Slider

അസാധു (മിനിക്കഥ)

1

അമ്മ ആകെ അസ്വസ്ഥയായിരുന്നു. അലമാര തുറന്നു എന്തോ തപ്പുന്നു. തെക്ക് വടക്ക് നടക്കുന്നു. അമ്മക്ക് എന്ത് പറ്റി. ഇങ്ങനെയല്ലല്ലോ എന്തുണ്ടെങ്കിലും അമ്മ പറയും. ഇന്ന് ഒന്നും മിണ്ടുന്നുമില്ല.
“ എന്താ അമ്മേ പ്രശ്നം?” എന്താണെങ്കിലും പറയ്.
“നീ നിൻറെ പണി നോക്ക് അനു” അമ്മയ്ക്ക് ദേഷ്യം.
പ്രഷർ കൂടി കാണും മരുന്ന് കഴിച്ചു കാണില്ല. അതെങ്ങനെയാ
ഞങ്ങൾ മക്കളുടെ കാര്യം മാത്രമല്ലേ പ്രധാനം. സ്വന്തം കാര്യം സ്വാഹാ!
എന്തായാലും അമ്മ പറയട്ടെ. ടീവി ഓൺ ചെയ്ത് ന്യൂസ് കണ്ടുകൊണ്ടിരിക്കാം. അമേരിക്കയിൽ ആരാകും പ്രസിഡന്റ് എന്നറിയാമല്ലോ. ടീവിയിൽ ബ്രേക്കിംഗ് ന്യൂസ് മിന്നി മറയുന്നു. അഞ്ഞുറിൻറെയും, ആയിരത്തിൻറെയും നോട്ടുകൾ അസാധു. ഇനി പുതിയ നോട്ടുകൾ!
“അനു ഒന്ന് വരൂ.” അമ്മ നോർമൽ ആയി എന്ന് തോന്നുന്നു.
“എന്താ അമ്മേ”.
“അവൻ, അനൂപ് എവിടെ പോയി”. ഏട്ടനോ? എനിക്കറിഞ്ഞു കൂടാ.
“അവന് സങ്കടായിക്കാണും ഇല്ലേ”
“പിന്നെ സങ്കടാവാതെ. ഏട്ടൻ എത്ര പാവാ. അമ്മയെ ഏതെങ്കിലും കാര്യത്തിന് ബുദ്ധിമുട്ടിക്കുന്നുണ്ടോ. എട്ടൻറെ കൂട്ടുകാരെല്ലാം എത്ര അടിപൊളിയായിട്ടാ ജീവിക്കുന്നത്. അമ്മയുടെ കഷ്ടപ്പാട് അറിഞ്ഞല്ലേ ഞങ്ങൾ കഴിയുന്നത്. എന്നിട്ട് പാവം കോളേജിൽ നിന്നും ടൂറിനു പോകുന്നതിന് രൂപ ചോദിച്ചിട്ട് അമ്മ ഇല്ലന്ന് പറഞ്ഞില്ലേ”.
“അവൻ എവിടെ പോയി കാണും. അമ്മയുടെ പ്രഷർ നോർമൽ ആയല്ലോ. അമ്മ പോയി അന്വേഷിക്ക്”.
അമ്മ പിശുക്കിൻറെ ഉസ്താദാണ്. ഏട്ടന് വേണ്ടി ഞാനും ശ്രമിച്ചു നോക്കി. കക്ഷിയുടെ കൈയ്യിൽ രൂപ ഉണ്ട്. അത് ഞങ്ങൾക്ക് രണ്ടു പേർക്കും അറിയാം. എപ്പോഴും ഒരു കരുതൽ ഉണ്ടാവും. പെട്ടന്ന് ഒരു ആവശ്യം വന്നാൽ ആരോടും പോയി ചോദിക്കാൻ ഇട വരരുത്. അതാണ് അമ്മയുടെ പോളിസി.
അച്ഛനെ അകാലത്തിൽ മരണം കൂട്ടി കൊണ്ട് പോയപ്പോൾ അമ്മയുടെ ജീവിതം എനിക്കും, ഏട്ടനും വേണ്ടി മാത്രമായി. ഏട്ടന്റെ എഞ്ചിനീയറിംഗ് പഠിത്തവും എൻറെ പഠനവും വീട്ടുകാര്യങ്ങളുമെല്ലാം ആണ് അമ്മയുടെ തലയിൽ എപ്പോഴും.
“കൂട്ടുകാരുടെ ആരുടെ എങ്കിലും അടുത്ത് കാണും. ഏട്ടൻ വരും അമ്മ വിഷമിക്കാതെ.”
വീണ്ടും ന്യൂസ് ചാനലിലേക്ക് തന്നെ തിരിച്ചു പോയി. അമ്മയും കൂടെ വന്നിരുന്നു” ബ്രേക്കിംഗ് ന്യൂസ് അപ്പോഴും ബ്രേക്കില്ലാതെ വന്നു കൊണ്ടേയിരുന്നു..
“അപ്പോൾ ഇനി മുതൽ അഞ്ഞൂറിൻറെയും ആയിരത്തിൻറെയും രൂപ കൊണ്ട് പ്രയോജനമില്ല അല്ലേ? കഷ്ടം. ഇല്ലേ അനു"
എന്തേ”
അമ്മ മടിച്ചു മടിച്ചു പറയാൻ തുടങ്ങി “അതേ മോളേ എൻറെ കയ്യിൽ ഇരുപതിനായിരം രൂപയോളം ഉണ്ട്. എല്ലാം ആയിരത്തിൻറെ നോട്ടുകളാ. അതുകൊണ്ട് ഇനി പ്രയോജനമില്ലല്ലോ എന്നോർക്കുമ്പോൾ”
“അപ്പോൾ രാവിലെ തന്നെ ന്യൂസ് കണ്ടു അല്ലേ? അതാണ് പ്രഷർ കൂടാൻ കാരണം”.
“കള്ളപ്പണമാണല്ലേ. അതാണ് ഏട്ടൻ ചോദിച്ചിട്ട് വെളിയിൽ എടുക്കാത്തത്”
“ഒന്നുപോ അനു അത് ചിട്ടി പിടിച്ച പണമാ.”
“അമ്മക്ക് ചിട്ടി പിടിച്ച പണം കിട്ടിയത് അറിഞ്ഞുകൊണ്ടാണ് ഞങ്ങൾ യൂണിയൻ ആയി, അമ്മയോട് കെഞ്ചിയത്. അപ്പോൾ പറഞ്ഞു “എൻറെ കൈയ്യിൽ എവിടുന്നാ പണം എന്നല്ലേ”.
അത് അനൂപിന് കൊടുക്കാം അവൻ ടൂറിന് പൊയ്ക്കോട്ടെ.”
ഏട്ടനോട് പറയാതിരിക്കുന്നതാണ് ബുദ്ധി. കൈയ്യിൽ പണം ഇല്ല എന്നമ്മ ആണയിട്ട് പറഞ്ഞതല്ലേ. ഏട്ടന് ഇനി വേണ്ടി വരില്ല. കോളേജിൽ അത് എടുക്കുവാൻ സാധ്യതയുമില്ല.
അമ്മ സൂക്ഷിച്ചു വച്ചോ. .പണം ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താൻ
കഴിഞ്ഞില്ലെങ്കിൽ വെറും കടലാസ്സ്.
“ഞാൻ വിചാരിച്ചോ ഇപ്പോ ഇത് അസാധു ആക്കുമെന്ന്” അമ്മ തലയിൽ
കൈയ്യും കൊടുത്തു ഇരുന്നു.
രാധാ ജയചന്ദ്രൻ, വൈക്കം
09.11.2016.
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo