പ്രീയപ്പെട്ട അമ്മയ്ക്ക്
📩
..................................................
..................................................
'' എന്തോന്ന് ഉറക്കമാടീ പെണ്ണേ , നട്ടുച്ഛയായിട്ടും എഴുന്നേക്കാറായില്ലേ '' .
മകൾ എഴുന്നേൽക്കാൻ താമസിക്കുന്നതു കണ്ട് ശ്രീകല കൈയ്യിൽ ചായ ഗ്ലാസ്സുമായി മകളുടെ മുറിയുടെ വാതിൽ ദേഷ്യത്തിൽ തള്ളിത്തുറന്നു .
വാതിൽ തുറന്ന് അകത്തു കയറിയപ്പോൾ കണ്ട കാഴ്ച അവളിൽ വലിയൊരു ആർത്തനാദമുയർത്തി .
തൂങ്ങി ആടുന്ന തന്റെ മകളുടെ പാദസ്വരമിട്ട കാലുകൾ .
കരച്ചിൽ കേട്ട് അയൽക്കാർ ഓടിയെത്തി തുടങ്ങി . തന്നെ ആശ്വസിപ്പിക്കാൻ എത്തിയ അയൽക്കാരൻ കൂടിയായ രാഷ്ട്രീയ നേതാവിനെ കെട്ടിപ്പിടിച്ച് കുട്ടിയുടെ അച്ഛനായ വിനയൻ വിതുമ്പി .
'' എടോ എന്റെ മോള് പോയി , എന്റെ കുഞ്ഞ് എന്തിന് ഇത് ചെയ്തെന്ന് എനിക്കറിയില്ല . എന്നാലും ഇതിന്റെ പേരിൽ അവളുടെ ഈ കുഞ്ഞു ശരീരം വെട്ടിക്കീറുന്നത് എനിക്ക് സഹിക്കാനാവില്ല , താൻ എങ്ങനെയെങ്കിലും ...... ''
'' തന്റെ വേദന എനിക്ക് മനസ്സിലാകും..... ഇവിടുത്തെ ഡോക്ടേഴ്സും പോലീസുമെല്ലാം നമ്മുടെ ആൾക്കാരാ . ഞാൻ പറയുന്നതിന് അപ്പുറമില്ല , പോസ്റ്റുമാർട്ടം ഞാൻ ഒഴിവാക്കി തരാം '' .
----------------------
'' അമ്മേ പ്ലീസ് , എന്റെ പൊന്നമ്മയല്ലേ ...... നാളെ ഒരു ദിവസം മാത്രമല്ലേ '' .
'' രുക്കൂ ...... വേണ്ട എന്ന് ഒരു പ്രാവശ്യം പറഞ്ഞു , ഇനി എന്നെ ദേഷ്യം പിടിപ്പിക്കേണ്ട '' .
അമ്മയുടെയും മകളുടെയും വഴക്ക് മൂർച്ഛിക്കുന്നതു കണ്ട് വിനയൻ ഇടയ്ക്കു കയറി .
'' ഇന്ന് അവധി ദിവസമായിട്ട് അമ്മയും മകളും വഴക്കിടാത്തത് എന്താണെന്ന് ഓർത്തതേ ഉള്ളൂ , ഇന്നെന്താ പ്രശ്നം ? '' .
രുക്കു കൊഞ്ചലോടെ അച്ഛന്റെ അടുത്ത് ചെന്നു .
'' അച്ഛാ ... അച്ഛനൊന്ന് അമ്മയോട് പറ , നാളെ യൂത്ത് ഫസ്റ്റിവൽ ആയതു കൊണ്ട് ഞങ്ങൾ ഫ്രണ്ട്സെല്ലാം ജീൻസും ടോപ്പും ഇട്ടു ചെല്ലാനാണ് പ്ലാൻ ചെയ്തിരിക്കുന്നത് , അതിന് ഈ അമ്മ സമ്മതിക്കുന്നില്ലച്ഛാ ''.
'' അതിനെന്താ ശ്രീകലേ തെറ്റ് , എന്റെ മോള് ആ ഡ്രസ്സിട്ടാലെന്താ '' .
മകളെ മടിയിൽ ചേർത്തു പിടിച്ചിരുത്തി വിനയൻ വാത്സല്യത്തോടെ അവളുടെ മുടിയിൽ തലോടി .
'' ചേട്ടന് ഒന്നിനും ഒരു പ്രശ്നവുമില്ല , ദിവസവും എത്രയെത്ര കേസുകളാ ഞാൻ കാണുന്നത് . അതെല്ലാം കണ്ടു കണ്ട് , ഒരു പെൺക്കൊച്ച് വളർന്നു വരുന്നത് കൊണ്ട് മനസ്സിൽ തീയാണ് '' .
ശ്രീകലയുടെ മറുപടി വിനയനിൽ പൊട്ടിച്ചിരിയാണ് ഉയർത്തിയത് .
'' എന്റെ ദൈവമേ ! കമ്മീഷണർ ഓഫീസിലെ വെറുമൊരു ക്ലാർക്ക് ആയിട്ട് ഇങ്ങനെ . നീയെങ്ങാനും കമ്മീഷണർ ആയിരുന്നെങ്കിൽ ഞാനും മോളും പെട്ടു പോയേനേ '' .
'' അച്ഛാ ഈ അമ്മയ്ക്ക് സംശയ രോഗമാ , കഴിഞ്ഞാഴ്ച സ്കൂൾ ബസ്സിൽ കയറിയപ്പോൾ ഡോറിൽ നിൽക്കുന്ന ചേട്ടൻ എന്റെ കൈയ്യിൽ പിടിച്ചു കയറ്റിയതിന് അമ്മ അടിക്കാൻ ചെന്നു . ഫ്രൺഡ്സെല്ലാം അതും പറഞ്ഞു കളിയാക്കുവാ '' .
'' ചേട്ടാ , അതു ഞാൻ കുറെ നാളായി കാണുവാ , അവന് മോളെ കാണുമ്പോൾ വല്ലാത്തൊരു സ്നേഹം കാണിക്കൽ '' .
''അതല്ലച്ഛാ അമ്മയ്ക്ക് എപ്പോഴും സംശയമാ , ഏതു നേരവും ഉപദേശമാ . ശരീരം ഫുൾ കവർ ചെയ്ത ഡ്രസ്സേ ഇടാവു , പുറത്തിറങ്ങിയാൽ അന്യ ആണുങ്ങളുമായി അടുത്തിടപഴകരുത് , മെയിൽ ടീച്ചേഴ്സിനെ ശരീരത്തിൽ തൊടാൻ അനുവധിക്കരുത് , അങ്ങോട്ടു നോക്കരുത് , ഇങ്ങോട്ട് നോക്കരുത് ...... ഇതിലും ഭേദം എന്നെ വല്ല ജയിലിലും അടക്കുന്നതാ '' .
മകളുടെ സങ്കടം പറച്ചിൽ വിനയന് സഹിക്കാനായില്ല .
'' ശ്രീകലേ , ഇതൽപ്പം ഓവറാണ് കേട്ടോ , ഇവൾ പത്ത് പതിമൂന്ന് വയസ്സുള്ള ഒരു പെണ്ണാണ് , എന്റെ മോൾക്ക് അവളുടെ കാര്യം സ്വന്തമായി നോക്കാൻ അറിയാം . ഇത് ന്യൂ ജനറേഷൻ കാലമാ . നീ അവളെ കൂട്ടിലടച്ചു വളർത്താൻ നോക്കരുതെ '' .
'' ചേട്ടൻ , ചേട്ടന്റെ കാര്യം നോക്ക് , ന്യൂ ജനറേഷൻ ...... അതിന്റെ കുഴപ്പമാ ഇപ്പോൾ മുഴുവൻ കാണുന്നത് '' .
----- ----- ----- -----
കട്ടിലിൽ തളർന്നു കിടക്കുന്ന ശ്രീകലയെ കണ്ട് വിനയൻ അങ്ങോട്ട് ചെന്ന് അവളുടെ അരികത്തിരുന്നു .
'' ശ്രീ , നീയൊന്ന് എഴുന്നേറ്റ് ഫ്രഷാകൂ.... ഒരാഴ്ചയായില്ലെ നീയീ കിടപ്പു തുടങ്ങിയിട്ട് , നമ്മുടെ മോൾക്ക് ദൈവം ഇത്രയേ ആയസ്സ് തന്നുള്ളു എന്ന് കരുതി സമാധാനിക്കു .
ഒരു ദീർഘ നിശ്വാസത്തോടെ അയാൾ തുടർന്നു .
നിന്റെ വിഷമം മാറ്റാൻ ഞാൻ നോക്കിയിട്ട് ഒരു വഴിയേ കാണുന്നുള്ളു , നമുക്ക് ഒരു പെൺകുട്ടിയെ അഡോപ്റ്റ് ചെയ്യാം , ഏതെങ്കിലും ഓർഫനേജിൽ നിന്നും '' .
അത് കേട്ടപ്പോൾ ശ്രീകലയിൽ നിന്നും ഒരു പൊട്ടിക്കരച്ചിൽ ആണ് ഉയർന്നത് .
'' ആരെ എടുത്തു വളർത്തിയാലും നമ്മുടെ മോൾക്ക് തുല്യമാകുമോ ചേട്ടാ ....... ഞാൻ കാരണമാ അവൾ മരിച്ചത് , എന്റെ മോൾക്ക് ഒരു സ്വാതന്ത്യവും കൊടുക്കാതെ .......... അത് മടുത്താ അവൾ ഇങ്ങനെ ചെയ്തത് ...... എനിക്കറിയാം '' .
'' ശ്രീകലേ , നീയതെല്ലാം മറക്കാൻ ശ്രമിക്കു , നിന്റെ വിഷമം കണ്ടാൽ ഞാനും തളർന്നു പോകും . ഒരാഴ്ചയായില്ലെ ഓഫീസിൽ പോയിട്ട് , ഞാനൊന്നു പോയിട്ട് വരാം , നീ എഴുന്നേറ്റ് ഫ്രഷായി ഇരിക്ക് , ഞാൻ പോയിട്ട് നേരത്തേ വരാം '' .
വിനയൻ പോയതിനു ശേഷം ഏകാന്തത ശ്രീകലയുടെ ചിന്തകളെ കൂടുതൽ വേട്ടയാടാൻ തുടങ്ങി . അവൾ എഴുന്നേറ്റ് മകളുടെ മുറിയിലെ കട്ടിലിൽ പോയിരുന്നു .
മേശമേലിരുന്ന മകളുടെ ഫോട്ടോ കണ്ടപ്പോൾ അവൾ എഴുന്നേറ്റ് ചെന്ന് അതെടുത്ത് നെഞ്ചോടു ചേർത്ത് വിങ്ങിപ്പൊട്ടി . ഫോട്ടോ തിരികെ വെക്കുമ്പോൾ അവളുടെ കൈതട്ടി മേശമേലിരുന്ന ബുക്ക് നിലത്തേക്ക് വീണു .
അതിൽ നിന്നും ഒരു മടക്കിയ പേപ്പർ തെറിച്ചു വീണതു കണ്ട് അവൾ അതെടുത്ത് നിവർത്തി നോക്കി .
പ്രീയപ്പെട്ട അമ്മയ്ക്ക്,
അമ്മയുടെ അനുവാദം കൂടാതെ ഞാൻ ആദ്യമായ് ഒരു യാത്ര പോകുകയാണ് .... തനിച്ച് , തിരിച്ചു വരാൻ ആവാത്ത യാത്ര . തിരിച്ചു വരാനായാലും അതെന്റെ അമ്മയുടെ മകളായ് ആവണമെന്നേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ .
അമ്മ അത്രയേറേ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം . ആ സ്നേഹ കൂടുതൽ ആയിരുന്നു അമ്മയ്ക്ക് എന്റെ മേലുള്ള ഭയം എന്നും എനിക്കറിയാമായിരുന്നു .
എന്റെ സുരക്ഷയ്ക്കായി എല്ലാ കാര്യങ്ങളും അമ്മ നല്ലവണ്ണം ശ്രദ്ധിച്ചിരുന്നു എന്നെനിക്കറിയാം . പക്ഷെ ...... ഞാൻ വീടിനുള്ളിൽ സുരക്ഷിത ആയിരുന്നോ എന്ന് മാത്രം അമ്മ ശ്രദ്ധിച്ചില്ല .
എന്റെ ഒരു അനുജനോ അനുജത്തിക്കോ , ഞാൻ തന്നെ ജന്മം നൽകാൻ ആഗ്രഹിക്കാത്തതു കൊണ്ട് ഞാൻ പോകുകയാണ് .
ഒരു വിറയലോടെ ആ കത്ത് ശ്രീകലയുടെ കൈയ്യിൽ നിന്നും പറന്ന് നിലത്തേക്ക് വീണു .
വിനയൻ വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ശ്രീകല സെറ്റിയിൽ ഇരുന്ന് ടി.വിയിൽ '' 22 ഫീമെയിൽ കോട്ടയം '' എന്ന സിനിമയിൽ നായിക നായകന്റെ ജനനേന്ദ്രിയം മുറിച്ചു കളയുന്ന സീൻ കാണുകയായിരുന്നു .
അവളിലെ മാറ്റം കണ്ട് വിനയന് സന്തോഷം അടക്കാനായില്ല . അവൻ അവളെ വട്ടം ചുറ്റിപ്പിടിച്ചു .
'' ആഹാ ! ആള് കുളിച്ച് സുന്ദരിയായ് ഉഷാറായി ഇരിക്കുവാണല്ലോ , ഞാൻ പറഞ്ഞില്ലേ കഴിഞ്ഞത് ഓർത്ത് നമ്മൾ ദുഖിച്ചിരുന്നിട്ട് ഒരു കാര്യവുമില്ല , നമുക്ക് പുതിയൊരു അദ്ധ്യായം തുടങ്ങാം'' .
ശ്രീകല അവന്റെ കൈ മെല്ലെ ശരീരത്തിൽ നിന്നും വിടുവിച്ചു .
'' ചേട്ടൻ പോയി കുളിച്ചിട്ട് വാ , നമുക്ക് ആഹാരം കഴിച്ചിട്ട് നേരത്തേ കിടക്കാം '' .
......................................
കട്ടിലിൽ മലർന്നു കിടന്നിരുന്ന വിനയന്റെ അടുത്ത് ശ്രീകല ചെന്നിരുന്നു . അവൾ അവന്റെ വിരിഞ്ഞ മാറിലൂടെ വിരലുകൾ ഓടിച്ചു . അത് പതിയെ താഴേക്ക് ഇഴഞ്ഞു നീങ്ങി .
അയാളുടെ കണ്ണുകളിൽ കാമത്തിന്റെ അഗ്നി നാളങ്ങൾ കത്തിയെരിയാൻ തുടങ്ങിയിരുന്നു . എന്നാൽ അവളുടെ കണ്ണുകളിൽ പകയുടെ തീക്കനലുകളായിരുന്നു .
മെത്തയുടെ കീഴിലായ് ഒളിപ്പിച്ചു വച്ചിരുന്ന കത്തിയിൽ അവളുടെ വലംകൈ മുറുകി .
'' സ്വന്തം ചോരയിൽ പോലും കാമം തീർക്കുന്ന നിന്നെ പോലുള്ള നപുംസകങ്ങൾക്ക് ഇതിൽ കുറഞ്ഞ ശിക്ഷയില്ല '' .
അവളുടെ കനത്ത ശബ്ദത്തെ കീറിമുറിച്ചു കൊണ്ട് വിനയന്റെ അലർച്ചയോടുള്ള കരച്ചിൽ ഉയർന്നു .

സമകാലീന സാമൂഹ്യവിപത്തിനെ വരികളിലൂടെ കൊണ്ടുവന്നെങ്കിലും,
ReplyDeleteഒരു നാടകരചനയുടെ ശൈശവ നിലവാരത്തിലേ എത്തിയിട്ടുള്ളുവെന്ന് പറയാതെ വയ്യ.
എഴുതുക,
ഇനിയും നന്നായി എഴുതുക.