നീ എന്തെല്ലാമോ ആണ്
എന്ന് നീ ചിന്തിച്ചു തുടങ്ങുന്നതിനു മുന്നേ
ഞാൻ ചിന്തിച്ചു തുടങ്ങിയിരുന്നു.!
നിന്റെ കറുത്ത ചട്ടയിട്ട
വെള്ള കണ്ണട
എനിക്കു ഇഷ്ടമല്ല.!
അതിനുള്ളിലൂടെ കാണുന്ന
നിന്റെ കണ്ണുകൾ
പഠിച്ച കള്ളിയുടേതാണ്.!
"ഞാനൊരു ബുദ്ധിജീവിയാണെന്ന്
നിങ്ങൾ വിചാരിച്ചോളൂ"
എന്നു പറയുന്ന ഭാവം!
വലിച്ചെറിയൂ.... !
നിന്റെ ഭൂതകണ്ണാടി !
നിന്റെ കണ്ണിലൂടെ
ഞാൻ കണ്ട സ്വപ്നങ്ങൾ
വർണ്ണ ഭംഗിയില്ലാത്ത
ശവം നാറി പൂക്കളായിരുന്നു.!
പുഴുങ്ങിയ നെല്ലു ചീഞ്ഞ
മണമാണ് നിനക്ക് .!
എനിക്കു നിന്നോട്
പ്രണയം തോന്നുന്നില്ല!
വാചാലമായ മൗനം
മനസ്സിലൊളിപ്പിച്ച
ജരാനരകൾ ബാധിച്ച
പാഴ്ക്കിനാവാണ് നീ.
നിന്നെ കുറിച്ചു
പ്രണയ പരവശമയ്
പറഞ്ഞ നാക്ക് ഞാൻ
മുറിച്ചെറിയുന്നു.!
നിന്നെ കുറിച്ചെഴുതിയ
തൂലിക കുത്തി ഒടിക്കുന്നു ഞാൻ.!
നിന്നെ പുണർന്ന എന്റെ കൈകൾ
ഞാൻ വിലങ്ങിട്ടു പൂട്ടിയിരിക്കുന്നു.
നിന്നെ മാത്രം ചിന്തിച്ചിരുന്ന
എന്റെ മനസ്സ് ഞാൻ
വെണ്ണീറുകൊണ്ട് നിറക്കുന്നു.!
നിന്റെ ഓർമ്മകൾക്കു മീതെ
കറുത്ത പക്ഷം വിടർത്തിയ
കടവാവലുകളാകട്ടെ
ഇനിയെന്റെ ദിനരാത്രങ്ങൾ.!!
.....................
അസീസ് അറക്കൽ
ചാവക്കാട് .
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക