നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചേർത്തു പിടിക്കുന്നവർ*

Image may contain: Rbk Muthukulam, selfie, beard, closeup and indoor


--------------------------------------
(Short story)
രവിചന്ദ്രന് അതികഠിനമായ നിരാശ തോന്നി. നടുക്കടലിൽ, ദിശാബോധം നഷ്ടപ്പെട്ട മുക്കുവനെപ്പോലെ അയാൾ എങ്ങോട്ടൊക്കെയോ ഉഴറി നടന്നു...എങ്കിലും അബോധ മനസ്സിന്റെ പ്രേരണയാൽ അയാൾ, നേരെ ഭരതന്റെ പാർപ്പിടത്തിലേക്കു തന്നെയാണു പോയത് .
ഭരതൻ, അയാൾക്കെല്ലാമായിരുന്നു..ജീവിതത്തിലെ ഏതു അസന്നിഗ്ധഘട്ടങ്ങളിലും ഭരതനാണ് അയാൾക്കു തുണയായത്. അനിതരസാധാരണമായ, ഔചിത്യ ബോധത്തോടുകൂടിയ ഭരതന്റെ ഇടപെടലുകൾ, രവിചന്ദ്രന്റെ ജീവിതത്തിലെ പല നിർണ്ണായക സന്ദർഭങ്ങളിലും തുണയായിത്തീർന്നിരുന്നു..
കോളേജ് കാലഘട്ടം മുതലേയുള്ള സൗഹൃദമാണ്..അന്നേ ഭരതൻ പ്രായത്തിൽ കവിഞ്ഞ പക്വത കൊണ്ടും സൗമ്യ ശീതളമായ പെരുമാറ്റം കൊണ്ടും എല്ലാവരുടെയും മതിപ്പു നേടിയിരുന്നു
ഇൻഡ്യാ-പാക് തർക്കങ്ങൾ പോലും രമ്യമായി പരിഹരിക്കാൻ അവനെക്കൊണ്ട് കഴിഞ്ഞേക്കുമെന്നും അന്ന് പലരും തമാശ പറഞ്ഞിരുന്നു...
രവിചന്ദ്രൻ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും ഭരതൻ പരിഹാരം കണ്ടെത്തിയിട്ടുണ്ട്..! ഒരു വർഷത്തിന് മുൻപ് രവിചന്ദ്രൻ വിവാഹിതനായപ്പോഴും, പ്രണയ വിവാഹമായതുകൊണ്ട് നിരുപമയുടെ വീട്ടുകാരുടെ എതിർപ്പുണ്ടായപ്പോൾ അതിനെ തരണം ചെയ്യാനും ഭരതന്റെ ബുദ്ധി ഉപയോഗിക്കേണ്ടിവന്നു.
അതിനാൽ തന്നെ 2 വർഷം കഴിഞ്ഞു പോരെ കുട്ടികൾ എന്ന കൂട്ടുകാരന്റെ നിർദേശം.രവിചന്ദ്രൻ അനുസരിച്ചു...അത് നന്നായെന്ന് പിന്നീട് അയാൾക്ക്‌ പലവട്ടം തോന്നിയിട്ടുണ്ട്. കാരണം,പ്രണയച്ചൂട് ആറിക്കഴിഞ്ഞപ്പോഴാണ്, രവിചന്ദ്രന് (ഭാര്യ നിരുപമയ്ക്കും) വിവാഹ ജീവിതത്തിലെ പല കീറാമുട്ടിപ്രശ്നങ്ങളുടെയും ഗൗരവം മനസ്സിലായത്.
രാത്രികളിൽ, രതിയുടെ കിതപ്പടങ്ങുമ്പോൾ, അതിന്റെ ഉപോല്പന്നമെന്നോണം നാളത്തെ ജീവിതത്തിന്റെ നിവർത്തിപ്പിക്കലിനെ കുറിച്ചുള്ള ആശങ്ക അയാളുടെ പല ഉറക്കങ്ങളും കെടുത്തിക്കളയാറുണ്ട്..ആഢ്യത്വമുള്ള കുടുംബത്തിൽ നിന്ന് തന്നെ നിർബന്ധപൂർവം കല്യാണം കഴിച്ചു കൂടിയതിനാൽ നിരുപമയ്ക് പല കാര്യങ്ങളിലും ഒതുങ്ങിക്കൂടി ഇണക്കം കാണിക്കേണ്ടി വന്നിട്ടുമുണ്ട്.
ചെറിയ രണ്ടു സ്വകാര്യ സ്ഥാപനങ്ങളിൽ ഇരുവർക്കും ജോലി തരപ്പെട്ടതോടെ നഗരത്തിലേക്ക് വാടകക്ക് മാറി താമസിക്കേണ്ടി വന്നു..പലപ്പോഴും നിരുപമയുടെ വീട്ടുകാരുടെ സഹായ ഹസ്തങ്ങൾ ഗർവോടെ നിരസിച്ചുകൊണ്ടാണ് രവിചന്ദ്രൻ ജീവിച്ചത്..ഒന്നുമില്ലാത്തവൻ എന്ന തോന്നലിൽ നിന്നുണ്ടായ ദുരഭിമാനം! സ്വന്തം ഇഷ്ടങ്ങൾ പലതും മൂടിവെച്ചു ജീവിച്ചിട്ടും നിരുപമയുടെ ആഗ്രഹങ്ങൾ പലതും ആവും വിധം സാധിച്ചു കൊടുത്തിട്ടും ഒരു സമാധാനമില്ലായ്‌മ അവരുടെ ജീവിതത്തിൽ നരച്ച പുകപോലെ കണ്ണുകൾ നീറ്റിക്കൊണ്ടിരുന്നു..
പ്രണയത്തിന്റെ നൂലിഴകൾ ഭ്രംശം വന്നു തുടങ്ങി..സ്നേഹത്തിന്റെ തിരമാലകളുടെ തരംഗ ദൈർഘ്യം കുറഞ്ഞു വന്നു..
നിരുപമ ആഗ്രഹിച്ച വർണ്ണാഭ ജീവിതത്തിൽ വേണ്ടത്ര ലഭിച്ചില്ല..ഉള്ളതിൽ തൃപ്തിപ്പെടാത്ത അവളുടെ മനസ്സ് നഷ്ടബോധവും നിരാശയും കൊണ്ട് കലുഷമായി..ഒളിഞ്ഞും തെളിഞ്ഞും അവളതു പ്രകടിപ്പിച്ചു തുടങ്ങി.
കഴിഞ്ഞ ആറു മാസത്തിനിടയിൽ പലകാരണങ്ങൾ ചൊല്ലി അവർ വഴക്കു കൂടിയിട്ടുണ്ട്..നിരുപമ പിണങ്ങി സ്വന്തം വീട്ടിൽ പോകാൻ തയ്യറെടുക്കുമ്പോൾ ബലപ്രയോഗത്തിലൂടെ രവിചന്ദ്രൻ അതു തടയും. അവൾ വീട്ടിൽ പോകുന്നത് രവിചന്ദ്രൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല..
നിരുപമയുടെ ആളുകൾക്ക് മുന്നിൽ ചെറുതാകാൻ അയാൾക്കു താല്പര്യമില്ലായിരുന്നു..അഭിമാനബോധത്തിനും നിസ്സഹായത്ജയ്ക്കുമിടയിൽ രവിചന്ദ്രൻ വല്ലാതെ വീർപ്പുമുട്ടി..പലപ്പോഴും മനസ്സംഘർഷത്തിനൊടുവിൽ അയാളുടെ പെരുമാറ്റത്തിൽ അപാകതകൾ ഉണ്ടായി. മുൻകോപവും പിരിമുറുക്കവും മൂലം അയാളുടെ സംസാരം പരുഷവും അസഹ്യവുമായി നിരുപമയ്ക് അനുഭവപ്പെട്ടു.
പിന്നീട് അതെല്ലാം വഴക്കുകളിൽ അവസാനിക്കാൻ തുടങ്ങി.. എന്നാൽ ഭരതന്റെ അവസരത്തിനൊത്ത ഇടപെടലുകൾ പല വഴക്കുകളുടെയും തീവ്രത കുറച്ചു..വീട്ടിലേക്കു പിണങ്ങിപ്പോകാൻ തയാറെടുക്കുന്ന ഭാര്യയെ തടയാൻ ഭരതോപദേശങ്ങൾ അയാൾക്ക് തുണയായി. ഒരാളിൽ മറ്റെയാൾ കാണാതെപോകുന്ന നന്മയുടെ ഘടകങ്ങൾ പർവ്വതീകരിച്ചും കുറവുകളെ ലഘൂകരിച്ചും കാണിച്ചു ഭരതൻ എപ്പോഴും പിണക്കങ്ങളുടെ കടുംകെട്ടുകൾ ചാതുര്യത്തോടെ അഴിച്ചു കൊടുത്തു..
എന്നാൽ ഇത്തവണ വഴക്കു തീവ്രമായി..ഒരു ദിവസം മുഴുവൻ പരസ്പരം മിണ്ടിയില്ല.. പക്ഷെ നിരുപമ പതിവുപോലെ വീട് വിട്ടു പോകാനുള്ള യാതൊരു ലക്ഷണവും കാണിക്കുന്നില്ല എന്നതുകൊണ്ട് രവിചന്ദ്രന് ഭരതനെ പതിവുപോലെ വീട്ടിലേക്കു വിളിച്ചു വരുത്തേണ്ടി വന്നില്ല.എന്നാൽ രാത്രി ഇരുണ്ടു വെളുത്തപ്പോഴേക്കും നിരുപമ വീട്ടിൽ ഉണ്ടായിരുന്നില്ല..!!
രവിചന്ദ്രന് നിസ്സഹായതയുടെ നിലയില്ലാക്കയത്തിൽ താൻ മുങ്ങിത്താണുപോകുന്നതു പോലെ തോന്നി.
നിരുപമ സ്വന്തം വീട്ടിൽ പോയിരിക്കുന്നു..! താൻ പുതച്ചിരുന്ന അഭിമാനത്തിന്റെ കംബളം പിഞ്ഞിപ്പോകുന്നത് അയാളറിഞ്ഞു.
എല്ലാ അസന്നിഗ്ദ്ധ ഘട്ടങ്ങളിലും ചെയ്യാറുള്ളതുപോലെ അയാൾ ഭരതനെ വിളിക്കാനായി തുനിഞ്ഞു. പിന്നെ ഓർത്തു: അവനാണ് എല്ലാപ്രാവശ്യവും ഇങ്ങോട്ടു വരുന്നത്, ഇപ്രാവശ്യം താൻ അങ്ങോട്ട് പോകാം..മറ്റൊരു അന്തരീക്ഷത്തിൽ നിന്നു പറയുമ്പോൾ കുറച്ചുകൂടി ലാഘവത്വം കിട്ടും
ഭരതനെയും കൂട്ടി വേണ്ടിവന്നാൽ നിരുപമയുടെ അടുത്തേക്ക് പോകാമെന്നും രവിചന്ദ്രൻ ഉറച്ചു. മധ്യവർത്തിയാകാൻ അവനോളം നൈപുണ്യം ആർക്കുമില്ല..!
അതോർത്തപ്പോൾ തന്നെ രവിചന്ദ്രന് പകുതി ആശ്വാസമായി..ഭരതന് പലപ്പോഴും തന്റെ ചിന്താഗതികൾ സുവ്യക്തമായി അറിയാൻ സാധിക്കുന്നത് എങ്ങനെ എന്ന് അയാൾ പലപ്പോഴും അത്ഭുതം കൂറിയിട്ടുണ്ട്.
ഒരു തണൽ വൃക്ഷമാണ് അവൻ! -കാൽ വലിച്ചു നീട്ടി നടക്കുമ്പോൾ രവിചന്ദ്രൻ ചിന്തിച്ചു. സുഹൃത്തുക്കൾക്കെല്ലാം നല്ല മതിപ്പാണ് അവനോടു..തനിക്കോ വലിയ കടപ്പാടും! എന്തെല്ലാം സഹായങ്ങളാണ് തനിക്ക് അവൻ നൽകിയിട്ടുള്ളത്..അഭീഷ്ടവരദായകനായ ഒരു ദൈവത്തെപ്പോലെയാണ് അവൻ തന്റെ ജീവിതത്തിൽ നിലകൊള്ളുന്നതെന്നു രവിചന്ദ്രൻ ചിന്തിച്ചു..!!
അയാളുടെ കാൽ ഏതോ കല്ലിൽ തട്ടി ചെറുതായി മുറിഞ്ഞു..ഒരു ടു വീലർ ഉള്ളതുമായി ആണ് നിരുപമ പോയിരിക്കുന്നത്..ഭരതനെ കാണുമ്പോൾ അവൻ ആദ്യം ചെയ്യുക കാൽവിരലിലെ ഈ മുറിവിൽ മരുന്നു പുരട്ടുകയായിരിക്കുമെന്നു രവിചന്ദ്രൻ ഓർത്തു..പിന്നെ മെല്ലെ ചേർത്ത് പിടിച്ചു സോഫയിൽ ഇരുത്തി നാരങ്ങാ വെള്ളം ഉണ്ടാക്കി തരും..അവന്റെ ഇഷ്ട പാനീയമാണത് ! പിന്നീടാവും കാര്യങ്ങൾ തിരക്കുക..ഇത്തവണ അവന്റെ മുൻപിലിരുന്നു താൻ കരഞ്ഞുപോയേക്കുമെന്നും രവിചന്ദ്രൻ ശങ്കിച്ചു..
കരച്ചിൽ വന്നാലും താൻ തടയില്ല..അവന്റെ മുൻപിൽ കരയാതെ വയ്യ തനിക്ക്..ഹൃദയം വിതുമ്പുന്ന സങ്കടത്തിൽ അവനെ കെട്ടിപ്പിടിച്ചു കരയുമ്പോൾ അവൻ തന്റെ പുറത്തു ചുറ്റിപ്പിടിച്ചു തോളിൽ മെല്ലെ തട്ടും..
എന്തൊരു ആശ്വാസമാണത്!
ഒരേ ഒരു ബന്ധുവായിരുന്ന തന്റെ 'അമ്മ ഏതാനും വർഷങ്ങൾക്കു മുൻപ് മരിച്ചപ്പോൾ താൻ ഭരതന്റെ തോളിൽ വീണാണു കരഞ്ഞത്..
നിരുപമയെ സ്വന്തമാക്കാൻ കഴിയില്ല എന്ന സന്ദർഭത്തിലും ഭരതന്റെ ചുമലിൽ വീണു സങ്കടപ്പെട്ടു..!
നിരുപമയെ സ്വന്തമാക്കി പ്രണയം സാക്ഷാത്ക്കരിക്കാൻ സഹായിച്ചപ്പോഴും
അവനെ ഉറുമ്പടക്കം പുണർന്നു നന്ദി പ്രകടിപ്പിച്ചു.
മദ്യമോ മറ്റു ലഹരികളോ ഇല്ലാതെ തന്നെ തന്റെ മാന്ത്രിക സാന്ത്വനം കൊണ്ട് ഭരതൻ എല്ലാ വിഷമങ്ങളെയും പൂച്ചെണ്ടുകളാക്കി മടക്കി തന്നു..
ഭരതന്റെ ഗേറ്റിങ്കൽ എത്തിയപ്പോഴാണ് രവിചന്ദ്രന് സ്ഥലകാലബോധം ഉണ്ടായത്..ഇളം ചാരനിറമുള്ള ഭിത്തിയിൽ വെളുത്ത ജനാലകളും കതകുകളുമുള്ള വീട്..ശാന്ത സുന്ദരമായ ചുറ്റുപാടുള്ള വീട്..അഭയ സങ്കേതത്തിൽ എത്തിയ പോലെ രവിചന്ദ്രന് അനുഭവപ്പെട്ടു!
അയാൾ മുറ്റത്തെ വളർത്തു പുല്ലുകളെ വേർതിരിക്കുന്ന, കരിങ്കല്ലുപാകിയ ചെറുവഴിയിലൂടെ മുന്നോട്ടു നടന്നു..കാലിൽ ചോര പൊടിഞ്ഞിട്ടുണ്ട്.
രവിചന്ദ്രൻ അടഞ്ഞു കിടക്കുന്ന പൂമുഖ വാതിലിനരികിൽ ചെന്നു..കതകിൽ മൃദുവായി കൊട്ടാൻ കൈവിരൽ മടക്കി.
പെട്ടെന്ന് ഒരു വിതുമ്പി കരച്ചിൽ അയാൾ കേട്ടു!
നിരുപമയുടെ ശബ്ദം രവിചന്ദ്രൻ തിരിച്ചറിഞ്ഞു..!
ഉള്ളിലുയർന്ന അടക്കാനാവാത്ത ആകാംക്ഷയിൽ അയാൾ വിറയ്ക്കുന്ന വിരലുകൾ കൊണ്ട് കതകിൽ മെല്ലെ തള്ളി. ഒരു കണ്ണുകൊണ്ടു മാത്രം കാണാവുന്ന വിടവ് ബാക്കിനിറുത്തി രവിചന്ദ്രൻ അകത്തേക്ക് മിഴി പായിച്ചു.
പുറം തിരിഞ്ഞു നിൽക്കുന്ന ഭരതൻ..അയാളെ ആശ്ലേഷിച്ചിരിക്കുന്ന നിരുപമയുടെ കൈകൾ..!! നിരുപമയുടെ തേങ്ങലുകൾക്കനുസരിച്ചു ഭരതന്റെ ഉടലും ചലിക്കുന്നുണ്ട്..അവളെ ചുറ്റിപ്പിടിച്ചിരിക്കുന്ന ഭരതന്റെ വലംകൈ അവളുടെ ചുമലിൽ തട്ടുന്നുണ്ടായിരിക്കുമെന്നു രവിചന്ദ്രൻ ഓർത്തു. ഭരതൻെറ പുറത്തു ചുറ്റിപ്പിടിച്ചിരിക്കുന്ന നിരുപമയുടെ വിരലിൽ താനണിയിച്ച വിവാഹമോതിരം തിളങ്ങുന്നത് കണ്ണു നിറഞ്ഞുപോയതുകൊണ്ടു രവിചന്ദ്രന് കാണാൻ കഴിഞ്ഞില്ല..
അയാൾ മിഴികൾ ചേർത്തടച്ചു, കതകും..പിന്നെ ദിക്ഭ്രംശം സംഭവിച്ച മന്ദബുദ്ധിയെപ്പോലെ കൽവഴിയിലേക്കിറങ്ങി പുല്ലുകൾ നിറഞ്ഞ മുറ്റത്തു കാലുകൾ നിലത്തുറക്കാതെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.. അയാളുടെ പാദങ്ങൾക്കടിയിൽ അമർന്നു പോയിട്ടും അടുത്ത നിമിഷം പുല്ലുകൾ തലയുയർത്തി പൂർവസ്ഥിതിയിൽ നിന്നു.
ഉടൽ ചെറുതായി പ്രകമ്പനം കൊള്ളുന്നുണ്ട്.. ഇനി എങ്ങോട്ടു പോയി അഭയം തേടുമെന്നും ആരോട് പോയി പരിഹാരം ആരായുമെന്നും സ്വയം പരിഹാസത്തോടെ അയാൾ ഓർത്തു..
ഗേറ്റ് കടന്നു പുറത്തിറങ്ങിയ രവിചന്ദ്രൻ വെറുതെ ആകാശത്തേക്ക് നോക്കി..പെയ്തൊഴിയാതെ ഒരു തുണ്ടു കാർമേഘം കൂട്ടം തെറ്റി മുന്നോട്ടു നീങ്ങുന്നത് അയാൾ കണ്ടു..ഒരു വഴികാട്ടിയെ കിട്ടിയതുപോലെ രവിചന്ദ്രൻ മേഘത്തിൽ നിന്നു കണ്ണു പറിക്കാതെ നോക്കിനിന്നു ..പിന്നെ മെല്ലെ അതിനെ അനുയാത്ര ചെയ്യാൻ തുടങ്ങി...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot