Showing posts with label രേഷ്മ.എസ്‌.ദേവൻ. Show all posts
Showing posts with label രേഷ്മ.എസ്‌.ദേവൻ. Show all posts

വെളുത്ത സർപ്പം


വെളുത്ത സർപ്പം
*****************
ആരൊക്കെയോ അവളെ പിടിച്ചെഴുന്നേല്പിച്ചു, ഉമ്മറവാതിലിനരികിൽ കൊണ്ടുനിർത്തിയപ്പോൾ സാംബ്രാണി തിരിയുടെയും കർപ്പൂരത്തിന്റെയും മനം മടുക്കുന്ന ഒരു സുഗന്ധമായിരുന്നു. നിലവിളക്കിനടുത്തായി വെള്ള പുതച്ചു കിടത്തിയിരിക്കുന്ന ആ ശരീരത്തെ അവൾ ഒന്ന് നോക്കി. 
ആരോ വിളിച്ചു.
"മോളേ... "
അവർ അവളെ ഇറുകെ പിടിച്ചു.
ആരൊക്കെയോ പതിയെ പതിയെ പറയുന്നുണ്ട്.
"എങ്ങനെ ഇരുന്ന മനുഷ്യനാണ്.. അവനു വിഷം കഴിക്കേണ്ട എന്ത് പ്രശ്‌നമാണ് ഉണ്ടായിരുന്നത് ?"
പല ചോദ്യങ്ങളുമായി കൂടി നിന്നവർ അടക്കം പറഞ്ഞു. അവളെ വീണ്ടും ആ മുറിയ്ക്കകത്തു കൊണ്ട് ഇരുത്തി. കട്ടിലിൽ മയങ്ങി കിടക്കുന്ന സ്ത്രീ പതുക്കെ ഏങ്ങലടിച്ചു വിളിക്കുന്നുണ്ട്.
"എന്റെ രാജേട്ടാ... "
അവൾ ഒന്നും മിണ്ടാതെ കട്ടിലിനരികിൽ ചാരി ഇരുന്നു. ആ മുറിയിൽ കയറി വരുന്നവർ സഹതാപത്തോടെ സ്വകാര്യമായി പറയുന്നുണ്ട്.
"ഇവൾക്കും മോൾക്കും ആരുമില്ലാതായല്ലോ ?"
അങ്ങേയപ്പുറത്തു മാവിന്റെ കൊമ്പ് മുറിക്കപ്പെട്ടു. പുറത്തു തകർത്താടുന്ന മഴ, ചില കറുത്ത കുടകൾ ജനാലയ്ക്കരികിൽ ആ രണ്ടുപേരെയും എത്തി നോക്കി.
"രാജേട്ടന്റെ മോളു ഇപ്പോൾ നഴ്സിംഗ് കഴിഞ്ഞാരുന്നോ ?"
"അവസാന വർഷം ആയിരുന്നു. എക്സാം കഴിഞ്ഞിട്ട് വന്നു നിക്കുവാരുന്നു..... "
ഇടയ്ക്കെപ്പോഴോ പലരും വെള്ളവുമായി വന്നു. അവൾ വേണ്ടാതെ നിരസിച്ചു.
കുറച്ചു കഴിഞ്ഞു മനംമടുക്കുന്ന രൂക്ഷമായ പച്ച മാംസത്തിന്റെ ദുർഗന്ധം ആ മുറിയിൽ ആഞ്ഞടിക്കുമ്പോൾ അവൾ തന്റെ ഉദരത്തെ തടവി.
"മരിച്ചത് എന്റെ അച്ഛനായിരുന്നു.... "
"ഞാൻ കൊന്നത് നിന്റെ അച്ഛനെയും...... "
Reshma S. Devan

ഒരു സംഭവ കഥ അവൻ

Image may contain: 1 person, smiling

അന്നൊരു ക്രിസ്മസ് അവധിയാരുന്നു .വീട്ടിലേക്കു പോകാനായി ആദ്യം വന്ന സൂപ്പർഫാസ്റ്റ് ബസ്സിലേക്ക് ചാടിക്കയറി .ആദ്യമായി നോക്കിയത് ഒഴിഞ്ഞ സീറ്റ് എന്തെങ്കിലും ഉണ്ടോയെന്നാണ് .സ്ത്രീകൾ ഇരിക്കുന്നിടത്തൊന്നും ഉണ്ടായിരുന്നില്ല .പെട്ടെന്നൊരു ശബ്‍ദം .
"ചേച്ചി .........ഇവിടെ ഇരുന്നോളൂ ...."
വളരെ സന്തോഷത്തോടെ തിരിഞ്ഞു നോക്കുമ്പോൾ ഒരു പയ്യൻ ജാലകത്തിനരികിലേക്കു നീങ്ങിയിരുന്നിട്ടു എന്നെ നോക്കി ചിരിച്ചു .ആദ്യം ഒന്നു പകച്ചെങ്കിലും കണ്ടിട്ടു എന്നെക്കാളും ചെറിയ ഒരു പ്ലസ് ടു എങ്കിലും പഠി ക്കുന്നതാണെന്നു തോന്നുന്നു .എന്റെ തോളിനുമേൽ നിൽപ്പുറക്കാതെ ബാഗ് താഴേക്ക് വീഴാൻ തുടങ്ങി .ഇനിയും നാലു അഞ്ചു മണിക്കൂറുകൾ നില്കുന്നതിനേക്കാൾ ഇരിക്കുന്നതു തന്നെയാണ് ഭേദം .പരസ്പരം ഒന്നും മിണ്ടാതെ നമ്മൾ കുറച്ചു നേരം ഇരുന്നു .അവനാണ് പിന്നെയും ആരംഭിച്ചത് .
"ചേച്ചി ...എവിടെ പോകയാ? "
"ഞാൻ വീട്ടിൽ "
പിന്നെ ഞാനും അവനും പരസ്പരം സംസാരിച്ചു തുടങ്ങി .തിരുവന്തപുരത്തു ഒരു ഹോട്ടൽ മാനേജ്‌മന്റ് ഇന്സ്ടിട്യൂട്ടിൽ പഠിക്കുകയാണ് അവൻ .അവനും വീട്ടിൽ പോകുകയാണ് .ഉമ്മയും ഉപ്പയും ചേച്ചിയും ഒരു അനിയത്തിയും അവനും മാത്രം വീട്ടിൽ .ഒരു ദിവസത്തെ പരിചയം വച്ചു മാത്രം ആർക്കും ആരെയും അറിയണമെന്നില്ല അവനെ കണ്ടാൽ ആരും ഒന്നു കൂടി നോക്കി പോകും .സുന്ദരനായ ഒരു കുട്ടി .ഇടക്കിടയ്ക്ക് അവൻ സ്പയിക് പോലെ വച്ചിരിക്കുന്ന മുടി കാറ്റിനാൽ പറക്കുമ്പോൾ പിടിച്ചു നിർത്താൻ നോക്കിയിരുന്നു .അവന്റെ ചിരിയിൽ വല്ലാത്തൊരു കൗതുകമുണ്ടായിരുന്നു .എല്ലാത്തിലുമുപരി എപ്പോഴും 'ചേച്ചി 'എന്നൊരു വിളി .എന്തെന്നില്ലാത്ത ആത്മബന്ധം .ഇടയ്ക്കു വച്ചു ഇനിയും കാണാമെന്നു പറഞ്ഞു അവന്റെ സ്ഥലം എത്തിയപ്പോൾ അവൻ യാത്രപറഞ്ഞു ഇറങ്ങി .ഇനി ഒരുപക്ഷേ കാണാം എവിടെയെങ്കിലും വച്ചു .
ഞാൻ വീട്ടിലെത്തി .വെറുതെ ഫേസ്ബുക് എടുത്തുനോക്കിയപ്പോൾ ഒന്നു രണ്ടു നോട്ടിഫിക്കേഷനുകൾ ഞാൻ വെറുതെ അതൊന്നു നോക്കി .അവൻ റിക്വസ്റ്റ് ചെയ്തിരിക്കുന്നു .കൂട്ടത്തിൽ ഒരു മെസ്സേജും .
"ചേച്ചി വീട്ടിൽ എത്തിയോ ?"
ഒരു മ്യോച്ചാൽ ഫ്രണ്ട്പോലും ഇല്ലാതെ അവൻ എന്നെ കണ്ടെത്തിയിരിക്കുന്നു .
പിന്നെ ആ സൗഹൃദം വളർന്നു .അറിഞ്ഞു തുടങ്ങിയപ്പോഴാണ് അവന്റെ ജീവിതം അവന്റെ കൗതകമേറിയ പുഞ്ചിരിയിൽ ഒരു കടലോളം ദുഃഖം ഒളിപ്പിക്കുന്നുവെന്നറിഞ്ഞത് .അവന്റെ ഉപ്പ വയ്യാതെ കിടപ്പിലാണ് .ഒരു ഇത്ത കല്ല്യാണം കഴിഞ്ഞു ഒരു കുഞ്ഞുമായി സ്ത്രീധനത്തിന്റെ പേരിൽ അവന്റെ വീട്ടിൽ വന്നു നിൽക്കുകയാണ് .ആകെ ഉള്ളത് പലപ്പോഴും അവനുമായി പരിഭവങ്ങളുമായി അവനെ ചുറ്റിപ്പറ്റി നിൽക്കുന്ന അവന്റെ കുഞ്ഞനുജത്തിയാണ് .അവന്റെ ഉമ്മയാണ് വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിനടത്തുന്നെ .അതിനായി ആ ഉമ്മ അങ്ങു അറബിനാട്ടിൽ ,പ്രിയപ്പെട്ടവർക്കായി ആരുടെയൊക്കെയോ വീടുകളിൽ കഷ്ടപ്പെടുന്നു .
അവന്റെ പേരിന്റെ ചില അക്ഷരങ്ങൾ കൂട്ടിച്ചേർത്തു ഞാനവനെ 'ജാസ് ' എന്നാണ് വിളിച്ചിരുന്നെ . പിന്നെ പിന്നെ അവൻ വല്ലപ്പോഴും എന്നെ വിളിക്കും .അവന്റെ വേദനകൾ മറച്ചുവച്ചു മറ്റുള്ളവർക്കു വേണ്ടി അവൻ എല്ലാവരുടെയും മുന്നിൽ സന്തോഷവാനായി നിന്നു .വിളിക്കുമ്പോഴൊക്കെ
"ചേച്ചി എക്സാം എങ്ങനെയുണ്ടാരുന്നു ......നന്നായി പഠിക്കണം ..ചേച്ചിക്കായി ഞാൻ ധുവ
 ചെയുന്നുണ്ട് ."
ഇങ്ങനെ ഒരു പ്രകാശം പരത്തുന്ന ഒരു കുഞ്ഞനുജനായി അവൻ എന്റെ ജീവിതത്തിൽ നിറഞ്ഞു നിന്നു .പലപ്പോഴും ഞാൻ നിരാശയുടെ താഴ്വാരങ്ങളിൽ ഏകയായി അലയുമ്പോൾ എന്നെ വീണ്ടും മടക്കിക്കൊണ്ടു വരുന്നത് അവന്റെ ഓരോ വാക്കുകളായിരുന്നു .അവന്റെ ഇന്സ്ടിട്യൂട്ടിൽ നവാഗതരെ സ്വാഗതം ചെയ്യിക്കാനായി രസകരമായ കളികൾ എന്തോകെയാകാമെന്നു നമ്മൾ രണ്ടുപേരും ചർച്ചചെയ്യുമായിരുന്നു .ഇടയ്ക്കെപ്പോഴോ വീട്ടിനടുത്തായി ഒരു മൈലാഞ്ചി മൊഞ്ചുള്ള ഒരു പെൺകുട്ടി അവന്റെ മനസിലെ ദുനി യാവിൽ പ്രണയ മഴയായി പെയ്യാൻ തുടങ്ങിയതു അവൻ പറയാൻ മറന്നില്ല എന്നോട് .ജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയ പലരും അവരുടെ ആഗ്രഹം അനുസരിച്ചു എഞ്ചിനിയറോ ഡോക്ടറോ നഴ്‌സോ ടീച്ചറോ ആയതല്ല .എല്ലാം വീട്ടുകാർക്കു വേണ്ടി താൻ എന്താകണമെന്ന ആഗ്രഹം മാറ്റിവച്ചതാകാം .പക്ഷേ ജാസ് മാത്രം അവനു ഇഷ്ട്ടമുള്ള വിഷയം എടുത്തു .അവന്റെ ആഗ്രഹം ഒരു ഷെഫ് ആകണമെന്നായിരുന്നു .ശേഷം വിദേശത്തു പോകണം .
"ചേച്ചിക്കറിയോ പാചകം ഒരു കലയാണ് ....."
അങ്ങനെ പലപ്പോഴും അവൻ കേക്കു ഉണ്ടാക്കുന്നതോ വീഞ്ഞു ഉണ്ടാക്കുന്നതോ അങ്ങനെ എത്ര എത്ര പറഞ്ഞു തന്നിരിക്കുന്നു .എപ്പോഴും എറണാകുളത്തു ആയിരിക്കും അവന്റെ പരീക്ഷ നടക്കുന്നത് .മൂന്നു വർഷത്തെ പരിചയം ഉണ്ടായിട്ടും ഇവിടെ അടുത്തു വന്നിട്ട് എനിക്കവനെ കാണാൻ കഴിഞ്ഞില്ല .ചിലപ്പോഴൊക്കെ അവൻ പറയാറുണ്ട് .
"എന്റെ ഇത്തയെയും അനിയത്തിയേയും കൂടാതെ എനിക്കൊരു സഹോദരി കൂടെയുണ്ട് .......................അതു ചേച്ചിയാ ..................."

ജീവിതം യാതൊരു സൂചനയുമില്ലാതെ ഗതിമാറി ഒഴുകികൊണ്ടിരിക്കും .ചില ബന്ധങ്ങൾ ആ ഒഴുക്കിലെവിടെയോ ഗർത്തങ്ങളിലേക്ക് പതിക്കും .എങ്കിലും ഞാൻ ഓർത്തിലെങ്കിലും അവൻ എന്നെങ്കിലും എന്നെ വിളിച്ചു സുഖവിവരങ്ങൾ തിരക്കും .
അങ്ങനെ ഇരിക്കെ ഒരു ദിവസം അവൻ എന്നെ വിളിച്ചു .
"ചേച്ചി എനിക്കു ലാസ്‌റ് എക്സാം എറണാകുളത്തു വച്ചാണ് ..ഞാൻ വരുന്നുണ്ട് .എനിക്കൊന്നു ചേച്ചിയെ കാണണം ..."
"അതിനെന്താ കാണാലോ ???"
"ചേച്ചി ...എനിക്കു ചേച്ചിക്കായി ഒന്നും വാങ്ങിത്തരാൻ എന്റെ കൈയിൽ കാശൊന്നുമില്ല ..."
ഞാൻ ഒന്നു ചിരിച്ചു .
"അതിനെന്താ ജാസ് നീ പഠിക്കുകയല്ലേ ..ഞാനല്ലേ നിനക്കു എന്തേലും വാങ്ങിത്തരേണ്ടതു ?"
"എനിക്കൊന്നും വേണ്ട ...എനിക്കു ചേച്ചിയെ കണ്ടാൽ മതി ഒരു മിനിറ്റെങ്കിലും ......"
ഞാൻ ഓർത്തു ഇതു എന്തുപറ്റി .
അന്നു പരീക്ഷയ് ക്കു അവൻ വരുമെന്നു പറഞ്ഞ ദിവസം ഞാനവനെ വിളിച്ചു .പക്ഷേ കിട്ടുന്നില്ല .ഫോൺ ഓഫ് ആണു .ഒരു പക്ഷേ അവൻ ഈ കൂടിക്കാഴ്ച വേണ്ടാന്നു വച്ചിരിക്കാം .പലപ്പോഴും ഒഴിഞ്ഞുമാറലിന്റെ ഒരു പ്രതീകമാണലോ ഈ ഫോൺ ഓഫ് ചെയ്യുന്നതും വായിച്ച മെസ്സേജിനു മറുപടി തരാത്തതും .വാട്സാപ്പിൽ മെസ്സേജ് ചെയ്യ്തിട്ടും ഒരു മറുപടിയുമില്ല .കുറച്ചു ദിവസം കഴിയുമ്പോൾ അവൻ തിരികെ വിളിക്കും .ഞാൻ പിന്നെ അതിനെപ്പറ്റി ചിന്തിക്കാതെ ഇരുന്നു .കാരണം പലപ്പോഴും എന്നെങ്കിലും ഒരിക്കൽ മാത്രമേ അവൻ വിളിക്കുമായിരുന്നുള്ളു .തുടർച്ചയായുള്ള ഫോൺ വിളികളോ മെസ്സേജുകളോ കുറച്ചു അടുപ്പിക്കുമെങ്കിലും പിന്നെ അതൊരു അകൽച്ചയായി മാറുമെന്ന് എന്നെപോലെ അവനും ചിന്തിച്ചിരുന്നിരിക്കണം .അതുകൊണ്ടാകാം നമ്മുടെ സൗഹൃദം മൂന്നു വർഷം നീണ്ടു നിന്നതു .
ഏകദേശം രണ്ടു മാസത്തോളമായി അവന്റെ യാതൊരു വിവരവുമില്ല .ഇപ്പോഴും ആ ഫോൺ സ്വിച്ചഡ് ഓഫാണ് .വാട്സാപ്പിൽ കൗതുകങ്ങൾ ഒളിപ്പിച്ചു വച്ച ചിരിക്കുന്ന മുഖവുമായി ,
'ജീവിതം വളരെ ചെറുതാണ് ..."എന്ന സ്റ്റേറ്സ്മായി എന്റെ മെസ്സേജുകൾ അവൻ വായിക്കാതെ ...മറുപടി അയക്കാതെ ഇരിക്കുന്നു .ഫേസ്ബുക്കിൽ നോക്കുമ്പോൾ അവന്റെ അക്കൗണ്ട് ഡീആക്ടിവേറ്റ്‌ ആണു .ജീവിതം നമുക്കു മുന്നിൽ പിടികൊടുക്കാതെ നെട്ടോട്ടമോടുമ്പോൾ അതെല്ലാം അവർ തീർക്കുന്നത് ഫേസ്ബുക്കിൽ സ്റ്റാറ്റസ് ഇട്ടോ ,പ്രൊഫൈൽ മാറ്റിയോ ,അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തോ ആകാം പലരും .അവനും പലപ്പോഴും അങ്ങനെയാരുന്നു .അവൻ വിളിക്കുമെന്ന പ്രതീക്ഷയോടെ ഞാനിരുന്നു .പക്ഷേ ..വിളിച്ചില്ല .
നീണ്ട കാത്തിരിപ്പു വിഫലമാണെന്നു മനസിലാക്കിയപ്പോൾ അവനെപ്പറ്റി ഞാൻ അന്വേക്ഷിച്ചു .പിന്നെടെപ്പൊഴോ അവന്റെ സുഹൃത്തു വഴി ഞാനറിഞ്ഞു .അന്നു അവരുടെ അവസാന വർഷത്തെ പരീക്ഷയ്ക്കായി അവരെല്ലാം ട്രെയിനിൽ കയറി അവനായി കാത്തിരുന്നു .പക്ഷേ അവനു വേണ്ടി ഒരു ഫോൺ കാൾ ആണു വന്നതു .
"ജാസ് ഇനി വരില്ല ....അവൻ ആത്മഹത്യ ചെയ്തു ............!"
ആ വാക്കുകൾ എന്നിലും ഒരു കൂരമ്പുപോലെ തറച്ചു കയറി .എന്തിനവൻ അതു ചെയ്തു ആർക്കുമറിയില്ല .ഇന്സ്ടിട്യൂട്ടിലെ എല്ലാവർക്കും അവനെക്കുറിച്ചു നല്ലതുമാത്രമേ പറയാനുള്ളു .അവിടെ അവൻ ആക്റ്റീവ് ആയിരുന്നു .എല്ലാവരുടെയും കണ്ണിലുണ്ണിയാരുന്നു .എപ്പോഴും ചിരിച്ചു എല്ലാവരോടും സംസാരിക്കുന്ന അവനെപ്പറ്റി പറയാൻ എല്ലാവർക്കും ഇഷ്ടമായിരുന്നു .
ഒരു പക്ഷേ ,അവൻ ഒരുപാടു നേരത്തെ കണക്കു കൂട്ടിയിരിക്കണം .അറിയില്ല എനിക്കും .എന്തിനാ കുട്ടീ ..എന്തിനു വേണ്ടി ?നിന്നെ സ്നേഹിക്കുന്നവർ ഇവിടെ ഉണ്ടായിട്ടും .....നിന്നെ കാത്തിരിക്കുന്നവർ ഇവിടെ ഉണ്ടയിട്ടും ...എല്ലാവരുടെ മുന്നിലും ഒരു പ്രകാശം പരത്തുന്ന ഒരു മിന്നാമിനുങ്ങായി നീ ഇവിടെ ഇരുന്നിട്ട് ആരോടും ഒന്നും പറയാതെ നിന്റെ വിഷമങ്ങൾ ഉള്ളിലൊതുക്കി ഒരു നിമിഷം കൊണ്ടു നീ എന്തിനാ നിന്നെ അവസാനിപ്പിച്ചത് ?
ഓർത്തില്ലയോ നീ ...നിന്റെ ഉമ്മയെപ്പറ്റി .....ഉപ്പയെപ്പറ്റി .....സഹോദരിമാരെപ്പറ്റി ....സുഹൃത്തുക്കളെപ്പറ്റി ....നിന്റെ മനസ്സിൽ പ്രണയത്തിരമാല അലയടിപ്പിച്ച ആ മൈലാഞ്ചി മൊഞ്ചുള്ള പെണ്കുട്ടിയെപ്പറ്റി ....നീ ഓർക്കാതെപോയോ ...ഈ പരീക്ഷ പൂർത്തീകരിച്ചെങ്കിൽ നീ ഷെഫ് ആകുമായിരുന്നു ....അങ്ങനെ നിന്റെ ഖൽബിലെ ആ സുൽത്താന്റെ സ്വപ്ങ്ങൾ നീ മറന്നുവോ ...
എല്ലാത്തിലും ഉപരി ഞാൻ ഇവിടെ കുറിക്കട്ടെ ....നീ എനിക്കെന്റെ സ്വന്തം അനിയൻ തന്നെയിരുന്നു .നിന്നെപ്പോലെ ... .നീ എന്നെ സ്നേഹിച്ചപോലെ ....ഒരു സുഹൃത്തും ഇന്നു എനിക്കില്ല .ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു നീ ഇവിടെ എവിടെയോ ഉണ്ടെന്നു .
രേഷ്മ എസ്‌ .ദേവൻ

ചിരികൾക്കപ്പുറം ചില ജീവിതങ്ങൾ..

Image may contain: 1 person, smiling

അന്തിമയങ്ങാൻ കൊതിക്കുന്ന സൂര്യൻ ആ താഴ്വാരത്തെ കൂടുതൽ സുന്ദരിയാക്കുന്നു. പല നിറത്തിലുള്ള പൂക്കളാൽ അലങ്കാരതുല്യമായ വള്ളികുടിൽ. ശാന്തതയോടെ അലയടിക്കുന്ന പാട്ടുകളുമായി ചില പക്ഷികൾ. മലയിടുക്കിനരികിൽ ഒരു അരഞ്ഞാണം കെട്ടിയ പോലെ ഒഴുകുന്ന ചെറിയൊരു തടാകം. ആമ്പലും താമരയും അസ്തമയ സൂര്യനെ നോക്കി യാത്ര പറയുന്നു. ചില അരയന്നങ്ങൾ മുട്ടിയുരുമ്മി ആ തടാകത്തിൽ നീന്തിത്തുടിക്കുന്നു. അപ്പോഴാണ് ആകാശ നീലിമയുടെ നിറമുള്ള ഒരു ഗൗൺ ധരിച്ച ഒരു പെൺകുട്ടി ആ തടാകക്കരയിൽ വന്നിരുന്നത്. അലസോലമായ അവളുടെ മുടിയിഴകളിൽ വന്നു പതിക്കുന്ന മന്ദാരപ്പൂക്കൾ. അവൾ അവളുടെ കാലുകൾ തടാകത്തിലേക്ക് ഇറക്കി വച്ചു. ചെറു മീനുകൾ അവളുടെ കിലുങ്ങുന്ന പാദസരമിട്ട പാദത്തിൽ വന്നു ചുംബിക്കുകയാണ്.അപ്പോഴാണ് മഴ ,പാതിവഴിയിൽ ഉപേക്ഷിച്ച യുഗയുഗാന്തരങ്ങളായി കാറ്റെന്നു പേരിട്ടു വിളിക്കുന്ന ഒരു മന്ദമാരുതനുമായി ആ വഴി വന്നതു .ചാറ്റൽ മഴ ആ താഴ്വാരത്തെ ജലനൃത്തമയമാക്കി .അവൾ തന്റെ കൈകൾ തലയ്ക്കുമേൽ പിടിച്ചു മെല്ലെ എണീറ്റു പൂക്കളാൽ തീർത്ത ആ വള്ളികുടിലിൽ കയറി ഇരുന്നു .
അവൾ മഴത്തുളികളെ തന്റെ കൈയിൽ ഇട്ടു അമ്മാനമാടുമ്പോൾ പുറകിൽ നിന്നും ഒരു വിളി .അവൾ തിരിഞ്ഞ് നോക്കുമ്പോൾ ഒരു കൂട്ടം നീല ആമ്പൽ പൂക്കളുമായി അവൾക്കു പുറകിൽ ഒരു യുവാവ്‌ .അവൻ ആ പൂക്കൾ അവൾക്കായി നീട്ടി .അവൾ ആ പൂക്കൾ വാങ്ങുമ്പോൾ ആ താഴ്‌വാരം പോലും പ്രേമാർത്ഥമായിപ്പോയി .അവൻ അവളെ അരികിലേക്ക് ചേർത്തു നിർത്തി ,അവളുടെ കാതുകളിൽ എന്തോ മന്ത്രിച്ചു .അവൾ മെല്ലെ പറഞ്ഞു "കേൾക്കുന്നില്ല .."
അവൾ വീണ്ടും പറഞ്ഞു .അവൾ പതിയെ തിരിഞ്ഞ് നോക്കി .ആ രാജകുമാരനില്ല .കളം കളം ശബ്ദത്തിൽ ഒഴുകുന്ന തടാകമില്ല .എല്ലാം ശൂന്യം .അവൾ തന്റെ കൈയിലേക്ക് നോക്കി .ആമ്പൽപ്പൂവിന് പകരം ബെഡ്‌ഷീറ്റാണ് .അതൊരു സ്വപനമായിരുന്നോ ?ഞാൻ പറഞ്ഞത് ആരെങ്കിലും കേട്ടിരിക്കുമോ ?ഞാൻ ചുറ്റിനും നോക്കി .ശബ്ദമുണ്ടാക്കി കരയുന്ന ഫാൻ ..അപ്പോഴും ആ മുറിയിൽ സി.ഫ്.ൽ ലാംബ് തെളിഞ്ഞ് നിന്നു .അടുത്ത ബെഡിനരികിൽ നിന്നും അടക്കിപ്പിടിച്ച തേങ്ങൽ കേൾക്കാം .സിറിയ ബെഡ് ഷീറ്റിനകത്തിരുന്നു ആരോടോ ഫോൺ വിളിച്ചു കരയുകയാണ് .ഇതു സ്ഥിരമുള്ളതാണല്ലോ ?ഞാൻ ബെഡിനരികിൽ കിടക്കുന്ന മൊബൈൽ എടുത്തു നോക്കി .സമയം 6.45 എ .എം .ഇനിയും ഉണ്ട് സമയം ബാക്കി .എങ്കിലും ആ സ്വപനത്തിൽ വന്ന യുവാവ്‌ ആരായിരിക്കും ?എനിക്ക് പരിജയമുള്ള എല്ലാ യുവാക്കളുടെയും മുഖം ഞാൻ മനസ്സിൽ കണ്ടു .ഇനി ആർക്കാണ് എന്നോട് പ്രണയം ഉള്ളത് .ഈ സ്വപനം എന്തേ ഇപ്പോൾ എന്നെ തേടി വന്നത് .പല ചോദ്യങ്ങൾ മനസ്സിൽ .
പെട്ടെന്നാണ് സിറിയ ചാടി എണീറ്റത് .അവൾ തന്റെ മൊബൈൽ ബെഡിലേക്കു വലിച്ചെറിഞ്ഞു . അവൾ തന്റെ കണ്ണീരു തുടച്ചുകൊണ്ട് എന്നെ ഒന്നു തുറിച്ചു നോക്കി .ഞാൻ നിശബ്‍ദയായിരുന്നു .അവൾ ബാത്റൂമിലേക്കു പോയി .അതു സിറിയ !ഡൽഹിയിൽ തന്നെയുള്ള കുട്ടിയാണ് .ഇവിടെ എം.സി.എ ചെയ്യുന്നു .ഇവിടെ എന്റെ റൂംമെറ്റാണ് .ചിലപോഴൊക്കെ നമ്മൾ സംസാരിക്കാറുണ്ട് ..ചില തമാശകൾ ,ലോകകാര്യങ്ങൾ ,എന്റെ ഓഫീസ് അല്ലെങ്കിൽ അവളുടെ കോളേജ് വിശേഷങ്ങൾ .പക്ഷേ ..ചില വ്യക്തിപരമായ കാര്യങ്ങൾ പരസപരം പറയാതെ അതു നമുക്കിടയിൽ തളം കെട്ടിക്കിടക്കുകയാണ് .എപ്പോഴും ചില ബന്ധങ്ങൾ അങ്ങനെയാണ് .
ഞാൻ ഫ്രഷായി വന്നു .മെല്ലെ എന്റെ മുടിയിഴകൾ ഓരോന്നായി കണ്ണാടിയിൽ നോക്കി ചീകി കൊണ്ടിരുന്നു .അപ്പോഴും സിറിയ ഇരുന്നു തേങ്ങുകയായിരുന്നു .ഞാനാദ്യം ശ്രദ്ധിക്കാതെ നിന്നു .പിന്നെ അവള്കരികിൽ ഇരുന്നു .
"സിറിയാ ..."
എന്റെ വിളികേട്ടപ്പോൾ അവൾ തന്റെ മുഖം പൊത്തിപിടിച്ചു കരയാൻ തുടങ്ങി .ഞാൻ ഡൽഹിയിൽ വന്നിട്ട് നാലു മാസം കഴിഞ്ഞെങ്കിലും ഹിന്ദി സംസാരിക്കാൻ പതിയെ തുടങ്ങുന്നതേയുള്ളൂ .പിന്നെ എല്ലാവരോടും ഇംഗ്ലീഷ് കൊണ്ട് പിടിച്ചു നിൽകും .
"ക്യാ ഹുവാ സിറിയ ?"
അവൾ ഒരുപക്ഷേ എന്റെ സാമിപ്യം ആഗ്രഹിച്ചിരുന്നിരിക്കണം .അവൾ കണ്ണുനീർ തുടച്ചു .എന്റെ കൈകളിൽ പിടിച്ചു കൊണ്ടവൾ പറഞ്ഞു .അവളുടെ കാമുകൻ മൂന്ന് വര്ഷത്തെ പ്രണയത്തിനുശേഷം ഇപ്പോൾ അവളെ ഉപേക്ഷിക്കുകയാണ് .അതിനു അയാൾക്കു അയാളുടേതായ കാരണങ്ങൾ .അവളെ അപ്പോൾ ഉപദേശിക്കുന്നത് മണ്ടത്തരമാണെന്നു എനിക്ക് തോന്നി .അവൾ നന്നായി കരയട്ടെ എന്നു ഞാനും ആഗ്രഹിച്ചു .ഇതൊരു നൊമ്പരമാണേലും ദൈവം തന്നെ അവൾക്കായി അതു തരണം ചെയ്യാനും ധൈര്യം കൊടുക്കും .അവളോടൊപ്പം ഞാനും കുറച്ചു നേരം ഇരുന്നു .പ്രണയ നഷ്ടം കേരളത്തിലെയോ ഡൽഹിയിലോ എവിടെയുള്ള പെണ്കുട്ടികയാലും,ആൺകുട്ടിക്കായാലും എല്ലാവർക്കും ഉണ്ടാകുന്നത് ഒരേ വേദനതന്നെയാണ് .ഒരേ കണ്ണീരും .
എന്റെ ടിഫിൻ ബോക്സുംആയി ഞാൻ കിച്ചണിലേക്കു ചെല്ലുമ്പോൾ ഷിയാന്റി ഓരോ തരം ഭക്ഷണവും മേശയിലേക്കു മാറ്റിവയ്ക്കുകയാണ് .ഷിയാന്റി പതിവുപോലെ ഒരു നിറഞ്ഞ പുഞ്ചിരി എനിക്ക് സമ്മാനിച്ചു .ഷിയാന്റിയാണ് ഈ പിജി യുടെ ഉടമസ്ഥ.ഞങ്ങൾ എല്ലാവരും ഒരു ഇരുപതുപേരിൽ കൂടുതൽ കാണും .പക്ഷേ ഷിയാന്റിയാണ് എല്ലാവർക്കും ഭക്ഷണം ഉണ്ടാക്കുന്നത് .കൂടെ സഹായത്തിനായി ആന്റിയുടെ ഭർത്താവു കാഹിൽ അങ്കിളും കാണും .ഡൽഹിയിൽ വന്നിട്ട് മനസിന്‌ ഇഷ്ടപെട്ടത് കഴിക്കുന്നത് ഇവിടെ വന്നതിന് ശേഷമാണ് .ഇരുപത്തിരണ്ടു വർഷമായിട്ടും ഷിയന്റിക്കും അങ്കിളിനും ഒരു കുഞ്ഞില്ല .പക്ഷേ എല്ലവരോടും അവർ ചിരിച്ചുകൊണ്ട് വളരെ സന്തോഷത്തോടെ സംസാരിക്കുന്നതെ ഞാൻ ഇതുവരെ കണ്ടിട്ടുള്ളു .
പി .ജി യിൽ നിന്നും ഇറങ്ങുമ്പോൾ ഓരോ ബാഗും കസ്‌തൂരി ഓട്ടോറിക്ഷയിലേക് കയറ്റുകയാണ് .അവൾ എന്നെ കണ്ടതും ചിരിച്ചു കൊണ്ട് പറഞ്ഞു .
"ലക്ഷ്മി അക്കാ വന്തിടുവാറാ.. നാൻ ഓഫീസ് പക്കം വിട്ടിടാം ...."
ഞാനും അവളോടൊപ്പം ഓട്ടോറിക്ഷയിൽ കയറി .അവൾ അവളുടെ നാട്ടിൽ പൊങ്കലിന് പോകുകയാണ് .ഇടയ്ക്കെപ്പോഴോ ഞാൻ പറഞ്ഞു .
'വീട്ടിൽ പോയി ആഘോഷിക്കാമല്ലോ ?'എന്നു .പക്ഷേ അവളുടെ പുഞ്ചിരിയോടെയുള്ള മറുപടി മറ്റൊന്നായിരുന്നു .കസ്തുരിയെയും കാത്തു അവളുടെ അപ്പ അവിടെയുണ്ടാകും .അമ്മ മരിച്ചിട്ട് ഒരു വർഷം ആകുന്നേയുള്ളു .അവൾ അവളുടെ ചിരികൊണ്ട് മനസിലെ വേദന കടിച്ചമർത്തിയിരുന്നു .എന്തൊകെയോ ചോദിക്കാൻ വന്നെങ്കിലും എനികൊന്നും ചോദിക്കാൻ കഴിഞ്ഞില്ല .ചില നേരങ്ങളിൽ മറ്റുള്ളവരുടെ ജീവിത യാഥാർഥ്യങ്ങൾക്ക് മുന്നിൽ ഒന്നും പറയാൻ കഴിയാതെ നിശബ്‍ദയായി ഇരിക്കേണ്ടി വരും നിസഹായാവസ്ഥയിൽ .
ഓഫീസിൽ എത്തിയപ്പോഴേക്കും വളരെ വൈകിയിരുന്നു .ചിലരൊക്കെ എന്റെ വരവ് ശ്രദ്ധിക്കുന്നതായി എനിക്ക് തോന്നി .ഞാൻ ഒന്നും മിണ്ടാതെ എന്റെ സീറ്റിൽ വന്നിരുന്നു . സൂസൻ മാഡം തന്റെ കണ്ണട ഒന്നു മാറ്റി എന്നെ ഗൗരവത്തിൽ നോക്കിയിട്ട് താമസിച്ചത് എന്തെയെന്നു അന്വേക്ഷിച്ചു .ഒരു ഒഴുക്കൻ മട്ടിൽ ബസ്‌ കിട്ടാൻ വൈകി എന്നു പറഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി .സൂസൻ മാഡത്തിനു സ്കൂളിൽ പോകുന്ന രണ്ടുകുട്ടികളും വയസായമ്മയും ഉണ്ട് വീട്ടിൽ .ഇവരുടെയെല്ലാം കാര്യങ്ങളൊക്കെ നോക്കി വളരെ കൃത്യ സമയത്ത് തന്നെ അവർ ഓഫീസിൽ എത്തുന്നു .വീട്ടിൽ ജോലിക്കാരിപോലും സഹായത്തിനു ഇല്ല .ഞാൻ എന്തേ ഇങ്ങനെയെന്ന് ഓർത്തു .
ടിഫിൻ ബോക്സുമായി ഉച്ചഭക്ഷണം കഴിക്കാൻ പോകുമ്പോൾ സൂസൻ മാഡം സമീറയെപ്പറ്റി ചോദിക്കാൻ മറന്നില്ല.അവളുടെ ഭർത്താവു വന്നിട്ടുണ്ട് ലീവിന് .ഇനി കുറച്ചു ദിവസം അവളും ലീവ് ആണെന്ന് പറഞ്ഞു ഞാൻ നടക്കുമ്പോൾ .ഫൗസിയ ആരോടിന്നില്ലാതെ പറയുന്നത് കേട്ടു .
"ഫേസ്ബുക്കിൽ ഇനി മുഴുവനും സമീറയുടെ ഫോട്ടോയാകും ..."
അതിനു രാഹുൽ ആരോടിന്നില്ലാതെ ഒരു ഉത്തരവും പറഞ്ഞു .അതു എന്നെയും ചിന്തിപ്പിച്ചു .ഒരൊർതർക്കും ഓരോ ഇഷ്ടങ്ങളാണ് .പലരുടെയും സന്തോഷം പലതാണ് .അവർ സന്തോഷിക്കട്ടെ അതു മറ്റുള്ളവർക് ഉപദ്രവമല്ലല്ലോ ?അതിനെതിരെ ഒരു അപരാധമായി നമ്മൾ എന്തിനു ചിന്തിക്കണം .അനാവശ്യമായ ചില ചിന്തകൾ .
സമീറ ഇല്ലാത്തതുകൊണ്ട് കാന്റീനിൽ ഇരിക്കുമ്പോൾ വല്ലാത്തൊരു വിഷമം തോന്നി .എപ്പോഴും കൂടെ ഒരാൾ അതും നമ്മളെ മനസിലാക്കുന്ന ഒരാൾ ഉണ്ടായിട്ട് ഒരു നിമിഷനേരംപോലും അവർ ഇല്ലെങ്കിൽ വല്ലാത്തൊരു ശൂന്യതയാണ് .കഴിക്കുമ്പോൾ അകലെ നിന്നും ടിഫിൻ ബോക്സുമായി ഡിക്രൂസ് സർ വരുന്നത് കണ്ടു .അസിസ്റ്റന്റ്‌ മാനേജർ ആണെങ്കിലും സർ എല്ലാവരോടും സംസാരിക്കാറുണ്ട് .സമീറ പറയുന്നത് കേട്ടിട്ടുണ്ട് .ആളൊരു പഞ്ചാരയാണെന്നു .ഞാൻ പുതിയത് ആയതു കൊണ്ട് കൂടുതലായി എന്നോട് മിണ്ടാൻ വന്നിട്ടില്ല .അയാൾ എന്നെ കണ്ടതും എന്റെ എതിർവശത്തായി വന്നിരുന്നു .അയാൾ സംസാരിച്ചു കൊല്ലുമെന്ന് മനസുകൊണ്ട് ഞാൻ വിചാരിച്ചു .അയാൾ സംസാരിച്ചു തുടങ്ങിയപ്പോൾ ഞാൻ കരുതിയ ആളെയല്ലാന്നു മനസിലായി .അയാൾ ഒരു കര്ണാടകക്കാരനായിരുന്നു .ഡൽഹിയിൽ എത്തിച്ചേർന്നിട്ട് ഇരുപത്തഞ്ചു വർഷം കഴിഞ്ഞു .തന്റെ മകൾക് രണ്ടു വയസുള്ളപ്പോൾ ഭാര്യ വേറെ ഒരാളോടൊപ്പം ഇറങ്ങിപ്പോയി .മോൾക്ക്‌ 23 വയസ് ആയെങ്കിലും അവൾ ഇപ്പോളും വേറെ ഒരു ലോകത്താണ് .അവള്ക്ക് ഓട്ടിസമാണ് .അയാളുടെ പ്രായമായ അമ്മയാണ് അവളെ നോക്കുന്നത് .അയാളുടെ എല്ലാമെല്ലാമാണ് അവൾ .അയാൾ എങ്കിലും മറ്റുള്ളവര്ക്ക് മുന്നിൽ വളരെ സന്തോഷാവാനായിരുന്നു .ആരും കരുതില്ല അയാൾക്കു ഇങ്ങനെയൊരു കഥയുണ്ടെന്നു .അയാൾ എന്നെ 'മോളേ ' എന്നു മാത്രമേ സംസാരത്തിനിടയിൽ വിളിച്ചിട്ടുള്ളു .ആ വിളി കേട്ടപ്പോൾ അരികെ അച്ഛൻ ഉള്ളതുപോലെ തോന്നി .ആരും നാം മനസ്സിൽ കാണുന്നതുപോലെ അല്ല ,അടുത്തറിയുമ്പോഴേ അവരുടെ ആഴങ്ങൾ മനസിലാക്കാൻ കഴിയൂ .
ഓഫീസിൽ നിന്നും വളരെ നേരത്തെ ഇറങ്ങി റൂമിൽ വന്നു കയറിയതും ശരണിന്റെ കാൾ വന്നു .
"ലച്ചു ..നീ റെഡി ആയില്ലേ ?"
"ശരൺ ഹാഫ് ആൻ ഹൗർ നുള്ളിൽ ഞാൻ ഇറങ്ങാം "
ശരൺ !ആദ്യമായി ഞാൻ ഡൽഹിയിൽ വരുമ്പോൾ ട്രെയിനിൽ വച്ചു പരിചയപ്പെട്ടതാണ് .അന്ന് അച്ഛനും ഉണ്ടായിരുന്നു എന്റെ ഒപ്പം .വളരെ പെട്ടെന്ന് തന്നെ അവൻ അച്ഛനുമായി നല്ലൊരു സൗഹൃദത്തിലായി .പിന്നെ ഞങ്ങളും നല്ല കൂട്ടുകാരായി .അവൻ ഇവിടെ ഡി.ആർ .ഡി യോയിൽ സീനിയർ എഞ്ചിനീയർ ആണ് .ജീവിതത്തിൽ എവിടെപ്പോയാലും നമുക്ക് വേണ്ടി ഒരു കൂട്ടുകാരി അല്ലെങ്കിൽ ഒരു കൂട്ടുകാരനെ ദൈവം കരുതിവച്ചേക്കും .നമുക്ക് പരസപരം നന്നായി അറിയാം .അവൻ ഇല്ലായിരുന്നുന്നെങ്കിൽ ഈ ഡൽഹിയിൽ ഞാൻ തീർത്തും ഒറ്റപെട്ടു പോകുമായിരുന്നു .ഇന്ന് ഞങ്ങൾ ഒരു അമ്പലത്തിൽ പോകുകയാണ് .ഇതുവരെയും പോകാത്ത ഒരു ക്ഷേത്രം .
കുളികഴിഞ്ഞു അലമാരയിൽ ഇരിക്കുന്ന ചുരിദാർ തിരയുമ്പോൾ സാരി ഉടുത്താലൊന്നു ആഗ്രഹിച്ചു .കണ്ണാടിയിൽ നോക്കി ഒരു ചുമന്ന പൊട്ട് നെറ്റിയിൽ തൊടുമ്പോൾ താൻ സാരിയിൽ സുന്ദരിയാണോ എന്ന് സ്വയം നോക്കി നിന്നു .ബാഗും മൊബൈലും എടുത്തു ധൃതിയിൽ നടന്നു ഗേറ്റിനരികിൽ എത്തിയപ്പോൾ ശരൺ ബൈക്കുമായി എന്നെ കാത്തു നിൽക്കുകയായിരുന്നു .അവൻ എന്നെ കണ്ടതും കളിയാക്കി ചിരിക്കാൻ തുടങ്ങി .
"സാരിയിൽ ആണല്ലോ സത്യം പറയെട്ടെ കൊള്ളില്ല .."
അപ്പോഴേക്കും എന്റെ ആത്മവിശ്വാസമൊക്കെ തകർന്നു .
"ലച്ചു മുഖം കറുപ്പിക്കണ്ട താൻ സുന്ദരിയൊക്കെ തന്നെയാ ...പെട്ടെന്നു കയറുന്നുണ്ടോ ?"

ശരണിന്റെ ബൈക്കിനു പുറകിൽ അനുസരണയുള്ള ഒരു പൂച്ച കുഞ്ഞിനെപ്പോലെ ഇരിക്കുമ്പോൾ താൻ ഇന്നു കണ്ട സ്വപനം മനസിലേക്ക് ഓടിയെത്തി .എല്ലാം പറഞ്ഞുവെങ്കിലും എന്തോ ആ സ്വപനത്തിനെപ്പറ്റി അവനോടു പറയാൻ തോന്നിയില്ല .
ക്ഷേത്രത്തിൽ നിറയെ തിരക്കായിരുന്നു .അന്തിമയങ്ങാൻ കാത്തു നിൽക്കുന്ന സൂര്യനെ സാക്ഷി നിർത്തി ഓരോ പടികളായി ദർശനം കഴിഞ്ഞു ഞങ്ങൾ ഇറങ്ങാൻ തുടങ്ങി .തെല്ലുനേരം ആ പടിയിൽ ഇരുന്നു .ശരൺ എന്നോടായി പറഞ്ഞു .
"ലച്ചു ..എനിക്ക് നിന്നെ ഇഷ്ടമാണ് ..."
ഞാൻ ഒന്നു ചിരിച്ചു .മനസുകൊണ്ട് ഞാൻ സന്തോഷിക്കുകയായിരുന്നു .മനസുകൊണ്ട് ആഗ്രഹിച്ചത് എന്തോ കൈവന്നപോലെ .ഞാൻ ചിരിച്ചുകൊണ്ട് അവന്റെ കണ്ണുകളിലേക്കു നോക്കി ഞാൻ ചോദിച്ചു .
"എന്നിട്ട് ....?"
"തമാശയല്ല ലച്ചു .ഐ വാണ്ട്‌ ടു മാരി യൂ ..."
"സീരിയസാണോ ...?"
"ഇപ്പോൾ എന്റെ വീട്ടിൽ മാര്യേജ് നോക്കുകയാണെന്നു നിനക്കുമറിയാല്ലോ ?"
"അറിയാം ..."
"എന്നാൽ എന്റെ വീട്ടിൽ വന്നു പ്രൊപ്പോസ് ചെയ്യാമോ ?"
"ലച്ചൂന് എന്നെ ഇഷ്ടമാണൊന്ന്‌ ഇതുവരെ പക്ഷേ പറഞ്ഞില്ലല്ലോ ?"
"ഇഷ്ടമായതുകൊണ്ടാണാലോ ഇങ്ങനെ പറഞ്ഞെ ശരൺ .നമുക്ക് പരസ്പരം നന്നായി അറിയാം ....പിന്നെന്താ ഇതുപോരെ ..?"
"അല്ല ലച്ചു നമുക്ക് രണ്ടു വർഷം പ്രണയിച്ചിട്ട് പിന്നെ വീട്ടിൽ വന്നു പ്രൊപ്പോസ് ചെയ്യാം .."
അവന്റെ ആ മറുപടിയിൽ എന്റെ സാന്തോഷങ്ങളൊക്കെ പടികടന്നുപോയി .
"ശരൺ !എനിക്ക് വേണമെങ്കിൽ എല്ലാം ഒളിപ്പിച്ചു വയ്ക്കാം .എനിക്ക് നിന്നെ ഇഷ്ടമാണ് .ഒരുപക്ഷേ ,നിന്നെ ഞാൻ അങ്ങോടു പ്രൊപ്പോസ് ചെയ്യുമായിരുന്നു .എനിക്കും പ്രണയിച്ചു നടക്കാൻ ആഗ്രഹം ഉണ്ട് .വീട്ടിൽ വന്നു പ്രൊപ്പോസ് ചെയ്ത ത്തിനു ശേഷവും പ്രണയിക്കാം .മനസുകൊണ്ട് വീട്ടുകാരെയും എന്നെ കാണാനായി വരുന്നവരുടെ മുന്നിലും അഭിനയിക്കാൻ എനിക്ക് വയ്യാ ..."
"ലച്ചു ....അതൊന്നും ഞാൻ ചിന്തിച്ചില്ല "
"ശെരി ശരൺ ,വേണെമെങ്കിൽ എനിക്ക് നിന്നെ ഇഷ്ടമല്ലാന്നു പറയാം .എല്ലാർക്കും ഇഷ്ടം പറയാൻ എളുപ്പമാണ് .അതു ജീവിതത്തിലേക്ക് കൊണ്ട് പോകാൻ ബുദ്ധിമുട്ടും .ജീവിതത്തിൽ എല്ലാ ഇഷ്ടങ്ങളും നടക്കണമെന്നില്ലല്ലോ ?......"
വാക്കുകൾ കിട്ടാതായപ്പോൾ ഞാൻ എഴുന്നേറ്റു .
"ഞാൻ പോകുകയാണ് ശരൺ ...നമ്മൾ എപ്പോഴും നല്ല സുഹൃത്തുക്കൾ ആയിരിക്കും ...ഇതുപോലെ "
ഞാൻ ഒന്നും പ്രതീക്ഷികാതെ മുന്നോട്ടു നടന്നു .പുറകിൽ നിന്നും ശരൺ വിളിച്ചു പറഞ്ഞു .
"ഞാൻ കൊണ്ട് വിടാം ലച്ചു ...."
"വേണ്ടാ ശരൺ ,ഇനി ഒറ്റയ്ക്കു നടന്നു പടിക്കണമല്ലോ ??"
തിരിഞ്ഞ് നോക്കാൻ എന്തോ തോന്നിയില്ല .ടാക്സിയിൽ കയറുമ്പോൾ മനസൊന്നു പിടച്ചു .മനസു തേങ്ങുകയാണ് .ആത്മാർഥമായി രണ്ടുപേരും ആഗ്രഹിച്ചാൽ മാത്രമേ ചില ഇഷ്ടങ്ങൾ ജീവിതത്തിൽ കൂടെയുണ്ടാകുകയുള്ളു .കണ്ണിൽ നിന്നും ഉതിർന്നു വീണ കണ്ണുനീർ തുടയ്ക്കുമ്പോൾ അച്ഛന്റെ കാൾ വന്നു .എടുക്കാൻ മനസു അനുവദിച്ചില്ല .തുടരെ തുടരെ കാൾ വന്നപ്പോൾ എടുത്തു .
"ലച്ചു മോളേ ........."
ഉള്ളിൽ നിന്നും വരുന്ന തേങ്ങലിനെ ഒതുക്കി സംസാരിക്കാൻ തുടങ്ങുമ്പോൾ വാക്കുകൾ പുറത്തേയ്ക്കു വന്നില്ല .
"ലച്ചു ...."
"അച്ഛാ ...."
മനസു വിതുമ്പികൊണ്ടു വാക്കുകൾ പുറത്തേയ്ക്കു വന്നു .
"എന്താ മോളേ വിഷമം ?നാട്ടിൽ വരാൻ തോന്നുണ്ടോ ?"
പെട്ടെന്നു എല്ലാ വിഷമങ്ങളും മനസിലേക്കു ആഴ്ത്തിയിറക്കി ഞാൻ പറഞ്ഞു .
"എല്ലാ അച്ഛാ ...ഈ ഡൽഹിക്കു ഇനിയും എന്നെ എന്തൊകെയോ പഠിപ്പിക്കാനുണ്ട് ....എനിക്കിനി ഒറ്റയ്ക്കു പഠിക്കണം .."
പെട്ടെന്നു ഞാൻ ഫോൺ കട്ട്‌ ചെയ്തു .പുറത്തേയ്ക്കു നോക്കിയിരുന്നു .മനസ്സിൽ ചില ചിന്തകൾ വേട്ടയാടിക്കൊണ്ടിരുന്നു .തുടർച്ചയായുള്ള ഹോണടി മനസിനെ ചിന്തകളുടെ ലോകത്തു നിന്നും കൂട്ടി കൊണ്ട് വന്നു.അപ്പോഴേക്കും ടാക്സി എന്റെ പി .ജി യുടെ ഗേറ്റിനരികിൽ എത്തിയിരുന്നു.ടാക്സിക്കാരൻ ചിരിച്ചു കൊണ്ട് 'മാഡം ' എന്ന് വിളിച്ചു .അയാൾ തന്റെ ഉന്തി നിൽക്കുന്ന പല്ലുകൾക്കിടയിലും വളരെ ആത്മവിശ്വാസത്തോടെ ചിരിക്കുകയാണ് .അയാൾക്ക് എന്റെ കൈയിൽ നിന്നും കാശു വാങ്ങി തിരികെ പോകണം എന്ന പ്രതീക്ഷയാണു ആ ചിരിയിൽ നിറഞ്ഞു നിൽക്കുന്നത് .എങ്കിലും അയാൾക്കും കാണും ചിരികൾക്കപ്പുറം ചില ജീവിതങ്ങൾ .
Reshma S.Devan

അവൾ ചിരിക്കട്ടെ.....


അവൾ ചിരിക്കട്ടെ.....
***************************
സമയം 4. 11 പി. എം. ഇനിയും ഉണ്ട് സമയം ബാക്കി. ലഗേജുമായി ഓരോ ട്രെയിനിൽ നിന്നും ഇറങ്ങുന്ന യാത്രക്കാർ. പരസ്പരം സംസാരിച്ചു നീങ്ങുന്ന ചിലർ. ചായ.... കാപ്പി.... വിളികളുമായി പ്ലാറ്റഫോമിൽ നിന്നും പ്ലാറ്റഫോമിലേക്കു ചാടുന്ന കുറച്ചുപ്പേർ.ആകെ ബഹളമയമാണിവിടം. ട്രെയ്നിന്റെ ചൂളം വിളി അടുത്തടുത്ത്‌ വരുന്നു. അപ്പോഴും അനൗൺസ്‌മെന്റ്റ് ഭംഗിയായി നടക്കുന്നുണ്ടായിരുന്നു. ഞാൻ ചുറ്റിനും നോക്കി പരിജയമുള്ള ഒരു മുഖവുമില്ലെന്നു മനസിലാക്കി ഞാൻ എന്റെ ഹെഡ്സെറ്റുമായി ചില ഇഷ്ടപ്പെട്ട പാട്ടുകളുമായി ആ ചെയറിൽ ഇരുന്നു. അടുത്തായി ഇരിക്കുന്ന സായിപ്പ് ചേട്ടൻ ഏതോ ബുക്ക്സ് വായിക്കുകയാണ്. അയാൾ ഇടയ്ക്കിടയ്ക്കു എന്നെ നോക്കുണ്ടായിരുന്നു. പുച്ഛത്തോടെ ആണോന്നറിയില്ല. പലപ്പോഴും ബംഗാളികൾ ഹെഡ്സെറ്റുമായി ഇരിക്കുമ്പോൾ നമ്മൾ മലയാളികൾ നോക്കുന്ന ആ പുച്ഛഭാവം അയാളുടെ കണ്ണുകളിൽ പാറുന്നുണ്ടായിരുന്നോ ?
'എനിക്ക് ബുക്ക്സ് വായിക്കാൻ ഇപ്പോൾ സമയമില്ല സായിപ്പേ
'
എന്നൊരു നോട്ടഭാവം കാട്ടി ഞാനുമൊരു മലയാളിയായി. നെറ്റ് ഓൺ ചെയ്തപ്പോൾ ചറപറാന്നു വാട്സപ്പ്പ് മെസ്സേജുകൾ.. അതിലൂടെ ഒന്നു കണ്ണോടിച്ചിരിക്കുമ്പോൾ പുറകിൽ നിന്നും ഒരു വിളി.
"ചേച്ചി.... "
"ഇതാരാണാവോ ഇവിടെ ചേച്ചിന്നു വിളിക്കാൻ ഏതെങ്കിലും ജൂനിയർ ആകും "
തിരിഞ്ഞ് നോക്കുമ്പോൾ കൈയിൽ വലിയൊരു ബാഗും തൂക്കിപിടിച്ചു നീലയിൽ കറുപ്പ് പുള്ളികൾ ഉള്ള ഒരു ചുരിദാറുമിട്ടു ഒരു പെൺകുട്ടി.അവൾ, തന്റെ തലയിൽ നിന്നും ഉതിർന്നു വീഴുന്ന ഷാളുകൊണ്ടുള്ള തട്ടം ഒന്നു നന്നായി പിടിച്ചു വച്ചു, എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ വിടർന്ന സുറുമയെഴുതിയ പാരിജാത മിഴികൾ ചുണ്ടിനെക്കാൾ മനോഹരമായി പുഞ്ചിരിച്ചു. അതെ !ആ പുഞ്ചിരി ഞാൻ എവിടെയോ കണ്ടിട്ടുണ്ട്. പക്ഷേ... ഓർമ്മകൾ പുറകോട്ടു വലിക്കുമ്പോൾ എവിടെയൊക്കെയോ തടയുന്നു.
"ചേച്ചിക്ക് എന്നെ ഓർമ്മയുണ്ടോ ?"
അവൾ എന്റെ അരികിലുള്ള ചെയറിലേക്കു ഇരുന്നു.
"ഈശ്വരാ.... ഇതൊരു കുഴയ്ക്കുന്ന ചോദ്യമാണ്.. എവ്ടെയാന്നെന്നറിയില്ല. പക്ഷേ.... കണ്ടിട്ടുണ്ട്. ഈ ചിരി എപ്പോഴോ എന്റെ മനസ്സിൽ പതിഞ്ഞതാണ്. എവിടെയാണു ?സ്കൂളിലെയോ കോളേജിലെയോ ജൂനിയർ ആണോ ?നിമിഷങ്ങളോളം എന്റെ തലച്ചോറ് ഓർമകളെ ഹരിച്ചും ഗുണിച്ചും നോക്കി. ആ മുഖത്തു നോക്കി എങ്ങനെപറയും ഓർമ്മയില്ലെന്നു. ഞാൻ കുഴങ്ങി. പലപ്പോഴും പലരും ജീവിതത്തിന്റെ പലഘട്ടത്തിൽ ഓർമ്മകളായി വരും. പക്ഷേ... ജീവിതത്തിന്റെ കുത്തൊഴുക്കിൽ ഓരോരുത്തരും തിരക്കിലായിപ്പോകും. ആ തിരക്കിൽ ചില ഓർമ്മകളെ വീണ്ടും പുതുക്കാൻ ഞാനും മറന്നുപോകും.
"ചേച്ചിക്ക് എന്നെ മനസിലായി കാണില്ല. അല്ലേ ?ചേച്ചിക്ക് ചില മാറ്റങ്ങൾ ഉണ്ടെങ്കിലും എനിക്ക് മനസിലായി..... "
വീണ്ടും അവൾക്കു മുന്നിൽ ഞാനൊന്നു ചെറുതായി.
"ഓർമ്മയുണ്ടോ ? ചേച്ചി കോളേജിൽ പഠിക്കുമ്പോൾ നമ്മൾ ഒരുമിച്ചു ഇതുപോലെ അടുത്തടുത്ത സീറ്റിൽ ഇരുന്നു പോയിട്ടുണ്ട് ബസ്സിൽ. "
അവളുടെ ചോദ്യം എന്റെ എന്റെ ഭൂതകാല ഓർമ്മകളെ ഓരോന്നായി വിളിച്ചുണർത്തി. അവളുടെ നിഷ്കളങ്കമായ പുഞ്ചിരി.... സുറുമയെഴുതിയ ആ പാരിജാത മിഴികൾ. അതെ !അവൾ തന്നേയാണ് ഹസ്ന !
"ഹസനയല്ലേ ?"
"അതെ... ചേച്ചി അപ്പോൾ മറന്നിട്ടില്ല അല്ലേ ?"
ജീവിതത്തിന്റെ ഏടുകളിൽ ചിലരെ നമ്മുടെ മനസിന്റെ ഏതോകോണിൽ അവരുടെ രുപം കൊത്തി വച്ചിരിക്കും. ചിലപ്പോൾ ഒരു നിമിഷം മാത്രമായിരിക്കും അവരെ നമ്മൾ കണ്ടിട്ടുള്ളത്..... സംസാരിച്ചിട്ടുള്ളത്... പക്ഷേ.., അവളെയും ഞാൻ എന്റെ മനസ്സിൽ കൊത്തി വച്ചിട്ടുണ്ടെങ്കിൽ എന്റെ മനസ്സിൽ അവൾ ഒരു സുന്ദരമായ പ്രകാശം പരത്തിയത് കൊണ്ടാകാം.
രണ്ടു മൂന്ന് വര്ഷണങ്ങൾക്കു മുൻപ്, ബിടെക് പരീക്ഷയുടെ സമയം. പാതിരാത്രിയിൽ വായിച്ചിട്ടും തീരാതെ ബസ്സിൽ ഇരുന്നു ബുക്സിന്റെ അങ്ങോളം ഇങ്ങോളം വലിച്ചു നീട്ടി വായിച്ചിരിക്കുന്ന നേരം. അടുത്തു ആരോ വന്നിരിക്കുന്നു എന്ന് മനസ്സിലായിട്ടും ആരെണെന്നു പോലും നോക്കാതെ ഞാൻ വായിക്കുകയായിരുന്നു. ഇടയ്ക്കെപ്പോഴോ എന്റെ കാൽ ഒരു സഞ്ചിയിൽ തട്ടി. ഞാൻ ആ സഞ്ചി പതുക്കെ നീക്കുമ്പോൾ ഒരു ശബ്ദം.
"ചേച്ചി അത് തട്ടരുതേ... അത് കുറച്ചു മാമ്പഴമാണ്‌ ".
ഞാൻ അടുത്തിരിക്കുന്ന ശബ്ദത്തിന്റെ ഉടമയെ നോക്കി. ഒരു വെള്ള നിറത്തിലെ ചുരിദാറിട്ടു, അഴിഞ്ഞു വീഴുന്ന തട്ടം മുടിയിലേക്കു പിടിച്ചു വച്ചു, സുറുമയെഴുതിയ പാരിജാത മിഴിയുമായി ചിരിക്കുന്ന ഒരു പെൺകുട്ടി. ഞാനും ഒന്നു ചിരിച്ചു.
"ചേച്ചിക്ക് എക്സമാണോ ?"
"അതെ .. കുട്ടി എവിടെ പോകയാണ് ?"
"എന്റെ ഒരു ടീച്ചറെ കാണാൻ. പഠിച്ചു ഇറങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. പക്ഷേ.. ആ ടീച്ചറെ വല്ലപ്പോഴും കണ്ടില്ലെങ്കിൽ എന്തോ ഒരു വിഷമം ആണ്.മാമ്പഴം ടീച്ചറിനു വളരെ ഇഷ്ട്ടമാണ്. എന്നും പോകുമ്പോൾ എന്തെങ്കിലും സ്പെഷ്യൽ ഞാൻ കൊടുക്കാറുണ്ട്. "
അവള്ക്ക് ടീച്ചറിനോടുള്ള സ്നേഹം കണ്ടപ്പോൾ എന്തോ അവളെ കുറിച്ച് കൂടുതൽ അറിയാൻ ഒരു കൗതുകമായി.
"കുട്ടിയുടെ പേര് എന്താണ് ?"
"ഹസ്ന !"
"എന്ത് പഠിക്കാ ?"
"ചേച്ചി ഞാൻ ഇപ്പോൾ ഒന്നും ചെയ്യുന്നില്ല. അടുത്ത വർഷം നഴ്‌സിങ്ങിനു പോകണം.... എന്നാണ് ആഗ്രഹം. ഇൻഷാ ആള്ളാ..... "
"അതെന്താ ഈ ഇയർ പോകാത്തെ ?ഒരു ഇയർ പോയില്ലേ ?"
"ചേച്ചി വീട്ടിൽ കുറച്ചു കഷ്ടപ്പാടാണ്. ഇപ്പോൾ ഓരോ ദിവസവും തള്ളി നീക്കുന്നത് തന്നെ വളരെ കഷ്ടപ്പെട്ടാണ്... ഇപ്പോൾ കാണാൻ പോകുന്ന ടീച്ചർ സഹായിക്കുമെന്ന് പറഞ്ഞിട്ടുണ്ട്... പഠിക്കാനായി.... "
പിന്നെ അവൾ ഓരോന്നായി പറയാൻ തുടങ്ങി. വീട്ടിൽ വളരെ ബുദ്ധിമുട്ടാണ്. അവളുടെ വാപ്പ അവൾക്കു രണ്ടു വയസുള്ളപ്പോൾ അവളെയും ഉമ്മയെയും അവളുടെ സഹോദരിയെയും ഉപേക്ഷിച്ചു പോയി. പിന്നെ ഉമ്മ അവരെ വളർത്തിയത്‌ കെട്ടിട പണിക്കു സഹായിയായി പോയാണ്. കുറച്ചു സമ്പാദിച്ചതെല്ലാം അവളുടെ സഹോദരിയുടെ കല്യാണത്തിന് സ്ത്രീധനമായി കൊടുത്തു. ഒരു കുഞ്ഞായപ്പോൾ സ്ത്രീധനം തികഞ്ഞില്ല എന്ന കാരണം പറഞ്ഞു അയാൾ അവളുടെ ഇത്താത്തയെ മൊഴി ചൊല്ലി. ആ ഇത്താത്തയും കുഞ്ഞും ഇപ്പോൾ ഹസ്നയുടെ വീട്ടിൽ ആണ്. മതത്തിനു വേണ്ടി പ്രസംഗിക്കുന്ന അവളുടെ സമുദായത്തിലെ പലരും പലതും കണ്ടില്ലെന്നു നടിച്ചു. പഠിക്കണമെന്ന മോഹം ഉണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം ഇപ്പോൾ വേണ്ടാന്ന് വച്ചു. പിന്നെയും പഠിക്കാമല്ലോ...
"എങ്കിലും ചേച്ചി ഞാൻ പഠിക്കും. ഇതൊരു സാഹചര്യം മാത്രമാണ്. ഒന്നുമില്ലെന്ന്‌ കരുതി ഞാൻ വിഷമിക്കില്ല. എന്നാൽ ജീവിതത്തിൽ വിഷമം മാത്രേ എനിക്ക് കാണുള്ളൂ.ഇതൊക്കെ മാറുന്ന ഒരു ദിവസം ഉണ്ടാകും . ഞാൻ പ്രാർത്ഥിക്കുന്ന അള്ളാഹു എപ്പോഴും എന്റെ കൂടെയുണ്ട് ചേച്ചി... "
അവൾ പറഞ്ഞ വാക്കുകൾ ഇന്നും എന്റെ ഹൃദയത്തിൽ ഉണ്ട്. ഒരു പതിനെട്ടോ പത്തൊമ്പതോ വയ്സുള്ള പെൺകുട്ടി...അവളുടെ ആത്മവിശ്വാസം... ജീവിതത്തോടുള്ള കാഴ്ചപ്പാട്... അന്ന്, യാത്ര പറഞ്ഞിറങ്ങുംമ്പോൾ ഇനിയും എവ്ടെയെങ്കിലും വച്ചു കാണാം ചേച്ചി എന്ന് പറഞ്ഞവൾ ഇറങ്ങി.
"ചേച്ചി എന്നെ മറക്കുമോ എന്ന് എനിക്കറിയില്ല. "
അവൾ വീണ്ടും നിഷ്കളങ്കമായി പുഞ്ചിരിച്ചു.
എന്താന്നറിയില്ല എന്റെ മനസ്സിൽ ഓർമ്മകൾ മാറാലകെട്ടിയ ഏതോ ഒരു കോണിൽ അവളുടെ മുഖം പതിഞ്ഞു കിടക്കുകയായിരുന്നു. അവളുടെ ആത്മവിശ്വാസം അവളെ രക്ഷിച്ചു. അവളുടെ സാഹചര്യം മാറി. അവളിന്ന് ബംഗ്ലൂർ ഒരു ഹൊസ്പിറ്റലിലെ നേഴ്സ് ആണ്. അപ്പോഴേക്കും ബംഗ്ലൂർ എക്സ്പ്രസ്സ്‌ വന്നു. അവൾ യാത്ര പറഞ്ഞിറങ്ങി. ജാലകത്തിനരികിൽ ഇരുന്നു അവൾ എന്നെ നോക്കി കൈവീശി. ആ നിഷ്കളങ്കമായ പുഞ്ചിരിയിൽ വിടർന്ന ആ പാരിജാത മിഴികൾ കാണാൻ ഒരു ഭംഗി ഉണ്ടായിരുന്നു. ഇടയ്ക്കവൾ പറയാൻ മറന്നില്ല, അവളെ മനസിലാക്കുന്ന അവളുടെ എല്ലാ ദുഖവും അറിയുന്ന ഒരാൾ, അവളെ അയാളുടെ ജീവിതത്തിലെ ഹൂറിയായി സ്വാഗതം ചെയ്തകാര്യം. അയാളുമൊത്തു അവളുടെ കല്യാണം ഉറപ്പിച്ചിരുന്നു . അവളുടെ ഖല്ബിലെ ആ സുൽത്താൻ അവളുടെ ഉമ്മയെപോലെയോ ഇത്താത്തയെ പോലെയോ അവളെ ഉപേക്ഷിച്ചു പോകാതിരിക്കട്ടെ..... ഇനിയും ആ പാരിജാത മിഴികൾ നിറയാതിരിക്കട്ടെ....
ഇനിയും നിഷ്കളങ്കമായി അവൾ ചിരിക്കട്ടെ......
Reshma S. Devan

ചാറ്റൽ മഴ തോരാതിരുന്നെങ്കിൽ ...


ചാറ്റൽ മഴ തോരാതിരുന്നെങ്കിൽ ...
***************------**************
ആ ചാറ്റൽ മഴയിൽ ദാസേട്ടന്റെ ചായക്കടയിലേക്കു ഓടിക്കയറുമ്പോൾ ദാസേട്ടൻ പതിവുപോലെ പല്ലില്ലാത്ത തന്റെ മോണകാട്ടി ആത്മവിശ്വാസത്തോടെ എന്നെ നോക്കി ചിരിച്ചു .തലയിൽ നിന്നും ഇറ്റു വീഴുന്ന മഴത്തുള്ളികളെ കൈകൊണ്ടു തട്ടിമാറ്റുമ്പോൾ പിന്നിൽ നിന്നും ഒരു വിളി .
"ടാ ......ഇങ്ങു പോന്നേരെ നിനക്കുള്ളത് ദാ ഇരിക്കുന്നു .നിന്റെ ചായയും പരിപ്പുവടയും ."
ദാസേട്ടനെ നോക്കി ഞാനും ആത്മവിശ്വാസത്തോടെ ഒന്നു ചിരിച്ചു .അപ്പോഴേക്കും അതുലും ജാഷിഖും ജിയയും എന്തൊക്കെയോ പറഞ്ഞു പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു .
"ഇന്നും നീ ലേറ്റ് ആണല്ലോടാ ......"
അതുലിന്റെ ചോദ്യത്തിന് ജിയ തന്റെ ഫോണിൽ ടൈപ്പ് ചെയുന്നതിനിടയിൽ പരിഭവത്തോടെ പറഞ്ഞു .
"അല്ലേലും നിന്നോടൊപ്പം ഒരുമിച്ചിരിക്കാൻ പറ്റില്ലല്ലോ ?"
"സോറി ....ഞാൻ ... "
"കൂടുതൽ കിടന്നു ഉരുളേണ്ട ...ചൂടാറിയ ഈ ചായ അങ്ങു കുടിച്ചാട്ടെ വിശ്വം ...."
അതുൽ നീട്ടിയ ചായ ഞാൻ വാങ്ങി വീണ്ടും മേശമേൽ വച്ചു .
"ഇനിയിപ്പോൾ എപ്പോഴും ഈ മഴയായിരിക്കും ."
ഞാൻ വിദൂരങ്ങളിൽ നോക്കി പറഞ്ഞു .
"ഈ സമയത്തു വീട്ടിൽ ഒരു കട്ടൻചായയും ഒരു പരിപ്പുവടയും കഴിച്ചു ഈ മഴയും നോക്കി വീട്ടിൽ ഇങ്ങനെ ഇരിക്കണം "
"ഒന്നു പോടാ ജാഷിഖ് ......കവിത ചൊല്ലരുത് .....സഹിക്കാൻ പറ്റില്ല ."
ജിയ ഇടയ്ക്കു കയറി പറഞ്ഞു .
"എനിക്കിഷ്ടം പുതച്ചു മൂടി കിടക്കാനാ .... എന്താ സുഖം ഓർക്കുമ്പോൾ തന്നെ ......"
അതുൽ മേശമേൽ തന്റെ തല ചായ്ച്ചു പറഞ്ഞു .
"എന്നു കരുതി ഇവിടെ കിടന്നു ഉറങ്ങാൻ പോകണോ ....ഞാൻ പോണു നീ വരുന്നുണ്ടോ ??ഇപ്പോൾ ചെയ്തു തീർന്നാൽ നേരത്തെ ഇറങ്ങാം ......"
ജിയ അതുലിന്റെ തല തട്ടിയിട്ടു എണീറ്റു .എന്നിട്ടു വീണ്ടും തുടർന്നു .
"വിശ്വം ....ഞാൻ പോകുകയാ .....നിനക്കു കുറച്ചുകൂടി നേരത്തെ ഇറങ്ങികൂടായിരുന്നോ ??വേറെയൊന്നിനുമല്ല കുറച്ചു മണ്ടത്തരങ്ങളുടെ കുറവുണ്ടായിരുന്നു ...ഇവിടെ ...."
അവൾ കള്ള ചിരിയോടെ എന്നെനോക്കി ചിരിച്ചു ...
"ഒന്നുപോയെ ജിയ ....ടാ അതുൽ കൂടെ പൊയ്ക്കോ ...അല്ലേൽ ഇന്നു വീട്ടിൽ ചെന്നിട്ടു അതിനാകും നിന്നെ കൊല്ലുക ......ഈ ഇടെയായിട്ടു അതുലിനു ബിപി കൂടുതലാ ഭാര്യയെ പേടി ..യെ .."
"വിശ്വം വേണ്ടാട്ടാ ......"
ജിയ ചിരിച്ചുകൊണ്ടു നടന്നു പുറകെ അതുൽ നടക്കുമ്പോൾ പറഞ്ഞു .
"അപ്പൊ നിങ്ങൾ പതുക്കെ വാ "
ഞാനും ജാഷിഖും തലയാട്ടി .
"വിശ്വം എന്താ ചിന്തിക്കണേ ...പുതിയ മണ്ടത്തരം ഓർക്കുകയാണോ ?."
"പോടാ ....എന്തു പറയാനാ ഇവിടെ വന്നിരിക്കുമ്പോൾ എന്തെന്നില്ലാത്ത സുഖമാ .അതൊന്നും ആ എസി റൂമിൽ കിട്ടില്ല ."
"വിശ്വം ഇതു എന്നും കേൾക്കുന്നത് തന്നെയാ ....നീ ഇരുന്നു ചിന്തിച്ചിട്ടു പതുക്കെ വാ ....ഞാൻ പോകുകയാ ....."
ജാഷിഖ് എന്നെ ഒന്നു തട്ടി .
"ആയിക്കോട്ടെ ...ഒറ്റയ്ക്കിരിക്കാനും ഒരു സുഖമാ ജാഷിഖ് അതും ഈ മഴയത്തു ...."
അതെ !ഒരു തരത്തിൽ ഒറ്റയ്ക്കിരിക്കാൻ ഒരു സുഖമാണ് .നമുക്കു ചുറ്റും ഉള്ളതിന്റെ സൗന്ദര്യം ആസ്വദിക്കാനോ ..ചിലപ്പോൾ സ്വയം തിരിച്ചറിയാനോ കഴിഞ്ഞേക്കും .ദാസേട്ടൻ ഓരോരുത്തരായി കടയിലേക്കു വരുംതോറും വീണ്ടും അതെ ചിരി ചിരിക്കാൻ തുടങ്ങി .അടുത്തായി എത്ര മുന്തിയ റെസ്റ്റോറന്റ്സ് ഉണ്ടായിട്ടും ഈ ചെറിയ ചായക്കടയിലേക്ക് പലരും വരുന്നതു ആ ചിരിയുടെ കൗതകം കൊണ്ടാണോ ?ഇവിടെത്തെ ചായയുടെയും പരിപ്പുവടയുടെയും രുചി വേറെയെവിടെയും കിട്ടില്ല .ആരൊക്കെ ജീവിതത്തിൽ എത്ര ഉയർന്നാലും ചിലരെ പിടിച്ചു നിർത്തുന്ന ചില ഇഷ്ടങ്ങൾ ഉണ്ടു .ഒരു ഗൃഹാതുരത്വത്തിന്റെ ഓർമയ്ക്കായി നമുക്കു പ്രിയപ്പെട്ടതായി കരുതുന്നത് .അതിലൊന്നാണ് എനിക്കീ ചായക്കട .ഇവിടെ ഇന്നും പതിവുപോലെ തിരക്കുണ്ട് .എനിക്കെതിരെ മേശമേൽ ഇരിക്കുന്ന പെൺകുട്ടിയെ അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് .പലരും വർത്തമാനം പറയുമ്പോൾ അവൾ മാത്രം ഇവിടെയെങ്ങുമില്ല .അവൾ തന്റെ കൈയിൽ ഇരിക്കുന്ന നോട്ടുബുക്ക് ധൃതിയിൽ മറിക്കുന്നുണ്ട് .ഇടയ്ക്കിടെ ചായയും കുടിക്കുന്നുണ്ട് .അവൾക്കരികിൽ ഒരു മധ്യവയസ്കനും ഇരിപ്പുണ്ട് .അയാൾ ചായ കുടിക്കുന്നിതിനിടയിൽ അവളെ നോക്കിയിരിക്കുകയാണ് .അതു ചിലപ്പോൾ അവളുടെ അച്ഛനാകും .ഇവിടെ ഏതേലും കമ്പനിയിൽ ഇന്റെർവ്യൂന് വന്നതാകാം .ആ അച്ഛന്റെ മുഖത്തു ചെറിയൊരു വേവലാതി ഇല്ലാതില്ല .അവളുടെ ധൃതി കാണുമ്പോഴും ഒരു ഇന്റർവ്യൂന്റെ പരക്കം പാച്ചിൽ ആണെന്നു തോന്നിപോകുന്നു .ഓരോ ഇന്റർവ്യൂവും ഓരോരുത്തരെയും സംബന്ധിച്ചു ജീവിതത്തിന്റെ ഒരു ചവിട്ടുപടിയാണ്‌ .എത്രെയെത്ര ഇന്റർവ്യൂകളിൽ ഞാൻ പരാജയപ്പെട്ടിരിക്കുന്നു .പക്ഷേ ...അന്നൊക്കെ നെടുവീർപ്പിനായി അക്ഷമനായി എന്റെ അച്ഛൻ എന്റെ അരികെ ഇതുപോലെ ഇല്ലായിരുന്നു .ചിലപ്പോൾ കളിയാക്കാനായി കൂടെ ഉള്ളതു എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾ മാത്രം .അവർക്കും എനിക്കും ജോലി കിട്ടാതെ ....ഇന്റർവ്യൂകളിൽ പരാജയപെട്ടു നടന്ന നിമിഷങ്ങൾ .അങ്ങോട്ടും ഇങ്ങോട്ടുമുള്ള കളിയാക്കലുകൾ .ഓർമ്മകൾ മനസിനെ താലോലിക്കുമ്പോൾ അറിയാതെ ചിരി വരുന്നു .ഒന്നുകൂടി ആ തണുത്ത ചായ കുടിക്കുമ്പോൾ ഞാൻ ചുറ്റിനും നോക്കി വെറുതെ ഇരുന്നു ചിരിക്കുന്ന എന്നെയാരെങ്കിലും ശ്രദ്ധിക്കുന്നുണ്ടാക്കുമോ ?
"വിശ്വം ...ഡു യു ഹാവ് എനി എക്സ്പീരിയൻസ് ?"
"നോ ഐആം ഫ്രഷർ ....."
"ആക്ച്വലി വി നീഡ് എക്‌സ്‌പിരേൻസ്ഡ് ക്യാൻഡിഡേറ്റ് .സോറി വിശ്വം ...."
"ഇട്സ് ഓക്കേ "
പലപ്പോഴും ചിരി അഭിനയിക്കാൻ പഠിച്ചതു ഓരോ ഇന്റർവ്യൂയും പരാജയപ്പെടുമ്പോൾ ആയിരുന്നു .ഈ ജോലിയും കിട്ടില്ലെന്ന്‌ മനസിനെ പറഞ്ഞു മനസിലാക്കാൻ തിരിച്ചു നടന്നപ്പോൾ റെസ്യൂമെ പിടിച്ചിരിക്കുന്ന ഫയലും ഒന്നു ചുരുട്ടി കൂട്ടികൊണ്ടേ ഇരുന്നു .ഇന്റർവ്യൂറിനോടുള്ള ദേഷ്യവും മനസ്സിൽ ലയിച്ചു ചേർക്കും അതിലൂടെ .ഫ്രഷർ ഒരു ബാധ്യതയായി തോന്നിയത് എഞ്ചിനീറിങ് കഴിഞ്ഞപ്പോഴായിരുന്നു .ഇവിടെ എല്ലാ കാര്യത്തിനും ഫ്രഷാറെ വേണം .പക്ഷേ ,ജോലിയുടെ സമയത്തു മാത്രം ഫ്രഷ്‌റെ ആർക്കും വേണ്ട .കഷ്ടപ്പെട്ടു എൻട്രൻസ് എഴുതി കിട്ടിയതും സ്വാശ്രയ കോളേജിൽ .ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആകണം എന്ന മോഹവുമായി ആ കോളേജിന്റെ പടികടന്നപ്പോൾ അറിഞ്ഞിരുന്നില്ല .ഒരു ക്യാമ്പസ് ഇന്റർവ്യൂപോലും എത്തി നോക്കാത്ത കോളേജാണ് അതെന്നു .എങ്കിലും പഠിച്ചു .ഓട്ടോ ഡ്രൈവറായ അച്ഛനും ആഗ്രഹം ഉണ്ടായിരുന്നു തന്റെ മകനെ മകന്റെ ആഗ്രഹങ്ങൾക്കൊത്തു ഉയർത്തണമെന്ന്‌ .എനിക്കു താഴെയുള്ള അനിയന്റെയും അനിയത്തിയുടെയും ഭാവി ഒരു പക്ഷേ അച്ഛൻ എന്നിലൂടെയാകാം കണ്ടിരുന്നത് .എഡ്യൂക്കേഷണൽ ലോൺ എടുത്തത് ആ ലക്ഷ്യങ്ങൾക്ക് കൂട്ടായി നിന്നു .പക്ഷേ പഠിച്ചിറങ്ങിയപ്പോൾ ആകെ കിട്ടിയത് ഫ്രഷർ എന്ന നാമം മാത്രം .
പലപ്പോഴായി അഗർവാളിന്റെ പുസ്തകത്തെ സ്നേഹിക്കാൻ തുടങ്ങിയിരുന്നു .ഒരിക്കലും ആപ്റ്റിട്യൂട് ടെസ്റ്റ് എന്നെ തോൽപിക്കാൻ പാടില്ലല്ലോ ?
"ജോലി ഒന്നും ആയില്ലേ വിശ്വം ...?" എന്ന സ്ഥിരം പല്ലവി നാട്ടുകാർ ചോദിച്ചു തുടങ്ങിയപ്പോൾ ചിരി ഒരു ഉത്തരമായി ഞാൻ കൊണ്ട് നടന്നു .എത്ര മനോഹരമായ ദിനങ്ങൾ ആയിരുന്നു അതൊക്കെ .

അന്നു ഇന്റർവ്യൂ കഴിഞ്ഞു വീട്ടിലേക്കു മടങ്ങി ചെന്നപ്പോൾ അച്ഛൻ ഊണ് കഴിക്കുകയായിരുന്നു .അമ്മ ആശ്ചര്യത്തോടെ ചോദിച്ചു .
"എന്തായി വിശ്വം ....?"
ഞാൻ ഉളിലുള്ള നിരാശയെ മറികടന്നു ചെറുതായി ഒന്നു മന്ദഹസിച്ചു .
"അതു ...അമ്മ ,അവർ അറിയിക്കാമെന്ന് പറഞ്ഞു ."
അമ്മയ്ക്കു അതിൽ ഒരു പ്രതീക്ഷ വന്നതു കൊണ്ടാകാം അമ്മയുടെ മുഖത്തു ഒരു ചിരി വിരിഞ്ഞു വന്നു .
"ആണോ !....എന്റെ ഭഗവതി വിശ്വത്തിനെ വിളിക്കണേ .....എന്തായാലും വാ ഊണു കഴിക്കാം ...."
"ഇപ്പോൾ വിശപ്പില്ലാമ്മ ഞാൻ പിന്നെ കഴിച്ചോളാം "
അച്ഛൻ ഒന്നും മിണ്ടാതെ കഴിക്കുന്നതിൽ വ്യഗ്രതനായി ഇരുന്നു .അല്ലേലും അച്ഛൻ അങ്ങനെയായിരുന്നു .നമുക്കിടയിൽ എണ്ണിയെടുക്കാനുള്ള സംഭാക്ഷണ ശകലങ്ങളെ ഉണ്ടായിട്ടിട്ടുള്ളു .പലപ്പോഴും അച്ഛനോടു പറയാനുള്ളതെല്ലാം അമ്മ വഴിയേ അറിയിച്ചിട്ടുള്ളു .അച്ഛൻ കുട്ടികാലത്തെ അങ്ങനെ പഠിപ്പിച്ചതു കൊണ്ടാകാം .പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് ....അച്ഛൻ ഒരു സുഹൃത്തിനെപോലെ ആയിരുന്നുവെങ്കിലെന്നു .ചിലരുടെ വിശ്വാസങ്ങളും സ്വഭാവവും മാറ്റിയെടുക്കാൻ പറ്റില്ലല്ലോ .ആ തേച്ചു മിനുക്കിയ ഷർട്ടും പാന്റ്സും മാറ്റാതെ കൈയിൽ ഉണ്ടായിരുന്ന ഫയൽ മേശയിലേക്കു വലിച്ചെറിഞ്ഞു ഞാൻ കിടന്നു .ഒന്നിനെപ്പറ്റിയും ഓർക്കാതെ ...ചിന്തിക്കാൻ ഒരുപാടു ഉണ്ട് .ചിന്തിക്കുമ്പോൾ ഭാവി ഭുതംപോലെ വായ്‌ പിളർന്നു നിൽക്കുന്നു .ആഗ്രഹിച്ചതും സ്വപനം കണ്ടതുമൊക്കെ അകലങ്ങളിൽ നിന്നും എന്നെനോക്കി പരിഹസിക്കുന്നപോലെ .എന്താണിങ്ങനെ ?അപ്പോഴാണ് ചിന്തകളെ കീറിമുറിച്ചു കൊണ്ടു ഫോൺ റിംഗ് ചെയ്തു .പോക്കറ്റിൽ ഇരുന്ന ഫോൺ വലിച്ചെടുത്തു .'ശീതൾ കാളിങ് ....'
മനസില്ല മനസോടെ കാൾ എടുത്തു .അല്ലേൽ അതുമതി പിണങ്ങാൻ .
"പറയൂ ശീതൾ "
"ഇന്നു പോയിട്ട് ഏന്തയാടാ ....?"
"എന്താകാൻ ഒന്നുമായിട്ടില്ല ...അല്ല നിനക്കു ഇതു മാത്രമേ ചോദിക്കാനുള്ളൊ ...?"
"അതിനു നീയെന്താ എന്നോട് ദേഷ്യപ്പെടുന്നെ ...എനിക്കൊരു കമ്പനി ഉണ്ടാരുന്നെങ്കിൽ നിന്നെ ഞാൻ കേറ്റിയേനെ .."
"പോടീ ....എനിക്കു നിന്റെ തഴം താഴ്ന്ന കോമഡി കേട്ടു ചിരിക്കാൻ നേരമില്ല ..."
"അങ്ങനെ ഉള്ളവരോട് അതല്ലെ പറയാൻ പറ്റൂ .നീ വിഷമിക്കേണ്ട ....നിനക്കു കിട്ടുമെടാ .....ട്രൈ ചെയ്യു ഇനിയും .ഒരുപാടു സമയം ഉണ്ട് നിനക്കു .."
"ആയിക്കോട്ടെ നിന്റെ പി. എസ്‌ .സി കോച്ചിങ്‌യോകെ എങ്ങനെ പോകുന്നു .?"
"കുഴ്പ്പമില്ലെടാ ...."
"എടി ചോദിക്കാൻ മറന്നു .എന്തായി നിന്റെ ആ കല്യാണാലോചന ?"
"എന്താകാനാടാ ....അതും നക്ഷത്രം ചേരില്ല ....."
"അവന്റെ ഭാഗ്യം ....."
"ടാ വേണ്ടാട്ടാ ...നല്ലൊരാൾ വരും ...ഞാൻ പോകുമ്പോൾ മനസിലാകും എന്റെ വില ...."
"എന്തു വില ....എടി ഞാൻ പിന്നെ വിളിക്കാം .ഉറക്കം വരുന്നു ."
"പിന്നെ നീ വിളിച്ചപോലെ തന്നെ .....ഓക്കേ ടാ ...."
ശീതൾ !സ്കൂളിൽ പഠിച്ചുകൊണ്ടേ ഇരുന്നപ്പോൾ ഉള്ള എന്റെ ആത്മാർത്ഥ കൂട്ടുകാരി .എത്ര പെട്ടന്നാണ് വർഷങ്ങൾ മുന്നോട്ടു പോകുന്നത് .ഇപ്പോൾ അവൾക്കു കല്ല്യാണം വരെ നോക്കി തുടങ്ങി .ആ സ്കൂൾ ജീവിതമൊക്കെ ഇന്നലെ കഴിഞ്ഞപോലെ .അവൾ പറഞ്ഞപോലെ അവൾ പോയാൽ അവളുടെ വില ഞാനറിയുമായിരിക്കും .പിന്നെ ഇതുപോലെ വിളിക്കാനും അടികൂടാനൊന്നും പറ്റിയെന്നു വരില്ലല്ലോ .ചില സമയങ്ങൾ ആകുമ്പോൾ ആത്മാവിൽ ഒട്ടിയിരിക്കുന്ന എന്തിനെയും പാതിവഴിയിൽ മാറ്റി നിർത്തേണ്ടി വരും .ചില സൗഹൃദങ്ങൾ പോലും .
ഉറങ്ങിയെഴുന്നപ്പോഴേക്കും സമയം വളരെ വൈകിയിരുന്നു .രാവിലെ എഴുന്നേറ്റിട്ടു എന്തു ചെയ്യാനാണ് .വീട്ടിൽ തന്നെയാണല്ലോ .ഉറക്കച്ചടവോടെ അടുക്കളയിലേക്കു പോയപ്പോൾ അച്ഛൻ കാപ്പികുടിക്കുകയാണ് .അധികം ബഹളങ്ങൾ ഇല്ല .വൈഷ്‌ണവിയും വരുണും സ്കൂളിൽ പോയിട്ടുണ്ടാകും .ഒന്നും മിണ്ടാതെ ഞാൻ ചായപാത്രത്തിൽ എനിക്കു ചായ ഉണ്ടാകുമോ എന്നു നോക്കി .കറിക്കു അരിഞ്ഞു കൊണ്ടിരുന്ന അമ്മ ചോദിച്ചു .
"ഒന്നും ചെയ്യണ്ടാന്ന് കരുതി ......എപ്പോ വേണേലും എഴുന്നേറ്റാൽ മതിയല്ലോ എന്റെ മോന് ...."
ഒരു വാക്കുപോലും പറയാതെ തണുത്തുറഞ്ഞ ആ ചായ ഗ്ലാസിലാക്കി ഞാൻ നടക്കുമ്പോൾ അച്ഛൻ പറയുന്നത് കേട്ടു .
"എടി ...അവനോടു പറയ് നീ .ഇപ്പോൾ അവൻ ജോലിക്കു പോയില്ലെങ്കിലും ഈ വീട്ടിൽ പഴയതുപോലെ തന്നെ എല്ലാം നടക്കും .നീയായിട്ടു ഓരോന്നു പറഞ്ഞു അവനെ വിഷമിപ്പിക്കേണ്ട ..."
അച്ഛൻ പറഞ്ഞതു അമ്മയോടാണെലും അതെന്റെ ഹൃദയത്തിൽ ആണ് പതിച്ചത് .അധികമൊന്നും മിണ്ടാതെ ....സ്‌നേഹംകൊണ്ടുള്ള ലാളനയുടെ കണ്ണിലൂടെയുള്ള ഒരു കടാക്ഷം പോലും ഇതുവരെ കാണിക്കാത്ത അച്ഛൻ .എന്നിട്ടും ,എന്റെ വേദനകൾ അച്ഛനെ സ്പര്ശിക്കുന്നുണ്ട് .ആ ചായ ഞാൻ ഒറ്റവലിക്ക് കുടിച്ചു തീർത്തു .മുറ്റത്തു കിടക്കുന്ന 'ശ്രീഭഗവതി 'ഓട്ടോറിക്ഷ ഞാനൊന്നു കഴുകി .അച്ഛനോടുള്ള സ്നേഹം എനിക്കു എങ്ങനെയെങ്കിലും പ്രകടിപ്പിക്കണം .ഒന്നും ചെയ്യാൻ കഴിയുന്നില്ല .ചിലപ്പോഴൊക്കെ പാഴ് ജീവിതമാണോ എന്റേതെന്നു തോന്നിപോകും .
"സാറേ ...ഒരു പരിപ്പു വടക്കൂടി എടുക്കട്ടേ ..?"
ഓർമകളെ ചികഞ്ഞു മാറ്റികൊണ്ടു ദാസേട്ടൻ ചോദിച്ചു .
"അതെന്തു ചോദ്യം രണ്ടെണ്ണം കൂടി വേണം ദാസേട്ടാ ....."
ചാറ്റൽ മഴ പിന്നെയും പെയ്തുകൊണ്ടേയിരിക്കുന്നു .കടയിൽ തിരക്കുകൾ കുറഞ്ഞു വരുന്നു .ആ പെൺകുട്ടിയും അച്ഛനും പോയിട്ടില്ല .അവൾ ഇപ്പോഴും പഠിത്തത്തിൽ തന്നെയാണ് .ഞാനും അതുലും എത്ര മണിക്കൂറുകൾ ഇതുപോലെ ഇരുന്നതാണ് .ആപ്റ്റിട്യൂട് ചിലതെല്ലാം പറഞ്ഞുതന്നത് അവനാണ് .എൻജിൻറിങ് മുതൽ എന്റെ നിത്യസഹചാരിയായ ഏക കൂട്ടുകാരൻ .എന്റെ പരാജയങ്ങളിൽ താങ്ങായി നിന്ന പ്രീയ സ്നേഹിതൻ .പലപ്പോഴും അവന്റെ വീട്ടിലെ ടെറസിൽ ഇരുന്നാകും പഠിത്തം .ഇന്റർവ്യൂവിൽ പരാജയപ്പെട്ടാലും നമുക്കു പ്രതീക്ഷയുണ്ടായിരുന്നു .ആ പ്രതീക്ഷ ഇല്ലായിരുന്നെങ്കിൽ മറ്റൊരു തൊഴിലിനായി ഇറങ്ങിത്തിരികുമായിരുന്നു .രാത്രിയാമങ്ങളിൽ നക്ഷത്രങ്ങളെ നോക്കി ഞാൻ കിടക്കും ആ ടെറസ്സിൽ .അപ്പോൾ അതുൽ അവന്റെ കാമുകി ജിയയോട് ഫോണിൽ സംസാരിക്കുകയാകും .ഒരിക്കൽ അങ്ങനെ കിടക്കുമ്പോൾ ഞനവനോട് ചോദിച്ചു .
"അതുൽ നമുക്കൊരു സ്റ്റാർട്ടപ്പ് തുടങ്ങിയാലോ ?"
"നന്നായി അതിനു കാശു ഉണ്ടോ ? "
"കാശില്ല ,ആഗ്രഹവും അതിലുപരി കഴിവും ഉള്ളവർ നമ്മുടെ ഫ്രണ്ട്സയിട്ടു തന്നെ ഇല്ലെടാ .....അതിനായി ഇറങ്ങിത്തിരിക്കുമ്പോൾ കാശൊക്കെ കിട്ടില്ലേ ....എത്രനാളാ ഇങ്ങനെ നടക്കുന്നെ ?"
"നടക്കുന്ന കാര്യം എന്തേലും ഉണ്ടങ്കിൽ പറയൂ വിശ്വം ....ജിയയുടെ മാര്യേജ് വീട്ടിൽ നോക്കിത്തുടങ്ങി .എനിക്കാണേൽ ഒരു ജോബ്‌പോലും ആയിട്ടില്ല ...എന്താ ചെയ്യണ്ടെന്നു തലയ്ക്കു ചൂടുപിടിച്ചിരിക്കുമ്പോഴാ അവന്റെയൊരു മനകോട്ട "
"ഇനി കൊട്ടാരക്കരയ്ക്കു ഇ വിടെന്നു 5 മണി കഴിഞ്ഞാൽ ബസ് ഉണ്ടാകുമോ ?"
ഓർമകളെ തട്ടിമാറ്റികൊണ്ട് ആ പെൺകുട്ടിയുടെ അച്ഛൻ ദാസേട്ടനോടായി ചോദിച്ചു .
"ഒരു 6.10നു ഉണ്ടാകും .അല്ലേ സാറേ ...."
ദാസേട്ടൻ എന്നോടായി ചോദിച്ചു .ഞാൻ അതെന്ന ഭാവത്തിൽ തലയാട്ടി .
"ഇന്റെർവ്യൂന് വന്നതാകും ...അല്ലെ ?"
ദാസേട്ടൻ ചോദിച്ചു .
"അതേ "ആ കുട്ടിയുടെ അച്ഛൻ പറഞ്ഞു .
അപ്പോൾ ആ പെൺകുട്ടി എന്നെയും ദാസേട്ടനെയും ഒന്നു നോക്കി .
എന്റെ പരിപ്പുവടകൾ എല്ലാം പതുക്കെ എന്റെ ഓർമകളിൽ കൂട്ടു വന്നു തീർന്നു കഴിഞ്ഞു .ഞാൻ എഴുന്നേറ്റു ദാസേട്ടനോട് ചോദിച്ചു .
"എത്രയായി ദാസേട്ടാ ...?"
"37 സർ "
ദാസേട്ടനു കാശു കൊടുത്തപ്പോൾ വീണ്ടും ദാസേട്ടൻ ഒരു ചിരിച്ചിരിച്ചു തലയാട്ടി .ഞാൻ നടന്നു തുടങ്ങിയപ്പോൾ വീണ്ടും പുറകോട്ടു വരാൻ മനസ്സ് കൊതിച്ചു .ഞാൻ ഇന്റെർവ്യൂന് വേണ്ടി പഠിക്കുന്ന കുട്ടിയുടെ അടുത്തേക്ക് നടന്നു .അവളും അച്ഛനും എന്നെ ആകാംക്ഷയോടെ നോക്കി .
ഞാൻ അവളോട് ചോദിച്ചു .
"കുട്ടി നേരത്തെ എവിടെയാ വർക്ക് ചെയ്തിരുന്നേ "
അവൾ ഭാവഭേദമില്ലാതെ എന്നെ നോക്കി പറഞ്ഞു .
"ഞാൻ എംസിഎ ഇപ്പോൾ കഴിഞ്ഞതേയുള്ളൂ ..."
ഞാൻ പോക്കറ്റിൽ നിന്നും ഒരു വിസിറ്റിംഗ് കാർഡ് അവൾക്കു നേരെ നീട്ടി .
"ബെസ്റ്റ് ഓഫ് ലക്ക് ഫോർ ദിസ് ഇന്റർവ്യൂ ...ചിലപ്പോൾ ഇതിൽ കിട്ടിയിലെങ്കിൽ ഈ കമ്പനിയിലേക്കു വന്നു നോക്കൂ .വീ നീഡ് ഫ്രഷേഴ്‌സ് ...ഡീറ്റെയിൽസ് എല്ലാം ഇതിൽ ഉണ്ട് ..."
അവൾ ഒന്നും മിണ്ടാതെ ആ കാർഡ് വാങ്ങി .ഞാൻ ചിരിച്ചു കൊണ്ട് നടന്നു .ചാറ്റൽ മഴ പെയ്തു തീർന്നിട്ടില്ല .തലയിൽ മഴത്തുള്ളി വീഴാതിരിക്കാൻ കൈയ്യു മുകളിൽ വയ്ക്കാൻപോലും മറന്നു .മനസ്സിൽ നിറയെ ഒരു ആത്മസംപൃപ്തിയാണ് .സംഭവിച്ചതൊക്കെ നല്ലതിന് .ലക്ഷ്യവും സ്വപനങ്ങളും ജീവിതത്തിൽ പലയിടത്തും വച്ചു ഉപേക്ഷിക്കാത്തതു കൊണ്ടാകാം എന്തൊക്കെയോ കൈകളിൽ ഇ പ്പോഴുമുണ്ട് .അന്നു അതുൽ മനകോട്ട എന്നു പറഞ്ഞു ഒഴുവാക്കിയതാണു ...ഇന്ന് അവന്റെയും ജിയയുടെയും പ്രണയത്തെ ഒരുമിച്ചുള്ള ജീവിതത്തിൽ കൊണ്ടെത്തിച്ചത് .അച്ഛനു പറയാതെ ഞാൻ മനസുകൊണ്ട് കൊടുത്ത വാക്കുകൾ ...എന്റെ അനിയന്റെയും അനിയത്തിയുടെയും ഭാവി .അതെല്ലാം എന്റെ ലക്ഷ്യങ്ങളുടെ ഭാഗമായി ഇന്നും എന്റെ കൂടെയുണ്ട് .അച്ഛനും അമ്മയും സന്തോഷത്തിലാണ് ഇന്ന് .അന്നത്തെ എന്റെ സ്വപനങ്ങളെ ഞാൻ സ്നേഹിക്കാൻ പഠിച്ചതു കൊണ്ടാകാം ഇന്ന് മനസിന്റെ കോണിൽ ഒരു സന്തോഷമുണ്ട് .
മൊബൈൽ വൈബ്രേറ്റ് ചെയ്തു .ശീതൾ കാളിങ് .
"വിശ്വം ഞാൻ മറന്നു ടാ .....വരുമ്പോൾ കാൽപോൾ വാങ്ങാൻ മറക്കല്ലേ ....ദേവൂട്ടിക്ക് ചുമ കുറഞ്ഞിട്ടില്ല ..."
"ഓക്കേ ടാ ..."
പുഞ്ചിരിയോടെ ഞാൻ ഫോൺ കട്ട് ചെയ്തു .ശീതൾ !അവളിന്നും എന്റെ പ്രിയകൂട്ടുകാരിയായി എന്റെ ജീവിതത്തിൽ ഉണ്ട് .പാതിവഴിയിൽ അവളെ ഉപേക്ഷിച്ചു ജീവിതകാലം മുഴുവനും അവളെ ഓർക്കാൻ എന്തോ ഹൃദയത്തിനു അന്നു പറ്റിയില്ല .അവളെ മനസിൽ നിന്നും പറിച്ചു കളയാൻ കഴിഞ്ഞില്ല .വൈകി വന്ന പ്രണയമായതുകൊണ്ടാകാം ഇപ്പോഴും നമ്മൾ പ്രണയിക്കുകയാണ് ........
ഇന്നെന്റെ മനസ്സിൽ ചാറ്റൽ മഴയായി നിറയുകയാണ് ഓർമ്മകൾ ....
ഈ ചാറ്റൽ മഴ തോരത്തിരുന്നുവെങ്കിൽ .....!
..............*******..............
Reshma S.Devan

അവൻ


അന്നൊരു ക്രിസ്മസ് അവധിയാരുന്നു .വീട്ടിലേക്കു പോകാനായി ആദ്യം വന്ന സൂപ്പർഫാസ്റ്റ് ബസ്സിലേക്ക് ചാടിക്കയറി .ആദ്യമായി നോക്കിയത് ഒഴിഞ്ഞ സീറ്റ് എന്തെങ്കിലും ഉണ്ടോയെന്നാണ് .സ്ത്രീകൾ ഇരിക്കുന്നിടത്തൊന്നും ഉണ്ടായിരുന്നില്ല .പെട്ടെന്നൊരു ശബ്‍ദം .
"ചേച്ചി .........ഇവിടെ ഇരുന്നോളൂ ...."
വളരെ സന്തോഷത്തോടെ തിരിഞ്ഞു നോക്കുമ്പോൾ ഒരു പയ്യൻ ജാലകത്തിനരികിലേക്കു നീങ്ങിയിരുന്നിട്ടു എന്നെ നോക്കി ചിരിച്ചു .ആദ്യം ഒന്നു പകച്ചെങ്കിലും കണ്ടിട്ടു എന്നെക്കാളും ചെറിയ ഒരു പ്ലസ് ടു എങ്കിലും പഠി ക്കുന്നതാണെന്നു തോന്നുന്നു .എന്റെ തോളിനുമേൽ നിൽപ്പുറക്കാതെ ബാഗ് താഴേക്ക് വീഴാൻ തുടങ്ങി .ഇനിയും നാലു അഞ്ചു മണിക്കൂറുകൾ നില്കുന്നതിനേക്കാൾ ഇരിക്കുന്നതു തന്നെയാണ് ഭേദം .പരസ്പരം ഒന്നും മിണ്ടാതെ നമ്മൾ കുറച്ചു നേരം ഇരുന്നു .അവനാണ് പിന്നെയും ആരംഭിച്ചത് .
"ചേച്ചി ...എവിടെ പോകയാ? "
"ഞാൻ വീട്ടിൽ "
പിന്നെ ഞാനും അവനും പരസ്പരം സംസാരിച്ചു തുടങ്ങി .തിരുവന്തപുരത്തു ഒരു ഹോട്ടൽ മാനേജ്‌മന്റ് ഇന്സ്ടിട്യൂട്ടിൽ പഠിക്കുകയാണ് അവൻ .അവനും വീട്ടിൽ പോകുകയാണ് .ഉമ്മയും ഉപ്പയും ചേച്ചിയും ഒരു അനിയത്തിയും അവനും മാത്രം വീട്ടിൽ .ഒരു ദിവസത്തെ പരിചയം വച്ചു മാത്രം ആർക്കും ആരെയും അറിയണമെന്നില്ല അവനെ കണ്ടാൽ ആരും ഒന്നു കൂടി നോക്കി പോകും .സുന്ദരനായ ഒരു കുട്ടി .ഇടക്കിടയ്ക്ക് അവൻ സ്പയിക് പോലെ വച്ചിരിക്കുന്ന മുടി കാറ്റിനാൽ പറക്കുമ്പോൾ പിടിച്ചു നിർത്താൻ നോക്കിയിരുന്നു .അവന്റെ ചിരിയിൽ വല്ലാത്തൊരു കൗതുകമുണ്ടായിരുന്നു .എല്ലാത്തിലുമുപരി എപ്പോഴും 'ചേച്ചി 'എന്നൊരു വിളി .എന്തെന്നില്ലാത്ത ആത്മബന്ധം .ഇടയ്ക്കു വച്ചു ഇനിയും കാണാമെന്നു പറഞ്ഞു അവന്റെ സ്ഥലം എത്തിയപ്പോൾ അവൻ യാത്രപറഞ്ഞു ഇറങ്ങി .ഇനി ഒരുപക്ഷേ കാണാം എവിടെയെങ്കിലും വച്ചു .
ഞാൻ വീട്ടിലെത്തി .വെറുതെ ഫേസ്ബുക് എടുത്തുനോക്കിയപ്പോൾ ഒന്നു രണ്ടു നോട്ടിഫിക്കേഷനുകൾ ഞാൻ വെറുതെ അതൊന്നു നോക്കി .അവൻ റിക്വസ്റ്റ് ചെയ്തിരിക്കുന്നു .കൂട്ടത്തിൽ ഒരു മെസ്സേജും .
"ചേച്ചി വീട്ടിൽ എത്തിയോ ?"
ഒരു മ്യോച്ചാൽ ഫ്രണ്ട്പോലും ഇല്ലാതെ അവൻ എന്നെ കണ്ടെത്തിയിരിക്കുന്നു .
പിന്നെ ആ സൗഹൃദം വളർന്നു .അറിഞ്ഞു തുടങ്ങിയപ്പോഴാണ് അവന്റെ ജീവിതം അവന്റെ കൗതകമേറിയ പുഞ്ചിരിയിൽ ഒരു കടലോളം ദുഃഖം ഒളിപ്പിക്കുന്നുവെന്നറിഞ്ഞത് .അവന്റെ ഉപ്പ വയ്യാതെ കിടപ്പിലാണ് .ഒരു ഇത്ത കല്ല്യാണം കഴിഞ്ഞു ഒരു കുഞ്ഞുമായി സ്ത്രീധനത്തിന്റെ പേരിൽ അവന്റെ വീട്ടിൽ വന്നു നിൽക്കുകയാണ് .ആകെ ഉള്ളത് പലപ്പോഴും അവനുമായി പരിഭവങ്ങളുമായി അവനെ ചുറ്റിപ്പറ്റി നിൽക്കുന്ന അവന്റെ കുഞ്ഞനുജത്തിയാണ് .അവന്റെ ഉമ്മയാണ് വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിനടത്തുന്നെ .അതിനായി ആ ഉമ്മ അങ്ങു അറബിനാട്ടിൽ ,പ്രിയപ്പെട്ടവർക്കായി ആരുടെയൊക്കെയോ വീടുകളിൽ കഷ്ടപ്പെടുന്നു .
അവന്റെ പേരിന്റെ ചില അക്ഷരങ്ങൾ കൂട്ടിച്ചേർത്തു ഞാനവനെ 'ജാസ് ' എന്നാണ് വിളിച്ചിരുന്നെ . പിന്നെ പിന്നെ അവൻ വല്ലപ്പോഴും എന്നെ വിളിക്കും .അവന്റെ വേദനകൾ മറച്ചുവച്ചു മറ്റുള്ളവർക്കു വേണ്ടി അവൻ എല്ലാവരുടെയും മുന്നിൽ സന്തോഷവാനായി നിന്നു .വിളിക്കുമ്പോഴൊക്കെ
"ചേച്ചി എക്സാം എങ്ങനെയുണ്ടാരുന്നു ......നന്നായി പഠിക്കണം ..ചേച്ചിക്കായി ഞാൻ ധുവ
ചെയുന്നുണ്ട് ."
ഇങ്ങനെ ഒരു പ്രകാശം പരത്തുന്ന ഒരു കുഞ്ഞനുജനായി അവൻ എന്റെ ജീവിതത്തിൽ നിറഞ്ഞു നിന്നു .പലപ്പോഴും ഞാൻ നിരാശയുടെ താഴ്വാരങ്ങളിൽ ഏകയായി അലയുമ്പോൾ എന്നെ വീണ്ടും മടക്കിക്കൊണ്ടു വരുന്നത് അവന്റെ ഓരോ വാക്കുകളായിരുന്നു .അവന്റെ ഇന്സ്ടിട്യൂട്ടിൽ നവാഗതരെ സ്വാഗതം ചെയ്യിക്കാനായി രസകരമായ കളികൾ എന്തോകെയാകാമെന്നു നമ്മൾ രണ്ടുപേരും ചർച്ചചെയ്യുമായിരുന്നു .ഇടയ്ക്കെപ്പോഴോ വീട്ടിനടുത്തായി ഒരു മൈലാഞ്ചി മൊഞ്ചുള്ള ഒരു പെൺകുട്ടി അവന്റെ മനസിലെ ധുനി യാവിൽ പ്രണയ മഴയായി പെയ്യാൻ തുടങ്ങിയതു അവൻ പറയാൻ മറന്നില്ല എന്നോട് .ജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയ പലരും അവരുടെ ആഗ്രഹം അനുസരിച്ചു എഞ്ചിനിയറോ ഡോക്ടറോ നഴ്‌സോ ടീച്ചറോ ആയതല്ല .എല്ലാം വീട്ടുകാർക്കു വേണ്ടി താൻ എന്താകണമെന്ന ആഗ്രഹം മാറ്റിവച്ചതാകാം .പക്ഷേ ജാസ് മാത്രം അവനു ഇഷ്ട്ടമുള്ള വിഷയം എടുത്തു .അവന്റെ ആഗ്രഹം ഒരു ഷെഫ് ആകണമെന്നായിരുന്നു .ശേഷം വിദേശത്തു പോകണം .
"ചേച്ചിക്കറിയോ പാചകം ഒരു കലയാണ് ....."
അങ്ങനെ പലപ്പോഴും അവൻ കേക്കു ഉണ്ടാക്കുന്നതോ വീഞ്ഞു ഉണ്ടാക്കുന്നതോ അങ്ങനെ എത്ര എത്ര പറഞ്ഞു തന്നിരിക്കുന്നു .എപ്പോഴും എറണാകുളത്തു ആയിരിക്കും അവന്റെ പരീക്ഷ നടക്കുന്നത് .മൂന്നു വർഷത്തെ പരിചയം ഉണ്ടായിട്ടും ഇവിടെ അടുത്തു വന്നിട്ട് എനിക്കവനെ കാണാൻ കഴിഞ്ഞില്ല .ചിലപ്പോഴൊക്കെ അവൻ പറയാറുണ്ട് .
"എന്റെ ഇത്തയെയും അനിയത്തിയേയും കൂടാതെ എനിക്കൊരു സഹോദരി കൂടെയുണ്ട് .......................അതു ചേച്ചിയാ ..................."

ജീവിതം യാതൊരു സൂചനയുമില്ലാതെ ഗതിമാറി ഒഴുകികൊണ്ടിരിക്കും .ചില ബന്ധങ്ങൾ ആ ഒഴുക്കിലെവിടെയോ ഗർത്തങ്ങളിലേക്ക് പതിക്കും .എങ്കിലും ഞാൻ ഓർത്തിലെങ്കിലും അവൻ എന്നെങ്കിലും എന്നെ വിളിച്ചു സുഖവിവരങ്ങൾ തിരക്കും .
അങ്ങനെ ഇരിക്കെ ഒരു ദിവസം അവൻ എന്നെ വിളിച്ചു .
"ചേച്ചി എനിക്കു ലാസ്‌റ് എക്സാം എറണാകുളത്തു വച്ചാണ് ..ഞാൻ വരുന്നുണ്ട് .എനിക്കൊന്നു ചേച്ചിയെ കാണണം ..."
"അതിനെന്താ കാണാലോ ???"
"ചേച്ചി ...എനിക്കു ചേച്ചിക്കായി ഒന്നും വാങ്ങിത്തരാൻ എന്റെ കൈയിൽ കാശൊന്നുമില്ല ..."
ഞാൻ ഒന്നു ചിരിച്ചു .
"അതിനെന്താ ജാസ് നീ പഠിക്കുകയല്ലേ ..ഞാനല്ലേ നിനക്കു എന്തേലും വാങ്ങിത്തരേണ്ടതു ?"
"എനിക്കൊന്നും വേണ്ട ...എനിക്കു ചേച്ചിയെ കണ്ടാൽ മതി ഒരു മിനിറ്റെങ്കിലും ......"
ഞാൻ ഓർത്തു ഇതു എന്തുപറ്റി .
അന്നു പരീക്ഷയ് ക്കു അവൻ വരുമെന്നു പറഞ്ഞ ദിവസം ഞാനവനെ വിളിച്ചു .പക്ഷേ കിട്ടുന്നില്ല .ഫോൺ ഓഫ് ആണു .ഒരു പക്ഷേ അവൻ ഈ കൂടിക്കാഴ്ച വേണ്ടാന്നു വച്ചിരിക്കാം .പലപ്പോഴും ഒഴിഞ്ഞുമാറലിന്റെ ഒരു പ്രതീകമാണലോ ഈ ഫോൺ ഓഫ് ചെയ്യുന്നതും വായിച്ച മെസ്സേജിനു മറുപടി തരാത്തതും .വാട്സാപ്പിൽ മെസ്സേജ് ചെയ്യ്തിട്ടും ഒരു മറുപടിയുമില്ല .കുറച്ചു ദിവസം കഴിയുമ്പോൾ അവൻ തിരികെ വിളിക്കും .ഞാൻ പിന്നെ അതിനെപ്പറ്റി ചിന്തിക്കാതെ ഇരുന്നു .കാരണം പലപ്പോഴും എന്നെങ്കിലും ഒരിക്കൽ മാത്രമേ അവൻ വിളിക്കുമായിരുന്നുള്ളു .തുടർച്ചയായുള്ള ഫോൺ വിളികളോ മെസ്സേജുകളോ കുറച്ചു അടുപ്പിക്കുമെങ്കിലും പിന്നെ അതൊരു അകൽച്ചയായി മാറുമെന്ന് എന്നെപോലെ അവനും ചിന്തിച്ചിരുന്നിരിക്കണം .അതുകൊണ്ടാകാം നമ്മുടെ സൗഹൃദം മൂന്നു വർഷം നീണ്ടു നിന്നതു .
ഏകദേശം രണ്ടു മാസത്തോളമായി അവന്റെ യാതൊരു വിവരവുമില്ല .ഇപ്പോഴും ആ ഫോൺ സ്വിച്ചഡ് ഓഫാണ് .വാട്സാപ്പിൽ കൗതുകങ്ങൾ ഒളിപ്പിച്ചു വച്ച ചിരിക്കുന്ന മുഖവുമായി ,
'ജീവിതം വളരെ ചെറുതാണ് ..."എന്ന സ്റ്റേറ്സ്മായി എന്റെ മെസ്സേജുകൾ അവൻ വായിക്കാതെ ...മറുപടി അയക്കാതെ ഇരിക്കുന്നു .ഫേസ്ബുക്കിൽ നോക്കുമ്പോൾ അവന്റെ അക്കൗണ്ട് ഡീആക്ടിവേറ്റ്‌ ആണു .ജീവിതം നമുക്കു മുന്നിൽ പിടികൊടുക്കാതെ നെട്ടോട്ടമോടുമ്പോൾ അതെല്ലാം അവർ തീർക്കുന്നത് ഫേസ്ബുക്കിൽ സ്റ്റാറ്റസ് ഇട്ടോ ,പ്രൊഫൈൽ മാറ്റിയോ ,അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തോ ആകാം പലരും .അവനും പലപ്പോഴും അങ്ങനെയാരുന്നു .അവൻ വിളിക്കുമെന്ന പ്രതീക്ഷയോടെ ഞാനിരുന്നു .പക്ഷേ ..വിളിച്ചില്ല .
നീണ്ട കാത്തിരിപ്പു വിഹ്വലമാണെന്നു മനസിലാക്കിയപ്പോൾ അവനെപ്പറ്റി ഞാൻ അന്വേക്ഷിച്ചു .പിന്നെടെപ്പോഴോ അവന്റെ സുഹൃത്തു വഴി ഞാനറിഞ്ഞു .അന്നു അവരുടെ അവസാന വർഷത്തെ പരീക്ഷയ്ക്കായി അവരെല്ലാം ട്രെയിനിൽ കയറി അവനായി കാത്തിരുന്നു .പക്ഷേ അവനു വേണ്ടി ഒരു ഫോൺ കാൾ ആണു വന്നതു .
"ജാസ് ഇനി വരില്ല ....അവൻ ആത്മഹത്യ ചെയ്തു ............!"
ആ വാക്കുകൾ എന്നിലും ഒരു കൂരമ്പുപോലെ തറച്ചു കയറി .എന്തിനവൻ അതു ചെയ്തു ആർക്കുമറിയില്ല .ഇന്സ്ടിട്യൂട്ടിലെ എല്ലാവർക്കും അവനെക്കുറിച്ചു നല്ലതുമാത്രമേ പറയാനുള്ളു .അവിടെ അവൻ ആക്റ്റീവ് ആയിരുന്നു .എല്ലാവരുടെയും കണ്ണിലുണ്ണിയാരുന്നു .എപ്പോഴും ചിരിച്ചു എല്ലാവരോടും സംസാരിക്കുന്ന അവനെപ്പറ്റി പറയാൻ എല്ലാവർക്കും ഇഷ്ടമായിരുന്നു .
ഒരു പക്ഷേ ,അവൻ ഒരുപാടു നേരത്തെ കണക്കു കൂട്ടിയിരിക്കണം .അറിയില്ല എനിക്കും .എന്തിനാ കുട്ടീ ..എന്തിനു വേണ്ടി ?നിന്നെ സ്നേഹിക്കുന്നവർ ഇവിടെ ഉണ്ടായിട്ടും .....നിന്നെ കാത്തിരിക്കുന്നവർ ഇവിടെ ഉണ്ടയിട്ടും ...എല്ലാവരുടെ മുന്നിലും ഒരു പ്രകാശം പരത്തുന്ന ഒരു മിന്നാമിനുങ്ങായി നീ ഇവിടെ ഇരുന്നിട്ട് ആരോടും ഒന്നും പറയാതെ നിന്റെ വിഷമങ്ങൾ ഉള്ളിലൊതുക്കി ഒരു നിമിഷം കൊണ്ടു നീ എന്തിനാ നിന്നെ അവസാനിപ്പിച്ചത് ?
ഓർത്തില്ലയോ നീ ...നിന്റെ ഉമ്മയെപ്പറ്റി .....ഉപ്പയെപ്പറ്റി .....സഹോദരിമാരെപ്പറ്റി ....സുഹൃത്തുക്കളെപ്പറ്റി ....നിന്റെ മനസ്സിൽ പ്രണയത്തിരമാല അലയടിപ്പിച്ച ആ മൈലാഞ്ചി മൊഞ്ചുള്ള പെണ്കുട്ടിയെപ്പറ്റി ....നീ ഓർക്കാതെപോയോ ...ഈ പരീക്ഷ പൂർത്തീകരിച്ചെങ്കിൽ നീ ഷെഫ് ആകുമായിരുന്നു ....അങ്ങനെ നിന്റെ ഖൽബിലെ ആ സുൽത്താന്റെ സ്വപ്ങ്ങൾ നീ മറന്നുവോ ...
എല്ലാത്തിലും ഉപരി ഞാൻ ഇവിടെ കുറിക്കട്ടെ ....നീ എനിക്കെന്റെ സ്വന്തം അനിയൻ തന്നെയിരുന്നു .നിന്നെപ്പോലെ ... .നീ എന്നെ സ്നേഹിച്ചപോലെ ....ഒരു സുഹൃത്തും ഇന്നു എനിക്കില്ല .ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു നീ ഇവിടെ എവിടെയോ ഉണ്ടെന്നു .

Reshma S. Devan

പെൺകുട്ടി


കണ്ണുകൾ ഇറുകെ അടച്ചു കിടന്നിട്ടും അവൾക്കു ഉറക്കം വന്നില്ല. ഇനി വിടർന്നു വരുന്ന പ്രഭാതം അവളുടെ ജീവിതത്തിന്റെ പുതു വസന്തവും പേറിയാണ് വരുന്നത്. പതിനേഴു വർഷങ്ങൾ കാത്തിരുന്നിട്ടും അമ്മയാകാൻ കഴിയാത്ത അവൾക്കു അമൂല്യമായ ആ നിധി നാളെ കിട്ടുകയാണ്.. തന്നെ ''അമ്മ' എന്നു വിളിക്കാൻ ഒരു കുഞ്ഞ്. !
തന്റെ സുഹൃത്തു ഡോ:നിശയുടെ പരിചയത്തിൽ നിന്നും ഒരു കുഞ്ഞിനെ ദത്തെടുക്കാൻ അവളും പ്രദീപും തീരുമാനിച്ചു. ജീവിതത്തിൽ, അധ്യാപികയായി ഓരോ കോളേജിൽ നിന്നും മാറി മാറി പോകുമ്പോഴും അവൾക്കു മാതൃത്വം അന്യമായി നിന്നു . അപ്പോഴും ബാങ്ക്‌ മാനേജറായി പ്രദീപ് അവൾക്കു ഇന്നും കൂട്ടായി നിൽക്കുന്നു.
"താൻ ഇതുവരെ ഉറങ്ങിയില്ലേ ആരതി ?"
എഴുതിക്കൊണ്ടിരുന്ന ഡയറി മടക്കിവച്ചു പ്രദീപ് ചോദിച്ചു. "എനിക്കു ഉറക്കം വരുന്നില്ല മാഷേ... " അവൾ ഒന്നു പുഞ്ചിരിച്ചു.
"മാഷേ.... നമുക്കു ആ കുഞ്ഞിനെ 'ദേവൂട്ടി 'എന്നു വിളിക്കണം. " "അതിനെന്താ !അതാണോ താൻ ഇത്രയും സമയം ഓർത്തേ ?"
അവൾ അയൽക്കരികിൽ വന്നിരുന്നു. "അല്ല, മാഷേ നമ്മുടെ ദേവൂട്ടിയെപ്പറ്റി ഒരു വിവരവുമില്ലല്ലോ ?അവൾ ചിലപ്പോൾ പത്താം ക്ലാസ്സിൽ എങ്കിലും ആയികാണും.... "
"അതെ ആരതി, ദേവൂട്ടി ഇപ്പൊ വലിയ കുട്ടിയായി കാണും. അവിടെന്നു പോയതിൽ പിന്നെ ഫോൺ വിളിയൊക്കെ പയ്യെ ഇല്ലാതായി ... തിരക്കുകൾ !"
"ഇപ്പൊ ആ നമ്പർ നിലവിലെ ഇല്ലാല്ലോ ?'ദേവൂട്ടി' നമുക്കു പിറക്കാതെ പോയ കുട്ടിയ... ഈ കുഞ്ഞിനെ 'ദേവൂട്ടി 'എന്നുത്തന്നെ പേരിടണം. "
"ശരി താൻ ഉറങ്ങിക്കോളൂ.... "
ദേവൂട്ടി !വർഷങ്ങൾക്കു മുൻപ് ആരതിക്കു ട്രാൻസ്ഫർ കിട്ടി കട്ടപ്പനയിൽ ജോലി നോക്കുമ്പോൾ വീടിനടുത്തായി താമസിച്ച കുട്ടി. അന്നു അവൾക്കു ഏകദേശം ആറു വയസ്സു കാണും. അമ്മ, അവൾക്കു രണ്ടു വയസ്സുള്ളപ്പോഴേക്കും മരണം കാൻസർ എന്ന സത്വത്താൽ കൊണ്ടുപോയി. ഒരുകൂട്ടം പാവകളുമായി വർഷങ്ങളിൽ പലപ്പോഴായി വിദേശത്തുനിന്നു എത്തുന്ന അച്ഛൻ . പിന്നെ ഏക ആശ്രയം അവളുടെ അച്ചാമ്മ ആയിരുന്നു. 'ടീച്ചർ അമ്മേ ' എന്നു വിളിച്ചു ആരതിയെ ചുറ്റിപ്പറ്റി നിന്നു ഒരുപാടു സംസാരിക്കുന്ന, ആരതിയോടൊപ്പം കളിക്കുന്ന, ഒരു പ്രകാശം പരത്തുന്ന പെൺകുട്ടിയായിരുന്നു ദേവൂട്ടി .വല്ലപ്പോഴുമാണ് അവളുടെ അച്ഛൻ വരുന്നെങ്കിലും,അതു അവൾക്കൊരു ഉൽസവംപോലെയായിരുന്നു . അച്ഛൻ വന്നാൽ അവള്കുയാരെയും വേണ്ടാതാകും. ആ അച്ഛന്റെയും മകളുടെയും സ്നേഹത്തിന്റെയും പരിഭവങ്ങളുടെയും താലോലിക്കലിന്റെയും ലോകത്തു അന്യരായി മകളില്ലാത്തതിന്റെ മനസിനുളിലെ വേദനകളെ കടിച്ചുപിടിച്ചു പ്രദീപും ആരതിയും നോക്കിനിൽക്കാറുണ്ടാരണ്ടരുന്നു.അച്ഛൻ പോകുമ്പോൾ നിറക്കണ്ണൂകളോടെ തന്റെ പാവക്കുട്ടിയെ കെട്ടിപ്പിടിച്ചു മെല്ലെ മെല്ലെ അവൾ ആരതിയുടെ അടുത്തു പരുങ്ങിവന്നുനിൽക്കും.'ഇനി ഞാൻ ഒറ്റയ്ക്കാണ് ടീച്ചർ അമ്മേ ' എന്നു ആ കുഞ്ഞു മനസു പറയാതെ വായിച്ചെടുക്കാൻ ആരതിക്കു കഴിയുമായിരുന്നു. ദേവൂട്ടി ഉള്ളപ്പോൾ അവർക്കു മക്കൾ ഇല്ലെയെന്ന യാഥാർഥ്യം അവർ മറന്നിരുന്നു. നീല മിഴികൾ ഉള്ള അവളുടെ പൊട്ടിച്ചിരിയും കുസൃതികളും അവരുടെ ജീവിതത്തിന്റെ ക്യാൻവാസിൽ നിറംപിടിപ്പിച്ച ചിത്രങ്ങളായി മാറി. മൂന്നു വർഷങ്ങൾ മാത്രം അവിടെ നിന്നിട്ടുള്ളുവെങ്കിലും ജീവിതത്തിൽ ഓമനിച്ചു കൊണ്ടു നടന്ന ദേവൂട്ടിയെ മറക്കാൻ അവർക്കായില്ല.
'ദയ' ഹോസ്പിറ്റലിനു മുന്നിൽ കാർ ചെന്ന് നിന്നപ്പോൾ ആരതിയുടെ മനസ്സിൽ പ്രതീക്ഷയുടെ മന്ദഹാസം വിടർന്നു . ഏതാനും നിമിഷങ്ങൾ കഴിയുമ്പോൾ അഞ്ചു മാസമുള്ള കുട്ടി അവർക്കു സ്വന്തമാകുകയാണ്. തന്നെ 'അമ്മ 'എന്നു വിളിക്കാൻ.... തന്നോട് ചേർന്നു കിടക്കാൻ.....
മതിവരുവോളം താലോലിക്കാൻ....
എപ്പോഴും സ്നേഹിക്കാൻ...... എല്ലാത്തിലുമുപരി തന്റെ ജീവിതത്തിനു അർത്ഥമേകാൻ അവൾ വരുകയാണ്.അവർ നേരെ ഡോ :നിശയുടെ അടുത്തേയ്ക്കു ചെന്നു.
"ഞാൻ പറഞ്ഞതൊക്കെ ഓർമ്മയുണ്ടാലോ ?ആക്ച്വലി, ആ കുഞ്ഞിന്റെ അമ്മ ഒരു മെന്റൽ പേഷ്യയെന്റണ്. ജീവിതത്തിൽ ഒരിക്കലും ആ കുഞ്ഞിനെ അവൾക്കു അംഗീകരിക്കാൻ പറ്റില്ല.അപ്പോൾ നമുക്കു മുന്നോട്ടു പോകാലോ "
ആരതിയുടെ കണ്ണുകൾ അപ്പോഴും പരതിയത് കുഞ്ഞിനെയാണ്. ഒരു സ്റ്റാഫ് നേഴ്സ് കുഞ്ഞുമായി വന്നു. അവൾ മിഴികൾ ഇറുകെ അടച്ചു ഉറങ്ങുകയാണ്. ആരതി ആ കുഞ്ഞിനേ വാരിയെടുത്തു. മൂർത്താവിൽ ചുംബിച്ചു. ഈറൻ മിഴികളോടെ അവൾ പ്രദീപിനെ നോക്കി പുഞ്ചിരിച്ചു.അയാൾ കുഞ്ഞിന്റെ കൈകൾ ചേർത്തു ചുംബിച്ചു. ആരതി ചോദിച്ചു "ഈ കുഞ്ഞിന്റെ അച്ഛൻ ?"
നിശ ഒന്നു പുഞ്ചിരിച്ചു. "അച്ഛൻ വരില്ല "
ആരതി ആകാംഷയോടെ ചോദിച്ചു "അപ്പോൾ ചതിച്ചതാണോ ?"
നിശ കുറച്ചു നേരം മൗനമായി നിന്നു എന്നിട്ടു തുടർന്നു "രക്ഷകനാകേണ്ടിയിരുന്ന ആൾ പച്ച മാംസമായി മാത്രം ആ പെൺകുട്ടിയെ കണ്ടു. പതിനാലു വയസുള്ള തന്റെ ചോരയിൽ പിറന്ന മകളെ അയാൾ............... "
ബാക്കി തുടരാൻ നിശയ്ക്കു കഴിഞ്ഞില്ല. അവളുടെ ശബ്‍ദം ഇടറി. നിശ മെല്ലെ വരാന്തയിലേക്ക് നടന്നു. കൂടെ ആരതിയും പ്രദീപും.ഏറെ നേരെത്തിന്റെ മൗനത്തിനു ശേഷം നിശ പറഞ്ഞു.
"ആറു മാസത്തിനു മുൻപു ആ പതിനാലു വയസുള്ള പെൺകുട്ടിയെ സാമൂഹ്യ പ്രവർത്തകർ ഇവിടെ എത്തിച്ചു. അപ്പോഴേക്കും അവൾ വിഷാദ രോഗത്തിന്റെ നടുവിൽ ആയിരുന്നു. ആ കുഞ്ഞുകുട്ടിക്കു എന്തറിയാൻ ?അവൾക്കു ഈ കുഞ്ഞിനെ കാണുന്നതേ ഭയമാണ്..... !!!"
നിശ അവരെയും കൊണ്ടു ഒരു മുറിയിലേക്ക് കയറി.ജനലിനരികിൽ വീണു കിടക്കുന്ന മഴത്തുളിയെ തട്ടിമാറ്റി പാറിപ്പറന്ന മുടിയുമായി ഒരു പെൺകുട്ടി.
"ഇതാണ് ആ പെൺകുട്ടി.. !മറ്റുകുട്ടികളെപോലെ ഓടിച്ചാടി നടക്കേണ്ട ഇവൾ ഒരു ജീവ ശവംപോലെ ഈ മെന്റൽ ഹോസ്പിറ്റലിലെ പേഷ്യന്റ് ആണ്. ഇനി ഒരിക്കലും ഈ യാഥാർഥ്യ ലോകത്തേക്ക് തിരിച്ചു വരില്ലയെന്ന എനിക്കു തോന്നുന്നേ ?വന്നിട്ടും എന്തിനാ അവളുടേ ആ ലോകത്തിൽ അവൾ ജീവികട്ടെ. തിരികെ വന്നാൽ ആത്മഹത്യയെന്ന ഓപ്ഷനെ അവൾക്കു കാണുകയുള്ളു. "
ആരതി ഒന്നും പറയാതെ ജനലിനരികിൽ ചെന്നു. ആ പെൺകുട്ടിയുടെ മുഖം അവൾ കണ്ടു. വിദൂരതയിൽ തന്റെ നീല മിഴികളുമായിനിൽക്കുന്ന പെൺകുട്ടി. പൊട്ടിച്ചിരിച്ചു അവൾക്കരികിൽ 'ടീച്ചർ അമ്മേ 'എന്നു വിളിച്ചു നടന്ന അവളുടെ ദേവൂട്ടി. ആരതിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.അവൾ അവളുടെ പാറി പറന്നു കിടക്കുന്ന മുടിയിഴകൾ തഴുകി. ആരതി അവളെ ഇറുകെ കെട്ടിപിടിച്ചു. കരഞ്ഞുകൊണ്ടവൾ ശബ്‌ദം ഇടറി വിളിച്ചു. "മോളേ............. ദേവൂട്ടി............ !"
രേഷ്മ എസ്‌ .ദേവൻ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo