്ച മൂന്ന് പ്ളാസ്റ്റിക് കസേര അവന്‍ തുടച്ച് ഇരിക്കാന്‍ തന്നു എന്നിട്ട് പറഞ്ഞു.. സൗകര്യങ്ങളൊക്കെ കുറവാണ്.. എന്നിട്ട് അടുക്കളയിലേക്ക് നോക്കി പറഞ്ഞു
രാധേച്ചീ.. കുറച്ച് ചായ ഉണ്ടാക്കിക്കേ..
അത് ചേച്ചിയാണ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി മൂന്നു കുട്ടികളുണ്ട് അവരാണ് മുറ്റത്ത് കളിക്കുന്നത്.
ജാന്‍സീ.. ഇങ്ങോട്ട് വാ.. ജാന്‍സി അറച്ചറച്ച് മുറിയില്‍നിന്ന് പുറത്തുവന്നു.. പിന്നെ പപ്പയുടെ കയ്യില്‍ പിടിച്ചു, കണ്ണുകള്‍ നിറഞ്ഞൊഴുകി. അവള്‍ ആ കൈ പിടിച്ച് കണ്ണില്‍ ചേര്‍ത്ത് വിതുമ്പി.. പപ്പ എന്നോട് ക്ഷമിക്കണേ പപ്പാ..തോമസ്ചേട്ടന്‍ കസേരയില്‍നിന്ന് എഴുന്നേറ്റു അവള്‍ ആ ചുമലില്‍ തലചായ്ച് വിതുമ്പിക്കരഞ്ഞു.
മോളേ.. നീ വരുന്നെങ്കില്‍ കൊണ്ടുപോകാനാണ് ഞങ്ങള്‍ വന്നത്.. നിങ്ങളുടെ കല്യാണം ഞാന്‍ നടത്തിത്തരാം.. വേണ്ട പപ്പാ ഞങ്ങളുടെ കല്യാണം ഇന്നലെ ഒരു അമ്പലത്തില്‍ വച്ച് കഴിഞ്ഞു. ഇവിടെ എനിക്ക് കുഴപ്പമൊന്നുമില്ല.. ഞങ്ങള്‍ ഒരുമിച്ച് വീട്ടിലേക്ക് ഒരു ദിവസം വരാം. ഇപ്പോള്‍ പപ്പ പൊയ്ക്കോളൂ..
അപ്പോഴേയ്ക്കും വിനോദിന്റെ ചേച്ചി ചായകൊണ്ടുവന്നു ചായകുടിച്ചു രാധയുമായി സംസാരിച്ചിട്ട് ഞങ്ങള്‍ ഇറങ്ങി. വിനോദിന്റെ അമ്മ ഞങ്ങളോടും, ജാന്‍സി അവളുടെ മമ്മിയോടും ഒരക്ഷരം പോലും സംസാരിച്ചില്ല.
രണ്ട് മാസങ്ങള്‍ കടന്നുപോയി. ഇതിനിടക്ക് തോമസ്ചേട്ടനും ലിസിച്ചേച്ചിയും രണ്ടുതവണ ജാന്‍സിയെ കാണാന്‍ പോയി. ഒരു ദിവസം ലിസിച്ചേച്ചി എന്നോട് പറഞ്ഞു അവള്‍ക്ക് എന്നോടുള്ള ദേഷ്യമൊക്കെ മാറിയെടാ വല്ലപ്പോഴുമൊക്കെ വിളിക്കാറുമുണ്ട്. ഒരു കുഴപ്പമേയുള്ളൂ.. അവള്‍ അവിടെ വല്ലാതെ വീര്‍പ്പുമുട്ടുന്നു , വിനോദിന്റെ അമ്മയാണെങ്കില്‍ അവന്‍ ജോലിക്കു പോയിക്കഴിഞ്ഞാല്‍ പിന്നെ പോരെടുക്കാന്‍ തുടങ്ങും. വീട്ടില്‍ വഴക്കുവേണ്ട എന്നുകരുതി അവള്‍ അവന്‍ വരുമ്പോള്‍ ഒന്നും പറയാറുമില്ല. പക്ഷേ അവര്‍ അവിടുന്നു മാറിത്താമസിക്കുന്നതിനേക്കുറിച്ച് ആലോചിക്കുന്നുണ്ട്.
ഉം.. ശരി ചേച്ചീ.. അവള്‍ക്ക് കുഴപ്പമൊന്നുമുണ്ടാവില്ല..സമാധാനമായിട്ടിരിക്ക്.
ഒരു ദിവസം ടൗണില്‍ വച്ച് അവിചാരിതമായി ഞാന്‍ ജാന്‍സിയെയും വിനോദിനെയും കണ്ടു. ജാന്‍സിയുടെ രൂപം കണ്ട് ഞാന്‍ ഞെട്ടിപ്പോയി. സുന്ദരമായ ആകണ്ണുകള്‍ കുഴിയിലാണ്ട്, കവിളുകള്‍ ഒട്ടി ആ പഴയ സൗന്ദര്യം നഷ്ടപ്പെട്ട രൂപം. വല്ലാത്ത വിഷമം തോന്നി അത് കണ്ട്. എന്നെ കണ്ട് അവള്‍ പുഞ്ചിരിച്ചു. ആ പുഞ്ചിരിയുടെ തിളക്കം മാത്രം നഷ്ടപ്പെട്ടിട്ടില്ല. ചില ഔപചാരികവാക്കുകള്‍ മാത്രം സംസാരിച്ച് ഞങ്ങള്‍ പിരിഞ്ഞു പോകാന്‍ നേരം അവള്‍ പ്രഗ്നന്റാണ് എന്ന സന്തോഷ വാര്‍ത്തയും പറഞ്ഞിരുന്നു.
നാല് മാസങ്ങള്‍ക്ക് ശേഷം ജോലിസ്ഥലത്ത് നില്‍ക്കുമ്പോഴാണ് വീട്ടില്‍നിന്ന് ഒരു ഫോണ്‍. അമ്മയാണ്.. എടാ നമ്മുടെ ജാന്‍സിയും, ഭര്‍ത്താവും മെഡിക്കല്‍കോളേജില്‍ ആണ് ഗുരുതരാവസ്ഥയാണ് സ്വയം തീകൊളുത്തിയതാണെന്നാ കേട്ടത്. അതു കേട്ടതും എന്റെ പകുതി ജീവന്‍ പോയി. ഞാന്‍ പെട്ടെന്ന് വീട്ടിലെത്തി. തോമസ്ചേട്ടനും ലിസിച്ചേച്ചിയും സംഭവം അറിഞ്ഞയുടന്‍ കരഞ്ഞ് വിളിച്ച് ആശുപത്രിയിലേക്കോടിയിട്ടുണ്ട്. എനിക്ക് പോകാന്‍ തോന്നിയില്ല അത് കാണാനുള്ള മനക്കരുത്തെനിക്കില്ല. രണ്ട് ദിവസം കഴിഞ്ഞ് വിനോദ് മരിച്ചു. അവന്റെ വീട്ടില്‍ ഞാന്‍ ശവമടക്കിന് പോയി തിരിച്ചുവന്ന ദിവസം തോമസ്ചേട്ടന്‍ ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള സാധനങ്ങള്‍ എടുക്കാന്‍ വീട്ടില്‍ വന്നു. എന്നെ കണ്ടതും പൊട്ടിക്കരഞ്ഞു.. എന്റെ കൊച്ചിന്റെ ജീവിതം പോയെടാ മോനേ... അവളെ കണ്ടാല്‍ സഹിക്കില്ലെടാ.. എന്ന് പറഞ്ഞ് അലമുറയിട്ടുകരഞ്ഞു. എന്റെ കണ്ണുകളും നിറഞ്ഞൊഴുകി.. അശ്വാസവാക്കുകള്‍ കിട്ടാതെ ഞാന്‍ ആ തോളില്‍ തട്ടി ആശ്വസിപ്പിക്കുകമാത്രം ചെയ്തു.
വിനോദിന്റെ ശവസംസ്കാരത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് സംഭവത്തിന്റെ വിശദാംശങ്ങള്‍ ഞാനറിഞ്ഞത്. ആ ദിവസം വിനോദ് വീട്ടിലുണ്ടായിരുന്നു. തലേദിവസത്തെ എന്തോ സംഭവത്തിന്റെ പേരില്‍ അമ്മായിയമ്മ ജാന്‍സിയോട് വഴക്കുതുടങ്ങി. ചോദിക്കാന്‍ ചെന്ന വിനോദിനെ അവര്‍ വിറക് കഷ്ണം കൊണ്ട് തല്ലി. ഇതൊക്കെക്കണ്ട് മനസുമടുത്ത ജാന്‍സി മുറിയിലുണ്ടായിരുന്ന മണ്ണെണ്ണക്കന്നാസെടുത്ത് തലയില്‍ കമിഴ്ത്തി തീ കൊളുത്തി. അത് കണ്ട വിനോദ് തീയണയ്ക്കാനുള്ള വെപ്രാളത്തില്‍ അവളെ കെട്ടിപ്പിടിച്ച് തറയിലുരുണ്ടു. കണ്ടുവന്ന നാട്ടുകാരും ചേര്‍ന്ന് തീയണച്ചു പക്ഷേ അപ്പോഴേക്കും വിനോദിന്റെ നെഞ്ചില്‍ സാരമായി ചൂടേറ്റിരുന്നു.
ജാന്‍സിയുടെ വയറ്റിലുണ്ടായിരുന്ന കുഞ്ഞ് സംഭവദിവസംതന്നെ മരിച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ ഒാപ്പറേഷന്‍ നടത്താനാവാതെ പിന്നെയും ഒരാഴ്ച കഴിഞ്ഞാണ് കുഞ്ഞിനെ പുറത്തെടുത്തത്. അപ്പോഴേക്കും അഞ്ച് മാസം പ്രായമുണ്ടായിരുന്ന ആ മാംസപിണ്ഡം അഴുകിത്തുടങ്ങിയിരുന്നു. അങ്ങനെ സംഭവശേഷം പതിനെട്ട് ദിവസങ്ങള്‍ കഴിഞ്ഞു. ജാന്‍സിയുടെ നില മെച്ചപ്പെട്ടതായി അറിയാന്‍ കഴിഞ്ഞു. ഞാന്‍ അവളെ പോയി കാണാന്‍ തീരുമാനിച്ചു. മെഡിക്കല്‍ കോളേജിലെ വാര്‍ഡില്‍ പച്ചത്തുണികൊണ്ടുണ്ടാക്കിയ മറയ്ക്കുള്ളില്‍ ജാന്‍സിയെ കാണാന്‍ കയറുന്നതിനു മുമ്പു തോമസ്ചേട്ടന്‍ എന്നോടു പറഞ്ഞു. മോനേ വിനോദ് പോയത് അവളെ അറിയിച്ചിട്ടില്ല. അടുത്തുള്ള ഒരു വാര്‍ഡില്‍ അവനും സുരക്ഷിതനാണെന്നേ അവള്‍ക്കറിയൂ.. തലയാട്ടി ആ പച്ച മറക്കുള്ളില്‍ ബെഡ്ഡിലെ രൂപം കണ്ട് ഞാന്‍ നടുങ്ങിപ്പോയി. കറുത്ത രൂപം.
ഇടതൂര്‍ന്ന പഴയ മുടി കത്തിപ്പോയിരിക്കുന്നു കണ്ണിനും ചുണ്ടിനും മാത്രം പൊള്ളലേറ്റിട്ടില്ല. ഹോ.. ദൈവമേ... പഴയ ജാന്‍സിയുമായി ഒരു ബന്ധവുമില്ലാത്ത രൂപം.ജാന്‍സി എന്നെ നോക്കി ചിരിച്ചു. എന്റെ കണ്ണുകള്‍ നിയന്ത്രണാതീതമായി നിറഞ്ഞുവന്നു.. അവള്‍ ഇരിക്കാന്‍ ആഗ്യം കാട്ടി. ഞാന്‍ അടുത്തുള്ള സ്റ്റൂളില്‍ ഇരുന്നു.
ചേട്ടനു സുഖമാണോ???
അതെ ജാന്‍സീ..
എനിക്ക് പെട്ടെന്ന് ഭേദമാകും..
ഉം..എനിക്ക് കരച്ചില്‍ തികട്ടിവന്നു.
ചേട്ടനെന്തിനാ കരയുന്നത്?? ഭാഗ്യം കൊണ്ട് ഞാന്‍ മരിച്ചില്ലല്ലോ..
അവള്‍ക്കും കരച്ചില്‍ വരുന്നുണ്ടായിരുന്നു..കരഞ്ഞുകൊണ്ടവള്‍ തുടര്‍ന്നു.. വിനോദിന്റെ അമ്മയെ പേടിപ്പിക്കാന്‍ ചെയ്തതാ ചേട്ടാ അറിയാതെ തീ ആളിപ്പടര്‍ന്നതാ. കഷ്ടപ്പാടുണ്ടെങ്കിലും വിനോദിനെന്നെ ജീവനുതുല്യം ഇഷ്ടമാണ്. അവന്റെ കൂടെ ജീവിച്ചെനിക്ക് കൊതി തീര്‍ന്നിട്ടില്ല.. അവന്‍ അടുത്ത വാര്‍ഡിലുണ്ട് ചേട്ടന്‍ കണ്ടാരുന്നോ?? ഇവിടുന്ന് ഡിസ്ചാര്‍ജ്ജായി പോയി വേറെ വീടെടുത്ത് ഞങ്ങള്‍ സുഖമായി ജീവിക്കും.. കുഞ്ഞ് മരിച്ചുപോയി... അതിന്റെ വിഷമം ഒരിക്കലും മാറില്ല എങ്കിലും.. ഇനി മൂന്നു കുഞ്ഞുങ്ങളെങ്കിലും വേണംന്ന് വിനോദിനോട് ഞാന്‍ പറയും..അവളുടെ കണ്ണുനീര്‍ ആ കറുത്ത കവിളിലൂടെ ഒഴുകിക്കൊണ്ടിരുന്നു.
എനിക്ക് ഒന്ന് പൊട്ടിക്കരയാന്‍ തോന്നി. പെട്ടെന്നവിടുന്ന് ഇറങ്ങി ഞാന്‍ വേഗം നടന്നകന്നു. ആളില്ലാത്ത സഥലം നോക്കി ഒന്ന് കരഞ്ഞ് തീര്‍ക്കാന്‍..
ഡോക്ടേഴ്സ് പറഞ്ഞതിലും അഞ്ച് ദിവസം കൂടുതല്‍ അവള്‍ മരണത്തെ തടുത്തുനിര്‍ത്തി. പക്ഷേ ആ പോരാട്ടത്തില്‍ എന്നും അന്തിമവിജയം മരണത്തിനാണല്ലോ..അന്ന് രാത്രി ജാന്‍സി മരിച്ചു. അപ്പോഴും തീപ്പൊള്ളലേറ്റ് വികൃതമായ ആ മുഖത്ത് മനോഹാരിത ഒട്ടും ചോര്‍ന്നുപോകാത്ത ആ പഴയ പുഞ്ചിരി വിടര്‍ന്നു നിന്നിരുന്നു.
ശ്രീകുമാര്‍.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot