Slider

ബാംഗ്ളൂർ ഡെയ്സ് (കഥ)

0

ബാംഗ്ളൂർ ഡെയ്സ് (കഥ)
*****************************
നിമ്മി വളരെ സന്തോഷത്തിലാണ്.. കാരണം അവളുടെ വിവാഹം ഉറപ്പിച്ചു...
പഠിക്കാനൊക്കെ ഭയങ്കര മടിയായിരുന്നു അവൾക്ക്..
എങ്ങനെയോ തട്ടി മുട്ടി ഡിഗ്രി കംപ്ളീറ്റ് ചെയ്തു.. അതിനു ശേഷം സീരിയലും കണ്ട് വീട്ടിൽ കുത്തിയിരിക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടായി.. വിവാഹമായിരുന്നു അടുത്ത ലക്ഷ്യം..
വീട്ടുകാർ ആലോചനകൾ തുടങ്ങിയപ്പോൾ അവൾ പറഞ്ഞു
''ഗൾഫ്കാരനെ വേണ്ട''
വന്നത് അധികവും ഗൾഫ്കാരുടെ ആലോചകളായത് കൊണ്ട് എല്ലാം അവൾ ഒഴിവാക്കി..
അവളുടെ കൂടെ പഠിച്ച വിഷ്ണുവിൻ്റെ ചേട്ടൻ്റെ ആലോചന പോലും..
ഗൾഫിൽ നല്ല ജോലിയായിരുന്നു വിഷ്ണുവിൻ്റെ ചേട്ടൻ വിനയന്... വിവാഹം കഴിഞ്ഞാൽ അവളെ കൂടെ കൊണ്ടുപോകുമെന്നും പറഞ്ഞു.. എന്നിട്ടും അവൾക്ക് വേണ്ട..
''അയാൾ ജോലിക്കു പോയാൽ ഞാൻ വെറുതേ ഫ്ളാറ്റിൽ ഇരുന്ന് ബോറടിക്കേണ്ടി വരും..''
ഇതായിരുന്നു അവളുടെ വാദം..
അവസാനം വിനയൻ അവളുടെ കൂടുകാരി രേഷ്മയെ കെട്ടുകയും ചെയ്തു..
ഗൾഫ്കാരനെ വേണ്ട എന്നു വെക്കുമ്പോൾ അവളുടെ മനസ്സിൽ വേറെ ഒരു മോഹമുണ്ടായിരുന്നു...ബാംഗ്ളൂരിൽ ജോലിയുള്ള ഒരാളെ വിവാഹം കഴിക്കണമെന്നായിരുന്നു അവളുടെ മോഹം.. ബാംഗ്ളൂർ ഡെയ്സ് സിനിമ കണ്ടതുമുതൽ മനസ്സിൽ മൊട്ടിട്ടതാണ്... ബാംഗ്ളൂരിൽ ജീവിക്കണം.. ജീവിതം അടിച്ചു പൊളിക്കണം..
അതിനു വേണ്ടി അവൾ സകല ദെെവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു..
അവസാനം അവളുടെ പ്രാർത്ഥന ഫലിച്ചു..
ബാംഗ്ളൂരിൽ ജോലിയുള്ള അനീഷിൻ്റെ ആലോചന വന്നു.
നിമ്മി കണ്ണും പൂട്ടി വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു..
വിവാഹത്തിന് ഇനി കുറച്ച് ദിവസങ്ങൾ മാത്രം.. അവളുടെ സ്വപ്നങ്ങളിൽ സിനിമയിൽ മാത്രം കണ്ടിട്ടുള്ള ബാംഗ്ളൂർ നഗരം കടന്നു വന്നു.. അവിടത്തെ ഷോപ്പിംഗ് മാളുകളിലും പാർക്കുകളിലുമൊക്കെ സ്വപ്നത്തിലൂടെ കറങ്ങിയാണ് ഒാരോ ദിവസവും അവൾ ഉറക്കമുണരുന്നത്..
അങ്ങനെ നിമ്മിയുടെ വിവാഹം നടന്നു.. വിരുന്നിൻ്റെയും ബന്ധു ഗൃഹ സന്ദർശനത്തിൻ്റെയും ബഹളം കഴിയാൻ വേണ്ടി കൊതിക്കുകയാണ് നിമ്മി.. അവളുടെ സ്വപ്ന നഗരിയിലേക്ക് പോകാൻ വേണ്ടി ..
കുറച്ച് ദിവസങ്ങൾക്കു ശേഷം ആ സുദിനവും വന്നെത്തി.. അനീഷും നിമ്മിയും ബാംഗ്ളൂരിലേക്ക് യാത്രയായി..
അവിടെയെത്തിയ നിമ്മിക്ക് പുത്തരിയിലേ കല്ലു കടിച്ചതു പോലെ തോന്നി.. കാരണം ബാംഗ്ളൂർ സിറ്റിയിൽ നിന്നും കുറേ അകലെയായിരുന്നു അവരുടെ താമസസ്ഥലം..
ഒറ്റ മുറിയും ഒരു കുഞ്ഞു അടുക്കളയും മാത്രം..
യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാനാവാതെ അവൾ അനീഷിനോട് ചോദിച്ചു ..
''ഏട്ടാ.. നമുക്ക് സിറ്റിയിൽ ഏതെങ്കിലും ഫ്ളാറ്റിൽ താമസിച്ചൂടെ..''
യറ്റ''നീയിത് എന്തറിഞ്ഞിട്ടാ പറയുന്നത്.. സിറ്റിയിലെ ഫ്ളാറ്റിന് ഒരുപാട് വാടക കൊടുക്കണം... എൻ്റെ ശമ്പളം അതിനു തികയില്ല.''
അനീഷിൻ്റെ മറുപടി കേട്ട നിമ്മിയുടെ കണ്ണിൽ ഇരുട്ടു കയറുന്നതു പോലെ തോന്നി..
''ഈശ്വരാ.. ഞാൻ കണ്ട സ്വപ്നങ്ങളൊക്കെ വെറുതെയായോ'''..
''അപ്പോൾ നമ്മൾ സിറ്റിയിൽ കറങ്ങാൻ പോവില്ലേ''?
അവൾ അനീഷിനോട് ചോദിച്ചു ..
''സിറ്റി ഇവിടുന്ന് ഒരുപാട് ദൂരെയാണ് മോളേ.. എൻ്റെ കമ്പനിയിലേക്കു തന്നെ ഇവിടുന്ന് ഒരു മണിക്കൂർ യാത്രയുണ്ട്.. ചെറിയ വാടകയായതുകൊണ്ടാ ഇവിടെ താമസിക്കാമെന്ന് വെച്ചത്..''
അനീഷിൻ്റെ വാക്കുകൾ കേട് ആശയറ്റവളെപ്പോലെ അവൾ നിന്നു...
''നീ വിഷമിക്കേണ്ട, ഒഴിവുള്ളപ്പോൾ നിന്നെ ഞാൻ വിധാൻ സൗധയും ലാൽബാഗും കാണിക്കാൻ കൊണ്ടു പോകാം..''
''അതു മാത്രമോ? ബാംഗ്ളൂർ ഡെയ്സ് സിനിമയിൽ കാണിച്ച സ്ഥലത്തൊക്കെ പോവില്ലേ''..
''എടീ അതൊക്കെ കെെയ്യിൽ ഒരുപാട് പെെസയുള്ളവർക്ക് പറഞ്ഞിട്ടുള്ളതാ.. നമുക്ക് ഇത്രയൊക്കെയേ പറ്റൂ.. ഇവിടെയടുത്ത് ചെറിയ ഒരു പാർക്കും അമ്പലവുമൊക്കെയുണ്ട്.. നിനക്ക് വെെകുന്നേരങ്ങളിൽ അവിടെയൊക്കെ പോകാം..ഞാൻ ജോലികഴിഞ്ഞ് വരാൻ ഏഴുമണി കഴിയും''..
ഇനി കൂടുതലൊന്നും പറഞ്ഞിട്ടു കാര്യമില്ലെന്ന് അവൾ തിരിച്ചറിഞ്ഞു..
മനസ്സിൽ കണ്ട കിനാവുകളൊക്കെ ഒരു കുഴി കുത്തി അവിടെത്തന്നെ മൂടാൻ അവൾ തീരുമാനിച്ചു..
അപ്പോൾ അവളുടെ ഫോണിലേക്ക് രേഷ്മ അയച്ച കുറേ ചിത്രങ്ങൾ കിട്ടി.. ദുബായിൽ അവളും ഭർത്താവും അടിച്ചു പൊളിക്കുന്നതിൻ്റെ ചിത്രങ്ങൾ..
ബാംഗ്ളൂർ സ്വപ്നങ്ങൾ തലയ്ക്ക് പിടിച്ചതു കാരണം നഷ്ടപ്പെടുത്തിയ ദുബായ് വേദനിപ്പിക്കാതിരിക്കാൻ അവൾ എല്ലാം ഡിലീറ്റ് ചെയ്ത് നെറ്റ് ഓഫാക്കി വെച്ചു..
അജിന സന്തോഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo