നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബാലവേണി - ഭാഗം 25


ഒരു പാർക്കിന്റെ പിൻ വശത്തുള്ള മതിൽ ചാടിക്കടന്ന് ഹരി റോഡിലേക്ക് ഇറങ്ങി ഓടുന്ന വിഡിയോ ആയിരുന്നു അത്..അവന്റെ ഷർട്ടിൽ  മുഴുവൻ ചോരക്കറ ഉണ്ടായിരുന്നു! മുഖത്ത് നല്ല പരിഭ്രമവും.
"ഇത് സംഭവം നടന്ന അന്ന് പാർക്കിന്റെ പിന്നിൽ ഉള്ള ഒരു എ.ടി.എമ്മിൽ  നിന്നും കിട്ടിയ സി.സി.ടി.വി ഫൂട്ടേജ്  ആണ്.മിത്തുവിനെയും നന്ദനെയും വക വരുത്തിയിട്ട് ഹരി  അവിടെ നിന്നും രക്ഷപെടുന്ന വീഡിയോ.ഇപ്പൊ നിഷേധിക്കുന്നുണ്ടോ?"ജിതേഷ് പരിഹാസത്തോടെ ചോദിച്ചു.
"ഇല്ല ഇതിൽ എന്തോ ചതിയുണ്ട്.എന്റെ ഹരിയേട്ടൻ ഒരിക്കലും ഇങ്ങനെ ചെയ്യില്ല!" ശ്രീബാല വിശ്വസിക്കാൻ തയ്യാറായില്ല.
"ശ്യാമയും ഇത് തന്നെയാണ് പറയുന്നത്.ഹരിയും മിത്തുവും തമ്മിലുള്ള പ്രണയം അവൾക്ക് അറിയാമായിരുന്നു.പക്ഷെ മിത്തു  പ്രെഗ്നന്റ് ആണെന്ന വിവരം ശ്യാമ  അറിഞ്ഞിരുന്നില്ല.എന്നിട്ടും ഹരി അല്ല ഈ കൊലപാതകത്തിന് പിന്നിലെന്ന്  ശ്യാമ ഇന്നും ഉറച്ച് വിശ്വസിക്കുന്നു..നിനക്ക് നിന്റെ ഹരിയേട്ടനെ ശരിക്കറിയില്ല ബാലെ.ഏതോ ഒരു മർഡർ  കേസിൽ ഇൻവോൾവ്ഡ് ആണ് എന്നല്ലാതെ ആ പെൺകുട്ടി ആരാണെന്നും മറ്റുമുള്ള ഡീറ്റെയിൽസ് നിനക്ക് അറിയാമായിരുന്നോ?നിനക്കെന്നല്ല ആർക്കും അറിയില്ല.അന്ന് മിത്തുവിന്റെയും ശ്യാമയുടെയും  അച്ഛന്റെ അപേക്ഷ മാനിച്ച് മിത്തുവിന്റെ പേരും ഡീറ്റെയ്ൽസും പോലീസ് പുറത്ത് വിട്ടില്ല. വിവാഹം കഴിക്കാതെ മകൾ കാമുകനിൽ നിന്നും ഗർഭിണി ആവുക പിന്നീട് അതെ കാമുകനാൽ ആക്രമിക്കപ്പെടുക  ഇതൊന്നും  പുറം ലോകം അറിയാൻ അദ്ദേഹം ആഗ്രഹിച്ചില്ല.മിത്തുവിന്റെ റിലേറ്റീവ്‌സിന്  പോലും അറിയില്ല മിത്തുവിന്റെ മരണം കൊലപാതകമായിരുന്നുവെന്ന്.ഒരു ആക്സിഡന്റ് ആണെന്നാണ് അന്ന് ശ്യാമയും അവളുടെ അച്ഛനും എല്ലാവരോടും പറഞ്ഞിരുന്നത്.."ജിതേഷ് പറഞ്ഞു.
ശ്രീബാല അപ്പോഴും വല്ലാത്തൊരവസ്ഥയിൽ ആയിരുന്നു.താൻ അറിയുന്ന ഹരിയേട്ടൻ ഒരിക്കലും ഇങ്ങനെ ഒരു പ്രവർത്തി ചെയ്യില്ല എന്നവൾക്ക് ഉറപ്പുണ്ടായിരുന്നു.അതുകൊണ്ട് തന്നെയാണ് തന്റെ നിരപരാധിത്വം തെളിയിക്കാനായി പോലീസിൽ കീഴടങ്ങാതെ  അവൻ ഇത്ര നാളായി ഒളിവിൽ കഴിയുന്നതും.
"ഹരി  നിനക്ക് കൊടുത്തയച്ച രഹസ്യ ഫോൺ വഴി പരസ്പരം വിശേഷങ്ങൾ കൈമാറിയിരുന്നപ്പോൾ ഒരിക്കൽ പോലും അവൻ നിന്നോടിതൊന്നും പറഞ്ഞിരുന്നില്ല അല്ലെ?"ജിതേഷ് ചോദിക്കുന്നത് കേട്ട് ശ്രീബാല ഞെട്ടി അവനെ നോക്കി.
"നീ പറഞ്ഞത് ശരി ആണ്.ഞാൻ ഹരിയുടെ പിന്നാലെ തന്നെ ഉണ്ടായിരുന്നു.അങ്ങനെ ഹരി നീയുമായി ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കി.പക്ഷെ അവന്റെ  ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ സാധിച്ചില്ല.പെങ്ങന്മാർക്കൊരാപത്ത് വന്നാൽ ഹരി  അവിടെ പറന്നെത്തും എന്നൊരു ബുദ്ധി അപ്പോഴാണ് മനസ്സിൽ തോന്നിയത്.പിന്നീടങ്ങോട്ട്  അതിന് വേണ്ടിയുള്ള പ്ലാനിംഗ് ആയിരുന്നു.എന്റെ സ്റ്റാഫ് ആയിരുന്ന കണ്ണനെയും കൂടെ കൂട്ടി നിങ്ങടെ നാട്ടിൽ വന്നു.ബ്രോക്കർ  രാഘവനെ കണ്ടു.പണം മനുഷ്യനെ പിശാചാക്കുമെന്നാണല്ലോ..കുറച്ച് കാശ് കൊടുത്തപ്പോൾ അയാൾ ഫ്ലാറ്റ്! നാടക സമിതിയിലെ അഭിനേതാക്കളെ  വാടയ്ക്കെടുത്തു.സുധിയുടെയും  കുടുംബത്തിന്റെയും റോൾ അവർ ഭംഗിയായി അവതരിപ്പിച്ചു..പിന്നീട് നിങ്ങളുടെ സ്നേഹം പിടിച്ച് വാങ്ങുകയായിരുന്നു അടുത്ത സ്റ്റെപ്. ഇല്ലാത്ത ഒരു റിയൽ എസ്റ്റേറ്റ് ഡീൽ നടക്കാതെ പോയെന്ന് കള്ളം പറഞ്ഞ്  കല്യാണം  നീട്ടി വെച്ചു.പെണ്മക്കളുടെ സന്തോഷത്തിന് വേണ്ടി ഏതറ്റം വരെയും പോവാൻ ശേഖരൻ  മാഷ് തയ്യാറാകുമെന്ന് എനിക്കറിയാമായിരുന്നു. കാലൻ സാബുവിന്റെ കാര്യം രാഘവൻ വഴി ഈ ഞാൻ തന്നെയാണ് നിന്റെ അച്ഛന്റെ  അടുത്ത് അവതരിപ്പിച്ചത്.അങ്ങനെ സ്വന്തം വീട് പണയത്തിൽ വെച്ച് അദ്ദേഹം ഈ കല്യാണം നടത്തി.പിന്നീട് സത്യങ്ങൾ അറിയുമ്പോ രക്ഷപ്പെട്ടോടാൻ കഴിയാത്ത വിധം നിങ്ങളെ പൂട്ടി ഇടുക എന്ന ഉദ്ദേശയമായിരുന്നു  അതിന് പിന്നിൽ..പക്ഷെ.."ജിതേഷ് പറഞ്ഞ് നിർത്തി .എന്നിട്ട് ശ്രീബാലയെ  നോക്കി.അവൾ  കരഞ്ഞുകൊണ്ട് അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു. കഴിഞ്ഞുപോയ സംഭവങ്ങൾ എല്ലാം ഒരു സിനിമ കണക്കെ അവളുടെ മനസ്സിൽ  കൂടി കടന്നുപോയി.
"പക്ഷെ.. ഇതിനിടയിൽ നിന്നെ എപ്പോഴാണ് ഞാൻ സ്നേഹിച്ചു തുടങ്ങിയതെന്ന് എനിക്കറിയില്ല ബാലെ.. നിന്റെ ആബ്സെൻസ് എന്നെ ഒട്ടും ബാധിക്കില്ല എന്നാണ് ഞാൻ കരുതിയത്..പക്ഷെ നീ അന്ന് രാത്രി അമ്പലത്തിൽ  പോയിട്ട് തിരികെ വരാൻ വൈകിയപ്പോൾ ഞാൻ അനുഭവിച്ച ടെൻഷൻ ഭയം ഒന്നും പറഞ്ഞറിയിക്കാൻ പറ്റില്ല.നിന്നെ വെറുക്കാൻ ശ്രമിക്കുമ്പോഴും അകറ്റി നിർത്താൻ ശ്രമിക്കുമ്പോഴും നീ കൂടുതൽ എന്നിലേക്ക് അടുത്തുകൊണ്ടിരുന്നു.ഹോട്ടൽ റൂമിൽ നീ രക്തത്തിൽ കുളിച്ച് കിടക്കുന്ന ആ കാഴ്ച്ച ! അന്ന് ഞാൻ മാനസ്സിലാക്കി നീ എന്റെ ജീവന്റെ ഒരു ഭാഗം ആണെന്ന്.നീ  ഇല്ലാതെ എനിക്കൊരു നിമിഷം പോലും സങ്കൽപ്പിക്കാനാവില്ല  എന്ന് !"ജിതേഷ് പറഞ്ഞു. ശ്രീബാലയ്ക്ക് സന്തോഷം കൊണ്ട് വീർപ്പുമുട്ടി.പക്ഷെ അതെ സമയം ഹരിയെക്കുറിച്ച് അറിഞ്ഞതെല്ലാം ഓർത്ത് അവളുടെ മനസ്സ്  നീറിപ്പുകഞ്ഞു.
"ഞാൻ കാലുപിടിക്കാം..എന്റെ ഹരിയേട്ടനെ ഒന്നും ചെയ്യരുത്.സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിക്കണം.എന്റെ ഹരിയേട്ടനെ രക്ഷിക്കണം!" ശ്രീബാല കരഞ്ഞു പറഞ്ഞു.
ജിതേഷ് അവളെ രൂക്ഷമായൊന്ന് നോക്കി.പിന്നെ ഒന്നും മിണ്ടാതെ മുറിയിൽ  നിന്നും ഇറങ്ങിപ്പോയി.കരയുകയല്ലാതെ ശ്രീബാലയ്ക്ക് വേറെ വഴിയൊന്നും ഇല്ലായിരുന്നു...
പിന്നീട് ശ്രീബാല ഹോസ്പിറ്റലിൽ ആണെന്ന വിവരം അറിഞ്ഞ് സുമ അവളെ കാണാൻ എത്തി.ജിതേഷ് മുറിയിൽ ഇല്ലായിരുന്നു.ശ്രീബാല കണ്ണുകൾ തുറന്ന് കിടക്കുകയായിരുന്നു.
ശ്രീബാലയുടെ കൈ എടുത്ത് സുമ തന്റെ കൈക്കുള്ളിൽ വെച്ചു. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
"എന്റെ മോളെ എന്തിനാടാ  നീ ഇങ്ങനെ ഒരു കടും കൈ കാണിച്ചത്?"സുമ അവളുടെ നെറ്റിയിൽ തലോടിക്കൊണ്ട് ചോദിച്ചു.
ശ്രീബാല കരഞ്ഞുകൊണ്ട് അവരെ നോക്കി.
"അതിന് പകരം നിനക്ക് ആ ചെകുത്താനെ ഒറ്റ കുത്തിന്  കൊന്നുകൂടായിരുന്നോ?ഞാൻ രെക്ഷിക്കുമായിരുന്നല്ലോ നിന്നെ."സുമ പറഞ്ഞത് കേട്ട് ശ്രീബാല വിഷാദത്തോടെ ചിരിച്ചു.
"ഞാൻ മരിക്കുന്നത് തന്നെയാണമ്മെ  നല്ലത്..ജീവിച്ചിരിക്കണമെന്ന് എനിക്കൊട്ടും ആഗ്രഹമില്ല.."ശ്രീബാല തളർന്ന സ്വരത്തിൽ പറഞ്ഞു.
"നല്ല അടി ഞാൻ വെച്ച് തരും കേട്ടോ.എന്ത് വർത്തമാനമാ നീ ഈ പറയുന്നത്?" സുമ അവളെ വഴക്ക് പറഞ്ഞു.
"ഞാൻ പറഞ്ഞത് സത്യമാ അമ്മെ..എന്റെ പ്രശ്നങ്ങൾ അമ്മയ്ക്കറിയില്ല.ആർക്കുമറിയില്ല.."ശ്രീബാല കരഞ്ഞുപോയി.
"എന്താടാ?എന്താ മിന്നു കാര്യം പറയ്..എന്തിനാ മോള് കരയുന്നത്?"സുമ ചോദിച്ചതും ശ്രീബാല കരഞ്ഞുകൊണ്ട് അവരെ കെട്ടിപ്പിടിച്ചു.
അവൾ ഇതുവരെ സംഭവിച്ച കാര്യങ്ങളൊക്കെ സുമയെ  വിശദമായി പറഞ്ഞ് കേൾപ്പിച്ചു.എല്ലാം കേട്ട് സുമ തരിച്ചിരുന്ന് പോയി!അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
"മോള്..മോള് ഹരിയുടെ സിസ്റ്റർ ആയിരുന്നോ?" സുമ വിശ്വാസം വരാതെ ചോദിച്ചു..
"അതെ അമ്മെ..അമ്മയ്ക്കറിയുമോ ഹരിയേട്ടനെ?"ശ്രീബാല ചോദിച്ചു.
"അത് പിന്നെ..അറിയില്ല..അന്ന് ന്യൂസ് പേപ്പറിൽ ഒക്കെ വായിച്ചിരുന്നു ഈ കേസിനെ പറ്റി.അതാ ചോദിച്ചത്.."സുമ പറഞ്ഞത് കള്ളമാണെന്ന് ശ്രീബാലയ്ക്ക് തോന്നി.അവർ എന്തോ മറയ്ക്കാൻ പാടുപെടുന്നത് പോലെ.
"മോള് ഒന്നുമോർത്ത് വിഷമിക്കണ്ട.ദൈവം എല്ലാത്തിനും ഒരു വഴി കാണിച്ച് തരും.."സുമ അവളെ കെട്ടിപ്പിടിച്ചാശ്വസിപ്പിച്ചു.
അപ്പോഴാണ് ജിതേഷ് ഫോണിൽ സംസാരിച്ചുകൊണ്ട് മുറിക്കകത്തേക്ക് വന്നത്..
സുമ അവനെ കണ്ട് പെട്ടെന്ന് എഴുന്നേറ്റു.ജിതേഷ് അതാരാണെന്ന  ഭാവത്തിൽ ശ്രീബാലയെ നോക്കി.
"ഞാൻ പറയാറില്ലേ..ഡോക്ടർ സുമ?  .."ശ്രീബാല പറഞ്ഞു.
"ഓഹ് അറിയാം..ബോംബെയിലെ  സേവാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ   ഓണർ..അല്ലെ?"ജിതേഷ് സുമയ്ക്ക്  കൈകൊടുത്തുകൊണ്ട് പറഞ്ഞു.
അവർ തിരിച്ചും കൈകൊടുത്തു.പക്ഷെ ജിതേഷിനോട്  സംസാരിക്കുമ്പോഴൊക്കെയും  സുമയുടെ  മുഖത്ത് എന്തോ പരവേശം ഉള്ളതായി ശ്രീബാലയ്ക്ക് തോന്നി.
"നാളെ ഡിസ്ചാർജ് ആവുമല്ലോ അല്ലെ...എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ.." സുമ ശ്രീബാലയുടെ അടുത്ത് വന്ന് പറഞ്ഞു.പിന്നെ അവളുടെ നെറ്റിയിൽ ഉമ്മ കൊടുക്കാനെന്ന വ്യാജേന അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു.
"സൂക്ഷിക്കണം! മനസ്സറിഞ്ഞ് ദൈവത്തെ വിളിച്ചോളൂ.!"അവർ അവളുടെ  ചെവിയിൽ പറഞ്ഞു.സുമ പറഞ്ഞതെന്തെന്ന് മനസ്സിലാവാതെ അന്താളിപ്പോടെ ശ്രീബാല അവർ പോവുന്നതും നോക്കി കിടന്നു
******
വേണി കട്ടിലിൽ കരഞ്ഞുകൊണ്ട് കിടക്കുകയായിരുന്നു.മനസ്സിൽ ഇത്രയും സങ്കടങ്ങൾ കൊണ്ടുനടന്നിരുന്ന ഒരാളായിരുന്നു ഗിരി എന്ന് അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.വീട്ടിൽ നിന്ന് സന്തോഷത്തോടെ യാത്ര പറഞ്ഞ് ഇറങ്ങിയിട്ട് തിരികെ വന്ന് കയറുമ്പോൾ സ്വന്തം അമ്മയുടെയും പെങ്ങളുടെയും അനിയന്റെയും  തണുത്ത് വിറങ്ങലിച്ച ശരീരം കാണേണ്ടി വന്ന  ഒരു പതിനഞ്ചു   വയസുകാരന്റെ മാനസികാവസ്ഥ എന്തായിരുന്നുവെന്ന് അവൾക്ക് ചിന്തിക്കാൻ പോലും പ്രയാസമായിരുന്നു. തന്നെ അയാൾ എന്നും സ്നേഹിച്ചിട്ടേ ഉള്ളു.എല്ലാ അപകടങ്ങളിൽ നിന്നും രെക്ഷിച്ചിട്ടേ ഉള്ളു.എന്നിട്ടും താൻ അയാളുടെ കരണത്തടിച്ചു.അതും അയാളുടെ വിയർപ്പു കൊണ്ടുണ്ടാക്കിയ ചോറ് കഴിച്ച അതെ കൈകൊണ്ട്. ഓർക്കുന്തോറും അവളുടെ നെഞ്ച്  വേദനിച്ചു.ആ നിമിഷത്തെ അവൾ ശപിച്ചു. ഗിരി പോയിട്ട് ദിവസങ്ങളായി.കുട്ടനെ ഫോണിൽ വിളിക്കുന്നത് കേൾക്കാറുണ്ട്.പക്ഷെ തന്നെ പറ്റി എന്തെങ്കിലും ചോദിക്കുകയോ അന്വേഷിക്കുകയോ ഒന്നും ചെയ്യാറില്ലായിരുന്നു.
കുട്ടൻ പഴയത്പോലെ അല്ലെങ്കിലും അവളോട് വീണ്ടും സംസാരിച്ച് തുടങ്ങിയിരുന്നു.വേണി അവനോട് ഗിരി എവിടെയാണെന്ന് തിരക്കുമ്പോഴൊന്നും അവൻ കാര്യമായി ഒരു ഉത്തരം പറഞ്ഞിരുന്നില്ല.
പെട്ടെന്ന് വാതിലിൽ ആരോ മുട്ടുന്നത് കേട്ടപ്പോൾ വേണി  പേടിച്ചു.അന്നത്തെ തമിഴനും കൂട്ടരും പിന്നെയും വന്നതാവുമോ എന്നവൾ ഭയന്നു.കുട്ടൻ ബാത്‌റൂമിൽ ആയിരുന്നത് കൊണ്ട് അവൾ അങ്ങോട്ട്  ചെന്നു.വീണ്ടും മുട്ട് കേട്ടു.വാതിൽ തുറക്കണോ  വേണ്ടയോ എന്നവൾ സംശയിച്ചു. മുട്ടിന്റെ ശക്തി കൂടിയപ്പോൾ അവൾ പെട്ടെന്ന് അടുക്കളയുടെ സൈഡിൽ കിടന്ന ഒരു വാക്കത്തി കൈയിൽ എടുത്തു.
പെട്ടെന്ന് കുട്ടൻ ബാത്റൂമിന്റെ  വാതിൽ തുറന്ന് അടുക്കളയിലോട്ട് വന്നു.അവൻ മുൻവശത്തെ വാതിൽ തുറക്കാൻ ഭാവിച്ചപ്പോൾ വേണി അവനെ തടഞ്ഞു.
അവൻ അത് ശ്രദ്ധിക്കാതെ വാതിൽ തുറന്നു.മുൻപിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ വേണിയുടെ കൈയിൽ നിന്നും കത്തി താഴേക്ക് വീണു.അത് ഗിരിയായിരുന്നു! അവനെ കണ്ടതും വേണിയുടെ മനസ്സിൽ ഒരു കടലിരമ്പി! അവളുടെ മുഖത്ത് സന്തോഷവും സങ്കടവും ദേഷ്യവും പരിഭവവും അങ്ങനെ ഒരുപാട് വികാരങ്ങൾ തെളിഞ്ഞു.
ഗിരി വേണിയെ  ശ്രദ്ധിക്കാതെ അകത്ത് കയറി.അവൾ അയാളെ  തന്നെ നോക്കി നിൽക്കുകയായിരുന്നു.ഗിരി മുറിയിൽ കയറി തന്റെ ഷർട്ട്  എടുത്ത് അടുക്കള വാതിൽ തുറന്ന് ബാത്‌റൂമിൽ  കയറി.വേണി അപ്പോഴേക്കും ഗിരിക്ക്  കഴിക്കാൻ ഉള്ളതൊക്കെ പ്ലേറ്റിലേക്ക് എടുത്ത് വെച്ച് അയാളെ  കാത്തിരുന്നു.കുട്ടൻ ചെയ്തോളാം എന്ന്  പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല..കുളി കഴിഞ്ഞ് ഇറങ്ങിയപ്പോൾ അടുക്കളയിൽ ആഹാരവുമായി തന്നെ കാത്തിരിയ്ക്കുന്ന വേണിയെ ഗിരി കണ്ടു.പക്ഷെ അയാൾ   അവളെ ശ്രദ്ധിച്ചതേ  ഇല്ല .ഗിരി തന്നെ ഒന്ന് നോക്കുമെന്നും വഴക്ക് പറയാനായിട്ടെങ്കിലും തന്നോട് എന്തെങ്കിലും ഒന്ന് സംസാരിക്കുമെന്നും  അവൾ കൊതിച്ചു.ഗിരി പോക്കറ്റിൽ നിന്നും കുട്ടന്റെ കൈയിൽ കുറച്ച് കാശെടുത്ത് കൊടുത്തു.
"തട്ടുകടയിൽ  പോയ് എന്തെങ്കിലും മേടിച്ചിട്ട് വാ.."ഗിരി പറഞ്ഞു.
അയാൾ തന്നെ മനപ്പൂർവം അവഗണിക്കുകയാണെന്ന് വേണിക്ക്  മനസ്സിലായി.അവൾക്കത് സഹിക്കാനായില്ല..അവൾ എഴുന്നേറ്റ് ഭക്ഷണത്തിന്റെ  പ്ലേറ്റ് എടുത്ത് കണ്ണീരോടെ ഗിരിയുടെ മുൻപിലേക്ക് നീട്ടി.ഗിരി അത് കാണാത്ത ഭാവത്തിൽ വേറെ എങ്ങോട്ടോ നോക്കി ഇരുന്നു.കുട്ടൻ അവളെ ഒന്ന് നോക്കിയിട്ട് വാതിൽ തുറന്ന് ഭക്ഷണം വാങ്ങാനായി പുറത്തേക്ക് പോയി.
ഗിരി ഫോൺ എടുത്ത് അതിൽ നോക്കി ഇരുന്നു.വേണി പ്ലേറ്റ് കൈയിൽ പിടിച്ച് അതെ നിൽപ്പ് തുടർന്നു.ഗിരി അവളെ നോക്കുകയോ അവളോടൊരക്ഷരം സംസാരിക്കുകയോ ചെയ്തില്ല.കുട്ടൻ വരുന്നത് വരെ അവൾ അതെ നിൽപ്പ് തുടർന്നു.കുട്ടൻ കൊണ്ടുവന്ന ഭക്ഷണത്തിന്റെ പൊതി ഗിരി വാങ്ങി.അയാൾ അത് തുറന്ന് കഴിച്ച് തുടങ്ങി.വേണി തൊട്ടടുത്ത് നിൽക്കുന്നതും അവളുടെ കരച്ചിലും ഒന്നും ഗിരി കണ്ട ഭാവം നടിച്ചില്ല.കുട്ടൻ വിഷമത്തോടെ വേണിയെ നോക്കി. അവൾ ഒന്നും മിണ്ടാതെ പ്ലേറ്റ് തിരികെ വെച്ച് ഏങ്ങലടിച്ചുകൊണ്ട് മുറിയിലേക്ക് പോയി...*****
ശ്യാമ മുറിയിലേക്ക് വന്നപ്പോൾ നന്ദൻ കട്ടിലിൽ എന്തോ ആലോചിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു..
"എന്താ നന്ദാ ആലോചിക്കുന്നത്?"ശ്യാമ കട്ടിലിൽ അവന്റെ അടുത്ത് ഇരുന്ന് അവന്റെ ഒരു കൈ അവളുടെ തോളത്ത് ഇട്ടുകൊണ്ട് ചോദിച്ചു.
"നിനക്കെന്നോട് ദേഷ്യമുണ്ടോ ശ്യാമേ?"നന്ദന്റെ ചോദ്യം കേട്ട് ശ്യാമ അവനെ അമ്പരന്ന് നോക്കി.
"നിന്റെ മിത്തുവിനെ രക്ഷിക്കാൻ എന്നെക്കൊണ്ടായില്ലല്ലോ ശ്യാമേ..."നന്ദൻ കുറ്റബോധത്തോടെ പറഞ്ഞു.
ശ്യാമ അവന്റെ മുഖം തന്റെ കൈകളിൽ എടുത്തു.. "മനപ്പൂർവം അല്ലാലോ നന്ദാ.നന്ദനെ കൊണ്ടാവും പോലെ ശ്രമിച്ചില്ലേ?ബോധം മറയുന്നത് . വരെ അവൾക്ക് വേണ്ടി നന്ദൻ പൊരുതി നിന്നില്ലേ ?ഈശ്വര നിശ്ചയം അങ്ങനെ ആയിരിക്കും.."ശ്യാമ പറഞ്ഞു.
"ഇപ്പൊ എനിക്ക് ഭയമില്ല ശ്യാമേ...പോലീസിന്റെ കൈയിൽ അവനെ ഞാൻ വിട്ടു കൊടുക്കില്ല..എന്നെങ്കിലും ഒരിക്കൽ അവനെ എന്റെ മുൻപിൽ  കിട്ടും.അന്ന് എന്നോടും മിത്തുവിനോടും ചെയ്തതിനൊക്കെയും ഞാൻ അവനെക്കൊണ്ട് എണ്ണി എണ്ണി  കണക്ക് പറയിപ്പിക്കും.അവനെ ഞാൻ കൊല്ലും ശ്യാമേ!" നന്ദന്റെ  മുഖം കണ്ട് ശ്യാമയ്ക്ക് പേടി തോന്നി.
"അബദ്ധം ഒന്നും കാണിക്കല്ലേ നന്ദാ..എനിക്ക് നന്ദനല്ലാതെ മറ്റാരുമില്ല. ഞാൻ ജീവിക്കുന്നതെ നന്ദന് വേണ്ടിയാ..അറിയാമല്ലോ.."ശ്യാമ കണ്ണീരോടെ പറഞ്ഞു.നന്ദൻ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു.അവൾ അവന്റെ നെഞ്ചിലേക്ക് പറ്റി  ചേർന്നിരുന്നു.**
ജിതേഷ് ശ്രീബാലയെയും  കൊണ്ട്  വീട്ടിൽ എത്തി.ഭോല അവളെ അടുക്കളയിലേക്ക് അടുപ്പിച്ചതെ ഇല്ല.എല്ലാ പണികളും അയാൾ സ്വയം ചെയ്തു.ശ്രീബാലയ്ക്ക് വേണ്ടതെല്ലാം ഉണ്ടാക്കി കൊടുത്തു.സുമ എല്ലാ ദിവസവും അവളുടെ അടുത്ത് വന്നിരുന്ന് അവൾക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുത്തു.ഇടയ്ക്ക് ഫോൺ കാൾ  വരുമ്പോൾ അവരുടെ മുഖം അസ്വസ്ഥമാകുന്നതും  അവർ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുകയും ചെയ്യുന്നത് കാണാമായിരുന്നു.
ഒരിക്കൽ ഒരു പുതിയ വാർത്തയുമായാണ് സുമ ശ്രീബാലയുടെ അടുത്ത് വന്നത്.
"ഞാൻ അയാൾക്ക് മാപ്പ് കൊടുക്കാൻ തീരുമാനിച്ചു മോളെ..ശരത്തിന്.."സുമ പറഞ്ഞത് കേട്ട് ശ്രീബാല വിശ്വാസം വരാതെ അവരെ നോക്കി.
"എന്ത് പറ്റി  അമ്മെ പെട്ടെന്നിങ്ങനെ ഒരു തീരുമാനം?അയാൾ കാരണം അല്ലെ മിന്നുവിന്..?"ശ്രീബാല ചോദിച്ചു.
"അതെ..പക്ഷെ വേറെ നിർവാഹം ഇല്ല.എന്റെ അച്ഛൻ രണ്ട് അറ്റാക്ക് കഴിഞ്ഞിരിക്കുന്ന ആൾ ആണ്.അന്ന് മിന്നുവിനെ പ്രെഗ്നന്റ് ആയിരിക്കുമ്പോ ആദ്യം ഉപേക്ഷിക്കാൻ എന്നെ നിർബന്ധിച്ചെങ്കിലും പിന്നീട് എന്റെ വാശി സമ്മതിച്ച് എന്റെ അച്ഛൻ എന്റെ കൂടെ നിന്നു. ആ കടപ്പാട് എനിക്ക് അദ്ദേഹത്തോട് വീട്ടണം.മിന്നുവിന്റെ അച്ഛൻ ശരത്ത് അല്ല എന്ന്  പുറം ലോകം അറിഞ്ഞാൽ എന്റെ അച്ഛൻ പിന്നെ ജീവിച്ചിരിക്കില്ല.ഈ വയസ്സ് കാലത്ത് ഞാനായിട്ട്   അദ്ദേഹത്തെ വിഷമിപ്പിക്കുന്നതെന്തിനാ.പിന്നെ തെറ്റുകൾ പറ്റാത്ത മനുഷ്യർ  ഇല്ലല്ലോ..എന്നോടുള്ള സ്നേഹം  കൊണ്ടായിരിക്കാം ഒരുപക്ഷെ എന്റെ കൂടെ ജീവിക്കണം എന്നുള്ള മോഹം കൊണ്ടായിരിക്കാം  ശരത് അതും ഇതും പറഞ്ഞ് ഭീഷണിപ്പെടുത്തി എന്റെ ജീവിതത്തിലേക്ക് മടങ്ങി വരാൻ  ശ്രമിക്കുന്നത്..ശരത്തിന് ഒരവസരം കൂടി കൊടുക്കാൻ ഞാൻ തീരുമാനിച്ചു.."സുമ പറഞ്ഞ കാര്യങ്ങൾ ഒന്നും ശ്രീബാലയ്ക്ക് ഒട്ടും ദഹിച്ചില്ല.അവളുടെ മുഖത്ത് അത് പ്രകടമായിരുന്നു.
സുമ അത് കാര്യമാക്കിയില്ല.
"ഞാൻ ഇറങ്ങട്ടെ മോളെ..പിന്നെ അടുത്ത ആഴ്ച്ച എല്ലാവർക്കും  എന്റെ വീട്ടിൽ ഒരു ലഞ്ച് ഉണ്ട്..ശരത്തും ഉണ്ടാവും കൂടെ..നിങ്ങളെല്ലാവരും  തീർച്ചയായും വരണം."സുമ പറഞ്ഞു.
സുമ അവളോട്  യാത്ര പറഞ്ഞ് ഇറങ്ങി. സുമ വീട്ടിലേക്ക് ക്ഷണിച്ച കാര്യം ശ്രീബാല ഭോലയോട് പറഞ്ഞു.
"മേ നഹി ആവുങ്ക.. വോ ഔരത്ത്  സീദി സാദി നഹി ലഗ്ത്തി.."(ഞാൻ എങ്ങും വരുന്നില്ല.. ആ സ്ത്രീയെ കണ്ടിട്ട് നല്ല ലക്ഷണം തോന്നുന്നില്ല) ഭോല മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു.
"അവര് നേരിട്ട് വന്ന് വിളിച്ചതല്ലേ ഭോല..പോയിട്ട് വരാം.."ശ്രീബാല നിർബന്ധിച്ചത് കൊണ്ട് ഭോല സമ്മതിച്ചു.
ശ്രീബാല തിരികെ മുറിയിലേക്ക് പോയി.ജിതേഷ് ഹരിയെ പറ്റി പറഞ്ഞതൊക്കെ ഓർത്ത് അവളുടെ മനസ്സ് പുകഞ്ഞുകൊണ്ടിരുന്നു. ഹോസ്പിറ്റലിൽ  നിന്നും തിരികെ വന്ന് പല തവണ ഹരിയെ വിളിച്ച് നോക്കിയെങ്കിലും അവന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
അന്ന് വൈകിട്ട് ശ്രീബാല ഭോലയുടെ  കൂടെ അമ്പലത്തിൽ  പോയി.അവിടെ എത്തുമ്പോഴാണ് അവൾക്ക് കുറച്ച് ആശ്വാസം കിട്ടുന്നത്.ശ്രീബാല പടിക്കെട്ടിൽ ഇരുന്ന് പ്രാർത്ഥിക്കുകയായിരുന്നു.പെട്ടെന്ന് ഒരു സ്ത്രീ അവളുടെ തൊട്ടടുത്ത് വന്നിരുന്നു.ആരും കാണാതെ ശ്രീബാലയുടെ കൈകളിലേക്ക് ഒരു ചെറിയ കവർ വെച്ചുകൊടുത്തു.ശ്രീബാല അന്തം വിട്ട് അവരെ നോക്കി.
"നിന്റെ കൈയിൽ തരാൻ ഹരി എന്നെ ഏൽപ്പിച്ചതായിരുന്നു..." അവർ കണ്ണുകളടച്ച് മന്ത്രം ജപിക്കുകയാണെന്ന വ്യാജേന അവളോട് പറഞ്ഞു.ശ്രീബാല വിശ്വാസം വരാതെ അവരെ  നോക്കി.പിന്നീട് അവർ അവളുടെ ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞു.അവർ പറഞ്ഞത് കേട്ട് ശ്രീബാല അവിടിരുന്ന് പരിസരം പോലും മറന്ന്  പൊട്ടിക്കരഞ്ഞു! ആ സ്ത്രീ ഒന്നും മിണ്ടാതെ ആൾക്കൂട്ടത്തിന് നടുവിലേക്ക് അപ്രത്യക്ഷയായി..
ആരൊക്കെയോ ശ്രീബാലയുടെ അടുത്ത് വന്നിരുന്ന്  കാര്യം തിരക്കി.അവൾ ഒന്നും മിണ്ടാതെ അവിടെ നിന്നും വെളിയിലേക്ക് ഓടി.അവിടെ ഭോല അവളെ കാത്ത് നിൽപ്പുണ്ടായിരുന്നു.
കാര്യമെന്താണെന്ന് ഭോല എത്ര തിരക്കിയിട്ടും ശ്രീബാല ഒന്നും മിണ്ടിയില്ല.വീട്ടിലെത്തിയതും അവൾ മുറിയിൽ കയറി വാതിലടച്ചു.ആ സ്ത്രീ തന്ന കവർ അവൾ സാരിക്കുള്ളിൽ ഒളിപ്പിച്ച് വെച്ചിരുന്നു.അത് തുറന്ന് നോക്കിയപ്പോൾ ഒരു പെൻഡ്രൈവ് കണ്ടു.അവൾ പെട്ടെന്ന് അത് അവിടിരുന്ന കമ്പ്യൂട്ടറിൽ കണക്ട് ചെയ്തു.അതിൽ ഹരി അവൾക്കായി എഴുതിയ ഒരു കുറിപ്പും പിന്നെ എന്തൊക്കെയോ ഡോക്യൂമെൻസിന്റെ സോഫ്റ്റ് കോപ്പിയും കുറച്ച് ഫോട്ടോസും വിഡിയോസും ഉണ്ടായിരുന്നു.അതെല്ലാം കണ്ട്  അവൾ ഞെട്ടിത്തരിച്ചിരുന്നുപോയി! പിന്നെ കമ്പ്യൂട്ടർ ടേബിളിൽ മുഖം കുനിച്ചിരുന്ന്  അവൾ പൊട്ടിക്കരഞ്ഞു!

തുടരും.....( അടുത്ത ഭാഗം നാളെ, ഇതേസമയം  )
അഞ്ജന ബിജോയ് 

Click here to read all Published parts: - ബാലവേണി നോവൽ  - https://www.nallezhuth.com/search/label/BalaveniNovel
(കഥ ഇഷ്ടമാകുന്നുണ്ടെങ്കിൽ അഭിപ്രായം പറയണേ)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot