അധികപ്പറ്റാകും മുന്നേ !!
ഉച്ചയ്ക്കലത്തെ സര്‍ക്കീട്ട് കഴിഞ്ഞു വരികയാണവള്‍... നന്നേ തളര്‍ന്ന മട്ടുണ്ട്... ഞാന്‍ നീട്ടി വിളിച്ചു, "കുഞ്ഞീ...."
കേട്ട ഭാവം പോലുമില്ലാതെ മുഖം വടക്കോട്ടാക്കി പിടിച്ചോണ്ട് ഗമയില്‍ ഒറ്റപ്പോക്ക്. ആ പോക്കവസാനിച്ചത് തളവും കഴിഞ്ഞ് അടുക്കളയിലായിരുന്നു. എത്തിയപാടെ ഒരു വീഴ്ച്ചയായിരുന്നു നിലത്തേയ്ക്ക്, എന്നിട്ട് നീണ്ടുനിവര്‍ന്ന് ഒറ്റക്കിടത്തം. ഞാന്‍ പയ്യെ അവള്‍ടെ അടുക്കലെത്തി മുഖത്തോടുമുഖം അടുപ്പിച്ച് മന്ത്രിച്ചു, "മൂന്നു നാല് ദിവസംകൊണ്ടു നീ വല്ല്യ ആളായിപ്പോയീന്ന് ചേച്ചി പറഞ്ഞപ്പോ ഞാന്‍ ഇത്രക്ക് വിചാരിച്ചില്ല, ട്ടോ... എടീ ഭയങ്കരീ.... ഞാന്‍ വിളിച്ചതുപോലും നീ കേട്ടില്ല-ല്ലേ.... അതോ നീയെന്നെ മറന്നോ..." ചോദ്യരൂപേണ ഞാന്‍ നിര്‍ത്തിയപ്പോള്‍ അവള്‍ അലിവോടെ എന്നെ നോക്കി ഇല്ലെന്ന് കണ്ണടച്ചു കാട്ടി, ചെറിയതായി ഒന്ന് മൂളി, "മ്യാവൂ"... അത് കണ്ടപ്പോ എനിക്കും തോന്നി, പാവം ക്ഷീണിച്ചുള്ള കെടത്തമാന്ന്. പതിയെ അവളെ തലോടിക്കൊണ്ട് ഞാന്‍ പറഞ്ഞു, "കൊറച്ച് ഒറങ്ങീക്കോട്ടാ...." പിന്നെ തിരിഞ്ഞു അമ്മയോട് "ഇവളെന്താ നെലത്തിങ്ങനെ കെടക്കണെ, സാധാരണ ടിവി-ടേം തുന്നല്‍മിഷ്യന്‍റെ മോളിലും ഒക്കെ അല്ലെ കെടക്കാറ്..." അമ്മ പറഞ്ഞു, "ഹേയ്, ഇതിപ്പോ തൊടങ്ങീതാ... മൂന്നാലു ദിവസായി, ഒരു ഉച്ചക്കറക്കം, അത് കഴിഞ്ഞു വന്നാ നമ്മളൊക്കെ കെടക്കണ പോലെ ഈ തണുത്ത നെലത്താ അവള്‍ടെ കെടപ്പ്, കള്ളി കെടക്കണ കണ്ടില്ലേ, ഞെളിഞ്ഞ്...." അതിനും അവള്‍ മൂളി "മ്യാവൂ"...
കേട്ട ഭാവം പോലുമില്ലാതെ മുഖം വടക്കോട്ടാക്കി പിടിച്ചോണ്ട് ഗമയില്‍ ഒറ്റപ്പോക്ക്. ആ പോക്കവസാനിച്ചത് തളവും കഴിഞ്ഞ് അടുക്കളയിലായിരുന്നു. എത്തിയപാടെ ഒരു വീഴ്ച്ചയായിരുന്നു നിലത്തേയ്ക്ക്, എന്നിട്ട് നീണ്ടുനിവര്‍ന്ന് ഒറ്റക്കിടത്തം. ഞാന്‍ പയ്യെ അവള്‍ടെ അടുക്കലെത്തി മുഖത്തോടുമുഖം അടുപ്പിച്ച് മന്ത്രിച്ചു, "മൂന്നു നാല് ദിവസംകൊണ്ടു നീ വല്ല്യ ആളായിപ്പോയീന്ന് ചേച്ചി പറഞ്ഞപ്പോ ഞാന്‍ ഇത്രക്ക് വിചാരിച്ചില്ല, ട്ടോ... എടീ ഭയങ്കരീ.... ഞാന്‍ വിളിച്ചതുപോലും നീ കേട്ടില്ല-ല്ലേ.... അതോ നീയെന്നെ മറന്നോ..." ചോദ്യരൂപേണ ഞാന്‍ നിര്‍ത്തിയപ്പോള്‍ അവള്‍ അലിവോടെ എന്നെ നോക്കി ഇല്ലെന്ന് കണ്ണടച്ചു കാട്ടി, ചെറിയതായി ഒന്ന് മൂളി, "മ്യാവൂ"... അത് കണ്ടപ്പോ എനിക്കും തോന്നി, പാവം ക്ഷീണിച്ചുള്ള കെടത്തമാന്ന്. പതിയെ അവളെ തലോടിക്കൊണ്ട് ഞാന്‍ പറഞ്ഞു, "കൊറച്ച് ഒറങ്ങീക്കോട്ടാ...." പിന്നെ തിരിഞ്ഞു അമ്മയോട് "ഇവളെന്താ നെലത്തിങ്ങനെ കെടക്കണെ, സാധാരണ ടിവി-ടേം തുന്നല്‍മിഷ്യന്‍റെ മോളിലും ഒക്കെ അല്ലെ കെടക്കാറ്..." അമ്മ പറഞ്ഞു, "ഹേയ്, ഇതിപ്പോ തൊടങ്ങീതാ... മൂന്നാലു ദിവസായി, ഒരു ഉച്ചക്കറക്കം, അത് കഴിഞ്ഞു വന്നാ നമ്മളൊക്കെ കെടക്കണ പോലെ ഈ തണുത്ത നെലത്താ അവള്‍ടെ കെടപ്പ്, കള്ളി കെടക്കണ കണ്ടില്ലേ, ഞെളിഞ്ഞ്...." അതിനും അവള്‍ മൂളി "മ്യാവൂ"...
അമ്പലത്തില്‍ സ്വന്തം കൂടപ്പിറപ്പുകള്‍ക്കൊപ്പം ഓടിക്കളിച്ചിരുന്ന അവളെ, നന്നേ ചെറുതിലേ തന്നെ ഞാനിങ്ങു കൊണ്ടുപോരുകയായിരുന്നു. മറ്റുള്ളവരില്‍ ഒന്നിനെ തിരുമേനിയും, പിന്നെയുള്ള രണ്ടുപേരെ ഞങ്ങള്‍ടെ തന്നെ അയല്പ്പക്കത്തുള്ളവര്‍ അവരവരുടെ വീട്ടിലേക്കും കൊണ്ടുപോന്നു. ചുരുക്കത്തില്‍ എന്‍റെ കുഞ്ഞിക്ക് അവള്‍ടെ രണ്ടു സഹോദരങ്ങളെ അയല്പ്പക്കമായി കിട്ടി. അതിനാല്‍ത്തന്നെ, മിണ്ടാപ്രാണികളായ സഹോദരങ്ങളെ തമ്മിലകറ്റി എന്ന ദൈവശാപം ഒഴിവായി എന്ന് ഞാന്‍ കരുതുന്നു.
അവള്‍ വന്ന ശേഷം ഞങ്ങള്‍ടെ വീട് ശരിക്കും ആരവം നിറഞ്ഞതാവുകയായിരുന്നു. ഒരു കൊച്ചുകുട്ടി വീട്ടില്‍ ഉണ്ടെന്ന പോലെയുള്ളൊരു അവസ്ഥ. സകലസമയവും "മ്യാവൂ" വിളികളും "കുഞ്ഞീ" വിളികളും നിറഞ്ഞ ഒരു അന്തരീക്ഷം. അവളില്ലാതെ ഒരാഘോഷം ഇല്ലെന്ന പോലെ. തനിയെ ആഹാരം കഴിയ്ക്കാന്‍ വശമില്ലാതെ കഷ്ടപ്പെട്ട അവള്‍ക്ക് സമയാസമയങ്ങളില്‍ ആഹാരം സ്പൂണ് കൊണ്ടോ ഫില്ലര്‍ കൊണ്ടോ പകര്‍ന്നുകൊടുക്കുന്ന അമ്മയെ പലപ്പോഴും, അമ്മൂമ്മ കളിയാക്കാറുണ്ട്. പക്ഷെ, കാലം അമ്മൂമ്മയെയും അവള്‍ടെ ഒരു ആരാധികയാക്കുകയായിരുന്നു. അത്രയ്ക്ക് മനോഹരമായിരുന്നു, ഞങ്ങളുമായുള്ള അവള്‍ടെ ഇടപഴകല്‍... ഏതോ മുജ്ജന്മബന്ധം ഉള്ളതുപോലെ. വല്ല ഗോലിയോ ചെറിയ പന്തോ ഇട്ടു കൊടുത്താല്‍ മറഡോണയുടെ മെയ്-വഴക്കത്തോടെ അതുമായി കുത്തിമറിയുന്നതും കെട്ടിമറിഞ്ഞു വീഴുന്നതുമെല്ലാം കണ്ണെടുക്കാതെ കൌതുകത്തോടെ എത്രയോ തവണ കണ്ടുരസിച്ചിരിയ്ക്കുന്നു. രാത്രികളില്‍ ഗ്രില്ലിട്ട സിറ്റൌട്ടില്‍ അമ്മേടെ തുന്നല്‍മെഷീനിന്‍റെ മോളില്‍ കിടത്തുമായിരുന്ന അവളെ, അവിടെ വിസര്‍ജ്ജനം നടത്താതിരിക്കാന്‍ രാത്രി കിടക്കണേനു മുന്നേ അച്ഛനും അമ്മയും കൂടി വീടിനു പുറത്തേയ്ക്ക് നയിക്കുന്ന ദൃശ്യം ഇപ്പോഴും കണ്മുന്നിലിങ്ങനെ തെളിയുന്നു. ഒടുവില്‍ കൃത്യം കഴിഞ്ഞ് വീടിനകത്തേയ്ക്ക് കേറാതെ കളിക്കാന്‍ തിരിയുന്ന അവളെ ശാസിച്ചും ബലം പ്രയോഗിച്ചുമാണ് പലപ്പോഴും കൊണ്ടുപോന്നിരുന്നത്. വീട്ടില്‍ മീന്‍ വാങ്ങിയാല്‍പ്പിന്നെ പറയ്വെ വേണ്ടാ, തിക്കും തിരക്കും... ആകെ ബഹളമയം. നന്നാക്കുമ്പോള്‍ മീനിന്‍റെ അവശിഷ്ടങ്ങള്‍ കൊടുത്താല്‍, അതൊന്നു നോക്കുകപോലുമില്ല, പക്ഷെ ബഹളത്തിന് ഒരു കൊറവുമുണ്ടാവില്ലാന്നുമാത്രം. പിന്നെ വറുക്കുന്ന നേരത്താണേല്‍ അടുപ്പത്തോട്ട് എടുത്തുചാടാതിരിക്കാന്‍ സിറ്റൌട്ടിലിട്ടു പൂട്ടുമായിരുന്നു. അവിടെക്കിടന്നു ഒരേ കരച്ചിലായിരിക്കും, ഏതാണ്ട് അവളെ കൊല്ലാന്‍ കൊണ്ടുപോണ പോലെ. വറവലിനൊടുവില്‍ വാതില്‍ തുറന്നുകൊടുത്താല്‍ അവള് നിവിന്‍ പോളിയാകും, "ചുറ്റൂള്ളതൊന്നും കാണാന്‍ പറ്റില്ലെന്‍റെ സാറേ" എന്ന ഭാവത്തോടെ അടുക്കളയിലേയ്ക്ക് കുതിക്കുന്ന കാണാം. ആ ഒരു പെടപെടപ്പു, പക്ഷെ മീന്‍ കഷ്ണം ഇട്ടു കൊടുക്കുന്ന വരെയേ ഉള്ളൂ, ഒരു പൊട്ടു പോലും കഴിക്കില്ല. ഞങ്ങളു പറയും അവള് അമ്പലവാസിയായിരുന്നല്ലോ ന്ന്....
മാസങ്ങള്‍ക്കൊണ്ട് വലിപ്പം വച്ചേന്‍റെ കൂട്ടത്തില്‍ ശകലം പക്വത വച്ചതല്ലാതെ, അവള്‍ടെ കുസൃതിക്ക് യാതൊരു കൊറവും വന്നിരുന്നില്ല. രാവിലെ പത്രം നിലത്തുവിരിച്ചു വച്ചു വായിയ്ക്കുന്ന എന്‍റെ മുമ്പില്‍ കൃത്യം ഞാന്‍ വായിയ്ക്കുന്ന വാര്‍ത്തയ്ക്ക് മേലെ വന്നിരുന്ന് എന്നെ നോക്കി കണ്ണിറുക്കിക്കാട്ടി "മ്യാവൂ" ന്ന് പറയണതും, ടിവി-ക്ക് മേലെ കെടന്നോണ്ട് കൈയോ കാലോ വാലോ ഇറക്കിക്കൊണ്ടുവന്ന് ടിവി കാണുന്ന നമ്മടെ കാഴ്ച്ചയെ മറയ്ക്കുമ്പോള്‍ ഡീ- ന്നു വിളിച്ചാലുടനെ ഒന്നുമറിയാത്ത പോലെ കയറ്റി വയ്ക്കണതും, നമ്മളെവിടേലും പോയി വന്നാല്‍ നമ്മടെ കാലുകള്‍ നക്കിത്തൊടയ്ക്കണതും അതിനിടയില്‍ അറിഞ്ഞില്ലെ-ന്ന മട്ടില്‍ കൊഞ്ചിക്കൊണ്ട് രണ്ടു കടി പാസാക്കണതും, രാവിലെ അഞ്ചുമണിയോടെ അമ്മ സിറ്റൌട്ടിന്‍റെ കതകു തുറക്കുന്നതോടെ അകത്തേയ്ക്ക് കയറി ഉറങ്ങിക്കൊണ്ടിരിക്കുന്ന എന്‍റെ മേല്‍ കുത്തിമറിഞ്ഞ് എന്നെ ഉണര്‍ത്തി പിന്നെ എന്റരികു പറ്റി കിടക്കണതും, എല്ലാമെല്ലാം അങ്ങനെ തുടര്‍ന്നുകൊണ്ടേയിരുന്നു. ഒരു നാള്‍ ഗ്രില്ലിന്‍റെ അഴിയ്ക്കിടയിലൂടെ രാത്രി ചാടിയിറങ്ങി തിരിച്ചു കേറാന്‍ പറ്റാതെ വീടിനു ചുറ്റും കരഞ്ഞോണ്ട് നടന്നപ്പോള്‍ ഒരു കാടന്‍ ഓടിച്ച് തെങ്ങില്‍ക്കേറ്റിയ അവളെ, കരച്ചില്‍ കേട്ടുണര്‍ന്ന അമ്മയും അച്ഛനും പോയി കൂട്ടിക്കൊണ്ടുവരികയായിരുന്നു. അതില്‍പ്പിന്നെ രാത്രിയിലെ ഗ്രില്ലുചാട്ടം ഇല്ലാതായി.
ആയിടയ്ക്കാണ് ചേച്ചിയെ പ്രസവത്തിനായി ആശുപത്രിയില്‍ കൊണ്ടുപോകുന്നത്. ചേച്ചിയുടെ അഭാവം അവളെ അലട്ടുന്നുണ്ടെന്ന് തോന്നിക്കുംവിധം, ചേച്ചി കിടന്നിരുന്ന അകമെല്ലാം ഇടയ്ക്ക് കേറി പരിശോധിക്കുന്നത് കാണാമായിരുന്നു. പ്രസവശേഷം ആശുപത്രിയില്‍ നിന്നും ആ കുഞ്ഞുമാലാഖയുമായി പടികയറിയെത്തിയ ചേച്ചിയെ ഞങ്ങളെപ്പോലെത്തന്നെ കുഞ്ഞിയും അവളുടേതായ മ്യാവൂ വിളികളോടെ ആനയിച്ചു കേറ്റി.
പിന്നീടങ്ങോട്ട് സന്തോഷം തിരതല്ലുന്ന ദിനങ്ങള്‍ ആയിരുന്നു. കുഞ്ഞിമോളും കുഞ്ഞിയും ഞങ്ങള്‍ടെ കൌതുകമായിത്തന്നെ തുടര്‍ന്നു. ചേച്ചിയും മോളും കിടന്നിരുന്ന അകത്തേയ്ക്ക്, അവര്‍ക്കലോസരമായി ഒരു എത്തിനോട്ടം പോലും കുഞ്ഞി നടത്തിയിരുന്നില്ല എന്നത് എല്ലാര്‍ക്കുമൊരു അത്ഭുതം തന്നെയായിരുന്നു. ഞാന്‍ എടുത്തോണ്ടുപോയി അവള്‍ക്ക് മോളെ ഇടയ്ക്ക് കാണിച്ചുകൊടുക്കുമായിരുന്നു. മിക്കവാറും മോള് ഉറക്കത്തില്‍ത്തന്നെ ആയിരിയ്ക്കും എന്നുള്ളോണ്ട് അവിടെ പകല്‍ ഒന്നും ലൈറ്റും ഇടാറില്ലായിരുന്നു. ഒരു ദിവസം ലൈറ്റ് ഇട്ടിരുന്ന നേരം ഞാന്‍ ഇത് ആവര്‍ത്തിച്ചപ്പോള്‍ എന്തോ കണ്ട്, അവള്‍ എന്‍റെ കൈയില്‍ നിന്നും നിലത്തേയ്ക്ക് എടുത്തൊരു ചാട്ടം. ഇതുകണ്ട് അവളെങ്ങാന്‍ കിടക്കയിലേയ്ക്ക് കേറിയാലോ എന്ന ശങ്കയാല്‍ ചേച്ചി അന്നാദ്യമായി പറഞ്ഞു, "ഈ നശിച്ച പൂച്ച, വല്ല്യ ശല്ല്യമായല്ലോ ഇതിനെക്കൊണ്ട്..." ഒരു നിമിഷം ഇടറിപ്പോയ ഞാന്‍ കുഞ്ഞിയെ എടുത്ത് വേഗം പുറത്തേയ്ക്ക് നടന്നു. അതില്‍പ്പിന്നെ ചേച്ചിക്ക് കുഞ്ഞിയെ കാണുമ്പോള്‍ത്തന്നെ ദേഷ്യവും വരുമായിരുന്നു. ചേട്ടന്‍ ലീവില്‍ വരാന്‍ നേരം, കുട്ടിയുള്ള വീട്ടില്‍ കുഞ്ഞിയെക്കണ്ടാല്‍ പ്രശ്നമാകും, എന്നുള്ള സ്വാഭാവികമായ ഒരു ആശങ്കയും ആ ദേഷ്യത്തിനു പുറകില്‍ ഉണ്ടായിരുന്നു. അമ്മയോട് ഞാന്‍ വിഷമത്തോടെ പറയുമായിരുന്നു, "ഇവളായിരുന്നു നമ്മടെ ആദ്യത്തെ കുഞ്ഞ്, ഇപ്പൊ ചേച്ചിക്ക് പോലും കുഞ്ഞിയെ വേണ്ടാതായിത്തൊടങ്ങിയിരിയ്ക്കുന്നു....."
ഒരുനാള്‍ വൈകീട്ട് ജോലി കഴിഞ്ഞെത്തിയ എന്‍റെ, കാല് നക്കിത്തോര്‍ത്താന്‍ പതിവുപോലെ കുഞ്ഞിയെക്കാണാഞ്ഞു ഞാനമ്മയോട് അവളെവിടേന്ന് ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞു, "പൊറത്താക്കി വാതില്‍ അടച്ചേക്കാ, ഈയാംപാറ്റ ഉള്ളോണ്ട് അവളിവിടെ ഒക്കെ ഓടിനടക്കുണു, കാലു തടഞ്ഞിട്ടു വയ്യാ....." എല്ലാര്‍ക്കും അവളൊരു ശല്ല്യമായി-ല്ലേ എന്ന്‍ ചോദിച്ചപ്പോള്‍, "മിക്കവാറും നമുക്കിവളെ എവിടേലും കൊണ്ടു കളയേണ്ടി വരും, അപ്പൊ എന്താ ചെയ്യാ..." എന്ന ഒരു ആശങ്കയും അമ്മ അന്ന് പങ്കുവച്ചു. ഈയാംപാറ്റകള്‍ ഒടുങ്ങിയപ്പോള്‍ കുഞ്ഞിക്ക് പ്രവേശനം അനുവദിച്ചെങ്കിലും, "എല്ലാരടേം മനസ്സില്‍ കുഞ്ഞീടെ ചിത്രം മാറുകയാണല്ലോ" എന്നോര്‍ത്ത് അന്ന്‍ രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല.
അങ്ങനെ ദിനങ്ങള്‍ നീങ്ങുംതോറും കുഞ്ഞിയുടെ ഒറ്റപ്പെടലിന് കൂടുതല്‍ക്കൂടുതല്‍ വ്യക്തത വന്നുതുടങ്ങി....
പിന്നെ അക്കൊല്ലത്തെ തൃശൂര്‍ പൂരത്തിന്‍റെ അന്നായിരുന്നു അത് സംഭവിയ്ക്കുന്നത്. പൂരമായതിനാല്‍ അന്നെനിക്ക് ജോലി ഉണ്ടായിരുന്നില്ല. മോളുടെ പകലുറക്കസമയത്ത് തളത്തില്‍ നിലത്ത് റബ്ബര്‍ഷീറ്റ് വിരിച്ച് അവളെ അതില്‍ക്കിടത്തി, മേലെ ഒരു നെറ്റ് വച്ച് കൊടുത്തിരുന്നു. ചേച്ചി എന്തോ ആവശ്യത്തിന് വീടിനു പിന്നിലേയ്ക്കും പോയിരുന്നു. സാധാരണ കുഞ്ഞി അങ്ങനൊന്നും മോളുടെ അടുത്തേയ്ക്ക് പോകാറില്ലായിരുന്നു, പക്ഷെ അന്നെന്തുകൊണ്ടോ മോളുടെ കാല്‍ ഉറക്കത്തില്‍ ഞെട്ടി അനങ്ങിയപ്പോള്‍ അതിനെപ്പിടിക്കാനെന്നോണം കുഞ്ഞി ആയുന്നതു കണ്ട്, ഞാന്‍ കുതിച്ചോടിച്ചെന്നു അവളെ ഒറ്റയടി. ഭയന്ന അവള്‍ ഇറങ്ങിയോടി. താലോലിച്ച കൈ കൊണ്ടു തന്നെ ആദ്യമായി ആ ശരീരത്തില്‍ ഞാനേല്പ്പിച്ച താഢനം എനിക്കു തന്നെയല്ലേ സത്യത്തില്‍ കൊണ്ടത്..... മനംനൊന്ത് ഞാന്‍ അവളെ ഒരുപാടു തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അന്നു പകല്‍ മുഴുവന്‍ അവള്‍ അദൃശ്യയായിരുന്നു. വൈകീട്ട് പിന്നാമ്പുറത്തു ചെന്നപ്പോള്‍ മുറ്റത്തെ തെങ്ങിന്‍ചുവട്ടിലായി എന്നെ ദയനീയമായി ഉറ്റുനോക്കി, പരിഭവമറിയിച്ചു കൊണ്ട് അവളിരുന്നു വിതുമ്പുന്നു. അതുകണ്ട് സഹിക്കവയ്യാതെ ഞാനവളെ മടിയില്‍ എടുത്ത് വച്ച് വിഷമത്തോടെ പറഞ്ഞു.... "കുഞ്ഞീ, നീയെനിക്ക് ഒരു അധികപ്പറ്റാവുകയാണോ മോളേ, നീയെന്തിനാ അങ്ങനെ ചെയ്യാന്‍ പോയേ, നിന്നെ ഇനി വിശ്വസിയ്ക്കാന്‍ എനിക്ക് കഴിയാതെ വര്വോ...." പറഞ്ഞത് മനസ്സിലായെന്നോണം അവള്‍ സ്വതസിദ്ധമായ കണ്ണിറുക്കലിലൂടെ ഒന്ന് മൂളി.... "മ്യാവൂ"...
രാത്രി പൂരത്തിന് പോവാന്‍ തുടങ്ങുകയായിരുന്ന എന്നെ അടുത്ത വീട്ടിലെ ചേട്ടന്‍ വന്നു വിളിച്ചു, "ഡാ, ഒന്നിങ്ങു വന്നേ, ഒരു കാര്യം പറയട്ടെ..." വിഷയമാരാഞ്ഞ എന്നോടങ്ങേരു പറഞ്ഞു, "നിങ്ങള്‍ടെ പൂച്ചയാന്നു തോന്നുണു അവിടെ റോഡില്‍ ചത്ത് കെടക്ക്‌ണ്ട്, നീയൊന്നു നോക്ക്യേ..." ഒരു നിമിഷം ചങ്ക് തകര്‍ന്ന ഞാന്‍ അവിടെത്തുന്നതു വരെ "അത് അവളായിരിയ്ക്കരുതേ, എന്‍റീശ്വരാ" എന്ന്‍ മനസ്സില്‍ മന്ത്രിച്ചുകൊണ്ടേയിരുന്നു. പക്ഷെ ദൈവം അന്നാ വിളി കേട്ടില്ലായിരുന്നു, ഏതോ വണ്ടി കയറി തല തകര്‍ന്ന്‍ ചോരയൊലിപ്പിച്ച് കെടന്നിരുന്ന എന്‍റെ കുഞ്ഞിയെ ഞാന്‍ വേദനയോടെ തിരിച്ചറിഞ്ഞു. എന്‍റെ ശരീരം തളരുന്നപോലെ തോന്നി എനിക്ക്... ചേട്ടന്‍ പറഞ്ഞു, "ഡാ, നീയിങ്ങനെ നിക്കാണ്ട് അതിനെ ഒരു കുഴിയെടുത്ത് മൂടാന്‍ നോക്ക്യേന്‍..." ഞാനങ്ങേരെ ദയനീയമായൊന്ന് നോക്കി, എന്‍റെ മനസ്സിന്‍റെ വിങ്ങല്‍ അങ്ങേരെവിടെ കാണാന്‍. എന്നെയന്വേഷിച്ചു പുറകെ വന്ന അമ്മ ഒന്നേ നോക്കിയുള്ളൂ, ഹൃദയം തകര്‍ന്ന ഒരു പൊട്ടിക്കരച്ചിലായിരുന്നു പിന്നെ, "എന്‍റെ മോള് പോയല്ലോ ദൈവമേ"- ന്നും പറഞ്ഞ്... അമ്മയെ സമാധാനിപ്പിച്ച് വീട്ടിലാക്കിയ ശേഷം, ഞാനും ആ ചേട്ടനും ചേര്‍ന്ന്‍ അവളെ മറവുചെയ്യുകയായിരുന്നു.
സഹിക്കാവുന്നതിലും അപ്പുറമായിരുന്നു കുഞ്ഞിയുടെ വേര്‍പാട്, ഞങ്ങള്‍ക്കെല്ലാര്‍ക്കും. മറ്റെല്ലാരില്‍ നിന്നും ഒറ്റപ്പെട്ടിട്ടും പിടിച്ചുനിന്ന അവള്‍ക്ക് എന്നിലെ മാറ്റം താങ്ങാനായിട്ടുണ്ടാവില്ല, അതായിരിയ്ക്കും അന്ന് റോഡു മുറിച്ചുകടക്കാന്‍ നേരം ആദ്യമായും അവസാനമായും അവള്‍ക്ക് കണക്കുകൂട്ടല്‍ പിഴച്ചത്. എന്തായാലും ഞങ്ങള്‍ക്കാര്‍ക്കുമൊരു ബാദ്ധ്യതയാവാന്‍ നില്‍ക്കാതെ പരാതികളും പരിഭവങ്ങളും ഇല്ലാത്ത ലോകത്തേയ്ക്ക് അവള്‍ ചേക്കേറി. മറ്റൊരാശ്ചര്യം എന്താച്ചാല്‍, അവളുടെ കൂടപ്പിറപ്പുകള്‍ മൂന്നുപേരും ഇതിനോടടുത്തടുത്ത ദിവസങ്ങളില്‍ അവളെ അനുഗമിച്ചു എന്നതാണ്. രണ്ടുപേര്‍ അവളെപ്പോലെത്തന്നെ വണ്ടി തട്ടിയും മറ്റൊന്ന്‍ വേറെ ഏതോ രീതിയിലും.
എന്തോ ഒരു നിയോഗം പോലെ ആയിരുന്നു ഞങ്ങള്‍ടെ ജീവിതത്തിലേക്കുള്ള കുഞ്ഞിയുടെ വരവും, അകാലത്തിലുള്ള ആ തിരിച്ചുപോക്കും..... വര്‍ഷങ്ങള്‍ക്കിപ്പുറം അവളുടെ കാര്യം പറഞ്ഞാല്‍ ഇപ്പോഴും അമ്മ വിതുമ്പുന്നതു കാണാം. എന്നെപ്പോലെ എടുത്തുവച്ചു പുന്നാരിച്ചിരുന്നില്ലെങ്കിലും, അമ്മയ്ക്കവള്‍ ആരായിരുന്നു എന്ന്‍ മനസ്സിലാക്കാന്‍ അത് ധാരാളം മതിയാകും.
(കൃഷ്ണകുമാര്‍ ചെറാട്ട്)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക