നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ന്യൂ ജനറേഷൻ യക്ഷി


°°°°°°°°°°°°°°°°°°°°°°°°°°
സമയം രാത്രി ഒരു പതിനൊന്ന് പതിനൊന്നര കഴിഞ്ഞിട്ടുണ്ട്. മഴ ആയത് കാരണം വാച്ചും മൊബൈലും അഴിച്ചു ചെറിയൊരു പ്ലാസ്റ്റിക് കൂടിലാക്കി അരയിലേക്ക് താഴ്ത്തിയത് കാരണം കൃത്യമായി അറിയില്ല. കുറേനേരമായി ഇപ്പൊ തോരും ഇപ്പോ തോരും എന്ന് ചിന്തിച്ചു കാത്ത് നിൽക്കാൻ തുടങ്ങിയിട്ട്. മഴയാണെങ്കിൽ ഏതോ നേരം വൈകിയോടുന്ന ട്രെയിനിനെയാണ് ഇവൻ കാത്തുനിൽക്കുന്നത് എന്ന ഭാവത്തിൽ മാനത്തുള്ള മേഘങ്ങളെ എണ്ണിക്കൊണ്ടു പെയ്തുകൊണ്ടിരിക്കുകയാണ്.
നിന്ന് നിന്ന് നിന്നിടത്ത് വേരിറങ്ങും എന്ന് തോന്നിയപ്പോൾ നനയാം എന്ന ചിന്ത വന്നു. അവിടുന്നും ഇവിടുന്നും കേൾക്കുന്ന തവളകളുടെ കരച്ചിലിനെക്കാൾ ഉച്ചത്തിൽ സ്വന്തം വയർ ചൂളം വിളിക്കാൻ തുടങ്ങിയതും ആ ചിന്തയ്ക്ക് വളമിട്ടു. ഒട്ടും മടിച്ചില്ല കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് കൂടിലേക്ക് നനഞ്ഞാൽ കേടുവരുന്ന സാധനങ്ങൾ ഒക്കെ മാറ്റി പൊതിഞ്ഞു കെട്ടി അരയിലേക്ക് താഴ്ത്തി. എന്നിട്ടും മഴയത്തേക്ക് ഇറങ്ങാൻ ഒരു മടി. ചെറിയ കാറ്റിൽ ദേഹത്ത് വന്നു വീഴുന്ന വെള്ളത്തുള്ളികൾ ഉറങ്ങിക്കിടക്കുന്ന രോമങ്ങളെ ടക്ക് ന്ന് എഴുന്നേൽപ്പിച്ചു നിർത്തുന്നു. ഹോ... ! ഇനി ഈ തണുപ്പത്ത് നടന്ന് വീട്ടിൽ ചെന്ന് കേറുമ്പോഴേക്കും കീഴ്ത്താടിയും മേൽത്താടിയും കൂടി വില്ലനും നായകനും പോലെ ഒടുക്കത്തെ ഇടി ആകുമല്ലോ എന്ന ചിന്ത കാലിനെ അനക്കുന്നില്ല.
അങ്ങോട്ടുമിങ്ങോട്ടും നോക്കി കടത്തിണ്ണകളിൽ ചുരുണ്ടുകൂടി കിടക്കുന്ന അഞ്ചാറ് പട്ടികൾ അല്ലാതെ ഒരൊറ്റ മനുഷ്യക്കുഞ്ഞുകൾ ഇല്ല. അവർ ആക്രമിക്കുമോ എന്ന് ഒരു ഭയം ഉള്ളിലുണ്ടായിരുന്നു. എന്നാൽ എന്റെ നോട്ടം കണ്ട ഒരു പട്ടി തലയുയർത്തി എന്നെ തുറുപ്പിച്ചൊന്നു നോക്കി പെട്ടെന്ന് തന്നെ കോട്ടുവായിട്ട് ' ഓ എന്നെക്കൊണ്ടൊന്നും വയ്യ ഈ മഴയത്ത് ആക്ഷൻ സീൻ കളിക്കാൻ ' എന്ന ഭാവത്തിൽ മുൻകാലിന്റെ മുകളിലേക്ക് തല താഴ്ത്തി വീണ്ടും ചുരുണ്ടു കൂടി കിടന്നു.
' എന്റെ പൊന്നു മഴേ, നീയിങ്ങനെ നിർത്താതെ പെയ്താൽ നിനക്ക് വല്ല വയ്യായ്കയും വരില്ലേ ? വേണേൽ ഒരു പത്ത് മിനിറ്റ് റെസ്റ്റെടുത്ത് ഒരു ചായയൊക്കെ കുടിച്ചിട്ട് വേണേൽ പിന്നേം പെയ്തോ ' എന്ന് കെഞ്ചിയിട്ട് വരെ മഴ മൈൻഡ് ചെയ്യുന്നില്ല. കണ്ണിച്ചോരയില്ലാത്ത മഴ. അതിനെങ്ങിനെയാ ഞാനൊരുത്തൻ ഇവിടെ കിടന്ന് കെഞ്ചുമ്പോ വീട്ടിൽ ഒരു പണിയും ഇല്ലാതിരിക്കുന്ന കുറെയെണ്ണം
" ഓ.. രാത്രിമഴേ,
നീയെന്റെ കിനാവിന്റെ
വള്ളിയിൽ തീർത്ത ഊഞ്ഞാലായി,
സുഖത്തിന്റെ നൂൽപ്പാലങ്ങൾക്ക് നടുവിലൂടെയെന്നെ ഊഞ്ഞാലാട്ടി...
തീരല്ലേ മഴേ.... നിർത്തല്ലേ മഴേ...
പോവല്ലേ‌ മഴേ... പെയ്യ്‌ മഴേ...."
എന്നൊക്കെ പറഞ്ഞു ഫേസ്ബുക്കിലും വാട്ട്സാപ്പിലും ഇൻസ്റ്റഗ്രാമിലുമൊക്കെ നിർത്താതെ പോസ്റ്റ് ചെയ്തോണ്ടിരിക്കുന്നുണ്ടാകും. അതിന്റെ അഹങ്കാരത്തിൽ നിൽക്കുന്ന മഴയുണ്ടോ എന്റെ കെഞ്ചൽ ഗൗനിക്കുന്നു. ഒരു സലിംകുമാർ ഭാവത്തിൽ ' പോടാ ' എന്ന രീതിയിൽ മഴ അത് കേട്ടപ്പോൾ ഇത്തിരി കൂടി സ്പീഡ് കൂട്ടി.
എവടെ ? ഇതൊരു നടയ്ക്ക് പോകുന്ന ലക്ഷണം കാണാനില്ല. ഒന്നും നോക്കണ്ട നനയുക തന്നെ. ഉടുത്തിരുന്ന മുണ്ടിന്റെ മടക്കികുത്തഴിച്ചു ഒന്ന് കുടഞ്ഞു. ഷർട്ട് പൊക്കിപ്പിടിച്ചു മുണ്ട് നന്നായി മടക്കിക്കുത്തി എന്നിട്ട് അതിന്റെ മീതെ ഷർട്ട് താഴ്ത്തിയിട്ടു. എന്നിട്ട് രണ്ടും കല്പിച്ചു ഇറങ്ങി ഒറ്റ നടത്തം.
മെയിൻ റോഡിൽ നിന്ന് വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുന്നതിന്റെ അഞ്ഞൂറ് മീറ്റർ ഇപ്പുറത്തെത്തിയപ്പോഴാണ് പുറകിൽ നിന്ന് നല്ല സ്പീഡിൽ വന്ന ഒരു കാർ ഇക്കണ്ട മഴവെള്ളം കൊണ്ട് നനഞ്ഞൊട്ടിയ എന്നെ, അതൊന്നും പോരാത്തത് പോലെ റോഡിൽ കിടന്ന വെള്ളം കൊണ്ട് കുളിപ്പിച്ചിട്ട് കടന്നു പോയത്. ഒന്നും നോക്കിയില്ല
" നട്ടപ്പാതിരയ്ക്ക് നിന്റപ്പന് വായുഗുളിക വാങ്ങാൻ പോകുവാണോടാ മൈ....." വിറച്ചു തുടങ്ങിയ വായിൽ നിന്ന് പുറത്തേക്ക് വരാവുന്നതിന്റെ പരമാവധി ശബ്ദത്തിൽ ഞാൻ അലറി.
എനിക്കുറപ്പാണ് ഞാനും ആ മഴയും അല്ലാതെ വേറെ ആരും ആ ചോദ്യം കേട്ടിട്ടില്ലെന്ന്. ആര് ഒറ്റിക്കൊടുത്തോ എന്തോ !? പാഞ്ഞു പോയ ആ കറുത്ത കാർ കിർ....ശബ്ദത്തോടെ ഈ സിനിമയിൽ ഒക്കെ കാണുന്നത് പോലെ പുറകുഭാഗം മാത്രം തിരിഞ്ഞു മുൻഭാഗം എന്റെ നേരെ നോക്കി നിന്നു.
ഇടിവെട്ട് കിട്ടി മണ്ട പോയ തെങ്ങ് പോലായി പോയി ഞാൻ. തുറന്ന വായിലേക്ക് നെറ്റിയിൽ നിന്നും ഒഴുകി വന്നോണ്ടിരുന്ന വെള്ളം ഇറങ്ങിപ്പോയി. ഞാനും അറിയാതെ നിന്നു പോയി. ഹെഡ്ലൈറ്റിന്റെ മങ്ങിയ മഞ്ഞവെളിച്ചം പോരാഞ്ഞിട്ട് രണ്ട് സൈഡിലെ പാർക്ക് ലൈറ്റിന്റെ മിന്നലും കൂടിയായപ്പോൾ കുത്താൻ വരുന്ന കാള തലയിട്ട് കുലുക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്.
ഹോ പുല്ല് വേണ്ടായിരുന്നു. ഒന്നും മിണ്ടണ്ടായിരുന്നു. അല്ലെങ്കിൽ തന്നെ നനഞ്ഞു വിറച്ചു കൂട്ടിയിടിച്ചോണ്ടിരുന്ന മുട്ട് ദേ സ്പീഡ് കൂടുന്ന നെല്ല് കുത്ത് മെഷീൻ പോലെ ഇടിക്കാൻ തുടങ്ങി. എനിക്കാണേൽ സംഭ്രമം എടുക്കാൻ തുടങ്ങി. കാർ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല പക്ഷേ ഞാൻ ചിന്തിച്ചത് ഏതുവഴി രക്ഷപ്പെടും എന്നായിരുന്നു. മഴയാണെങ്കിൽ നീയായി നിന്റെ പാടായി ഞാനൊന്നുനറിഞ്ഞില്ലേ രാമനാരായണ എന്ന ഭാവത്തിൽ തകർത്തു പെയ്തോണ്ടിരിക്കുന്നു.
ചിന്ത മുഴുവനാക്കാനുള്ള സമയം കിട്ടിയിരുന്നേൽ ഞാൻ വേണേൽ നേരം വെളുക്കുന്നത് വരെ ചിന്തിച്ചോണ്ടിരിക്കാൻ തയ്യാറായിരുന്നു. എവിടുന്ന് !? ദാണ്ടേ ആ കാർ പയ്യെ മുന്നോട്ട് വരുന്നു. ഞാൻ അറിയാതെ പിന്നോട്ട് കാൽ വെച്ചു. തിരിഞ്ഞോടിയാലോ എന്ന് ചിന്തിച്ചെങ്കിലും കാശുള്ളവന്റെ അഹങ്കാരം കാരണം വഴിയുടെ ഇരുവശത്തും നല്ല ഉയരത്തിലുള്ള മതിലായിരുന്നു. പോരാത്തതിന് അതിന്റെ മുകളിൽ കുപ്പിച്ചില്ലും കമ്പിയും കൊടചക്രവും റോഡ് സൈഡിലാണെങ്കിൽ ചാടി വീണ് ഒളിഞ്ഞു കിടക്കാൻ ഒരു ഓട പോലുമില്ല. അതൊക്കെ ആരാണ്ടൊക്കെ നികത്തി. എന്റെ കാര്യത്തിൽ ഒരു തീരുമാനമായി എന്നുറപ്പിച്ച നേരത്ത് പയ്യെ നീങ്ങിക്കൊണ്ടിരുന്ന ആ കാർ ഒടുക്കത്തെ സ്പീഡിൽ എന്റെ നേരെ പാഞ്ഞു വന്നു.
" അയ്യോ എന്റമ്മച്ചിയേ എന്നെ കൊല്ലുന്നേ....." ഞാൻ അലറിക്കരഞ്ഞു
കാര്യമൊന്നുമുണ്ടായില്ല മഴയെ സഹായിക്കാൻ വന്ന കാറ്റ് ആ അലർച്ചയെ തട്ടി തൂവിച്ചു 'അയ്യോ' യെ വടക്കോട്ടും 'എന്റമ്മച്ചിയേ' എന്നതിനെ തെക്കോട്ടും ബാക്കിയുണ്ടായിരുന്നതിനെ കിഴക്കോട്ടും പടിഞ്ഞാറോട്ടും ചിതറിച്ചു കളഞ്ഞു.
കണ്ണ് ഇറുക്കിയടച്ചു കാലനെ കാണാൻ കാത്തിരുന്ന എന്നെ അമ്പരപ്പിച്ച് വീണ്ടും ആ കിർ ശബ്ദം കേട്ടു. ഇപ്പോ മുട്ടും ഇപ്പോ മുട്ടും എന്ന് പ്രതീക്ഷിച്ചിരുന്ന ഞാൻ മുട്ടതായപ്പോൾ മെല്ലെ കണ്ണുതുറന്നു. ഞെട്ടിപ്പോയി ! അറിയാതെ രണ്ടടി പുറകിലേക്ക് ചാടിപ്പോയി. അല്ല പിന്നെ കണ്ണു തുറക്കുമ്പോൾ തൊട്ടു മുമ്പിൽ ആ പണ്ടാരം കാറിനെ കണ്ടാൽ ആരാ പേടിക്കാത്തത് ?
മൊത്തം കറുപ്പായത് കൊണ്ട് അകത്ത് ആരാ ? എന്താ ഉദ്ദേശ്യം ? കൊല്ലാനാണോ വളർത്താനാണോ എന്നൊന്നും എനിക്ക് മനസ്സിലായില്ല. എന്റെ ഹൃദയം ആണെങ്കിൽ എനിക്കിതൊന്നും കാണാനുള്ള ശക്തിയില്ലേ എന്ന ഭാവത്തിൽ ഷൂവിട്ട് എങ്ങോട്ടോ ചടപട ചടപട ഓടുന്നു. പണ്ടാരം ഹൃദയം ഇക്കണക്കിന് പോയാൽ ഇരുന്നിടത്തു നിന്നെഴുന്നേറ്റു ശരീരത്തിന്റെ എല്ലാ ഭാഗത്തും ഓടിനടക്കുമെന്നു തോന്നുന്നു. ഹോ ഇതിനെക്കൊണ്ടു തോറ്റു ഞാൻ. ഇത്രേം സ്പീഡിൽ ഇതിനിടിക്കാൻ അറിയാമെന്ന് മുമ്പേ അറിഞ്ഞായിരുന്നേൽ ഉസൈൻ ബോൾട്ടിനെ വെല്ലുവിളിക്കാമായിരുന്നു.
പെട്ടെന്ന് തലയിലേക്ക് മറ്റേ ജോസഫ് സിനിമ ഓർമ്മ വന്നു. ആ ...ഇത് അത് തന്നെ കേസ്... ദൈവമേ എന്റെ കിഡ്നി !!! ദൈവമേ എന്റെ ഹൃദയം !!! ദൈവമേ എന്റെ ബാക്കിയുള്ള അവയവങ്ങൾ...!!! നാളെ ഈ നേരത്ത് ഇതൊക്കെ ആരുടെ ശരീരത്തിൽ ആവുമോ ആവോ. ഉള്ള സമയം കൊണ്ട് അവർക്ക് ഞാനൊരു ചെറിയ ഉപദേശം കൊടുത്തു.
" മക്കളേ ഏത് ശരീരം ആയാലും അടങ്ങിയൊതുങ്ങി ജീവിച്ചോളണം. വഴക്കിനും വക്കാണത്തിനും ഒന്നും പോകരുത്. നന്നായിട്ട് പണിയെടുത്തോളണം. എനിക്ക് ചീത്തപ്പെരുണ്ടാക്കരുത്."
അവർ തല കുലുക്കി സമ്മതിച്ചോ ആവോ. ഞാനെന്തായാലും മാനസികവും ശാരീരികവുമായി ഒരുങ്ങി. ഇനി തലയ്ക്ക് പുറകിൽ വന്നു വീഴുന്ന ആ മൂർച്ചയുള്ള ആയുധം വന്നാൽ മാത്രം മതി. എന്നാലും വെറുതെ തല തിരിച്ചു ഒന്ന് നോക്കി. ചിലപ്പോ ആരേലും വന്നാലോ ? എവടെ ? കാലിന്റെ ഇടയിൽ കയ്യും തിരുകി ഉറക്കത്തിന്റെ രണ്ടാം സ്റ്റെപ്പിലേക്ക് എടുത്തു ചാടുന്ന തിരക്കിലായിരിക്കും എല്ലാവരും.
അങ്ങിനെ മരിക്കാൻ റെഡിയായിരിക്കുന്ന എന്റെ ചെവിയിലേക്ക് കാറിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടു. ഞാൻ വളരെ ദയനീയമായി തല തിരിച്ചു നോക്കി. അതാ തുറന്ന ഡോറിന്റെ മുകളിലേക്ക് ക്യൂട്ടക്സിട്ട ഒരു കൈ മെല്ലെ വന്നിരിക്കുന്നു. ഒപ്പം വളകളുടെ കിലുകിലു ശബ്ദവും. ങ്ങേ....!!!? ഞാൻ അമ്പരന്നു. ഒരുളുപ്പുമില്ലാതെ പോകാനുള്ള ബാഗ് പായ്ക്ക് ചെയ്തോണ്ടിരുന്ന എന്റെ ഹൃദയവും കിഡ്നിയും മറ്റ് അവയവങ്ങളും അത് നിർത്തി വെച്ചു ആ കാഴ്ചയിലേക്ക് നോക്കി.
അതാ കോരിച്ചൊരിയുന്ന മഴയിലേക്ക് ഒരു സ്ത്രീരൂപം ഇറങ്ങുന്നു. കണ്ണിലേക്ക് ഒഴുകിയിറങ്ങിയ മഴവെള്ളം തുടച്ചു മാറ്റാൻ എന്നെക്കാൾ തിടുക്കം കണ്ണിനായിരുന്നു. സ്വന്തമായി കൈയുണ്ടായിരുന്നെങ്കിൽ കണ്ണ് തന്നെ അത് ചെയ്തേനെ എന്നെനിക്ക് തോന്നിപ്പോയി. അല്ല അതിന് ആകെ ചെയ്യാൻ കഴിയുന്ന അടയ്ക്കലും തുറക്കലും അത്രയ്ക്കു വേഗതയിൽ ചെയ്യുന്നുണ്ടായിരുന്നേ.
ഒരുവിധത്തിൽ ഞാൻ അതൊക്കെ നിയന്ത്രിച്ചു നോക്കിയതും വായ് ശ്ശെ എന്നൊരു ശബ്ദം പുറപ്പെടുവിച്ചു. വേറൊന്നുമല്ല അവൾ എനിക്ക് പുറം തിരിഞ്ഞാണ് നിന്നത്. എന്നാലും ചോറ് കിട്ടിയില്ലെങ്കിൽ വേണ്ട കറിയെങ്കിൽ കറി എന്നപോലെ കണ്ണ് പിന്നാമ്പുറ കാഴ്ചകൾ ഒപ്പിയെടുത്തു.
സാരിയോ, ദാവണിയോ ആണ് വേഷം. മഴ നനയുന്നതിനനുസരിച്ചു ദേഹത്തോട് ഒട്ടിയൊട്ടി വരുന്ന അത് അവളുടെ ശരീരത്തിന്റെ ഒതുക്കവും വടിവും പ്രകടിപ്പിക്കുന്നതായിരുന്നു. അവൾ മെല്ലെ കയ്യുയർത്തി തലമുടി കെട്ടിവെച്ചിരുന്ന ക്ലിപ്പ് അഴിച്ചെടുത്ത് കാറിന്റെ മുകളിലേക്ക് മെല്ലെ കൊണ്ടുവന്നു വെച്ചു. കെട്ടഴിഞ്ഞത് അറിയാതെ തലയിൽ അങ്ങിനെ തന്നെ ഇരുന്ന തലമുടിയെ മെല്ലെയുള്ള തലയിളക്കത്തോടെ അവൾ താഴെക്കിറക്കി വിട്ടു. അവളുടെ പുറത്തുകൂടി ടാർപ്പായ കുടഞ്ഞു വിരിക്കും പോലെ ആ തലമുടി അഴിഞ്ഞു വീണു. നിതംബം വരെയെത്തുന്ന കനത്ത കാർക്കൂന്തൽ. വെപ്പുമുടി ആയിരിക്കുമോ എന്നൊന്നും എനിക്ക് തോന്നിയതേയില്ല. കാരണം കുശുമ്പ് തോന്നാൻ ഞാൻ സീരിയൽ നടിയൊന്നുമല്ലല്ലോ.
ഹോ ഞാനായത് അവളുടെ ഭാഗ്യം വല്ല കുടിയനും ആയിരുന്നേൽ അച്ചാറാണെന്നു പറഞ്ഞു അവളെ തൊട്ടു നക്കിയേനെ. വല്ല പഞ്ചാരപ്രേമിയും ആയിരുന്നേൽ കരിമ്പാണെന്നു പറഞ്ഞു അവളെ കടിച്ചു തന്നേനെ. ഞാൻ ചുമ്മാ നിന്നതേയുള്ളൂ. വേറൊന്നുമല്ല എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. അതാണ് സത്യാവസ്ഥ.
ഒന്നുറപ്പായിരുന്നു അത്രയും നേരം പക വീട്ടാനെന്ന പോലെ തിമിർത്തു പെയ്തു എന്നെ തണുത്തു വിറപ്പിച്ചുകൊണ്ടിരുന്ന മഴ ചമ്മിപ്പോയ നിമിഷമായിരുന്നു അത്. കാരണം അപ്പോൾ എനിക്ക് തണുക്കുന്നുണ്ടായിരുന്നില്ല. എവിടുന്നോ ചൂടാക്കിയ ഇരുമ്പുദണ്ഡ് മുഖേന എന്റെ ശരീരം മൊത്തം ചൂടുപിടിച്ചു തുടങ്ങിയിരുന്നു.
അവൾ മെല്ലെ ഒന്നിളകി, ഇടത്തെ കയ്യുയർത്തി തലയുടെ പിന്നിലേക്ക് കൊണ്ടുവന്നു മുടിയുടെ വലത്തേ അറ്റത്തു പിടിച്ചു മുഴുവൻ മുടിയേയും തോളിന് മുമ്പിലേക്ക് എടുത്തിട്ടു. നഗ്നമായ കഴുത്ത് എന്റെ ചൂട് പിന്നെയും കൂട്ടി. എന്റെ അധരങ്ങൾ ആ കഴുത്തിലൂടെ ഒഴുകിയിറങ്ങുന്ന മഴവെള്ളം മൊത്തിക്കുടിക്കാൻ ആഗ്രഹിച്ചത് ഒരുപക്ഷേ ദാഹിക്കുന്നു എന്ന തൊണ്ടയുടെ അപേക്ഷ കൊണ്ടായിരിക്കും. മഴത്തുള്ളികൾ കൊണ്ട് നനഞ്ഞ വയറിന്റെ സൈഡ് ഭാഗത്തിൽ നിന്ന് എന്റെ കണ്ണ് അനങ്ങാൻ കൂട്ടക്കാതിരുന്നത് എന്തുകൊണ്ടാണാവോ എന്തോ. ആകെക്കൂടി ഞാൻ ഞാനല്ലതായ നിമിഷങ്ങൾ.
എന്റെ നോട്ടം അവിടേയ്ക്കാണ് എന്നറിഞ്ഞത് കൊണ്ടോ എന്തോ അവൾ ഇടതു കയ്യെടുത്തു വയറിന്റെ ആ ഭാഗത്തു തന്നെയുള്ള എളിക്ക് കുത്തി മറ്റേ കൈ കാറിന്റെ മുകളിൽ കുത്തി ചെരിഞ്ഞു നിന്നു. ഹോ... വല്ലാത്തൊരു നിൽപ്പ് !!! എന്റെ ധമനികളിൽ രക്തം കുതിരയോട്ട മത്സരം നടത്താൻ തുടങ്ങി. എൻറെയുള്ളിലെ പേടി പുറത്തിറങ്ങി ഓട്ടോറിക്ഷ വിളിച്ചു എങ്ങോട്ടോ പോയി. പകരം മൂന്ന് ഫ്‌ളൈറ്റ് ' ധൈര്യം ' വന്നിറങ്ങുകയും ചെയ്തു. ഏതാണ്ടൊക്കെ എവിടെയെങ്ങാണ്ടൊക്കെ പൂത്തു വിരിഞ്ഞു. ഇനിയും പിടിച്ചു നിന്ന് പുണ്യാളൻ എന്ന സർട്ടിഫിക്കറ്റ് വാങ്ങാൻ എനിക്ക് താത്പര്യമുണ്ടായില്ല. പക്ഷേ മുന്നോട്ട് കുതിക്കാനാഞ്ഞ എന്നെ പിടിച്ചു നിർത്തിയത് ആ സമയത്ത് ഒരാവശ്യവുമില്ലാതെ മനസ്സ് വലിച്ചോണ്ട് വന്ന അനാവശ്യ ചിന്തയായിരുന്നു. ' ഇനി ഇതായിരിക്കുമോ ന്യൂ ജനറേഷൻ യക്ഷി !!! '
തുള്ളാൻ വെമ്പിയ മനസ്സിന്റെ മുറ്റത്തേക്കിറങ്ങി നിന്ന് ഉൾമനസ്സ് ആകാശത്തോളം ഉയരത്തിൽ പൊങ്ങിയ ചിന്തകളെ ഒക്കെ കൈ കൊട്ടി തിരികെ വിളിച്ചു.
" മക്കളേ ... പോര് പോര് ഇങ്ങോട്ട് പോര്... ഇതേ യക്ഷിയാണ്." അതുംകൂടി ആയപ്പോൾ ഞാൻ പിന്നേം പിന്നോട്ട് വലിഞ്ഞു. പണ്ടാരക്കാലി യക്ഷി പാതിരാത്രിയിൽ കാറും കൊണ്ടിറങ്ങിയെക്കുവാ മനുഷ്യന്റെ ചോര കുടിക്കാൻ. ' ന്യൂ ജനറേഷൻ യക്ഷി '..!!! ചോദ്യോത്തര പരിപാടിയ്ക്ക് അവസരം കൊടുക്കാതെ ഞാൻ അതങ്ങ് ഉറപ്പിച്ചു.
പട്ടാപ്പകൽ യക്ഷി എന്നെഴുതി കാണിച്ചാൽ ഒരു പരാതിയും കൂടാതെ തിരിഞ്ഞു നടന്നോണ്ടിരുന്ന എന്റെ ആ രാത്രിയിലെ അവസ്‌ഥ എന്തായിരിക്കും ?
എന്റെ മനസ്സ് മനസ്സിലാക്കിയ പോലെ അവൾ അങ്ങിനെ തന്നെ നിന്നുകൊണ്ട് കാറിൽ കുത്തിയ കൈ പൊക്കി ചൂണ്ടുവിരൽ എന്റെ നേരെ ചൂണ്ടി ഒരു വിളിയാണ്
" ഹേയ് ഹാൻഡ്സമ്മ്.... കമോണ്... ലെറ്റ്... അസ്... ഡാൻസ്. "
ഒപ്പം നാലു വിരൽ കൊണ്ട് വാ എന്നൊരു ആംഗ്യം കാണിക്കലും. അച്ഛമ്മച്ചീയെ... ഇംഗ്ലീഷ്.... ആ വിളി കേട്ടതും ഞാൻ അയ്യട എന്നായിപ്പോയി. ഞാൻ എനിക്കറിയാവുന്ന ഇംഗ്ലീഷിൽ ചിന്തിച്ചു അതിന്റെ അർത്ഥം ഊഹിച്ചു. ഹാൻഡ് എന്നാൽ കൈ... ഈ സമ്മ് !?? ചിലപ്പോ സണ്ണ് എന്നാവും ഞാൻ കേട്ടതിന്റെ ആവും. അപ്പോ അർത്ഥം കൈമോൻ അഥവാ കൈക്കുഞ്ഞ് !!! അയ്യേ...!!!! ഞാൻ മനസ്സിൽ മൊത്തം കൂട്ടി വായിച്ചു നോക്കി
" ഏയ്...കൈക്കുഞ്ഞേ, ഡാൻസാൻ വാ "
ആ ലെറ്റും അസും എന്താണെന്ന് മാത്രം എനിക്ക് ദഹിച്ചില്ല. ഞാൻ അതങ്ങ് നൈസായി വിട്ടുകളഞ്ഞു.
എന്തായാലും ആ ' കൈക്കുഞ്ഞേ ' എന്ന വിളി എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് തന്നെ അടുത്തേക്ക് ചെല്ലാൻ ഒരു മടി.
മടിച്ചു മടിച്ചു നിന്ന എന്നെ അവളുടെ അടുത്ത പ്രവൃത്തി നിന്നിടത്ത് നിന്ന് ചലിപ്പിച്ചു. കാറിന്റെ റിമോട്ടെടുത്ത് ഏതോ സ്വിച്ചിൽ ഞെക്കിയപ്പോൾ കാർ ടയറിൽ നിന്നുകൊണ്ട് തന്നെ അങ്ങോട്ടുമിങ്ങോട്ടും പൊങ്ങാനും താഴാനും തുടങ്ങി ഒപ്പം അകത്ത് നിന്ന് അടിപൊളി റോക്ക് മ്യൂസിക്കും അതിനനുസരിച്ചു മിന്നിമറയുന്ന ലൈറ്റുകളും കൂടിയായപ്പോൾ സ്വതവേ ഡാൻസ് പ്രേമിയായ എന്റെ കയ്യും കാലും അതിനനുസരിച്ചു ഇളകാൻ തുടങ്ങി. അവളും ഇളകിയാടി തുടങ്ങിയിരുന്നു.
ഞാൻ പതുക്കെ ഡാൻസ് കളിച്ചു അവളുടെ അടുത്തേക്ക് നീങ്ങി. അവളുടെ തൊട്ടു പുറകിൽ എത്തി എന്റെ നിശ്വാസം അവളുടെ നഗ്നമായ കഴുത്തിൽ തട്ടുന്ന അത്രയും അടുത്തെത്തിയപ്പോൾ എവിടെ തൊടണം എന്നൊരു ആശയക്കുഴപ്പം എന്നിൽ വന്നെങ്കിലും രണ്ടു കയ്യും രണ്ടു സൈഡിൽ നിന്നുയർത്തി ഇടുപ്പിൽ പിടിക്കാനാഞ്ഞതും കാറിൽ നിന്ന് പാട്ടുയർന്നു.
" തിരുനാമ കീർത്തനം പാടുവാനല്ലെങ്കിൽ
നാവെനിക്കെന്തിനു നാഥാ...
നിന്നപദാനമെപ്പോഴും ആലപിച്ചില്ലെങ്കിൽ
അധരങ്ങളെന്തിന് നാഥാ.... "
ശ്ശെ.... നശിപ്പിച്ചു...നശിപ്പിച്ചു... കംപ്ലീറ്റ് നശിപ്പിച്ചു.... സിറ്റുവേഷനു ഒട്ടും അനുയോജ്യമല്ലാത്ത പാട്ട്. എനിക്ക് ദേഷ്യം വന്നു. ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു.
" അത് മാറ്റൂ....വേറെ പാട്ടിടൂ..." എന്നുറക്കെ അലറി. പക്ഷേ പാട്ടിന്റെ ശബ്ദം കൂടിക്കൂടി വരുന്നു. സ്വയമറിയാതെ കണ്ണുകൾ തുറന്നു പോയി. ഞാൻ അമ്പരന്നു പോയി. നട്ടപ്പാതിരയ്ക്ക് മഴയും നനഞ്ഞു നടുറോഡിൽ നിന്ന ഞാൻ ആണ്ടെടാ നല്ല പകൽ വെളിച്ചത്തിൽ മുറിക്കുള്ളിൽ കട്ടിലിൽ കിടക്കുന്നു. ശ്ശെടാ ! ഇതെന്തൊരു മറിമായം !?
ഞാൻ വേഗം കണ്ണുകൾ വീണ്ടും ഇറുക്കിയടച്ചു. കണ്ണ് ആ ഇരുട്ടിൽ അവിടെയും ഇവിടെയും ടോർച്ച് അടിച്ചു നോക്കി. എവടെ അവളുമില്ല, കാറുമില്ല, മഴയുമില്ല. പാട്ട് മാത്രം കേൾക്കുന്നുണ്ട്. നിരാശയോടെ കണ്ണ് തുറന്ന ഞാൻ ആ നടുക്കുന്ന സത്യം തിരിച്ചറിഞ്ഞു. പാടുന്നത് എന്റെ മൊബൈലിന്റെ റിംഗ് ടോണാണ്. തേട്ടി വന്ന കലിയോടെ ഞാൻ കാൾ എടുത്തു.
" ഹലോ "
" ഹലോ സാർ " അപ്പുറത്ത് നിന്ന് ഒരു കിളിനാദം. എനിക്കെന്തോ ആ മുഖം കാണാതെ പോയ സുന്ദരിയെ ഓർമ്മ വന്നു.
ഞാനൊന്നും മിണ്ടിയില്ല.
" ഹലോ സാർ, തിരക്കിലാണോ ? വിരോധമില്ലെങ്കിൽ ഒരു അഞ്ചുമിനിറ്റ് സമയം തരാമോ "
" എന്താണ് കാര്യം "
" സാർ ഞാൻ വിളിക്കുന്നത് താങ്കളുടെ സിമ്മിന്റെ ഓഫീസിൽ നിന്നാണ്. സാറിന് ഞങ്ങളുടെ സർവീസിനെ പറ്റി എന്താണ് അഭിപ്രായം. ഒന്ന് പറയാമോ സാർ ? "
എനിക്ക് എന്റെ ദേഹത്താകെ നായ്കുരണ പരിപ്പ് വിതറിയത് പോലെ ഒരു വികാരം അനുഭവപ്പെട്ടു. അവളുടെയൊരു സർവീസ്.... ഞാൻ മറുപടി ഒന്നും കൊടുത്തില്ല. പകരം കാൾ കട്ട് ചെയ്യാതെ, ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗിക്കാനായി ' ഞാൻ തന്നെ പാടി ' സൂക്ഷിച്ചു വെച്ചിട്ടുള്ള പാട്ട് ഹോം തീയേറ്ററിൽ ഇട്ടിട്ട് ഫോൺ സ്പീക്കറിന്റെ അടുത്തേക്ക് നീക്കി വെച്ചു. അത് പാടാൻ തുടങ്ങി.
" നിന്റമ്മേടെ ജിമുക്കി കമ്മൽ
നിന്റപ്പൻ കട്ടോണ്ട് പോയേ..
നിന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
നിന്റമ്മ കുടിച്ചു തീർത്തേ..."
എന്നിട്ട് ഞാൻ മെല്ലെ തലവഴി പുതപ്പിട്ടു വീണ്ടും കിടന്നുറങ്ങി. എന്റെ കറുകറ ശബ്ദവും വരികളും.. ആഹാ ഇതിലും വലിയൊരു പണി അതിന് കിട്ടിയിട്ടുണ്ടാകില്ല... അല്ലപിന്നെ ഇങ്ങിനെയൊക്കെയുള്ള കാഴ്ചകൾ വല്ല ആണ്ടിനും ചങ്ക്രാന്തിക്കും വന്നാ വന്നെന്ന് പറയാം. അപ്പോഴാണ് കൃത്യം ആ സമയത്ത് തന്നെ വരുന്ന ഈ വക കുശലാന്വേഷണങ്ങൾ... ഇതിനൊക്കെ ഞാൻ പിന്നെ എന്ത് മറുപടി കൊടുക്കാനാണ്. നിങ്ങൾ പറയ്.
ജയ്സൺ ജോർജ്ജ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot