Slider

ഉള്ളം

0

ഉള്ളം
--------
ജോലി കഴിഞ്ഞു ക്ഷീണിച്ചു വീട്ടിലേക്ക് കടന്നു വരുന്ന ഭർത്താവ്..
കതക് തുറന്ന് ഉള്ളിലേക് കയറി വരുന്ന അയാളുടെ മുഖത്തു എന്തെങ്കിലും കള്ള ലക്ഷണം ഉണ്ടോ എന്ന് സൂക്ഷമമായി പരിശോധിക്കുകയാണ് അവൾ..
അത് പിന്നെ തന്റെ പ്രാണപ്രിയൻ വഴി തെറ്റി പോകുന്നുണ്ടോ എന്നൊരു പേടി ഏതൊരു പ്രിയതമക്കും ഉണ്ടാകുമല്ലോ..?? പ്രത്യേകിച്ചും തന്റെ ഭർത്താവ് അയാളുടെ പഴയ കാമുകിയെ കാണാൻ പോയി എന്ന് ഏതോ ഒരു നല്ല മനുഷ്യൻ ഫോണിലൂടെ വിളിച്ചു പറയുമ്പോൾ..
ആഹ്.. അങ്ങനെ ഒരു സംഭവം ഉണ്ടായി..
കുറച്ചു ദിവസം മുൻപാണ്..
" ഹലോ.. കദീശ ആണോ..??"
" കദീശ അല്ല.. ഖദീജ ആണ്.." തന്റെ പേര് ഇട്ടവളെ മുപ്പത്തി ഒരു നിമിഷം ഒന്ന് മനസ്സിൽ ഓർത്തു കാണണം..
" ആഹ് അതെന്നെ.. ഞമ്മളെ ഇമ്പിച്ചി പോക്കറിന്റെ മോൻ നാസറിന്റെ പെണ്ണുങ്ങൾ അല്ലേ..??"
അതേയ്.. ഉപ്പാന്റെ പേര് കു‌ടെ ചേർത്തു ആള് കൃത്യമാണോ എന്ന് ഉറപ്പു വരുത്തി പാര വെക്കലല്ലേ അതിന്റെ ഒരു മാന്യത.. !!
" അതെ ഇക്കാന്റെ ഭാര്യ ആണ്.. ഇതാരാ..? എന്താ വേണ്ടത്..? ഇക്ക ഇവിടെ ഇല്ലല്ലോ.."
" ആഹ് ഉണ്ടാകൂല.. മൂപ്പർ അയാളുടെ പഴയ കാമുകിയെ കാണാൻ പോയാൽ എങ്ങനാ വീട്ടിൽ ഇണ്ടാകുക..! "
" ഏഹ്..? കാമുകിയോ..?? എന്റെ ഇക്കായ്ക്കോ.. ഇങ്ങള് ആരാണ്.. വെറുതെ ഓരോന്ന് പറയണത്.."
" ഞാൻ പെങ്ങളെ ഒരു വെൽ വിഷർ ആണ്.. പെങ്ങക്കു നല്ലതു വരണം എന്ന് ആഗ്രഹിക്കുന്ന ആൾ.. പെങ്ങൾ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ.."
അതും പറഞ്ഞു ആ പുന്നാര ആങ്ങള ഫോൺ കട്ട് ചെയ്തു..
അന്ന് മുതൽ അവൾക് ഒരു ചെറിയ സംശയം.. എന്നാലും തന്റെ ഇക്ക അങ്ങനൊന്നും ചെയ്യില്ല എന്ന് അവൾ ഉറച്ചു വിശ്വസിച്ചു..
പക്ഷെ നമ്മുടെ ഖദീജയിലെ ഡിറ്റക്ടീവ്നെ ഉണർത്തിയത് ആ ആങ്ങളയുടെ അടുത്ത കാൾ ആയിരുന്നു.. കാമുകിയെ കാണാൻ നാസർ അന്നും പോയെന്നു പറയാൻ..
അങ്ങനെ മുപ്പത്തി നിരീക്ഷണം കൂടുതൽ ശക്തമാക്കി..
എന്തെങ്കിലും തെളിവ് എവിടെയെങ്കിലും ഉണ്ടോ എന്നു നോക്കാൻ അവൾ ഒരിക്കലും മറന്നില്ല..
ദിവസം കഴിയുന്തോറും ആ ആങ്ങള വിളിച്ചു പറയുന്നതിൽ കാര്യമുണ്ടെന് അവൾക്ക് തോന്നി തുടങ്ങി..
കാരണം മൂപ്പർക്ക് ഞമ്മളെ ഖദീജാനെ ഒരു മൈൻഡ് കുറവ്.. പോരാത്തതിന് ഒരു വിഷാദം എപ്പോഴും.. തന്നെ കെട്ടിപ്പോയതിലുള്ള സങ്കടം ആണോന്നു അവൾ പലപ്പോഴും സംശയിച്ചു..
പക്ഷെ നാസർ ഒരു തികഞ്ഞ ഗാന്ധിയൻ ആണ്.. എന്തൊക്കെ വന്നാലും സത്യമേ പറയൂ.. അത് അവൾക്ക് അറിയാം..
അങ്ങനെ അവൾ ചോദിക്കാൻ തന്നെ ഉറച്ചു..
എന്ത് വന്നാലും ചോദിക്കുക തന്നെ..
" ഇക്കാ.. ജീവിതത്തിൽ പ്രണയിക്കാത്തവരായി ആരും ഉണ്ടാകില്ല ലേ..!!"
നാസർ ഒന്ന് കിടുങ്ങി.. മൂപ്പരുടെ ഹൃദയം പഴയ കവാസാക്കി സ്‌കൂട്ടർ സ്റ്റാർട്ട് ചെയ്ത പോലെ കിടന്നു പിടക്കാൻ തുടങ്ങി..
" ഞാനും പ്രണയിച്ചിട്ടുണ്ട് ഇക്കാ.. പൂക്കളേയും പക്ഷികളെയും.. മഴയെയും പുഴയെയും.. അതിനേക്കാൾ എത്രയോ ഏറെ എന്റെ ഇക്കയെയും..!!"
" എന്താ ഇപ്പൊ ഇങ്ങനെ ഒരു സംസാരം..??!"
ഹൃദയമിടിപ്പിനു ഒരു സയലൻസർ ഫിറ്റ് ചെയ്ത നാസർ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു..
" ഞാൻ ഒരു കാര്യം ചോദിച്ചാൽ ഇക്ക സത്യം പറയുവോ..??"
അയാൾ എന്തെങ്കിലും പറയും മുൻപേ അവൾ ചോദിച്ചു
" ഇക്കാ.. ഇക്കയുടെ പഴയ കാമുകിയെ കാണാൻ ഇപ്പോഴും പോകാറുണ്ടോ..???"
ഗാന്ധിയൻ നാസറിന് മറുവാക്കില്ലായിരുന്നു.. അയാൾ ഒന്നും മിണ്ടാതെ റൂമിലേക് നടന്നു..
ഖദീജയുടെ സംശയങ്ങൾ എല്ലാം തീർന്നു..
" ഈ പാവം പൊട്ടി പെണ്ണിനെ പിന്നെ എന്തിനാ ഇക്ക കെട്ടിയെ..??"
അണ പൊട്ടിയ കണ്ണീർ അടക്കി പിടിച്ചു ഖദീജ ചോദിച്ചു..
അതിനും നാസർ ഒരു മറുപടിയും കൊടുത്തില്ല..
പിന്നീട് ആ വീട്ടിൽ മൂകത തളം കെട്ടി നിന്നു.. സന്തോഷമില്ല.. മിണ്ടാട്ടമില്ല.. ആകെ കാർമേഘങ്ങൾ.. എങ്ങും..
പാവം നമ്മുടെ ഖദീജ.. അവൾ യതീം ആയിരുന്നു.. ആ അനാഥ പെണ്ണിന് അത്കൊണ്ട് തന്നെ ഇക്കയെ വിട്ടു പോകുക എളുപ്പമായിരുന്നില്ല..
കാമുകിയെ പറ്റി ചോദിച്ചതിനൊന്നും നാസർ മറുപടി പറഞ്ഞില്ല.. പക്ഷെ എപ്പോഴും കാണാൻ പോകുന്നു എന്ന് അവൾക്ക് ഉറപ്പായിരുന്നു..
ഒരു ദിവസം കുറച്ചു നേരത്തെ വന്ന നസറിനോട് അവൾ ചോദിച്ചു..
" ഇന്നെന്താ കാമുകിയെ കാണാൻ പോയില്ലേ..!?"
വാടിയ മുഖവും ആയി നാസർ സോഫയുടെ ഒരു മൂലക്കിരുന്നു.. ഖദീജയുടെ മുഖത്തൊന്നു നോക്കി എന്നിട്ടു പറഞ്ഞു..
" പെണ്ണുങ്ങളുടെ മയ്യിത്തു കാണാൻ ഞമ്മക് അനുവാദം ഇല്ലാലോ..!!"
" മയ്യിത്തോ..? ആരുടെ..??"
ഒരു നേടുവീർപോടെ നാസർ പറഞ്ഞു തുടങ്ങി..
" ഒരുപാട് ഇഷ്ടമായിരുന്നു അവളെ.. പക്ഷെ ഇന്ന് ഞാനൊരു കോടീശ്വരനാകും എന്ന് അവൾ അറിയാതെ പോയത് കൊണ്ടാകാം.. അന്ന് നയാ കാശിനു വിലയില്ലാതിരുന്ന എന്നെ ചവറ്റ്‌ കൊട്ടയിൽ ഇട്ട് അവൾ യോഗ്യനായ ഒരാളെ കണ്ടെത്തി.. "
" ഹും.. ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോൾ ആ യോഗ്യൻ ഇവളെ ഇട്ടേച്ചു പോയി.."
" നമ്മളെ അബു പറഞ്ഞാണ് കാര്യങ്ങൾ അറിഞ്ഞത്.. പോയി കണ്ടു.. എന്നോട് ചെയ്തതിന് ഒരുപാടു മാപ്പു പറഞ്ഞു.. കരഞ്ഞു.. പാവം.. എല്ലാം പോയിരുന്നു.. ഒന്നും ഇല്ലായിരുന്നു അവൾക്ക്.. എന്നെ കണ്ടപ്പോൾ ആശ്വാസം ആയെന്നു പറഞ്ഞു കണ്ണ് നിറഞ്ഞു.."
" നിന്നെ പോലെ തന്നെയാ ഖദീജാ.... യാതീമാണ് അവളും.. വയ്യാത്ത ഉമ്മ മാത്രം.. ആരുമില്ലെന്ന് തോന്നിയപ്പോ ഇടക്കിടക്ക് കാണാൻ പോയി.. ആ പഴയ കാമുകിയെ.. ആശുപത്രി കിടക്കയിൽ.."
" ഇഷ്ട്ടം കൊണ്ടല്ല.. മനുഷ്യത്വം കൊണ്ട്.. "
" നിന്നെ എനിക്ക് അറിയാം ഖദീജാ... ഞാൻ ഇത് നിന്നോട് പറഞ്ഞാൽ , നീയും പോരും പിന്നെ എന്റെ കൂടെ.. അത് അവൾക്കൊരു സങ്കടമായലോ എന്ന് കരുതി.."
" പക്ഷെ അവൾക്ക് അറിയാമായിരുന്നു നിന്നെ പറ്റി.. ഇന്നലെ നിന്നോട് സലാം പറഞ്ഞിരുന്നു.. ഇന്ന് ഞാൻ ചെന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.."
" ഖദീ... നിന്നെ ഞാൻ ഒരുപാട് സങ്കടപ്പെടുത്തി. പൊറുക്കാൻ പറ്റുമെങ്കി ഇക്കയോട് പൊറുക്ക്.. മാപ്പ്.. "!
എല്ലാം കേട്ട് ഒന്നും മിണ്ടാതെ നിക്കുവാ പാവം..
കവിളിലൂടെ അടർന്നു വീഴുന്ന മിഴിനീർ പൂക്കളെ തട്ടത്തിന്റെ അറ്റം കൊണ്ട് ഒപ്പിയെടുത്തു തന്റെ ആരംഭ പൂവായ ഇക്കയെ കണ്ണ് നിറച്ചു കാണുവാ നമ്മുടെ ഖദീജ..
പതിയെ അവൾ അയാളുടെ അടുത്തേക് ചെന്നിരുന്നു.. സങ്കടപെട്ടിരിക്കുന്ന തന്റെ ഭർത്താവിന്റെ കൈകൾ ചേർത്ത് പിടിച്ചു " ക്ഷമ ചോദിക്കേണ്ടത് ഞാനല്ലേ ഇക്കാ.." എന്ന് പതിയെ ചോദിച്ചു ആ ചുമലിലേക്‌ മുഖം ചേർത്ത് വെച്ചു..
അയാൾ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു.. " എന്നോട് ക്ഷമിക്ക് ഖദീജാ.. ക്ഷമിക്ക്.."
അവനെ സമാധാനിപ്പിച്ചു അവൾ പറഞ്ഞു.. "സാരയില്ല ഇക്കാ.. പോട്ടെ.. !!"
അപ്പോൾ അവൾക്കു ഉറപ്പായിരുന്നു.. ഒരിക്കൽ ഇട്ടേച്ചു പോയവൾക്കു വേണ്ടി തന്റെ ഇക്ക ഇത്രയൊക്കെ ചെയ്തിട്ടുണ്ടേൽ തനിക്കു വേണ്ടി ജീവൻ പകർന്നു നൽകാനും അവൻ ഉണ്ടാകുമെന്നു.. !!
അല്ലേലും ചിലരെയൊന്നും പടച്ചോൻ അത്ര പെട്ടെന്നു കൈവിടൂല..
ഞമ്മളെ ഖദീജയെ പോലെ.. !! 😊
- മുഹമ്മദ് അലി അബ്ദുല്ല.. 😊
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo