Slider

അവൾ ചിരിക്കട്ടെ.....

0

അവൾ ചിരിക്കട്ടെ.....
***************************
സമയം 4. 11 പി. എം. ഇനിയും ഉണ്ട് സമയം ബാക്കി. ലഗേജുമായി ഓരോ ട്രെയിനിൽ നിന്നും ഇറങ്ങുന്ന യാത്രക്കാർ. പരസ്പരം സംസാരിച്ചു നീങ്ങുന്ന ചിലർ. ചായ.... കാപ്പി.... വിളികളുമായി പ്ലാറ്റഫോമിൽ നിന്നും പ്ലാറ്റഫോമിലേക്കു ചാടുന്ന കുറച്ചുപ്പേർ.ആകെ ബഹളമയമാണിവിടം. ട്രെയ്നിന്റെ ചൂളം വിളി അടുത്തടുത്ത്‌ വരുന്നു. അപ്പോഴും അനൗൺസ്‌മെന്റ്റ് ഭംഗിയായി നടക്കുന്നുണ്ടായിരുന്നു. ഞാൻ ചുറ്റിനും നോക്കി പരിജയമുള്ള ഒരു മുഖവുമില്ലെന്നു മനസിലാക്കി ഞാൻ എന്റെ ഹെഡ്സെറ്റുമായി ചില ഇഷ്ടപ്പെട്ട പാട്ടുകളുമായി ആ ചെയറിൽ ഇരുന്നു. അടുത്തായി ഇരിക്കുന്ന സായിപ്പ് ചേട്ടൻ ഏതോ ബുക്ക്സ് വായിക്കുകയാണ്. അയാൾ ഇടയ്ക്കിടയ്ക്കു എന്നെ നോക്കുണ്ടായിരുന്നു. പുച്ഛത്തോടെ ആണോന്നറിയില്ല. പലപ്പോഴും ബംഗാളികൾ ഹെഡ്സെറ്റുമായി ഇരിക്കുമ്പോൾ നമ്മൾ മലയാളികൾ നോക്കുന്ന ആ പുച്ഛഭാവം അയാളുടെ കണ്ണുകളിൽ പാറുന്നുണ്ടായിരുന്നോ ?
'എനിക്ക് ബുക്ക്സ് വായിക്കാൻ ഇപ്പോൾ സമയമില്ല സായിപ്പേ
'
എന്നൊരു നോട്ടഭാവം കാട്ടി ഞാനുമൊരു മലയാളിയായി. നെറ്റ് ഓൺ ചെയ്തപ്പോൾ ചറപറാന്നു വാട്സപ്പ്പ് മെസ്സേജുകൾ.. അതിലൂടെ ഒന്നു കണ്ണോടിച്ചിരിക്കുമ്പോൾ പുറകിൽ നിന്നും ഒരു വിളി.
"ചേച്ചി.... "
"ഇതാരാണാവോ ഇവിടെ ചേച്ചിന്നു വിളിക്കാൻ ഏതെങ്കിലും ജൂനിയർ ആകും "
തിരിഞ്ഞ് നോക്കുമ്പോൾ കൈയിൽ വലിയൊരു ബാഗും തൂക്കിപിടിച്ചു നീലയിൽ കറുപ്പ് പുള്ളികൾ ഉള്ള ഒരു ചുരിദാറുമിട്ടു ഒരു പെൺകുട്ടി.അവൾ, തന്റെ തലയിൽ നിന്നും ഉതിർന്നു വീഴുന്ന ഷാളുകൊണ്ടുള്ള തട്ടം ഒന്നു നന്നായി പിടിച്ചു വച്ചു, എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ വിടർന്ന സുറുമയെഴുതിയ പാരിജാത മിഴികൾ ചുണ്ടിനെക്കാൾ മനോഹരമായി പുഞ്ചിരിച്ചു. അതെ !ആ പുഞ്ചിരി ഞാൻ എവിടെയോ കണ്ടിട്ടുണ്ട്. പക്ഷേ... ഓർമ്മകൾ പുറകോട്ടു വലിക്കുമ്പോൾ എവിടെയൊക്കെയോ തടയുന്നു.
"ചേച്ചിക്ക് എന്നെ ഓർമ്മയുണ്ടോ ?"
അവൾ എന്റെ അരികിലുള്ള ചെയറിലേക്കു ഇരുന്നു.
"ഈശ്വരാ.... ഇതൊരു കുഴയ്ക്കുന്ന ചോദ്യമാണ്.. എവ്ടെയാന്നെന്നറിയില്ല. പക്ഷേ.... കണ്ടിട്ടുണ്ട്. ഈ ചിരി എപ്പോഴോ എന്റെ മനസ്സിൽ പതിഞ്ഞതാണ്. എവിടെയാണു ?സ്കൂളിലെയോ കോളേജിലെയോ ജൂനിയർ ആണോ ?നിമിഷങ്ങളോളം എന്റെ തലച്ചോറ് ഓർമകളെ ഹരിച്ചും ഗുണിച്ചും നോക്കി. ആ മുഖത്തു നോക്കി എങ്ങനെപറയും ഓർമ്മയില്ലെന്നു. ഞാൻ കുഴങ്ങി. പലപ്പോഴും പലരും ജീവിതത്തിന്റെ പലഘട്ടത്തിൽ ഓർമ്മകളായി വരും. പക്ഷേ... ജീവിതത്തിന്റെ കുത്തൊഴുക്കിൽ ഓരോരുത്തരും തിരക്കിലായിപ്പോകും. ആ തിരക്കിൽ ചില ഓർമ്മകളെ വീണ്ടും പുതുക്കാൻ ഞാനും മറന്നുപോകും.
"ചേച്ചിക്ക് എന്നെ മനസിലായി കാണില്ല. അല്ലേ ?ചേച്ചിക്ക് ചില മാറ്റങ്ങൾ ഉണ്ടെങ്കിലും എനിക്ക് മനസിലായി..... "
വീണ്ടും അവൾക്കു മുന്നിൽ ഞാനൊന്നു ചെറുതായി.
"ഓർമ്മയുണ്ടോ ? ചേച്ചി കോളേജിൽ പഠിക്കുമ്പോൾ നമ്മൾ ഒരുമിച്ചു ഇതുപോലെ അടുത്തടുത്ത സീറ്റിൽ ഇരുന്നു പോയിട്ടുണ്ട് ബസ്സിൽ. "
അവളുടെ ചോദ്യം എന്റെ എന്റെ ഭൂതകാല ഓർമ്മകളെ ഓരോന്നായി വിളിച്ചുണർത്തി. അവളുടെ നിഷ്കളങ്കമായ പുഞ്ചിരി.... സുറുമയെഴുതിയ ആ പാരിജാത മിഴികൾ. അതെ !അവൾ തന്നേയാണ് ഹസ്ന !
"ഹസനയല്ലേ ?"
"അതെ... ചേച്ചി അപ്പോൾ മറന്നിട്ടില്ല അല്ലേ ?"
ജീവിതത്തിന്റെ ഏടുകളിൽ ചിലരെ നമ്മുടെ മനസിന്റെ ഏതോകോണിൽ അവരുടെ രുപം കൊത്തി വച്ചിരിക്കും. ചിലപ്പോൾ ഒരു നിമിഷം മാത്രമായിരിക്കും അവരെ നമ്മൾ കണ്ടിട്ടുള്ളത്..... സംസാരിച്ചിട്ടുള്ളത്... പക്ഷേ.., അവളെയും ഞാൻ എന്റെ മനസ്സിൽ കൊത്തി വച്ചിട്ടുണ്ടെങ്കിൽ എന്റെ മനസ്സിൽ അവൾ ഒരു സുന്ദരമായ പ്രകാശം പരത്തിയത് കൊണ്ടാകാം.
രണ്ടു മൂന്ന് വര്ഷണങ്ങൾക്കു മുൻപ്, ബിടെക് പരീക്ഷയുടെ സമയം. പാതിരാത്രിയിൽ വായിച്ചിട്ടും തീരാതെ ബസ്സിൽ ഇരുന്നു ബുക്സിന്റെ അങ്ങോളം ഇങ്ങോളം വലിച്ചു നീട്ടി വായിച്ചിരിക്കുന്ന നേരം. അടുത്തു ആരോ വന്നിരിക്കുന്നു എന്ന് മനസ്സിലായിട്ടും ആരെണെന്നു പോലും നോക്കാതെ ഞാൻ വായിക്കുകയായിരുന്നു. ഇടയ്ക്കെപ്പോഴോ എന്റെ കാൽ ഒരു സഞ്ചിയിൽ തട്ടി. ഞാൻ ആ സഞ്ചി പതുക്കെ നീക്കുമ്പോൾ ഒരു ശബ്ദം.
"ചേച്ചി അത് തട്ടരുതേ... അത് കുറച്ചു മാമ്പഴമാണ്‌ ".
ഞാൻ അടുത്തിരിക്കുന്ന ശബ്ദത്തിന്റെ ഉടമയെ നോക്കി. ഒരു വെള്ള നിറത്തിലെ ചുരിദാറിട്ടു, അഴിഞ്ഞു വീഴുന്ന തട്ടം മുടിയിലേക്കു പിടിച്ചു വച്ചു, സുറുമയെഴുതിയ പാരിജാത മിഴിയുമായി ചിരിക്കുന്ന ഒരു പെൺകുട്ടി. ഞാനും ഒന്നു ചിരിച്ചു.
"ചേച്ചിക്ക് എക്സമാണോ ?"
"അതെ .. കുട്ടി എവിടെ പോകയാണ് ?"
"എന്റെ ഒരു ടീച്ചറെ കാണാൻ. പഠിച്ചു ഇറങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. പക്ഷേ.. ആ ടീച്ചറെ വല്ലപ്പോഴും കണ്ടില്ലെങ്കിൽ എന്തോ ഒരു വിഷമം ആണ്.മാമ്പഴം ടീച്ചറിനു വളരെ ഇഷ്ട്ടമാണ്. എന്നും പോകുമ്പോൾ എന്തെങ്കിലും സ്പെഷ്യൽ ഞാൻ കൊടുക്കാറുണ്ട്. "
അവള്ക്ക് ടീച്ചറിനോടുള്ള സ്നേഹം കണ്ടപ്പോൾ എന്തോ അവളെ കുറിച്ച് കൂടുതൽ അറിയാൻ ഒരു കൗതുകമായി.
"കുട്ടിയുടെ പേര് എന്താണ് ?"
"ഹസ്ന !"
"എന്ത് പഠിക്കാ ?"
"ചേച്ചി ഞാൻ ഇപ്പോൾ ഒന്നും ചെയ്യുന്നില്ല. അടുത്ത വർഷം നഴ്‌സിങ്ങിനു പോകണം.... എന്നാണ് ആഗ്രഹം. ഇൻഷാ ആള്ളാ..... "
"അതെന്താ ഈ ഇയർ പോകാത്തെ ?ഒരു ഇയർ പോയില്ലേ ?"
"ചേച്ചി വീട്ടിൽ കുറച്ചു കഷ്ടപ്പാടാണ്. ഇപ്പോൾ ഓരോ ദിവസവും തള്ളി നീക്കുന്നത് തന്നെ വളരെ കഷ്ടപ്പെട്ടാണ്... ഇപ്പോൾ കാണാൻ പോകുന്ന ടീച്ചർ സഹായിക്കുമെന്ന് പറഞ്ഞിട്ടുണ്ട്... പഠിക്കാനായി.... "
പിന്നെ അവൾ ഓരോന്നായി പറയാൻ തുടങ്ങി. വീട്ടിൽ വളരെ ബുദ്ധിമുട്ടാണ്. അവളുടെ വാപ്പ അവൾക്കു രണ്ടു വയസുള്ളപ്പോൾ അവളെയും ഉമ്മയെയും അവളുടെ സഹോദരിയെയും ഉപേക്ഷിച്ചു പോയി. പിന്നെ ഉമ്മ അവരെ വളർത്തിയത്‌ കെട്ടിട പണിക്കു സഹായിയായി പോയാണ്. കുറച്ചു സമ്പാദിച്ചതെല്ലാം അവളുടെ സഹോദരിയുടെ കല്യാണത്തിന് സ്ത്രീധനമായി കൊടുത്തു. ഒരു കുഞ്ഞായപ്പോൾ സ്ത്രീധനം തികഞ്ഞില്ല എന്ന കാരണം പറഞ്ഞു അയാൾ അവളുടെ ഇത്താത്തയെ മൊഴി ചൊല്ലി. ആ ഇത്താത്തയും കുഞ്ഞും ഇപ്പോൾ ഹസ്നയുടെ വീട്ടിൽ ആണ്. മതത്തിനു വേണ്ടി പ്രസംഗിക്കുന്ന അവളുടെ സമുദായത്തിലെ പലരും പലതും കണ്ടില്ലെന്നു നടിച്ചു. പഠിക്കണമെന്ന മോഹം ഉണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം ഇപ്പോൾ വേണ്ടാന്ന് വച്ചു. പിന്നെയും പഠിക്കാമല്ലോ...
"എങ്കിലും ചേച്ചി ഞാൻ പഠിക്കും. ഇതൊരു സാഹചര്യം മാത്രമാണ്. ഒന്നുമില്ലെന്ന്‌ കരുതി ഞാൻ വിഷമിക്കില്ല. എന്നാൽ ജീവിതത്തിൽ വിഷമം മാത്രേ എനിക്ക് കാണുള്ളൂ.ഇതൊക്കെ മാറുന്ന ഒരു ദിവസം ഉണ്ടാകും . ഞാൻ പ്രാർത്ഥിക്കുന്ന അള്ളാഹു എപ്പോഴും എന്റെ കൂടെയുണ്ട് ചേച്ചി... "
അവൾ പറഞ്ഞ വാക്കുകൾ ഇന്നും എന്റെ ഹൃദയത്തിൽ ഉണ്ട്. ഒരു പതിനെട്ടോ പത്തൊമ്പതോ വയ്സുള്ള പെൺകുട്ടി...അവളുടെ ആത്മവിശ്വാസം... ജീവിതത്തോടുള്ള കാഴ്ചപ്പാട്... അന്ന്, യാത്ര പറഞ്ഞിറങ്ങുംമ്പോൾ ഇനിയും എവ്ടെയെങ്കിലും വച്ചു കാണാം ചേച്ചി എന്ന് പറഞ്ഞവൾ ഇറങ്ങി.
"ചേച്ചി എന്നെ മറക്കുമോ എന്ന് എനിക്കറിയില്ല. "
അവൾ വീണ്ടും നിഷ്കളങ്കമായി പുഞ്ചിരിച്ചു.
എന്താന്നറിയില്ല എന്റെ മനസ്സിൽ ഓർമ്മകൾ മാറാലകെട്ടിയ ഏതോ ഒരു കോണിൽ അവളുടെ മുഖം പതിഞ്ഞു കിടക്കുകയായിരുന്നു. അവളുടെ ആത്മവിശ്വാസം അവളെ രക്ഷിച്ചു. അവളുടെ സാഹചര്യം മാറി. അവളിന്ന് ബംഗ്ലൂർ ഒരു ഹൊസ്പിറ്റലിലെ നേഴ്സ് ആണ്. അപ്പോഴേക്കും ബംഗ്ലൂർ എക്സ്പ്രസ്സ്‌ വന്നു. അവൾ യാത്ര പറഞ്ഞിറങ്ങി. ജാലകത്തിനരികിൽ ഇരുന്നു അവൾ എന്നെ നോക്കി കൈവീശി. ആ നിഷ്കളങ്കമായ പുഞ്ചിരിയിൽ വിടർന്ന ആ പാരിജാത മിഴികൾ കാണാൻ ഒരു ഭംഗി ഉണ്ടായിരുന്നു. ഇടയ്ക്കവൾ പറയാൻ മറന്നില്ല, അവളെ മനസിലാക്കുന്ന അവളുടെ എല്ലാ ദുഖവും അറിയുന്ന ഒരാൾ, അവളെ അയാളുടെ ജീവിതത്തിലെ ഹൂറിയായി സ്വാഗതം ചെയ്തകാര്യം. അയാളുമൊത്തു അവളുടെ കല്യാണം ഉറപ്പിച്ചിരുന്നു . അവളുടെ ഖല്ബിലെ ആ സുൽത്താൻ അവളുടെ ഉമ്മയെപോലെയോ ഇത്താത്തയെ പോലെയോ അവളെ ഉപേക്ഷിച്ചു പോകാതിരിക്കട്ടെ..... ഇനിയും ആ പാരിജാത മിഴികൾ നിറയാതിരിക്കട്ടെ....
ഇനിയും നിഷ്കളങ്കമായി അവൾ ചിരിക്കട്ടെ......
Reshma S. Devan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo