Slider

എന്റെ നക്ഷത്രരാജകുമാരി. (ഓർമ്മകുറിപ്പ് )

0

എന്റെ നക്ഷത്രരാജകുമാരി. (ഓർമ്മകുറിപ്പ് )
ഇന്ന്
വീണ്ടും ഒരു മാർച്ച്‌ 14.....
ഇന്നവളുടെ ജന്മദിനമാണ്........
എന്റെ അനിയത്തിക്കുട്ടിയുടെ......
ജീവിച്ചിരുന്നെങ്കിൽ, ഇന്നൊരു പക്ഷെ, അനാഥാലയത്തിലെ കുരുന്നുകളോടൊപ്പമാകുമായിരുന്നു ഞങ്ങളുടെ ഉച്ചയൂണ്......
മിഠായികളും ബലൂണുകളും പുത്തനുടുപ്പുകളും കൊണ്ട് അനാഥ ബാല്യങ്ങളെ ആഹ്ലാദത്തോണിയിലേയിരുന്നു അവൾ..... കുഞ്ഞുങ്ങളോടൊപ്പം ചേരുമ്പോൾ മറ്റൊരു കുഞ്ഞായി മാറുന്ന സ്വഭാവം, മുപ്പത്തിമൂന്നു വയസ്സായിട്ടും മാറിയിരുന്നില്ല അവൾക്ക്....
കളിചിരികളും ബഹളങ്ങളും.....
നിറപ്പകിട്ട് ഏറെയുള്ളതായിരുന്നു ഞങ്ങളുടെ ലോകം.....
എന്റെ ഓർമ്മയിലിപ്പോൾ ആ മയിപ്പീലികൾ, ഓലപ്പന്ത്, കുപ്പിവളപ്പൊട്ടുകൾ, കുട്ടിയുടുപ്പുകൾ....
എല്ലാം അനാഥമായി കിടക്കുന്നുണ്ട്...
നമ്മൾ പിച്ച വച്ചു വളർന്ന വീട്ടു മുറ്റം, കൈകോർത്തു പിടിച്ചു നടന്ന നാട്ടു വഴികൾ....
 മണ്ണപ്പം ചുട്ടു കളിച്ച കുട്ടിക്കാലം.....
സൈക്കിളോടിയ്ക്കാൻ പഠിച്ച നാട്ടിടവഴികൾ, നീന്താൻ പഠിച്ച കിഴക്കേ താമരക്കുളം.....
അക്ഷരാഭ്യാസം തുടങ്ങി വച്ച ആശാൻ കളരി......
എല്ലാം ഇവിടെ എവിടെയൊക്കെയോ ഉണ്ട്.....
നിന്റെ വരവും കാത്ത്......
നിന്റെ കാലൊച്ചയ്ക്കു കാതോർത്ത്.....
നമ്മളൊന്നിച്ചു ആഘോഷിച്ച ഓണം, വിഷു, പെരുന്നാൾ, ക്രിസ്തുമസ്സ്...
ഒന്നിനും ഇപ്പോൾ പഴയ നിറപ്പകിട്ടില്ല.
ഇന്നു നിന്റെ പിറന്നാളാണെന്നതും അതേസമയം ചരമവാർഷികദിനമാണെന്നതും ഏതു ഹൃദയവികാരത്തോടെയാണ് ഞങ്ങൾ ഉൾക്കൊള്ളേണ്ടത്..
ഓർമ്മയുണ്ട്.....
എഴാംകടലിനക്കരെയിരുന്നു, ഒരുപാട് ശാരീരിക അസുഖങ്ങൾക്കു ശേഷം, ഒത്തിരി വൈകി ജനിയ്ക്കാൻ പോകുന്ന കുഞ്ഞിനെക്കുറിച്ചുള്ള ആവലാതികൾ നിറഞ്ഞ ശുഭപ്രതീക്ഷ നീയെന്നെ അറിയിച്ചത്......
ഒരിയ്ക്കലും സംഭവിയ്ക്കാൻ സാധ്യതയില്ലാതിരുന്ന ആ സൗഭാഗ്യം, എന്തിനായിരിയ്ക്കും പടച്ചവൻ ആ വൈകിയ വേളയിൽ നിന്റെ ജീവിതത്തിൽ ചേർത്തു വച്ചത്.......
കുഞ്ഞിന്റെ ജനനം, വളർച്ചയുടെ ഘട്ടങ്ങൾ...
അങ്ങു ന്യൂയോർക്കിലും ഇങ്ങ് കൊച്ചു കേരളത്തിലുമിരുന്ന് നമ്മൾ ആഘോഷിച്ചത്........
"സച്ചൂത്താ, എനിയ്ക്കു കാണണം സച്ചൂത്താനെ, ഞാനങ്ങോട്ടു വരികയാണെന്ന നിന്റെ അറിയിപ്പു കിട്ടിയ ദിവസം, ഒരു പക്ഷേ ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ച ഒരു ദിവസമായിരുന്നിരിയ്ക്കണം അത്......
നിന്റെ കുഞ്ഞിനെ കാണാനുള്ള ആർത്തി എത്രമാത്രമായിരുന്നുവെന്ന്, നിനക്കപ്പോൾ ഊഹിയ്ക്കാൻ കഴിഞ്ഞിരുന്നോ....... ?
സച്ചൂത്താന്റെ കൂടെ കുറേ ദിവസം താമസിയ്ക്കണം, കുടംപുളിയിട്ടു വറ്റിച്ച മീൻകറി കൂട്ടി കുറേ ചോറു കഴിയ്ക്കണം, കുഞ്ഞിനെ സച്ചൂത്താനെ ഏല്പ്പിച്ചു എനിയ്ക്കാ പുഴയിലൊന്നു നീന്തിത്തിമിർക്കണം, കുറേ ദിവസം സച്ചൂത്താനെ കെട്ടിപ്പിടിച്ചുറങ്ങണം.....
എത്രയായിരുന്നു മോഹങ്ങൾ.....
മറന്നിട്ടില്ല..
കുഞ്ഞിന്റെ ഒന്നാം ജന്മദിനത്തിൽ, കേക്ക് മുറിച്ചു കഴിഞ്ഞയുടനെ നീ തളർന്നു വീണത്‌.
വയറു വേദനയുടെ രൂപത്തിൽ വിധി താണ്ഡവനൃത്തം തുടങ്ങിയത്......
ആശുപത്രിയിലേക്കുള്ള പിടഞ്ഞോട്ടം...
പിന്നെ ശസ്ത്രക്രിയകൾ, ജീവനു വേണ്ടിയുള്ള പോരാട്ടങ്ങൾ.....
 ആശുപത്രിയിൽ നിനക്കു കൂട്ടിരുന്ന ഉറക്കമില്ലാത്ത രാത്രികൾ.....
വേദന കൊണ്ടു പുളയുമ്പോൾ, "ഞാൻ മരിയ്ക്ക്യാണോ സച്ചൂത്താ" എന്ന നിന്റെ ആധി പിടിച്ച ചോദ്യം ഇന്നും എന്റെ ഉറക്കം കളയുന്നുണ്ട്.
ജീവിയ്ക്കാനുള്ള നിന്റെ മോഹം, വൈകി ജനിച്ച കുഞ്ഞിനോടുള്ള അമിത വാത്സല്ല്യമാണെന്ന് എനിയ്ക്കു മനസ്സിലാവുമായിരുന്നു.
ICU വിൽ, അർദ്ധമയക്കത്തിൽ കിടന്ന നിന്റെ മുഖത്തേയ്ക്കു കുനിഞ്ഞു മോൻ ആദ്യമായി "മ്മ" എന്നു വിളിച്ചത്... നീയതു കേട്ടിരുന്നോ അന്ന്...... ???
എന്തൊക്കെയാണു നീയിവിടെ ബാക്കി വച്ചിട്ടു പോയത്‌...... ?
ഞാൻ പിണക്കമാണ് നിന്നോട്....
പണ്ടു വെല്ലിപ്പ കൊണ്ടുവന്നു തരാറുള്ള പല്ലൊട്ടി മിട്ടായിയും തേൻനിലാവും എനിയ്ക്കു തരാതെ നീ ഒളിപ്പിച്ചു വയ്ക്കുമ്പോൾ ഞാൻ പിണങ്ങാറുള്ള പിണക്കമല്ല, ശരിയ്ക്കും പിണക്കമാ....
ഞങ്ങളെയൊക്കെ സങ്കടക്കടലിന്റെ ആഴങ്ങളിലേയ്ക്കു തള്ളിയിട്ട്, നീ തനിയേ ഒരു യാത്ര പോയിട്ട് എട്ടു വർഷം തികയും ഇന്ന്.... ഒരിയ്ക്കലെങ്കിലും ഞങ്ങളിവിടെ എങ്ങനെ കഴിയുന്നുവെന്ന് നീ അന്വേഷിച്ചോ...... ??
ഛെ, എന്റെ കണ്ണുകളെന്താണിങ്ങനെ കവിഞ്ഞൊഴുകുന്നത്............ ?
ഹൃദയത്തിനു ചോർച്ചയുണ്ടെന്നു തോന്നുന്നു.....
മോൻ വിളിച്ചിരുന്നു ഇന്നലെ.....
നിനക്കൊരു കാര്യറിയോ.... ? അക്ഷരങ്ങൾ കൂട്ടിപ്പറയാൻ തുടങ്ങിയപ്പോൾ, അവനെന്നോടു ചോദിച്ചിരുന്നു, "Is Jemshy my mom" എന്ന്. അതേ മോനേ ന്നു പറഞ്ഞപ്പോ, അവൻ ചിരിച്ചുകൊണ്ടു പറഞ്ഞു "I love my mom"
പിന്നെ ഇടയ്ക്കിടെ, nursery rhym ചൊല്ലുന്ന പോലെ അവൻ പറയുമത്രെ
"Jemshy is my mom, and, i love my mom" എന്ന്.
നിന്നെ ഓർക്കുന്നുണ്ടാവുമോ അവൻ ?നീ കൂടെയില്ലാതെ വളരേണ്ടി വരുന്ന വേദന, ആ കുഞ്ഞുമനസ്സ് അങ്ങനെയാവോ മറക്കുന്നത്......
അവനു ഒമ്പതു വയസ്സായതു നീയറിഞ്ഞോ ?
ഇന്നലെ അവനെന്നോടു പറയാ, "മമ്മാ, now am nine, next year എന്നെ തനിച്ചു ഇന്ത്യയിലേക്ക് അയക്കാമെന്നു ഉപ്പ പറഞ്ഞിട്ടുണ്ടെ"ന്ന്‌.
ഞാൻ കരഞ്ഞുപോയി.
അവൻ വളരുകയാണ് ജിജി.....
നിന്റെ മയ്യത്ത് കിടത്തിയിരുന്ന ആ ചില്ലു പേടകത്തിനു മുകളിലിരുന്ന്, പല്ലില്ലാത്ത മോണ കാട്ടി "മ്മ, മ്മ" എന്നു വിളിച്ചിരുന്ന കൈക്കുഞ്ഞല്ല അവനിപ്പോ..... അമേരിക്കയിൽ നിന്നും തനിയെ ഇന്ത്യയിലേയ്ക്കു യാത്ര ചെയ്യാൻ മാത്രം മുതിർന്ന പുരുഷനായിരിയ്ക്കുന്നു. !!
നിനക്കറിയാമോ, ഞാനെന്റെ ജീവിതത്തിൽ ഏറ്റവും വേദനിച്ചു കരഞ്ഞത് എപ്പോഴാണെന്ന്... ?
വാപ്പ മരിച്ചപ്പോൾ, എന്നായിരിയ്ക്കും നീയിപ്പോൾ പറഞ്ഞത്, അല്ലെങ്കിൽ നീ മരിച്ചപ്പോൾ എന്ന്. അല്ലാട്ടോ.
നിന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞു, പറക്കമുറ്റാത്ത ഈ പിഞ്ചു കുഞ്ഞിനേയും തോളിലിട്ട്, നവീദ് നമ്മുടെ വീട്ടിൽ നിന്നിറങ്ങിയ ആ പടിയിറക്കം..........
അപ്പോഴാണ്‌, അതു കണ്ടപ്പോഴാണ്‌ ഞാൻ ഇടനെഞ്ചു പൊട്ടി കരഞ്ഞത്..... അന്നൊഴുക്കിയ കണ്ണുനീരിന്റെ ബാക്കി ഇപ്പോഴും എന്റെ ഹൃദയത്തിൽ തളം കെട്ടിക്കിടപ്പുണ്ട്.
പരീക്ഷണങ്ങളെത്രയാണ് നമ്മുടെ ജീവിതത്തിലൂടെ കടന്നു പോയത്‌.....
മോൻ മിടുക്കനായിരിയ്ക്കുന്നുണ്ട് ട്ടോ. നീ ആഗ്രഹിച്ച പോലെ നന്നായി മലയാളം പറയുന്നുണ്ട്. ഇന്നലെയും എന്നോടു പറഞ്ഞു, അവൻ മസ്ജിദിൽ പോയിരുന്നു, ഉമ്മിയ്ക്കു വേണ്ടി സ്പെഷ്യൽ ആയി പ്രാർത്ഥിച്ചു എന്നൊക്കെ. അങ്ങനെത്തന്നെയായിരിയ്ക്കട്ടെ, കുടുംബത്തിനും നാടിനും കൊള്ളാവുന്നനായി അവൻ വളർന്നു വരട്ടെ.
(Happy birthday ഉമ്മി" ന്നു പറഞ്ഞപ്പോ,നീ thankyou പറഞ്ഞില്ലാന്നും അവൻ പരാതി പറഞ്ഞു )
നവീദ് അവനെ നന്നായി വളർത്തുന്നുണ്ട്. ഞങ്ങളെ കാണുന്നില്ലെങ്കിലും,ബന്ധങ്ങളുടെ കണ്ണികൾ അറ്റു പോകാതിരിയ്ക്കാൻ എപ്പോഴും ശ്രദ്ധിയ്ക്കുന്നുണ്ട്.
എന്റെ മക്കൾ വിളിയ്ക്കുന്നത് പോലെ മോനും എന്നെ മമ്മയെന്നു വിളിയ്ക്കുമ്പോൾ, അവനെ സ്നേഹിച്ചു കൊതി തീരാതെ മടങ്ങേണ്ടി വന്ന നിന്നെക്കുറിച്ചോർത്ത്........
ഏയ്, ഇല്ല,...... സങ്കടമില്ല.....
അവനെ സ്നേഹിയ്ക്കാൻ ഞാനുണ്ടല്ലോ.
ഞങ്ങൾ ഒരുപാട് പേരുണ്ടല്ലോ......
എന്നാലും.....
നിനക്കു പകരം വയ്ക്കാനാവുമോ ?
ആരും ആർക്കും പകരമാവില്ലെന്നു ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു.
അമ്മ അമ്മയാണ്.
മക്കളെ ഒമാനിയ്ക്കാനും നേർവഴി ചൂണ്ടിക്കാട്ടാനും നന്മ തിന്മകൾ വേർതിരിച്ചു കൊടുക്കാനും അളവില്ലാതെ, അറ്റമില്ലാതെ, കണക്കു പറയാതെ ലാഭേച്ഛയില്ലാതെ സ്നേഹിയ്ക്കാനും അമ്മയെപ്പോലെ വേറെ ആർക്കാ കഴിയുക.... ?
ഞാൻ പോയി വസ്ത്രം മാറാൻ നോക്കട്ടെ. ഇനീം നിന്നോടു കൊഞ്ചിക്കൊണ്ടിരുന്നാൽ ആ അനാഥക്കുഞ്ഞുങ്ങൾ ഇന്നുച്ചയ്ക്കു പട്ടിണിയാവും.
നിന്നോടു ഞാനിപ്പോ എന്താ പറയേണ്ടേ ?
ജന്മദിനാശംസകൾ എന്നോ.....
അതോ.......
ജന്മദിനത്തിൽ തന്നെ മരണവും സംഭവിയ്ക്കുക എന്നത് ഭാഗ്യമോ അതോ നിന്റെ തലയിലെഴുത്തോ......
ഇന്നലെ മോനോടു സംസാരിയ്ക്കുമ്പോ എന്തിനെന്നറിയാതെ എനിയ്ക്കു സങ്കടം വന്നു. സാധാരണ അവൻ വിളിയ്ക്കുമ്പോ, മനസ്സിലെ സങ്കടക്കുപ്പി ഞാൻ അടച്ചു വയ്ക്കാറാണ് പതിവ്. ഇന്നലെ അറിയാതെ അതു വീണു പൊട്ടിപ്പോയി.......
അവനപ്പോ ചോദിക്യാ, Why are you crying mamma, ഉമ്മി സ്വർഗ്ഗത്തു പോയതല്ലേ, മമ്മയ്ക്കു ഉമ്മിയെ കാണണോ" എന്ന്.
വേണം കുട്ടാ ന്നു പറഞ്ഞപ്പോ പറയാ,
നിറയെ നക്ഷത്രങ്ങളുള്ള ദിവസം ആകാശത്തേയ്ക്കു നോക്കിയാ മതി, അവിടെ ഒറ്റയ്ക്ക് ഒരു വലിയ സ്റ്റാർ നെ കാണാം, അതാണവന്റെ ഉമ്മി എന്ന്. അവന്റെ ഉപ്പ കാണിച്ചു കൊടുത്തതാണത്രേ.
ശരിയാ, ആകാശത്തു മാത്രമല്ല, ഞങ്ങളുടെയെല്ലാം മനസ്സിലും മറ്റൊരു നക്ഷത്രക്കുഞ്ഞായി നീയിപ്പോഴും മിന്നി നില്ക്കുന്നുണ്ട്.
സ്വർഗ്ഗത്തിൽ നീ എനിയ്ക്കും ഒരിടം പിടിച്ചു വച്ചേക്കണം ട്ടോ.
പണ്ട് ഓരോ കല്യാണങ്ങൾക്കു പോകുമ്പോ,കല്യാണബസ്സിലും, നാടകങ്ങളും ഗാനമേളയും കാണാൻ പോവുമ്പോ അവിടെയും നീയൊരു സീറ്റ് പിടിച്ചു വയ്ക്കാറില്ലേ, എല്ലായിടത്തും എപ്പോഴും വൈകിയെത്തുന്ന എനിയ്ക്കു വേണ്ടി....... അതുപോലെ.....
കുറേ ദിവസം സച്ചൂത്താനെ കെട്ടിപ്പിടിച്ചുറങ്ങണമെന്ന,ആ നടക്കാതെ പോയ മോഹം, അവിടെ നമുക്കു സാക്ഷാത്ക്കരിയ്‌ക്കാം. എന്നുമെന്നും കെട്ടിപ്പിടിച്ചുറങ്ങാം, ശാശ്വതമായ ഉറക്കം.. !!

By
Sajna Shajahan

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo