അച്ഛനെ ആണെനിക്കിഷ്ട്ടം
******************************
******************************
വീട് മുഴുവൻ ബഹളമാണ്... പെയിന്റ് പണിക്കാരും, ഇടയ്ക്കിടെ വന്നു പോകുന്ന നാട്ടുകാരും, പന്തല് പണിയാൻ അളവെടുക്കാൻ വന്നവരുമായി..ഒരാഴ്ച കൂടി കഴിഞ്ഞാൽ ഞാൻ ഈ പടി ഇറങ്ങണം.. എന്റെ കല്യാണമാണ്..
ഈ തിരക്കുകൾക്കിടയിൽ ഓടി നടന്നു ചായ കൊടുക്കുകയാണെന്റെയമ്മ.. ആൾക്കാരുടെ ഇടയിൽ നിന്നും ഇടയ്ക്കിടെ കണ്ണ് കൊണ്ട് എന്നെ തിരയുന്നുണ്ട് അച്ഛൻ..
അച്ഛനും അമ്മയും ഞാനും മാത്രം അടങ്ങുന്ന ഒരു കുഞ്ഞു സ്വർഗമാണ് എന്റേത്.. അച്ഛനെന്ന തണൽവൃക്ഷം എന്റെ എല്ലാ ശാഠ്യങ്ങൾക്കും കൂട്ട് നിൽക്കുന്ന കളികൂട്ടുകാരനായിരുന്നു.. അമ്മ എന്റെ മനസാക്ഷി സൂക്ഷിപ്പുകാരിയും.. ഇല്ലായ്മയും കഷ്ടപ്പാടും ഒന്നും അറിയിക്കാതെ എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തന്നു.. ഒരു കാര്യത്തിനും വാശി പിടിച്ചു കരഞ്ഞതായി ഞാൻ ഓർക്കുന്നതേ ഇല്ല..
കുഞ്ഞായിരുന്നപ്പോൾ രാവിലെ എന്നെ അച്ഛന്റെ ബൈക്കിനു മുന്നിൽ ഇരുത്തി നാട് മുഴുവനും കൊണ്ട് നടക്കുമെന്നും , 'അമ്മ ഒന്ന് എടുക്കാൻ നോക്കിയാൽ കുഞ്ഞിനെ കിട്ടില്ലെന്നും 'അമ്മ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്..
ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ സൈക്കിൾ വേണമെന്ന് അച്ഛനോട് പറഞ്ഞു.. തൊട്ട് അടുത്ത ദിവസമെന്റെ മുന്നിൽ സൈക്കിൾ എത്തിച്ചതാണെന്റെയച്ഛൻ.. അതേ സൈക്കിളിൽ നിന്ന് വീണു മുട്ട് പൊട്ടി ചോര വന്നപ്പോൾ എന്റെയൊപ്പം , അല്ലെങ്കിൽ എന്നെക്കാളേറെ കരഞ്ഞത് എന്റെ അമ്മയായിരുന്നു..
ആദ്യമായി പ്രണയത്തിന്റെ വിത്തുകൾ മനസിൽ കിളിർത്തപ്പോൾ അതറിഞ്ഞത് അമ്മയായിരുന്നു.. ആ പ്രണയതകർച്ചയിൽ കണ്ണീരിൽ കുതിർന്നു നിന്ന എന്നെ ചേർത്ത് പിടിച്ചു പോട്ടെടാ കുട്ടൂസാ.. എന്റെ മുത്തിനെ കിട്ടാനുള്ള ഭാഗ്യം അവനില്ലാഞ്ഞിട്ടല്ലേ എന്ന് പറഞ്ഞെന്നെ സാന്ത്വനിപ്പിച്ചത് അച്ഛനായിരുന്നു..
വീട്ടിൽ നിന്ന് ആദ്യമായി മാറി ഹോസ്റ്റലിൽ പഠിക്കാൻ കൊണ്ടാക്കിയപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു.. അത് കണ്ടു അമ്മയുടേയും കണ്ണ് നിറഞ്ഞു.. പക്ഷെ അച്ഛൻ അന്ന് കുലുങ്ങിയില്ല.. പിറ്റേ ദിവസം രാവിലെ തന്നെ മോളെ കാണണം എന്ന് പറഞ്ഞു ഹോസ്റ്റലിന്റെ വാതുക്കൽ അച്ഛൻ ഉണ്ടായിരുന്നു.. പിന്നീടങ്ങോട്ട് വാരാന്ത്യത്തിൽ ഞാൻ എത്തുന്നതും കാത്തിരുന്നു രണ്ടു പേരും .. വെള്ളിയാഴ്ച രാത്രി ഞാൻ വീട്ടിലെത്തുമ്പോഴേക്കും എനിക്കിഷ്ടമുള്ളതെല്ലാം തീന്മേശയിൽ വേണമെന്ന് അച്ഛന് നിർബന്ധമായിരുന്നു..
ചെറുപ്പം മുതലേ എല്ലാ സ്വതന്ത്രവും, ധൈര്യവും തന്ന് എന്നെ കാര്യപ്രാപ്തിയോടെ വളർത്തിയതും, എപ്പോഴും ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കണം എന്നെന്നെ പഠിപ്പിച്ചതും അച്ഛനായിരുന്നു..
ഒരുപാട് വഴക്കിടുമെങ്കിലും എന്തിനും ഏതിനും അച്ഛന് എന്നെ വേണമായിരുന്നു.. എനിക്ക് അച്ഛനേയും..
ഇന്നിപ്പോൾ കല്യാണ തിരക്കുകളുടെ ഇടയിൽ അച്ഛന് എപ്പോഴും എന്നെ കണ്ണിനു മുന്നിൽ തന്നെ വേണം.. ഹരി.. ഹരി.. എന്ന് വിളിച്ചെന്നെ എപ്പോഴും അടുത്തിരുത്തുന്നു.. 'അമ്മ പറഞ്ഞാണ് ഞാൻ അറിയുന്നത് അച്ഛന്റെ മനസ്.. "മോള് പോവാനായല്ലേ ലതേ.. ഇനി കൊറച്ചീസം കൂടിയല്ലേ അവൾ നമ്മളുടെ കൂടെ ഉണ്ടാവു "എന്ന് അമ്മയോട് മാത്രമേ പറയു.. ഒന്നും പുറത്തു കാണിക്കാതെ.. ഞാൻ ഈ പടിയിറങ്ങുമ്പോൾ എന്റെ അച്ഛന്റെ മനസ് വിങ്ങും.. എന്റെ കുട്ടിക്ക് നല്ലതു വരുത്തണെ എന്നല്ലേ ആ മനസ് മന്ത്രിക്കു...
ഒരുപാട് നന്ദിയുണ്ട് ദൈവത്തിനോട് എനിക്കിങ്ങനെ ഒരു അച്ഛനെ തന്നതിൽ.. മാപ്പ്.. അറിയാതെ പലപ്പോഴും വേദനിപ്പിച്ചു പോയതിൽ...
By
Haritha Unni
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക