Showing posts with label അജിനസന്തോഷ്. Show all posts
Showing posts with label അജിനസന്തോഷ്. Show all posts

നോവോര്‍മ്മകള്‍

നോവോര്‍മ്മകള്‍
............................................
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നാട്ടിലെത്തിയത്..
ഓര്‍മ്മകളെ താലോലിച്ചുകൊണ്ട് കളിച്ച് വളര്‍ന്ന സ്ഥലങ്ങളിലെല്ലാം ഒന്നു ചുറ്റിക്കറങ്ങാനിറങ്ങി..
നാടാകെ മാറിപ്പോയി..
ഓടിക്കളിച്ചു നടന്ന ഇടവഴികളൊക്കെ റോഡായിക്കഴിഞ്ഞു..
എങ്ങും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ മാത്രം..
പണ്ട് പഠിച്ച എല്‍ പി സ്കൂളിന്‍റെ മുന്നില്‍ എത്തിയപ്പോള്‍ മൂക്ക് താനേ വിടര്‍ന്നു. ഉപ്പുമാവിന്‍റെ കൊതിപ്പിക്കുന്ന മണം വരുന്നുണ്ടോ എന്നറിയാന്‍..
ഇല്ല..
എനിക്ക് തോന്നിയതാണ്..
അടച്ചിട്ടിരിക്കുന്ന സ്കൂളില്‍ നിന്ന് എങ്ങനെ മണം വരാനാണ്..
മാത്രവുമല്ല.. പണ്ടത്തെപ്പോലെ ഇപ്പോള്‍ സ്കൂളില്‍ ഉപ്പുമാവൊന്നും ഇല്ലല്ലോ... ഉച്ചക്കഞ്ഞിയല്ലേ..
അന്നത്തെ ആ ഉപ്പുമാവിന്‍റെ രുചി ഇപ്പോഴും നാക്കിലുണ്ട്.. ആ രുചിയോടൊപ്പം ചില കണ്ണീരോര്‍മ്മകളും..
സ്കൂളില്‍ നിന്ന് ഉപ്പുമാവ് കിട്ടിക്കഴിഞ്ഞാല്‍ അത് മുഴുവന്‍ കഴിക്കില്ലായിരുന്നു.. ഇഷ്ടമില്ലാഞ്ഞിട്ടല്ല.. മുഴുവന്‍ കഴിക്കണമെന്ന് എത്ര കൊതിയുണ്ടായാലും പകുതി മാറ്റി വെയ്ക്കും.. കാരണം അതിനു വേറെ ഒരു അവകാശിയുണ്ടായിരുന്നു..
സ്കൂളിനത്ത് കുടില്‍ കെട്ടി താമസിക്കുന്ന നാടോടി കുടുംബത്തിലെ കൊച്ചു കുട്ടി..
അവന്‍റെ പേര് എനിക്കറിയില്ലായിരുന്നു.. ഞാനവനെ കണ്ണന്‍ എന്നു വിളിച്ചു.
രാവിലെ സ്കൂളില്‍ പോകുമ്പോള്‍ റോഡിന്‍റെ അരികിലായി അവന്‍ നില്‍ക്കുന്നുണ്ടാവും.. ദെെന്യത നിറഞ്ഞ മുഖം.. കണ്ടപ്പോള്‍ എനിക്ക് സഹതാപം തോന്നി...
അങ്ങനെയാണ് ഉപ്പുമാവിന്‍റെ ഒരു പങ്ക് കൊടുക്കാന്‍ തോന്നിയത്.. ഒരിക്കല്‍ കൊണ്ടു കൊടുത്തപ്പോള്‍ അവന്‍റെ മുഖത്തുണ്ടായ സന്തോഷം ഒന്നു കാണേണ്ടതായിരുന്നു.. അതിനു ശേഷം ഞാനത് പതിവാക്കി..
അവന്‍ എന്നെ 'അക്കാ' എന്നു വിളിക്കാന്‍ തുടങ്ങി..
അവനുമായുള്ള ചങ്ങാത്തം എന്‍റെ കൂട്ടുകാരികള്‍ക്ക് ഇഷ്ടമായിരുന്നില്ല..
''തെണ്ടി ചെക്കന്‍റെ കൂട്ടുകാരി''
എന്നു വിളിച്ചവര്‍ കളിയാക്കി..
ഞാന്‍ അതൊന്നും കാര്യമാക്കിയില്ല.
ഞങ്ങളുടെ ചങ്ങാത്തം തുടര്‍ന്നുകൊണ്ടേയിരുന്നു..
ഓണം അവധിക്ക് സ്കൂള്‍ പത്തു ദിവസം അടച്ചപ്പോള്‍ എനിക്ക് സങ്കടമായി..
പത്തു ദിവസം എന്‍റെ കണ്ണന് ഉപ്പുമാവ് കൊടുക്കാന്‍ കഴിയില്ലല്ലോ..
അവധി കഴിഞ്ഞ് സ്കൂള്‍ തുറന്നപ്പോള്‍ ഞാന്‍ സന്തോഷിച്ചു..
രാവിലെ പോകുമ്പോള്‍ അവന്‍ റോഡരികില്‍ നിന്ന് 'അക്കാ' എന്ന് വിളിച്ച് കെെവീശിക്കാണിച്ചു..
''ഉപ്പുമാവ് കൊണ്ടു വരാം ''
ഞാനും തിരിച്ചു കെെവീശി..
പക്ഷേ അന്ന് സ്കൂളില്‍ ഉപ്പുമാവ് ഇല്ലായിരുന്നു . . മുന്‍പ് അവിടെ പഠിപ്പിച്ച ഒരു ടീച്ചര്‍ മരണപ്പെട്ടതു കാരണം സ്കൂള്‍ നേരത്തെ വിട്ടു..
ഞാന്‍ തിരിച്ചു വീട്ടിലേക്ക് പോകുമ്പോള്‍ കണ്ണനെ കണ്ടു.. ഉപ്പുമാവ് ഇല്ല എന്നറിഞ്ഞപ്പോള്‍ അവന്‍റെ മുഖം വാടി.. കണ്ണുകള്‍ നിറഞ്ഞു..
എനിക്ക് വിഷമമായി...
''നാളെത്തെ ഉപ്പുമാവ് മുഴുവന്‍ നിനക്ക് തരാട്ടോ..''
ഞാന്‍ അവനെ സമാധാനിപ്പിച്ചു..
അവന്‍ നിറഞ്ഞ കണ്ണുകളോടെ തലയാട്ടി..
പിറ്റേന്ന് രാവിലെ സ്കൂളിലേക്ക് പോകുമ്പോള്‍ റോഡരികില്‍ അവനെ കണ്ടില്ല..
ഞാന്‍ അവന്‍റെ കുടിലിനരികില്‍ ചെന്നു നോക്കി..
അവിടെയൊന്നും ആരേയും കണ്ടില്ല ..
സ്കൂളില്‍ എത്തിയപ്പോഴാണ് ആ ദുഃഖവാര്‍ത്ത അറിഞ്ഞത്‌.. തലേന്ന് രാത്രി ഏതോ വണ്ടിയിടിച്ച് കണ്ണന്‍ ഈ ലോകം വിട്ടു പോയി എന്ന്..
എനിക്ക് ദേഹം മുഴുവന്‍ തളരരുന്നതുപോലെ തോന്നി..
അന്നു കിട്ടിയ ഉപ്പുമാവ് എന്‍റെ കണ്ണീരുവീണ് നനഞ്ഞിരുന്നു..
ഞാനത് പാത്രത്തോടെ അവന്‍റെ കുടിലിനു മുന്‍പില്‍ കൊണ്ടു പോയി വെച്ചു..
അകലെയെങ്ങോ ഇരുന്ന് എന്‍റെ കണ്ണന്‍ അതു കാണുന്നുണ്ടാവും എന്നു വിശ്വസിച്ചു..
കണ്ണന്‍റെ മുഖം മനസ്സില്‍ നിന്നു മായാത്തതു കൊണ്ടാവും പിന്നീടൊരിക്കലും സ്കൂളില്‍ നിന്നു ഉപ്പുമാവ് കഴിക്കാന്‍ എനിക്ക് തോന്നിയതേയില്ല...
അജിന സന്തോഷ്

മഴ

മഴ
------
കോരിച്ചൊരിയുന്ന മഴയത്ത് അവള്‍ കുടയും ചൂടി നടന്നു വരികയായിരുന്നു..
പെട്ടെന്ന് മഴയിലൂടെ അവന്‍ ഓടി വന്ന് 
അവളുടെ കുട വാങ്ങി വലിച്ചെറിഞ്ഞു..
എന്നിട്ട് അവളുടെ കെെ പിടിച്ചു ഓടാന്‍ തുടങ്ങി..
'' വേണ്ട രാഹുല്‍ .. മഴ നനഞ്ഞാല്‍ എനിക്കു പനി പിടിക്കും.. ''
അവള്‍ അവന്‍റെ കെെ വിടുവിച്ച് കുടയെടുക്കാന്‍ തുനിഞ്ഞു..
''സാരമില്ല .. എന്‍റെ കൂടെയല്ലേ നനയുന്നത്.. പനിയൊന്നും പിടിക്കില്ല..''
അവന്‍ അവളുടെ കെെ മുറുകെ പിടിച്ചു..
''എനിക്ക് തണുക്കുന്നു രാഹുല്‍.. ''
''എങ്കില്‍ വാ.. നമുക്ക് ആ മരത്തിന്‍റെ ചുവട്ടില്‍ പോയി നില്‍ക്കാം''..
അവളെ പിടിച്ചു വലിച്ചു കൊണ്ടവന്‍ മരത്തിന്‍റെ അടുത്തേക്ക് ഒാടി..
മരത്തിന്‍റെ അടുത്ത് എത്താറായപ്പോള്‍ അവന്‍ അവളുടെ കെെ വിട്ട് മുന്നോട്ട് ഓടി.. പിന്നെ അവനെ കാണാതെയായി..
''രാഹുല്‍ .. നീ എവിടെയാണ് ''
അവള്‍ ഉറക്കെ വിളിച്ചു...
പെട്ടെന്ന് അവള്‍ ഞെട്ടിയുണര്‍ന്നു..
അപ്പോഴാണ് അവള്‍ക്ക് മനസ്സില്ലായത് താന്‍ കണ്ടതൊക്കെ വെറും സ്വപ്നം മാത്രമായിരുന്നു എന്ന്..
''സ്വപ്നത്തിലല്ലാതെ ഇനി തനിക്ക് രാഹുലിനെ കാണാനാവില്ലല്ലോ''..
അവള്‍ പൊട്ടിക്കരഞ്ഞു...
''എന്തിനാ രാഹുല്‍ നീയെന്നെ വിട്ടു പോയത്.. നീയില്ലാതെ എനിക്ക് പറ്റില്ല എന്നറിയാമായിരുന്നില്ലേ''..
''അറിയാതെ വായില്‍ നിന്നു വീണുപോയ ഒരു വാക്കിന്‍െ പേരില്‍ എന്തിനാ നീയെനിക്ക് ഇത്രയും വലിയ ശിക്ഷ തന്നത്...''
''ദേഷ്യം വന്നത് കൊണ്ടല്ലേ അപ്പോള്‍ ഞാന്‍ അങ്ങനെയൊക്കെ പറഞ്ഞത് .. നിനക്കറിയില്ലേ രാഹുല്‍ ഞാന്‍ നിന്നെ എന്തു മാത്രം സ്നേഹിക്കുന്നു എന്ന്.. എന്നിട്ടും നീ എന്നെ വിട്ടു പോയില്ലേ..''
അവള്‍ പിന്നെയും പിന്നെയും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു..
''എനിക്കറിയാം രാഹുല്‍ എല്ലാം എന്‍റെ തെറ്റാണെന്ന്.. എത്ര ദേഷ്യമായാലും ഞാന്‍ നിന്നെ വെറുക്കുന്നു എന്ന് പറയാന്‍ പാടില്ലായിരുന്നു... പറ്റിപ്പോയി രാഹുല്‍.. എന്‍റെ ദേഷ്യത്തിനും പിണക്കത്തിനും മണിക്കൂറുകളുടെ ആയുസ്സേയുള്ളു എന്നറിഞ്ഞിട്ടും നീയെന്തിനാ ഇങ്ങനെ ചെയ്തത്..
എനിക്കിത് സഹിക്കാനാവുന്നില്ല രാഹുല്‍ ''..
വാവിട്ടു കരഞ്ഞു കൊണ്ട് അവള്‍ പുറത്തേക്ക് ഒാടി കുഴഞ്ഞു വീണു..
ഇടമുറിയാതെ പെയ്യുന്ന ഇടവപ്പാതിയില്‍ അവളും അവളുടെ കണ്ണീരും അലിഞ്ഞു ചേര്‍ന്നു..
കഴിഞ്ഞ ദിവസം ജീവനൊടുക്കിയ രാഹുലിന്‍റെ ചിത അപ്പോഴും കത്തിത്തീര്‍ന്നിരുന്നില്ല..
അജിന സന്തോഷ്

ബന്ധങ്ങള്‍

ബന്ധങ്ങള്‍
----------------------
ഹിമ ഫോണെടുത്ത് അരുണിന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു..
''ഹിമാ.. ഞാന്‍ കുറച്ച് തിരക്കിലാണ്.. പിന്നെ വിളിക്കാം''..
അരുണ്‍ ഫോണ്‍ കട്ടു ചെയ്യാനൊരുങ്ങി..
'' പറ്റില്ല .. എനിക്ക് സംസാരിക്കണം.. ഞാന്‍ പറയുന്നത് മുഴുവന്‍ കേട്ടിട്ട് ഫോണ്‍ വെച്ചാല്‍ മതി''..
ഹിമ വാശി പിടിച്ചു..
''ഞാന്‍ പറഞ്ഞല്ലോ തിരക്കിലാണെന്ന്.. തിരക്ക് കഴിഞ്ഞ് ഞാന്‍ അങ്ങോട്ട് വിളിക്കാം''..
''വിളിക്കില്ല എന്ന് എനിക്കറിയാം.. അതുകൊണ്ടാണ് പറയുന്നത് എനിക്ക് പറയാനുള്ളത് മുഴുവന്‍ കേള്‍ക്കാന്‍ ''..
''ഹിമാ.. നീയിങ്ങനെ കൊച്ചു കുട്ടിയെ പോലെ പെരുമാറരുത്..ഒരു പത്തു മിനിറ്റ് കഴിഞ്ഞ് നിന്നെ ഞാന്‍ വിളിക്കും.. നിനക്ക് പറയാനുള്ളത് മുഴുവന്‍ കേള്‍ക്കാം.. ദയവു ചെയ്ത് മഹാഭാരതം പോലെ മെസ്സേജ് ടെെപ്പ് ചെയ്ത് വാട്ട്സാപ്പ് ചെയ്യരുത്.. എനിക്ക് വായിക്കാന്‍ താല്പര്യമില്ല.. അതുകൊണ്ടാ''..
അരുണ്‍ കോള്‍ കട്ടു ചെയ്തു..
ഓര്‍മ്മകള്‍ ഹിമയുടെ കണ്ണുകളില്‍ കണ്ണുനീര്‍ നിറച്ചു..
മണിക്കൂറുകളോളം വാട്ട്സാപ്പില്‍ യാതൊരു മടുപ്പുമില്ലാതെ ചാറ്റ് ചെയ്യുമായിരുന്നു അരുണ്‍.. അവനാണ് ഇപ്പോള്‍ പറഞ്ഞത് മെസ്സേജ് വായിക്കാന്‍ താല്പര്യമില്ലെന്ന്..
അവള്‍ക്ക് സങ്കടം അടക്കാനായില്ല..
പത്ത് മിനിറ്റ് കഴിയാനായി അവള്‍ കാത്തു നിന്നു ..അവന്‍റെ വിളിക്കായ്..
അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ അവന്‍ വിളിച്ചു..
''എന്താ നിനക്ക് പറയാനുള്ളത്.. പെട്ടെന്ന് പറയണം.. ''
''എന്താ അരുണ്‍ നീ ഇങ്ങനെ?.. നിനക്കും എനിക്കുമിടയില്‍ മൗനത്തിന്‍റെ മഞ്ഞു മല രൂപം കൊണ്ടതു പോലെ എനിക്ക് തോന്നുന്നു.. അത് തണുത്തുറഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഏതു കൊടിയ ചൂടിനും ഉരുക്കാന്‍ കഴിയില്ല''..
''നീ ഒന്നു നിര്‍ത്തുന്നുണ്ടോ.. ഒരു സാഹിത്യം.. മനുഷ്യന് മനസ്സിലാകുന്ന ഭാഷയില്‍ കാര്യം പറ''..
അരുണ്‍ ചൂടായി..
''എന്തിനാ അരുണ്‍ എന്നോടീ അകല്‍ച്ച... അവഗണനയുടെ തീ ജ്വാലകള്‍ ശ്വാസം മുട്ടിച്ചപ്പോളാണ് ഞാന്‍ നിന്നിലേക്ക് ചേക്കേറിയത്.. നീയും അത് തുടര്‍ന്നാല്‍ പിന്നെ എനിക്ക് പിടിച്ചു നില്‍ക്കാനാവില്ല..''
അവള്‍ പൊട്ടിക്കരഞ്ഞു പോയി..
'' നീയിങ്ങനെ കരയരുത് .. പ്രാക്റ്റിക്കലായി ചിന്തിക്കൂ.. എനിക്ക് നിന്നെ ഇപ്പോഴും ഇഷ്ടമാണ്.. പക്ഷേ പഴയതുപോലെ എപ്പോളും വിളിക്കാനും ചാറ്റ് ചെയ്യാനും നിന്നോടൊത്ത് ചുറ്റിയടിക്കാനുമൊന്നും എനിക്ക് പറ്റില്ല.. എനിക്കൊരു കുടുംബമുണ്ട്.. അത് നീ മനസ്സിലാക്കണം.. ഇപ്പോള്‍ത്തന്നെ വെെഫിന് ചില സംശയങ്ങള്‍ തോന്നിത്തുടങ്ങിയിട്ടുണ്ട്.''..
''ഇപ്പോള്‍ ഉണ്ടായതല്ലല്ലോ നിന്‍റെ കുടുംബം.. നമ്മള്‍ പരിചയപ്പെടുന്ന കാലത്ത് തന്നെ അതുണ്ടായിരുന്നല്ലോ..
വെറും സൗഹൃദം മാത്രമായിരുന്ന നമ്മുടെ ബന്ധത്തെ പ്രണയമാക്കിത്തീര്‍ത്തത് നീ തന്നെയാണ്.. എന്നിട്ടിപ്പോള്‍ എന്തിനാ ഈ പിന്‍മാറ്റം..''
ഹിമ ഏങ്ങലടിച്ചു..
''തെറ്റ് എന്‍റേതാണ്.. അത് ഞാന്‍ സമ്മതിക്കുന്നു.. നമ്മള്‍ പരിചയപ്പെടുന്ന സമയത്ത് വെെഫ് നാട്ടിലായിരുന്നു.. ഞങ്ങള്‍ തമ്മില്‍ മാനസികമായി അകല്‍ച്ചയിലുമായിരുന്നു.. പക്ഷേ എനിക്കിപ്പോള്‍ കുടുംബമാണ് എല്ലാറ്റിലും വലുത്.. ''
''നീ വിഷമിക്കരുത്.. എന്‍റെ മനസ്സില്‍ എപ്പോളും നീയുണ്ടാവും.. സമയവും സന്ദര്‍ഭവും ഒത്തുവരുമ്പോള്‍ നിന്നെ ഞാന്‍ വിളിക്കും.. നിനക്ക് എന്താവശ്യമുണ്ടെങ്കിലും അപ്പോള്‍ പറഞ്ഞാ മതി.. നീ ഇങ്ങോട്ട് വിളിക്കരുത്..''
അരുണ്‍ ശബ്ദം മയപ്പെടുത്തി..
''നിന്‍റെ ഔദാര്യത്തിന്‌ നന്ദി അരുണ്‍..
ഇനി എനിക്ക് വേണ്ടി ബുദ്ധിമുട്ടണമെന്നില്ല.. ''
''നിന്നെ പോലെയുള്ള ഒരുത്തനെയാണല്ലോ ഇത്രയും നാള്‍ നെഞ്ചോട് ചേര്‍ത്തു വെച്ചു സ്നേഹിച്ചത് എന്നോര്‍ക്കുമ്പോള്‍ എന്നോടു തന്നെ വെറുപ്പ് തോന്നുന്നു..
നിന്‍റെ വെെഫ് ഇനിയും നാട്ടില്‍ പോകും.. അപ്പോള്‍ നിന്‍റെ ഫോണ്‍ കോളുകള്‍ വീണ്ടും എന്നെ തേടിയെത്തിയേക്കാം... അതു വേണ്ട.. നിന്‍റെ നമ്പര്‍ ഞാന്‍ ബ്ളോക്ക് ചെയ്യുകയാണ്.. നമ്മള്‍ തമ്മില്‍ ഉണ്ടായിരുന്നതെല്ലാം ഇവിടെ തീരുന്നു..''
അരുണിന് എന്തെങ്കിലും പറയാന്‍ അവസരം കിട്ടുന്നതിനു മുന്‍പേ അവള്‍ ഫോണ്‍ കട്ടു ചെയ്തു...
അജിന സന്തോഷ്

ഭ്രാന്തി


ഭ്രാന്തി
-----------
അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം അടുക്കളയായിരുന്നു..
എപ്പോളും അതിന്‍റെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടാന്‍ അവള്‍ ആഗ്രഹിച്ചു..
അടുക്കളയില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ മടിയായിരുന്നു അവള്‍ക്ക്..
സ്വപ്നങ്ങളില്‍ അവളൊരു രാജ്ഞിയായി.. അടുക്കള സാമ്രാജ്യത്തിലെ രാജ്ഞി..
അവളുടെ അധികാരത്തില്‍ കെെകടത്താന്‍ ഒരാളും വന്നില്ല..
അതുകൊണ്ട് തന്നെ അവള്‍ക്ക് ഒറ്റയ്ക്ക് ആ സാമ്രാജ്യം ഭരിക്കാന്‍ സാധിച്ചു..
സങ്കടങ്ങളുണ്ടാകുമ്പോള്‍ പലതരം വിഭവങ്ങളൊരുക്കി തീന്‍ മേശ നിറച്ചു..
അപ്പോഴൊക്കെയും അവളുടെ സങ്കടങ്ങളൊക്കെ എങ്ങോ ഒാടിയൊളിച്ചു..
പതിയെ പതിയെ അടുക്കളയ്ക്ക് പുറത്തുള്ള ലോകത്തെ അവള്‍ വെറുത്തു..
അടുക്കളയും തീന്‍ മേശയും തമ്മിലുള്ള അകലം പോലും അവളെ അലോസരപ്പെടുത്താന്‍ തുടങ്ങി..
ഉറങ്ങാന്‍ നേരം അടുക്കള വിട്ടു പോകേണ്ടി വരുന്നത് അവള്‍ക്ക് സഹിക്കാനായില്ല..
''ഉറക്കം കൂടി അടുക്കളയില്‍ ആക്കിയാലെന്താ?''
അവള്‍ ആലോചിച്ചു..
പിറ്റേന്നു മുതല്‍ അങ്ങനെയാക്കാന്‍ അവള്‍ തീരുമാനിച്ചു..
''നല്ല കാര്യം''..
എല്ലാവരും അവളെ അഭിനന്ദിച്ചു..
അങ്ങനെ അവള്‍ ഉറങ്ങാന്‍ കിടന്നു..
ഉറക്കം കണ്ണുകളെ തലോടി വന്നപ്പോള്‍ എങ്ങു നിന്നോ കുറേ കടലാസുകള്‍ അവളുടെ മുഖത്തേക്ക് പാറി വീണു..
അവ തട്ടി മാറ്റി വീണ്ടും കിടക്കാന്‍ നോക്കിയപ്പോള്‍ ആ കടലാസുകളില്‍ നിന്ന് കുറേ ചോദ്യ ചിഹ്നങ്ങള്‍ ഊര്‍ന്നിറങ്ങി അവളുടെ മുന്നില്‍ നിരന്നു നിന്നു..
ഉറങ്ങാനാവാതെ അവള്‍ ആ കടലാസുകള്‍ ഓരോന്നായി എടുത്തു നോക്കി..
സര്‍ട്ടിഫിക്കറ്റുകളായിരുന്നു അവയൊക്കെ.. അവള്‍ നേടിയ ബിരുദങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍..
അവള്‍ പെട്ടെന്ന് അവയെല്ലാം വാരിയെടുത്ത് പൊട്ടിച്ചിരിച്ചുകൊണ്ട് പുറത്തേക്കോടി..
പുറത്തേക്കുള്ള വാതിലിനടുത്തെത്തിയപ്പോള്‍ ആരൊക്കെയോ ചേര്‍ന്നു അവളെ പിടിച്ചു നിര്‍ത്തി..
അവര്‍ അവള്‍ക്കൊരു പേരു നല്‍കി..
''ഭ്രാന്തി''
എന്നിട്ടവര്‍ അവളെ ഒരു ഇരുട്ടറയിലിട്ട് പൂട്ടി...
അജിന സന്തോഷ്

ഒരു കിണറിന്‍റെ ആത്മരോദനം


ഒരു കിണറിന്‍റെ ആത്മരോദനം
---------------------------------------------
വര്‍ഷങ്ങള്‍ക്ക് മുന്‍പേ ആരൊക്കെയോ ചേര്‍ന്ന് ഭൂമി തുരന്ന് എന്നെ സൃഷ്ടിച്ചു... അവര്‍ക്ക് ദാഹജലത്തിനു വേണ്ടിയായിരുന്നു അത്..
ആവോളം തെളിനീരു ചുരത്തി ഞാന്‍ അവരെ സന്തോഷിപ്പിച്ചു..
കയറില്‍ കെട്ടിയ തൊട്ടി എന്‍റെ നെഞ്ചിലേക്കിറക്കി അവര്‍ മതിയാവോളം കോരിയെടുത്ത് ദാഹമകറ്റി.. ഞാന്‍ നിര്‍വൃതിയോടെ അവരെ നോക്കി നിന്നു..
ഇടയ്ക്കിടെ എന്‍റെ നെഞ്ചിലേക്ക് വന്ന് പുണരുന്ന തൊട്ടിയെ ഞാന്‍ പ്രണയിക്കാന്‍ തുടങ്ങി..
കാലമേറെ കടന്നു പോയപ്പോഴും ഓരോ തലമുറ മാറി മാറി വന്നപ്പോഴും വര്‍ഷത്തിലെ പന്ത്രണ്ട് മാസങ്ങളിലും ഞാന്‍ അവര്‍ക്ക് ഒട്ടും കുറവില്ലാതെ തെളിനീര് പകര്‍ന്നു നല്‍കി..
പിന്നീട് എപ്പോഴോ അവര്‍ എന്‍റെ നെഞ്ചില്‍ ഒരു യന്ത്രം ഇറക്കി വെച്ചു.. അതില്‍ കുറേ കുഴലുകളൊക്കെ വെച്ചു ശക്തമായി എന്‍റെ നീര് ഊറ്റിയെടുക്കാന്‍ തുടങ്ങി..
ഞാന്‍ പേടിച്ചു വിറച്ചു ..
എന്‍റെ നെഞ്ച് പറിഞ്ഞു വരുന്നതു പോലെ തോന്നി..
പിന്നീടൊരിക്കലും എന്‍റെ പ്രിയപ്പെട്ട തൊട്ടിയെ കണ്ടതേയില്ല..
പാവം തൊട്ടിയും എന്നെ കാണാതെ ഒത്തിരി വിഷമിച്ചു കാണും..
എപ്പോളും യന്ത്രമുപയോഗിച്ച് നീര് ഊറ്റിയെടുത്തതിനാലാവണം എനിക്കിപ്പോള്‍ പഴയതു പോലെ ആരോഗ്യമില്ല.. ദിനം പ്രതി ഞാന്‍ ശോഷിച്ചുകൊണ്ടിരിക്കുകയാണ്..
പിന്നെ പണ്ടത്തെ പോലെയല്ലല്ലോ.. ഇപ്പോള്‍ അവര്‍ക്ക് എന്‍റെ നീര് കൊണ്ടുള്ള ആവശ്യങ്ങളും കൂടിയല്ലോ..
വാഹനങ്ങളൊക്കെയുണ്ട്.. അതൊക്കെ ഇടക്കിടെ കഴുകണം..
അങ്ങനെ പലതും..
എനിക്ക് ഇപ്പോള്‍ പേടിയാവുകയാണ്..
മഴ ഇനിയും വെെകിയാല്‍ എനിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല..
ഇതാ എന്‍റെ നെഞ്ചിലെ അവസാനത്തെ നീരും ആ യന്ത്രം ഊറ്റിയെടുക്കാന്‍ തുടങ്ങി.. അതോടൊപ്പം എന്‍റെ രക്തവും കലരാന്‍ തുടങ്ങിയിട്ടുണ്ട്..
നാളെ മുതല്‍ എനിക്ക് ചുരത്താനാവില്ല എന്നു തോന്നുന്നു..
മഴമേഘങ്ങളേ.. എത്രയും പെട്ടെന്ന് എന്നിലേക്ക് പെയ്ത് എന്നെ രക്ഷിക്കണേ...
അജിന സന്തോഷ്

മുഖംമൂടി


മുഖംമൂടി
-----------------
ഉറക്കം എഴുന്നേറ്റ് പതിവു പോലെ അവള്‍ കണ്ണാടിയില്‍ നോക്കി..
ഒരു ഭാവവും തിരിച്ചറിയാനാവാത്ത തന്‍റെ മുഖം കണ്ട് അവള്‍ ഞെട്ടിയില്ല..
എത്രയോ വര്‍ഷങ്ങളായി കാണുന്ന കാഴ്ചയാണല്ലോ..
പെട്ടെന്ന് തന്നെ അലമാരയില്‍ നിന്നും ഒരു മുഖംമൂടി എടുത്തണിഞ്ഞ് അടുക്കളയിലേക്ക് നടന്നു..
ചായയുണ്ടാക്കി ഭര്‍ത്താവിന് കൊടുത്തപ്പോള്‍ അയാള്‍ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ചോദിച്ചു..
''എന്താടി ഇന്നിത്ര തെളിച്ചം .. നിന്‍റെ മറ്റവന്‍ വിളിച്ചോ?''
അവള്‍ വേഗം ചെന്നു ഒന്നുകൂടി കണ്ണാടിയില്‍ നോക്കി..
ധൃതിയില്‍ ധരിച്ചപ്പോള്‍ മുഖംമൂടി മാറിപ്പോയി.. പുറത്തു പോകുമ്പോള്‍ ഉപയോഗിക്കുന്നതാണ് ധരിച്ചിരിക്കുന്നത്..
''ഇനിയിപ്പോള്‍ മാറ്റാനൊന്നും വയ്യ.. ഇതു തന്നെ ഇരിക്കട്ടെ.''.
അവള്‍ വിചാരിച്ചു..
കസ്റ്റമര്‍ കെയറില്‍ നിന്നു മാത്രം വിളി വരുന്ന തന്‍റെ ഫോണ്‍ കെെയ്യിലെടുത്തു തലോടിക്കൊണ്ട് അവള്‍ വെറുതേ ആശിച്ചു..
''പേരിനെങ്കിലും വിളിക്കാന്‍ ഒരു മറ്റവന്‍ ഉണ്ടായിരുന്നെങ്കില്‍''..
പെട്ടെന്ന് ജോലിയൊക്കെ തീര്‍ത്തു ഓഫീസില്‍ പോകാന്‍ റെഡിയായി..
''ഇനിയിപ്പോള്‍ മുഖംമൂടി മാറ്റാന്‍ നില്‍ക്കണ്ടല്ലോ.. ആ സമയം ലാഭമായി..''
അവള്‍ ചിരിച്ചു..
ജീവിതത്തിന്‍റെ വിരസതയില്‍നിന്നും രക്ഷനേടാനുള്ള ഒരിടത്താവളമായിരുന്നു അവള്‍ക്ക് ഓഫീസ്..
ആ ഓഫീസിലെ ഏറ്റവും ചുറുചുറുക്കുള്ള ജോലിക്കാരിയായിരുന്നു അവള്‍..
അവിടെയണിഞ്ഞിരുന്ന മുഖംമൂടി അവള്‍ക്ക് ഏറെ പ്രശംസ വാങ്ങിക്കൊടുത്തു..
വെെകുന്നരം തിരിച്ചു വരുമ്പോള്‍ വീടിന്‍റെ ഗേറ്റ് കടക്കുന്നതിനു മുന്‍പ് മുഖംമൂടി മാറ്റി അണിയാന്‍ അവള്‍ മറന്നില്ല..
വീട്ടിനുള്ളിലേക്ക് കയറുമ്പോള്‍ ടി.വി കാണുകയായിരുന്ന ഭര്‍ത്താവ് ചോദിച്ചു
'' എന്താടീ ഇത്ര ദുഃഖം .. നിന്‍റെ മറ്റവന്‍ ചത്തോ''..
''മറ്റവനല്ല.. ഞാനാണ് ചാവുന്നത്.. ഒാരോ തവണ ഈ വീടിനുള്ളിലേക്ക് കയറുമ്പോഴും..
അവള്‍ മനസ്സില്‍ പറഞ്ഞു..
അജിന സന്തോഷ്

സ്നേഹ ഭിക്ഷ


സ്നേഹ ഭിക്ഷ
-------------------------
സ്നേഹ ഭിക്ഷക്കായി നീട്ടിയ കെെകളിലെ ഭിക്ഷാപാത്രം തട്ടിയകറ്റി,
മുഖം തിരിച്ചു നീ നടന്നകന്നപ്പോള്‍
നിനക്കായ് ഞാനൊഴുക്കിയ കണ്ണുനീരൊക്കെയും
പെരുമഴകള്‍ തീര്‍ത്തുവെങ്കിലും
എന്‍റെ ജീവിതത്തിന്‍ കൊടും വരള്‍ച്ച മാറ്റുവാന്‍,
ആ മഴകള്‍ പോരാതെ വന്നു..
എന്‍റെ സ്വപ്നങ്ങളുമായ് പാറിവന്ന ഈയാംപാറ്റകള്‍,
ദീപപ്രഭയില്‍ ചിറകു കരിഞ്ഞു, എരിഞ്ഞടങ്ങിയതു നീയറിഞ്ഞില്ല..
മഴ മാറിയ മാനത്തുദിച്ച മാരിവില്ലിന്‍ വര്‍ണ്ണങ്ങള്‍ മാത്രം തേടിയ നീ ,
കാല്‍ച്ചുവട്ടില്‍ വീണു പിടഞ്ഞ
ജീവരേണുക്കള്‍ കണ്ടതേയില്ല..
അജിന സന്തോഷ്

അഹല്യ

Image may contain: 1 person, smiling, sitting, standing, stripes, outdoor and closeup

ഞാന്‍ അഹല്യ...
ഗൗതമ മഹര്‍ഷിയുടെ ധര്‍മ്മപത്നി..
പതിയെ കണ്‍കണ്ട ദെെവമായി കരുതി പൂജിക്കുന്നവള്‍..
സൗന്ദര്യം കുറഞ്ഞവനാണ് , എനിക്ക് ഒട്ടും യോജിക്കാത്തവനാണ് എന്നൊക്കെ പലരും പറഞ്ഞിട്ടും ഞാന്‍ ഒരിക്കലും അങ്ങനെ ചിന്തിച്ചിട്ട് കൂടിയില്ല.. അദ്ദേഹത്തിന്‍റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ഒരു ഉത്തമ പത്നിയായിത്തന്നെയാണ് ജീവിച്ചത്‌..
ഒരിക്കല്‍ മനസ്സറിയാതെ ഒരു അപരാധം ചെയ്തു പോയി..
പതിയുടെ രൂപത്തില്‍ എന്നെ പ്രാപിക്കാന്‍ വന്നത് ദേവരാജനാണെന്ന്
തിരിച്ചറിയാന്‍ കഴിഞ്ഞില്ല..
ദേവരാജന് എന്നോട് ഇങ്ങനെയൊരു മോഹമുണ്ടെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ലല്ലോ..
പ്രഭാതവന്ദനത്തിനു പോയ ആര്യപുത്രന്‍ കാമാതുരനായി തിരികെ വന്നപ്പോള്‍ ഒട്ടും സംശയിച്ചില്ല.. അത് എന്‍റെ തെറ്റ്.. ത്രികാലജ്ഞാനിയായ ഗൗതമ മഹര്‍ഷി അസമയത്ത് ഇത്തരം മൃദുലവികാരങ്ങള്‍ക്ക് അടിമയാകില്ല എന്ന് ഞാന്‍ ഓര്‍ക്കേണ്ടതായിരുന്നു..
വര്‍ഷങ്ങളോളം കൂടെ താമസിച്ചിട്ടും വന്നത് സ്വന്തം പതി അല്ല എന്നു തിരിച്ചറിയാനും സാധിച്ചില്ല..
ഗംഗ ഉണരാത്തതിനാല്‍ പ്രഭാത വന്ദനം സാധ്യമാകാതെ അദ്ദേഹം തിരിച്ചെത്തിയപ്പോളാണ് ചതിക്കപ്പെട്ടു എന്ന് എനിക്ക് മനസ്സിലായത്..
അപ്പോഴും മനസ്സിലായില്ല കൂടെയുള്ളത് ദേവരാജനാണെന്ന്.. കാമവെറി മൂത്ത ഏതോ നീച രാക്ഷസന്‍ വേഷം മാറി വന്നതായിരിക്കുമെന്ന് കരുതി..
പക്ഷേ അദ്ദേഹം ഒറ്റനോട്ടത്തില്‍ തന്നെ ദേവേന്ദ്രനെയും അയാള്‍ കാട്ടിയ ഇന്ദ്രജാലവും തിരിച്ചറിഞ്ഞു..
സ്ഥൂല ശരീരനായ അദ്ദേഹത്തില്‍ സംതൃപ്തി നേടാനാവാതെ ഞാന്‍ കോമളാംഗനായ ദേവേന്ദ്രനെ വിളിച്ചു വരുത്തിയതാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു..
ദേവേന്ദ്രന്‍ തെറ്റ് ഏറ്റു പറഞ്ഞിട്ടും ആര്യപുത്രന്‍ എന്നോട് അലിവ് കാട്ടിയില്ല..
കോപത്താല്‍ എരിയുന്ന കണ്ണുകളോടെ ആര്യപുത്രന്‍ എന്നെ നോക്കിയപ്പോള്‍ ആ അഗ്നിയില്‍ വെന്തു ഒരു പിടി ചാരമായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോയി.. അറിയാതെയാണെങ്കിലും ഞാന്‍ ചെയ്തത് തെറ്റുതന്നെയാണ്..
എന്‍റെ പാതിവ്രത്യം നഷ്ടപ്പെട്ടിരിക്കുന്നു..
ശപിക്കാനായി കെെകളുയര്‍ത്തിയപ്പോള്‍ ഞാന്‍ മൗനം പാലിച്ചു നിന്നതേയുള്ളു.. ദേവേന്ദ്രന്‍ ശാപമോക്ഷത്തിനായ് യാചിച്ചു.. അയാളുടെ പക്ഷം ചേര്‍ന്ന് മറ്റു ദേവന്‍മാരും വന്നു കെെകള്‍ കൂപ്പി.. അവരുടെ യാചനയില്‍ മനമലിഞ്ഞ മുനി വര്യന്‍ ഉടന്‍ ശാപമോക്ഷവും കൊടുത്തു..
ചെയ്ത തെറ്റു വെച്ചു നോക്കുമ്പോള്‍ ദേവേന്ദ്രനോളം അപരാധിയല്ല ഞാന്‍.. പക്ഷേ എനിക്ക് ശാപമോക്ഷം ലഭിക്കാന്‍ യുഗങ്ങളോളം കാത്തിരിക്കേണ്ടി വന്നു..
ഒരു സ്ത്രീയായതിനാലാവും എനിക്ക് നീതി നിഷേധിക്കപ്പെട്ടത്..
അതോ തെറ്റുകാരന്‍ ദേവരാജനായതുകൊണ്ടോ?
എനിക്ക് വേണ്ടി അപേക്ഷിക്കാന്‍ ആരുമുണ്ടായില്ല ..
യുഗങ്ങളോളം മഴയും മഞ്ഞും വെയിലുമേറ്റ് ഒരു കാനന ശിലയായി കഴിയേണ്ടി വന്നു..
ഒടുവില്‍ ശ്രീരാമചന്ദ്രന്‍റെ പാദസ്പര്‍ശനത്താല്‍ ശാപമോക്ഷം ലഭിച്ചപ്പോഴേക്കും മനസ്സും ഒരു ശിലയായി മാറിക്കഴിഞ്ഞിരുന്നു..
വികാരങ്ങളൊന്നുമില്ലാത്ത വെറും ശില..

അജിന സന്തോഷ്

തണൽ മരം (കവിത)

Image may contain: 1 person, smiling, sitting, standing, stripes, outdoor and closeup

എന്തിനെന്നറിയാതെ തരിശു ഭൂമിയിൽ
പിറന്നു വീണൊരു പാഴ്ച്ചെടി,
ആരുമേകിയില്ലൊരിത്തിരി തെളിനീരു പോലും...
മഴതൻ തലോടലേറ്റിട്ടോ;
കാറ്റിൻ പരിരംഭണത്താലോ
എങ്ങിനെയോ വളർന്നൊരു വൻമരമായ്..
വെയിലേറ്റു തളർന്നവർ്ക്ക് തണലേകിയും
ആശ്രയമില്ലാ പറവകൾക്ക് കൂടൊരുക്കാനിടമേകിയും;
പടർന്നു പന്തലിച്ചു നിൽക്കവേ..
പാർപ്പിടം മെനയാനൊരുങ്ങിയ സ്വാർത്ഥത,
വെട്ടിവീഴ്ത്തിയാ തണൽമരം
ചിറകടിച്ചുയർന്ന പറവകൾ തൻ രോദനം
ആരവങ്ങളിലലിഞ്ഞില്ലാതെയായ്..
ചിന്നിച്ചിതറിയ മുട്ടകൾക്കുള്ളിലെ
പാതി ജീവനറ്റ പറവക്കുഞ്ഞുങ്ങളെ
ചുട്ടു തിന്നാനൊരുങ്ങുന്നൂ ചിലർ..
അജിന സന്തോഷ്

പൊന്നു

Image may contain: 1 person, outdoor

പൊന്നു കോളിംഗ്..
എന്നു കാണിച്ച് റിംഗ് ചെയ്ത ഫോണ്‍ നോക്കി അവന്‍ പല്ലിറുമ്മി...
''ഒരു പൊന്നു.. , ശവം.. ആ പേര് കാണുമ്പോള്‍ കലി വരുന്നു..
നമ്പര്‍ ഡിലീറ്റ് ചെയ്യാന്‍ മറന്നു പോയി.''
അവന്‍ അരിശത്തോടെ കോള്‍ കട്ടു ചെയ്തു..
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടതായിരുന്നു അവളെ..
ഇങ്ങോട്ട് വന്ന റിക്വസ്റ്റ് ആയിരുന്നു..
മനോഹരമായ കണ്ണുകള്‍ മാത്രമായിരുന്നു പ്രൊഫെെല്‍ ഫോട്ടോ..
നല്ല ആകര്‍ഷണമുള്ള കണ്ണുകള്‍..
ഒരു സുന്ദരിക്കുട്ടി തന്നെയായിരിക്കും എന്നു കരുതി ആക്സപറ്റ് ചെയതു..
അല്പസമയത്തിനകം മെസ്സേജ് വന്നു..
''ആക്സപറ്റ് ചെയ്തതിനു നന്ദി..''
ഒരു സ്മെെലി റിപ്ളെെ ചെയ്തു..
ഉടന്‍ അടുത്ത മെസ്സേജ് വന്നു..
''ഇയാളുടെ കഥകളൊക്കെ വായിക്കാറുണ്ട്.. എല്ലാം നന്നാകുന്നുണ്ട്.. എനിക്ക് ഒത്തിരി ഇഷ്ടമാണ്''..
''സന്തോഷം ''
അവന്‍ റിപ്ളെെ കൊടുത്തു..
പിന്നീടങ്ങോട്ട് ചാറ്റിംഗിന്‍റെ മലവെള്ള പ്പാച്ചിലായിരുന്നു..
''എന്തു ചെയ്യുന്നു.. പഠിക്കുകയാണോ?''
അവളെപ്പറ്റി കൂടുതല്‍ അറിയാന്‍ വേണ്ടി അവന്‍ ചോദിച്ചു..
''പഠിത്തമൊക്കെ കഴിഞ്ഞു.. ഇപ്പോള്‍ വീട്ടില്‍ വെറുതേയിരിക്കുന്നു''..
''കല്യാണം?''
''ഇതുവരെ ആയില്ല..''
അവന്‍റെ മനസ്സില്‍ ഒരു കുളിര്‍കാറ്റു വീശി..
''ഇയാളെപ്പറ്റി എല്ലാം എനിക്കറിയാം.. പ്രൊഫെെല്‍ ഇടക്കിടെ എടുത്ത് നോക്കാറുണ്ട്''..
ദിവസേനയുള്ള ചാറ്റിംഗിലൂടെ അവര്‍ കൂടുതല്‍ അടുത്തു..
അവന്‍റെ മനസ്സില്‍ പ്രണയം മൊട്ടിട്ടു തുടങ്ങി.. പക്ഷേ പറയാന്‍ ഒരു മടി.. കണ്ണുകള്‍ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളു..
''ഒരു ഫോട്ടോ അയച്ചു തരാന്‍ പറയാം..''
അവന്‍ വിചാരിച്ചു.
അവള്‍ ചുണ്ടുകളുടെ ഫോട്ടോ അയച്ചു കൊടുത്തു..
തേനൂറുന്ന ചുവന്ന ചുണ്ടുകള്‍..
''ഇത്രയും മനോഹരമായ കണ്ണുകളും ചുണ്ടുകളുമുള്ളവള്‍ സുന്ദരി തന്നെയായിരിക്കും.. ഇനിയും വെെകിക്കൂട..''
അവന്‍ തീര്‍ച്ചയാക്കി..
പിറ്റേന്നു തന്നെ അവന്‍ തന്‍റെ പ്രണയം അവളെ അറിയിച്ചു..
കുറച്ച് സമയത്തേക്ക് അവളുടെ പ്രതികരണമൊന്നും ഉണ്ടായില്ല..
''പറഞ്ഞത് അബദ്ധമായോ''?
അവന്‍ വെപ്രാളപ്പെട്ടു..
പെട്ടെന്ന് അവളുടെ മെസ്സേജ് വന്നു..
''എനിക്കും ഒരുപാട് ഇഷ്ടമാണ്... എങ്ങനെ പറയുമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു..''
അവന്‍ കോരിത്തരിച്ചുപോയി..
അങ്ങനെ പൂത്തുവിടര്‍ന്ന അവരുടെ പ്രണയം പരിമളം പടര്‍ത്തിക്കൊണ്ട് മുന്നോട്ടു പോകാന്‍ തുടങ്ങി.. ഫോണ്‍ നമ്പര്‍ ഒക്കെ കെെമാറി.. ഫോണിലൂടെ അവളുടെ ശബ്ദം കേട്ടപ്പോള്‍ അവനു തോന്നി ..
''ഈ ലോകത്ത് ഏറ്റവും ഭാഗ്യവാന്‍ താന്‍ തന്നെ''..
''ഇനി മുതല്‍ എന്നെ പൊന്നു എന്നു വിളിച്ചാല്‍ മതി''..
ഒരു ദിവസം അവള്‍ പറഞ്ഞു..
അന്നു മുതല്‍ അവള്‍ അവന്‍റെ പൊന്നുവായി..
പിന്നീടുള്ള അവന്‍റെ എഴുത്തുകളൊക്കെ പൊന്നുവിനെ കുറിച്ചായിരുന്നു... പ്രണയത്തെ അവന്‍ വാഴ്ത്തിപ്പാടി..
''നമുക്ക് ഒന്നു കാണണ്ടേ''..
ഒരു ദിവസം അവന്‍ ചോദിച്ചു..
''കാണാം.. എപ്പോഴാണെന്ന് പറഞ്ഞോളൂ''..
അവനു സന്തോഷം കൊണ്ടു തുള്ളിച്ചാടാന്‍ തോന്നി..
അവര്‍ രണ്ടുപേരും കാണാന്‍ തീരുമാനിച്ചു.. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം അവന്‍ പാര്‍ക്കില്‍ അവളെ കാത്തിരുന്നു. പറഞ്ഞ സമയം കഴിഞ്ഞിട്ടും അവളെ കാണാതായപ്പോള്‍ അവന്‍ ഫോണ്‍ എടുത്ത് വിളിച്ചു..
''പൊന്നൂ.. നീ എവിടെയാ..എത്തിയില്ലേ ഇതുവരെ''..
''ഞാനിവിടെ വാകമരച്ചുവട്ടിലുണ്ട്..''
''ശരി.. നീ ഫോണ്‍ കട്ടു ചെയ്യണ്ട.. സംസാരിച്ചോണ്ട് വരാം.. അപ്പോ നിന്നെ പെട്ടെന്ന് തിരിച്ചറിയാമല്ലോ..''
''ശരി''
അവന്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാകമരത്തിനടുത്തെത്തി.. അവിടെ ചുവന്ന ചുരിദാര്‍ ധരിച്ച ഒരു തടിച്ച സ്ത്രീ മൊബെെലും ചെവിയില്‍ വെച്ചു കൊണ്ട് പുറം തിരിഞ്ഞു നില്‍പ്പുണ്ടായിരുന്നു.. നാല്‍പ്പതിനുമേല്‍ പ്രായം തോന്നും..
''ഈശ്വരാ.. പണി കിട്ടിയോ.. ഇതാണോ പൊന്നു.. ഇതിനെയാണോ താന്‍ ഇത്രനാളും പൊന്നു പോലെ സ്നേഹിച്ചത്..''
അവന്‍ ഒന്നു കൂടെ ഉറപ്പു വരുത്താന്‍ വേണ്ടി ചോദിച്ചു..
''എന്തു കളര്‍ ഡ്രസ്സാ ഇട്ടിരിക്കുന്നത്''?
''ഇയാളുടെ ഇഷ്ട നിറം തന്നെ.. ചുവന്ന ചുരിദാര്‍''..
അവന്‍ ഇടിവെട്ടേറ്റതു പോലെ ഒരുനിമിഷം നിന്നു പോയി.. പിന്നെ സമനില വീണ്ടെടുത്ത് വേഗം ഫോണ്‍ കട്ട് ചെയ്ത് തിരിഞ്ഞു നടന്നു ..
പിന്നെയും പിന്നെയും അവന്‍റെ ഫോണിലേക്ക് പൊന്നുവിന്‍റെ കോള്‍ വന്നു കൊണ്ടേയിരുന്നു.. അവന്‍ ഫോണെടുത്ത് ആ നമ്പര്‍ ബ്ളോക്ക് ചെയ്തു.. ഫേസ്ബുക്കില്‍ നിന്നും അവളെ ബ്ളോക്ക് ചെയ്തൂ തടി രക്ഷപ്പെടുത്തി..
അജിന സന്തോഷ്

കണ്ണട (കഥ)



''മുത്തച്ഛനെന്താ ഇവിടെ തിരയുന്നത്''..
തന്‍റെ മുറിയിലെ മേശ വലിപ്പില്‍ എന്തോ തിരക്കിട്ട് തിരയുന്ന മുത്തച്ഛനോട് അമ്മു ദേഷ്യത്തില്‍ ചോദിച്ചു..
''എന്‍റെ കണ്ണട കാണുന്നില്ല മോളേ.., ഇവിടെയെങ്ങാനും മറന്നു വെച്ചോ എന്നറിയാന്‍ നോക്കിയതാ''..
''പിന്നേ,.. എന്‍റെ മുറിയിലല്ലേ കണ്ണട.. മുത്തച്ഛന്‍റെ മുറിയില്‍ത്തന്നെ നല്ലോണം നോക്കൂ''..
''അവിടെയൊക്കെ ഞാന്‍ നോക്കിയതാ മോളേ..''
''മോനെ അപ്പൂ, മോന്‍ കണ്ടായിരുന്നോ മുത്തച്ഛന്‍റെ കണ്ണട''?
''ഞാന്‍ കണ്ടില്ല ''..
അപ്പു മൊബെെലില്‍ നിന്നു കണ്ണെടുക്കാതെ പറഞ്ഞു..
''കിളവന്‍റെ കണ്ണട കിട്ടിയിട്ട് എനിക്ക് എന്തു കാര്യാ''..
ഉള്ളില്‍ തികട്ടി വന്ന പുച്ഛം പുറത്തേക്കെത്തിക്കാതെ അവന്‍ വിഴുങ്ങിക്കളഞ്ഞു..
വീണ്ടും വീണ്ടും തിരഞ്ഞിട്ടും കണ്ണട കിട്ടിയില്ല..
അയാള്‍ നേരെ അടുക്കളയിലേക്ക് ചെന്നു .. മകളോട് ചോദിച്ചു..
''മോളെ നീ എന്‍റെ കണ്ണട കണ്ടോ''?
''ഇല്ലച്ഛാ.. ഞാന്‍ കണ്ടില്ല.. അവിടെ എവിടെയെങ്കിലും കാണും.. അച്ഛനൊന്ന് തിരഞ്ഞു നോക്ക്.. എനിക്ക് ഒട്ടും നേരമില്ല.. കണ്ടില്ലേ.. ഇനിയും പാചകമൊന്നും കഴിഞ്ഞിട്ടില്ല.''..
മകളും കെെയ്യൊഴിഞ്ഞു..
പത്രം വായിച്ചുകൊണ്ടിരിക്കുന്ന മരുമകനോട് ചോദിച്ചിട്ട് കാര്യമില്ല എന്നറിയാവുന്നതുകൊണ്ട് ആ ഭാഗത്തേക്ക് പോയതേയില്ല..
''ഇനിയിപ്പോള്‍ കുഞ്ഞു മോളോട് ചോദിക്കാം.. അവള്‍ കളിക്കാന്‍ വേണ്ടി എടുത്ത് വെച്ചു കാണും''..
അയാള്‍ കുഞ്ഞു മോളുടെ അടുത്തേക്ക് ചെന്നു..
കണ്ണും തിരുമ്മി എഴുന്നേറ്റ് വരികയായിരുന്ന അഞ്ചു വയസ്സുകാരി കുഞ്ഞു മോള്‍ മുത്തച്ഛനെ കണ്ട് വെളുക്കെ ചിരിച്ചു..
''വാവ മുത്തച്ഛന്‍റെ കണ്ണട എടുത്തിരുന്നോ''?
മുത്തച്ഛന്‍ അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട് ചോദിച്ചു..
''കണ്ണടയോ?.. അതിനു മുത്തച്ഛന് കണ്ണടയില്ലല്ലോ''..
കുഞ്ഞു മോള്‍ അത്ഭുതപ്പെട്ടു..
''ങേ.. എനിക്ക് കണ്ണടയില്ലേ.. ഇത്ര നേരം ചോദിച്ചിട്ടും ആരും പറഞ്ഞില്ലല്ലോ എനിക്ക് കണ്ണട ഇല്ല എന്ന്..''
''മുത്തച്ഛന്‍റെ കാഴ്ചകളൊക്കെ മങ്ങിത്തുടങ്ങി മോളേ..''
അയാള്‍ കുഞ്ഞു മോളെ വാരിയെടുത്തു..
അജിന സന്തോഷ്

കടലിനെ പ്രണയിച്ചവള്‍ (കഥ)

Image may contain: 1 person, smiling, closeup

കുട്ടിക്കാലം മുതല്‍ക്കേ കടല്‍ അവള്‍ക്കൊരു വിസ്മയമായിരുന്നു..
എത്ര കണ്ടാലും മതി വരാത്ത വിസ്മയം...
അവധി കിട്ടുമ്പോളൊക്കെ അച്ഛന്‍റെ കെെയില്‍ തൂങ്ങി അവള്‍ കടല്‍ തീരത്ത് പോകുമായിരുന്നു.. അവിടെ എത്ര നേരം കളിച്ചാലും അവള്‍ക്ക് കൊതി തീരില്ല.. ഇരുട്ട് വീണു തുടങ്ങുമ്പോള്‍ അച്ഛന്‍ ഒരുപാട് നിര്‍ബന്ധിച്ചാണ് അവളെ തിരിച്ചു വീട്ടിലേക്ക് കൊണ്ടു പോയിരുന്നത്..
അത്രക്ക് ഇഷ്ടമായിരുന്നു അവള്‍ക്ക് കടലിനോട്.. വളരുന്തോറും ആ ഇഷ്ടം കൂടിക്കൂടി വന്നു..
ഒരു രാത്രിയില്‍ അമ്മയോട് വഴക്കിട്ട്
വീട്ടില്‍ നിന്നു ഇറങ്ങിപ്പോയ അച്ഛന്‍റെ ശരീരം പിറ്റേന്ന് കടല്‍ത്തീരത്തു നിന്ന് കിട്ടിയപ്പോളാണ് അവള്‍ക്ക് മനസ്സിലായത് , അവളെപ്പോലെ തന്നെ അച്ഛനും കടലിനെ സ്നേഹിച്ചിരുന്നു എന്ന്..
പിന്നീട് അവളെ കടല്‍ക്കരയില്‍ കൊണ്ടു പോകാന്‍ ആരുമുണ്ടായില്ല..
അമ്മയ്ക്ക് കടല്‍ എന്നു കേള്‍ക്കുന്നതേ കലിയായിരുന്നു..
കടലു കാണാനുള്ള വെമ്പല്‍ മനസ്സില്‍ അടക്കിവെച്ച് ജീവിക്കാനേ അവള്‍ക്കായുള്ളു..
പട്ടണത്തിലെ കോളേജില്‍ ചേര്‍ന്നപ്പോള്‍ അവളുടെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.. എന്നും കടലു കാണാനുള്ള ഒരു വഴി തുറന്നു കിട്ടിയല്ലോ എന്നോര്‍ത്ത്..
അപ്പോഴേക്കും അവള്‍ കടലിനെ പ്രണയിക്കാന്‍ തുടങ്ങിയിരുന്നു..
കോളേജ് വിട്ടു കഴിഞ്ഞാല്‍ കൂട്ടുകാരെയൊക്കെ ഒഴിവാക്കി അവള്‍ തനിച്ചു കടല്‍ക്കരയിലെത്തും..
കടലിന്‍റെ അനന്തതയില്‍ മിഴികള്‍ പാകി ഒരുപാട് നേരം നില്‍ക്കും..
അവളുടെ കാമുകനായ കടലിനോട് പരാതികളും പരിഭവങ്ങളും പറയും..
ഒടുവില്‍ അസ്തമയ സൂര്യന്‍ കടലിനോട് ചേര്‍ന്നു കഴിയുമ്പോള്‍ മനസ്സില്ലാ മനസ്സോടെ വീട്ടിലേക്ക് മടങ്ങും..
പതിവായി കോളേജില്‍ നിന്നു വെെകി വരുന്നതിനാല്‍ അമ്മ അവളെ വഴക്ക് പറയും..ഒന്നും മിണ്ടാതെ അവള്‍ എല്ലാം കേട്ടു നില്‍ക്കും.. പിറ്റേന്ന് വെെകുന്നേരം കാമുകന്‍റെ മുന്‍പില്‍ മനസ്സു തുറക്കുമ്പോള്‍ എല്ലാ സങ്കടവും മാറും...
ദിവസേനയുള്ള കടല്‍ത്തീര യാത്ര പലരിലും സംശയം ജനിപ്പിച്ചു.. കൂട്ടുകാരൊക്കെ കളിയാക്കാന്‍ തുടങ്ങി.. എതോ കള്ളക്കാമുകനെ കാണാന്‍ പോവുകയാണെന്നൊക്കെ പറഞ്ഞ്.. അതിനൊന്നും അവള്‍ പ്രതികരിച്ചതേയില്ല..
ഈ കാര്യത്തെ ചൊല്ലി വീട്ടിലും പ്രശ്നങ്ങളുണ്ടായി.. അമ്മയും മറ്റു ബന്ധുക്കളും അവളെ കുറ്റപ്പെടുത്തി.. ദിവസവും തനിച്ചു കടല്‍ക്കരയില്‍ പോകുന്നത് വേറെ എന്തോ ഉദ്ദേശത്തിലാണെന്നും സത്യം പറഞ്ഞില്ലയെങ്കില്‍ പഠിത്തം നിര്‍ത്തുമെന്നും പറഞ്ഞു..
അപ്പോഴും അവളൊന്നും മിണ്ടിയില്ല...
കടലാണ് തന്‍റെ കാമുകന്‍, അവനെ കാണാനും സല്ലപിക്കാനുമാണ് താന്‍ ദിവസവും പോകുന്നത് എന്നു പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാവില്ല എന്ന് അവള്‍ക്കറിയാമായിരുന്നു..
അവളുടെ പ്രണയം ആരുമായും പങ്കുവെയ്ക്കാനും അവള്‍ ഇഷ്ടപ്പെട്ടില്ല..
പിറ്റേ ദിവസം ക്ളാസ് കഴിഞ്ഞപ്പോള്‍ അവള്‍ നേരെ കടല്‍ക്കരയിലേക്ക് തന്നെ പോയി.. അലകളെ നോക്കി അവിടെയിരുന്നപ്പോള്‍ അവള്‍ക്ക് നല്ല ആശ്വാസം തോന്നി..
കടല്‍ പതുക്കെ അടുത്തേക്ക് വന്നു അവളുടെ പാദങ്ങളില്‍ തൊട്ടു..
തന്നോട് കൂടെയിറങ്ങി ചെല്ലാന്‍ വിളിക്കുന്നതു പോലെ അവള്‍ക്ക് തോന്നി..
അവള്‍ മെല്ലെ മെല്ലെ കടലിന്‍റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നു..
കടല്‍ അവളെ മാറോട് ചേര്‍ത്തു പുണര്‍ന്നു..
അജിന സന്തോഷ്

കണ്ണീരോര്‍മ്മകള്‍(കഥ)

Image may contain: 1 person, sunglasses and closeup

വിഷുവിന്‍റെ വരവറിയിച്ചു കൊണ്ട് സ്വര്‍ണ്ണ വര്‍ണ്ണമണിഞ്ഞു പുഞ്ചിരി തൂകുന്ന കൊന്നപ്പൂക്കള്‍ കണ്ടപ്പോള്‍ അവന്‍റെ മനസ്സില്‍ വിഷാദം അലയടിച്ചു..
'നാടും നഗരവും ആഹ്ളാദത്തോടെ വിഷുവിനെ വരവേല്‍ക്കാനൊരുങ്ങുമ്പോള്‍ തനിക്ക് മാത്രം കണ്ണീരോര്‍മ്മകള്‍...'
'അഞ്ചാം വയസ്സില്‍ നഷ്ടമായതാണ് വിഷു..
കണ്ണനെ കണികണ്ടുണരാനും കെെനീട്ടം വാങ്ങാനുമായി കൊതിച്ചുറങ്ങിയ താന്‍ ഞെട്ടിയുണര്‍ന്നത് അമ്മയുടെ അലറിക്കരച്ചില്‍ കേട്ടാണ്..
ഒന്നും മനസ്സിലാവാതെ കണ്ണു തിരുമ്മി എഴുന്നേറ്റ് നോക്കിയപ്പോള്‍ കണ്ടത് ഉമ്മറത്ത് വെള്ളപുതച്ചുറങ്ങുന്ന അച്ഛനെയാണ്.. പടക്കവും പുതിയ ഉടുപ്പും വാങ്ങാന്‍ പോയ അച്ഛന്‍ വരാന്‍ വെെകിയതിനാല്‍ കാത്തു കാത്തു ഉറങ്ങിപ്പോയതാണ് താനും അനിയത്തിയും..'
'പിന്നീടങ്ങോട്ട് ഞങ്ങളുടെ ജീവിതത്തില്‍ വിഷുവില്ലായിരുന്നു.. കെെനീട്ടം തരാനും പടക്കം വാങ്ങിത്തരാനും ആരുമുണ്ടായില്ല..
അയല്‍വീടുകളില്‍ അടുക്കള ജോലി ചെയ്തു മക്കളെ പട്ടിണിക്കിടാതെ വളര്‍ത്താന്‍ അമ്മ ഏറെ പണിപ്പെട്ടു..'
'താന്‍ മുതിര്‍ന്നപ്പോള്‍, എന്തു ജോലി ചെയ്തും അമ്മയെയും അനിയത്തിയെയും നല്ല രീതിയില്‍ നോക്കണം എന്നു അതിയായി ആഗ്രഹിച്ചു... അതിനു വേണ്ടി പത്താം ക്ളാസില്‍ പഠിത്തം നിര്‍ത്തി ജോലിക്കു പോകാന്‍ തുടങ്ങി.. അങ്ങനെ ജോലി ചെയ്തു അത്യാവശ്യം സമ്പാദിക്കാന്‍ തുടങ്ങിയപ്പോള്‍ വീട്ടില്‍ വീണ്ടും വിഷു ആഘോഷിക്കാന്‍ തുടങ്ങി .. തന്‍റെ കഴിവിനനുസരിച്ച് പുതിയ വസ്ത്രങ്ങള്‍ വാങ്ങി നല്‍കിയും കെെനീട്ടം നല്‍കിയും അമ്മയെയും അനിയത്തിയെയും സന്തോഷിപ്പിച്ചു..
എന്നോ കെെവിട്ടു പോയ ആഹ്ളാദം നിറഞ്ഞ നാളുകള്‍ തിരിച്ചു വന്നത് പോലെ തോന്നി..'
'ഓര്‍ക്കാപ്പുറത്തായിരുന്നു ഞങ്ങളുടെ സന്തോഷം പങ്ക് വെക്കാന്‍ മറ്റൊരാള്‍ കൂടി വന്നത്..'
'നാലു വര്‍ഷം മുന്‍പ് ഒരു വിഷുപ്പുലരിയില്‍ അമ്പലനടയില്‍ വെച്ചു അവളെ പരിചയപ്പെട്ടപ്പോള്‍ അത് പ്രണയമാകുമെന്ന് ഒരിക്കലും കരുതിയില്ല.. എങ്ങനെയോ മനസ്സുകള്‍ തമ്മിലടുത്തു.. തന്‍റെ ഇല്ലായ്മകളറിഞ്ഞിട്ടും ഒരുപാട് സ്നേഹം തന്ന് അവള്‍ കൂടെ നിന്നു..
അനിയത്തിയെ നല്ല നിലയില്‍ പറഞ്ഞയച്ചശേഷം അവളെ കെെ പിടിച്ചു ജീവിതത്തിലേക്ക് ക്ഷണിക്കാന്‍ ഏറെ കൊതിച്ചു.. അതിനു മുന്‍പ് ഒത്തിരി കാര്യങ്ങള്‍ ചെയ്തു ചെയ്തു തീര്‍ക്കാനുമുണ്ടായിരുന്നു..
വീട് പുതുക്കി പണിയണം.. അങ്ങനെ പലതും..'
'എല്ലാം ഒന്നൊതുക്കിയശേഷം അവളുടെ വീട്ടില്‍ പോയി കാര്യം അവതരിപ്പിക്കാമെന്ന് കരുതി..
പക്ഷേ അതിനു മുന്‍പേ വിധി തന്‍റെ സ്വപ്നങ്ങളെ തല്ലിക്കെടുത്തിക്കളഞ്ഞു..'
'ഈ വിഷുത്തലേന്ന് അവളുടെ വിവാഹമാണ്.. '
ഓര്‍ത്തപ്പോള്‍ അവനു ഹൃദയം പിളരുന്നതു പോലെ തോന്നി..
'നല്ല ജോലിയും സാമ്പത്തികശേഷിയുമുള്ള പയ്യന്‍റെ ആലോചന വന്നപ്പോള്‍ വീട്ടുകാര്‍ അവളെ ഒരുപാട് നിര്‍ബന്ധിച്ചു..
അവള്‍ തനിക്ക് വേണ്ടി ഒരുപാട് പൊരുതി..'
'താനും അവളുടെ അച്ഛനെ കണ്ട് കുറച്ച് സാവകാശം തരണമെന്ന് അപേക്ഷിച്ചു..
പക്ഷേ അച്ഛന്‍ വഴങ്ങിയില്ല.. അവളടക്കം മൂന്നു പെണ്‍മക്കളുള്ള അവളുടെ കുടുംബം രക്ഷപ്പെടാന്‍ വേണ്ടി താന്‍ പിന്‍മാറാനാണ് അച്ഛന്‍ ആവശ്യപ്പെട്ടത്..'
'തന്നോടൊപ്പം ഇറങ്ങിവരാന്‍ അവള്‍ തയ്യാറായിരുന്നു..
കേറിക്കിടക്കാന്‍ നല്ലൊരു കിടപ്പാടം പോലുമില്ലാത്ത താന്‍ എങ്ങനെ അവളെ കൂടെ കൂട്ടും.. അതുകൊണ്ട് വിവാഹത്തിനു സമ്മതിക്കാന്‍ അവളെ ഉപദേശിച്ചുകൊണ്ട് നിറഞ്ഞ മിഴികളോടെ നടന്നകന്നു.. തന്‍റെ കണ്ണുനീര്‍ അവള്‍ കാണരുതെന്ന ആഗ്രഹമുള്ളതുകൊണ്ട് ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കിയില്ല'..
വര്‍ഷങ്ങള്‍ക്കു മുന്‍പ് തനിക്ക് ദുരന്തം സമ്മാനിച്ചു മടങ്ങിയ അതേ വിഷു ഇത്തവണ വീണ്ടും ആവര്‍ത്തിക്കുകയാണെന്ന് അവനു തോന്നി..
'അവളെ നഷ്ടമാവുക എന്നത് തീരാ വേദനയാണ്.. '
'ഇനി ഒരിക്കലും തന്‍റെ ജീവിതത്തില്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന ഒരു വിഷുവുണ്ടാകില്ല.. അവള്‍ക്ക് പകരം മറ്റൊരു പെണ്ണും തന്‍റെ ജീവിതത്തിലുണ്ടാവില്ല..'
കണ്ണീര്‍ ഒലിച്ചിറങ്ങിയ കവിളുകള്‍ തുടച്ചുകൊണ്ട് അവന്‍ മനസ്സിലുറപ്പിച്ചു..
അജിന സന്തോഷ്

എന്‍റെ കേരളം (കവിത )


എന്‍റെ കേരളം (കവിത )
-------------------------------------
കേരളം എന്‍റെ കേരളം..
അറുപതാണ്ടിന്‍െറ അനര്‍ഘ മുഹൂര്‍ത്തങ്ങള്‍,
അലങ്കാരമായി പരിലസിക്കുന്ന
എന്‍റെ സ്വപ്ന സുന്ദരഭൂമി..
നിഴലും നിലാവും കെെകോര്‍ക്കുന്ന
ലാസ്യ നൃത്തം പോലെ മനോഹരമീ മുഗ്ദ വേദി..
സ്നേഹവാത്സല്യം പകരുന്ന മാതൃഹൃദയം പോലെ വിശുദ്ധം..
മതവും ജാതിയും മതിലുകള്‍ തീര്‍ക്കാത്ത-
മെെത്രിയുടെ മണിനാദം മുഴങ്ങുന്ന നന്‍മഭൂമി..
ഭിന്നതയില്ല, ഒരുമയുടെ സ്നേഹകാവ്യമാണീ നാട്..
നേരിന്‍റെ പാത തുറന്നു;
വികസനത്തിന്‍റെ പുതുവഴി കാട്ടുന്ന
യുവതയുടെ നാട്..
തിടമ്പേറ്റിയ കൊമ്പനെ പോലെ കരുത്തനായി മുന്നേറുക നീയെന്‍ പ്രിയനാടേ..
അജിന സന്തോഷ്

ബാംഗ്ളൂർ ഡെയ്സ് (കഥ)


ബാംഗ്ളൂർ ഡെയ്സ് (കഥ)
*****************************
നിമ്മി വളരെ സന്തോഷത്തിലാണ്.. കാരണം അവളുടെ വിവാഹം ഉറപ്പിച്ചു...
പഠിക്കാനൊക്കെ ഭയങ്കര മടിയായിരുന്നു അവൾക്ക്..
എങ്ങനെയോ തട്ടി മുട്ടി ഡിഗ്രി കംപ്ളീറ്റ് ചെയ്തു.. അതിനു ശേഷം സീരിയലും കണ്ട് വീട്ടിൽ കുത്തിയിരിക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടായി.. വിവാഹമായിരുന്നു അടുത്ത ലക്ഷ്യം..
വീട്ടുകാർ ആലോചനകൾ തുടങ്ങിയപ്പോൾ അവൾ പറഞ്ഞു
''ഗൾഫ്കാരനെ വേണ്ട''
വന്നത് അധികവും ഗൾഫ്കാരുടെ ആലോചകളായത് കൊണ്ട് എല്ലാം അവൾ ഒഴിവാക്കി..
അവളുടെ കൂടെ പഠിച്ച വിഷ്ണുവിൻ്റെ ചേട്ടൻ്റെ ആലോചന പോലും..
ഗൾഫിൽ നല്ല ജോലിയായിരുന്നു വിഷ്ണുവിൻ്റെ ചേട്ടൻ വിനയന്... വിവാഹം കഴിഞ്ഞാൽ അവളെ കൂടെ കൊണ്ടുപോകുമെന്നും പറഞ്ഞു.. എന്നിട്ടും അവൾക്ക് വേണ്ട..
''അയാൾ ജോലിക്കു പോയാൽ ഞാൻ വെറുതേ ഫ്ളാറ്റിൽ ഇരുന്ന് ബോറടിക്കേണ്ടി വരും..''
ഇതായിരുന്നു അവളുടെ വാദം..
അവസാനം വിനയൻ അവളുടെ കൂടുകാരി രേഷ്മയെ കെട്ടുകയും ചെയ്തു..
ഗൾഫ്കാരനെ വേണ്ട എന്നു വെക്കുമ്പോൾ അവളുടെ മനസ്സിൽ വേറെ ഒരു മോഹമുണ്ടായിരുന്നു...ബാംഗ്ളൂരിൽ ജോലിയുള്ള ഒരാളെ വിവാഹം കഴിക്കണമെന്നായിരുന്നു അവളുടെ മോഹം.. ബാംഗ്ളൂർ ഡെയ്സ് സിനിമ കണ്ടതുമുതൽ മനസ്സിൽ മൊട്ടിട്ടതാണ്... ബാംഗ്ളൂരിൽ ജീവിക്കണം.. ജീവിതം അടിച്ചു പൊളിക്കണം..
അതിനു വേണ്ടി അവൾ സകല ദെെവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു..
അവസാനം അവളുടെ പ്രാർത്ഥന ഫലിച്ചു..
ബാംഗ്ളൂരിൽ ജോലിയുള്ള അനീഷിൻ്റെ ആലോചന വന്നു.
നിമ്മി കണ്ണും പൂട്ടി വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു..
വിവാഹത്തിന് ഇനി കുറച്ച് ദിവസങ്ങൾ മാത്രം.. അവളുടെ സ്വപ്നങ്ങളിൽ സിനിമയിൽ മാത്രം കണ്ടിട്ടുള്ള ബാംഗ്ളൂർ നഗരം കടന്നു വന്നു.. അവിടത്തെ ഷോപ്പിംഗ് മാളുകളിലും പാർക്കുകളിലുമൊക്കെ സ്വപ്നത്തിലൂടെ കറങ്ങിയാണ് ഒാരോ ദിവസവും അവൾ ഉറക്കമുണരുന്നത്..
അങ്ങനെ നിമ്മിയുടെ വിവാഹം നടന്നു.. വിരുന്നിൻ്റെയും ബന്ധു ഗൃഹ സന്ദർശനത്തിൻ്റെയും ബഹളം കഴിയാൻ വേണ്ടി കൊതിക്കുകയാണ് നിമ്മി.. അവളുടെ സ്വപ്ന നഗരിയിലേക്ക് പോകാൻ വേണ്ടി ..
കുറച്ച് ദിവസങ്ങൾക്കു ശേഷം ആ സുദിനവും വന്നെത്തി.. അനീഷും നിമ്മിയും ബാംഗ്ളൂരിലേക്ക് യാത്രയായി..
അവിടെയെത്തിയ നിമ്മിക്ക് പുത്തരിയിലേ കല്ലു കടിച്ചതു പോലെ തോന്നി.. കാരണം ബാംഗ്ളൂർ സിറ്റിയിൽ നിന്നും കുറേ അകലെയായിരുന്നു അവരുടെ താമസസ്ഥലം..
ഒറ്റ മുറിയും ഒരു കുഞ്ഞു അടുക്കളയും മാത്രം..
യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാനാവാതെ അവൾ അനീഷിനോട് ചോദിച്ചു ..
''ഏട്ടാ.. നമുക്ക് സിറ്റിയിൽ ഏതെങ്കിലും ഫ്ളാറ്റിൽ താമസിച്ചൂടെ..''
യറ്റ''നീയിത് എന്തറിഞ്ഞിട്ടാ പറയുന്നത്.. സിറ്റിയിലെ ഫ്ളാറ്റിന് ഒരുപാട് വാടക കൊടുക്കണം... എൻ്റെ ശമ്പളം അതിനു തികയില്ല.''
അനീഷിൻ്റെ മറുപടി കേട്ട നിമ്മിയുടെ കണ്ണിൽ ഇരുട്ടു കയറുന്നതു പോലെ തോന്നി..
''ഈശ്വരാ.. ഞാൻ കണ്ട സ്വപ്നങ്ങളൊക്കെ വെറുതെയായോ'''..
''അപ്പോൾ നമ്മൾ സിറ്റിയിൽ കറങ്ങാൻ പോവില്ലേ''?
അവൾ അനീഷിനോട് ചോദിച്ചു ..
''സിറ്റി ഇവിടുന്ന് ഒരുപാട് ദൂരെയാണ് മോളേ.. എൻ്റെ കമ്പനിയിലേക്കു തന്നെ ഇവിടുന്ന് ഒരു മണിക്കൂർ യാത്രയുണ്ട്.. ചെറിയ വാടകയായതുകൊണ്ടാ ഇവിടെ താമസിക്കാമെന്ന് വെച്ചത്..''
അനീഷിൻ്റെ വാക്കുകൾ കേട് ആശയറ്റവളെപ്പോലെ അവൾ നിന്നു...
''നീ വിഷമിക്കേണ്ട, ഒഴിവുള്ളപ്പോൾ നിന്നെ ഞാൻ വിധാൻ സൗധയും ലാൽബാഗും കാണിക്കാൻ കൊണ്ടു പോകാം..''
''അതു മാത്രമോ? ബാംഗ്ളൂർ ഡെയ്സ് സിനിമയിൽ കാണിച്ച സ്ഥലത്തൊക്കെ പോവില്ലേ''..
''എടീ അതൊക്കെ കെെയ്യിൽ ഒരുപാട് പെെസയുള്ളവർക്ക് പറഞ്ഞിട്ടുള്ളതാ.. നമുക്ക് ഇത്രയൊക്കെയേ പറ്റൂ.. ഇവിടെയടുത്ത് ചെറിയ ഒരു പാർക്കും അമ്പലവുമൊക്കെയുണ്ട്.. നിനക്ക് വെെകുന്നേരങ്ങളിൽ അവിടെയൊക്കെ പോകാം..ഞാൻ ജോലികഴിഞ്ഞ് വരാൻ ഏഴുമണി കഴിയും''..
ഇനി കൂടുതലൊന്നും പറഞ്ഞിട്ടു കാര്യമില്ലെന്ന് അവൾ തിരിച്ചറിഞ്ഞു..
മനസ്സിൽ കണ്ട കിനാവുകളൊക്കെ ഒരു കുഴി കുത്തി അവിടെത്തന്നെ മൂടാൻ അവൾ തീരുമാനിച്ചു..
അപ്പോൾ അവളുടെ ഫോണിലേക്ക് രേഷ്മ അയച്ച കുറേ ചിത്രങ്ങൾ കിട്ടി.. ദുബായിൽ അവളും ഭർത്താവും അടിച്ചു പൊളിക്കുന്നതിൻ്റെ ചിത്രങ്ങൾ..
ബാംഗ്ളൂർ സ്വപ്നങ്ങൾ തലയ്ക്ക് പിടിച്ചതു കാരണം നഷ്ടപ്പെടുത്തിയ ദുബായ് വേദനിപ്പിക്കാതിരിക്കാൻ അവൾ എല്ലാം ഡിലീറ്റ് ചെയ്ത് നെറ്റ് ഓഫാക്കി വെച്ചു..
അജിന സന്തോഷ്

മഴ (കവിത)


മഴ (കവിത)
---------------------
എൻ്റെ സ്വപ്നങ്ങൾക്കു മേൽ
ചന്നം പിന്നം പെയ്ത മഴയിൽ
ആശ്വാസമായി നിൻ വേനൽ ചൂട്
ഒരു പുൽക്കൊടിയെ പുണരുന്ന പോലെ
പുതുമണ്ണിൻ ഗന്ധം ആവോളം നുകർന്നൂ
മണ്ണിനു പുറത്തേക്ക് തലനീട്ടി
ആരോ പുഞ്ചിരിക്കുന്നു..
പിന്നെ നീ ഇടയ്ക്കിടെ ,
എന്നെ വന്നു തലോടിപ്പോയോ?
പുഞ്ചിരി തുകി ഞാൻ കെെകൾ നീട്ടി
പിന്നെ ചെറിയ ഇടവേളക്കു ശേഷം
നീ വന്നത് ഇടവപ്പാതിയായി..
നിനക്ക് കുട ചൂടി കാറ്റും ഇടിയും മിന്നലും
ഞെട്ടിത്തരിച്ചുപോയി ഞാൻ
നിൻ്റെ സംഹാരഭാവം
എന്നിൽ സംഭ്രമമായി
നീ എന്നെ കണ്ടോ എന്നറിയില്ല..
ഞാൻ ഇരുളിൻ്റെ ജാലകപ്പാളി നീക്കി
നിന്നെ കാണുന്നുണ്ടായിരുന്നു
പിന്നെയൊരു തുലാവർഷ രാത്രിയിൽ
എനിക്കു മേൽ വീണ്ടും
അലറിത്തിമിർത്തു നീ പെയ്തിറങ്ങി
പ്രണയ മഴത്തുള്ളിയായ്..
അജിന സന്തോഷ്

മോചനം (കഥ)


മോചനം (കഥ)
--------------------
ഇന്ന് അവളുടെ വിവാഹമായിരുന്നു..
എൻ്റെ രണ്ടു മക്കളെ പ്രസവിച്ചവളുടെ..
ഞാൻ കെട്ടിയ താലി കഴുത്തിലണിഞ്ഞു പതിനഞ്ച് വർഷം കൂടെ ജീവിച്ചവളുടെ...
എന്തിനാണ് എന്നെയും രണ്ടു മക്കളെയൂം ഉപേക്ഷിച്ച് അവൾ പോയത് എന്ന് ഉത്തരം കിട്ടാത്ത ചോദ്യമായി നിലനിൽക്കുന്നു..
എന്നെ പറ്റി ഓർക്കേണ്ട, പതിനാലും പന്ത്രണ്ടും വയസ്സുള്ള രണ്ടു പെൺ മക്കളെ കുറിച്ച് അവളോർത്തില്ല..
അവരുടെ ഭാവി എന്താകുമെന്ന് ചിന്തിച്ചില്ല..
എന്താണ് ഞാൻ അവളോട് ചെയ്ത തെറ്റ്...
അവളുടെ ഇഷ്ടങ്ങൾക്കെല്ലാം സമ്മതം മൂളിയതോ?
ജോലി കഴിഞ്ഞാൽ വീട് എന്ന ഇട്ടാ വട്ടത്തിൽ ഒതുങ്ങിക്കൂടിയതോ?
അവൾക്കും മക്കൾക്കും വേണ്ടി മാത്രം ജീവിച്ചതോ?
ഈ പതിനഞ്ച് വർഷത്തിനിടയിൽ മുഖം കറുപ്പിച്ച് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല..
പറയാൻ അവൾ ഇടവരുത്തിയിട്ടില്ല എന്നതാണ് സത്യം..
ഒരു നല്ല ഭാര്യയായി, മക്കളുടെ നല്ല അമ്മയായി അവൾ ജീവിച്ചു..
എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞു ചെയ്തു.. ഇങ്ങനെയൊരു ഭാര്യയെ കിട്ടിയത് തൻ്റെ ഭാഗ്യമായി കണ്ട് അവളെ ഒരുപാട് സ്നേഹിച്ചു..
എന്നിട്ടും എന്താണ് അവൾക്ക് ഇങ്ങനെ തോന്നിയത്?
അതിൻ്റെ കാരണം കണ്ടെത്താൻ എത്ര ശ്രമിച്ചിട്ടും എനിക്ക് കഴിഞ്ഞിട്ടില്ല..
മറ്റൊരാളുമായി അവൾക്ക് അടുപ്പമുണ്ട് എന്നതിൻ്റെ ഒരു സൂചന പോലും കിട്ടിയിരുന്നില്ല..
പതിനഞ്ചാം വിവാഹവാർഷികത്തിൻ്റെ അന്ന് അവൾ എന്നോട് അത് പറയും വരെ..
അന്ന് രാവിലെ അവളോട് ചോദിച്ചു..
''പതിനഞ്ച് വർഷം എന്നെ സഹിച്ചതിനു നിനക്ക് എന്ത് സമ്മാനമാണ് വേണ്ടത്''?
''എനിക്ക് നിങ്ങളിൽനിന്നും മോചനം വേണം''..
അവളുടെ മറുപടി കേട്ട് തമാശയാണെന്ന് കരുതി ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു ..
''ഇന്നൊരു ദിവസത്തേക്കാണോ അതോ സ്ഥിരമായിട്ടാണോ നിനക്ക് മോചനം വേണ്ടത്?''
''ഞാൻ തമാശ പറഞ്ഞതല്ല.. എനിക്ക് ഡിവോഴ്സ് വേണം''..
ഗൗരവത്തിലുള്ള അവളുടെ വാക്കുകൾ കേട്ട് ഞാൻ ഞെട്ടിത്തരിച്ചു..
''ഡിവോഴ്സോ? ', എന്താ നീയീ പറയുന്നത്?.''
'' ഞാൻ പറഞ്ഞല്ലോ, എനിക്ക് എത്രയും പെട്ടെന്ന് ഡിവോഴ്സ് വേണം''..
''അതാണ് ഞാൻ ചോദിച്ചത്.. എന്താണ് നിനക്ക് പറ്റിയത്? നമ്മൾ തമ്മിൽ ഒരു പ്രശ്നവുമില്ല..പിന്നെ എന്തിനാണിപ്പോൾ ഡിവോഴ്സ് ?''
ഞാൻ വീണ്ടും ചോദിച്ചു..
''എനിക്ക് നിങ്ങളിൽ നിന്നും ഒരു മോചനം വേണം.. അത്ര തന്നെ.''..
അവളുടെ സ്വരം ഉറച്ചതായിരുന്നു..
''അതിൻ്റെ കാരണമാണ് എനിക്കറിയേണ്ടത്''..
ഞാൻ പൊട്ടിത്തെറിച്ചു..
''ഞാൻ മറ്റൊരാളെ സ്നേഹിക്കുന്നു.. ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നു''..
അവൾ വളരെ ലാഘവത്തോടെ പറഞ്ഞു..
എനിക്ക് ചുറ്റും അഗ്നി ആളിപ്പടർന്ന് എന്നെ ചുട്ടു പൊള്ളിക്കുന്നതായി തോന്നി..
സമനില വീണ്ടെടുക്കാൻ കുറച്ച് സമയം വേണ്ടി വന്നു..
''ഇത്രയും കാലം എൻ്റെ കൂടെ ജീവിച്ചിട്ട് എന്തു പോരായ്മയാണ് നീ എന്നിൽ കണ്ടത്..അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽത്തന്നെ എന്നോടത് തുറന്നു പറഞ്ഞിരുന്നെങ്കിൽ ഞാൻ തിരുത്തുമായിരുന്നല്ലോ..''
വളരെ ദയനീയമായിട്ടാണ് ഞാനത് പറഞ്ഞത്..
അവൾക്ക് പക്ഷേ ഒരു ഭാവമാറ്റവുമില്ലായിരുന്നു..
അവസാനം സഹികെട്ട് ഞാൻ ചോദിച്ചു ..
''ആരാണ് നിന്നെ അത്രയും സ്വാധീനിച്ച ആ വ്യക്തി?.. അതെങ്കിലും ഒന്നു പറയൂ''..
''അതു നിങ്ങൾ പിന്നീടറിയും.. എത്രയും പെട്ടെന്ന് ഡിവോഴ്സിനുള്ള ഏർപ്പാടുകൾ ചെയ്യണം..
ഡിവോഴ്സ് കിട്ടി അടുത്ത മുഹൂർത്തത്തിൽത്തന്നെ ഞങ്ങൾക്ക് വിവാഹിതരാകണം''..
അവൾ എല്ലാം നിശ്ചയച്ചിച്ചുറപ്പിച്ചിരുന്നു..
''അപ്പോൾ നമ്മുടെ മക്കൾ?''
''അവരെ നിങ്ങൾക്ക് വിട്ടു തരുന്നു.. ഞാനൊരിക്കലും അവകാശം പറഞ്ഞു വരില്ല..''
മറുപടി പറയാൻ അവൾക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല..
പിന്നീട് എല്ലാം പെട്ടെന്നായിരുന്നു.. പരസ്പര സമ്മതത്തോടെ ആയതുകൊണ്ട് വിവാഹമോചനം പെട്ടെന്ന് അനുവദിച്ചു കിട്ടി.. അതുവരെ ഒരു വീട്ടിൽ അന്യരായി താമസിച്ചു..
അപ്പോഴും എനിക്ക് മനസ്സിലായില്ല അവളുടെ മനസ്സ് കീഴടക്കിയതാരാണെന്ന്.. എല്ലായിടത്തും സംഭവിക്കുന്നതു പോലെ മുഖപുസ്തക സൗഹൃദമാവും വില്ലൻ എന്നു കരുതാനാവില്ലായിരുന്നു.. കാരണം അവൾക്ക് അതിലൊന്നും യാതൊരു കമ്പവുമില്ലായിരുന്നു..
മൊബെെൽ ഫോൺ പോലും അത്യാവശ്യത്തിനല്ലാതെ ഉപയോഗിക്കില്ല..
എവിടെയാണ് അവൾക്ക് വഴിതെറ്റിയതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല..
ഇന്ന് അവളുടെ വിവാഹ ഫോട്ടോ വാട്ട്സാപ്പിൽ കിട്ടിയപ്പോഴാണ് ചിത്രം വ്യക്തമായത്.. എല്ലാത്തിനും കൂടെ നിന്ന എൻ്റെ ആത്മാർത്ഥ സുഹൃത്താണ് അവളുടെ കഴുത്തിൽ വരണമാല്യം ചാർത്തിയത്..
''അവൾക്ക് നിന്നെ വേണ്ടെങ്കിൽ ഒഴിഞ്ഞു കൊടുത്തേക്കെടോ''...
എന്നു പറഞ്ഞു വിവാഹ മോചനത്തിനെ അനുകൂലിച്ചവൻ..
വർഷങ്ങൾക്ക് മുൻപേ ഭാര്യ മരിച്ചു തനിച്ചു താമസിക്കുന്ന അവന് ഇങ്ങനെയൊരു മോഹമുണ്ട് എന്ന് ഞാൻ അറിഞ്ഞതേയില്ല..
എന്തായാലും അവരുടെ ആഗ്രഹം നടന്നല്ലോ.. അവർ സന്തോഷമായി ജീവിക്കട്ടെ..
അമ്മയുടെ വിവാഹമറിഞ്ഞ് കരഞ്ഞു തളർന്നു കിടക്കുകയാണ് എൻ്റെ മക്കൾ.. അവരെ ഞാൻ എന്തു പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടത് .. അവർക്ക് എല്ലാം സഹിക്കാനുള്ള ശക്തി സർവ്വേശ്വരൻ കൊടുക്കട്ടെ..
അവൾക്കും അവനുമുള്ളത് കാലം കാത്തു വെയ്ക്കട്ടെ..
അജിന സന്തോഷ്

വിരഹം (കവിത)


വിരഹം (കവിത)
---------------------------
പിന്‍വിളി കേള്‍ക്കാതെ അകന്നുപോയെന്നാലും;
ഇന്നും കാത്തിരിക്കുന്നൂ നിന്നെ ഞാന്‍..
പിരിയുവാനാകുമോ നിനക്കെന്നെ,
നമ്മളൊത്തുചേര്‍ന്നു താണ്ടിയ വഴികള്‍
മറക്കുവാനാകുമോ..
നിനക്കായ് മാത്രം തുടിക്കുമെന്‍ ഹൃദയത്തിന്‍ സ്പന്ദനം കേള്‍ക്കാതിരിക്കാനാവുമോ..
ഒരുമിച്ചു കണ്ട കിനാവുകള്‍
പാഴ്ക്കിനാവായി മാറീടുമോ;
എന്നോര്‍ത്തു ഉള്ളിലേറെ ഭയക്കുന്നു ഞാനിന്ന്..
നീ ചുംബിച്ചു ചുവപ്പിച്ചൊരെന്‍ കവിളുകളിലിപ്പോള്‍,
കണ്ണീരുണങ്ങിയ പാടുകള്‍ മാത്രം..
നിന്‍ തലോടലേറ്റു തളിര്‍ത്തൊരെന്‍ മേനി;
വാടിക്കരിഞ്ഞുപോയ്..
സ്വപ്നങ്ങള്‍ വറ്റിയ മിഴികളില്‍
അലയടിക്കുന്നൂ വിരഹ വേദന
വയ്യ! എനിക്കിനി വയ്യ!
നിന്നെക്കൂടാതെ ഒരു മാത്ര പോലും..
തിരികെ വരിക എന്‍ പ്രാണനേ!
ഇനിയും നീ വന്നില്ലയെങ്കില്‍,
വ്യര്‍ത്ഥമായിത്തീരുമീ ജന്‍മം..
അജിന സന്തോഷ്

മാപ്പ് (കവിത)


മാപ്പ് (കവിത)
---------------------
മാപ്പ് ..പ്രിയ സോദരിമാരേ, ..മാപ്പ്..
നിങ്ങൾതൻ കൺകളിൽ കാണുന്നു ഞാൻ;
ഒരു ഇരുണ്ടകാലത്തിൻ്റെ കടൽ..
തേങ്ങുന്ന കടലിനെ ശാന്തമാക്കാൻ നമുക്കാവില്ല..
സാന്ത്വനത്തിൻ്റെ വാക്കുകൾ,
ഉപചാരത്തിൻ്റെ പുറം മോടിയിൽ,
ഇല്ലാതാവുന്നതാണ് സത്യം..
ഒന്നും കാണാൻ ഇവിടെയാർക്കും കണ്ണുകളില്ല..
വിലാപങ്ങൾ പതിക്കുന്നത് ബധിരകർണ്ണങ്ങളിൽ..
പെറ്റമ്മയുടെ കണ്ണീരൊപ്പാൻ ആർക്കു കഴിയും?
പിച്ചിച്ചീന്തിയ ജീവനു പകരം നൽകാൻ എന്തുണ്ട്?
എത്ര തിരഞ്ഞാലും ഒന്നും കാണില്ല നിങ്ങൾ..
കണ്ണുകെട്ടിയ ദേവതയ്ക്ക് ഈ കണ്ണുനീർ കാണാനാവില്ല..
നമുക്ക് ശിരസ്സു കുനിക്കാം..
മാപ്പിനായ് യാചിക്കാം..
മാപ്പ്... പ്രിയ സോദരിമാരേ... മാപ്പ് ..
അജിന സന്തോഷ്

പുതിയ കാലം (കവിത )


പുതിയ കാലം (കവിത )
------------------------
പാതി മുറിഞ്ഞ സ്വപ്നം
ഞെട്ടറ്റ പൂവ്
ആകാശക്കീറ്
കടലിന്റെ ഞൊറി
ആദ്യാനുരാഗത്തിന്റെ
അപാര നിഗൂഢത
മഴവില്ലിന്റെ സപ്തവർണങ്ങൾ
പ്രണയിനിയുടെ കവിളിൽ
തിരയുന്ന കാമുകൻ
കലിയിളകിയ കടലിരമ്പവും
തിമർത്തു പെയ്യുന്ന മഴയും
ഓർമ്മയുടെ തുറന്നുവച്ച
പുസ്തകങ്ങളായി മാറുന്നു
വേടന്റെ ഉന്നം പിഴച്ചത്
ആരുടെ നെഞ്ചത്താണ്
നെഞ്ചിലെ ബാക്കിയായ ചൂട്
തീരാറായ സ്പന്ദനം
എങ്ങോ നിലവിളികൾ
ഉയരുന്നത് കേൾക്കുന്നു
മരിച്ചത് ഞാൻ തന്നെയാണല്ലോ
എന്ന സംശയമാണ്
എന്നെ ഇപ്പോൾ പൊതിയുന്നത് ..
അജിന സന്തോഷ്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo