നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദൈവ നാമത്തിൽ...

ദൈവ നാമത്തിൽ...
വലിയ അക്ക ശമ്പളം കിട്ടുന്ന ജോലി നഷ്ടപ്പെട്ടത് നിനച്ചിരിക്കാതെയായിരുന്നു. എങ്കിലും ആ മരുഭൂമിയിൽ പിടിച്ചു നിൽക്കാൻ ഞാൻ ആവുന്നതും നോക്കി. അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടപ്പോളാണ് നാട്ടിലേക്കുള്ള വിമാനം കയറിയത്. മടക്കയാത്രയിൽ എന്റെ ചിന്ത മുഴുവൻ നാട്ടിൽ എന്ത് ചെയ്യും ? ഇവിടെ കിട്ടിയ ശമ്പളമൊന്നും നാട്ടിൽ കിട്ടില്ലല്ലോ അതിനാൽ ചിലവുകൾ എങ്ങനെ കൊണ്ടുപോകും ? മക്കളുടെ പഠനചിലവ് എങ്ങനെ ? അങ്ങനെ നൂറായിരം ചിന്തകളായിരുന്നു. കിട്ടിയ പൈസയെല്ലാം നാട്ടിലെ ഓരോ ആവശ്യങ്ങൾക്ക് എടുത്തതിനാൽ വലിയ സമ്പാദ്യമൊന്നും ഇല്ലായിരുന്നു.
നാട്ടിൽ വന്ന്‌ ഇവിടുത്തെ ജോലികളോട് ഒരിക്കലും പൊരുത്തപ്പടില്ലെന്നു കരുതിയ ഞാൻ എല്ലാത്തിനോടും പെട്ടന്ന് പൊരുത്തപ്പെട്ടു. അതിന്റെ ക്രെഡിറ്റ് മുഴുവൻ എന്റെ വാപ്പക്കും ഉമ്മക്കും അനിയൻമാർക്കും ഭാര്യക്കും ആയിരുന്നു. അവളോട്‌ ഞാൻ ചോദിച്ചു
"ടീ നമ്മൾ എങ്ങനെ ജീവിക്കും?"
അവൾ പറഞ്ഞു
"ഉള്ളത്കൊണ്ട് നമ്മുക്ക് ജീവിക്കാം, ഇത്രനാളും ഞങ്ങൾക്ക് വേണ്ടി ആ മരുഭൂമിയിൽ കിടന്ന് കഷ്ടപെട്ടതല്ലേ പടച്ചോൻ ഒരു വഴി കാണിച്ചുതരാതെ ഇരിക്കില്ല ഇക്ക വിഷമിക്കാതെ"
വീട്ടുകാർ തന്ന ഈ ഒരു സപോർട്ടും എന്ത് ജോലിയും ചെയ്യാമെന്ന ഒരു മനസുംകൂടി ആയപ്പോൾ ജീവിതം കുഴപ്പമില്ലാതെ കഴിഞ്ഞുപോയി.
ഒരു കടയിൽ സെയിൽസ് ബോയിയായി ജോലികിട്ടി. ജോലിക്ക് പോകാൻ ഒരു ടുവീലർ ആവശ്യമായിരുന്നു. സമ്പന്നകാലത്ത് ബുള്ളറ്റിൽ മാത്രം പോയിരുന്ന ഞാൻ ഒരു ടുവീലർ ഇല്ലാതെ നന്നേ വലഞ്ഞു . ഞാൻ ബുള്ളറ്റിൽ ചെത്തി നടക്കുന്ന സമയത്ത് വണ്ടിപോലും ഓടിക്കാൻ അറിയാത്ത പലരും ഇന്ന് ബുള്ളറ്റിൽ മാത്രമേ നടക്കു, അവരിൽ പലരെയും ഒരു മുഷിപ്പുംകൂടാതെ വണ്ടി പഠിപ്പിച്ച കാലം മനസ്സിൽ ഓർത്തുകൊണ്ട് ഒന്നിൽകൂടുതൽ വാഹനമുള്ള പലരോടും വണ്ടി ചോദിച്ച് മനസ്സ് മടുത്തിരിക്കുന്ന സമയം അനിയൻ വന്ന് പറഞ്ഞു
" ഇക്കാ ബുള്ളറ്റൊന്നും അല്ലാ അവൾക്കൊരു വണ്ടിയുണ്ട് തത്ക്കാലം ഇക്കാ അതെടുത്തോ"
എനിക്ക് ബുള്ളറ്റിനോടുള്ള ഭ്രാന്ത് അവനറിയാം ,അങ്ങനെ അനിയൻ തന്ന അവന്റെ ഭാര്യയുടെ വണ്ടിയിലായി പിന്നെ യാത്ര. തുച്ഛമായ ശമ്പളമായിരുന്നു എനിക്ക് ലഭിച്ചിരുന്നത്. വരവും ചിലവും തമ്മിൽ കൂട്ടിമുട്ടിക്കാൻ ഞാൻ നന്നേ പാടുപെട്ടു എങ്കിലും എന്റെ ജീവിതം ഗൾഫിലേക്കാൾ വളരെ സന്തോഷത്തിലായിരുന്നു. ജോലി കഴിഞ്ഞ് വരുമ്പോൾ ഞാൻ കൊണ്ടുവരുന്ന പലഹാര പൊതിക്കായി കാത്തിരിക്കുന്ന മക്കൾ താമസിച്ച് വന്നാൽ ബേജാറോടെ കാത്തിരിക്കുന്ന ഉമ്മയും ഭാര്യയും മഴ നനഞ്ഞ് വന്നാൽ ശകാരിക്കുന്ന വാപ്പയും എന്താവശ്യത്തിനും കൂടെ നിൽക്കുന്ന സഹോദരങ്ങളും അങ്ങനെ എല്ലാംകൊണ്ടും ജീവിതം ഞാൻ ആസ്വദിക്കുകയായിരുന്നു.
ഒരു ദിവസം ജോലികഴിഞ്ഞ് വന്ന എന്നോട് അനിയൻ വന്ന് പറഞ്ഞു
"ഇക്കാ പറയുന്നത്കൊണ്ട് ഒന്നും തോന്നരുത് നാളെ മുതൽ അവളുടെ വണ്ടി ഇല്ല
ഇക്ക വേറേ വണ്ടി നോക്കിക്കോ "
എന്ത് പറയണമെന്ന് അറിയാതെ മിഴിച്ചുനിൽക്കുന്ന എന്റെ കയ്യിൽ നിന്നും പലഹാര പൊതി വാങ്ങി മക്കൾ അകത്തേക്ക് പോയി. റൂമിൽ കയറി ഡ്രെസ്സ് മാറി കുളിക്കാൻ കയറി ഷവർ തുറന്നു ശരീരത്തിലേക്ക് തണുത്ത വെള്ളം വീണെങ്കിലും ചങ്കിൽ കത്തുന്ന തീ അണക്കാൻ ആ തണുത്ത വെള്ളത്തിന്‌ കഴിഞ്ഞില്ല. കുളികഴിഞ്ഞ് റൂമിൽ വന്ന എന്നെ ഭക്ഷണം കഴിക്കാൻ അവൾ വന്ന് വിളിച്ചു.
" ഇക്കാ വാ വല്ലതും കഴിക്കാം"
"എനിക്കെന്തോ വിഷപ്പ് ഇല്ലെടീ നിങ്ങൾ കഴിച്ചോ"
"ഇക്കായെകാത്തു അവരെല്ലാം ഇരിക്കുന്നു ഇങ്ങോട്ടു വന്നേ ഇക്കാ"
വിഷപ്പ് ഇല്ലാഞ്ഞിട്ടും തീൻ മേശക്കരികിൽ ഇരുന്ന്‌ ഭക്ഷണം കഴിച്ചെന്നു വരുത്തിതീർത്തു കൈ കഴുകി റൂമിൽ വന്നു. കുറച്ച് കഴിഞ്ഞ് റൂമിൽ വന്ന അവൾ ചോദിച്ചു
" എന്തുപറ്റി ഇക്കാ ഇന്ന് വല്ലാതിരിക്കുന്നല്ലോ ഒന്നും കഴിച്ചതുമില്ലല്ലോ വല്ലതും വയ്യായോ?"
"ഒന്നുമില്ലെടി നിനക്ക് വെറുതെ തോന്നുന്നതാ"
"മും.... അതൊന്നുമല്ല എന്തോ ഉണ്ട് എന്ത്പറ്റി ഇക്കാ എന്നോട് പറ"
അങ്ങനെ അവളോട്‌ ഞാൻ കാര്യം പറഞ്ഞു. അവൾ എന്നോട് പറഞ്ഞു
"ഇക്കായെ വെറുതെ പറ്റിക്കാൻ അവൻ പറഞ്ഞതാകും"
"അല്ലെടി അവൻ കാര്യമായിട്ട്‌ പറഞ്ഞതാ"
"ഇക്ക വിഷമിക്കാതെ അതല്ലെങ്കിൽ വേറൊന്ന് പടച്ചോൻ എന്തെങ്കിലും ഒരു വഴി കാണിക്കാതിരികില്ല"
അന്നെനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.
പിറ്റേ ദിവസം രാവിലെ കടയിൽ പോകാൻ വണ്ടിയില്ലാതെ നിൽക്കുന്ന എന്നോട് അനിയൻ വന്ന് പറഞ്ഞു
"ഇക്കാ അങ്ങോട്ട്‌ ഞാൻ കൊണ്ട് വിടാം തിരിച്ച് എങ്ങനെയെങ്കിലും വന്നാൽ മതി"
അവന്റെ വണ്ടിയുടെ പുറകിൽ ഒന്നും മിണ്ടാതെയിരുന്നു യാത്ര ചെയ്യുമ്പോൾ എന്റെ പഴയകാലത്തെ ഓർമിപ്പിച്ചുകൊണ്ട് ഒരു ബുള്ളറ്റ് ഞങ്ങളെ ഓവർടേക് ചെയ്‌ത് പോയി. ഒന്നും പറയാതെ അവൻ വണ്ടി ഓടിച്ചു ഒരു ബുള്ളറ്റ് ഷോറൂമിന്റെ മുന്നിൽ നിർത്തി ഇവിടെ നിൽക്കാൻ എന്നോട് പറഞ്ഞിട്ട് അകത്തേക്ക്പോയി . കുറച്ച് കഴിഞ്ഞ് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ചുവന്ന ബുള്ളറ്റിൽ പുറത്തേക്ക് വന്ന അവൻ എന്റെ അരികിൽ വന്ന് ചാവി ഊരി കയ്യിൽ തന്നിട്ട് പറഞ്ഞു.
" ഇക്ക എന്നോട് ക്ഷെമിക്കണം കുറച്ചു നേരത്തേക്കാണെങ്കിലും എന്റെ ഇക്കാന്റെ മനസ്സ് വേദനിപ്പിച്ചതിന്"
പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവന്റെ ചുമലിലേക്ക് വീണ ഞാൻ കാണുകയായിരുന്നു അനുഭവിച്ച് അറിയുകയായിരുന്നു അനിയന്റെ ഉള്ള് നിറഞ്ഞുള്ള സ്നേഹം . അവനേയും പുറകിൽ കയറ്റി ആ തിരക്കുള്ള റോഡിലൂടെ പോകുമ്പോൾ എല്ലാവരോടും വിളിച്ച് പറയണമെന്ന് തോന്നി എന്റെ കൂടപിറപ്പിനെ പറ്റി. അന്ന് ഞാൻ യുദ്ധം ജയിച്ച യോദ്ധാവിനെപ്പോലെയാണ് വീട്ടിൽ വന്നത്.
വർഷങ്ങൾ പലത് കഴിഞ്ഞുപോയി ഇന്നെനിക്ക് കൊട്ടാര സദൃശ്യമായ വീടുണ്ട്, നാല് സ്ഥാപനങ്ങളുണ്ട് ആഡംപര വാഹനങ്ങളുണ്ട്, എനിക്ക് നന്ദി പറയാനുള്ളത് ഒരിക്കൽ കാലിടറി വീഴുമായിരുന്ന എന്നെ കൈപിടിച്ച് ഉയർത്തിയ എന്റെ
കൂടപ്പിറപ്പുകളോട്, പ്രചോദനമായും വഴികാട്ടിയായും കൂടെ നിന്ന വാപ്പയോട് , തളർന്നുപോയ എന്നെ ആ മടിയിൽ കിടത്തി നെറുകയിൽ തലോടി സാന്ത്വനിപ്പിച്ചു കൂടെ നിന്ന ഉമ്മയോട് ,അന്നും ഇന്നും എന്റെ ശക്തിയായി പിന്നിൽ നിൽക്കുന്ന എന്റെ ഭാര്യയോട്, ഏത് ജോലിയും ആത്മാർത്ഥതയോടെ ചെയ്യാൻ ആരോഗ്യവും ആയുസും തന്ന പടച്ച തമ്പുരാനോട് .... നന്ദി നന്ദി ...ഒരായിരം നന്ദി.....
സ്നേഹത്തോടെ
ദിൽഷാദ്‌ മംഗലശ്ശേരി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot