Slider

മൗനം പോലും മധുരം.. (നർമ്മ കഥ )

0

മൗനം പോലും മധുരം.. (നർമ്മ കഥ )
കൂട്ടുകാരിയുടെ കല്യാണത്തിന് പുതിയ സാരി വാങ്ങണം എന്ന് പറഞ്ഞുകൊണ്ടാണ് മീനു എന്ന് ഞാൻ സ്നേഹപൂർവം വിളിക്കുന്ന മീനാക്ഷി എന്ന എന്റെ ഭാര്യ മിനിയാന്ന് എന്നെ പ്രമുഖ തുണിക്കടയിൽ കയറ്റിയത് .എനിക്കാണേൽ ഈ ഷോപ്പിംഗ് മഹാ ബോർ . മീനു ഒരു മുപ്പതു സാരിയെങ്കിലും എടുത്തു ഇടീപ്പിച്ചു കാണും. പോരാത്തതിന് പത്തു സാരി അവള് ഉടുക്കുകയും ഇരുപതു സാരി അവിടത്തെ സെയിൽസ് ഗേൾസിനെ കൊണ്ട് ഉടുപ്പിക്കുകയും ചെയ്തു.
ജോലി കഴിഞ്ഞു നേരെ തുണിക്കടയിൽ കയറിയതാണ്.. കയറുമ്പോൾ സമയം വൈകുന്നേരം 6 .ഇറങ്ങുമ്പോൾ രാത്രി ഒൻപതു മുപ്പതു. സാരി വാങ്ങിയിരുന്നേൽ കൊള്ളാമായിരുന്നു . ഞാൻ ഒരു മനുഷ്യനല്ലേ? ഒന്ന് കണ്ണുരുട്ടി നോക്കി.. രണ്ടു ചീത്തയും പറഞ്ഞു.. സാധാരണ സഹികെടുമ്പോൾ പാവം ഭർത്താക്കന്മാർ ചെയ്യുന്നത് തന്നെ..
പറഞ്ഞത് കടയിൽ വെച്ചായതു കൊണ്ട് മീനുവിന് നന്നായി കൊണ്ടു . മൂന്ന് ദിവസമായി അവൾ മിണ്ടാട്ടം മുട്ടി നടക്കുവാ.. ഒരു കണക്കിന് കുടുംബത്തെ ഇച്ചിരി സമാധാനമുണ്ട്.. എന്നാലും എന്തോ ഒരിത്.. അല്ല അതങ്ങിനെയാണല്ലോ ... ഒരു കുട കീഴിൽ താമസിക്കുന്നവർ എത്ര ദിവസം മിണ്ടാതെ ഇരിക്കും? കല്യാണം കഴിഞ്ഞു രണ്ടു കൊല്ലമേ ആയുള്ളൂ താനും. മിണ്ടാനും പറയാനും പുതിയതായി ആരും ഇതുവരെ വന്നിട്ടുമില്ല..
രാവിലെ ചായ മേശയിൽ വെച്ചിട്ടു ഒരു കുത്തു.. ഗ്ലാസിന്റെ ശബ്ധം കേൾക്കുമ്പോൾ ചായ വന്നു എന്ന് മനസിലാക്കിക്കോണം.
.
ഭക്ഷണം എടുക്കാറാവുമ്പോൾ അടുക്കളയിൽ സകലമാന പത്രങ്ങളും തകിട തകിട.. ഭക്ഷണം വിളമ്പി എന്നർത്ഥം..
എന്തായാലുംഇന്ന് ശനിയാഴ്ച് ..ഇനി ഇതു നീട്ടികൊണ്ടു പോവാൻ പറ്റില്ല.. നാളെ മുഴുവൻ ദിവസവും വീട്ടിലിരിക്കാനുള്ളതാണ് .
ഞാൻ രാവിലെ മീനുവിനെ ഒന്ന് സോപ്പിടാൻ തീരുമാനിച്ചു..
“മീനു ശനിയാഴ്ചയല്ലേ? ഞാൻ രാത്രി ചിക്കൻ ബിരിയാണി കൊണ്ടുവരാം”- കഴിയുന്നത്ര പഞ്ചാര കുഴച്ചു ഓഫീസില പോവാൻ നേരം ഞാൻ പറഞ്ഞു.
ചിക്കൻ ബിരിയാണി അവളുടെ വീക്നെസ് ആണ്. അതിൽ വീഴും..
ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ വരാന്തയിൽ വന്നു അവൾ “പൂമുഖം” പ്രദർശിപ്പിച്ചത് ബിരിയാണിക്ക് മുന്നിൽ വീണതിന്റെ തെളിവ്. കഴിഞ്ഞ രണ്ടു ദിവസമായിട്ടും ഈ ദർശന സുഖം ഈയുള്ളവന് കിട്ടിയിട്ടില്ല..
വൈകുന്നേരം ബിരിയാണിയുമായി വന്നപ്പോൾ പട്ടി അല്ല മീനുട്ടി മണം പിടിച്ചോടി വന്നു, കവർ വാങ്ങി. അല്ലേലും മണം പിടിക്കാൻ മിടുക്കി .ഒരു മാസത്തെ പലവ്യഞ്ജനം കൊണ്ടുവന്നാൽ തിരിഞ്ഞു നോക്കാത്തവളാണ്.
സീരിയൽ ഒന്നുമില്ലാത്തതിനാൽ മീനുവിന് വേഗം വിശന്നു. വിശക്കുമല്ലോ ? എത്ര നേരം ബിരിയാണിയുടെ വാസന കേട്ടിരിക്കും?
“വന്നു ഭക്ഷണം കഴിക്കു ചേട്ടാ”- എന്നൊരു സ്നേഹപ്രകടനം..
ചെന്നപ്പോൾ ആർത്തി മൂത്തു ബിരിയാണി പൊതി വലിച്ചു കീറുകയാണ് മീനു
“ഇതു സോണയിൽ നിന്നുമല്ലേ ?”.. .ചോദ്യം എന്നോടാണ് . മുഖം കടന്നൽ കുത്തിയപോലെ
“അല്ല, അവിടെ ചിക്കൻ തീര്ന്നു”- മീനാക്ഷിക്ക് സോണയിലെ ബിരിയാണി ആണ് ഇഷ്ടം. തിരക്ക് പിടിച്ചു വാങ്ങിയപ്പോൾ ഞാനത് മറന്നു. അത് പറഞ്ഞാൽ ഇനിയും നാല് ദിവസം മിണ്ടില്ല .
ഇത്തരം സന്ദർഭങ്ങളിൽ നുണയാണ് രക്ഷ .വിശ്വസിച്ചോ ആവോ?
“ഇതിൽ മുട്ടയില്ല”- കോഴി മാത്രമല്ല അതിന്റെ മുട്ടയും ഇവളുടെ വീക്നെസ് ആണ്. ഞാൻ ദയനീയമായി അവളെ നോക്കി . കോഴിക്കാലുമായി മല്ലിടുകയാണ്
“ഹോ ഇത് വെന്തിട്ടില്ല”- ഞാൻ മീനാക്ഷിയുടെ പ്ലേറ്റിൽ ഒളിഞ്ഞു നോക്കി. വേകാത്ത ചിക്കൻ കാൽ കടിച്ചു പറിച്ചു വെച്ചിരിക്കുന്നു. ഈശ്വരാ ഇങ്ങനെയും ഒരു ജന്മം!
“ഇനി സോണയിലെ വാങ്ങിയാലേ ഞാൻ കഴിക്കൂ”- ബിരിയാണി വടിച്ചു നക്കി തീർക്കുന്നതിനിടയിൽ മീനുവിന്റെ പരിഭവം!
ഏമ്പക്കം വിട്ടു അവൾ എഴുനേറ്റു.. കൂടെ ഞാനും..
“ഇന്ന് മഴ പെയ്തു. ഏട്ടനറിഞ്ഞോ ?
“ഇല്ല” ഞാൻ സത്യാവസ്ഥ പറഞ്ഞു
“അതെങ്ങിനെ അറിയാൻ? വീട്ടിൽ നിന്നും പോയാൽ ഇവിടത്തെ കാര്യങ്ങൾ അറിയണ്ടല്ലോ. എത്ര ദിവസമായി ഞാൻ പറയുന്നു. വർക്ക് ഏരിയ ശരിയാക്കാൻ. മഴ പെയ്തു മുഴുവൻ നനഞ്ഞു.അവിടം വൃത്തിയാക്കി നടു ഒടിഞ്ഞു. അതൊന്നും നിങ്ങള്ക്ക് മനസിലാവില്ല”
ഞാൻ മിണ്ടാതെയിരുന്നു
“സാരി വാങ്ങാൻ എന്നാണ് പോവുന്നത് ? കല്യാണം അടുത്തു .ഇനി ബ്ലൗസ് തുന്നി കിട്ടാൻ എത്ര നടക്കണം. വല്ലതും നിങ്ങൾക്കറിയണോ?”
മീനാക്ഷി പരിഭവകേട്ടുകൾ അഴിച്ചു, ബിരിയാണി കൈ മണത്തു, എന്റെ അടുത്ത് വന്നിരുന്നു. മൂന്ന് ദിവസമായി മൂന്ന് മൈൽ അകലെ ഇരുന്നവളാണ് . ബിരിയാണി പ്രയോഗമേറ്റു..
“ സോണയിലെ ബിരിയാണി കഴിച്ചാലെന്താ മണം” -ആത്മഗതമാണെങ്കിലും ഞാൻ കേൾക്കാൻ ഉറക്കെയാണ് പറഞ്ഞത്.
ഇനി എന്തെല്ലാം കേൾക്കാനിരിക്കുന്നു!
ഞാൻ കാതുകള് തുറന്നു വെച്ചു .എങ്കിലും മനസ് കഴിഞ്ഞ മൂന്ന് ദിവസത്തെ മൗനത്തിന്റെ മധുരം നുണയുകയായിരുന്നു.
സാനി ജോൺ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo