Slider

ഭാര്യയുടെ "ലൈക്"

0
Image may contain: 1 person, beard
ഓണ്‍ലൈനില്‍ എഴുതാന്‍ തുടങ്ങിയതില്‍ പിന്നെ കല്യാണമായാലും, കാതുകുത്തായാലും, പ്രസവം കഴിഞ്ഞുള്ള കുളിയായാലും , ഇനി മരണ വീടായാലും എവിടെ പോയാലും ഒരു പോസ്റ്റ്‌ ഇടാനുള്ള എന്തെങ്കിലും വകയുണ്ടോ എന്ന് നോക്കിപ്പോവും – ശീലിച്ചുപോയി . ഇതൊന്നും എപ്പൊഴും ഒത്തുവരാത്തത്കൊണ്ട് ഞാനിപ്പോള്‍ എന്നും പോകുന്ന റോഡില്‍ തന്നെ അങ്ങും ഇങ്ങും നോക്കും. എപ്പോഴാ ഒരു ക്ലു വരുന്നതെന്ന് അറിയില്ലല്ലോ.
ശോ... ഇന്ന് ഉച്ച വരെയായിട്ടും ഒന്നും തടഞ്ഞില്ലല്ലോ എന്തെങ്കിലും എഴുതിയില്ലെങ്കിൽ കൈക്കൊരു തരിപ്പാണ്..മനസ്സിനൊരു മടുപ്പാണ്..
ടെൻഷൻ മാറാൻ ഇന്നലെ രാത്രി ഇട്ട പോസ്റ്റിനു എത്ര ലൈക് ആയെന്ന് നോക്കി. ഓ..നൂറാമത്തെ ലൈക്കും ഒരു കമന്റും വന്നിട്ടുണ്ട്.. അതും ഡോണ ഡ്യു ഡിംപിളിന്റെ ! ഹോ ! പേര് പോലെ തന്നെ വയനാടൻ തേനിന്റെ മധുരമായിരിക്കും അവളുടെ കമന്റിനും. അതിനു റിപ്ലൈ ഇടാൻ പോകുമ്പോഴാ കെട്ട്യോളുടെ ഫോൺ. ശല്യം ! എടുത്തില്ലെങ്കിൽ പ്രശ്നമാ..
.
"എടീ...എന്താ വിശഷമൊന്നുമില്ലല്ലോ ...എന്റെ കഥക്ക് നൂറു ലൈക് ഇപ്പൊ കിട്ടി. ഒരു റിപ്ലൈ അയച്ചിട്ട് തിരിച്ചു വിളിക്കാം ട്ടോ "
"ഓ...നിങ്ങൾക്ക് നൂറേ കിട്ടിയുള്ളൂ.. നമ്മൾ സാധനങ്ങൾ കടം വാങ്ങുന്ന കടക്കാരൻ ഇപ്പൊ എനിക്ക് ഒരു മുന്നൂറ് ലൈക് ഒന്നിച്ചു തന്നു.. പോരാത്തതിന് ഒരു പാരഗ്രാഫുള്ള പഞ്ചാര കമന്റും "
"ഹി..ഹി.....ഞാൻ ഇപ്പൊ വിളിക്കാം ട്ടോ "
ഫോൺ കട്ട് ചെയ്തു ഡോണ ഡിംപിളിനു മറുപടി കൊടുത്തപ്പോഴാണ് കെട്ട്യോൾ പറഞ്ഞതിൽ എന്തോ അക്ഷരപ്പിശക് ഉണ്ടല്ലോ എന്ന് തോന്നിയത്.. കഴിഞ്ഞയാഴ്ച വീട്ടിൽ പോയപ്പോൾ അവൾ പറഞ്ഞതാണ് - പലചരക്ക് കടയിൽ, പാൽക്കാരന്, അയൽവാസി രാജുവിന് എല്ലാം പണം കൊടുക്കാനുണ്ടെന്ന്. കൊച്ചിയിൽ എത്തിയപ്പോൾ എല്ലാം വീണ്ടും മറന്നുപോയി...ആദ്യമൊക്കെ ആഴ്ച്ചക്കായിരുന്നു വീട്ടിൽ പോയിരുന്നത്...പണം, പണം എന്നവൾ പറയാൻ തുടങ്ങിയപ്പോൾ പോക്ക് രണ്ടാഴ്ചയിൽ ഒന്നാക്കി. വേഗം അവൾക്ക് ഫോൺ ചെയ്തു.
"നിങ്ങൾക്ക് എത്ര ലൈക്കായി?! " അവളുടെ പുച്ഛം ലുലുമാൾ പോലെ വിശാലമായി എനിക്കനുഭവപ്പെട്ടു .
" 120...പിന്നെ ഡീ .. നീ നേരത്തെ പറഞ്ഞ .." .
"അയ്യേ ... !? " അവൾ ഇടക്ക് കയറി വീണു " എന്റെ ലൈക് 500 കവിഞ്ഞു.. മോൻ മീൻ വേണമെന്ന് കരഞ്ഞപ്പോൾ ഞാൻ മീൻകാരന്റെ കയ്യിൽ നിന്നും വീണ്ടും കടം വാങ്ങിച്ചു...അയാൾ ഒരു 200 ലൈക് ഒന്നിച്ചു തന്നു...പോരാതെ നിങ്ങൾ രാത്രി വാട്സ്ആപ്പിൽ ഗുഡ് നെറ്റിന്റെ കൂടെ ഇലയിൽ പൊതിഞ്ഞു വറുക്കാൻ തരുന്ന ആ സ്മൈലി ഉണ്ടല്ലോ....ഏതാണ്ട് അതുപോലെ ഒരെണ്ണവും അയാൾ എനിക്ക് തന്നു..ഇനിയിപ്പോ മോളെയും കൂട്ടി ഡോക്ടറുടെ അടുത്തും പോകണം.. ഇന്ന് 1k ഉറപ്പാ ..." അവൾ കിതക്കാൻ തുടങ്ങി...
ഫോൺ അവളാണോ അതോ ഞാനാണോ കട്ടാക്കിയതെന്നു ഓർമയില്ല.ഞാൻ മുതലാളിയുടെ അടുത്തേക്ക് ഓടി...തല ചൊറിഞ്ഞു നിന്നു.. കഴിഞ്ഞയാഴ്ചയാണ് 2000 അഡ്വാൻസ് വാങ്ങിച്ചത്...ഈ കൊച്ചി വല്ലാത്തൊരു സ്ഥലം തന്നെ...പണമൊക്കെ ആവിയായല്ലേ പോവുന്നത്!
"എടാ,,നിന്നെ എനിക്ക് വിശ്വാസമില്ല...കൊച്ചിന് സുഖമില്ലെന്നു പറഞ്ഞു നീ കുടിക്കാൻ കയറിക്കളയുമോ? വൈ-ഫൈ കിട്ടിയാല്‍ നിനക്കെന്തിനാ വൈഫ്‌? അടുത്ത ട്രെയിനിന് കോഴിക്കോട്ടേക്ക് വിട്ടോണം പറഞ്ഞേക്കാം "
ഇങ്ങിനെയൊരു ബോസിനെ കിട്ടാൻ പുണ്യം ചെയ്യണം - കണ്ണ് നിറഞ്ഞുപോയി. റെയിൽവേ സ്റ്റേഷനിലേക്ക് ബസിലാണോ ഓട്ടോയിലാണോ എത്തിയത്? ഓർമയില്ല...മൊബൈലിൽ നോട്ടിഫിക്കേഷൻ വന്നു നിറയുന്നുണ്ട്: എത്ര ലൈക് ആയിക്കാണും ? നോക്കാതിരിക്കാനും പറ്റുന്നില്ല.
"പണ്ടാര വീട്ടിൽ പറങ്ങോടൻ കമന്റഡ് ഓൺ യുവർ പോസ്റ്റ് …" അവൻ ഭയങ്കര രസികനാ..
പെട്ടന്നാണ് ഭാര്യയുടെ കോൾ വന്നത്..
കട്ടാക്കി....മറ്റൊരു ദുരന്തം കേൾക്കാൻ ആവതില്ല.
ഈ പണ്ടാരം തുറന്നു വെച്ചാൽ ഒരു രക്ഷയും കിട്ടില്ല. ഞാൻ ഫോണിനെ പൂട്ടി പെട്ടിയിലിട്ടു. എന്റെ പോസ്റ്റ് മനസ്സിൽ നിന്നു ഡിലീറ്റ് ആയിപ്പോയി. കെട്ട്യോൾക്ക് വരാൻ പോകുന്ന നോട്ടിഫിക്കേഷനിലാണ് ആധി മുഴുവൻ.
ഇനി ഒരു ലൈക് പോലും അവൾക്ക് കൂടുതൽ കിട്ടരുത് - ആരും കമന്റും ചെയ്യരുത്.
അല്ലെങ്കിലും നമ്മൾ പുരുഷന്മാർ സ്നേഹമുള്ളവരാ. നമുക്ക് ആരുടെയും “ലൈക്” വാങ്ങിക്കാം..ഭാര്യക്ക് ആരെങ്കിലും “ലൈക് “ കൊടുത്താൽ?!?!
(ഹാരിസ്)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo