Slider

ഓൺലൈൻ അച്ഛന്മാരുടെ ഓഫ്‌ലൈൻ വിചാരങ്ങൾ :(

0

ഓൺലൈൻ അച്ഛന്മാരുടെ ഓഫ്‌ലൈൻ വിചാരങ്ങൾ :(
ഹലോ, മോൾ പത്ര പ്രവർത്തകയാണല്ലേ, ശരിക്കുള്ള പേരെന്താ?
പ്രൊഫൈൽ പേര് തന്നെയാണ് എന്റെ പേര്, ഞാൻ ആതിര, പിന്നെ ചോദിച്ച പോലെ ഒരു ചാനലിന് വേണ്ടി (ഫ്രീലാൻസ്) ജോലി ചെയ്യുന്നു
ആഹാ മോളൂനെ കാണാൻ എന്റെ മോളിനെപ്പോലെയുണ്ട്.
ആഹാ സന്തോഷം, ചേട്ടന്റെ കുടുംബം.
എനിക്ക് രണ്ടു മക്കളാ, ഒരാൾ 22 വയസ്സും മറ്റെയാൾ 19 വയസ്സും.
അങ്ങനെ കുറച്ച് കുടുംബ കാര്യങ്ങളും മറ്റും പറഞ്ഞന്നത്തെ സംസാരം അവസാനിപ്പിച്ചു.
ഫേസ് ബുക്കിലാണ് അവൾ അയ്യാളെ പരിചയപ്പെടുന്നത്
അച്ഛനില്ലാത്ത അവൾ അച്ഛന്റെ വാത്സല്യത്തിന് കൊതിച്ചിരുന്നു. അവളുടെ കുഞ്ഞു നാളിൽ അച്ഛൻ മരിച്ചു പോയിരുന്നു.
പിന്നീടുള്ള ഓരോ സംസാരത്തിലും അവൾ അയാളിൽ തന്റെ അച്ഛനെ കാണുകയായിരുന്നു. മോളെയെന്നുള്ള വിളിയിൽ അവൾ സ്വയം ഒരു കൊച്ചു കുഞ്ഞായി മാറുകയായിരുന്നു.
പിന്നീട്, ഇടക്കിടക്കുള്ള ഫോൺ വിളികളായി, ചേട്ടാ എന്നവൾ വിളിക്കുമായിരുന്നെങ്കിലും ,മനസ്സിൽ അച്ഛനെന്നായിരുന്നവൾ മന്ത്രിച്ചിരുന്നത്.
ജന്മം നൽകിയില്ലെങ്കിലും വാക്കുകളിലൂടെയെങ്കിലും ഒരച്ഛനായി ഒരാളെ കിട്ടിയതിയതിൽ അവൾ ഒത്തിരി സന്തോഷിച്ചു.
വീട്ടിലെ വിശേഷങ്ങളും, യാത്രകളും അങ്ങനെ ഒരച്ഛനോട് ഒരു മകൾ സംസാരിക്കുന്നതൊക്കെ അവൾ അയാളോട് പങ്കു വെക്കാൻ തുടങ്ങി.
ഈ പെൺകുട്ടി അവിവാഹിതയും ജീവിതത്തിൽ ചില പ്രശ്‍നങ്ങളിലൂടെ കടന്നു പോയ കുട്ടിയുമാണ്.
അപ്രതീക്ഷമായ അച്ഛന്റെ മരണവും ചില പ്രിയപ്പെട്ടവരുടെ മരണവും വളരെ തളർത്തിയ ഇവൾക്ക് ഡിപ്രഷന് മരുന്ന് കഴിക്കേണ്ടതായി വന്നു.
ചില സാഹചര്യങ്ങളാൽ ബന്ധുക്കൾ പോലും ഒറ്റപെടുത്തിയ ആതിര മാരക വിഷാദ ചിന്തയിലിരിക്കുമ്പോൾ, മനസ്സിനെ നിയന്ത്രിക്കാൻ പറ്റാതെ വരുമ്പോൾ, ഇങ്ങനെയുള്ളവരുമായി സംസാരിക്കുന്നതായിരുന്നു അച്ഛന്റെ വേർപാടിന്റെ ഓർമ്മകിൽ നിന്നുള്ള ചെറിയ ഒരാശ്വാസമെന്ന് പറയാവുന്നത് .
ഇത് അല്പമെങ്കിലും മനസ്സിലാക്കിയിട്ടാവണം അയ്യാൾ ഇടക്കിടക്ക് ഇവളെ വിളിച്ച് കൊണ്ടിരുന്നത്.
ഒരച്ഛനെ പോലെ സംസാരിക്കുന്ന അയാളിൽ ഇടക്കിടക്ക് തന്റെ മരിച്ചു പോയ അച്ഛനെ അവൾ കണ്ടു തുടങ്ങിയിരുന്നു.
അങ്ങനെ വൈകാരികപരമായി അവൾ അവൾക്കൊരു അച്ഛനുണ്ടെന്ന് വിശ്വസിക്കാൻ തുടങ്ങുമ്പോഴാണ് അയാളിലെ സംസാരത്തിലൊരു മാറ്റം അവൾ ശ്രദ്ധിച്ചത്.
യേയ്, അങ്ങനെയൊന്നും ഉണ്ടാവില്ല തന്റെ തോന്നലാവും, അവൾ സ്വയം ആശ്വസിച്ചു.
പിന്നീടാ സംശയം കൂടി വന്നു . അയ്യാളുടെ വാക്കുകളിൽ പ്രണയ വാക്കുകൾ കൂടി കൂടി വരുന്നു.
അതെ അവളെ ഞെട്ടിച്ച് കൊണ്ട് അയ്യാൾ പറഞ്ഞു, എനിക്ക് മോളെ....എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ്, ഞാൻ നിന്നെ പ്രണയിക്കുന്നു, നിന്റെ സ്നേഹം എനിക്ക് വേണം.
അവൾ ഞെട്ടിത്തരിച്ചിരുന്നു പോയി. ഇത്ര നാളും ഒരു മോളും അച്ഛനും പോലെ സംസാരിച്ച വ്യക്തിയാണോ ഇയ്യാൾ, അവൾക്ക് വിശ്വസിക്കാനായില്ല. അതെ അയ്യാൾ വ്യക്തമാക്കി, അയാൾക്ക് പ്രണയമാണു പോലും.
കൂടുതലവൾ ചിന്തിച്ചില്ല ഫേസ് ബുക്കിലും വാട്ട്സാപ്പിലും അവൾ അയ്യാളെ ബ്ലോക്കി. അച്ഛന് മകളോട് പ്രണയമാണെന്ന്. അല്ല അച്ഛനെ പോലെ കണ്ട അയാൾക്ക് റൊമാൻസ് വേണം പോലും.
ഈ സംഭവത്തിലൂടെ അവൾ കൂടുതൽ വിഷാദവതിയായി. ആരെയും വിശ്വസിക്കാൻ ഇഷ്ടമില്ലാത്ത പോലെ.
അങ്ങനെയിരിക്കുമ്പോഴാണ് ഈ കുട്ടിയെ ഞാൻ ഒരു കല്യാണ വിരുന്നിന് പോയപ്പോൾ അവിചാരിതമായി പരിചയപ്പെടുന്നത്. പിന്നീട് സുഹൃത്തുക്കളാവുകയായിരുന്നു. കൂടുതൽ അറിഞ്ഞപ്പോഴാണ് അവളിക്കാര്യങ്ങളെന്നോട് പറഞ്ഞത്.
ഞാൻ അവളോട്‌ പറഞ്ഞത് ഇവിടെ ചേർക്കുന്നു , ശരിയാണോ തെറ്റാണോ എന്നറിയില്ല
കൂട്ടുകാരി, നിന്റെ അച്ഛൻ മരിച്ചു, അതൊരു സത്യമാണ്. മനസ്സിലാക്കുക, നിന്റെ അച്ഛനാകാൻ വേറൊരാള്ക്കും കഴിയില്ല. വാക്കുകളിൽ അച്ഛനെന്ന് പറഞ്ഞാലും ഒരിക്കലും നിന്റെ അച്ഛനാകാൻ ഒരാൾക്ക് സാധിക്കുമോന്ന് സംശയമാണ്. നിനക്കു അച്ഛനില്ലെങ്കിൽ അച്ഛനില്ലാത്ത പോലെ കഴിയുക.
അതുപോലെ അമ്മയില്ലാത്തവരും, സഹോദരങ്ങളില്ലാത്തവരും, ബന്ധുക്കളിലാത്തവരും പരമാവധി ഇല്ലാത്തവരെ പോലെ കഴിയുക. സത്യം അംഗീകരിക്കുക. മറ്റുള്ളവരിൽ നിങ്ങളുടെ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും ബന്ധുക്കളെയും കണ്ടു ചെന്നാൽ ഒരു പക്ഷെ ഇത് പോലെയാവും അനുഭവങ്ങൾ"
ഇതൊക്കെയാണെങ്കിലും ചിലരൊക്കെ ജീവൻ മറന്നും ചിലരെ സ്നേഹിക്കുന്നത് കാണുമ്പോൾ രക്തബന്ധങ്ങളിലുള്ളവർ പോലും ലജ്ജിച്ച് പോകും. അങ്ങനെയുള്ളവർ ഭാഗ്യവാന്മാരും ഭാഗ്യവതിമാരുമാണ്.
അച്ഛനമ്മമാരില്ലാത്തവരുടെ ദുഃഖത്തിൽ പങ്കു ചേരാനല്ലാതെ നമ്മൾക്കെന്ത് ചെയ്യാൻ പറ്റും.
ഇന്നവൾ ഒത്തിരി സന്തോഷവതിയായി കാണുന്നു. അതിന് എനിക്ക് ചെറിയൊരു കാരണമാവാൻ കഴിഞ്ഞതിൽ സന്തോഷവുമുണ്ട്. അവളിനി സുമംഗലിയായി കാണണമെന്ന ഒരാശകൂടി എനിക്കുണ്ട്.
നല്ല ബന്ധങ്ങൾ എന്നും വിശുദ്ധമാണ്. സ്നേഹവും ബഹുമാനവും കോർത്തിണക്കിയ വ്യക്തിബബന്ധങ്ങൾ എന്നും ശ്രേഷ്ഠമാണ് . രക്ത ബന്ധം വേണമെന്നില്ല സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും.
........................
ജിജോ പുത്തൻപുരയിൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo