നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വ്യത്യസ്ത മുഖങ്ങൾ


ചെറുകഥ
വ്യത്യസ്ത മുഖങ്ങൾ
=============
" നമുക്ക് നമ്മുടെ അച്ഛന്മാരുടെ സ്നേഹത്തെ കുറിച്ച് സംസാരിച്ചാലോ " ദർശനയാണത് ചോദിച്ചത്...
ഹോസ്റ്റൽ മുറിയിലെ വിരസമായ ഒരവധി ദിനത്തിന്റെ വൈകുന്നേരം ആയതിനാലാവാം ജാൻസിയും ആബിദയും തല കുലുക്കി.
രഞ്ജിത മാത്രം കട്ടിലിൽ കിടന്നുകൊണ്ട് ദർശനയെ ഒന്ന് തുറിച്ചു നോക്കി.
അവർ നാലു പേർ ദർശന, ജാൻസി , ആബിദ, രഞ്ജിത. നഗരത്തിലെ പ്രശസ്തമായ എൻജിനീയറിങ് കോളേജിലെ ആദ്യ വർഷക്കാർ... ഹോസ്റ്റലിൽ ഒരു റൂമിലാണ് താമസം....
വീടും നാടും ഉപേക്ഷിച്ചിട്ടുള്ള ആദ്യത്തെ പ്രവാസം ആണല്ലോ ഹോസ്റ്റൽ ജീവിതം... അതിന്റെ അങ്കലാപ്പ് മാറി വരുന്നതെ ഉള്ളൂ... എല്ലാവരും പരിചയപ്പെട്ടു വരുന്നതെ ഉള്ളൂ...
ഒരു ദിവസം പോലും ബോറടിയുടേത് ആകാൻ പാടില്ല എന്നതാണ് അവരുടെ നിയമാവലിയിലെ ആദ്യ വാചകം...
അതുകൊണ്ടു തന്നെ ദർശനയുടെ ഈ ചോദ്യം പുതുമ നിറഞ്ഞത് ആയത് കൊണ്ട് എല്ലാവരും സമ്മതിച്ചു..
" ആദ്യം നീ പറയ് "
ദർശന അവിടെ കിടന്ന ഒരു ആഴ്ച്ചപതിപ്പ് ചുരുട്ടി മൈക്ക് പോലെയാക്കി ജാൻസിയുടെ നേരെ നീട്ടി...
" അപ്പൻ........" അത് പറഞ്ഞു കഴിഞ്ഞു ജാൻസി ഒരു നിമിഷം ചിന്തിച്ചു.... " ആ എന്റെ അപ്പൻ നല്ലതാണ്... നല്ലവനാണ്... നല്ല കാശുണ്ട്... എന്നാ ആവശ്യം പറഞ്ഞാലും ആ നിമിഷമങ്ങ് സാധിച്ചു തരും.... പിന്നെ സ്നേഹമൊണ്ടോ എന്ന് ചോദിച്ചാ... ആ ... എനിക്കറിയാൻ മേലാ... കാണുമായിരിക്കും.... ഇല്ലേ.. ചോദിക്കണതൊക്കെ സാധിച്ചു തരുവോ...?? പിന്നെ എന്നാ പറയാനാ .... പുള്ളിക്ക് എപ്പഴും തിരക്കാന്നെ.... എസ്റ്റേറ്റും ബിസിനെസ്സും... എങ്ങാനും വീട്ടിലൊണ്ടേ.... കള്ളു കുടിയും ബഹളവും.... ഇന്നേ വരെ അപ്പൻ എന്നെ കൊഞ്ചിച്ചതായൊന്നും എനിക്കോർമ്മയില്ല... ചീത്ത പറഞ്ഞിട്ടോ തല്ലിയിട്ടോ ഇല്ല.... എന്നാ എല്ലാ കാര്യങ്ങളും ഒട്ട് കറക്റ്റ് ആണ് താനും... അതിലിപ്പോ സ്നേഹം ഒണ്ടോ ഇല്ലേ എന്നൊന്നും ചോദിച്ചാ ...ആ... എനിക്കറിയാൻ മേല... " ജാൻസി പറഞ്ഞു നിറുത്തി
ആ കൃത്രിമ മൈക്ക് ആബിദയുടെ നേരെ നീണ്ടു...
" ഞമ്മടെ വാപ്പ ഗൾഫിലാണ്.... അതൊണ്ടന്നെ ബിരുന്നുകാരനെ പോലേ ഞമ്മക്ക് വാപ്പാനെ കാണാൻ കിട്ടൂ... ഫോണീക്കൂടെ ആണ് ഞമ്മക്ക് വാപ്പാനെ കൂടുതൽ പരിചയം.... എല്ലാസോം കൃത്യയിട്ട് ബിളിക്കും.... വാപ്പാന്റെ മുത്തെ ന്നേ ബിളിക്കൂ.... ആ ബിളി കേട്ടാ ഞമ്മന്റെ ഖൽബ് നെറയും.... പിന്നെ ബിശേഷങ്ങൾ ചോയ്ച്ചും പറഞ്ഞും അവസാനം ബെക്കുമ്പോ ഞമ്മന്റെ കണ്ണ് നെറയും.... ഞമ്മടെ വാപ്പാക്ക് ഞമ്മളെ പെരുത്തിഷ്ടാണ്.... ഞമ്മക്കും അങ്ങിനെ തന്നെ.... പിന്നെ പടച്ചോൻ ആ ഇഷ്ടം നേരിട്ടനുഭവിക്കാൻ ഞമ്മക്ക് കൊറച്ചീസേ തരൂള്ളൂ ന്ന് മാത്രം.... ഇനി ഞമ്മന്റെ നിക്കാഹിനെ വാപ്പ നിർത്തി പോരൂ... അപ്പളേക്ക് ഞമ്മ പുതിയ കുടീൽ ആയിട്ട്ണ്ടാകും.... അപ്പ ഞമ്മളാകും ബിരുന്നുകരീ.... കെട്ട്യോന്റെ പൊരേന്ന് ലീവ് കിട്ടീട്ട് ബെണ്ടേ ഞമ്മക്ക് ബരാൻ...
അപ്പളും ഞമ്മക്ക് വാപ്പാന്റെ സ്നേഹം എന്നും അനുഭവിക്കാൻ യോഗണ്ടാവില്ല.... "
ആബിദ പറഞ്ഞു നിർത്തിയത്തിനൊപ്പം കണ്ണും നിറഞ്ഞു....
കുറച്ചു നേരം മുറി ഒന്ന് നിശബ്ദമായി.... സമചിത്തത വീണ്ടെടുത്ത ദർശന മൈക്ക് മടിച്ചു മടിച്ചു രഞ്ജിതയുടെ നേരെ നീട്ടി....
" എന്ത് അച്ഛൻ.... കുടിച്ചു കൂത്താടി നാലു കാലിൽ കയറി വരുന്ന അങ്ങേരെ ആണോ ഞാൻ അച്ഛൻ എന്ന് വിളിക്കേണ്ടത് ..."
സ്വതേ തന്റേടി ആയ രഞ്ജിതയുടെ സംസാരം ഒന്ന് കൂടി കനത്തു..... കട്ടിലിൽ എഴുന്നേറ്റിരുന്നു കൊണ്ട് രഞ്ജിത തുടർന്നു....
" എനിക്കാകെ തോന്നിയിട്ടുള്ളത് അമ്മയുടെ പുറത്തു കയറാൻ വേണ്ടി മാത്രമാണ് അയാൾ വീട്ടിൽ വരുന്നത് എന്നാണ്.... അതിന് പറ്റാത്ത ദിവസങ്ങളിൽ അമ്മയെ കുനിച്ചു നിറുത്തി ഇടിക്കുന്നതും കാണാം.... പല വട്ടം എന്റെ കൈ വെട്ടുകത്തി പിടി തേടി പോയിട്ടുള്ളതാ പിന്നെ ഇളയതുങ്ങളെ ഓർത്തു ഞാൻ അടങ്ങി.... അയാളെ എന്റെ തന്തയായിട്ട് ഞാൻ കണക്കു കൂടിയിട്ടില്ല.... കഴപ്പ് തീർക്കാൻ കയറി വരുന്ന ഒരു മനുഷ്യൻ .. അത്രയേ ഉള്ളൂ..... അമ്മ കൂലി പണി എടുത്തോണ്ട് വരുന്ന കാശിൽ നിന്ന് കൂടി പിടിച്ചു പറിച്ചു വാങ്ങി കൊണ്ട് പോയി കള്ളു കുടിക്കുന്ന ചെകുത്താൻ.... കെട്ടിയോനെ ദൈവമായി കരുതുന്ന അമ്മക്ക് പറ്റിയ തെറ്റ് എന്താണെന്ന് വെച്ചാൽ ആദ്യമായി തല്ലിയപ്പോ പ്രതികരിക്കാതെ മൂലക്ക് മിണ്ടാതിരുന്നു കരഞ്ഞു അത്ര തന്നെ... നിങ്ങൾക്കറിയോ വേശ്യേ എന്നല്ലാതെ അങ്ങൊരു എന്റെ അമ്മയെ പേരെടുത്ത് ഇന്ന് വരെ വിളിച്ചിട്ടില്ല.... വേശ്യയുടെ മക്കളെ എന്നല്ലാതെ ഞങ്ങളെയും.... പാവം എന്റമ്മ.... സ്വന്തം കെട്ടിയോൻ അല്ലാതെ വേറൊരു പുരുഷന്റെ മുഖത്ത് പോലും നോക്കാത്തവൾ ....എന്നിട്ടും.... അങ്ങിനെ നോക്കുന്നവൾ ആയിരുന്നെങ്കിൽ ഈ കാലമാടനെ സഹിച്ചു തുടരുമോ.... എന്റെ അമ്മക്ക് മാത്രമല്ല പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കാൻ മറന്നു പോകുന്ന എല്ലാ പെണ്ണുങ്ങൾക്കും പറ്റുന്നതാണ് ഇത്.... ഇത് പോലൊരു നികൃഷ്ട ജന്മത്തെ അച്ഛൻ എന്ന ലേബലിൽ പെടുത്തി പറയാൻ എനിക്ക് മനസ്സില്ല അത് കൊണ്ട് തന്നെ എനിക്ക് അച്ഛനും ഇല്ല അച്ഛന്റെ സ്നേഹവുമില്ല...... "
ഒരുനിമിഷം നിറുത്തി ശ്വാസമെടുത്ത് രഞ്ജിത പല്ലു ഞെരിച്ചു കൊണ്ട് തുടർന്നു....
" അച്ഛൻ...... എനിക്കെങ്ങാനും ആണ് ഇങ്ങനൊരു കെട്ടിയോനെ കിട്ടുന്നതെങ്കിൽ എന്നെ തല്ലാനായി എന്റെ ദേഹത്ത് കൈ വെക്കുന്ന നിമിഷം ഒറ്റ വെട്ടിന് കൊല്ലും ഞാൻ എന്നിട്ട് വല്ല ജയിലിലും പോയി കിടക്കും...... "
പിന്നെയും എന്തോ പിറു പിറുത്തു കൊണ്ട് രഞ്ജിത തല അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചു കൊണ്ടിരുന്നു.... കലി അടങ്ങാത്ത പോലെ...
മുറി വീണ്ടും നിശബ്ദമായി.. കൂട്ടുകാരികൾ രഞ്ജിതയുടെ അടുത്ത് വന്നിരുന്നു.......
" സരമില്ലെടി പോട്ടെ " ജാൻസി രഞ്ജിതയുടെ തോളിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു....
" ഇയ്യ് ബേജാറാവണ്ട രഞ്ജോ.... അനക്ക് ഇമ്മാതിരി പുയ്യാപ്ല വന്നാൽ ഞമ്മളും വരും അന്റെ കൂടെ ഓനെ പഞ്ഞിക്കിടാൻ..."
ആബിദ തെല്ല് ഗൗരവത്തോട് കൂടി തന്നെ പറഞ്ഞു.....
" അപ്പോളേക്കും നീ ഉറപ്പിച്ചോ അവൾക്ക് അങ്ങിനത്തെ ചെക്കനാണെന്ന്..... എന്തിനാ ആബിദേ കഷ്ടംണ്ടു ട്ടോ..... പാവല്ലേ അവൾ..."
ദർശന പെട്ടെന്ന് പറഞ്ഞു.....
ജാൻസിക്ക് ചിരി വന്നു പോയി....
ആബിദ ദർശനയെ തല്ലാൻ കയ്യോങ്ങി.... " ബെടക്കെ കിട്ടും അനക്ക്...... ങ്ങ്ഹാ..."
രഞ്ജിതക്കും ചെറുതായി ചിരി വന്നു......
അല്ലെങ്കിലും ഹോസ്റ്റൽ മുറികളിൽ വിഷമം അധികം നേരം തങ്ങി നിൽക്കില്ലല്ലോ.... അതിങ്ങനെ വന്നും പോയും ഇരിക്കും...... സ്ഥിരമായ ഒരിരിപ്പിടം കിട്ടാതെ......
" ആ ഇനി താൻ പറയടോ...... താനല്ലേ തുടങ്ങി വെച്ചത് ....."
ജാൻസി ദർശനയെ നോക്കി പറഞ്ഞു.....
ദർശന രഞ്ജിതയെ ഒന്ന് പാളി നോക്കി..... രഞ്ജിത ദർശനയെ തന്നെ നോക്കിയിരിക്കുകയാണ്....
ദർശന ഒന്ന് മുരടനക്കിയിട്ടു പറയാൻ തുടങ്ങി....
" എന്റെയച്ഛൻ ഒരു മഹാ സംഭവമാണ് മക്കളെ..... ഇന്ന് വരെ എന്നെ കരയിച്ചിട്ടില്ല..... അമ്മ പറഞ്ഞു കേട്ട അറിവാണ് ചെറുപ്പത്തിൽ ഞാൻ അച്ഛന്റെ നെഞ്ചിൽ കിടന്നെ ഉറങ്ങാറുള്ളൂ അത്രേ..... അച്ഛനോട് അമ്മ എന്നും പരാതി ആണത്രേ നിങ്ങൾക്ക് എന്നോട് സ്നേഹമില്ല മോളോടാ സ്നേഹം മുഴുവൻ എന്ന്... അപ്പൊ അച്ഛൻ എന്റെ നെറ്റിയിൽ ഉമ്മ തന്നിട്ട് പറയും ത്രേ.....ഇവളെന്റെ ചക്കരകുട്ടനാ ഞാൻ മരിക്കുന്നത് വരെ ഇവളുടെ മടിയിൽ തല വെച്ചിട്ടാകും എന്ന്...... അച്ഛൻ എന്നെ സ്നേഹിച്ച പോലെ ഈ ലോകത്ത് ഒരച്ഛനും ഒരു മോളെയും സ്നേഹിച്ചിട്ടുണ്ടാകില്ല...... അച്ഛന്റെ നെഞ്ചിൽ ചവിട്ടിച്ചു കാലുറപ്പിച്ചു അച്ഛന്റെ വിരലിൽ തൂങ്ങി പിച്ച വെക്കാൻ പഠിച്ച നാൾ മുതൽ പണിക്ക് പോകുന്നത് ഒഴികെ എവിടെ പോയാലും കൂടെ കൊണ്ട് പോകുമായിരുന്നു...... ദാശൂന്നേ വിളിക്കൂ.... പണിക്ക് പോയി വന്നാൽ എന്തെങ്കിലും പലഹാരം ഉണ്ടാകും എനിക്ക് വേണ്ടി....... "
ഒന്ന് നിറുത്തി ദീർഘശ്വാസം വിട്ട് ദർശന എല്ലാവരെയും ഒന്ന് നോക്കി...... എല്ലാവരും അതിൽ ലയിച്ചിരിക്കുകയാണ്....... ദർശന തുടർന്നു......
" ഇനിയൊരു കുട്ടി ഉണ്ടായാൽ എന്നോടുള്ള സ്നേഹം കുറഞ്ഞു പോകും എന്ന് അച്ഛൻ പറഞ്ഞെന്നു അമ്മ ഇപ്പോഴും പറയും..... അച്ഛൻ എന്നതിലുപരി എനിക്കൊരു സുഹൃത്ത് കൂടിയായിരുന്നു എന്റെ അച്ഛൻ..... കളിക്കൂട്ടുകാരൻ.... ചെറുപ്പത്തിലേ എന്തെങ്കിലും സംശയം തോന്നിയാൽ അമ്മയോട് ചോദിച്ചാൽ അമ്മ പറയും നിന്റച്ഛനോട് പോയി ചോദിക്ക് എന്ന് അമ്മക്കൊന്നും അറിയില്ല എന്ന് പറഞ്ഞു അച്ഛാ അതെന്താ ഇതെന്താ എന്നൊക്കെ ചോദിച്ചു ചെല്ലുമ്പോ അച്ഛൻ എടുത്തു മടിയിലിരുത്തി എന്ത് വിശദമായിട്ടാ ഓരോന്ന് വിവരിച്ചു തരിക.... ഈ ഭൂമിയിലെ എന്തിനെ പറ്റി ചോദിച്ചാലും എന്റെയച്ഛന് ഉത്തരം ഉണ്ടാകും....... പണിയില്ലാത്തപ്പോ സ്കൂളിൽ കൊണ്ട് വിടുന്നതും കൊണ്ട് വരുന്നതും അച്ഛനാ....... അഞ്ചാം ക്ലാസ് വരെ അച്ഛന്റെ തോളിൽ ഇരുന്നാണ് ഞാൻ പൊയ്കൊണ്ടിരുന്നത്... വരുന്ന വഴി വിശേഷങ്ങൾ ഒക്കെ പറഞ്ഞു പൊട്ടി ചിരിച്ചു......
ഹോ എന്ത് രസമായിരുന്നു....... സ്കൂളില്ലാത്ത ദിവസങ്ങളിൽ കറങ്ങാൻ പോകും ബീച്ച് പാർക്ക് സിനിമ ഐസ്ക്രീം ചോക്ലേറ്റ് ബിരിയാണി എന്ന് വേണ്ട എല്ലാം ....... അടിച്ചു പൊളി......... അങ്ങിനെയിരിക്കുമ്പോ.........."
ദർശന വീണ്ടും ഒന്ന് നിറുത്തി.......... രഞ്ജിത തലയും കുനിച്ചു ഇരിക്കുകയാണ്.........
" എന്നിട്ട് " .. ജാൻസിയും ആബിദയും ഒന്നിച്ചാണ് ചോദിച്ചത്.....
" ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ........" ദർശന തുടർന്നു....... " ഒരു ദിവസം വൈകിട്ട് അച്ഛൻ പണി കഴിഞ്ഞു വന്നപ്പോൾ തന്നെ ദാശൂ എന്ന് നീട്ടിയൊരു വിളി...... പലഹാര പൊതി തരാനാകും എന്ന് വിചാരിച്ചു ഞാനിറങ്ങി ചെന്നപ്പോൾ അച്ഛൻ ഉമ്മറത്ത് ഇരിക്കുന്നു ആകെ വിയർത്തിട്ടുണ്ട് എന്താ അച്ഛന് എന്ന് ചോദിച്ചപ്പോൾ ഒന്നുമില്ല മോളെ ഭയങ്കര ക്ഷീണം അച്ഛൻ മോളുടെ മടിയിൽ ഒന്ന് കിടക്കട്ടെ മോളിവിടെ ഇരിക്ക് എന്ന് പറഞ്ഞു..... ഞാൻ വേഗം കാൽ നീട്ടി വെച്ച് അവിടെ ഇരുന്നു അച്ഛൻ കിടന്നു അപ്പോഴേക്കും അമ്മ വന്നു എന്താ മനുഷ്യാ പറ്റിയെ എന്നും ചോദിച്ചു കൊണ്ട്...... ഒന്നുമില്ലെടി ഞാൻ എന്റെ മോളുടെ മടിയിൽ ഒന്ന് കിടന്നോട്ടെ നീ അകത്തേക്കു പോയെ എന്ന് പറഞ്ഞു....... ഓ ഒരച്ഛനും മോളും ലോകത്തൊരിടത്തും ഇല്ലാത്ത പോലെ എന്ന് പറഞ്ഞു ചവിട്ടികുലുക്കി അമ്മ അകത്തേക്ക് നടന്നു പോയി അമ്മക്കു കുശുമ്പാ അച്ഛാന്ന് ഞാൻ പറഞ്ഞപ്പോ ഉം എന്ന് ചിരിച്ചു കൊണ്ട് അച്ഛൻ മൂളി....... പിന്നെ ഞാൻ ചോദിച്ച ചോദ്യങ്ങൾക്ക് ഒക്കെ മൂളൽ മാത്രമായിരുന്നു മറുപടി ഒടുവിൽ ചോദിച്ചു ദാശൂ അച്ഛന് ഉറക്കം വരണൂഡി അച്ഛൻ ഉറങ്ങിക്കോട്ടെന്ന്...... ഞാൻ ആ ന്ന് പറഞ്ഞു..... കുറെ നേരം കഴിഞ്ഞു കാല് വേദനയെടുക്കാൻ തുടങ്ങിയപ്പോൾ ആണ് ഞാൻ അച്ഛനോട് പറഞ്ഞത് അച്ഛാ മതി എണീറ്റെ മോൾക്ക് കാല് വേദനയെടുക്കുന്നൂന്ന്..... അച്ഛൻ നല്ല ഉറക്കം ദേ ഞാൻ താഴെ കിടത്തിയിട്ട് എഴുന്നേറ്റ് പോകും ട്ടോ പറഞ്ഞത് ഇച്ചിരെ ഉറക്കെ ആയി പോയി അകത്തു നിന്ന് അമ്മ ഇറങ്ങി വന്നു മതി മനുഷ്യാ എഴുന്നേറ്റ് കുളിച്ചു വല്ലതും കഴിക്കാൻ നോക്കിക്കേ.....അമ്മ പറഞ്ഞിട്ടും എഴുന്നേൽക്കാതെ വന്നപ്പോൾ അമ്മ വന്നു കുലുക്കി വിളിച്ചു പെട്ടെന്ന് അയ്യോ എന്നെ ഇട്ടേച്ചു പോയോ അയ്യോ അയ്യോ എന്ന് അമ്മ നിലവിളിച്ചു കൊണ്ട് ഒരു വശത്തേക്ക് വീണു എനിക്ക് പിന്നെയും കുറച്ചു സമയം വേണ്ടി വന്നു ദാശൂന്റെ പൊന്നച്ഛൻ ആഗ്രഹം പോലെ ദാശൂന്റെ മടിയിൽ തല വെച്ച് കിടന്നു മരിച്ചു എന്ന് മനസ്സിലാക്കാൻ..........."
ദർശന പറഞ്ഞു നിറുത്തി...... ആർക്കും മുഖം കൊടുക്കാതെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയിരുന്നു ......... ഇനിയുമെന്തോ പറയാൻ ബാക്കിയുള്ള പോലെ ....... അല്ല ആ രംഗങ്ങൾ കൺമുമ്പിൽ കാണുന്ന പോലെ......
ജാൻസിയും ആബിദയും അമ്പരന്ന് ഇരിക്കുകയാണ് എന്ത് പറയണം എന്നറിയാതെ....
രഞ്ജിത മാത്രം തല കുമ്പിട്ടിരിക്കുന്നു...... അല്ലെങ്കിൽ തന്നെ ദർശനയുടെ കളിക്കൂട്ടുകാരിയായ രഞ്ജിതക്ക് എന്താണ് അറിയാത്തത്.....
ദർശനക്കും രഞ്ജിതക്കും മാത്രം അറിയുന്ന ആ രഹസ്യം രഞ്ജിതയുടെ മനസ്സിൽ ഒന്നുയർന്നു വന്നു.........
ദർശന അച്ഛനില്ലാതെ പിഴച്ചു പെറ്റവൾ ആണെന്നും......
അച്ഛനാരെന്ന് ഇന്നും ദർശനക്ക് അറിയില്ലെന്നും....
ഇതൊക്കെ അവളുടെ മോഹങ്ങളും സങ്കല്പങ്ങളും മാത്രമാണെന്നും ഉള്ള ആ രഹസ്യം..........
ഉയർന്നു വന്ന പോലെ തന്നെ അത് വീണ്ടും അവളുടെ മനസ്സിലെ കാണാക്കയങ്ങളിലേക്ക് താഴ്ന്നു പോയി.........
നിശബ്ദമായ ആ ഹോസ്റ്റൽ മുറിയിലെ വിഷാദം മാത്രം പറന്നു പോകാൻ തയ്യാറായി വീണ്ടും ആ മുറിക്കുള്ളിൽ വട്ടം കറങ്ങിക്കൊണ്ടിരുന്നു..............
ജയ്‌സൺ ജോർജ്ജ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot