
ഇന്ന് വളരെ യാദൃശ്ചികമായിട്ട് നിറഞ്ഞു ചക്ക കായ്ച്ചു നിൽക്കുന്ന ഒരു പ്ലാവിന്റെ ചിത്രം കാണാനിടയുണ്ടായി .. ആ ചക്കകൾ എന്നെ എട്ടാം ക്ലാസ്സിലെ മുൻബെഞ്ചിലെ രണ്ടാംസ്ഥാനത്തിരുന്നു നല്ലോണം പഠിക്കുന്ന ഞാനെന്ന പാവം കുട്ടിയെ ഓർമ്മിപ്പിച്ചു ....
ഞാൻ അന്നേ ഭയങ്കര മിടുക്കിയാരുന്നു പഠിക്കാൻ ..പിന്നെ മലയാളം അത് പിന്നെ എടുത്ത് പറയുന്നില്ല ...മാതൃഭാഷ എന്റെ സിരകളിൽ കമ്യുണിസ്റ്റ് പച്ചകാടുപോലെ പടർന്നു പന്തലിച്ചു കിടന്നിരുന്ന കാലം .
കുമാരനാശാനും , ചങ്ങബുഴയും എന്തിന് മംഗളം മാസികയിൽ എഴുതുന്ന മാത്യുമറ്റവും സുധാകർ മംഗളോദയത്തെയും വരെ ഹൃദയത്തിൽ ഭഗവാന്റെ പ്രതിഷ്ഠ യ്ക്ക് തൊട്ടുതാഴെ കുടിയിരുത്തിയിരുന്ന കാലം ...
ഈശ്വരൻ കഴിഞ്ഞുള്ള സ്ഥാനം ഗുരുക്കന്മാർക്ക് ആയിരുന്നല്ലോ ...എനിക്കും അങ്ങനെതന്നെ .മലയാളം പഠിപ്പിക്കുന്ന നമ്പൂതിരി സർ ...അദ്ദേഹം ഒന്ന് ചിരിച്ചു കണ്ടാൽ അത് കഠിന തപസ്സിനു ശേഷം ഈശ്വരൻ വരമരുളുന്നപോലെ ആയിരുന്നു .
മലയാളത്തിൽ 50 ൽ 50 മാർക്കും മേടിക്കുക എന്നത് ഒരുതരം വാശി ആയി മാറുകയായിരുന്നു ...ഓണപ്പരീക്ഷയുടെ കാലം ...അത്തപ്പൂവും ഊഞ്ഞാലും ഒക്കെ മനസിന്റെ വക്കിൽ നിന്ന് എത്തിനോക്കിയപ്പോഴും ഞാൻ മിഴികൾ ഉയർത്തിയില്ല ...നിശബ്ദമായി നിതാന്തമായ പഠനം ..വൃത്തവും അലങ്കാരവും മാത്രമല്ല ത്രികോണവും വാദ്യമേളവും പോലും ഞാൻ വിട്ടില്ല ..അരച്ചുകലക്കിയിട്ടും കലങ്ങാത്തതിനെ ഞാൻ പിന്നെയും പിന്നെയും അരകല്ലിൽ അരച്ചുകൊണ്ടേയിരുന്നു ..
അങ്ങനെ ആ സുദിനം എത്തിച്ചേർന്നു ...മലയാളം പരീക്ഷ ...എത്ര എക്സ്ട്രാ പേപ്പറുകൾ വാങ്ങിയെന്ന് എനിക്ക് തന്നെ അറിയില്ല ...ആരൊക്കെയോ എന്നെ കുത്രിച്ചു നോക്കുന്നതും ഞാൻ ശ്രദ്ധിച്ചില്ല എന്റെ ഉന്നം ഒന്ന് മാത്രമായിരുന്നു ഫുൾ മാർക്സ് ...
ഒരാഴ്ചയ്ക്കുള്ളിൽ റിസൾട്ട് വന്നു ....
നമ്പൂതിരി സർ ഓരോരുത്തരുടെയും പേര് വിളിച്ച് കിട്ടിയ മാർക്ക് ഉറക്കെ വിളിച്ചുപറയുന്നു ...എന്റെ കാതുകളിൽ ഓടകുഴലിന്റെ നാദം ...കാറ്റിന്റെ മർമ്മരം ...സന്തോഷം അടക്കാനാവുന്നില്ല ഇതുവരെ ആർക്കും ഫുൾ മാർക്സ് കിട്ടിയിട്ടില്ല ..അങ്ങനെ എല്ലാവരുടെയും പേപ്പറുകൾ കൊടുത്തു ..കൈയിൽ ഒരു പേപ്പർ മാത്രം ..എന്റെ
നിക്ക് മനസിലായി ഫുൾ മാർക്സ് എനിക്ക് തന്നെ ..ചില പ്രത്യേക സന്തോഷങ്ങളിൽ എന്റെ കാൽമുട്ടുകൾ കൂട്ടിയിടിക്കാറുണ്ട് ..ദാ ആ സംഭവം തുടങ്ങിയിരിക്കുന്നു ...എന്റെ പേര് വിളിച്ചു ഞാൻ വിറച്ചുകൊണ്ട് എണീറ്റു ...നാല്പത്തിരണ്ട് കുട്ടികളുടെ മുഖം + നമ്പൂതിരി സാറിന്റെ മുഖം ..എല്ലാവവരുടെയും ഫോക്കസ് ഞാൻ മാത്രം ...കാലിന്റെ വിറയൽ കൂടുന്നു തള്ള വിരലും രണ്ടാമത്തെ വിരലും കൂടി ആ വിറയൽ ഏറ്റുവാങ്ങി . ഒരു തുടർകഥപോലെ ....
സർ മെല്ലെ എന്റെ പേപ്പറിന്റെ എക്സ്ട്രാ പേപ്പർ മാറ്റി മാറ്റി ഒടുവിൽ എഴുതിയ SA യിൽ എത്തി ..ചോദ്യം ...വേണേൽ ചക്ക വേരിലും കായ്ക്കും ....വിപുലീകരിച്ചെഴുതുക ...
ആദ്യ പേജിൽ ഞാൻ നല്ലൊരു പ്ലാവ് വരച്ചു ..അതിൽ നിറയെ തൂങ്ങി കിടക്കുന്ന ചക്കകൾ ...ഇലകൾക്കും ചക്കകൾക്കും പച്ച നിറം കൊടുത്തിട്ടുണ്ട് ..ബാക്കിയെല്ലാം പെൻസിൽ കളർ ...പിന്നെ അടുത്ത പേജുമുതൽ വിപുലീകരിക്കാൻ തുടങ്ങി ...നമ്പൂതിരി സർ എന്നെ കൊണ്ടുതന്നെ ഉറക്കെ വായിപ്പിച്ചു ..
.ഞാൻ ആദ്യമായിട്ട് നാട്ടിൽ സാധാരണ കണ്ടുവരുന്ന പ്ലാവുകളെ പറ്റി എഴുതി ..പിന്നെ ചക്കയുടെ വെറൈറ്റി ...എന്തൊക്കെ വിഭവങ്ങൾ ചക്കകൊണ്ട് ഉണ്ടാക്കാം , മലയാളികളിൽ ചക്കയുടെ സ്ഥാനം , ..പിന്നെ പ്ലാവില കുത്തിയുള്ള കഞ്ഞി കുടിക്കൽ ..വേരിലും ചക്ക കായ്ക്കാനായി എന്തൊക്കെ വളങ്ങൾ ഉപയോഗിക്കണം , അങ്ങനെ പോയി പോയി ..ഒടുവിൽ ചക്ക മടലും ചക്ക ചകിണിയും പശുക്കൾക്ക് എത്രത്തോളം വിറ്റമിൻസ് പ്രദാനം ചെയ്യുമെന്ന് വരെ പോയി ....സത്യം പറയട്ടെ ചൂരലിന്റെ ചുട്ടുപൊള്ളുന്ന ഒരടിയും കുട്ടികളുടെ കൂകലും കേൾക്കുന്നവരെ ഞാനോർത്തത് ഏറ്റവും നല്ല SA എന്റെ ആയത്തുകാരണം സർ അത് എന്നെകൊണ്ട് ക്ലാസ്സിൽ വായിപ്പിച്ചു കേൾപ്പിക്കുകയായിരിക്കും എന്നാരുന്നു ...പിന്നെ മെല്ലെ മെല്ലെ എല്ലാം മനസിലായി ....ചക്കയോടുള്ള കൊതി അതോടെ തീർന്നു ....നിറഞ്ഞു ചക്ക കായ്ക്കുന്ന പ്ലാവുകൾ എനിക്ക് പേടിസ്വപ്നമായി മാറി ....
ഈ ചക്കകൾ വേരിൽവരെ എന്തിന് കായ്ക്കുന്നതാണോ ആവോ .ഒന്നോ രണ്ടോ എണ്ണം പോരെ ല്ലേ ....വെറുതെ മനുഷ്യനെകൊണ്ട് SA എഴുതിപ്പിക്കാൻ .....
Jaya Manoj Bhaskaran
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക