നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രേമം


വീടിനടുത്തുള്ള പൂരമായൊണ്ട് തന്നെ ക്ലബ്ബ്കാരെല്ലാം കൂടി ഒന്ന് നന്നായൊന്നു മിനുങ്ങി. അധികമൊന്നുമില്ല ഓരോ ബിയർ അത്ര തന്നെ കാരണം വേറൊന്നും കഴിക്കാനറിയാഞ്ഞിട്ടൊന്നുമല്ല.. ക്ലബ്ബിന്റെ വകയായി ഒരു ആനയുള്ള പൂരം ഉണ്ട് അപ്പൊ സംഘടകർ തന്നെ വെള്ളടിച്ചു അലമ്പ് ആവരുതല്ലോന്നു കരുതി.
അങ്ങനെ ഒരുക്കങ്ങളൊക്കെ ഏതാണ്ട് കഴിഞ്ഞു. കൊട്ടാൻ വരുന്നോർക്കുള്ള ഭക്ഷണം കാറ്ററിങ്ങിനെ ഏൽപ്പിച്ചിരുന്നു അതോണ്ട് ആ ടെൻഷൻ തീർന്നു. ഇനി നാളത്തെ പൂരം കൂടെ ഉഷാറായാൽ സംഗതി പൊളിക്കും.
രാവിലെ പത്തു തൊട്ട് അമ്പലപ്പറമ്പിൽ സ്ഥാനം പിടിച്ചു. ഒരാഴ്ചയായി ജോലിക്കൊക്കെ അവധി കൊടുത്തേക്കുവ. പൂരം പ്രാമാണിച്ചു !! വളേം മാലേം വിൽക്കുന്ന ആളുകളൊക്കെ ഇണ്ടെങ്കിലും പഴയ പോലെ പെൺപിള്ളേർക്കു ഇതൊന്നും വേണ്ടെന്നു തോന്നുണു... തട്ടി തെറിച്ചു ഒന്നോ രണ്ടോ പെൺപിള്ളേർ നിപ്പുണ്ട്. അതും വായ്‌നോക്കാൻ പറ്റിയ പ്രായവുമല്ല. വല്ല എട്ടിലോ പത്തിലോ പഠിക്കുന്നുണ്ടാകും..
അങ്ങനെ കിളിക്കൂട്ടങ്ങളെ കാണാത്ത വിഷമത്തിൽ വായും പൊളിച്ചു നിക്കുമ്പോ ദാണ്ടെ ഒരു പെണ്ണ്. എന്റെ പൊന്നോ എന്ന ഒരു ഗ്ലാമറാ. കണ്ണ് ഫ്യൂസായ പോലെ. കൂടെ അമ്മ ആണെന്ന് തോന്നുന്നു. അവര് പോകുന്ന വഴിക്കൊക്കെ എന്റെ കണ്ണ് അനുവാദമില്ലാതെ സെക്യൂരിറ്റി ജോലി ചെയ്‌തോണ്ടിരുന്നു. പറ നിറക്കുന്ന ഭാഗത്തു അവൾ നിന്നു ഒപ്പം എന്റെ കണ്ണും.
"എടാ ശിവ നീ എവിടെ വായും പൊളിച്ചു നിക്കുവാ. പെട്ടെന്ന് ഈ ആലിന്റെ സൈഡിലോട്ട് വന്നേ "
ഫോണിൽ മ്മടെ വിജു ആരുന്നു. എന്താണാവോ കാര്യം.
ആലിന്റെ അടുത്തോട്ട് പോകുമ്പോഴും മനസ്സിൽ മൊത്തം ആ പെൺകുട്ടിയാരുന്നു.
വേറൊന്നുമല്ല വീട്ടിൽ കല്യാണം കഴിക്കാൻ നിർബന്ധിക്കാൻ തുടങ്ങിട്ട് കുറെ ആയി. പ്രേമിച്ചേ കെട്ടു എന്നൊരു വല്ലാത്ത ആഗ്രഹം. സത്യം പറഞ്ഞാൽ മുൻപ് പ്രണയിച്ച പെൺകുട്ടിയോളോക്കെ അവരുടെ പൊടീം തട്ടി പോയപ്പോ ഉണ്ടായ വിഷമത്തിന്നു എടുത്ത ഒരു തീരുമാനമാരുന്നു എന്നെ മനസ്സറിഞ്ഞു സ്നേഹിക്കുന്ന ഒരു കുട്ടിയെ കിട്ടണമെന്ന്. വീട്ടിലുള്ളോർക്കു അതൊരു പ്രശ്നമല്ല പക്ഷെ കിട്ടണ്ടേ ?
പത്തിൽ തുടങ്ങിയ പ്രേമങ്ങൾ ആരുന്നു.. ആദ്യം പ്രണയിച്ച ബിന്ദു.
 പ്രേമം എന്നൊക്കെ പറഞ്ഞാൽ ഒടുക്കത്തെ പ്രേമം. 
ഉണ്ടാവാൻ പോണ കുട്ടിയോൾക്കു പേര് വരെ കണ്ടുപിടിച്ചിരുന്നു. പേരൊക്കെ കണ്ടുപിടിക്കണ്ട ചുമതല എനിക്കായിരുന്നതുകൊണ്ടാകും പത്തിൽ അന്തസ്സായി തോറ്റു.
അവൾ പ്ലസ്‌വണ്ണിനു ചേർന്ന് പോകുമ്പോ എന്നോട് പറഞ്ഞു എന്നെക്കാളും ചെറിയ ക്‌ളാസിൽ പഠിക്കുന്നോൻ, എനിക്ക് നാണക്കേടാണെന്ന്. അവൾഅവള്ടെ പാട്ടിനുപോയി. ആ വിഷമത്തിൽ ആദ്യമായി കള്ളുകുടിച്ചു ഈ പാവം ഞാൻ. അതും കണാരേട്ടൻ തെങ്ങു ചെത്താൻ വന്നപ്പോ ഇരന്നു വാങ്ങി അര ഗ്ലാസ് ഒറ്റ വലിക്കു കുടിച്ചു. അന്ന് അച്ഛൻ എന്നെ ആ തെങ്ങിൽ തന്നെ പിടിച്ചു കെട്ടിയതു മണിക്കൂർ മൂന്നാണ്.
അങ്ങനെ പ്ലസ്‌വണ്ണായി, ഡിഗ്രി ആയി, പി ജി ആയി ഓരോ പ്രേമങ്ങളും പൊട്ടുമ്പോ ബീഡി, സിഗരറ്റ്, ബിയർ, റം മുതലായവയൊക്കെ പരീക്ഷണങ്ങളായി.
ജോലിക്കു പോയി തുടങ്ങിയപ്പോ വല്യേ ഒരു തിരിച്ചറിവ് വന്നു. ഇനി പ്രേമിക്കുന്നേൽ അവളെ തന്നെ കെട്ടുമെന്ന്. വര്ഷം മൂന്നായി ജോലി കിട്ടീട്ട്. മരുന്നിനെങ്കിലും ഒരുത്തി ങേ ഹേ !!
"നിന്റെ കാലിൽ അമ്മി കെട്ടിയേക്കുന്നോ ഇങ്ങോട്ടു വാടാ തൊരപ്പ "
അവന്റടുത്തോട്ട് ചെല്ലുമ്പോ ദാ നിക്കുന്നു ആ പെൺകുട്ടി.
"ടാ ഇതെന്റെ വല്യച്ഛന്റെ മോളാ പൂരം കാണാൻ വന്നതാ. നീ എന്തായാലും ഇവിടെ നിപ്പുണ്ട് ഞാൻ വല്യമ്മേനെ വീട്ടിലാക്കിട്ട് വരാം. ദേ ഇവള് നൊസ്റ്റാൾജിയേടെ ഇച്ചിരി വട്ടുണ്ട്. കുപ്പി വള വേണമെന്ന്. ഒന്ന് ആ വളക്കാരന്റെ അടുത്തേക്ക് കൊണ്ട് പോ നീ "
ഓ പിന്നെന്താ "വായിന്നൊക്കെ ഞാൻ അറിയാണ്ട് വാക്കുകൾ വന്നു.
പേര് വിനീത വിനീന്നു വിളിക്കും... പുരാവസ്തു ഗവേഷണം ആണ് പരിപാടി.
പരസ്പരം പരിചയപ്പെടലൊക്കെ കഴിഞ്ഞു, വളയും വാങ്ങി, പഞ്ഞിമിട്ടായി കഴിച്ചങ്ങനെ പൂരപ്പറമ്പ് മൊത്തം കറങ്ങി.
പൂരോം കഴിഞ്ഞു വിജു അവളേം കൊണ്ട് വീട്ടി പോയി. ഞാനാണേൽ കൊട്ടുകാർക്കു പൈസയൊക്കെ കൊടുത്തുവിട്ട് പാതിരാത്രി വീട്ടിലെത്തിയത്. കിടക്കാൻ നേരം മനസ്സ് പറഞ്ഞു ആ കൊച്ചു കൊള്ളാം, ഒന്നും മനസ്സി വച്ചിരുന്നിട്ടു കാര്യമില്ലല്ലോ പ്രേമവിവാഹം എന്ന ചിന്തയൊക്കെ കളയാം. അല്ലെ ശരിയാവൂല.
പിറ്റേന്ന് വിജൂനോട് കാര്യം പറഞ്ഞപ്പോ അവൻ പറഞ്ഞത് "ടാ അവളൊരു പ്രത്യേക ടൈപ്പ. നീ വീട്ടിൽ പറയണ്ട ഇപ്പൊ. ഞാനൊന്നു അവളോട് ചോദിക്കട്ടെ,
പിറ്റേന്ന് അവൾ എന്നോട് വിജുന്റെ കൂടെ ചെല്ലാൻ പറഞ്ഞു. അവിടെ പോയപ്പോ വിജു കുറച്ചു മാറി നിന്ന് തന്നു. അവള് പറയാൻ തുടങ്ങി.
"ഇയാളെ കണ്ടപ്പോ പ്രത്യേകത ഒന്നും തോന്നീലട്ടൊ. പക്ഷെ പൂരം തീർന്നു വീട്ടി വന്നപ്പോ എന്തോ കളഞ്ഞു പോയൊരു ഫീൽ. ഒരു കാര്യം കൂടെ ഇയാൾക്ക് കല്യാണം കഴിക്കാൻ ദൃതി ആണേൽ വേറെ ആളെ നോക്കികോളൂട്ടോ. എനിക്ക് പെട്ടെന്ന് കല്യാണത്തിനൊന്നും താല്പര്യല്യാ. കല്യാണം കഴിക്കുന്നത് പ്രണയിച്ചാവണം എന്നൊരു നിര്ബന്ധണ്ട്. പറ്റോ ഇയാൾക്ക്.
"ന്റെ വിനിയെ നിനക്ക് വേണ്ടിയാകും ഞാൻ ഇത്രേം കാത്തിരുന്നേ "സമ്മത പെണ്ണെ എനിക്ക്. പ്രണയിച്ചു കൊതി തീർക്കാം മ്മക്ക്.
"വേറൊരു കാര്യം കൂടെ ഫോൺ വിളി പാടില്ല, നിക്ക് ഫോണും ഇല്ല "..
"ഇല്ലേ പിന്നെങ്ങനെ മിണ്ടുന്നേ "
"അത് പിന്നെ. ഇൻലൻഡ് ഇല്ലേ ?
"ആ പോസ്‌റ്റോഫീസിൽ തന്നെ നിർത്തലാക്കി ന്ന തോന്നണേ "
"പറയുന്നത് മുഴുവൻ കേൾക്കു.. കത്തൊക്കെ എഴുതിയും, അമ്പലത്തിന്റെ ഇടവഴില് വന്നു മിണ്ടിയും അങ്ങനെ അങ്ങനെ !!ന്റെ ഇഷ്ടങ്ങൾ ഇതൊക്കെയ. "
"മനസ്സിലോർത്തു, നൊസ്റ്റാൾജിയ മൂത്തു വട്ടായതാണോ എന്ന് "എന്തേലും ആട്ടെ ഇതൊരു അപൂർവ്വയിനം പെണ്ണ് തന്നെ. വച്ച കാൽ പുറകോട്ടേക്കില്ല നൂറ് തരം.
"തിരിച്ചു ബൈക്കിലോട്ടു വരുമ്പോ വിജു നോട് വള്ളിപുള്ളി തെറ്റാതെ കാര്യങ്ങൾ പറഞ്ഞതും വണ്ടി ഒരു സൈഡിലോട്ട് നിർത്തിയിട്ടു കൈയേൽ പിടിച്ചു പറയുവാ "നിനക്ക് കോടി പുണ്യം കിട്ടുംടാ, ഇവളുടെ ഈ വട്ടു കേട്ട് ഭൂമിമലയാളത്തിൽ അവളെ കെട്ടാൻ ആരും വരില്ല, വല്യമ്മ വെള്ളം ഒരുപാട് കുടിക്കേണ്ടി വന്നേനെ "
"സത്യം പറഞ്ഞാൽ ഇന്ന് ഈ കല്യാണത്തലേന്നു ഈ കലുങ്കിൽ ഇരുന്നു മൂന്നുവർഷം പുറകോട്ട് ചിന്തിക്കുമ്പോ വല്ലാത്തൊരു ഫീലാണ്, അവളെ കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ, വീട്ടുകാർ എതിർത്തിരുന്നു എങ്കിൽ ഇത്ര നല്ലൊരു പ്രണയകാലം കിട്ടില്ലായിരുന്നു.!!
ഫോണിലയക്കുന്ന രണ്ടു വരി മെസ്സേജ് പോലൊന്നുമല്ല ആഴ്ചയിൽ കത്തുകളെഴുതിയും കാണാൻ അമ്പലഇടവഴിയിൽ പോയിനിന്നും അങ്ങനെ ഒരുഗ്രൻ പ്രണയം. "നന്ദി പെണ്ണെ ഒരായിരം നന്ദി ഈ ജന്മത്തിൽ കിട്ടാവുന്ന ഏറ്റവും നല്ലൊരു പ്രണയം തന്നതിന്. "
ദേവൂ..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot