നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മിസ്സിസ്. സാബിയ ഫെർണാണ്ടസ്

Image may contain: 1 person, closeup
****
“മാം, ഗൈനക്ക് വാർഡിലേക്കൊന്ന് വരുമോ ? ആ പോലീസുകാരൻ നഴ്സിംഗ് കെയർ മോശമെന്ന് പറഞ്ഞു ബഹളമുണ്ടാക്കുന്നു..”
വാർഡിൽ നിന്നും സൂസൻ സിസ്റ്ററുടെ ഫോൺ വന്നപ്പോൾ, നോക്കി കൊണ്ടിരുന്ന അറ്റെൻഡൻസ് രജിസ്റ്റർ മടക്കിയെഴുന്നേറ്റു.
മുംബൈ നഗരത്തിലെ പ്രധാന ആശുപത്രികളിലൊന്നിൽ നഴ്സിംഗ് സൂപ്പറിൻഡന്റായി ജോലി ചെയ്യാൻ തുടങ്ങിയിട്ട് വര്ഷങ്ങളായി. ആയിരക്കണക്കിന് രൂപയാണ് ദിവസവും മുറി വാടകയിനത്തിൽ തന്നെ രോഗിയുടെ കൈയിൽനിന്നും അധികൃതർ ഈടാക്കുന്നത് .അത് കൊണ്ട് തന്നെ ചെറിയൊരു പിഴവ് പോലും ക്ഷമിക്കാത്ത രോഗികളും ബന്ധുക്കളും.
ലിഫ്റ്റിൽ വിരലമർത്തിയപ്പോഴാണ് ശ്രദ്ധിച്ചത്. ഗ്രില്ലിട്ട വാതിലിൽ കറുത്ത വലിയ അക്ഷരത്തിൽ ടൈപ്പ് ചെയ്തൊട്ടിച്ചിരിക്കുന്നു- “Lift under maintenance”
മൂന്നാം നിലയിൽ നിന്നും ഏഴാം നിലയിലേക്കുള്ള ചവിട്ടു പടികളിലേക്കു കാലെടുത്ത വെച്ചപ്പോൾ വീണ്ടും കോട്ടിന്റെ പോക്കറ്റിൽ നിന്നും ഫോൺ ബെല്ലടിച്ചു.
ഫോണെടുത്തു നോക്കിയപ്പോൾ റോബിന്റെ നമ്പറാണ്. ഇതിപ്പോൾ രാവിലെ ഒൻപതു മണിമുതൽ പതിനൊന്നു മണിവരെയെത്രാമത്തെ കോളെന്നു റോബിനും തീർച്ചയുണ്ടാവില്ല . കോൾ കട്ട് ചെയ്തു ഫോൺ വീണ്ടും പോക്കറ്റിലേക്കിട്ടു . ഏണിപ്പടികൾ പതിന്മടങ്ങു് വേഗത്തിലോടി കയറി നേരെ നഴ്സിംഗ് വാർഡിലേക്ക് ചെന്നു.
സൂസൻ സിസ്റ്ററേയും കൂട്ടി റൂം നമ്പർ 15- ൽ ചെന്നപ്പോൾ പോലീസുകാരൻ ദേഷ്യത്തിലാണ്. രോഗിക്ക് കൊടുത്ത ഡിസ്ചാർജ് സമ്മറി മാറിപ്പോയതാണ് കാരണം. നഴ്സിന്റെ ഭാഗത്തു നിന്നുള്ള വീഴ്ച. സാധാരണ നോർമൽ ഡെലിവറി കഴിഞ്ഞ സ്ത്രീകൾക്ക് കൊടുക്കുന്ന മരുന്നും മറ്റു കാര്യങ്ങളും ഒന്ന് തന്നെ. അത് കൊണ്ടാവും നേഹ സിസ്റ്ററുടെ ഭാഗത്തു നിന്നും അങ്ങിനെയൊരു വീഴ്ചയുണ്ടായതും .
അയാൾ ഇംഗ്ലീഷിലെഴുതി തന്ന മൂന്ന് പേജുള്ള പരാതി കണ്ടു ശരിക്കും കണ്ണ് തള്ളി. ഓ ജീസസ്! ഇതു കണ്ടാൽ നേഹയുടെ ജോലി അവതാളത്തിലാകും. പണത്തിന്റെ ഹുങ്കുകൊണ്ടാവും, എത്ര വിശദീകരിച്ചിട്ടും അയാൾ പരാതി പിൻവലിക്കാൻ കൂട്ടാക്കുന്നില്ല. ഒടുവിൽ നിരാശയോടെ അതുമായി പടികളിറങ്ങുമ്പോൾ വീണ്ടും ഫോൺ.ഇത്തവണ അതെടുത്തു സംസാരിച്ചു.
“റോബിൻ, സീ, ഇന്നലെ സൺഡേ ആയിരുന്നു. സാലറി ബാങ്കിൽ വരാൻ സമയമെടുക്കും.. ജസ്റ്റ് വെയിറ്റ്”
താഴെയെത്തിയതും ക്യാമ്പിന്റെ മൂലയിൽ വെച്ചിരുന്ന കുപ്പിയിൽ നിന്നും രണ്ടു ഗ്ലാസ് വെള്ളമെടുത്തു കുടിച്ചു.
തിരിഞ്ഞപ്പോൾ മുന്നിൽ നേഹ സിസ്റ്റർ!
“മാം, എന്നോട് പൊയ്ക്കൊള്ളാൻ പറഞ്ഞു.. സാലറി പോലും കിട്ടാൻ ചാൻസ് കുറവാണു..”
അവളുടെ ശബ്ദത്തിനു പതർച്ച .കരയാതെ പിടിച്ചു നിൽക്കുകയാണ് പാവം.
ഭർത്താവിനെയും കുട്ടിയേയും നാട്ടിൽ വിട്ടു നല്ല ശമ്പളം കിട്ടുന്നത് കൊണ്ട് മാത്രം മുംബൈയിൽ എത്തിയതാണ് നേഹ.
കസേരയിലിരുന്ന് മേശ വലിപ്പിൽ നിന്നും ഹാൻഡ് ബാഗെടുത്തു. ചെക്ക് ബുക്കിൽ പതിനായിരം രൂപയെ ഴുതി അവളുടെ നേരെ നീട്ടി .
“ സിസ്റ്റർ, ഇതു വെച്ചോളൂ. ഇപ്പോളെനിക്കിതേ ചെയ്യാൻ പറ്റു .അത്യാവശ്യം വന്നാൽ വിളിക്കാൻ മറക്കണ്ട” അത് വാങ്ങി, കണ്ണ് തുടച്ചവർ പുറത്തേക്കു പോയി.
എത്ര വലിയ സ്ഥാനത്തിരുന്നാലും ചില സമയങ്ങളിൽ ചിലരുടെ കണ്ണീരിനു മുന്നിൽ ഒന്നുമല്ലാതെയായി തീരും. അതുപോലൊരു നിമിഷം കണ്മുന്നിലൂടെ കടന്നു പോവുമ്പോൾ കണ്ണടക്കുന്നതു തന്നെ നല്ലതു.
കണ്ണടച്ച് കസേരയിലേക്ക് ചാരി.
അഞ്ചു മിനിട്ടു കഴിഞ്ഞു കൈകൾ കൂട്ടി തിരുമ്മി കണ്ണ് തുറന്നു .പന്ത്രണ്ടു മണിക്ക് മെഡിക്കൽ സൂപ്രണ്ടുമായി മീറ്റിങ്ങുണ്ട്. ഇന്നത്തെ മീറ്റിംഗിൽ നേഹ സിസ്റ്റർ തന്നെയാവും പ്രധാന വിഷയം . പിന്നെ പതിവ് പോലെ കുറെ ശകാരം.പുതുതായി വരുന്നവർക്ക് നേരെ ചൊവ്വേ ട്രെയിനിങ് കൊടുക്കുന്നില്ലെന്ന പരാതി. വാങ്ങുന്ന പൈസക്ക് കൂറ് കാണിക്കുന്നില്ലെന്ന കുത്തലുകൾ.
എല്ലാം ആവർത്തന വിരസങ്ങൾ..
മീറ്റിംഗിന് മുന്നേ കുറച്ചു ജോലി ചെയ്തു തീർക്കാനായി കമ്പ്യൂട്ടറിലേക്ക് തിരിയുമ്പോൾ ഗൈനക്ക് വാർഡിലെ മാലിനി സിസ്റ്റർ ചിരിച്ചു കൊണ്ട് കയറി വന്നു.. കൈയിൽ വിലകൂടിയ ചോക്ലേറ്റും പേസ്ട്രിയുമുണ്ട്.
“ നമ്മുടെ സെലിബ്രിറ്റി പ്രസവിച്ചു മാം. പെൺകുട്ടി “
ഒന്നും മിണ്ടാതെ ചോക്ലേറ്റ് മാത്രമൊന്നെടുത്തു .സിസ്റ്റർ തിരിച്ചു നടക്കാൻ തുടങ്ങിയപ്പോഴാണത് ശ്രദ്ധിച്ചത്..
“സിസ്റ്റർ നിങ്ങളുടെ നെയിം പ്ലേറ്റ് എവിടെ ?”
“ മാം .. സോറി “ അവർ വിശദീകരിക്കാൻ തുടങ്ങിയപ്പോൾ ഇടക്ക് കയറി..
“വേണ്ട .. നിങ്ങളുടെ ചെറിയ തെറ്റുകൾക്ക് പോലും വിശദീകരണം കൊടുക്കേണ്ടത് ഞാനാണ്. എത്ര വർഷമായി ജോലിക്കു കയറിയിട്ട്? ഇനിയും ഇതൊന്നും പഠിച്ചിട്ടില്ലേ ?And look at your socks.It is so dirty”
പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. അവർ നിറകണ്ണുകളോടെ പുറത്തേക്കു പോയി..
മനസ്സിൽ സന്തോഷത്തിന്റെ ചെറിയൊരല !
അവർ തന്ന ചോക്ളേറ്റ് മേശവലിപ്പിലേക്കിട്ടു, കമ്പ്യൂട്ടറിലേക്ക് തിരിഞ്ഞു. ഒരു കണക്കിന് നഴ്സുമാർ സാധുക്കളാണ് .കേൾക്കുന്ന വഴക്കും പരിഭവങ്ങളും രോഗി കൊടുക്കുന്ന മധുരത്തിൽ അലിയിച്ചു കളയുന്ന സാധുക്കൾ.
ഡോക്ടർസ് റൗണ്ട്സിന് വരുന്ന സമയമാണ്. കംപ്യൂട്ടറിലെ വീഡിയോ ക്യാമറ സർജറി വാർഡിനെ ഫോക്കസ് ചെയ്ത് വെച്ചപ്പോഴേക്കും റോബിന്റെ മെസ്സേജ് വീണ്ടും- “ സാബി, സാലറി വന്നോ?”
ചിരിക്കണോ കരയണമോയെന്ന് നിശ്ചയമില്ലാതെ ഫോൺ മേശയിൽ വെച്ച് ബാത്റൂമിലേക്കു നടന്നു.. അതില്ലാത്ത സമയമെന്തൊരു സ്വസ്ഥതയാണ്.
***
അറ്റൻഡർ ചായ കൊണ്ട് വന്നപ്പോൾ ഓർമിപ്പിച്ചു – “ മാം, സെക്കന്റ് ഇന്റർവ്യൂയിലേക്കുള്ള കുട്ടികൾ ഒരു പാട് നേരമായി കാത്തിരിക്കുന്നു “
“So what? ആവശ്യം അവരുടേതാണ്. എത്ര പേരുടെ മുന്നിൽ, എത്ര നേരം കാത്തിരിന്നിട്ടാണ് ഞാനീ കസേരയിലെത്തിയത് എന്നറിയാമോ? അതെല്ലാം പതിവാണ്.”
മെല്ലെ ചൂട് ചായ കപ്പു ചുണ്ടോടടുപ്പിച്ചു.ഒരു മണിക്കൂർ കഴിഞ്ഞു അവരെ ഓരോരുത്തരെയായി ഇന്റർവ്യൂവിന് വിളിച്ചപ്പോൾ പല മുഖങ്ങളിലും മടുപ്പു. അതുകൊണ്ടു തന്നെ ചോദ്യങ്ങൾക്കു മുന്നിൽ പലരും പതറി.
ഒടുവിൽ ഫയൽ മടക്കി വെള്ള കടലാസെടുത്തു അതിലെഴുതി- No one is eligible for the post of staff nurse.
ഫയൽ HR- ന്റെ ക്യാബിനിലേക്കു കൊടുത്തു വിട്ടൊന്നു റിലാക്സ് ചെയ്യുമ്പോഴേക്കും മൊബൈലിൽ റിമൈൻഡർ മുഴങ്ങി. “അപ്പോയ്ന്റ് വിത്ത് Dr .സന്ധ്യ!”
ഓ.. ഇന്ന് രണ്ടാം തീയതി ......ആറുമണി വരെ ഡോക്ടർ ഓ പിയിലുണ്ടാവും.ഓ പി യിലേക്ക് കടന്നു ചെല്ലുമ്പോൾ അവർ പോവാനായെഴുനേൽക്കുകയായിരുന്നു.
“സാബി, You are always late”- ഡോകട്ർ ബാഗ് തിരികെ മേശയിലേക്കു വെച്ചു
“I am sorry “
പതിവ് പരിശോധനകൾ കഴിഞ്ഞു ടേബിളിൽ നിന്നുമെഴുന്നേൽക്കുമ്പോൾ അവർ പറഞ്ഞു.
“You are absolutely alright. കഴിഞ്ഞ തവണ പറഞ്ഞത് തന്നെ ഞാൻ റിപ്പീറ്റ് ചെയ്യന്നു, സാബി, നിനക്കൊരു വെക്കേഷൻ ആവശ്യമാണ്. റോബിനുമായി ഒരു സെക്കന്റ് ഹണി മൂൺ. You will conceive. Iam sure.”
തിരികെ നടക്കുമ്പോൾ സമയം നോക്കി. ഓ ജീസസ്! ആറരക്ക് അഞ്ചു മിനിറ്റ് മാത്രം.. നാലു മണിക്ക് അക്കൗണ്ടിൽ സാലറി കയറിയതായി മെസ്സേജ് വന്നതാണ്.പുറത്തേക്കു നടക്കുമ്പോൾ റോബിന്റെ അക്കൗണ്ടിലേക്കു അമ്പതിനായിരം രൂപ ട്രാൻസ്ഫർ ചെയ്തു. അവൻ കൂട്ടുകാരുമായി സന്തോഷിക്കട്ടെ...
ചർണി സ്റ്റേഷനിൽ അന്ധേരിയിലേക്കുള്ള ലോക്കൽ ട്രയിൻ കാത്തു നിൽക്കുമ്പോൾ ഗീതിക വന്നു. അടുത്തൊരു ട്രാവൽ ഏജൻസിയിൽ ജോലി ചെയ്യുകയാണവൾ. വര്ഷങ്ങളായി ഒരു മണിക്കൂർ നേരത്തെ ഈ യാത്രയിൽ അവളാണ് സന്തത സഹചാരി.തിരക്കിനിടയിലൂടെ വല്ല വിധേനയുമകത്തു കടന്നു. സീറ്റിലിരിക്കുമ്പോൾ അവൾ ചോദിച്ചു..
“സാബി, നീ ഡോക്ടറെ കണ്ടോ ?”
എന്റെ ചില കാര്യങ്ങൾ എന്നെക്കാൾ നിശ്ചയം അവൾക്കാണ്..
“ഉം.. ഞാൻ കണ്ടു. കഴിഞ്ഞ തവണ പറഞ്ഞത് തന്നെ..”
“നിനക്ക് പോയ് കൂടെ? റോബിനുമായി എങ്ങോട്ടെങ്കിലും. പ്രത്യേകിച്ചും രണ്ടു പേര്ക്കും പ്രശ്നങ്ങളില്ലാത്ത സ്ഥിതിക്ക്, കുഞ്ഞുണ്ടാവാൻ ഒരു മാറ്റം നല്ലതാണു. ഗോവയിൽ ഇപ്പോൾ സീസൺ അല്ല. ഞാൻ നല്ല പാക്കേജെടുത്തു തരാം..”
“ഉം. നിനക്കറിയില്ലേ ഗീതിക? ആശുപത്രിയിൽ നിന്നും മാറി നില്ക്കാൻ പറ്റിയ അന്തരീക്ഷമല്ല . മാറിയാൽ കസേര തെറിക്കും. അതിനു കാത്തിരിക്കുകയാണ് പലരും “
“നീ കസേരയും കെട്ടിപിടിച്ചിരുന്നോ.. വയസായി തിരിഞ്ഞു നോക്കുമ്പോൾ നിനക്ക് കുറെ ഡിഗ്രി അല്ലാതെ മറ്റൊന്നും ഉണ്ടാവില്ല.. പിന്നെ നീ എന്തിനാണ് വിവാഹം കഴിച്ചത്..? അല്ലെങ്കിൽ ഞാൻ ഒന്ന് പറയാം. അവനെ അവന്റെ വഴിക്കു വിട്. നിനക്ക് നിന്റെ വഴിയും.. ” അവൾ ദേഷ്യത്തോടെ മുഖം തിരിച്ചു, പുറത്തേക്കു കണ്ണ് പായിച്ചു.
“ ചില ചോദ്യങ്ങള്ക്ക് നമ്മുടെ കൈയിൽ മറുപടി കാണില്ല.”
മടിയിൽ നിവർത്തിവെച്ചിരിക്കുന്ന വിരലുകളിലേക്കു നോക്കി ആരോടെന്നില്ലാതെ പറഞ്ഞു .
“മറുപടി ഉണ്ട് സാബി.. എല്ലാത്തിനും മറുപടി ഉണ്ട്. മനസു വെക്കണമെന്ന് മാത്രം.”
ഗീതികയോടൊപ്പം ഞാനും പുറത്തെക്ക് നോക്കി...
ഇരുട്ടു കനം വെച്ച് തുടങ്ങി, ജനലിനപ്പുറത്തും മനസിലും...
സ്റ്റേഷനിലിറങ്ങി ഗീതികയോട് യാത്ര പറഞ്ഞു ഫ്ലാറ്റിലേക്ക് നടന്നു.
"ആജ് ക്യോമ് ഇ ത്ത് ന ദേർ ഹോ ഗയി മാം "?
ഗേറ്റിൽ നിൽക്കുന്ന സെക്യൂരിറ്റിക്ക് എന്തെല്ലാം കാര്യങ്ങൾ അറിയണം ? ദേഷ്യം തോന്നി. ഇപ്പോൾ എല്ലാറ്റിനോടും വല്ലാത്ത ദേഷ്യം. നേഴ്സായ് ജോലി ചെയ്തിരുന്ന സമയം എത്ര സൗമ്യയായിരുന്നു. അയാളുടെ ചോദ്യം ശ്രദ്ധിക്കാതെ ലിഫ്റ്റിനടുത്തേക്കു നടന്നു.
മൂന്ന് വർഷമായി ഈ ഫ്ലാറ്റ് സ്വന്തമാക്കിയിട്ടു . പക്ഷെ ഇതുവരെയും ആരെയും പരിചയപ്പെടാൻ സാധിച്ചിട്ടില്ല. സമയം കിട്ടിയിട്ടില്ല എന്നതാണ് സത്യം.ലിഫ്റ്റില് കയറുമ്പോഴെല്ലാം പുതിയ മുഖങ്ങൾ.. കൂടുതലും വാടകക്ക് താമസിക്കുന്നവരാവും.
അഞ്ചാം നിലയിലെ ഫ്ലാറ്റിലെത്തി വാതിൽ തുറന്നതും റോബിന്റെ മെസെജ്ജെത്തി .
” Don’t wait for me”
എന്തെന്നില്ലാത്ത ദേഷ്യത്തോടെ ബാഗ് മുറിയിലേക്ക് വലിച്ചെറിഞ്ഞു. ദേഹം മൊത്തം കൊളുത്തി വലിക്കുന്ന വേദന.. ദിനവും മണിക്കൂറുകളോളളമുള്ള യാത്രയും അലച്ചിലും വർധിച്ചു കൊണ്ടിരിക്കുന്ന പ്രായവും.. നല്ല ചൂട് വെള്ളത്തിൽ ഒന്ന് കുളിച്ചാൽ കുറെ ക്ഷീണം മാറി കിട്ടും. ബാത്ത് റൂമിൽ കടന്നു ഗീസെർ ഓൺ ചെയ്തു .
മുഖത്തേക്കും കണ്ണുകളിലേക്കും കുറെ തണുത്ത വെള്ളം കോരിയൊഴിച്ചു.. മുഖമുയർത്തി കണ്ണാടിയിലേക്കു നോക്കിയപ്പോൾ അവിടെ കണ്ടത് എട്ടു വയസുകാരി സാബി ..കൂടെ അവളുടെ കൈയിൽ തൂങ്ങി അഞ്ച് വയസുകാരൻ റോബിനും..
“ സാബി “
അവന്റെ കുഞ്ഞു മനസിൽ നിറയെ സംശയങ്ങൾ. അതിനെല്ലാം ഉത്തരം കൊടുക്കേണ്ട ചുമതല എട്ടുവയസുകാരിക്കാണ് .എല്ലാവരെയും പോലെ അവനും സാബിയെന്നാണവളെ വിളിച്ചിരുന്നത്.
“എന്താ സാബി നമുക്ക് പപ്പയും മമ്മയും ഇല്ലാത്തതു. സ്കൂളിൽ എല്ലാ കുട്ടികൾക്കും ഉണ്ടല്ലോ..”
എട്ടുവയസുകാരി വാത്സല്യത്തോടെ അവനെ ചേർത്ത് പിടിച്ചു .
“നമ്മളോട് ദൈവത്തിന് കൂടുതൽ സ്നേഹമാണ് റോബി.. നീ ഓർക്കുന്നില്ലേ മദർ പറയുന്നത്. നമ്മൾ ദൈവത്തിന്റെ കുട്ടികളാണ്. നമുക്ക് മദർ ഉണ്ടല്ലോ. ആ കുട്ടികൾക്ക് നമ്മളെ പോലെമദർ ഇല്ല. ദൈവം എല്ലാവർക്കും എല്ലാം കൊടുക്കില്ലറോബി”
റോബിൻ അവളുടെ കൈ തട്ടി മാറ്റി..
“പിന്നെ , ദൈവത്തിന് ഒട്ടും സ്നേഹമില്ല സാബി.. നല്ല ഉടുപ്പ്, പുസ്തകം ,ബാഗ് ഇതൊന്നും നമുക്കില്ല.. സ്കൂളിലെ ഓരോ കുട്ടികളെ കാണണം “
“ഞാൻ വലുതാവട്ടെ. പഠിച്ചു ജോലി ചെയ്തു എന്റെ റോബിക്കിഷ്ടമുള്ളതൊക്കെ വാങ്ങി തരും.. "
“നീ വലുതാവാനെത്ര നാളെടുക്കും സാബി..?”
അവൻ ദേഷ്യവും സങ്കടവും സഹിക്കാതെ അവളിൽ നിന്നും ഓടി മറഞ്ഞു.
“റോബി..”നിറം മങ്ങിയ ഇറക്കം കുറഞ്ഞു ഫ്രോക്ക് വലിച്ചിട്ടു സാബി അവന്റെ പിന്നാലെ ഓടി.. പിണങ്ങി പിരിഞ്ഞ കുഞ്ഞനിയനെ ചേർത്ത് പിടിക്കാൻ വെമ്പുന്ന വലിയേച്ചിയായി..
മുഖത്തേക്ക് വീണ്ടും തണുത്ത വെള്ളം കോരിയൊഴിച്ചു കണ്ണാടിയിലേക്കു വീണ്ടും നോക്കിയപ്പോൾ ഇത്തവണയവിടെ സാബിയും റോബിനും വളർന്നിരിക്കുന്നു. നരച്ച കുർത്തിയിട്ടു മുടി പൊക്കി കെട്ടി വെച്ച ഇരുപത്തി മൂന്ന്കാരി സാബി സുന്ദരിയാണ്. അടുത്ത് നിൽക്കുന്ന ഇരുപതുകാരന്റെ
മുഖത്തങ്ങിങ്ങായി കിളിർക്കുന്നു മീശയും താടി രോമങ്ങളും. കണ്ണുകളിൽ നിഷേധിയുടെ ഭാവം..
അവർ നിൽക്കുന്നത് സാബി പഠിക്കുന്ന നഴ്സിംഗ് സ്കൂളിനടുത്തുള്ള റോഡ് സൈഡിലെ ചാട്ട് വാലയുടെ അടുത്താണ്..
“റോബിൻ നീ ഇനി പഠിക്കുന്നില്ലേ ?”
“ഇല്ല സാബി എനിക്ക് വയ്യ.. ഞാൻ എവിടെയെങ്കിലും ചെറിയ ജോലിക്കു പോവാം. എനിക്ക് വയ്യ.. പഠിക്കാൻ”
സാബി കൈയിലിരുന്ന ചെറിയ പേപ്പർ പ്ലേറ്റിലെ ഭേൽ പൂരിയിൽ വെറുതെ സ്പൂൺ കൊണ്ട് ഇളക്കി .
“നീ എനിക്ക് മറുപടി തന്നില്ല സാബി.. “
സാബി ഉത്തരം പറഞ്ഞില്ല.
“ഞാൻ നിന്നെ ഒരു പാട് സ്നേഹിക്കുന്നു സാബി. നീ ഇല്ലാതെയെനിക്ക് ജീവിക്കാൻ സാധിക്കില്ല “
“റോബി.. മദർ അറിഞ്ഞാൽ.. നീ ആലോചിച്ചിട്ടുണ്ടോ..?”
“എനിക്ക് നിന്റെ മറുപടി അറിഞ്ഞാൽ മതി. “അവൻ കൈയിലിരുന്ന പാത്രം ചവറ്റു കുട്ടയിലേക്കു വലിച്ചെറിഞ്ഞു മുന്നോട്ടു നടന്നു.. ചെറിയ പഴ്സിൽ നിന്നും ചില്ലറ തപ്പിയെടുത്തു ചാട്ട് വാലക്ക് കൊടുത്തു സാബി അവന്റെ പിന്നാലെ ഓടി. .
ഉത്സവ പറമ്പിലെ ആൾകൂട്ടത്തിൽ കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മയുടെ ആകുലതകളുമായി..
വസ്ത്രങ്ങൾ ഊരി മാറ്റി ഹാൻഡ് ഷവര് കൈയിലെടുത്തു .. നേരിയ ചൂട് വെള്ളം ദേഹത്തേക്ക് തെറിച്ചു വീഴാൻ തുടങ്ങിയപ്പോൾ എന്തെന്നില്ലാത്ത സുഖം.. ആ അനുഭൂതിയിൽ കണ്ണുകളടച്ചു..
അടഞ്ഞ കണ്ണുകൾക്കുളിൽ കാണാം മദർ ക്ളൗഡിയ .. വെളുത്ത വസ്ത്രത്തിനുള്ളിൽ എപ്പോഴും മദറിന് സൗമ്യ ഭാവമാണ്. പഠിക്കാൻ മിടുക്കിയായ സാബിയെ ഇഷ്ടമെങ്കിലും റോബിനോടാണ് കൂടുതൽ ചായ്വ്. ഇന്നവരുടെ കണ്ണുകളിൽ വല്ലാത്ത ദേഷ്യം തിരയടിക്കുന്നു.
“സാബി.. ഞങ്ങൾ നിന്നെയെത്ര പഠിപ്പിച്ചു. നീ പഠിക്കാൻ മിടുക്കി തന്നെ. എന്നാലും ഞങ്ങളത് ചെയ്തില്ലെങ്കിലോ.. അതിന്റെ പ്രതിഫലം ചോദിക്കുകയാണെന്നു വിചാരിച്ചാൽ മതി. റോബി നമുക്കിടയിലെ വഴി തെറ്റി പോയ കുഞ്ഞാടാണ്. അവനെ നീ നേർവഴിക്കു കൊണ്ട് വരണം..നിന്റെ സ്നേഹത്തിനത് സാധിക്കും..”
മദറിന് മുന്നിൽ സാബിക്ക് ഒരിക്കലും മറുപടി ഉണ്ടായിരുന്നില്ല. ബി എസ് സി നഴ്സിങ്ങ് കഴിഞ്ഞ് എം എസ് സി പഠിക്കണമെന്ന് പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ മദർ അനുവാദം നൽകി. സാധാരണ ഓർഫനേജിലെ കുട്ടികൾക്ക് അത്ര സൗകര്യം നൽകാറില്ല.
നിറയെ തൊങ്ങലുകളുള്ള വെള്ള ഗൗണിട്ട് ..തലയിൽ മുത്തുകൾ പതിപ്പിച്ച ചെറിയ ക്രൗൺ വെച്ച് സാബി റോബിന്റെ മണവാട്ടിയായി. അവൾക്കപ്പോഴും അറിയില്ലായിരുന്നു, അവനോട് തോന്നിയ വികാരങ്ങളുടെ പേര്... ഒന്നും മാത്രം അറിയാമായിരുന്നു.എട്ടു വയസുകാരി അവനു കൊടുത്ത വാക്ക്.
അവൾ പഠിച്ചു .പഠിച്ചു കൊണ്ടേയിരുന്നു. ലക്ഷങ്ങൾ ശമ്പളമായി കൈപ്പറ്റുന്ന ജോലി ലഭിക്കും വരെ.. റോബിന് ആവശ്യമുള്ളതെല്ലാം വാങ്ങിക്കൊടുത്തു.
മുംബൈ പോലെയുള്ള നഗരത്തിൽ റോബിൻ ദിനം പ്രതി വഷളായി കൊണ്ടിരുന്നു. അതിനും മദറിൽ നിന്നും വീണ്ടും കുത്തുവാക്കുകൾ..
“ കൂട്ടം തെറ്റിയ കുഞ്ഞാടിനെ നേർവഴിക്കു നടത്താനറിയാത്തവൾ. ഇതിനാണോ സാബി അവനെ നിന്റെ കൈയിൽ ഞാൻ ഏല്പിച്ചത്.”
മേൽ കഴുകി വന്നു ഒരു ഗ്ലാസ് ചായ ഉണ്ടാക്കി. ബ്രെഡ് ടോസ്സ്റ്ററിൽ രണ്ടു റൊട്ടി കഷ്ണങ്ങൾ പൊരിച്ചെടുത്തു . മറ്റൊന്നും ചെയ്യാനില്ലാതെ ചായ കപ്പുമായി ജനാലക്കരികെ ചെന്ന് നിന്നു.
താഴെ മടുപ്പിക്കുന്ന നഗര കാഴ്ചകൾ! വണ്ടികളുടെ കാതടപ്പിക്കുന്ന ഹോൺ ശബ്ദങ്ങൾ. തൊട്ടടുത്തെ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന തീവണ്ടികളുടെ അന്നൗൺസ്മെന്റ് .
ജനാല വലിച്ചടച്ചു സോഫയിൽ വന്നിരുന്നപ്പോൾ റോബിനുമായുള്ള ബന്ധം വലിച്ചു നീട്ടി കൊണ്ടുപോവുന്നതിനെ കുറിച്ചായി ചിന്ത .ഗീതിക പറയുന്നത് ശരിയാണ്.എല്ലാ സമസ്യകൾക്കും മറുപടി ഉണ്ട്... ഡോക്ടർ പറയുന്ന പോലെ രണ്ടാം ഹണിമൂൺ. ഓർത്തപ്പോൾ ചിരി വന്നു. ഇത്ര വലിയ ഫലിതത്തിന് മുന്നിൽ ചിരിക്കാതെ പിടിച്ചു നിൽക്കാനെങ്ങിനെ കഴിഞ്ഞോ?
റോബിന് ഒരു ഇണയെ വേണമെന്ന് മദറിന് തോന്നിയില്ല. അവർക്കു വേണ്ടത് അവനെ നേർവഴിക്കു നടത്താൻ കഴിവുള്ള ഒരാളെയായിരുന്നു. കഴിഞ്ഞപത്തു വർഷമായി അതിനുള്ള പരിശ്രമങ്ങൾ. തിരുത്താൻ നോക്കുമ്പോൾ റോബിന്റെ വക ആട്ടും തുപ്പും..
“എനിക്ക് നിന്റെ പണം മാത്രം മതി സാബി.. നിന്റെ ദേഹം പോലും വേണ്ട “വല്ലാത്ത അറപ്പോടെ അടുത്ത്നിന്നും എണീറ്റ് സോഫയിൽ കിടക്കുന്ന റോബിൻ .
റോബിന് കുട്ടികളെ കൊടുക്കാത്തതിൽ മദറിന്റെ വക ശകാരം " നിനക്ക് ജോലിയും കാശും മതിയല്ലോ. എന്റെ റോബിയുടെ ജീവിതം തുലച്ചു ".
ആ വാക്കുകൾ ഓര്മവരുമ്പോൾ ചില കണക്കു കൂട്ടലുകളോടെ രാത്രികളിൽ ലജ്ജയില്ലാതെ അവന്റെ അടുത്തേക്ക്. ഒരു പക്ഷെ ഒരു കുഞ്ഞു ജനിച്ചാൽ അവൻ നേരയായല്ലോ ? പിന്നെ അതും മടുത്തു.കഴിഞ്ഞ രണ്ട് വർഷമായ് മദ്യലഹരിയിൽ മതിമറന്നുറങ്ങുന്ന റോബിനെ അവഗണിച്ച് നേരം വെളുക്കുവോളം പി എച്ച് ഡി യുടെ തിരക്കിലേക്ക് ഊളിയിട്ടു.
രാത്രിയേറെ വൈകിയാണ് റോബിനെത്തിയത്. കാലുകൾ നിലത്തുറക്കുന്നില്ല.ഷൂ പോലും അഴിച്ചു വെക്കാതെ അവൻ സിറ്റിംഗ് റൂമിലെ കാർപെററിൽ കിടന്നു.
ഏറെ നേരം അവനെ നോക്കി നിലത്തിരുന്നു. ഗീതികയുടെ വാക്കുകളോർത്തു,വെള്ളനൈറ്റിയുടെ ഹുക്കിലേക്ക് കൈകളറിയാതെ ചെന്നു.
വേണ്ട.. ഇനി വയ്യ. അഴിച്ച ഹുക്കുകൾ വീണ്ടുമിട്ടു.
അകത്തേക്ക് നടന്നു .കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു.പിന്നെ എഴുന്നേറ്റ് വീടിന്റെ ഓരോ മുക്കും മൂലയും ആദ്യമായി കാണുന്ന പോലെ നോക്കി കണ്ടു.ഏറെ ആശിച്ച് സ്വന്തമാക്കിയ വീട്! ആശുപത്രിയിലെ ഇൻററ്റീരിയർ ചെയ്യുന്ന കുൽദീപിനെ കൊണ്ടാണ് ഇത്ര മനോഹരമാക്കിയത്. ഇത് സ്വന്തമായ ദിവസം എത്ര അഭിമാനമായിരുന്നു. എന്തെല്ലാം സ്വപ്നങ്ങളായിരുന്നു ?
ഏറെ നേരം ചുറ്റി നടന്നിട്ടും അവിടെ നിന്നും ഒന്നും എടുക്കാനില്ലെന്നു മനസിലായി. ബെഡ് റൂമിൽ ഷെൽഫിൽ വെച്ചിരുന്ന ഫ്രെയിം ചെയ്ത വിവാഹ ഫോട്ടോ മാത്രമെടുത്തു.പിന്നെ അതും തിരികെ വെച്ചു .
പെട്ടെന്ന് തന്നെ വേഷം മാറി .ചെറിയ ഷോൾഡർ ബാഗിലേക്കു സെര്ടിഫിക്കറ്റുകളും അത്യാവശ്യം തുണികളും എടുത്തു . റോബിൻ ഉറക്കം തന്നെ.
ലിഫ്റ്റിറങ്ങി പുറത്തേക്ക് നടക്കുമ്പോൾ മുന്നിൽ സെക്യൂരിറ്റി.
"മാം, ഇത്ത്ന സുബയ് കഹാം ജാത്തി ഹേ ?മേം ആപ് കേലിയെ ഗാഡി ... "
അയാളുടെ ചോദ്യം പൂർത്തിയാകുന്നതിനു മുന്നേ മുന്നോട്ടു നടന്നു.
കാതുകളിൽ അകലെ മുഴങ്ങുന്ന പള്ളി മണികൾ മാത്രമായിരുന്നു. അതിനടുത്ത വലിയ മതിൽക്കെട്ടിനുള്ളിലെ ഓർഫനേജും...
ഗീതിക, എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഇപ്പോഴെന്റെ കൈയിലുണ്ട്.. *** സാനി മേരി ജോൺ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot