Slider

പലമുഖങ്ങൾ

0
.
"മോളെ, ദേ ഇതൊന്ന് കുടിച്ചേ", പ്രോട്ടീൻ പൌഡർ ചേർത്ത ഒരു കപ്പ്‌ പാൽ ദേവൂട്ടിക്ക് നേരെ നീട്ടി ലതിക പറഞ്ഞു.
"യ്യോ, വേണ്ടമ്മേ, അതിന്റെ മണമോർത്താൽ തന്നെ എനിക്ക് അടിവയറ്റീന്നു വാള് വരുന്ന പോലെ തോന്നും", ദേവു മുഖം ചുളിച്ചു.
"ന്റെ പൊന്ന് മോളല്ലേ, നോക്കിയേ, കുഞ്ഞാവ നല്ല ആരോഗ്യത്തോടെ വരണമെങ്കിൽ ഈ സമയത്ത് നല്ല പോഷകാഹാരങ്ങൾ കഴിക്കണം.
ദേ, ഈ പാൽ മരുന്ന് കുടിക്കണ പോലെ കണ്ണടച്ചു ഒറ്റ വലിക്ക് കുടിച്ചേ ദേവൂ."
അത് പറഞ്ഞു കൊണ്ട് ലതിക കട്ടിലിൽ ദേവൂട്ടിയുടെ അരികിലിരുന്നുകൊണ്ട് അവളുടെ മുടിയിൽ തഴുകി.
നേരത്തെ മേശമേൽ കൊണ്ട് വച്ച ആപ്പിൾ കഷ്ണങ്ങൾ അവൾ തൊട്ടിട്ടില്ല. കണ്ണീച്ച പറന്നു നടക്കുന്നുണ്ട് പാത്രത്തിനു ചുറ്റും. മൊബൈലിൽ തോണ്ടി വെറുതെ കിടക്കുകയാണവൾ.
ലതിക നെടുവീർപ്പിട്ടു.
അന്നേരം ആരോ ഉമ്മറത്ത് കാളിങ് ബെല്ലടിച്ചു.
"അമ്മാ, കുപ്പി പാട്ട ണ്ടാ.."
മലർക്കൊടിയുടെ സ്വരമാണല്ലോ.
ലതിക വേഗം ചെന്ന് വാതിൽ തുറന്നു.
"കുറെ കാലമായല്ലോ മലർക്കൊടി, നിന്നെ കണ്ടിട്ട്. സുഖമാണോ നിനക്ക്."
ചോദ്യത്തിനിടെയാണ് ലതിക മലർക്കൊടിയുടെ വീർത്ത വയർ ശ്രദ്ധിച്ചത്.
ആഹാ, എവളോം മാസം ആയി നിനക്ക്?
വർഷങ്ങളായുള്ള പരിചയമാണ് സേലത്തുകാരിയായ തമിഴത്തിക്കുട്ടി മലർക്കൊടിയുമായിട്ട് ആ നാട്ടുകാർക്ക്. കുപ്പിപാട്ട പെറുക്കാൻ വരുന്ന അവൾക്കു ആരെയും ആകർഷിക്കാൻ തക്ക വണ്ണമുള്ള ഒരു പ്രത്യേക പ്രകൃതമാണ്. കാക്കക്കറുമ്പിയാണവൾ. വയസ്സായവർ മാത്രമുള്ള വീടുകളിൽ ചെല്ലുമ്പോൾ തനിക്ക് പറ്റാവുന്ന സഹായമൊക്കെ അവൾ ചെയ്തു കൊടുക്കും.എത്ര നിർബന്ധിച്ചാലും പ്രതിഫലമൊന്നും വാങ്ങിക്കാറില്ല പലപ്പോഴും.നാട്ടിലുള്ള അവളുടെ പാട്ടിയെ ഓർമ്മ വരുമത്രെ അവരെയൊക്കെ കാണുമ്പോൾ. പിന്നീട് കുറച്ചു നാൾ അവൾ വന്നിരുന്നില്ല.
മാസങ്ങൾക്ക് ശേഷം കണ്ടപ്പോഴാണ് അവളുടെ കല്യാണം കഴിഞ്ഞുവെന്നറിഞ്ഞത്.
പിന്നെ ദേ ഇപ്പോഴാ കാണുന്നത്.
"എട്ടാവത് മാസമാച്ച് അമ്മാ", അവൾ പുഞ്ചിരിച്ചു. വിയർത്തു കുളിച്ചു ആകെ ന്തോ പോലെ ആയിട്ടുണ്ട്‌ അവൾ. മുഖത്തൊക്കെ നീര് വന്നത് പോലെയുണ്ട്.
"ദേ, വടക്കേപ്പുറത്തു ചാക്കിൽ കെട്ടി വച്ചിട്ടുണ്ട് കുറെ പഴയ കുപ്പികളും മറ്റും. നീ നോക്കീട്ട് ന്താച്ചാ കൊണ്ടോയ്ക്കോ ട്ടോ.
ഞാനിപ്പോ വരാം."
ലതിക അതും പറഞ്ഞു വീടിനകത്തേക്ക് പോയി. ഫ്രിഡ്‌ജിൽ നിന്നും അഞ്ചാറു ആപ്പിളും, മാതളനാരങ്ങയുമെടുത്തു ഒരു സഞ്ചിയിലിട്ടു.
ഷെൽഫു തുറന്നു കുപ്പിയിൽ നിന്നും കുറച്ചു ഈത്തപ്പഴവും, ബദാമും മറ്റുമെടുത്തു ഒരു പ്ലാസ്റ്റിക് കുപ്പിയിലേക്ക് പകർത്തി.
കൂടാതെ പ്രോട്ടീൻ പൗഡറിന്റെ ഒരു കുപ്പിയും സഞ്ചിയിലേക്കിട്ടു.
ഇതെല്ലാമെടുത്തു ഉമ്മറത്തേക്ക് പോവുമ്പോൾ ദേവൂട്ടിയുടെ മുറിയിലേക്ക് എത്തിച്ചു നോക്കി. അവളപ്പോഴും മൊബൈലിൽ തോണ്ടി കിടക്കുന്നു. മേശപ്പുറത്തു വച്ച പാൽ തൊട്ടിട്ടില്ല.
ലതിക മുറിയിൽ ചെന്ന് ആ പാൽകപ്പും കയ്യിലെടുത്തു.
ഉമ്മറത്തെ തിണ്ണയിൽ കയ്യിലുള്ള സഞ്ചിയും പാൽകപ്പും വച്ചതിനു ശേഷം അവർ മുറ്റത്തേക്കിറങ്ങി, വടക്കേപുറത്തു ചെന്നപ്പോൾ തന്റെ നിറവയറിൽ ഒരു കയ്യും വച്ചു, കുപ്പിപാട്ട തരം തിരിക്കുകയാണ് മലർക്കൊടി.
അമ്മാ, മൊത്തം പതിമൂന്ന് രൂപ ആച്ച്, എന്ന് പറഞ്ഞു കൊണ്ട് അവൾ ബ്ലൗസിനുള്ളിൽ വച്ചിരിക്കുന്ന പേഴ്സ് എടുത്തു.
"പൈസ ഒന്നും വേണ്ട മലർക്കൊടി. നീ ഇത് കൊണ്ടോയ്ക്കോ.ആ പിന്നെ, നീ നന്നായിട്ട് ആഹാരം കഴിക്ക് ട്ടോ. കുഞ്ഞിന് നല്ല ആരോഗ്യം വേണ്ടേ." ലതിക പറഞ്ഞു.
അവളതു കേട്ടു പുഞ്ചിരിച്ചു. "ആമാ അമ്മാ, വെയിലിലെ നടന്ത്‌ പാട്ട പെറുക്കണമില്ലയാ."
പെട്ടന്നവളുടെ കണ്ണുകൾ നിറഞ്ഞു.
"കുഴന്ത, അവനോ, അവളോ, കണ്ടിപ്പാ നാൻ അതിനെ പള്ളിക്കൂടത്തിൽ സേർക്കും!!"
കണ്ണുകൾ തുടച്ചു കൊണ്ട് അവൾ കുപ്പികളെടുത്തു ചാക്കിൽ നിറച്ചു. ലതിക അവളെ സഹായിച്ചു.അവളുടെ ഉന്തു വണ്ടിയിൽ ചാക്കെടുത്തു കൊണ്ട് വച്ചു കൊടുത്തു.
മലർക്കൊടിക്ക് നേരെ പാൽകപ്പ് നീട്ടിയപ്പോൾ അവൾ എന്തെന്നില്ലാത്ത സന്തോഷത്തോടെ അത് വാങ്ങി ആർത്തിയോടെ കുടിച്ചു.
സഞ്ചി കൊടുത്തപ്പോൾ അവൾ അതിനുള്ളിലുള്ള സാധനങ്ങൾ നോക്കി അന്തം വിട്ടു.
വേണ്ട എന്ന് അവൾ പലവട്ടം പറഞ്ഞെങ്കിലും ലതിക അവൾക്കത് നിർബന്ധിച്ചു കൊടുത്തു.
അവൾ പോയപ്പോൾ, ഉമ്മറത്തെ വാതിലടച്ചുകൊണ്ട് അടുക്കളയിലേക്കു പോകാൻ നേരം ദേവൂട്ടിയുടെ മുറിയിലേക്ക് എത്തിച്ചു നോക്കി ലതിക.
ദേവു അപ്പോഴും മൊബൈലിൽ തോണ്ടി കിടപ്പുണ്ട്. മേശപ്പുറത്തിരിക്കുന്ന ആപ്പിൾ പാത്രത്തിനടുത്തു കണ്ണീച്ചകളുടെ എണ്ണം വർദ്ധിച്ചിരുന്നു!!!!

By Aisha Jaice
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo