Slider

വേശ്യയെ പ്രണയിക്കണമെന്ന.........

0
വേശ്യയെ പ്രണയിക്കണമെന്ന പോസ്റ്റു ലൈക്സ് രണ്ടായിരം കടന്നപ്പോഴാണ് എന്നെത്തേടിയൊരു സന്ദേശമെത്തിയത്..
തന്റെതല്ലാത്ത കാരണത്താൽ പിഴച്ചുപോയൊരു പെൺകുട്ടിയുടെ അച്ഛന്റേതായിരുന്നു
ആ സന്ദേശം..
'മോന്റെ എഴുത്തു വായിച്ചു..
എന്റെ മോൾക്കൊരു ജീവിതം കൊടുക്കണമെ'ന്നൊക്കെ തുടങ്ങി യാചനാ ഭാവത്തിനുള്ള ആ മെസ്സേജിന് റിപ്ലൈ കൊടുക്കാതെ അയാളെ ബ്ലോക്ക് ചെയ്തു ഞാൻ അടുത്ത പോസ്റ്റിനെ കുറിച്ചാലോചിക്കാൻ തുടങ്ങി..
ഇത്തവണ ബുദ്ധിമാന്ദ്യമുള്ള ഒരു പെൺകുട്ടിയെ
കുറിച്ചായാലോ ..
സംഗതി വിത്യസ്തമാവും..
അനാഥയെ പ്രണയിക്കണമെന്ന പോസ്റ്റ് അഷ്ഫാഖ് എഴുതീട്ടുണ്ടു മുന്നേ..
എന്നിട്ടൊൻ കെട്ടിയതു പലചരക്കു കടക്കാരൻ
മമ്മാലിക്കാന്റെ മോളേ..
അഞ്ചു ആങ്ങളമാരുടെ ഒരൊറ്റ പെങ്ങൾ..
വികലാംഗയെ കെട്ടണമെന്ന് പറഞ്ഞ അജിത് ആദ്യം കാണാൻ പോയ പെണ്ണിനെ വേണ്ടാന്ന് വെച്ചതു കാൽവിരലിലൊന്നു കുറവായാതോണ്ടാത്രേ ..
നീളൻ മുടിക്കാരിയെ വേണോന്ന് പറഞ്ഞ ജയിംസ് കെട്ടിയത് അമേരിക്കേല് നേഴ്സായ ബീന മാത്യുവിനെ..
കെട്ടിന് മുമ്പെ തന്നെ ഓൾടെ മുടി കോഴിത്തൂവലിന്റെ അത്രെ ഉണ്ടാരുന്നുള്ളൂ..
എഴുതി തുടങ്ങിയപ്പോ വരികൾ താനെ ഒഴുകിയിറങ്ങി..
'കൊച്ചു കുഞിനെപ്പോലെ അവളേ ചേർത്ത് പിടിച്ചു എന്നോടു ചേർക്കണം' എന്നുള്ള ഭാഗമെത്തിയപ്പോൾ വല്ലാത്തൊരു ഫീലായിരുന്നു..
എന്തായാലും ഈ ഫേസ്ബുക്ക് ഒരു സംഭവം തന്നെയാണു ട്ടാ..
എന്താന്നു വച്ചാൽ നമ്മള് ജീവിതത്തിൽ ഒരിക്കലും ചെയ്യാത്ത പലതും ചെയ്തുവെന്നും ചെയ്യണമെന്നുമൊക്കെ പറയാൻ വേറെവിടെ സാധിക്കും..
അടുത്ത തവണ ബംഗാളിൽ നിന്നും കൂലിപ്പണിക്കു വന്നവന്റെ മോളെകെട്ടണം എന്നുള്ളൊരു പോസ്റ്റ് ചെയ്യണം..
അങ്ങിനാവുമ്പോ ബംഗാളികളുടെ ഇടയിലും പോസ്റ്റു വൻ ഹിറ്റാവുമെന്നുറപ്പ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo