നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കുഞ്ഞനിയത്തി അഥവാ മകൾ

കുഞ്ഞനിയത്തി അഥവാ മകൾ 👶
💙💚💛💜💙💚💛💜💙💚💜
മൊബൈൽ അലാറം കേട്ടാണ് പവൻ ഞെട്ടി ഉണർന്നത്.. അവനാദ്യം സ്ഥലകാല ബോധം വന്നില്ല.. പിന്നെ കുറച്ചു നേരം എഴുന്നേറ്റ് ഇരുന്നു കഴിഞ്ഞപ്പോഴാണ്. ഇപ്പൊ താൻ തന്റെ വീട്ടിലെ പ്രിയപ്പെട്ട മുറിയിലാണെന്നും ജോലിസ്ഥലത്തെ കുടുസ്സുമുറിയിലല്ല എന്നും ബോധം വന്നത്..
ഇന്നലെ ഇറങ്ങാൻ നേരം വൈകാതിരിക്കാൻ വച്ച അലാറമാണ് ഇപ്പൊ പണി തന്നത്.. അവൻ മൊബൈൽ എടുത്ത് സമയം നോക്കി ആറു മണി. കുറച്ചു നേരം അങ്ങനെ കിടന്നു.. ആറരയായപ്പോൾ അവൻ എഴുന്നേറ്റു.. അടുക്കളയിൽ തട്ടും മുട്ടും ഒക്കെ കേൾക്കുന്നുണ്ട്.. അമ്മ ഉണർന്നുകാണും. അല്ലെങ്കിലും അമ്മയ്ക്ക് പണ്ടേയുള്ള ശീലമാ നേരത്തെ എഴുന്നേറ്റ് പണിയൊക്കെ തീർക്കുന്നത്..
അവൻ അടുക്കളയിലേക്ക് ചെന്നു.. അവനെ കണ്ട അമ്മ പെട്ടെന്ന് മുറ്റത്തേക്കിറങ്ങി..
‘എന്താമ്മേ’
‘അല്ല.. സൂര്യൻ കിഴക്ക് തന്നെയാണോ ഉദിച്ചതെന്നു നോക്കിയതാ.. അല്ലെങ്കിൽ.. ബാംഗ്ലൂരിൽ നിന്നു വന്നാൽ പിന്നെ പന്ത്രണ്ടു മണിക്കല്ലാതെ എന്റെ മോൻ എഴുന്നേൽക്കത്തില്ലല്ലോ..’
‘ശോ.. എന്റമ്മ ഭയങ്കര തമാശക്കാരിയായിപ്പോയല്ലോ..’
അവൻ അമ്മയുടെ കവിളിൽ പിടിച്ചു.
‘എടാ.. വിടെടാ പവി വേദനിക്കുന്നു.. നിനക്കിവിടെ എന്റെ കൂടെ നിന്നാലെന്താ പവി.. ഞാൻ ഒറ്റക്കല്ലേയുള്ളൂ.. ഒരു മോള് ഉള്ളത് കെട്ടിച്ചുവിട്ടേപ്പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല.. ആ കുഞ്ഞുങ്ങളെയെങ്കിലും വല്ലപ്പോഴും കൊണ്ടുകാണിക്കുമോ.. അതുമില്ല.. ‘
‘അമ്മേ .. അവൾക്ക് വരാൻ ആഗ്രഹമില്ലാഞ്ഞിട്ടാണോ.. അവൾക്ക് അവിടെ പണിയില്ലേ.. ഭർത്താവിൻറേം അച്ഛന്റേം അമ്മേടേം കുട്ടികൾടേം കാര്യം നോക്കേണ്ടെ..’
‘അപ്പൊ നീയോ.. നിന്നോട് ഞാൻ എത്ര തവണയായി പറയുന്നു എനിക്ക് കൂട്ടിന് ഒരു മരുമോളെ കൊണ്ടുത്തരാൻ.. അതും അവനു വയ്യ..’
‘അയ്യടി അമ്മേ… ഞാൻ കെട്ടിക്കൊണ്ടു വന്നിട്ട് അമ്മക്ക് പോരെടുക്കാനല്ലേ.. അവളെ ഞാൻ അങ്ങു കൊണ്ടുപോകും. അപ്പോഴോ..’
‘നീ നിന്റെ ഇഷ്ടം പോലെ ചെയ്യ്.. ഞാൻ ആരേം പോരെടുക്കാനും വരുന്നില്ല.. എനിക്കാരും കൂട്ടിനു വേണ്ടാതാനും.. ഞാൻ ഇവിടെ ഒറ്റക്ക് കിടന്നു ചത്തോളാമേ..’
‘അയ്യോ അമ്മക്കുട്ടി പിണങ്ങല്ലേ.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.. മൂന്നു മാസം കഴിയുമ്പോൾ കമ്പനിയുടെ എറണാകുളം ബ്രാഞ്ചിലേക്ക് ട്രാൻസ്‌ഫെറാ എനിക്ക്… വിത്ത് പ്രമോഷൻ… അപ്പൊ എനിക്ക് ഇവിടുന്ന് എന്നും പോയി വരാൻ പറ്റും.. . ഒരു സർപ്രൈസ് ആക്കി വെക്കാൻ നോക്കിയതാ.. അമ്മ എല്ലാം തുലച്ചു..’
‘ആന്നോടാ മോനെ.. സത്യം..’
അവൻ തലയാട്ടി സമ്മതിച്ചു..
അമ്മ അവന് കട്ടൻകാപ്പി കൊടുത്തു..അതും കൊണ്ട് അവൻ തൊടിയിലേക്കിറങ്ങിയപ്പോളാണ് ഒരു പാദസരക്കിലുക്കം കേട്ടത്.. കൂടെ നല്ല ചന്ദനത്തിന്റെ ഗന്ധവും.. അവൻ തിരിഞ്ഞു നോക്കി.. ദേഹമാസകലം ഒരു കുളിര് അവനനുഭവപ്പെട്ടു.. ഒരു മന്ദമാരുതൻ അവനെ തൊട്ടു കടന്നു പോയി…
ഒരു ശാലീനസുന്ദരിയായ കുട്ടി.. ചുവന്ന ബ്ലൗസും വെളുത്ത പട്ടുപാവടയും വേഷം… നെറ്റിയിൽ ചന്ദനക്കുറി.. അതിനുമീതെ ഗണപതിഹോമത്തിന്റെ കറുത്ത പ്രസാദം.. നീണ്ടുവിടർന്ന കണ്ണിൽ കരിമഷി പോലുമില്ല.. മുഖത്ത് മറ്റലങ്കാരങ്ങളൊന്നുമില്ല.. എന്നാലും ശ്രീത്വം വിളങ്ങുന്ന മുഖം. അറ്റം കെട്ടിയ നീണ്ട ചുരുൾമുടി മുന്നിലേക്കിട്ടിരിക്കുന്നു.. അതിൽ ഒരു തുളസിക്കതിർ.. പക്ഷേ എവിടെയോ കണ്ടു മറന്നപോലെ.. അമ്മയുടെ സംസാരമാണ് അവനെ ആ അവസ്ഥയിൽ നിന്നും തിരികെ കൊണ്ടുവന്നത്..
‘ഇന്നെന്താ ശ്രീമോളെ.. താമസിച്ചല്ലോ..’
‘അത്. ആന്റി ഇന്ന് ഉണ്ണിമോളുടെ പിറന്നാളാണ്. അമ്പലത്തിൽ ഗണപതിഹോമവും മറ്റു വഴിപാടുകളും ഉണ്ടായിരുന്നു.. അതാ വൈകിയേ..’
അവൾ പാലുപാത്രം അമ്മയുടെ കയ്യിൽ കൊടുത്തു..
‘ആഹാ.. ഉണ്ണിമോളെ പിറന്നാൾ കുട്ടി ഒളിച്ചു നിൽക്കുവാണോ.. ‘
അപ്പോഴാണ് അവളുടെ പിന്നിൽ ഒളിച്ചു നിന്ന കുട്ടിയെ അവൻ കാണുന്നത്… ഏകദേശം എട്ടു വയസ്സ് തോന്നിക്കുന്ന ഒരു സുന്ദരിക്കുട്ടി.. അവൻ മുന്നോട്ടു ചെന്ന് ആ കുട്ടിയുടെ കയ്യിൽ പിടിച്ചു..
‘ഹാപ്പി ബർത്ഡേ ഉണ്ണിമോളെ…’
അവൾ ചെറിയ ഒരു പുഞ്ചിരി നൽകി..
‘ചിരി മാത്രേയുള്ളോ താങ്ക്സ് പറയില്ല ?’
പെട്ടെന്ന് അവളുടെ മുഖത്തെ ചിരി മാഞ്ഞു.. അവളുടെ മാത്രമല്ല എല്ലാരുടെയും.. അമ്മ പെട്ടെന്ന് പറഞ്ഞു ..
‘ അവൾ സംസാരിക്കില്ലടാ..’
അവൻ വല്ലാതായി..
‘അതിനെന്താ.. ഇത്രേം സുന്ദരിയായ മോൾടെ ശബ്ദം കേട്ടാൽ ആരേലും കണ്ണു വെക്കും അതാ…’
അവൻ ഉണ്ണിമോളുടെ തലയിൽ തലോടി
‘ഒരു മിനിറ്റ് മോള് ഇവിടെ നിക്കണേ ഏട്ടനിപ്പോ വരാം..’
അവൻ അകത്തു പോയി ഒരു കവറുമായി തിരികെ വന്നു..
‘ഇതാ.. മോൾക്ക് ഏട്ടന്റെ വക ഒരു ബർത്ഡേ ഗിഫ്റ്റ്’
ഉണ്ണിമോൾ അതു വാങ്ങാൻ മടിച്ചു.. അപ്പൊ അമ്മ പറഞ്ഞു.
‘ വാങ്ങു മോളെ.. ഏട്ടനല്ലേ’
അപ്പോൾ വീണ്ടും അവളുടെ കണ്ണു നിറഞ്ഞു. ഒരു പാവയായിരുന്നു അത്..
‘നിനക്ക് ശ്രീമോളെ മനസ്സിലായോ..’
‘നല്ല മുഖപരിചയം ഉണ്ട്.. ഓർമ്മ കിട്ടുന്നില്ല..’
‘നിന്റെ കളിക്കൂട്ടുകാരിയായിരുന്നു.. നമ്മുടെ പടിഞ്ഞാറ്റുള്ള തറവാട്ടു വീട്ടിലെ..’
‘ഓഹ്.. ശ്രീമായ…’
അതെയെന്നർത്ഥത്തിൽ അവൾ തലകുലുക്കി…
‘എന്തു ചെയ്യുന്നു ഇപ്പൊ.. അപ്പു എവിടെ’
‘ആന്റീ.. ഞങ്ങൾ പോവാണെ’
അവൻ ചോദിച്ചതിന് ഉത്തരം ഒന്നും പറയാതെ അവൾ ഉണ്ണിമോളുടെ കൈപിടിച്ച് നടന്നുനീങ്ങി..
‘പവി.. എവിടുന്നാടാ ഇപ്പോ നിന്റെ കയ്യിൽ പാവ..’
‘നമ്മുടെ അമ്മൂട്ടിക്ക് വാങ്ങിയതാമ്മേ.. അവൾക്ക് വേറെ വാങ്ങി കൊടുക്കാം..’
‘നന്നായി മോനെ.. നല്ലകാര്യമാ ചെയ്തേ..’
‘അതെന്നാമ്മേ അപ്പൂന്റെ കാര്യം ചോദിച്ചപ്പോ ആ കുട്ടി വെട്ടിത്തിരിഞ്ഞു പോയേ.. അതുമല്ല എത്ര വലിയ തറവാട്ടുകാരായിരുന്നു.. ഇപ്പൊ എന്താ ആ കൊച്ചു പാല് വിൽക്കുന്നെ..’
‘ഇങ്ങുവാ.. ഈ തേങ്ങാ ഒന്നു തിരുമ്മ്.. ഞാൻ പറഞ്ഞു തരാം’
‘അതുകൊള്ളാല്ലോ.. നല്ല പരിപാടി..’
‘നീയോർക്കുന്നോ അവരിവിടുന്നു പോയത്’
‘ചെറുതായിട്ട്.. അവരുടെ അച്ഛന്റെ ജോലി സ്ഥലത്തേക്ക് അല്ലെ’
‘അതേ . ഡൽഹിക്ക് .. ഉണ്ണിമായ അവിടെ വച്ചാ ഉണ്ടായത്.. കുഞ്ഞുണ്ടായിക്കഴിഞ്ഞശേഷം ഒന്നു രണ്ടു തവണ അവർ ഇവിടെ വന്നിരുന്നു.. നീയന്ന് ഹോസ്റ്റലിൽ ആരുന്നു..
ഉണ്ണിമോള് നേരത്തെ സംസാരിക്കുമാരുന്നു… രണ്ടു വർഷം മുന്നേ അവരെല്ലാരും കൂടി അവധിയാഘോഷിക്കാൻ പോയതാ.. ഏതോ ഡാമിൽ ബോട്ടിങ്ങിന് പോയപ്പോൾ അപ്പു അബദ്ധത്തിൽ വെള്ളത്തിൽ വീണു.. ഫോട്ടോ എടുക്കാൻ പുറകിലേക്ക് നീങ്ങിയതാണെന്നാ പറഞ്ഞത്.. കുറെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടുപിടിക്കാനായില്ല.. പിന്നെ ഫയർഫോഴ്‌സ് ഒക്കെ വന്നാ ശവം കണ്ടെത്തിയത്.. അവിടത്തെ പത്രത്തിലൊക്കെ വന്നാരുന്നെന്നാ പറഞ്ഞേ.. അതാ നമ്മൾ അറിയാഞ്ഞേ.. ആ ഷോക്കിൽ ഉണ്ണിമോളുടെ നാവിറങ്ങിപോയതാ.. പിന്നെ ആ കുട്ടി സംസാരിച്ചിട്ടില്ല..
അതിലും കഷ്ടം മോന്റെ മരണശേഷം കുട്ടികളുടെ അച്ഛൻ ബിസിനെസ്സ് കാര്യങ്ങളിൽ ശ്രദ്ധിക്കാതായി.. കൂടെയുണ്ടാരുന്നവർ ചതിച്ചു.. കടം കേറി.. വീടും സ്ഥലവും ജപ്തി ചെയ്യുമെന്നായപ്പോൾ ഭാര്യയേയും പറക്കമുറ്റാത്ത രണ്ടു പെണ്മക്കളെയും മറന്ന് അയാൾ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു. എല്ലാം ജപ്തിചെയ്തു കഴിഞ്ഞ് ബാക്കി കിട്ടിയ കുറച്ചു പൈസയുമായി അവരിങ്ങോട്ടു പോന്നു.. രണ്ടു പശുക്കളെ വാങ്ങി. ഇപ്പൊ പാല് വിറ്റും മുട്ട വിറ്റും ഒക്കെയാണ് ജീവിതം.. ശ്രീമോൾ ഡിഗ്രി പഠിച്ചുകൊണ്ടിരുന്നപ്പോളാണ് ഇതൊക്കെ സംഭവിച്ചത്.. ഇപ്പൊ ആ കുട്ടി ഒരു തുണിക്കടയിൽ സെയിൽസ് ഗേൾ ആയി പോകുവാ.. പാവം.. ഇളയ കുട്ടി ഇവിടെ ഗവണ്മെന്റ് സ്കൂളിലാ.. എങ്ങനെ കഴിഞ്ഞിരുന്ന കുടുംബമാ..’
പറഞ്ഞു പറഞ്ഞു അമ്മ പവിയെക്കൊണ്ട് ഒരു ചമ്മന്തി തന്നെ അരപ്പിച്ചു..
********
ഊണിലും ഉറക്കത്തിലും പവിക്ക് ശ്രീമോളെയും ഉണ്ണിമോളേയും കുറിച്ചു മാത്രമായി ചിന്ത.. ഉണ്ണിമോളോട് എന്തെന്നില്ലാത്ത വാത്സല്യം അവനു തോന്നി.. പിന്നീട് അവൻ ആ അലാറം മാറ്റിയില്ല.. അവൻ എന്നും ഉണർന്ന് ശ്രീമോളുടെ പോക്കും വരവും കാണുമായിരുന്നു.. വളരെ ശാന്തമായ പ്രകൃതം..
ഒരാഴ്ച്ച കഴിഞ്ഞു ലീവ് തീർന്നു.. അവൻ പോകുന്നതിന്റെ തലേദിവസം വൈകിട്ട് അമ്പലത്തിൽ പോയി.. പ്രാർത്ഥിച്ചു.. ആ ശ്രീമോളെത്തന്നെ തന്റെ ഭാര്യയായി കിട്ടാണേന്ന്.. അമ്പലത്തിൽ നിന്നും ഇറങ്ങിയെപ്പോളാണ്. ഒരു പിൻവിളി അവൻ കേട്ടത്..
‘പവിയേട്ടാ..’
തിരിഞ്ഞു നോക്കി .. ശ്രീമോളാണ്.. പതിവുപോലെ ചന്ദനം മാത്രം നെറ്റിയിൽ.. ചുരിദാറാണ് വേഷം. അവൻ അമ്പരന്നു…
‘ പവിയേട്ടാ.. അന്ന് ഞാൻ അപ്പുവിന്റെ കാര്യം ചോദിച്ചപ്പോൾ മിണ്ടാതെ പോന്നത് ഉണ്ണിമോൾ കൂടെയുള്ളോണ്ടാ.. അപ്പുവിന്റെ കാര്യം പറഞ്ഞാലേ കരച്ചിലാകും.. നല്ലൊരു ദിവസമായിട്ട് അത് വേണ്ടാന്നു കരുതിയാണ് ഞാൻ..’
‘സാരമില്ല ശ്രീമോളെ.. അമ്മ എന്നോടെല്ലാം പറഞ്ഞു.. ‘
‘ഒരു സോറി പറയാനാ. ഞാൻ വിളിച്ചത്.. . പവിയേട്ടൻ എന്നാ പോകുന്നേ’
‘നാളെ. വെളുപ്പിന്..’
‘എന്നാ ശരി.. ഞാൻ പോട്ടെ.. ഇത്തിരി താമസിച്ചാൽ പിന്നെ അമ്മയ്ക്ക് ആധിയാ’
പവി സമ്മതഭാവത്തിൽ തലയാട്ടി..
അവൾ മുന്നോട്ട് നടന്നു.. പെട്ടെന്ന് നിന്നു. തിരിഞ്ഞു നോക്കിപറഞ്ഞു..
‘എന്നും ജനാലവഴി എന്നെ നോക്കുന്നത് ഞാൻ കാണുന്നുണ്ട്.. കാണാത്തതുപോലെ നടിക്കുവാ ഞാൻ ഇപ്പോൾ.. എനിക്ക് അതിന് താൽപര്യമില്ല.. അതുകൊണ്ട്.. എന്തെങ്കിലും മനസ്സിൽ ഉണ്ടെങ്കിൽ പവിയേട്ടൻ അത് മറക്കണം..’
അത്രയും പറഞ്ഞ് അവൾ ഓടിപ്പോയി..
പിറ്റേദിവസം അവൻ നേരത്തെയിറങ്ങി.. അമ്പലത്തിൽ പോയി.. ഏഴു മണിക്കാണ് ബസ്.. അവനറിയാം ശ്രീമോൾ എന്നും അമ്പലത്തിൽ വരുമെന്ന്.. കാത്തിരുന്നു കുറച്ചു കഴിഞ്ഞപ്പോൾ ശ്രീമോൾ വന്നു.. കയ്യിൽ പാൽപാത്രം ഉണ്ട്.. മകരമാസത്തിലെ പുലർകാലം ചെറിയ തണുപ്പുണ്ട്.. അവൻ ഇടവഴിയിൽ നിന്നു.. അവിടെ ആൾസഞ്ചാരം കുറവാണ്.. അമ്പലത്തിൽ നിന്നും ഇറങ്ങിയ ശ്രീമോളെ അവൻ വിളിച്ചു..
‘ശ്രീമോളെ..’
അവൾ ഞെട്ടിത്തിരിഞ്ഞു നോക്കി.. അവളുടെ കണ്ണിൽ ഭീതി പ്രകടമായിരുന്നു..
‘പേടിക്കണ്ട.. ഉപദ്രവിക്കാനല്ല.. എനിക്ക് തന്നെ ഇഷ്ടമാ.... എന്റെ അമ്മ എന്റെ ഒരിഷ്ടത്തിനും എതിരു നിൽക്കില്ല.. തന്റെയും വീട്ടുകാരുടെയും സമ്മതം മാത്രം മതിയെനിക്ക്.. ഉണ്ണിമോളെ എന്റെ സ്വന്തം അനിയത്തിയായിട്ടു തന്നെയാ ആദ്യകാഴ്ചയിൽ തന്നെ എനിക്ക് തോന്നിയത്..ഇനി തന്റെ ഇഷ്ടം..’
‘എനിക്ക് പവിയേട്ടനോട് ഇഷ്ടക്കുറവൊന്നുമില്ല.. പക്ഷെ എനിക്ക് ഇപ്പോ സ്വപ്നം കാണാൻ പോലും അർഹതയില്ല.. അതുമല്ല.. എനിക്ക് എൻറെ കുടുംബം നോക്കണം. എന്റെ ഉണ്ണിമോളെ എങ്ങനെയെങ്കിലും സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരണം.... പവിയേട്ടനെ ഭർത്താവായികിട്ടാനുള്ളത്ര പുണ്യമൊന്നും ഞാൻ ചെയ്തിട്ടില്ല.. ഞാൻ ഇങ്ങനെ എന്റെ പ്രാരാബ്ധങ്ങളുമായി ജീവിച്ചോളാം..’
‘പുണ്യം ചെയ്തത് ഞാനല്ലേ... തന്റെ എല്ലാ പ്രാരാബ്ധങ്ങളോടുംകൂടിത്തന്നെയാ തന്നെ ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞത്.. മൂന്നു മാസം കഴിയുമ്പോൾ ഞാൻ വരും.. അപ്പൊ എല്ലാരോടും ഞാൻ തന്നെ പറഞ്ഞോളാട്ടോ..’
അവൻ അവളുടെ കൈപിടിച്ചു തന്നിലേക്കടുപ്പിച്ചു.. അവൾ പതിയെ അവന്റെ മാറിൽ ചാരി.. പെട്ടെന്ന് അമ്പലമണി മുഴങ്ങി.. പെട്ടെന്ന് ഞെട്ടി അവർ വേർപെട്ടു..
‘അയ്യോ.. എന്റെ ബസ്..’
അവൻ ഞെട്ടി സമയം നോക്കി ആറര.. ഇല്ല സമയമായില്ല.. അവൻ വീണ്ടും അവളുടെ കൈപിടിക്കാനാഞ്ഞു.. അവൾ കൈ വലിച്ചിട്ടോടി.. ചിരിച്ചുകൊണ്ട്… അവളുടെ ചിരിയും പാദസരക്കിലുക്കവും അകന്നകന്ന് പോകുന്നത് അവൻ നോക്കി നിന്നു..
*************
മൂന്ന് മാസം കഴിഞ്ഞ് ട്രാൻസ്ഫർ ഓർഡറും വാങ്ങി അവൻ വീട്ടിലേക്കു തിരിച്ചു.. ബസിൽ വച്ചു മുഴുവൻ ശ്രീമോളെ സ്വപ്നം കാണുവായിരുന്നു അവൻ.. രാത്രിയോടുകൂടി വീട്ടിലെത്തി.. അമ്മയോട് കൊച്ചുവർത്താനം പറഞ്ഞിരുന്ന് ഊണും കഴിച്ചു കിടന്നുറങ്ങി. അലാറം വച്ചെഴുന്നേറ്റ് അവൻ ശ്രീമോളെ നോക്കിയിരിപ്പായി.. ഇല്ല.. ഇന്ന് ഉണ്ണിമോള് ഒറ്റക്കാണല്ലോ.. അവൻ നിരാശനായി..
അവൻ എഴുന്നേറ്റ് അടുക്കളയിൽ ചെന്നു..
‘അമ്മേ എനിക്കൊരു കാര്യം പറയാനുണ്ട്..’
‘ഉം.. എന്താ’
അതും പറഞ്ഞ് അമ്മ അടുക്കളചായ്പ്പിലേക്ക് കടന്നു..
‘അത്.. അമ്മേ. .. ‘
‘ഇതല്ലേ നിനക്ക് പറയാനുള്ള കാര്യം..’
പെട്ടെന്ന്.. അടുക്കളചായ്പ്പിൽ നിന്ന് അമ്മ ശ്രീമോളെ കൂട്ടി കൊണ്ടുവന്നു..
‘എടാ മോനെ പവി.. നിന്നെ പത്തുമാസം ചുമന്നു പെറ്റ് വളർത്തിയതാ ഞാൻ.. നിന്റെ ഒരു ചെറിയ മാറ്റം പോലും എനിക്കറിയാം.... നീ എന്നും അലാറം വച്ചെഴുന്നേറ്റ് ജനാലവഴി വായിന്നോക്കി ഇരിക്കുന്നത് ഞാൻ അറിയുന്നില്ലെന്നു വിചാരിച്ചു അല്ലെ.. പിന്നെ നീ ഇവളോട് ഇഷ്ടം പറഞ്ഞേന്റെ അന്ന് തന്നെ ഇവൾ എന്നോട് വന്നു ചോദിച്ചു… ആന്റിക്ക് എന്നെ ഇഷ്ടമില്ലെങ്കിൽ പിന്നെ ഞാൻ വെറുതെ ആശിക്കണ്ടാല്ലോന്ന്.. അന്ന് മുതൽ ഞാൻ ഇവളെക്കൊണ്ട് അമ്മ എന്നാണ് വിളിപ്പിക്കുന്നത്.. അവൻ വല്യ സർപ്രൈസും കൊണ്ടു വന്നേക്കുന്നു.. ഇന്ന് ഇവളെ കാണാതാകുമ്പോൾ വാലും പൊക്കി നീ വരുമെന്നറിയാം.. അതാ ഞാൻ ഇവളെ ആദ്യമേ ഒളിപ്പിച്ചുനിർത്തിയെ.. എങ്ങാനെയുണ്ട് നിന്റമ്മ.. സൂപ്പറല്ലേ..’
‘എന്റമ്മോ.. അമ്മ മരണമാസാ..’
‘ഞാനും ഇവടെ അമ്മയും അമ്മാവന്മാരും കൂടെ പോയി മുഹൂർത്തം നോക്കിച്ചിരുന്നു.. രണ്ടു മാസത്തേക്ക് നല്ല മുഹൂർത്തം ഒന്നുമില്ല.. അതുകഴിഞ്ഞുള്ള മുഹൂർത്തത്തിൽ കല്യാണം നടത്താം.. ‘
‘കാര്യങ്ങൾ ഇത്രയൊക്കെയായോ..എന്നാലും രണ്ടു മാസം ഇത്തിരി കൂടുതലല്ലേ.. ‘
‘പൊക്കോണം..’
അമ്മ അടിക്കാനോങ്ങി.
പിന്നീട് അവർ പ്രേമിച്ചു നടന്നു.. എന്നു കരുതിയെങ്കിൽ തെറ്റി.. അവൻ ഉണ്ണിമോളുമായിട്ട് നല്ല കൂട്ടായി..
അങ്ങനെ കല്യാണത്തിന് ഒരാഴ്ചയുള്ളപ്പോൾ എല്ലാവരും കൂടി ഡ്രെസ്സ് എടുക്കാൻ ടൗണിൽ പോയി..ഉച്ചയായപ്പോൾ ഊണ് കഴിക്കാൻ ഒരു സൈഡിൽ കാർ പാർക്ക് ചെയ്ത് അപ്പുറത്തെ സൈഡിലെ റെസ്റ്റോറെന്റിലേക്ക് പോവുകയായിരുന്നു എല്ലാവരും. എല്ലാവരും അപ്പുറം കടന്നു.. പവി കാർ ഒതുക്കിയിട്ടതിനുശേഷം റോഡ് മുറിച്ചു കടക്കാൻ തുടങ്ങിയതും ഒരു ബസ് പാഞ്ഞു വന്നു… എല്ലാവരും നോക്കി നിൽക്കുന്നുണ്ടായിരുന്നു..
‘എന്റെ ഏട്ടാ..’
ഒരലർച്ചയായിരുന്നു.. മറ്റാരുമല്ല ഉണ്ണിമോൾ.. അതോടെ അവൾ ബോധം നഷ്ടപ്പെട്ട് കുഴഞ്ഞു വീണു..
ഉണ്ണിമായ കണ്ണുതുറന്നപ്പോൾ ആശുപത്രി കിടക്കയിലാണ്. അടുത്ത് അമ്മയുണ്ട് ചേച്ചിയുണ്ട്.. ഏട്ടന്റെ അമ്മയുണ്ട്.. ഇല്ല ഏട്ടനില്ല…
‘എന്റെ ഏട്ടനെവിടെ..’
ഉണ്ണിമോളുടെ അമ്മ അവളെ വാരിപ്പുണർന്നു കരഞ്ഞു.. കൂടെ ശ്രീമായയും പവിയുടെ അമ്മയും..
‘എന്റെ ഏട്ടനെവിടെ അമ്മേ..’
‘ഞാൻ ഇവിടുണ്ട് മോളെ.. മരുന്ന് മേടിക്കാൻ പോയതാ ഏട്ടൻ… ഏട്ടനൊന്നും പറ്റിയില്ല.. ബസ് കണ്ടപ്പോത്തന്നെ ഞാൻ മാറി നിന്നല്ലോ.. എന്റെ ഉണ്ണിമോളുടെ ഏട്ടന് ഈ കുഞ്ഞനിയത്തിയെം.. ചേച്ചിയേം.. അമ്മമാരേമൊക്കെവിട്ട് അങ്ങനെ പോകാൻ പറ്റുമോ…’
ഉണ്ണിമോള് അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു.. എല്ലാവരുടേം കണ്ണ് ഈറനായി..
‘എന്റെ മോള് ശ്രദ്ധിച്ചോ.. മോള് സംസാരിച്ചുതുടങ്ങി.. ഇനിയെന്റെ കിലുക്കാംപെട്ടിക്ക് കണ്ണു കിട്ടാതിരിക്കാൻ എപ്പോഴും കരിമഷിപ്പൊട്ടു തൊടണം കേട്ടോ അമ്മേ..’
അവൾ നാണിച്ചു ചിരിച്ചു..
*******
ഒരു കല്യാണപ്പന്തൽ.. ഓരോരുത്തരോടും ഓരോ നിർദ്ദേശം നൽകി ഓടിനടക്കുന്ന പവി.. കൊച്ചു കുട്ടികൾ തലങ്ങും വിലങ്ങും ഓടുന്നു.. അമ്മ അവിടേക്ക് വന്നു..
‘മോനെ അവൾക്കെന്തോ പറയാനുണ്ടെന്ന്.. മോൻ അങ്ങോട്ടു ചെല്ലൂ..’
‘എന്താ മോളെ…’
മുന്നിൽ സർവാഭരണ വിഭൂഷിതയായി ഒരു സുന്ദരി.. അവൾ കണ്ണു നിറച്ചു കൊണ്ട് പവിയുടെ അരികിലേക്ക് വന്നു..
‘ഏട്ടാ.. എനിക്ക് ഏട്ടനേം ചേച്ചിയേം അപ്പുമോനേം വിട്ടു പോകാൻ മനസ്സു വരുന്നില്ല.. അമ്മ പോയെപ്പിന്നെ ഇവിടുത്തെ അമ്മയും ഏട്ടനും എനിക്കൊരു കുറവും വരാത്ത നോക്കിയേ.. ഇത്രേം പഠിപ്പിച്ചു.. ഇപ്പോ എനിക്ക് സ്വപ്നം കാണാൻ പറ്റാത്ത രീതിയിലൊരു കല്യാണം.. എനിക്ക് ഏട്ടന്റെ അനിയത്തിയായി ഇവിടെ കഴിഞ്ഞാൽ മതി…’
‘അച്ഛാ.. ഈ ചിറ്റ എന്തു സംസാരമാ.. എപ്പോഴും കിലുകിലാന്ന്.. പോയിക്കഴിയുമ്പോ ഒരു സമാധാനം കിട്ടും.. ‘
‘ഈ കിലുകിലാന്നുള്ള സംസാരം അച്ഛന് പറ്റിയ ഒരബദ്ധമാ മോനേ..’
‘ഏട്ടാ..’
അവൾ പവിയുടെ നെഞ്ചിൽ ചാഞ്ഞു കരയാൻ തുടങ്ങി..
‘ദേ .. കണ്മഷി പടരും മേക്കപ്പെല്ലാം പോകും.. ഒരു വിധത്തിൽ മുഖത്തിന്റെ വൃത്തികേട് മാറ്റിയെടുത്തതാ.. അതു കൊളമാക്കല്ലേ…’
ഉണ്ണിമോൾ ഏട്ടന്റെ വയറിൽ രണ്ടിടി ഇടിച്ചു.. അവളെ പറഞ്ഞു സമാധാനിപ്പിച്ച് സ്വന്തം തിരക്കുകളിലേക്ക് അവൻ മനപ്പൂർവം ഊളിയിട്ടു..
വിവാഹം മംഗളമായി നടന്നു.
“നന്ദുകൃഷ്ണൻ വെഡ്‌സ് ഉണ്ണിമായ” എന്നെഴുതിയ കാറിൽ അവളെ കയറ്റി വിടുമ്പോൾ അപ്പുമോൻ അവളെ കെട്ടിപ്പിടിച്ചു കരയുകയായിരുന്നു.. ഏട്ടനെ അവിടെയെങ്ങും കണ്ടില്ല.. നിറകണ്ണുകളോടെ നിന്ന അമ്മയെയും കെട്ടിപ്പിച്ചു യാത്രപറഞ്ഞിട്ടും ഏട്ടനെ കണ്ടില്ല.. ചേച്ചിയെ കെട്ടിപ്പിടിച്ചു പൊട്ടിക്കാരയുമ്പോഴും അവളുടെ കണ്ണുകൾ തേടിയത് ഏട്ടനെയായിരുന്നു.. ഇല്ല ഏട്ടൻ അവിടെങ്ങുമില്ല.. മുഹൂർത്തത്തിനു മുൻപ് വീട്ടിലെത്തണം എന്ന് എല്ലാവരും നിർബന്ധിച്ചതോടെ അവൾ മനസ്സില്ലാ മനസ്സോടെ കാറിൽ കയറി.. വണ്ടി വിട്ടു.. തിരിഞ്ഞു നോക്കിയപ്പോൾ നിറചിരിയിൽ കണ്ണീരൊളിപ്പിച്ച ഏട്ടനെക്കണ്ടു.. അവൾ നിറകണ്ണുകളോടെ കൈ വീശി..
**********
‘പവിയേട്ടാ… എന്റെ പ്രാരാബ്ധങ്ങളും ബാധ്യതകളുമെല്ലാം ഏട്ടന് ഒരു ഭാരമായി അല്ലെ..’
‘എന്താ നീ പറഞ്ഞത്. ഉണ്ണിമോള് എന്റെ ബാധ്യതയാണെന്നോ.. അവൾ നമ്മുടെ മൂത്തമോളല്ലേ.. എനിക്കങ്ങനെയേ കാണാൻ പറ്റു…. നമ്മുടെ ഹൃദയമല്ലേടീ പറിച്ചെടുത്തോണ്ടു പോയത്..’
രണ്ടുപേരും കെട്ടിപ്പിടിച്ചു കരഞ്ഞു..
*********
അവർ കാത്തിരുന്നു.. അവരുടെ മൂത്തമകൾ ഇടക്കിടെ അതിഥിയായി വരുന്നതും നോക്കി…
ദീപാ ഷാജൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot