Slider

ചാറ്റൽ മഴ തോരാതിരുന്നെങ്കിൽ ...

0

ചാറ്റൽ മഴ തോരാതിരുന്നെങ്കിൽ ...
***************------**************
ആ ചാറ്റൽ മഴയിൽ ദാസേട്ടന്റെ ചായക്കടയിലേക്കു ഓടിക്കയറുമ്പോൾ ദാസേട്ടൻ പതിവുപോലെ പല്ലില്ലാത്ത തന്റെ മോണകാട്ടി ആത്മവിശ്വാസത്തോടെ എന്നെ നോക്കി ചിരിച്ചു .തലയിൽ നിന്നും ഇറ്റു വീഴുന്ന മഴത്തുള്ളികളെ കൈകൊണ്ടു തട്ടിമാറ്റുമ്പോൾ പിന്നിൽ നിന്നും ഒരു വിളി .
"ടാ ......ഇങ്ങു പോന്നേരെ നിനക്കുള്ളത് ദാ ഇരിക്കുന്നു .നിന്റെ ചായയും പരിപ്പുവടയും ."
ദാസേട്ടനെ നോക്കി ഞാനും ആത്മവിശ്വാസത്തോടെ ഒന്നു ചിരിച്ചു .അപ്പോഴേക്കും അതുലും ജാഷിഖും ജിയയും എന്തൊക്കെയോ പറഞ്ഞു പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു .
"ഇന്നും നീ ലേറ്റ് ആണല്ലോടാ ......"
അതുലിന്റെ ചോദ്യത്തിന് ജിയ തന്റെ ഫോണിൽ ടൈപ്പ് ചെയുന്നതിനിടയിൽ പരിഭവത്തോടെ പറഞ്ഞു .
"അല്ലേലും നിന്നോടൊപ്പം ഒരുമിച്ചിരിക്കാൻ പറ്റില്ലല്ലോ ?"
"സോറി ....ഞാൻ ... "
"കൂടുതൽ കിടന്നു ഉരുളേണ്ട ...ചൂടാറിയ ഈ ചായ അങ്ങു കുടിച്ചാട്ടെ വിശ്വം ...."
അതുൽ നീട്ടിയ ചായ ഞാൻ വാങ്ങി വീണ്ടും മേശമേൽ വച്ചു .
"ഇനിയിപ്പോൾ എപ്പോഴും ഈ മഴയായിരിക്കും ."
ഞാൻ വിദൂരങ്ങളിൽ നോക്കി പറഞ്ഞു .
"ഈ സമയത്തു വീട്ടിൽ ഒരു കട്ടൻചായയും ഒരു പരിപ്പുവടയും കഴിച്ചു ഈ മഴയും നോക്കി വീട്ടിൽ ഇങ്ങനെ ഇരിക്കണം "
"ഒന്നു പോടാ ജാഷിഖ് ......കവിത ചൊല്ലരുത് .....സഹിക്കാൻ പറ്റില്ല ."
ജിയ ഇടയ്ക്കു കയറി പറഞ്ഞു .
"എനിക്കിഷ്ടം പുതച്ചു മൂടി കിടക്കാനാ .... എന്താ സുഖം ഓർക്കുമ്പോൾ തന്നെ ......"
അതുൽ മേശമേൽ തന്റെ തല ചായ്ച്ചു പറഞ്ഞു .
"എന്നു കരുതി ഇവിടെ കിടന്നു ഉറങ്ങാൻ പോകണോ ....ഞാൻ പോണു നീ വരുന്നുണ്ടോ ??ഇപ്പോൾ ചെയ്തു തീർന്നാൽ നേരത്തെ ഇറങ്ങാം ......"
ജിയ അതുലിന്റെ തല തട്ടിയിട്ടു എണീറ്റു .എന്നിട്ടു വീണ്ടും തുടർന്നു .
"വിശ്വം ....ഞാൻ പോകുകയാ .....നിനക്കു കുറച്ചുകൂടി നേരത്തെ ഇറങ്ങികൂടായിരുന്നോ ??വേറെയൊന്നിനുമല്ല കുറച്ചു മണ്ടത്തരങ്ങളുടെ കുറവുണ്ടായിരുന്നു ...ഇവിടെ ...."
അവൾ കള്ള ചിരിയോടെ എന്നെനോക്കി ചിരിച്ചു ...
"ഒന്നുപോയെ ജിയ ....ടാ അതുൽ കൂടെ പൊയ്ക്കോ ...അല്ലേൽ ഇന്നു വീട്ടിൽ ചെന്നിട്ടു അതിനാകും നിന്നെ കൊല്ലുക ......ഈ ഇടെയായിട്ടു അതുലിനു ബിപി കൂടുതലാ ഭാര്യയെ പേടി ..യെ .."
"വിശ്വം വേണ്ടാട്ടാ ......"
ജിയ ചിരിച്ചുകൊണ്ടു നടന്നു പുറകെ അതുൽ നടക്കുമ്പോൾ പറഞ്ഞു .
"അപ്പൊ നിങ്ങൾ പതുക്കെ വാ "
ഞാനും ജാഷിഖും തലയാട്ടി .
"വിശ്വം എന്താ ചിന്തിക്കണേ ...പുതിയ മണ്ടത്തരം ഓർക്കുകയാണോ ?."
"പോടാ ....എന്തു പറയാനാ ഇവിടെ വന്നിരിക്കുമ്പോൾ എന്തെന്നില്ലാത്ത സുഖമാ .അതൊന്നും ആ എസി റൂമിൽ കിട്ടില്ല ."
"വിശ്വം ഇതു എന്നും കേൾക്കുന്നത് തന്നെയാ ....നീ ഇരുന്നു ചിന്തിച്ചിട്ടു പതുക്കെ വാ ....ഞാൻ പോകുകയാ ....."
ജാഷിഖ് എന്നെ ഒന്നു തട്ടി .
"ആയിക്കോട്ടെ ...ഒറ്റയ്ക്കിരിക്കാനും ഒരു സുഖമാ ജാഷിഖ് അതും ഈ മഴയത്തു ...."
അതെ !ഒരു തരത്തിൽ ഒറ്റയ്ക്കിരിക്കാൻ ഒരു സുഖമാണ് .നമുക്കു ചുറ്റും ഉള്ളതിന്റെ സൗന്ദര്യം ആസ്വദിക്കാനോ ..ചിലപ്പോൾ സ്വയം തിരിച്ചറിയാനോ കഴിഞ്ഞേക്കും .ദാസേട്ടൻ ഓരോരുത്തരായി കടയിലേക്കു വരുംതോറും വീണ്ടും അതെ ചിരി ചിരിക്കാൻ തുടങ്ങി .അടുത്തായി എത്ര മുന്തിയ റെസ്റ്റോറന്റ്സ് ഉണ്ടായിട്ടും ഈ ചെറിയ ചായക്കടയിലേക്ക് പലരും വരുന്നതു ആ ചിരിയുടെ കൗതകം കൊണ്ടാണോ ?ഇവിടെത്തെ ചായയുടെയും പരിപ്പുവടയുടെയും രുചി വേറെയെവിടെയും കിട്ടില്ല .ആരൊക്കെ ജീവിതത്തിൽ എത്ര ഉയർന്നാലും ചിലരെ പിടിച്ചു നിർത്തുന്ന ചില ഇഷ്ടങ്ങൾ ഉണ്ടു .ഒരു ഗൃഹാതുരത്വത്തിന്റെ ഓർമയ്ക്കായി നമുക്കു പ്രിയപ്പെട്ടതായി കരുതുന്നത് .അതിലൊന്നാണ് എനിക്കീ ചായക്കട .ഇവിടെ ഇന്നും പതിവുപോലെ തിരക്കുണ്ട് .എനിക്കെതിരെ മേശമേൽ ഇരിക്കുന്ന പെൺകുട്ടിയെ അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് .പലരും വർത്തമാനം പറയുമ്പോൾ അവൾ മാത്രം ഇവിടെയെങ്ങുമില്ല .അവൾ തന്റെ കൈയിൽ ഇരിക്കുന്ന നോട്ടുബുക്ക് ധൃതിയിൽ മറിക്കുന്നുണ്ട് .ഇടയ്ക്കിടെ ചായയും കുടിക്കുന്നുണ്ട് .അവൾക്കരികിൽ ഒരു മധ്യവയസ്കനും ഇരിപ്പുണ്ട് .അയാൾ ചായ കുടിക്കുന്നിതിനിടയിൽ അവളെ നോക്കിയിരിക്കുകയാണ് .അതു ചിലപ്പോൾ അവളുടെ അച്ഛനാകും .ഇവിടെ ഏതേലും കമ്പനിയിൽ ഇന്റെർവ്യൂന് വന്നതാകാം .ആ അച്ഛന്റെ മുഖത്തു ചെറിയൊരു വേവലാതി ഇല്ലാതില്ല .അവളുടെ ധൃതി കാണുമ്പോഴും ഒരു ഇന്റർവ്യൂന്റെ പരക്കം പാച്ചിൽ ആണെന്നു തോന്നിപോകുന്നു .ഓരോ ഇന്റർവ്യൂവും ഓരോരുത്തരെയും സംബന്ധിച്ചു ജീവിതത്തിന്റെ ഒരു ചവിട്ടുപടിയാണ്‌ .എത്രെയെത്ര ഇന്റർവ്യൂകളിൽ ഞാൻ പരാജയപ്പെട്ടിരിക്കുന്നു .പക്ഷേ ...അന്നൊക്കെ നെടുവീർപ്പിനായി അക്ഷമനായി എന്റെ അച്ഛൻ എന്റെ അരികെ ഇതുപോലെ ഇല്ലായിരുന്നു .ചിലപ്പോൾ കളിയാക്കാനായി കൂടെ ഉള്ളതു എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾ മാത്രം .അവർക്കും എനിക്കും ജോലി കിട്ടാതെ ....ഇന്റർവ്യൂകളിൽ പരാജയപെട്ടു നടന്ന നിമിഷങ്ങൾ .അങ്ങോട്ടും ഇങ്ങോട്ടുമുള്ള കളിയാക്കലുകൾ .ഓർമ്മകൾ മനസിനെ താലോലിക്കുമ്പോൾ അറിയാതെ ചിരി വരുന്നു .ഒന്നുകൂടി ആ തണുത്ത ചായ കുടിക്കുമ്പോൾ ഞാൻ ചുറ്റിനും നോക്കി വെറുതെ ഇരുന്നു ചിരിക്കുന്ന എന്നെയാരെങ്കിലും ശ്രദ്ധിക്കുന്നുണ്ടാക്കുമോ ?
"വിശ്വം ...ഡു യു ഹാവ് എനി എക്സ്പീരിയൻസ് ?"
"നോ ഐആം ഫ്രഷർ ....."
"ആക്ച്വലി വി നീഡ് എക്‌സ്‌പിരേൻസ്ഡ് ക്യാൻഡിഡേറ്റ് .സോറി വിശ്വം ...."
"ഇട്സ് ഓക്കേ "
പലപ്പോഴും ചിരി അഭിനയിക്കാൻ പഠിച്ചതു ഓരോ ഇന്റർവ്യൂയും പരാജയപ്പെടുമ്പോൾ ആയിരുന്നു .ഈ ജോലിയും കിട്ടില്ലെന്ന്‌ മനസിനെ പറഞ്ഞു മനസിലാക്കാൻ തിരിച്ചു നടന്നപ്പോൾ റെസ്യൂമെ പിടിച്ചിരിക്കുന്ന ഫയലും ഒന്നു ചുരുട്ടി കൂട്ടികൊണ്ടേ ഇരുന്നു .ഇന്റർവ്യൂറിനോടുള്ള ദേഷ്യവും മനസ്സിൽ ലയിച്ചു ചേർക്കും അതിലൂടെ .ഫ്രഷർ ഒരു ബാധ്യതയായി തോന്നിയത് എഞ്ചിനീറിങ് കഴിഞ്ഞപ്പോഴായിരുന്നു .ഇവിടെ എല്ലാ കാര്യത്തിനും ഫ്രഷാറെ വേണം .പക്ഷേ ,ജോലിയുടെ സമയത്തു മാത്രം ഫ്രഷ്‌റെ ആർക്കും വേണ്ട .കഷ്ടപ്പെട്ടു എൻട്രൻസ് എഴുതി കിട്ടിയതും സ്വാശ്രയ കോളേജിൽ .ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആകണം എന്ന മോഹവുമായി ആ കോളേജിന്റെ പടികടന്നപ്പോൾ അറിഞ്ഞിരുന്നില്ല .ഒരു ക്യാമ്പസ് ഇന്റർവ്യൂപോലും എത്തി നോക്കാത്ത കോളേജാണ് അതെന്നു .എങ്കിലും പഠിച്ചു .ഓട്ടോ ഡ്രൈവറായ അച്ഛനും ആഗ്രഹം ഉണ്ടായിരുന്നു തന്റെ മകനെ മകന്റെ ആഗ്രഹങ്ങൾക്കൊത്തു ഉയർത്തണമെന്ന്‌ .എനിക്കു താഴെയുള്ള അനിയന്റെയും അനിയത്തിയുടെയും ഭാവി ഒരു പക്ഷേ അച്ഛൻ എന്നിലൂടെയാകാം കണ്ടിരുന്നത് .എഡ്യൂക്കേഷണൽ ലോൺ എടുത്തത് ആ ലക്ഷ്യങ്ങൾക്ക് കൂട്ടായി നിന്നു .പക്ഷേ പഠിച്ചിറങ്ങിയപ്പോൾ ആകെ കിട്ടിയത് ഫ്രഷർ എന്ന നാമം മാത്രം .
പലപ്പോഴായി അഗർവാളിന്റെ പുസ്തകത്തെ സ്നേഹിക്കാൻ തുടങ്ങിയിരുന്നു .ഒരിക്കലും ആപ്റ്റിട്യൂട് ടെസ്റ്റ് എന്നെ തോൽപിക്കാൻ പാടില്ലല്ലോ ?
"ജോലി ഒന്നും ആയില്ലേ വിശ്വം ...?" എന്ന സ്ഥിരം പല്ലവി നാട്ടുകാർ ചോദിച്ചു തുടങ്ങിയപ്പോൾ ചിരി ഒരു ഉത്തരമായി ഞാൻ കൊണ്ട് നടന്നു .എത്ര മനോഹരമായ ദിനങ്ങൾ ആയിരുന്നു അതൊക്കെ .

അന്നു ഇന്റർവ്യൂ കഴിഞ്ഞു വീട്ടിലേക്കു മടങ്ങി ചെന്നപ്പോൾ അച്ഛൻ ഊണ് കഴിക്കുകയായിരുന്നു .അമ്മ ആശ്ചര്യത്തോടെ ചോദിച്ചു .
"എന്തായി വിശ്വം ....?"
ഞാൻ ഉളിലുള്ള നിരാശയെ മറികടന്നു ചെറുതായി ഒന്നു മന്ദഹസിച്ചു .
"അതു ...അമ്മ ,അവർ അറിയിക്കാമെന്ന് പറഞ്ഞു ."
അമ്മയ്ക്കു അതിൽ ഒരു പ്രതീക്ഷ വന്നതു കൊണ്ടാകാം അമ്മയുടെ മുഖത്തു ഒരു ചിരി വിരിഞ്ഞു വന്നു .
"ആണോ !....എന്റെ ഭഗവതി വിശ്വത്തിനെ വിളിക്കണേ .....എന്തായാലും വാ ഊണു കഴിക്കാം ...."
"ഇപ്പോൾ വിശപ്പില്ലാമ്മ ഞാൻ പിന്നെ കഴിച്ചോളാം "
അച്ഛൻ ഒന്നും മിണ്ടാതെ കഴിക്കുന്നതിൽ വ്യഗ്രതനായി ഇരുന്നു .അല്ലേലും അച്ഛൻ അങ്ങനെയായിരുന്നു .നമുക്കിടയിൽ എണ്ണിയെടുക്കാനുള്ള സംഭാക്ഷണ ശകലങ്ങളെ ഉണ്ടായിട്ടിട്ടുള്ളു .പലപ്പോഴും അച്ഛനോടു പറയാനുള്ളതെല്ലാം അമ്മ വഴിയേ അറിയിച്ചിട്ടുള്ളു .അച്ഛൻ കുട്ടികാലത്തെ അങ്ങനെ പഠിപ്പിച്ചതു കൊണ്ടാകാം .പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് ....അച്ഛൻ ഒരു സുഹൃത്തിനെപോലെ ആയിരുന്നുവെങ്കിലെന്നു .ചിലരുടെ വിശ്വാസങ്ങളും സ്വഭാവവും മാറ്റിയെടുക്കാൻ പറ്റില്ലല്ലോ .ആ തേച്ചു മിനുക്കിയ ഷർട്ടും പാന്റ്സും മാറ്റാതെ കൈയിൽ ഉണ്ടായിരുന്ന ഫയൽ മേശയിലേക്കു വലിച്ചെറിഞ്ഞു ഞാൻ കിടന്നു .ഒന്നിനെപ്പറ്റിയും ഓർക്കാതെ ...ചിന്തിക്കാൻ ഒരുപാടു ഉണ്ട് .ചിന്തിക്കുമ്പോൾ ഭാവി ഭുതംപോലെ വായ്‌ പിളർന്നു നിൽക്കുന്നു .ആഗ്രഹിച്ചതും സ്വപനം കണ്ടതുമൊക്കെ അകലങ്ങളിൽ നിന്നും എന്നെനോക്കി പരിഹസിക്കുന്നപോലെ .എന്താണിങ്ങനെ ?അപ്പോഴാണ് ചിന്തകളെ കീറിമുറിച്ചു കൊണ്ടു ഫോൺ റിംഗ് ചെയ്തു .പോക്കറ്റിൽ ഇരുന്ന ഫോൺ വലിച്ചെടുത്തു .'ശീതൾ കാളിങ് ....'
മനസില്ല മനസോടെ കാൾ എടുത്തു .അല്ലേൽ അതുമതി പിണങ്ങാൻ .
"പറയൂ ശീതൾ "
"ഇന്നു പോയിട്ട് ഏന്തയാടാ ....?"
"എന്താകാൻ ഒന്നുമായിട്ടില്ല ...അല്ല നിനക്കു ഇതു മാത്രമേ ചോദിക്കാനുള്ളൊ ...?"
"അതിനു നീയെന്താ എന്നോട് ദേഷ്യപ്പെടുന്നെ ...എനിക്കൊരു കമ്പനി ഉണ്ടാരുന്നെങ്കിൽ നിന്നെ ഞാൻ കേറ്റിയേനെ .."
"പോടീ ....എനിക്കു നിന്റെ തഴം താഴ്ന്ന കോമഡി കേട്ടു ചിരിക്കാൻ നേരമില്ല ..."
"അങ്ങനെ ഉള്ളവരോട് അതല്ലെ പറയാൻ പറ്റൂ .നീ വിഷമിക്കേണ്ട ....നിനക്കു കിട്ടുമെടാ .....ട്രൈ ചെയ്യു ഇനിയും .ഒരുപാടു സമയം ഉണ്ട് നിനക്കു .."
"ആയിക്കോട്ടെ നിന്റെ പി. എസ്‌ .സി കോച്ചിങ്‌യോകെ എങ്ങനെ പോകുന്നു .?"
"കുഴ്പ്പമില്ലെടാ ...."
"എടി ചോദിക്കാൻ മറന്നു .എന്തായി നിന്റെ ആ കല്യാണാലോചന ?"
"എന്താകാനാടാ ....അതും നക്ഷത്രം ചേരില്ല ....."
"അവന്റെ ഭാഗ്യം ....."
"ടാ വേണ്ടാട്ടാ ...നല്ലൊരാൾ വരും ...ഞാൻ പോകുമ്പോൾ മനസിലാകും എന്റെ വില ...."
"എന്തു വില ....എടി ഞാൻ പിന്നെ വിളിക്കാം .ഉറക്കം വരുന്നു ."
"പിന്നെ നീ വിളിച്ചപോലെ തന്നെ .....ഓക്കേ ടാ ...."
ശീതൾ !സ്കൂളിൽ പഠിച്ചുകൊണ്ടേ ഇരുന്നപ്പോൾ ഉള്ള എന്റെ ആത്മാർത്ഥ കൂട്ടുകാരി .എത്ര പെട്ടന്നാണ് വർഷങ്ങൾ മുന്നോട്ടു പോകുന്നത് .ഇപ്പോൾ അവൾക്കു കല്ല്യാണം വരെ നോക്കി തുടങ്ങി .ആ സ്കൂൾ ജീവിതമൊക്കെ ഇന്നലെ കഴിഞ്ഞപോലെ .അവൾ പറഞ്ഞപോലെ അവൾ പോയാൽ അവളുടെ വില ഞാനറിയുമായിരിക്കും .പിന്നെ ഇതുപോലെ വിളിക്കാനും അടികൂടാനൊന്നും പറ്റിയെന്നു വരില്ലല്ലോ .ചില സമയങ്ങൾ ആകുമ്പോൾ ആത്മാവിൽ ഒട്ടിയിരിക്കുന്ന എന്തിനെയും പാതിവഴിയിൽ മാറ്റി നിർത്തേണ്ടി വരും .ചില സൗഹൃദങ്ങൾ പോലും .
ഉറങ്ങിയെഴുന്നപ്പോഴേക്കും സമയം വളരെ വൈകിയിരുന്നു .രാവിലെ എഴുന്നേറ്റിട്ടു എന്തു ചെയ്യാനാണ് .വീട്ടിൽ തന്നെയാണല്ലോ .ഉറക്കച്ചടവോടെ അടുക്കളയിലേക്കു പോയപ്പോൾ അച്ഛൻ കാപ്പികുടിക്കുകയാണ് .അധികം ബഹളങ്ങൾ ഇല്ല .വൈഷ്‌ണവിയും വരുണും സ്കൂളിൽ പോയിട്ടുണ്ടാകും .ഒന്നും മിണ്ടാതെ ഞാൻ ചായപാത്രത്തിൽ എനിക്കു ചായ ഉണ്ടാകുമോ എന്നു നോക്കി .കറിക്കു അരിഞ്ഞു കൊണ്ടിരുന്ന അമ്മ ചോദിച്ചു .
"ഒന്നും ചെയ്യണ്ടാന്ന് കരുതി ......എപ്പോ വേണേലും എഴുന്നേറ്റാൽ മതിയല്ലോ എന്റെ മോന് ...."
ഒരു വാക്കുപോലും പറയാതെ തണുത്തുറഞ്ഞ ആ ചായ ഗ്ലാസിലാക്കി ഞാൻ നടക്കുമ്പോൾ അച്ഛൻ പറയുന്നത് കേട്ടു .
"എടി ...അവനോടു പറയ് നീ .ഇപ്പോൾ അവൻ ജോലിക്കു പോയില്ലെങ്കിലും ഈ വീട്ടിൽ പഴയതുപോലെ തന്നെ എല്ലാം നടക്കും .നീയായിട്ടു ഓരോന്നു പറഞ്ഞു അവനെ വിഷമിപ്പിക്കേണ്ട ..."
അച്ഛൻ പറഞ്ഞതു അമ്മയോടാണെലും അതെന്റെ ഹൃദയത്തിൽ ആണ് പതിച്ചത് .അധികമൊന്നും മിണ്ടാതെ ....സ്‌നേഹംകൊണ്ടുള്ള ലാളനയുടെ കണ്ണിലൂടെയുള്ള ഒരു കടാക്ഷം പോലും ഇതുവരെ കാണിക്കാത്ത അച്ഛൻ .എന്നിട്ടും ,എന്റെ വേദനകൾ അച്ഛനെ സ്പര്ശിക്കുന്നുണ്ട് .ആ ചായ ഞാൻ ഒറ്റവലിക്ക് കുടിച്ചു തീർത്തു .മുറ്റത്തു കിടക്കുന്ന 'ശ്രീഭഗവതി 'ഓട്ടോറിക്ഷ ഞാനൊന്നു കഴുകി .അച്ഛനോടുള്ള സ്നേഹം എനിക്കു എങ്ങനെയെങ്കിലും പ്രകടിപ്പിക്കണം .ഒന്നും ചെയ്യാൻ കഴിയുന്നില്ല .ചിലപ്പോഴൊക്കെ പാഴ് ജീവിതമാണോ എന്റേതെന്നു തോന്നിപോകും .
"സാറേ ...ഒരു പരിപ്പു വടക്കൂടി എടുക്കട്ടേ ..?"
ഓർമകളെ ചികഞ്ഞു മാറ്റികൊണ്ടു ദാസേട്ടൻ ചോദിച്ചു .
"അതെന്തു ചോദ്യം രണ്ടെണ്ണം കൂടി വേണം ദാസേട്ടാ ....."
ചാറ്റൽ മഴ പിന്നെയും പെയ്തുകൊണ്ടേയിരിക്കുന്നു .കടയിൽ തിരക്കുകൾ കുറഞ്ഞു വരുന്നു .ആ പെൺകുട്ടിയും അച്ഛനും പോയിട്ടില്ല .അവൾ ഇപ്പോഴും പഠിത്തത്തിൽ തന്നെയാണ് .ഞാനും അതുലും എത്ര മണിക്കൂറുകൾ ഇതുപോലെ ഇരുന്നതാണ് .ആപ്റ്റിട്യൂട് ചിലതെല്ലാം പറഞ്ഞുതന്നത് അവനാണ് .എൻജിൻറിങ് മുതൽ എന്റെ നിത്യസഹചാരിയായ ഏക കൂട്ടുകാരൻ .എന്റെ പരാജയങ്ങളിൽ താങ്ങായി നിന്ന പ്രീയ സ്നേഹിതൻ .പലപ്പോഴും അവന്റെ വീട്ടിലെ ടെറസിൽ ഇരുന്നാകും പഠിത്തം .ഇന്റർവ്യൂവിൽ പരാജയപ്പെട്ടാലും നമുക്കു പ്രതീക്ഷയുണ്ടായിരുന്നു .ആ പ്രതീക്ഷ ഇല്ലായിരുന്നെങ്കിൽ മറ്റൊരു തൊഴിലിനായി ഇറങ്ങിത്തിരികുമായിരുന്നു .രാത്രിയാമങ്ങളിൽ നക്ഷത്രങ്ങളെ നോക്കി ഞാൻ കിടക്കും ആ ടെറസ്സിൽ .അപ്പോൾ അതുൽ അവന്റെ കാമുകി ജിയയോട് ഫോണിൽ സംസാരിക്കുകയാകും .ഒരിക്കൽ അങ്ങനെ കിടക്കുമ്പോൾ ഞനവനോട് ചോദിച്ചു .
"അതുൽ നമുക്കൊരു സ്റ്റാർട്ടപ്പ് തുടങ്ങിയാലോ ?"
"നന്നായി അതിനു കാശു ഉണ്ടോ ? "
"കാശില്ല ,ആഗ്രഹവും അതിലുപരി കഴിവും ഉള്ളവർ നമ്മുടെ ഫ്രണ്ട്സയിട്ടു തന്നെ ഇല്ലെടാ .....അതിനായി ഇറങ്ങിത്തിരിക്കുമ്പോൾ കാശൊക്കെ കിട്ടില്ലേ ....എത്രനാളാ ഇങ്ങനെ നടക്കുന്നെ ?"
"നടക്കുന്ന കാര്യം എന്തേലും ഉണ്ടങ്കിൽ പറയൂ വിശ്വം ....ജിയയുടെ മാര്യേജ് വീട്ടിൽ നോക്കിത്തുടങ്ങി .എനിക്കാണേൽ ഒരു ജോബ്‌പോലും ആയിട്ടില്ല ...എന്താ ചെയ്യണ്ടെന്നു തലയ്ക്കു ചൂടുപിടിച്ചിരിക്കുമ്പോഴാ അവന്റെയൊരു മനകോട്ട "
"ഇനി കൊട്ടാരക്കരയ്ക്കു ഇ വിടെന്നു 5 മണി കഴിഞ്ഞാൽ ബസ് ഉണ്ടാകുമോ ?"
ഓർമകളെ തട്ടിമാറ്റികൊണ്ട് ആ പെൺകുട്ടിയുടെ അച്ഛൻ ദാസേട്ടനോടായി ചോദിച്ചു .
"ഒരു 6.10നു ഉണ്ടാകും .അല്ലേ സാറേ ...."
ദാസേട്ടൻ എന്നോടായി ചോദിച്ചു .ഞാൻ അതെന്ന ഭാവത്തിൽ തലയാട്ടി .
"ഇന്റെർവ്യൂന് വന്നതാകും ...അല്ലെ ?"
ദാസേട്ടൻ ചോദിച്ചു .
"അതേ "ആ കുട്ടിയുടെ അച്ഛൻ പറഞ്ഞു .
അപ്പോൾ ആ പെൺകുട്ടി എന്നെയും ദാസേട്ടനെയും ഒന്നു നോക്കി .
എന്റെ പരിപ്പുവടകൾ എല്ലാം പതുക്കെ എന്റെ ഓർമകളിൽ കൂട്ടു വന്നു തീർന്നു കഴിഞ്ഞു .ഞാൻ എഴുന്നേറ്റു ദാസേട്ടനോട് ചോദിച്ചു .
"എത്രയായി ദാസേട്ടാ ...?"
"37 സർ "
ദാസേട്ടനു കാശു കൊടുത്തപ്പോൾ വീണ്ടും ദാസേട്ടൻ ഒരു ചിരിച്ചിരിച്ചു തലയാട്ടി .ഞാൻ നടന്നു തുടങ്ങിയപ്പോൾ വീണ്ടും പുറകോട്ടു വരാൻ മനസ്സ് കൊതിച്ചു .ഞാൻ ഇന്റെർവ്യൂന് വേണ്ടി പഠിക്കുന്ന കുട്ടിയുടെ അടുത്തേക്ക് നടന്നു .അവളും അച്ഛനും എന്നെ ആകാംക്ഷയോടെ നോക്കി .
ഞാൻ അവളോട് ചോദിച്ചു .
"കുട്ടി നേരത്തെ എവിടെയാ വർക്ക് ചെയ്തിരുന്നേ "
അവൾ ഭാവഭേദമില്ലാതെ എന്നെ നോക്കി പറഞ്ഞു .
"ഞാൻ എംസിഎ ഇപ്പോൾ കഴിഞ്ഞതേയുള്ളൂ ..."
ഞാൻ പോക്കറ്റിൽ നിന്നും ഒരു വിസിറ്റിംഗ് കാർഡ് അവൾക്കു നേരെ നീട്ടി .
"ബെസ്റ്റ് ഓഫ് ലക്ക് ഫോർ ദിസ് ഇന്റർവ്യൂ ...ചിലപ്പോൾ ഇതിൽ കിട്ടിയിലെങ്കിൽ ഈ കമ്പനിയിലേക്കു വന്നു നോക്കൂ .വീ നീഡ് ഫ്രഷേഴ്‌സ് ...ഡീറ്റെയിൽസ് എല്ലാം ഇതിൽ ഉണ്ട് ..."
അവൾ ഒന്നും മിണ്ടാതെ ആ കാർഡ് വാങ്ങി .ഞാൻ ചിരിച്ചു കൊണ്ട് നടന്നു .ചാറ്റൽ മഴ പെയ്തു തീർന്നിട്ടില്ല .തലയിൽ മഴത്തുള്ളി വീഴാതിരിക്കാൻ കൈയ്യു മുകളിൽ വയ്ക്കാൻപോലും മറന്നു .മനസ്സിൽ നിറയെ ഒരു ആത്മസംപൃപ്തിയാണ് .സംഭവിച്ചതൊക്കെ നല്ലതിന് .ലക്ഷ്യവും സ്വപനങ്ങളും ജീവിതത്തിൽ പലയിടത്തും വച്ചു ഉപേക്ഷിക്കാത്തതു കൊണ്ടാകാം എന്തൊക്കെയോ കൈകളിൽ ഇ പ്പോഴുമുണ്ട് .അന്നു അതുൽ മനകോട്ട എന്നു പറഞ്ഞു ഒഴുവാക്കിയതാണു ...ഇന്ന് അവന്റെയും ജിയയുടെയും പ്രണയത്തെ ഒരുമിച്ചുള്ള ജീവിതത്തിൽ കൊണ്ടെത്തിച്ചത് .അച്ഛനു പറയാതെ ഞാൻ മനസുകൊണ്ട് കൊടുത്ത വാക്കുകൾ ...എന്റെ അനിയന്റെയും അനിയത്തിയുടെയും ഭാവി .അതെല്ലാം എന്റെ ലക്ഷ്യങ്ങളുടെ ഭാഗമായി ഇന്നും എന്റെ കൂടെയുണ്ട് .അച്ഛനും അമ്മയും സന്തോഷത്തിലാണ് ഇന്ന് .അന്നത്തെ എന്റെ സ്വപനങ്ങളെ ഞാൻ സ്നേഹിക്കാൻ പഠിച്ചതു കൊണ്ടാകാം ഇന്ന് മനസിന്റെ കോണിൽ ഒരു സന്തോഷമുണ്ട് .
മൊബൈൽ വൈബ്രേറ്റ് ചെയ്തു .ശീതൾ കാളിങ് .
"വിശ്വം ഞാൻ മറന്നു ടാ .....വരുമ്പോൾ കാൽപോൾ വാങ്ങാൻ മറക്കല്ലേ ....ദേവൂട്ടിക്ക് ചുമ കുറഞ്ഞിട്ടില്ല ..."
"ഓക്കേ ടാ ..."
പുഞ്ചിരിയോടെ ഞാൻ ഫോൺ കട്ട് ചെയ്തു .ശീതൾ !അവളിന്നും എന്റെ പ്രിയകൂട്ടുകാരിയായി എന്റെ ജീവിതത്തിൽ ഉണ്ട് .പാതിവഴിയിൽ അവളെ ഉപേക്ഷിച്ചു ജീവിതകാലം മുഴുവനും അവളെ ഓർക്കാൻ എന്തോ ഹൃദയത്തിനു അന്നു പറ്റിയില്ല .അവളെ മനസിൽ നിന്നും പറിച്ചു കളയാൻ കഴിഞ്ഞില്ല .വൈകി വന്ന പ്രണയമായതുകൊണ്ടാകാം ഇപ്പോഴും നമ്മൾ പ്രണയിക്കുകയാണ് ........
ഇന്നെന്റെ മനസ്സിൽ ചാറ്റൽ മഴയായി നിറയുകയാണ് ഓർമ്മകൾ ....
ഈ ചാറ്റൽ മഴ തോരത്തിരുന്നുവെങ്കിൽ .....!
..............*******..............
Reshma S.Devan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo