Slider

#സ്വപ്നങ്ങളെ_തേടിയവൾ

0

#സ്വപ്നങ്ങളെ_തേടിയവൾ
'' മാഷേ... നാളെ തൊട്ടു ഞാൻ വരൂല .. ന്റെ കല്യാണാണ് .... ''
തല താഴ്ത്തി കൊണ്ട് അവളത് പറയുമ്പോൾ അബു മാഷിന്റെ മുഖത്ത് അത്ഭുതം . ഇന്നലെ വരെ ഈ ക്ലാസ്സിൽ തുള്ളി ചാടി നടന്ന കുട്ടിയാണ് . ഇതിനകം നാലാമത്തെ കുട്ടിയാണ് ഏഴാം ക്ലാസ്സിൽ വെച്ച് പഠനം നിർത്തി കുടുംബ ജീവിതത്തിലേക്ക് കടക്കാൻ പോകുന്നത് .
കുട്ടികളെല്ലാം അവളെ നോക്കി ചിരിക്കുന്നുവെങ്കിലും അവളുടെ മുഖത്ത് ഭയം കലർന്ന ആശങ്കയായിരുന്നു നിഴലിച്ചിരുന്നത് . എന്താണ് കല്യാണം ...വീട്ടിൽ കളിച്ചു നടന്ന ഞാൻ നാളെ ഇനി മറ്റൊരു വീട്ടിൽ .. കഴിഞ്ഞ മാസം അമ്മായിയുടെ മകന്റെ കല്യാണമായിരുന്നു . മണവാട്ടിയെ തേടി പോയ കൂട്ടത്തിൽ ഞാനും പോയിരുന്നു . അന്ന് അവിടെ നിന്നും കുടിച്ച കളർ വെള്ളം നിറച്ച പ്ലാസ്റ്റിക്ക് ഗ്ലാസ് പെറുക്കി കൂട്ടുന്നതിനിടെ അവിടെ നടക്കുന്ന ചടങ്ങിലൊന്നും എന്റെ ശ്രദ്ധ പോയിരുന്നില്ല . നിലത്തു അങ്ങിങ്ങായി കിടക്കുന്ന പ്ലാസ്റ്റിക് ഗ്ലാസ്സുകൾ ശേഖരിക്കുകയും , കൈ കഴുകാനായി കെട്ടി വെച്ചിരിക്കുന്ന പത്ര കഷണങ്ങൾ ചിത്രമുള്ളത് നോക്കി കയ്യിൽ കരുതുകയും ചെയ്തു .പിന്നീട് എല്ലാവരും തിരികെ പോകുന്ന സമയം ജീപ്പിനുള്ളിലെ തിരക്കിലേക്ക് ഒതുങ്ങി ഇരുന്നു വീടെത്തുമ്പോഴും അറിഞ്ഞില്ല നാളെ ഞാനും ഒരു കല്യാണ പെണ്ണാണെന്ന് .....
കല്യാണമാണത്രെ .. കല്യാണം ... കുറച്ചു കാലം മുൻപ് വരെ മണ്ണപ്പം ചുട്ടും, അച്ഛനും അമ്മയുമായി കളിച്ചും നടന്നിരുന്ന ഞാൻ, അന്ന് സ്കൂൾ വിട്ടു വീട്ടിലേക്ക് കൂട്ടുകാരുമൊത്ത് കളിയും ചിരിയും തമാശയും പറഞ്ഞു കയ്യിൽ വഴിയിൽ നിന്നും പൊട്ടിച്ച മഷി തണ്ടുമായി വീടെത്തുമ്പോൾ അവിടെ അപരിചിതരായ രണ്ടു മൂന്ന് പേർ ഇരിക്കുന്നു . ഉമ്മറത്തെ കോലായിൽ തന്നെയാണ് അവരെല്ലാം ഇരിക്കുന്നത് . എന്നെ കണ്ടതും അവർ അടക്കി എന്തൊക്കെയോ പറയുന്നു .. ഞാൻ അതൊന്നും ശ്രദ്ധിക്കാതെ തല താഴ്ത്തി അകത്തേക്ക് പോയി .
വാതിലിനു മറ പറ്റിയുമ്മ നില്പുണ്ട് . ഉമ്മയുടെ സ്ഥാനം എപ്പോഴും ആ വാതിലിനു ഇപ്പുറമാണ് . അതാണവരുടെ ലോകം . അതിനപ്പുറമുള്ള വെളിച്ചമവർക്ക് നിഷിദ്ധമാണ് . കാരണവന്മാർക്കു മുന്നിൽ ഉമ്മയുടെ ശബ്ദം ഏതോ വാതിൽ പൊളിയുടെ ഇപ്പുറം ഒളിച്ചിരിപ്പാണ് .
'' അന്നെ കെട്ടാൻ വന്നോനാ അത് .... അടുത്ത ആഴ്ച അന്റെ കല്യാണാണ് .... ഓലൊക്കെ ഇപ്പൊ അതാ അവിടെ പറയണത് ''
'' കല്യാണോ .. ഇൻ കോ ? '' ഞെട്ടൽ മാറാതെ ഞാൻ ഉമ്മയോട് ചോദിച്ചു .
'' ഹാ അനക്കന്നെ .. അല്ലാണ്ടാർക്ക '' ഉമ്മ പിറു പിറുത്തു കൊണ്ട് അകത്തേത് പോയി .
നാളിതു വരെ കണ്ടിട്ടില്ലാത്ത ഒരാൾ .... അയാൾക്കൊപ്പം ആയിരിക്കുമത്രേ ഇനിയുള്ള കാലമെന്റെ ജീവിതം ..... ഉമ്മ അങ്ങനെയാണ് പറഞ്ഞത് ...
'' എന്തിനാണുമ്മാ കല്യാണം കഴിക്കുന്നത് ? '' ഒരിക്കൽ ഉമ്മയോട് അങ്ങനെ ഞാൻ ചോദിച്ചതാണ് . അന്നുമ്മ പറഞ്ഞു കുട്ടികൾ ഉണ്ടാകാനാണ് കല്യാണം ഒക്കെ കഴിക്കുന്നത് എന്ന് ... അപ്പൊ തൊഴുത്തിലെ നങ്ങേലി പശുവിനു ഉണ്ടായല്ലോ ഒരു കുഞ്ഞു പശു കുട്ടി ... നങ്ങേലി പശൂന്റെ കല്യാണം ഇപ്പൊ എന്ന കഴിഞ്ഞേ ..ഞാൻ അറിഞ്ഞില്ലല്ലോ .. എന്നോടാരും പറഞ്ഞില്ലല്ലോ .... എന്റെ കുഞ്ഞു മനസ്സിൽ നൂറു നൂറു സംശയങ്ങൾ നിറഞ്ഞതല്ലാതെ ഒന്നിനും ഒരു വ്യക്തമായ ഉത്തരം ലഭിച്ചില്ല ...
കല്യാണം എന്തിനാണ് എന്നറിയാത്ത ഞാൻ കുറച്ചു ദിവസം കഴിഞ്ഞാൽ നവ വധുവായി മറ്റൊരു വീട്ടിലേക്കു കടന്നു ചെല്ലേണ്ടവളാണ് . ഉമ്മ അതിനു പ്രാപ്തമാക്കാനെന്നോണം വീട്ടിലെ പണികൾ ഓരോന്നായി പഠിപ്പിച്ചു തരാൻ തുടങ്ങി .
ജോലി കഴിഞ്ഞു ക്ഷീണിച്ചു വീടിന്റെ പിറകു വശത്ത് മണ്ണ് കൊണ്ട് പടുത്തുയർത്തിയ ചെറിയ മതിലിനു മുകളിൽ ഇരിക്കുകയായിരുന്നു ഞാൻ . പെട്ടെന്ന് പിറകിൽ നിന്നും കിതച്ചു കൊണ്ടൊരു ശബ്ദം .
'' എടീ നീ വാ ഞമ്മക്ക് കൾച്ചാം ''
അടുത്ത വീട്ടിലെ സുഹ്റയാണ് വിളിക്കുന്നത് .. കൂടെ കളിക്കാനാണ് .. കളിക്കാനായി കയ്യിൽ കല്ലുകളുമായാണ് അവളുടെ വരവ് .... കൊത്ത കൽ കളിയിലെ കേമിയാണ് അവൾ ... ഓരോ ദിവസവും എന്റെ മഞ്ചാടി ചെപ്പിലെ മഞ്ചാടി കുരുവിനു വേണ്ടി ഞങ്ങൾ പന്തയം വെച്ച് കളിക്കും . പക്ഷെ എന്റെ മഞ്ചാടി ചെപ്പിന്റെ കനം കുറയുന്നത് മിച്ചം . ഇടയ്ക്കിടയ്ക്ക് കള്ള കളിയുമുണ്ട് അവൾക്ക് ... കളം വരച്ചു ഓടിൻ കഷണമിട്ടു കളത്തിൽ ചവിട്ടാതെ കളിക്കുന്ന കളിക്കിടെ അവൾ ഇടയ്ക്കു ഒളി കണ്ണിട്ടു നോക്കും .... അവളെയും ഇനി പിരിയേണ്ടി വരും ..
'' എടീ ഇന്റെ കല്യാണാണ് ... നാളെ കൂടെ സ്കൂളില് പോണം .. മാഷിനോട് പറയണം ഇഞ്ജ് വരൂലാന്ന് . ഇഞ് കളിഛാനൊന്നും പറ്റൂല ..... '' എന്റെ വിഷമം സുഹറയോട് പറയുമ്പോൾ തെളിഞ്ഞു നിന്ന അവളുടെ മുഖത്തു കരി നിഴൽ വീഴുന്നത് കാണാമായിരുന്നു .അവളൊരു നിമിഷം മൂകമായി എന്റെ അരികിൽ ആ കളിമൺ തിട്ടയിൽ ചേർന്നിരുന്നു . അവളുടെ ഉത്സാഹമെല്ലാം ചോർന്നു പോയിരിക്കുന്നു . എന്റെ അഭാവം അവളെ ഏകാന്തതയിലേക്കു തള്ളി വിടുമെന്ന കാര്യത്തിൽ സംശയമില്ല .
ഉള്ളിലെ സങ്കടങ്ങളെല്ലാം പരസ്പരം പങ്കു വെച്ച് തൊടിയിലേക്കു കണ്ണ് നട്ടിരിക്കുമ്പോൾ, തൊടിയുടെ മൂലയിൽ അടുപ്പിലെ ചാരം സൂക്ഷിക്കാൻ ഉണ്ടാക്കിയിരിക്കുന്ന കുഴിയിൽ നിന്നും ഒരു കോഴി കൂവി കൊണ്ട് എങ്ങോട്ടോ പോയി . ഞങ്ങൾ ഇരുവരും ആ കുഴിയുടെ സമീപത്ത് ചെല്ലുമ്പോൾ അതിനകത്തു ഒരു മുട്ട . കോഴി മുട്ടയിട്ടു അതറിയിക്കാൻ വിളിച്ചു കൂവിയതാകണം . മുട്ടയെടുത്തു കൈ വെള്ളയിൽ വെക്കുമ്പോൾ നല്ല ഇളം ചൂടുണ്ട് അതിന് .
'' എങ്ങനാടി ഈ കൊഴിയൊക്കെ മുട്ടയിടുന്നെ ?.... '' ചോദ്യം സുഹറയുടേതാണ് ....
ഇതേ ചോദ്യം എന്റെയും മനസ്സിൽ കുറേ നാളായി ഉണ്ടായിരുന്നു .... അത് പോലെ ഒരിക്കൽ ഉമ്മയോട് ഞാൻ ചോദിക്കേം ചെയ്തു എങ്ങനാ ഉമ്മ എന്നെ പ്രസവിച്ചത് .. ഉമ്മ മുഖം കറുപ്പിച്ചു തിരിഞ്ഞു പോകുമ്പോൾ എന്റെ ചോദ്യം അത്ര മാത്രം വെറുക്കപ്പെടേണ്ടതാണോ എന്ന് ഞാൻ മനസ്സിൽ ചോദിച്ചു .
'' എടീ .. അനക്കറിയോ .. എങ്ങനാ കോഴി മുട്ടയൊക്കെ ഇടണത് ന്ന് ? '' സുഹ്‌റ ചോദ്യം വീണ്ടും ആവർത്തിച്ചു .
'' ആ .. അതിപ്പോ പെട കോഴി ആണേൽ ഇടും .. പൂവൻ ആണേൽ ഇടൂല ... '' എന്റെ നിഷ്കളങ്കമായ മറുപടിയിൽ അവൾ തൃപ്തയായിരുന്നില്ല . ഞാനോ അവളോ ഇത്തരം കാര്യങ്ങളിൽ അജ്ഞരായിരുന്നു .
അൽപ സമയം എന്റെ കൂടെ ചിലവഴിച്ചു കളിയും കഴിഞ്ഞു സുഹ്‌റ മടങ്ങിയ ശേഷം മദ്രസയിലേക്ക് പോകാൻ പുസ്തകവുമായി ഞാൻ ഒരുങ്ങി നടക്കുമ്പോൾ പിറകിൽ നിന്നും വീണ്ടും സുഹറയുടെ ശബ്ദം .
'' എടീ ... നിക്ക് ... ഞാനും ഇണ്ട് '' . അവൾ കിതച്ചു കൊണ്ട് എന്റെ അരികിലേക്ക് ഓടി വന്നു .
അവളെ ഒറ്റക്ക് കണ്ട സംശയത്തിൽ ഞാൻ ചോദിച്ചു . '' സുഹറാ .. അന്റെ ഒപ്പം മദ്രസക്കു പോണ കദീജ എബടെ ? ''
'' ആ ഓളോട് ഓൾടെ ഇമ്മ പോണ്ടാന്ന് പറഞ്ഞു .. ഓൾക്ക് മുസ്ഹഫ് തൊടാൻ പറ്റൂലത്രേ ... ഓൾക് വയസ്സറീച്ചെന്നു ഓൾടെ ഇമ്മ പറഞ്ഞു .. എത്താ അങ്ങനെ പറഞ്ഞാല് ? .. ''
'' ആ .. ഇനിക്കെങ്ങനെ അറിയാ ... ഇജ്ജ് ബേം ബാ .. ഇപ്പ തന്നെ നേരം കൊറേ ആയി ''
***************************
'' കുട്ടിനെ കെട്ടിച്ചോടത്തിന്നു സ്കൂൾക്ക് പോകോ ''
അബു മാഷാണ് . ഇന്നലെ നടന്ന കല്യാണ നിശ്ചയത്തെ കുറിച്ചും മറ്റും ചിന്തിച്ചു നിശബ്ദയായി ഇരുന്ന ഞാൻ ചിന്തയിൽ നിന്നുണർന്നത് മാഷിന്റെ ഘന ഗംഭീരമായ ശബ്ദം കേട്ടാണ് . ക്ലാസ്സിലെ പെൺ കുട്ടികളുടെ എണ്ണം കുറയുന്നത് തെല്ലാശങ്കയോടെയാണ് മാഷ് നോക്കി കാണുന്നത് . വീട്ടിലെ പട്ടിണിയിൽ നിന്നും , സ്കൂളിലെ ഉച്ച കഞ്ഞി കൊണ്ട് ഒരു വയറെങ്കിലും രക്ഷിക്കാമെന്നു കരുതിയാണ് മിക്ക മാതാപിതാക്കളും മക്കളെ സ്കൂളിലേക്ക് അയക്കുന്നത് . അല്ലാതെ അവരെ വിദ്യാ സമ്പന്നരാക്കി ഭാവി തലമുറയെ വാർത്തെടുക്കാമെന്ന ഉദ്ദേശത്തോടെ ആയിരുന്നില്ല .
മാഷിന്റെ ചോദ്യം കേട്ട് ഇന്നലെ നടന്ന എന്റെ കല്യാണ നിശ്ചയത്തെ കുറിച്ചുള്ള ചിന്തകളിൽ നിന്നും ഞാൻ ഉണർന്നു.
'' അറിയൂല മാഷെ ... എന്നോട് ആരും ഒന്നും പറഞ്ഞീല .. ചോയ്ച്ചീല '' എന്റെ നിസ്സഹമായ മറുപടി കേട്ടാകണം മാഷ് മറുത്തൊന്നും പറഞ്ഞില്ല .
കൂട്ടുകാരികളോടെല്ലാം യാത്ര പറഞ്ഞു അവരെ കല്യാണത്തിന് ക്ഷണിച്ചു ഞാൻ മടങ്ങും നേരം ഒരിക്കൽ കൂടി ഞാൻ എന്റെ ക്ലാസ് മുറിയിലേക്കും സ്കൂളിൽ മുറ്റത്തേക്കും കണ്ണ് പായിച്ചു . ഇന്നലെ വരെ ഓടി നടന്ന ഈ അങ്കണത്തിലെ വൃക്ഷണങ്ങൾക്കും , ചെടികൾക്കും അതിലെ അഥിതികളായ പക്ഷികൾക്കും ഇനി മുതൽ ഞാൻ ഒരു അപരിചത മാത്രം . കൂട്ടത്തിൽ ഞാൻ നട്ട ചെടിയുമുണ്ട് . അതിന്റെ കവിളിൽ തലോടി ഞാൻ മടങ്ങുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയുണ്ട് . കളിപ്പാട്ടം നഷ്ടപ്പെട്ട കുരുന്നിന്റെ വേദന പോലെ .
***************************
വീട്ടിൽ കല്യാണ പന്തൽ ഒരുങ്ങി . മുള വടികൾ നാട്ടിയും , ഓല മെടഞ്ഞതു കൊണ്ട് മേച്ചും തണൽ വിരിച്ച മുറ്റത്തിനകത്ത് അങ്ങിങ്ങായി മേശകളും കസേരകളും നിരത്തി വെച്ചിരിക്കുന്നു . കുട്ടികളെല്ലാം ഓടി നടക്കുന്നുണ്ട് അവിടെയെല്ലാം . മണവാട്ടിയായ എന്റെ കയ്യിന്റെ ഉള്ളനടിയിൽ മയിലാഞ്ചി കൊണ്ട് കനത്തിൽ കളം വരച്ചിട്ടുണ്ട് . വിരലിൽ മയിലാഞ്ചി കൊണ്ട് തന്നെ പുതച്ചു വെച്ചിട്ടുമുണ്ട് . പക്ഷെ മുഖത്തു മണവാട്ടിയുടെ ഭാവം വരുന്നില്ലത്രേ ... അതെങ്ങനെയെന്ന് അറിയില്ല ... ശ്രദ്ധിച്ചിട്ടില്ല .....
സ്കൂൾ ദിവസം തന്നെ ആയത് കൊണ്ട് ഉച്ച സമയത് സ്കൂളിൽ നിന്നും കുട്ടികളും മാഷുമാരുമൊക്കെ കല്യാണത്തിന് പങ്കെടുക്കാൻ വന്നിട്ടുണ്ട് . പുത്തൻ സാരിയുടുത്ത് അണിഞ്ഞു നിൽക്കുന്ന എന്നെ കണ്ടു അവരിൽ പലർക്കും അസൂയ തോന്നുന്നുവെന്ന് പറയുമ്പോഴും ആ സ്കൂൾ യൂണിഫോമിൽ അവരുടെ കൂടെ സ്കൂളിലേക്ക് ഓടി പോകുവാനാണ് മനസ്സ് പറഞ്ഞത് .
എന്റെ മനസ്സ് അവിടെ ഓടി നടക്കുന്ന കുട്ടികളിൽ ആണ് . സുഹറയും അവർക്കിടയിലുണ്ട് . പന്തലിനകത് നിന്ന് കിട്ടുന്ന വസ്തുക്കളെല്ലാം ഒക്കത്തെടുത്ത് കൊണ്ട് അവൾ അവിടെയെല്ലാം ഓടി നടക്കുന്നു . കൂടെ എന്റെ മനസ്സും ......
**
പുതിയ വീട്ടിലെത്തി ...ഭർത്താവിന്റെ വീട് .... കാഴ്ച ബംഗ്ലാവിൽ വന്ന കുട്ടിയുടെ കൗതുകത്തോടെയാണ് ഞാൻ അവിടെ വീക്ഷിച്ചത് .. ആരൊക്കെയോ വന്നു പരിചയപ്പെടുന്നുണ്ട് .. അവർ പരിചയപ്പെടുത്തുമ്പോഴും എന്റെ കണ്ണിൽ എല്ലാവര്ക്കും ഒരേ രൂപം . ചിലർ എന്റെ അണിഞ്ഞ ആഭരണങ്ങൾ കുറിച്ച് സംവാദത്തിലാണ് . ചിലർക്ക് എന്റെ സൗന്ദര്യത്തെ കുറിച്ചുമാണ് സംസാരിക്കാനുള്ളത് .
ആളുകളെല്ലാം പോയി തിരക്കൊഴിഞ്ഞു .. മണവാട്ടിയായി എന്നെ ഒരു മുറിയിൽ കൊണ്ടിരുത്തി എല്ലാവരും പിരിഞ്ഞു പോയി .. ഭയമാണ് ഉള്ളിൽ .... ഓര്മ വെച്ച നാളിനിപ്പുറം ഉമ്മയുടെ ചൂട് പറ്റാതെ ഞാൻ കിടന്നിട്ടില്ല . ആ മുറിക്കപ്പുറമൊരു ലോകവും എനിക്ക് സമാധാനം നൽകിയിരുന്നില്ല . ഇന്നിപ്പോൾ മറ്റൊരു വീട്ടിൽ മറ്റൊരു മുറിയിൽ ഉമ്മയില്ലാതെ ...
'' ഉറങ്യോ ?.. ''
കതകിന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ അവിടെ നിന്നും അയാൾ .. ഭർത്താവ് ... പുയ്യാപ്ല ... അയാൾ അടുത്തേക്ക് വരുമ്പോൾ എന്റെ ഹൃദയമിടിപ്പ് കൂടി . ഭയം കൊണ്ട് വിറച്ചു നിൽക്കുന്ന എന്നരികിൽ അയാൾ വന്നിരുന്നു .. ഒന്നോ രണ്ടോ നോട്ടമേ കണ്ടിട്ടുള്ളു ഞാൻ ... ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല ഇത് വരെ ....
'' കെടന്നോളു ..... ''
എന്നോട് കിടക്കാൻ ആവശ്യപ്പെട്ടു കൊണ്ട് അയാൾ മുറിക്കകത്തു എരിഞ്ഞിരിക്കുന്ന റാന്തൽ വിളക്കൂതി കെടുത്തി . ഇരുട്ടിന്റെ മറവിൽ അയാൾ വസ്ത്രം മാറുന്നത് ഞാൻ കണ്ടു . കട്ടിലിന്റെ ഒരു ഭാഗത്ത് ചുരുണ്ടു കൂടി കിടക്കുന്ന എന്റടുക്കലേക്ക് അയാൾ വരുന്നത് ഇരുട്ടിലും ഞാൻ കണ്ടു .... അയാളുടെ കൈകൾ എന്നെ പുണർന്നു .. കുതറി മാറാൻ ശ്രമിക്കുമ്പോഴും അത് കൂടുതൽ ശക്തിപ്പെടുന്നതായി തോന്നി ... അയാളുടെ മീശ രോമങ്ങൾ എന്റെ കവിളിൽ തറക്കുമ്പോൾ ബീഡിയുടെ രൂക്ഷ ഗന്ധം. ഇടക്ക് അടി വയറ്റിൽ അസഹ്യമായ വേദനയിൽ ഞാൻ പുളയുമ്പോൾ കൈകൾ കൊണ്ട് എന്റെ ശബ്ദം തടയാൻ അയാൾ കവചം സൃഷ്ടിച്ചു . ഇടക്കെപ്പോഴോ എന്നെ വിട്ടു അയാൾ തളർന്നുറങ്ങുമ്പോൾ അസഹ്യമായ വേദനയിൽ ശബ്ദം പുറമെ കേൾപ്പിക്കാതെ കരയുകയായിരുന്നു ഞാൻ.
ക്ഷീണം കാരണമാകാം കണ്ണുകൾ അടഞ്ഞു നിദ്രയിലാണ്ടത് ഞാൻ അറിഞ്ഞത് പുലർച്ചെ പള്ളിയിൽ നിന്നുമുള്ള ബാങ്ക് വിളി കേട്ടാണ് .
ഉമ്മ പറഞ്ഞു തന്നത് പോലെ കുളിച്ചു പ്രാര്ഥനയെല്ലാം കഴിഞ്ഞു ചൂലുമെടുത്ത് മുറ്റത്തിറങ്ങി മുറ്റമടിച്ചു . അടുക്കളയിൽ ഭര്ത്താവിന്റെ ഉമ്മയെ സഹായിച്ചു .വീടിനകം തുടക്കാൻ വേണ്ടിയാണ് വീണ്ടും ഞാൻ മണിയറയിലേക്ക് ചെന്നത് .. ഇന്നലെ രാത്രി സമ്മാനിച്ച ഭീതി പെടുത്തുന്ന ഓർമ്മകൾ കാരണം അതിനകത്തേക്ക് കയറാൻ തന്നെ വല്ലാത്ത ഭയം . കട്ടിലിൽ അയാൾ കിടന്നുറങ്ങുകയാണ് ... മനസ്സ് കൊണ്ട് ഇന്നും ഒരു അപരിചിതനെ പോലെയാണ് അയാൾ . അയാളുടെ ഉറക്കം നഷ്ടപ്പെടുത്താതെ അവൾ പതുക്കെ ശബ്ദം ഉണ്ടാക്കാതെ മുറി തൂത്തു വൃത്തിയാക്കുന്നതിനിടെ അവളുടെ കയ്യിലൊരു കൈ അമർന്നു അവളെ പിടിച്ചു വലിച്ചു ..
അയാൾ ..... ഇന്നലെ രാത്രി നിഷ്ടൂരമായി തന്നെ വേദനിപ്പിച്ച കാട്ടാളൻ ... ഭർത്താവാണത്രേ ....... പക്ഷെ ഇപ്പോൾ ആ കണ്ണുകളിൽ സിനിമകളിൽ കാണുന്ന നായകന്റെ തിളക്കം .. ചുണ്ടിൽ പുഞ്ചിരി അലങ്കരിച്ചിരിക്കുന്നു .കഴിഞ്ഞയാഴ്ച ടി വി യിൽ കണ്ട സിനിമയിലെ നടൻ വിൻസന്റിനെ പോലെ ... ഇയാൾ തന്നെയാണോ അയാൾ ?... ഇന്നലെ രാത്രി കണ്ട ആ മുഖത്തിനെന്ത് പറ്റി ... എന്നെ കെട്ടി പുണർന്നു കൊണ്ട് ചുംബിക്കുമ്പോൾ ആദ്യമായി എന്റെ മുഖത്തു നാണം വിരിഞ്ഞിരിക്കുന്നു .... നാണം കൊണ്ട് ആ കണ്ണുകളിലേക്കു നോക്കാൻ എനിക്ക് കഴിഞ്ഞില്ല ... ആ കൈകളിൽ നിന്നും കുതറി മാറി ഞാൻ ഓടുമ്പോൾ ഒളി കണ്ണിട്ടു ഞാൻ ആ മുഖത്തേക്ക് നോക്കി ......
ദിവസങ്ങൾ മാസങ്ങളോട് കിന്നാരം പറഞ്ഞു പോയി . എന്റെ അടി വയറ്റിൽ ഒരു പുതു നാമ്പ് മൊട്ടിട്ടു . നിറവയർ ചുമന്നു ഭർത്താവിന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്കു ബസ്സിറങ്ങുമ്പോൾ അപ്പുറത്തുള്ള സ്കൂളിൽ നിന്നും കുട്ടികളുടെ ശബ്ദം കേൾക്കാം . എന്റെ ക്ലാസ്സിന്റെ ജനലിനു ചേർന്ന വഴിയിലൂടെ വീട്ടിലേക്കു നടക്കുമ്പോൾ അബു മാഷിന്റെ ശബ്ദം ക്ലാസ്സിൽ മുഴങ്ങുന്നത് കേൾക്കാം . കുട കൊണ്ട് മുഖം മറച്ചു ആ വഴിയിലൂടെ ഞാൻ പോകുമ്പോഴും എന്റെ കണ്ണും മനസ്സും ആ ക്ലാസ്സിലെ എന്റെ ബെഞ്ചിലായിരുന്നു .
***************************************************
വർഷങ്ങൾ പിന്നിലാക്കി കടന്നു പോയിരിക്കുന്നു . ഇന്ന് ഞാൻ ഒരു അമ്മയാണ് . അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും ഉരുക്കിയെടുത്ത കരുത്താർന്ന ഒരു വ്യക്തിത്വമായി മാറിയിരിക്കുന്നു ഈ വര്ഷങ്ങളുടെ ഇടവേളകൾക്കിടയിൽ . ജീവിതത്തിലെ നിലയില്ലാ കയത്തിൽ നിന്നും പടവുകൾ കയറി കരുത്താർജ്ജിച്ചു നിൽക്കുന്ന ഞാൻ ഇന്ന് മകളെ ആദരിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കുകയാണ് . അത് കണ്ട് മനസ്സ് നിറഞ്ഞിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി പ്രധാനാധ്യാപകൻ എന്ന് വേദിയിലേക്ക് ക്ഷണിച്ചത് .
നിറഞ്ഞ കരഘോഷങ്ങൾക്കിടെ വേദിയിലേക്ക് ഞാൻ നടന്നടുക്കുമ്പോൾ വേദിയിൽ മെഡലണിഞ്ഞു എന്റെ മകൾ നിൽക്കുന്നുണ്ട് ... അവളിന്നു സ്കൂളിന്റെയും നാടിന്റെയും അഭിമാനമാണ് . അവളുടെ റാങ്ക് നേട്ടം ആഘോഷിക്കുന്നതിനിടെ അവളുടെ നേട്ടത്തിന് പിന്നിലെ ശക്തിയായി കണ്ട് എന്നെയും അവർ ആദരിക്കുകയാണ്. നിറഞ്ഞ സദസ്സിനെ അഭിമുഖീകരിച്ച് ഞാൻ നിൽക്കുമ്പോൾ ആ വേദിയിൽ നിന്നും നോക്കുമ്പോൾ ഞാൻ കാണുന്നത് എന്റെ ആ പഴയ ക്ലാസ് മുറിയാണ് . അതിനു ഇന്നേറെ രൂപ മാറ്റമേറെ വന്നെങ്കിലും അവിടെ അവസാനിക്കുമായിരുന്ന എന്റെ സ്വപ്‌നങ്ങൾ എന്റെ മകളിലൂടെ ഞാൻ നേടുകയായിരുന്നു . പ്രധാനാധ്യാപകൻ മൈക്ക് എനിക്ക് സമ്മാനിച്ച് രണ്ടു വാക്ക് സംസാരിക്കാനായി എന്നെ ക്ഷണിച്ചു . മടിച്ചു മടിച്ചാണെങ്കിലും മകളുടെയും മറ്റും നിർബന്ധത്തിനു വഴങ്ങി ഞാൻ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കാൻ തുടങ്ങി ..
'' പ്രിയപ്പെട്ട കുട്ടികളേ .... നിങ്ങളെന്നും എന്നെ കാണുന്നവരാണ് .. എന്നോട് എന്നും സംസാരിക്കുന്നവർ ആണ് .. പ്രത്യേകമായി നിങ്ങളോട് സംസാരിക്കാനായി ഒന്നും തന്നെയില്ല .. എന്നാലും ഈ അവസരത്തിൽ എന്റെ മകൾക്ക് ഇങ്ങനെ ഒരു നേട്ടം കൈവരിക്കാനായ ഈ നിമിഷത്തിൽ , സത്യത്തിൽ ജേതാവ് ഞാൻ ആണെന്ന സത്യം ഞാൻ മനസ്സിലാക്കുന്നു . അവളെ പ്രസവിച്ചു വളർത്തി വലുതാക്കിയതിനോടൊപ്പം പഠിച്ചതും വളർന്നതും ഈ ഞാൻ കൂടിയാണ് .''
'' അവൾക്ക് പാഠങ്ങൾ പറഞ്ഞു കൊടുത്ത് സ്കൂളിൽ പറഞ്ഞയച്ചിരുന്ന എന്റെ സ്വപ്‌നങ്ങൾ അവൾ മാത്രമായിരുന്നു . എന്നെ കുറിച്ചുള്ള സ്വപ്‌നങ്ങൾ എല്ലാം എനിക്കെന്നേ നഷ്ടപ്പെട്ടിരുന്നു .. ദാ ആ കാണുന്ന നാല് ചുമരിനുള്ളിൽ ഏഴാം ക്ലാസ്സിൽ വെച്ച് ഞാൻ പഠനം നിർത്തി കുടുംബ ജീവിതത്തിലേക്ക് കടക്കുമ്പോൾ അവിടെ ഈ സ്കൂൾ മുറ്റത്ത് ഞാൻ ഉപേക്ഷിച്ചത് എന്റെ സ്വപ്‌നങ്ങൾ കൂടിയായിരുന്നു .''
കുട്ടികളും മറ്റു അതിഥികളും നാട്ടുകാരുമെല്ലാം വളരെ ശ്രദ്ധയോടെ എന്റെ പ്രസംഗം വീക്ഷിക്കുന്നത് കണ്ടപ്പോൾ എനിക്കും ആവേശം . രണ്ടു വരി സംസാരിക്കാനായി അവസരം തന്ന പ്രധാനാധ്യാപകൻ ആ തീരുമാനത്തെ ശപിച്ചു കൊണ്ടിരിക്കുകയാകും . അതൊന്നും വക വെക്കാതെ ഞാൻ പ്രസംഗം തുടർന്നു ...
'' ഒരിക്കൽ മകളെ പഠിപ്പിച്ചു കൊണ്ടരിക്കെ മകൾ എന്നോട് ചോദിച്ചു ... ഉമ്മച്ചീ .. ഉമ്മച്ചിക്ക് എസ് എസ് എൽ സി പരീക്ഷ എഴുതി പാസ്സായിക്കൂടെ .... എനിക്കന്നു പ്രായം ഏകദേശം ഇരുപത്തിയാറു ഇരുപത്തിയേഴു .. പക്ഷെ മനസ്സ് കൊണ്ട് ഞാൻ നാല്പതുകാരിയായി മാറിയിരുന്നു . അവളുടെ ആ ചോദ്യം മനസ്സിൽ വീണ്ടും സ്വപ്‌നങ്ങൾ കുത്തി നിറച്ചു . എങ്ങനെ എങ്കിലും പരീക്ഷ എഴുതണം ... അങ്ങനെ പതതാം ക്ലാസ് തത്തുല്യ പരീക്ഷ എഴുതി വിജയിച്ചു . അതോടെ എന്റെ ആവേശം ഇരട്ടിച്ചു .. സ്വപ്‌നങ്ങൾ മഴ വില്ലിനെ പോലെ തിളങ്ങി ... അതിന് ശേഷം ഞാൻ ഹയർ സെക്കന്ററി പരീക്ഷയുമെല്ലാം എഴുതി എന്റെ മകളുടെ പഠനത്തോടൊപ്പം ഞാനും പഠനം തുടർന്നു ...
ഇന്നിപ്പോൾ ഞാൻ പഠിച്ച അതെ സ്കൂളിൽ അതേ ക്ലാസ്സിൽ , എന്നെ പഠിപ്പിച്ച അബു മാഷിന്റെ സ്ഥാനത്തു നിന്ന് കൊണ്ട് അധ്യാപികയായി ഞാൻ നിങ്ങൾക്ക് അക്ഷരങ്ങൾ ചൊല്ലി തരുമ്പോൾ എന്റെ മകളുടെ സ്വപ്നങ്ങൾക്കൊപ്പം എന്റെയും സ്വപ്നങ്ങൾക്ക് പല വർണ്ണങ്ങളാണ് . ''
പ്രസംഗം അവസാനിപ്പിച്ച് മടങ്ങുമ്പോൾ സദസ്സിന്റെയൊന്നടങ്കം കരഘോഷം കേൾക്കാം . എന്റെ മകൾ അവൾക്ക് ലഭിച്ച മെഡൽ എന്റെ കഴുത്തിലണിയിച്ചു . അതിന്റെ യഥാർത്ഥ അവകാശി ഞാൻ ആണെന്നവൾ പറഞ്ഞു എന്നെ പുണരുമ്പോൾ കണ്ണിൽ നിന്നും ഒരിറ്റു കണ്ണ് നീര് പൊടിഞ്ഞത് ആരും കാണാതെ ഞാൻ തുടച്ചു . കാരണം എന്റെ കണ്ണുകൾ ഇനി നിറക്കാൻ ആർക്കും സാദ്ധ്യമല്ല എന്ന എന്റെ ദൃഡ നിശ്ചയമാണ് എന്നെ ഈ വേദിയിൽ ഇന്നെത്തിച്ചത് .
#സസ്നേഹം_ഹഫി_ഹഫ്സൽ
Hafi Hafsal
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo