Slider

എന്‍റെ കലാലയ സ്മരണകള്‍

0

എന്‍റെ കലാലയ സ്മരണകള്‍
--------------------------------------------------
കാലത്തിന് പുറകോട്ട് സഞ്ചരിക്കാന്‍ ആവുമായിരുന്നെങ്കില്‍ ഞാന്‍ എന്‍റെ കലാലയ ജീവിതം തിരിച്ചെടുക്കുമായിരുന്നു...
തലശ്ശേരി ഗവണ്‍മെന്‍റ് ബ്രണ്ണന്‍ കോളേജിലെ മൂന്നു വര്‍ഷത്തെ
കലാലയ ജീവിതം.. അതാണ് ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം...
മഴവില്ല് പോലെ വര്‍ണ്ണങ്ങള്‍ നിറഞ്ഞ നാളുകള്‍...
ഒരുപാട് കൂട്ടുകാര്‍... ..
ഗുല്‍മോഹര്‍ പൂക്കള്‍ ചെംപട്ട് വിരിച്ച ആ ക്യാംപസ്സില്‍ പൂത്തുമ്പികളെപ്പോലെ ഞങ്ങളങ്ങനെ പാറിപ്പറന്നു നടന്നു..
ക്ളാസ് കട്ട് ചെയ്ത് ശാന്തിവനത്തിലൂടെ നടന്ന് കിളികളോട് സല്ലപിച്ചു..
പാലം എന്നു ഞങ്ങള്‍ ഓമനപ്പേരിട്ടു വിളിക്കുന്ന ഇടനാഴിയില്‍ കൂട്ടം കൂടി നിന്ന് തമാശകള്‍ പറഞ്ഞു പൊട്ടിച്ചിരിച്ചു..
ഒാഡിറ്റോറിയത്തിന്‍റെ വരാന്തയില്‍ നിരന്നിരുന്ന് സംസാരിച്ചതിന് പലതവണ പ്രിന്‍സിപ്പാള്‍ ശാസിച്ചിട്ടും പിന്നെയും അത് തന്നെ ആവര്‍ത്തിച്ചു..
ശേഖരേട്ടന്‍റെ പീടികയില്‍ നിന്നും സിപ്പ് അപ്പ് വാങ്ങി വേരിന്‍മേല്‍ ഇരുന്ന് വഴിപോക്കരെ വായിനോക്കി സമയം കളഞ്ഞു..
ഉച്ചയൂണ്‍ സമയത്ത് എല്ലാവരുടെയും ചോറ്റുപാത്രങ്ങള്‍ ഒരുമിച്ച് വെച്ച് എല്ലാത്തിലും കെെയിട്ട് വാരി തല്ലുപിടിച്ചു ആസ്വദിച്ചു കഴിച്ച നാളുകള്‍..
ശ്രീധരേട്ടന്‍റെ ചായപ്പീടികയിലെ കോയിക്കാല്‍ കഴിക്കാന്‍ വേണ്ടി ചില്ലറ പെെസ നുള്ളിപെറുക്കിയും ഒരു മുഴുവന്‍ കോയിക്കാല്‍ ഒറ്റയ്ക്ക് കഴിക്കാന്‍ കൂട്ടുകാരോട് അടിയുണ്ടാക്കിയും നടന്ന നാളുകള്‍..
ബോറടിപ്പിക്കുന്ന ക്ളാസ് റൂമുകളില്‍ മനസ്സിനെ സ്വപ്നലോകത്ത് മേയാന്‍ വിട്ടു.. സാറ് പെട്ടെന്ന് ചോദ്യം ചോദിച്ചപ്പോള്‍ എഴുന്നേറ്റ് നിന്നു പൊട്ടത്തരം വിളിച്ചു പറഞ്ഞു.. അതുകേട്ട് ക്ളാസ് മുഴുവന്‍ ആര്‍ത്തു ചിരിച്ചപ്പോള്‍ ചമ്മലു മറയ്ക്കാന്‍ പാടുപെട്ട നാളുകള്‍..
എന്‍റെ കാല്പാടു പതിയാത്ത ഒരു മണല്‍ത്തരി പോലുമുണ്ടായിരുന്നില്ല അന്ന് ആ ക്യാംപസ്സില്‍..
ഒടുവില്‍ ഒരു മാര്‍ച്ച് മാസത്തില്‍ ഞാനാ കലാലയത്തോട് വിട പറഞ്ഞപ്പോള്‍ തേങ്ങിക്കരഞ്ഞു പോയി.. പൂക്കാനൊരുങ്ങി നില്‍ക്കുന്ന കണിക്കൊന്ന മരങ്ങളും എന്നോടൊപ്പം കണ്ണീര്‍ വാര്‍ക്കുന്നതായി തോന്നി..
എന്‍റെ പ്രിയ ബ്രണ്ണന്‍ നീയിന്ന് ഒരുപാട് മാറിയിട്ടുണ്ടാവാം.. പക്ഷേ എന്‍റെ ഓര്‍മ്മകളിലെ ബ്രണ്ണനെയാണ് എനിക്കിഷ്ടം.. നിന്നെ എത്ര വര്‍ണ്ണിച്ചാലും എനിക്ക് മതിവരില്ല..
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല നാളുകള്‍ ഇനിയൊരു ജന്‍മത്തില്‍ തിരിച്ചു കിട്ടുമോ?..
അജിന സന്തോഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo