Slider

അയണിക്കാടിലെ പുണ്യം

0

പ്രഭാത സൂര്യൻ പുഞ്ചിരി തൂകി, മുല്ല മൊട്ടുകൾ വാരി വിതറി എങ്ങും .
രാവിലെ 6 .30 നു തന്നെ ഗോപിയേട്ടൻറെ പീടിക തുറന്നു, പതിവുകാർ ഉണ്ടേ , നാനാവിധത്തിൽ അടിച്ച ചായ കുടിക്കാൻ.എട്ടു മണിയാകുമ്പോളേക്കും നല്ല തിരക്കാവും .അമ്മിണിയുടെ കൈപ്പുണ്യം കൊണ്ടും, ദൈവം സഹായിച്ചും , പീടിക നല്ല രീതിയിൽ പോകുന്നു.
നാട്ടിലെ പല തരം അവതാരങ്ങൾ അവിടെ സമ്മേളിക്കും, ബാർബർ അയ്യപ്പൻ , ബുജി വൈശാഖൻ ,വട്ടപ്പള്ളിലെ ബിജു അങ്ങനെ നിര നീളും.അവരുടെ ചർച്ചയും മറ്റുമായി പൊടി പൂരം തന്നെ.നാട്ടിലെ മുക്കും മൂലയിലുമുള്ള വാർത്തകൾ പിടിച്ചെടുത്തു , അവയെ പോസ്റ്റ് മൊർറ്റം ചെയ്യൽ,രാഷ്ട്രീയാവലോകനം , സാങ്കേതികവിദ്യകൾ പറ്റിയുള്ള ചർച്ച , കല, സാഹിത്യം ഇത്യാദി അങ്ങനെയൊക്കെ.
ഇന്നു രാവിലെ അവളും വന്നു, പൊട്ടിക്കാളിന്നാ വിളിപ്പേര്. നാൽപതു വയസ്സ് പ്രായം, പക്ഷെ പേര് പോലെ തന്നെ അവൾ ഒരു പൊട്ടി പെണ്ണാണ്.വീട്ടുകാരൊക്കെ തഴഞ്ഞ മട്ടാ . നാലു നേരം തിന്നണം, നാട്ടിലെ വർത്തമാനങ്ങളൊക്കെ പിടിച്ചെടുത്തു, ഓരോ വീട്ടിലും കയറി ചെന്ന് ഏഷണി ഉണ്ടാക്കുകയാ അവളുടെ പണി .ഇന്നവൾക്കു പീടികേന്നു പുട്ടും, കടലയും വേണമത്രേ . അതിനായി തലേ ദിവസമേ അമ്മിണിയോട് ശുപാർശ ചെയ്തിരുന്നു .ഗോപിയേട്ടനാണെങ്കിൽ അവളെ കണ്ണെടുത്താൽ കണ്ടൂടാ .അവൾ വന്നാൽ തുടങ്ങും പ്രാക്ക്.അമ്മിണി പറയും.തിന്നേച്ചും പൊക്കോട്ടണ്ണ , പാവല്ലേ.
പൊട്ടിക്കാളിക്ക് വേറെ ഒരു ചരിത്രവുമുണ്ട് .അവളുടെ സ്വഭാവം അറിഞ്ഞു വച്ച് വരത്തനായ റാണി ബസ്സിലെ കണ്ടക്ടർ ബൈജു ,പെണ്ണിനെ വശീകരിച്ചു , സ്വന്തം വീട്ടിൽ കൊണ്ട് പോയി പാർപ്പിച്ചു, ഒരു മാസത്തോളം . പിന്നെയങ്ങു ഉപേക്ഷിച്ചു, അവൻ നാടും വിട്ടു .
ഇവരെല്ലാം ചേർന്നതാണ് അയണിക്കാട് ഗ്രാമത്തിന്റെ ഒരു ചെറിയ ചിത്രം.അങ്ങനെയിരിക്കെ ഒരു വാർത്ത.ഗോപിയേട്ടൻ "എടി അമ്മിണിയെ, നമ്മടെ ബിജുവേ അവൻ, പണിക്കിടെ രണ്ടു നില കെട്ടിടത്തിന് താഴെ വീണു, പോയി പെണ്ണെ അവൻ . എങ്ങനെ സഹിക്കും അവന്റെ കെട്ട്യോളും വീട്ടുകാരും.ഒരു വർഷമായിട്ടല്ലേ ഉള്ളു കെട്ടു കഴിഞ്ഞിട്ട്. ഇതാണ് ദൈവത്തിന്റെ കളി ചില നേരം.
ദിവസങ്ങൾ വീണ്ടും അതിവേഗം , ബഹു ദൂരം നീങ്ങി.
അമ്മിണിക്കു പനി വന്നു , പീടിക അടച്ചിടേണ്ടി വന്നു .കഠിനമായ പനി . ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു . ചുടു പനിയത്രേ .ജ്വരം മാതിരിന്നു വിചാരിച്ചു . ഗോപിയേട്ടന് ധൈര്യം ചോരുന്ന പോലെ തോന്നി. തന്റെ പാതി ജീവൻ തിളയ്ക്കുന്ന പോലെ.ഡോക്ടർ അറിയിച്ചു" ഗോപി , ധൈര്യം സംഭരിച്ചോളണം ,അമ്മിണിക്കു മസ്തിഷ്ക ജ്വരം ബാധിച്ചിരിക്കുകയാണ് . നിസ്സാര കാര്യമല്ല."ഗോപിയേട്ടന് ചുറ്റുമുളള ഭൂമി കറങ്ങുന്ന പോലെ തോന്നി.അങ്ങനെ നാലാം നാൾ, അത് സംഭവിച്ചു. ഗോപിയേട്ടന്റെ അമ്മിണി വിട പറഞ്ഞു ഈ ലോകത്തുന്നു .ഗോപിയേട്ടന് ബോധമില്ലാത്ത അവസ്‌ഥയിലാണ്‌ .കൂട്ടുകാരൊക്കെ വന്നു , വിളിച്ചിട്ടും അയാൾ അനങ്ങുന്നില്ല ,ഒന്നും ഉരിയാടുന്നില്ല. ഗ്രാമ വാസികൾക്കെല്ലാം തരിപ്പ്.തങ്ങളുടെ പ്രിയപ്പെട്ട ഗോപിയേട്ടനും , അമ്മിണിക്കും ഇങ്ങനെ വന്നല്ലോ ദൈവമേ , ചതിച്ചു കളഞ്ഞല്ലോ.അമ്മിണിക്കും , ഗോപിയേട്ടനും മക്കളില്ല.അമ്മിണിയുടെ കർമം ചെയ്യാൻ വേണ്ടി വിളിക്കാൻ, അയ്യപ്പൻ ചെന്ന്, ആ നെറ്റിയിൽ തലോടി " ഗോപിയേട്ടാ വരൂ, നിങ്ങടെ അമ്മിണിയെ ഒന്നുടെ കാണണ്ടേ ?".നെറ്റി മഞ്ഞു കട്ട പോലെ തണുത്തിരിക്കുന്നു.അയ്യപ്പൻ ഒന്ന് നടുങ്ങി ഉറക്കെ വിളിച്ചു , "ഡോക്ടറെ , ഗോപിയേട്ടന് അനക്കമില്ല". അങ്ങനെ ആ ഇണക്കുരുവികളായ രണ്ടു പേരും മരണത്തിലും ഒരുമിച്ചു .ഒരാളില്ലെങ്കിൽ മറ്റെയാൾ ഇല്ലെന്നതാണ് സത്യം, എല്ലാവരും അടക്കം പറഞ്ഞു .
അങ്ങനെ ഗോപിയേട്ടന്റെ പീടിക വിസ്മൃതിയിലായി. നാടാകെ ഒന്ന് മന്ദ ഗതിയിലായതു പോലെ .മരണത്തിന്റെ പതുങ്ങിയുള്ള കാലൊച്ച ഇനിയും പ്രിയപെട്ടവരെ തേടി വരുമോ എന്നോർത്തു ഗ്രാമവാസികൾ.ഏതു നേരത്തും അനുവാദമില്ലാതെ കാത്തു വരുന്ന മരണ ദൂതൻ.ഇപ്പോൾ പതിവ് പോലെ പ്രഭാത സൂര്യൻ വിതറുന്നത് വാടിയ മുല്ല മൊട്ടുകളാണ് ആ കൊച്ചു പ്രദേശത്ത് .
അങ്ങനെയിരിക്കെ പീടികയിലെ കൂട്ടുകാർ ആലിൻഛായയിൽ ഒത്തു കൂടി തുടങ്ങി.ജീവിതം നിശ്ചലമല്ലല്ലോ .ഒരു ദിവസം , രാവിലെ ഒരു ഏഴു മണി സമയമാകും. ആൽതറയിലെത്തിയപ്പോൾ, വൈശാഖനും,അയ്യപ്പനും കണ്ടത്,ഒരു പ്രായം ചെന്ന 'അമ്മ, അവിടെ ഉറങ്ങുന്നതാണ് .നല്ല ഐശ്വര്യമുള്ള മുഖം.അടുത്തു ഒരു ഊന്നു വടി കാണാം.ചേല വാരി ചുറ്റിയിട്ടുണ്ട് , ബ്ലൗസ് ഇല്ല .ഉണരുമ്പോൾ സംസാരിക്കാം, അവർ മാറി നിന്നു.
അൽപനേരം കഴിഞ്ഞപ്പോൾ അമ്മ ഉണർന്നു .മുടിയൊക്കെ മാടിയൊതുക്കി , അവിടെ നിന്നെണീറ്റ് നടന്നു നീങ്ങാൻ തുടങ്ങി. അപ്പോൾ അയ്യപ്പൻ, അമ്മയുടെ അരികിലെത്തി അന്വേഷിച്ചു,"'അമ്മ എവിടുന്നാ ".കരുണാമയമായ ഒരു നോട്ടത്തിലൂടെ 'അമ്മ പറഞ്ഞു " ഞാൻ അങ്ങ് ദൂരെ നിന്നാ ,സ്‌ഥലം ഒന്നും എനിക്കും ഓർമയില്ല,പ്രായം ഏറെ ആയില്ലേ കുട്ടി . അമ്പലത്തിന്നു കിട്ടുന്ന നൈവേദ്യ ചോറും ഭക്ഷിച്ചു , ആർക്കും ഒരു കുഴപ്പവും ചെയ്യാതെ കാലം കഴിക്കുന്നു "."അമ്മക്ക് എന്റെ വീട്ടിൽ വരാം , ഇഷ്ടമുണ്ടെങ്കിൽ അവിടെ താമസിക്കാം, എനിക്ക് അമ്മയില്ല , ഒത്തിരി സ്നേഹം തോന്നുന്നു അമ്മയെ കണ്ടിട്ട്", അയ്യപ്പൻ പറഞ്ഞു ."മക്കളെ, 'അമ്മ വരാം ഇടയ്ക്കു,അമ്മക്കങ്ങനെ സ്‌ഥിരമായി ഒരിടത്തു തങ്ങുന്നതിഷ്ടമല്ല ".
പിന്നീടങ്ങോട്ട് ഗ്രാമത്തിൽ അമ്മയെ കുറിച്ചുള്ള ചർച്ചകളായി .പലരും വീട്ടിലേക്കു അമ്മയെ കൂട്ടി കൊണ്ട് പോയി. അമ്മയെ കാണുന്നത് തന്നെ ഒരാശ്വാസം പോലെ .കുട്ടികൾക്കാകട്ടെ ഏറെയിഷ്ടം അമ്മയെ, അവർ കൗതുകത്തോടെ അമ്മയുടെ ചുളിവ് വീണ കയ്യിലും, മുഖത്തുമൊക്കെ പിടിച്ചു നോക്കും.'അമ്മയോട് വിഷമങ്ങൾ ഒക്കെ പറയും. എല്ലാവരും അത് കേട്ടിട്ട് , ഒന്ന് പുഞ്ചിരി തൂകി, 'അമ്മ ഓരോരുത്തരുടെയും മനസ്സറിഞ്ഞു ഉപദേശം നൽകും.അത് കേട്ടവരുടെ മനസ്സ് കുളിർക്കും, മുന്നോട്ടു നല്ല രീതിയിൽ ജീവിക്കാനുള്ള പ്രതീക്ഷ അതിൽ നിന്ന് കിട്ടും. അങ്ങനെ അയണിക്കാട് ഗ്രാമ വാസികളുടെ തണൽ മരമായി മാറി അമ്മ.വീണ്ടും പ്രഭാത സൂര്യൻ പൂത്തു തളിർത്തു അവിടെ.
ഗ്രാമത്തിലെ ഏതു പ്രധാനപ്പെട്ട സംഭവങ്ങളിലും അമ്മയുടെ സജീവ സാന്നിധ്യം ഉണ്ടാവും.നാട്ടുകാർ അമ്മക്ക് സ്നേഹത്തോടെ ഒരു പേരും ഇട്ടു, കല്യാണിക്കുട്ടി .അമ്മ ആ പേര് കേൾക്കുമ്പോൾ ഉറക്കെ ചിരിക്കും.ഗ്രാമ കുളത്തിൽ ഒരു കുട്ടി വീഴാൻ പോയപ്പോൾ , അമ്മയത്രേ രക്ഷിച്ചത്, അത് പോലെ പല സംഭവങ്ങൾ . 'അമ്മ ഒരു വിഷഹാരിയുമായിരുന്നു .ഇതെല്ലം കൊണ്ട് നാട്ടുകാർക്ക് ആശ്വാസം ആയി തുടങ്ങി .തന്റെ മനസ്സിലുള്ള അറിവുകൾ മറ്റൊരാൾക്ക് പകർന്നു നല്കാൻ അമ്മക്ക് നല്ല ഉത്സാഹമായിരുന്നു .'അമ്മ പറയും" മക്കളെ അമ്മയിനി എത്ര നാളാ ഇങ്ങനെ, ഞാൻ പോയാലും നിങ്ങൾ മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കണം. ജീവിതത്തിൽ ഒരിക്കലും തളരാൻ പാടില്ല.തളരുന്നവർ പടു മരങ്ങളായി മാറും. കാട്ടു മുരിക്കു പോലെ ആവേ ണം ചില നേരം, കല്പക വൃക്ഷം പോലെ വളരേണം ,തണൽ മരമായും മാറേണം ".'അമ്മ എല്ലാം ഉദാഹരിക്കുന്നതു വൃക്ഷം വച്ചിട്ടാണ്.
ആൽ മര ചോട്ടിൽ ഉറങ്ങുന്ന അമ്മയെ കാണാനും, വീട്ടിൽ കൂടി കൊണ്ട് പോകാനും, രാവിലെ ആകുമ്പോൾ അയ്യപ്പൻ എത്തും. അങ്ങനെ ഒരു നാൾ എത്തിയപ്പോൾ, പതിവ് സമയം കഴിഞ്ഞിട്ടും , 'അമ്മ എഴുന്നേൽക്കുന്നില്ല.എന്തോ പന്തികേട് തോന്നി , അയാൾ അടുത്തുള്ളൊരെ വിളിച്ചു വരുത്തി.അമ്മയുടെ ശ്വാസം നിലച്ചിരുന്നു. എത്ര സ്വച്ഛമായ മരണം.ഈ വാർത്ത കാട്ടു തീ പോലെ പടർന്നു .സ്ത്രീ പുരുഷ ഭേദമെന്യേ എല്ലാവരും കണ്ണീരൊഴുക്കി.കുട്ടികൾ ആർത്തു കരഞ്ഞു , അമ്മമ്മയെ കാണണം എന്ന് പറഞ്ഞിട്ട്.മുതിർന്നവർ കുട്ടികളെ ആശ്വസിപ്പിച്ചു, അമ്മമ്മ ഇ വിടെ എന്നും കാണും, തണൽ മരമായി. ഏതു തണൽ മരത്തിൽ നോക്കിയാലും,നമുക്ക് അമ്മമ്മയെ കാണാം.
അങ്ങനെ അയണിക്കാട് ഗ്രാമം ഒരു വിരഹത്തിനു കൂടെ സാക്ഷിയായി. പക്ഷെ 'അമ്മ എന്ന പുണ്യം ചുരുങ്ങിയ നാളുകൾക്കുള്ളിൽ നൽകിയ സ്നേഹാമൃതം ധാരാളമായിരുന്നു അവർക്കു പിന്നീടുള്ള ജീവിതം നയിക്കാൻ. എന്നും അമ്മയെ ഓർക്കാൻ, ആൽമര ചുവട്ടിൽ അവർ തിരി കൊളുത്തും.ആ പതിവ് തുടർന്ന് പോരുന്നു.
സംഗീത.എസ് .ജെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo