ഒരു പ്രേതകഥ അഥവാ അനുഭവകഥ
ഇതിൽ പറഞ്ഞിരിക്കുന്ന വ്യക്തികൾക്കും സംഭവങ്ങൾക്കും യാഥാർത്ഥ ജീവിതമോ വ്യക്തികളുമായോ എന്തെങ്കിലും ബന്ധം തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചികമല്ല...
സംഭവം നടക്കുന്നത് കുറച്ചു വർഷങ്ങൾക്കു മുൻപാണ്..കേരളത്തിന്റെ തലസ്ഥാനമായ അനന്തപുരിയിൽ. വീട്ടുകാരുടെ കാശും പൊടിച്ചു കൊണ്ട് നമ്മുടെ കഥാനായിക, അതായത് ഈ ഞാൻ തിരുവനന്തപുരം നഗരത്തിന്റെ മുക്കിലും മൂലയിലും ഉള്ള തീയേറ്ററുകളെയും ഭക്ഷണശാലകളെയും കുറിച്ച് ഗവേഷണം നടത്തിയിരുന്ന അന്ത കാലം..
സിവിൽ സർവീസ് അക്കാഡമിയിൽ പോയി എത്രയും പെട്ടെന്ന് ഒരു bureaucrat ആവുക എന്നുള്ളതായിരുന്നു പ്രഖ്യാപിത ലക്‌ഷ്യം. പക്ഷെ ക്ലാസ്സുകളെക്കാളേറെ സമൃദ്ധമായി നടന്നത് ബുധനാഴ്‌ച്ചകളിലെ KFC തീറ്റയായിരുന്നു..
പണ്ടേ സേവനം ഒരു ദൗര്ബല്യമായതുകൊണ്ട് ഹോസ്റ്റലിനു തൊട്ടടുത്ത് കട നടത്തിയിരുന്ന മോഹനേട്ടന്റെ സാമ്പത്തിക വരുമാനത്തിലേക്ക് ലെയ്സ്, കുർകുറെ ഇത്യാദിയായുള്ള, വയറിനു വളരെ വിശേഷപ്പെട്ട സാധനങ്ങൾ ദിവസേന വാങ്ങിക്കൊണ്ട് തന്റേതായ ഒരു സംഭാവന നല്കാൻ നമ്മുടെ നായിക ശ്രദ്ധിച്ചിരുന്നു.
അക്കാലത്തു നായികയുടെ പ്രിയം പിടിച്ചു പറ്റാൻ തലേന്നത്തെ അയല കഷ്ണങ്ങളും സാമ്പാറിലെ ഉരുളക്കിഴങ്ങു നുറുങ്ങുകളും കൂടുതൽ തരുന്നെന്ന വ്യാജേന ഹോസ്റ്റലിലെ ഭക്ഷണം പാകം ചെയ്തിരുന്ന കഥയിലെ രണ്ടാമത്തെ താരം സുലോചനയാന്റി ഭഗീരഥപ്രയത്നത്തിലേർപ്പെട്ടു പോന്നു..
മുടിയഴിച്ചിട്ടു നടക്കുക എന്നത് നമ്മുടെ നായികയുടെ തല്ലുകൊള്ളി ശീലങ്ങളിൽ പ്രധാനപ്പെട്ടതായതു കൊണ്ടും നായികയുടെ കാര്യത്തിൽ തന്റെ ശ്രദ്ധ കുറച്ചൊന്നുമല്ല എന്ന് വരുത്തിത്തീർക്കുവാനും സുലോചനയാന്റി തദവസരങ്ങൾ നന്നായി മുതലെടുത്തു പോന്നു.
"പെണ്ണെ മുടിയഴിച്ചിട്ടു ത്രിസന്ധ്യയ്ക് നടന്നാൽ ദുരാത്മാക്കൾ ബാധിക്കും" എന്നായിരുന്നു ആയമ്മയുടെ പതിവ് പല്ലവി..
ഡൽഹിയിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ , ചെവിയിൽ ഇയർഫോണും തിരുകി ടെറസിലിരുന്നു മുടിയഴിച്ചിട്ടു ദൂരത്തേക്ക് സിനിമാ സ്റ്റൈലിൽ കൺപാർത്തിരുന്നപ്പോൾ ഒന്ന് രണ്ടു തവണ പരുന്തുകൾ വന്നു മേടിപ്പോയിട്ടുണ്ട്. വല്ല കാടും ആണതെന്നു അതുങ്ങൾ വിചാരിച്ചാൽ തെറ്റ് പറയാനൊക്കുമോ..
എന്തൊക്കെയായാലും കഥാനായിക സുലോചനാന്റിയുടെ ഭീഷണി മുഖവിലയ്‌ക്കെടുക്കാൻ മെനക്കെട്ടിരുന്നില്ല.
ആയിടയ്ക് ക്രിസ്മസ് വെക്കേഷന് വായ്ക്കും വയറിനും രുചിയായിട്ടെന്തെങ്കിലും കഴിക്കാമെന്നു വെച്ചാണ് കാസർകോട്ടേക്ക് വണ്ടി പിടിച്ചത്.
നായികയുടെ സുവിശേഷമായ ഭാഗ്യം കാരണം അതും കഷ്ടത്തിലായി.
നായികയുടെ സുവിശേഷമായ ഭാഗ്യം കാരണം അതും കഷ്ടത്തിലായി.
പ്രസവിച്ചു കിടക്കുന്ന ചേച്ചിക്ക് വേണ്ടി 'അമ്മ കുരുമുളകിട്ട മത്തൻ കറിയും പയര് കറിയും ഉണ്ടാക്കിക്കൊണ്ടിരുന്നു. ഉള്ളിലെ ദുഃഖം കടിച്ചമർത്തി രായ്ക്കുരാമാനം നമ്മുടെ നായിക തിരുവനന്തപുരത്തേക്ക് തിരികെ പുറപ്പെട്ടു.
തലേന്നത്തെയായാലെന്താ ഹോസ്റ്റലിലെ ആ അയല പൊരിച്ചതിനു അതിന്റെതായ ഒരു മൊഞ്ചൊക്കെയുണ്ട്.. മനസ്സിൽ നിറച്ചും പഴം കഞ്ഞി മണമുള്ള ഹോസ്റ്റലിലെ ഇൻസ്റ്റന്റ് ചോറിന്റെ രുചിയായിരുന്നു..
ആയിടയ്ക്കാണ് സ്ത്രീസംബന്ധമായ പ്രശ്നം കാരണം നായികയ്ക്ക് വിളർച്ച പോലെന്തോ തോന്നിത്തുടങ്ങിയത്..സ്ഥിരംകാണുന്ന 7 മണി സീരിയലിൽ തീരെ താല്പര്യം കാണിക്കാത്തത് കൊണ്ടാവാം സുലോചനാന്റിയുടെ ചോദ്യം സുനാമി പോലെ കാതിൽ വന്നലച്ചു.
"എന്തോ പറ്റിയിട്ടുണ്ടല്ലോ നിനക്ക്..ഇങ്ങു വന്നേ.."
എഴുന്നേറ്റു പോയി..സന്ധ്യക്കു കുളിച്ചു ഒരു ദേവീഭാവത്തിൽ ഇരിക്കുകയാണ് കക്ഷി. മുടിയിൽ നിന്നും വെള്ളം ഇറ്റിറ്റു വീഴുന്നുണ്ട്..ഇടയ്കിടയ്ക് തികട്ടി വരുന്ന അവരുടെ ഗ്യാസിന്റെ അസ്കിതയാണ് അവർ ദേവിയല്ലെന്നു നായികയെ ഓർമിപ്പിച്ചത്.
എന്റെ മൗഢ്യത്തിന്റെ കാരണം കക്ഷിയോട് പറഞ്ഞപ്പോൾ ചന്ദ്രഗുപ്തന്റെ സദസ്സിനെ നടുക്കിയ, ചാണക്യൻ പോലും തോറ്റു പോവുന്ന തരത്തിലുള്ള ഒരുതരം ചിരിയായിരുന്നു ഉത്തരം..
"ഞാനെന്നെ പറഞ്ഞില്ലേ നിന്നോട്..ഇതവരാ..ദുരാത്മാക്കൾ...കൂടെ കൂടിയിട്ടുണ്ട്.. ഇനിയിപ്പോ എന്തൊക്കെ സംഭവിക്കും ആവൊ..ഭഗവതി.."
കാര്യം അമ്പലത്തിലൊക്കെ പോയി തൊഴുത്തിട്ട് വര്ഷമൊന്നു കഴിഞ്ഞെങ്കിലും നായികയ്ക് അപ്പോൾ ദേവിയോട് ഒരു ബഹുമാനമൊക്കെ തോന്നി.
സുലോചനാന്റിയുടെ അഭിപ്രായ പ്രകാരം പോറ്റിയുടെ അടുത്ത് ചെന്ന് ചരട് ജപിച്ചു കെട്ടാൻ തന്നെ തീരുമാനിച്ചു..അപ്പോഴാണ് സഹമുറിയത്തി നീതു നല്ലൊന്നാന്തരം ഒരു ഇൻസ്റ്റന്റ് സൊല്യൂഷനുമായി പ്രത്യക്ഷപ്പെട്ടത്. എഞ്ചിനീയറിംഗ് പഠിച്ചു പഠിച്ചു അവളൊരു ഇന്റഗ്രേഷൻ ചിഹ്നം പോലെ വളഞ്ഞു തുടങ്ങിയിരുന്നു..
മലപ്പുറത്തെ പ്രസിദ്ധനായ ജ്യോത്സനെ വിളിക്കുമ്പോൾ ആകാംഷ നിറഞ്ഞ മുഖവുമായി നീതു കൂടെത്തന്നെ ഇരുന്നു..ജ്യോത്സൻ പേരും നാളും ചോദിച്ചു..
പിന്നെ പരശുറാം എക്സ്പ്രസ്സ് വിട്ട പോലെ പറഞ്ഞു തുടങ്ങി..."ഞാൻ കാണുന്നു"..എന്തര് എന്ന് ചോദിയ്ക്കാൻ വന്നെങ്കിലും നായിക അത് ശടേന്ന് കടിച്ചമർത്തി..അയാളുടെ ഫ്ലോ കളയേണ്ടന്നു കരുതി.."അത് നിന്റെ കൂടെയുണ്ട്..സഹോദര ഭാവമാണ്"..
ഏതു..ആവൊ..പിന്നീട് അയാൾ മനസ്സിലാവാത്ത ഏതോ ശ്ലോകം ചൊല്ലി..നീതുവിന്റെ മുഖഭാവം കണ്ടാൽ തമിഴ് നാട് തീരത്തു സുനാമി വരുമ്പോൾ കേരളത്തിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾക്കുണ്ടാകുന്ന ഒരു തരം പകപ്പ് എഴുന്നു നിന്നിരുന്നു..
ജ്യോത്സൻ മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞു തുടങ്ങി..ആദ്യം കുറെ ചോദ്യങ്ങളായിരുന്നു.."നീ കോളേജിൽ പോവാറുണ്ടോ"..ഉണ്ടെന്നു മറുപടി കൊടുത്തു.."നീ ഭക്ഷണം കഴിക്കാറുണ്ടോ" ..
ഇയാൾക്ക് വട്ടാണൊന്നു ചോദിയ്ക്കാൻ വിചാരിച്ചു ചോദിച്ചില്ല..അടുത്ത ചോദ്യം "നീ വെള്ളം കുടിക്കാറുണ്ടോ"..ഉണ്ട്..."ആആ...എന്നാൽ അവനും ആഗ്രഹമുണ്ട് ഇതിനെല്ലാം..അവനും നിന്നെ പോലാണ്"..
ഈശ്വര ഏതവൻ..ഇയാൾക്കെന്താ ഭ്രാന്തായോ..അയാൾ തുടർന്നു.."ദുര്മരണം സംഭവിച്ച ഏതോ ഒരു യുവാവിന്റെ ആത്മാവാണ്..നിന്റെ സഹോദര സ്ഥാനത്താണ്..ആളുടെ കർമങ്ങൾ പൂര്ണമായില്ല..മോക്ഷം കിട്ടാതെ അലയുകയാണ്..ആളൊഴിഞ്ഞു പോവാൻ നവഗ്രഹ പൂജ ഉത്തമം..ഉടൻ നടത്തിയാൽ നന്ന്..."
ഒരുവിധത്തിൽ ഫോൺ വെച്ചു..നീതുവിനെ നോക്കി..അവൾ അടികിട്ടിയ പോലിരിക്കുകയാണ്..ഇത്രയും കാലം രണ്ടാൾ മാത്രം താമസിച്ചിരുന്നതെന്നു നമ്മൾ ധരിച്ച മുറി 3 ഷെറിങ് ആയിരുന്നു എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ രണ്ടുപേർക്കും സാധിച്ചില്ല..അപ്പോൾ ഏട്ടനും കേട്ടിരിക്കണം നമ്മുടെ പരദൂഷണങ്ങൾ.. ശെടാ ഇതാരാ എന്നോട് ഇത്രയും സഹോദര സ്നേഹമുള്ള ഒരാൾ..ഏതായാലും കാര്യം കൊള്ളാം.സിവിൽ സർവീസ് പരീക്ഷയ്ക്കൊക്കെ പോവുമ്പോൾ ഒരാൾ കൂടെയുണ്ടാവുന്നതു നല്ലതാണ്..ഉത്തരം പറഞ്ഞു തരാൻ എളുപ്പമാണല്ലോ..ഞാൻ ഗന്ധർവ്വൻ സിനിമയിലെ സുമാനയെപ്പോലെ ഞാൻ ഒരു ചിരി ചിരിച്ചു..പക്ഷെ ആ സമാധാനവും സന്തോഷവും അധികനേരം നിന്നില്ല..ഉറങ്ങാൻ കിടന്നപ്പോൾ ജ്യോത്സന്റെ കുതിക്കുട്ടിയുള്ള ചോദ്യങ്ങൾ കാതിൽ അലയടിച്ച തുടങ്ങി.."നീ ചായ കുടിക്കാറുണ്ടോ..വെള്ളം കുടിക്കാറുണ്ടോ..അവനും വേണം അതൊക്കെ.."
എഴുത്തു മേശയ്ക്കരികിലിട്ട കസേരയിൽ അവനിരുന്നു വെള്ളം ചോദിക്കുന്ന പോലെ തോന്നിത്തുടങ്ങി..ഒരു നീണ്ട കൈ വന്നു തൊട്ടപ്പോൾ ഞെട്ടിയുണർന്നു..വാഴ വെട്ടിയിട്ട പോലെ വിശാലമായിക്കിടക്കുന്ന നീതുവിന്റെ കയ്യാണെന്നു കണ്ടപ്പോൾ സമാധാനമായി..എന്നാലും ഒരുവേള സംശയം..ഇനി ഇതവനെങ്ങാനുമാണെങ്കിലോ..അർജുന ഫല്ഗുണ..ചൊല്ലുന്നതിനൊപ്പം ഇന്നാള് നീതുവിന്റെ കൂടെ വെട്ടുകാട്ട് പള്ളിയിൽ പോയി വാങ്ങിയ ചെറിയ ബൈബിളും കയ്യിൽ മുറുകെ പിടിച്ചു..ഇനി അര്ജുനനെയും ഫൽഗുനനെയും ഒന്നും അറിയാത്ത ക്രിസ്ത്യൻ ചേട്ടനാണെങ്കിലോ..ഒരു ഖുറാനും സംഘടിപ്പിച്ചു വെക്കാമായിരുന്നു..മനസ്സിലോർത്തു..പ്രേതങ്ങളെ പുഛിച്ച ഞാൻ മെല്ലെയൊരു പ്രേത വിശ്വാസിയായി മാറുകയായിരുന്നു..വിപ്ലവകരമായ ഒരു പരിവർത്തനം.
ഒരു ദിവസം അമ്മയെ വിളിച്ചു പറഞ്ഞു.അമ്മെ വീട്ടിലൊരു നവഗ്രഹ പൂജ കഴിപ്പിക്കണം..നിനക്ക് വട്ടാണ് പെണ്ണെ എന്നും പറഞ്ഞു 'അമ്മ ഫോൺ വെച്ചത് മിച്ചം..
ഏതായാലും അന്ന് മുതൽ ഒരു സെക്യൂരിറ്റിയൊക്കെ തോന്നിത്തുടങ്ങി..രണ്ടു പെണ്മക്കളുള്ള വീട്ടിൽ ജനിച്ച എനിക്ക് ആഗ്രഹിച്ച പോലെ ഒരേട്ടനെ കിട്ടി..രാത്രിയിൽ വാട്ടർ ബോട്ടിലിൽ വെള്ളം നിറച്ചു വെക്കാൻ ശീലിച്ചു..അവനെങ്ങാനും വേണ്ടി വന്നാലോ..ഏതായാലും ഹോസ്റ്റൽ വിട്ട് വീട്ടിൽ വന്നപ്പോൾ കഴിച്ച ഇരുമ്പുസത്തു ഗുളിക കാരണമാണോന്ന് അറിയില്ല..ഏട്ടൻ കുറേക്കാലത്തേക്കു വന്നില്ല..എങ്കിലും ഇപ്പോഴും ഒറ്റപ്പെടുമ്പോഴും പേടി തോന്നുമ്പോഴും ഏട്ടനെന്ന ചിന്ത ധൈര്യത്തിന്റെ പുഞ്ചിരിയായി എന്നിൽ വിരിയാറുണ്ട്....
ഏട്ടന്റെ സ്വന്തം അനിയത്തിക്കുട്ടി
by Divya Pariyarath Payyadakkath
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക