Slider

അയാളും അമ്മയും

0


ഒന്ന്:
'''''''''''
ഒരു ചുവന്ന ഐ റ്റൊന്റി കാർ വൃദ്ധസദനത്തിന്റെ മുറ്റം കടന്ന്, ഗെയിറ്റ് കടന്ന് സാവധാനം റോഡിലേക്കിറങ്ങി. ഡ്രൈവ് ചെയ്തിരുന്ന ആളല്ലാതെ കാറിൽ മറ്റാരും ഉണ്ടായിരുന്നില്ല. അയാളുടെ കണ്ണുകളിൽ നിന്നും തുള്ളികൾ അടർന്ന് മടിയിലേക്ക് ഇറ്റിക്കൊണ്ടിരുന്നു.
രണ്ട്:
'''''''''''''
അനാഥാലയത്തിൽ ആരോ ഉപേക്ഷിച്ചു പോയ ഒരു കൈക്കുഞ്ഞ്.
ഒരു ദിവസം,
നല്ല ആരോഗ്യമുള്ള കാണാൻ ചന്തമുള്ള എപ്പോഴും മോണകാട്ടിച്ചിരിച്ച് കൈകാലുകളിളക്കി കളിച്ചു കൊണ്ടിരിക്കുന്ന ആ കുഞ്ഞിനെ ദത്തെടുക്കുവാൻ ഒരു സ്ത്രീയും പുരുഷനും അനാഥാലയത്തിലെത്തി.
ആ കുഞ്ഞിന് ആറു വയസ്സായപ്പോൾ ആ പുരുഷൻ ഒരു ട്രെയിനപകടത്തിൽ മരണമടയുന്നു. പിന്നീട് കുഞ്ഞിനെ വളർത്തി പഠിപ്പിച്ച് ഉദ്യോഗസ്ഥനാക്കി വിവാഹം കഴിപ്പിച്ചത് അധ്യാപികയായിരുന്ന ആ സ്ത്രീയാണ്.
മൂന്ന്:
'''''''''''''
അയാൾ അമ്മയെ സ്നേഹിച്ചത് പോലെ ലോകത്ത് മറ്റാരും അമ്മയെ സ്നേഹിച്ചിട്ടുണ്ടാവില്ല. ആ അമ്മ മകനെ സ്നേഹിച്ചത് പോലെയും.അവർ അമ്മയും മകനും എന്നതിലുപരി നല്ല കൂട്ടുകാരുമായിരുന്നല്ലോ..
അമ്മ പറഞ്ഞു തന്നെയാണ് താനൊരു അനാഥനായിരുന്നെന്ന് അയാളറിഞ്ഞതും.
അയാളുടെ പതിനെഞ്ചാം വയസ്സിലാണ് അമ്മ ആ രഹസ്യം അയാളെ അറിയിച്ചത്.
അതറിഞ്ഞതോടെ അമ്മയോട് അയാൾക്ക് സ്നേഹവും ബഹുമാനവും വർദ്ധിക്കുകയാണ് ചെയ്തത്.
നാല്:
'''''''''''''
അമ്മയുടെ ഇഷ്ടത്തിനും ആഗ്രഹത്തിനും വേണ്ടിയാണ് സ്നേഹിച്ച അനാഥ പെണ്ണിനെപ്പോലും അയാൾ ഉപേക്ഷിച്ചത്.
അയാൾ ആ പെണ്ണിനെ സ്നേഹിച്ച് തുടങ്ങുന്നതിനും എത്രയോ മുമ്പ് തന്നെ അമ്മ അയാൾക്കായി ഒരു പെണ്ണിനെ കണ്ടു വെച്ചിരുന്നു.
തന്റെ എല്ലാ കാര്യങ്ങളും അമ്മയോട് തുറന്ന് പറഞ്ഞിരുന്ന അയാൾ എന്ത് കൊണ്ടോ പ്രണയത്തിന്റെ കാര്യം മാത്രം പറഞ്ഞിരുന്നില്ല. ഇന്നു പറയാം നാളെ പറയാം എന്ന് നീണ്ടുപോവുകയായിരുന്നു അത്. അങ്ങിനെയിരിക്കെ ഒരു ദിവസം അമ്മ താൻ കണ്ടു വെച്ച പെണ്ണിന്റെ കാര്യം അയാളെ അറിയിക്കുന്നു. തന്റെ പ്രണയത്തെക്കുറിച്ച് പിന്നീടയാളമ്മയോടൊന്നും പറഞ്ഞില്ല.
അമ്മ കണ്ടു വെച്ച പെണ്ണിന്റെ കഴുത്തിൽ താലി കെട്ടി.
അഞ്ച്:
''''''''''''''''''
വൃദ്ധയും അസുഖക്കാരിയുമായ അമ്മക്കു വേണ്ടി ദിവസവും ഭാര്യയുമായി വഴക്കും പിണക്കവുമായപ്പോൾ അമ്മയുടെ നിർബന്ധത്തിനു വഴങ്ങിത്തന്നെയാണ് അയാൾ അവസാനം അമ്മയെ വൃദ്ധസദനത്തിൽ കൊണ്ടുചെന്നാക്കിയത്.
വൃദ്ധസദനത്തിൽ നിന്നും നിറഞ്ഞ കണ്ണോടെ അമ്മയോട് യാത്ര പറയുമ്പോൾ അമ്മ അയാളെ ശട്ടം കെട്ടിയിരുന്നു.
ഇനിയൊരിക്കലും ഭാര്യയുമായി വഴക്കിടരുതെന്നും പിണങ്ങരുതെന്നും....
ആറ്
''''''''''''
തന്നെ നഷ്ടപ്പെട്ടപ്പോൾ മറ്റൊരു വിവാഹത്തിന് തയ്യാറാവാതെ ആതുരസേവനത്തിൽ താൽപര്യം കാട്ടി, വൃദ്ധസദനത്തിൽ സിസ്റ്ററായി താൻ സ്നേഹിച്ചിരുന്ന പെണ്ണ് ഉണ്ടെന്നറിഞ്ഞതും, അവൾ തന്റെ അമ്മയെ പൊന്നുപോലെ നോക്കും എന്നുള്ള ഉറപ്പും വേദനക്കിടയിലും അയാളെ തെല്ലൊന്നുമല്ല ആശ്വസിപ്പിച്ചത്..
ഏഴ്
'''''''''''
ഇപ്പോൾ ആ ചുവന്ന ഐ റ്റൊന്റി കാർ
അയാളുടെ വീടോടടുക്കുകയാണ്.
*************
ഷാനവാസ്.എൻ, കൊളത്തൂർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo