നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

രണ്ടാം കെട്ട്

Image may contain: 1 person, closeup and indoor
നിങ്ങൾക്ക് നാണമില്ലേ മനുഷ്യാ ഈ വയസുകാലത്ത് എന്റെ അച്ഛനെ കൊണ്ട് പെണ്ണുകെട്ടിക്കാൻ?????
ഭാര്യയുടെ ദേഷ്യത്തോടെയുള്ള ചോദ്യം കേട്ട് ഞാൻ ചിരിച്ചു.
എന്റെ ചിരി അവളെ കൂടുതൽ കുപിതയാക്കി.
അവളുടെ കണ്ണുകൾ ചുവന്നു…
പല്ലുകൾ കടിക്കുന്ന ശബ്ദം വ്യക്‌തമായി കേൾക്കാൻ തുടങ്ങി …
ഇനിയും ചിരിച്ചാൽ അവൾ വല്ലതും എടുത്ത് എറിയാൻ സാധ്യത ഉണ്ട്.
അതുകൊണ്ടുതന്നെ അവളെ അനുനയിപ്പിക്കാൻ ഞാൻ ശ്രമം തുടങ്ങി.
ശാന്തമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൾ അമ്പിനും വില്ലിനും അടുക്കുന്നില്ല…
അച്ഛന് 52 വയസായി 'അമ്മ പോയിട്ട് 15 വർഷം കഴിഞ്ഞപ്പോഴാണോ രണ്ടാം കെട്ട് വേണമെന്ന്‌ തോന്നിയത്?
ഈ വയസാം കാലത്ത് ഒരു കല്യാണം കഴിച്ചാൽ നാട്ടുകാർ എന്തു പറയും?
അതൊക്കെ പോട്ടെ ഒരു കുഞ്ഞ് ജനിച്ചാലോ?
അതും നാണക്കേട് ആകില്ലേ ?????
അവൾ ചോദ്യശരങ്ങൾ എയ്തുവിട്ടു.
മതി,സംസാരം മതിയാക്കിക്കോ…
ഞാൻ ദേഷ്യം ഭാവിച്ചു.
എന്റെ പെട്ടെന്നുള്ള ഭാവമാറ്റം അവളെ ഞെട്ടിച്ചു.
കാരണം ഞാനങ്ങനെ ദേഷ്യപ്പെടാറില്ല .
മിലീ നിന്റെ അച്ഛൻ നീ പറഞ്ഞപോലെ അങ്ങ് വയസനായിട്ടൊന്നുമില്ല.
52 വയസ്‌ എന്നത് അത്ര വലിയ പ്രായവുമല്ല.
ജീവിതത്തിന്റെ നല്ല സമയത്താണ് നിന്റെ അമ്മയെ ഈശ്വരൻ തിരികെ വിളിച്ചത്.
അന്ന് അദ്ദേഹത്തിന് പ്രായം 37 ,നിനക്ക് 9ഉം.
എല്ലാവരും പുനർവിവാഹം കഴിക്കാൻ നിർബന്ധിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല,തന്റെ ഇനിയുള്ള ജീവിതം മകൾക്ക് എന്ന് അദ്ദേഹം നെഞ്ചിൽ കൈവെച്ച് പ്രതിജ്ഞ എടുത്തു.
രണ്ടാനമ്മയ്ക്കൊപ്പം മകൾ സുരക്ഷിതയായില്ലെങ്കിലോ എന്ന പേടിയായിരുന്നു അദ്ദേഹത്തിന്.
ആ മനുഷ്യൻ തന്റെ ജീവിതത്തിലെ മനോഹരമായ 15 വർഷങ്ങൾ മകൾക്കായി മാറ്റിവെച്ചു.
നീ ഋതുമതി ആയ സമയം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായിരുന്നു.
ഒരു പെണ്കുട്ടിക്ക് ആ സമയം മനസിലാക്കേണ്ടുന്ന അറിവുകൾ നിനക്ക് പകർന്നു നൽകാൻ അദ്ദേഹത്തിന് കഴിയില്ലായിരുന്നു.
അന്നുമാത്രമാണ് അദ്ദേഹം മറ്റൊരാളിന്റെ സഹായം തേടിയത്.
അത് അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഭാര്യ അതായത് എന്റെ അമ്മ ആയിരുന്നു.
അന്നും പലരും അദ്ദേഹത്തെ കുറ്റപ്പെടുത്തി,ഒരു വിവാഹം കഴിച്ചിരുന്നെങ്കിൽ എന്ന് …
അപ്പോഴും ആ മനുഷ്യൻ ചിരിച്ചു.
തന്റെ മകൾ മതി തന്റെ എല്ലാ ദുഃഖങ്ങളും മറക്കാൻ എന്ന്. ആ ജീവിതത്തിൽ വേറൊരാൾക്ക് സ്ഥാനമുണ്ടായത് നിന്റെ കഴുത്തിൽ ഞാൻ താലികെട്ടിയ ദിവസമായിരുന്നു .
നീ അധികം പൊങ്ങുകയില്ലെങ്കിൽ ഒരു കാര്യം പറയാം,
എന്റെ ജീവിതത്തിൽ സംഭവിച്ച നല്ല കാര്യങ്ങളിൽ ഒന്നാണ് നിന്നെ പത്നിയായി ലഭിച്ചത്‌.
'അമ്മ ഇല്ലാതെ വളർന്ന കുട്ടി ആയിട്ടുപോലും നീ നല്ല അച്ചടക്കവും ഉത്തരവാദിത്തവും ഉള്ള ഒരുവളാണ്. അതിന് നന്ദി പറയേണ്ടത് ആ മനുഷ്യനോടാണ്.
എന്റെ ജീവിതത്തിലേക്ക് നിന്നെ ചേർത്തു വെച്ച ആ മനുഷ്യന് നൽകാവുന്ന ഏറ്റവും നല്ല സമ്മാനങ്ങളിൽ ഒന്നാണ് ഈ വിവാഹം.
മകളുടെ വിവാഹത്തോടെ വീട്ടിൽ ഏകാന്തത അനുഭവിക്കുന്ന അദ്ദേഹത്തിന് ഒരു ആശ്വാസമാകും ഒരു കൂട്ട് കിട്ടുന്നത്.
52ലും നല്ല ചുറുചുറുക്കും ആരോഗ്യവും ഉണ്ട് അദ്ദേഹത്തിന്.
അദ്ദേഹത്തിന്റെ ഇനിയുള്ള ജീവിതം ഒറ്റപ്പെടലുകൾ ഇല്ലാതെ ആഘോഷിക്കാൻ ഒരു വിവാഹം സഹായകമാകും.
പിന്നെ മിലി ചോദിച്ചില്ലേ കുട്ടികൾ ഉണ്ടായാലോ എന്ന് ;
ഉണ്ടാവുകയില്ല കാരണം നിന്റെ അച്ഛനായി കണ്ടുപിടിച്ച ആളിന് മക്കൾ ഉണ്ടാകുകയില്ല.
അവർ പ്രൊഫെസർ മാലതി, പണ്ട് ഒരു വിവാഹം കഴിച്ചതാണ്.
ഭർത്താവിന്റെ ആശ്രദ്ധമൂലം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു.
ഗുരുതരമായ പരിക്കേറ്റ അവർക്ക് തന്റെ ഗർഭപാത്രം നഷ്ടപ്പെട്ടു.
ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയാത്ത അവരെ ഭർത്താവ് ഡിവോഴ്സ് ചെയ്തു.
45 വയസുള്ള കോളജ് അധ്യാപികയായ അവർ കോളജും കുട്ടികളുമായി തന്റെ ജീവിതം തള്ളിനീക്കുകയാണിപ്പോൾ.
നിന്റെ അച്ഛന് നല്ലൊരു ഭാര്യയും നിനക്ക് ഒരു അമ്മയും ആയിരിക്കും അവർ.
ഇനിയും നീ ദയവായി ഇടങ്കോലിടരുത് പെണ്ണേ…
ഞാൻ പറഞ്ഞു നിറുത്തി.
നോക്കിയപ്പോൾ അവൾ മുഖം കുനിച്ചിരിക്കുന്നു,
ഞാൻ അവളുടെ മുഖം പിടിച്ചുയർത്തി.
ആ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.
എന്തിനാ പെണ്ണേ കരയുന്നത്?
നിനക്ക് ആ രൗദ്രഭാവം ആണ് ചേരുക ഇതൊരുമാതിരി മീൻ കിട്ടാത്ത പൂച്ച മോങ്ങുന്ന പോലുണ്ട്.
ഞാൻ കളിയാക്കി.
അവൾ വിതുമ്പലോടെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
എന്നാലും എനിക്കായി ജീവിച്ച എന്റെ അച്ഛൻ…
ഞാൻ സ്വാർത്ഥയായിപ്പോയല്ലോ ചേട്ടാ…
അവൾ എങ്ങലടിച്ചു …
ഒന്നും മിണ്ടാതെ ഞാൻ അവളെ തലോടിക്കൊണ്ടിരുന്നു.
★★★★★
രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ ഒരു ഞായറാഴ്ച്ച എന്റെ അമ്മായി അച്ഛൻ,തഹസിൽദാർ ചന്ദ്രശേഖര മേനോൻ പ്രൊഫെസർ മാലതിയെ വിവാഹം ചെയ്തു.
ആ താലികെട്ട് നടന്നപ്പോൾ ഞാൻ ശ്രദ്ധിച്ചത് മുഴുവൻ മിലിയെ ആണ്…
നിറഞ്ഞ കണ്ണുകൾ ഒളിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ പുഷ്പവൃഷ്ടി നടത്തി.
നവദമ്പതികളെ ആരതിയുഴിഞ്ഞു അകത്തേക്ക് സ്വീകരിച്ചതും അവൾ തന്നായിരുന്നു.
എല്ലാവരുടെയും കണ്ണുവെട്ടിച്ച് അവൾ എന്നെ കെട്ടിപ്പിടിച്ചു…
എന്റെ അച്ഛന് ഇത്രയും നല്ലൊരു സമ്മാനം നൽകിയതിന് താങ്ക്സ്…
എന്നു പറഞ്ഞു.
ഞങ്ങൾ കാണുകയായിരുന്നു നവദമ്പതികളുടെ മുഖത്തെ തെളിഞ്ഞ സന്തോഷം…
അത് ദീർഘകാലം നിലനിൽക്കട്ടെ …
(ശുഭം).
കഥ ഇഷ്ടമായെങ്കിൽ ഒരു ലൈകും കമന്റും ഇടാൻ മടിക്കേണ്ട 🙂
സ്‌നേഹത്തോടെ
Varun മാവേലിക്കര .

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot