Slider

ചാണക മണമുള്ള അപ്പൻ. (ചെറുകഥ )

0
.Image may contain: 1 person
---------------------------------------------------------
മലമുകളിൽ നിന്നും മഴ പെയ്തിറങ്ങി വരുന്നത് നോക്കി സൊസൈറ്റിയുടെ വരാന്തയിൽ വർക്കി നിന്നു.സൊസൈറ്റിയിൽ പാൽ കൊടുക്കാൻ വന്നതായിരുന്നു അയാൾ.
നാളെയാണ് ഒരാഴ്ച്ച പാൽ കൊടുത്തതിന്റെ കാശ് കിട്ടുന്നത്. സെക്രട്ടറിയോട് അത് ഇന്ന് തരാൻ പറ്റുമോ എന്ന് ചോദിക്കണമെന്ന ഉദ്ദേശത്തോടെയാണ് വർക്കി ഒരു മിനിറ്റ് നിന്നത്.
'ചോദിക്കണോ..? ചോദിച്ചിട്ട് തന്നില്ലങ്കിൽ നാണക്കേടാകും !!!'.
അഭിമാനം സമ്മതിക്കുന്നില്ലന്ന് തോന്നിയപ്പോൾ വർക്കി മഴയിലേക്കിറങ്ങി.
ആൻസിമോൾ മൊബൈൽ റീചാർജ് ചെയ്യണമെന്ന് പറഞ്ഞതാണ്. ബ്ലേഡുകാരൻ വിജയന്റെ കയ്യിൽ നിന്നും മേടിച്ച കാശിന്റെ പലിശ കൊടുക്കണ്ട ദിവസവും ഇന്നാണ്. നനയാതിരിക്കാനാണ് എന്ന് തോന്നിപ്പിക്കുന്ന വിധം കുട താഴ്ത്തിപിടിച്ചു അയാൾ വേഗം നടന്നു.
ഹൈറേഞ്ചിലെ ഒരു സാധാരണ കുടുംബ നാഥനാണ് വർക്കി.രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പെടാപ്പാട് പെട്ട് തോറ്റുപോകുന്ന പലരിൽ ഒരാൾ.
വർക്കി വീട്ടിലേക്കു വന്ന് കയറുമ്പോൾ സീരിയലിൽ കണ്ണ് നട്ടിരിക്കുവായിരുന്നു കുടുംബ നാഥ റാണിയും, മകൾ ആൻസിയും. മകൻ ജോസ് മോൻ മൊബൈലിൽ ചാറ്റിക്കൊണ്ടു സോഫയിൽ കിടപ്പുണ്ട്.
ആകുലതകളുടെ ഭാരത്തിൽ തൊണ്ട വരളുന്നുവെന്നു തോന്നിയ അയാൾ മേശപ്പുറത്തിരുന്ന ജഗ്ഗ് എടുത്തു വായിലേക്ക് കമഴ്ത്തി.
"അപ്പാ എൻ്റെ മൊബൈൽ റീചാർജ് ചെയ്തോ..? ".
ജഗ്ഗ് തിരികെ വെച്ച് പുറത്തേക്കു നടക്കുമ്പോൾ ആൻസി വിളിച്ചു ചോദിച്ചു.
"മറന്നു പോയി മോളേ.നാളെ ചെയ്യാം."
"നിങ്ങളുടെ അപ്പനോട് ഇന്നു പറഞ്ഞാൽ നാലു ദിവസം കഴിയണം അത് നടക്കണേൽ ".
വരാന്തയിലെ കളറ് മാറിത്തുടങ്ങിയ കസേരയിലേക്കിരിക്കുമ്പോൾ റാണി പറഞ്ഞത് കേട്ട് വർക്കി ഒന്ന് ചിരിച്ചു.
മിന്നലിന്റെ അകമ്പടിയിൽ ശക്തമായി ഒരു ഇടി മുഴങ്ങി. അകലെ മലയുടെ ചെരുവിലുള്ള വീടുകളിൽ തെളിഞ്ഞു നിന്നിരുന്ന ലൈറ്റുകൾ അണഞ്ഞു.
പള്ളിമണിയുടെ മുഴക്കം മഴയുടെ ഇരമ്പലിനെ വകഞ്ഞുമാറ്റി ചെവികളിൽ എത്തിയപ്പോൾ അയാൾ നെറ്റിയിൽ കുരിശു വരച്ചുകൊണ്ട് കണ്ണുകൾ അടച്ചു.
-----------------------------------------------------------------
രാത്രി ഏറെയായിട്ടും വർക്കിക്ക് ഉറങ്ങാൻ പറ്റിയില്ല. നാളെ റാണി ഇസ്രായേലിനു പോകുകയാണ്. ഒരു വീട്ടിൽ പ്രായമായവരെ നോക്കുകയാണ് ജോലിയെന്നൊക്കെ ഓരോരുത്തരെയും മാറി, മാറി വിളിച്ചു പറയുന്നത് കേട്ടു. ഇടുക്കി ജില്ല വിട്ടു ഒറ്റക്ക് എവിടെയും പോയിട്ടില്ലാത്തവളാണ്. എങ്ങും ചതിയുടെയും, വഞ്ചനയുടെയും കാലം ആണ്. തന്നോട് വല്യ സ്നേഹമൊന്നും കാണിക്കാറില്ലെങ്കിലും വർക്കിക്ക് ജീവനായിരുന്നു റാണിയെ. അതുകൊണ്ടാണ് അയാൾ പോകണ്ടെന്നു പറഞ്ഞത്.
"നിങ്ങൾ ഇത്രയും കാലമായിട്ട് എന്തുണ്ടാക്കി..?. എനിക്കുമുണ്ട് സ്വപ്നങ്ങൾ. എന്നും ഇങ്ങനെ ഒരു ഗതിയും, പരഗതിയുമില്ലാതെ ജീവിച്ചു മടുത്തു. മക്കൾക്ക്‌ സമ്മതമാണ്. ഞാൻ പോകും ".
മറുപടി ഇല്ലായിരുന്നു അയാൾക്ക്‌.
കുറേക്കഴിഞ്ഞു ചിന്തിച്ചു നോക്കിയപ്പോൾ മനസ്സിലായി റാണി പറഞ്ഞതിലും കാര്യമുണ്ടന്ന്.വിലയില്ലാത്ത വാക്കുകൾക്കായി വാ തുറക്കാതിരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു അയാൾ.
---------------------------------------------------------
വെളുപ്പിന് നാലുമണിക്ക് അലാറം ഒച്ച വെച്ചപ്പോൾ വർക്കി എഴുന്നേറ്റു.റാണി ഇസ്രായേലിനു പോയതിൽ പിന്നെ ഇതാണ് പതിവ്. അടുക്കളയിൽ പകുതി ജോലി ചെയ്യുമ്പോഴേക്കും വെട്ടം വീഴും. പശുവിനു പുല്ല് ചെത്തി ഇട്ടിട്ടു, പാൽ കറന്നു സൊസൈറ്റിയിൽ കൊണ്ട് കൊടുത്തിട്ട് വീണ്ടും അടുക്കളയിലേക്ക്. മക്കൾക്കുള്ള പൊതിയും കെട്ടിവെച്ചു എട്ടരക്ക് മുന്നേ ജോലി സ്ഥലത്തു എത്താനായി ഓടുമ്പോൾ പലപ്പോഴും അയാൾ ഒന്നും കഴിച്ചിട്ടുണ്ടാവില്ല.
മക്കൾ വളർന്നു പ്രായപൂർത്തി ആയെങ്കിലും വീട്ടിൽ ഒരു കൈ സഹായത്തിനു അയാൾ ആവശ്യപ്പെട്ടിട്ടില്ല.കണ്ടറി ഞ്ഞ് അവരൊട്ടു ചെയ്തുമില്ല.
കോളേജിൽ പഠിക്കുന്ന ജോസ്‌മോന് കൊടുക്കാനുള്ള ഫീസ് ആയിട്ടാണ് അന്ന് വർക്കി വീട്ടിലേക്കു വന്നത്.
പൈസ കയ്യിലേക്ക് കൊടുക്കുമ്പോഴെങ്കിലും അവൻ തന്നോട് ഒന്ന് സംസാരിക്കും എന്നയാൾ പ്രതീക്ഷിച്ചു.
"അമ്മ കാശയച്ചു തന്നിട്ടുണ്ട്. അപ്പന്റെ പൈസ മേടിക്കണ്ടാന്നാ അമ്മ പറഞ്ഞത് ".
മകൻ തന്നോട് ഒന്ന് മിണ്ടണം എന്നായിരുന്നു വർക്കിയുടെ ആഗ്രഹം. അവൻ മിണ്ടി. അയാൾ ഇളിഭ്യനായി തിരിഞ്ഞു നടന്നു.
വർഷം നാല് കഴിഞ്ഞു റാണി പോയിട്ട്. ഒരിക്കൽ പോലും തൻ്റെ പേരിലേക്ക് കാശൊന്നും അയച്ചിട്ടില്ല.റാണി അയക്കുന്ന കാശൊക്ക മകനാണ് കൈകാര്യം ചെയ്യുന്നത്.മക്കളുടെ ജീവിത രീതി മാറിയത് അയാൾ കണ്മുന്നിൽ കാണുന്നുണ്ടായിരുന്നു.ഉണ്ടാക്കി വെക്കുന്ന ഭക്ഷണം അവർ കഴിക്കുന്നില്ല.എന്തൊക്കെയോ പുറത്തുനിന്നും വാങ്ങിക്കൊണ്ട് വരുന്നു. വിശപ്പ് എന്താണെന്നു അനുഭവിച്ചിട്ടുള്ളതിനാൽ പലപ്പോഴും അതെടുത്തു കളയുമ്പോൾ അയാളുടെ കണ്ണുകൾ നിറയും.പുതിയ ഡ്രെസ്സുകൾ, മൊബൈൽ ഫോൺ, ഇപ്പോൾ ഒരു ബൈക്കും വാങ്ങിയിട്ടുണ്ട്. പലപ്പോഴും ആങ്ങളയും, പെങ്ങളും കാശിന്റെ കണക്കു പറഞ്ഞ് വഴക്കുണ്ടാക്കുന്നത് കണ്ടപ്പോൾ വർക്കി ഒരു ദിവസം ഇടപെട്ടു.
വഴക്ക് അടിച്ച മക്കൾ ഒന്നായി. 'ഒന്നിനും കൊള്ളാത്ത അപ്പൻ തങ്ങളുടെ ഒരു കാര്യത്തിലും ഇടപെട്ടേക്കരുതെന്ന് ,അപ്പനേക്കാൾ വളർന്ന ജോസ്‌മോൻ പറഞ്ഞത് ഒരു മുന്നറിയിപ്പായിരുന്നു.
രാത്രി ഏറെ വൈകി കിടക്കുമ്പോൾ ഇരുട്ടിൽ വർക്കി കുറേ നേരം കരയും.തുറന്നു പറയാൻ ആരുമില്ലാത്ത അയാൾക്ക്‌ അത് മാത്രമായിരുന്നു ഒരാശ്വാസം.റാണിയും,മക്കളും തന്നെ വെറുക്കാൻ എന്തായിരിക്കും കാരണമെന്ന് അയാൾ പലവട്ടം ആലോചിച്ചിട്ടുണ്ട്. താൻ അവരോട് സ്നേഹം കാണിക്കുമ്പോളൊക്കെ അവർ മുഖം തിരിക്കുന്നു.എങ്ങനെയും കാശുണ്ടാക്കണം എന്ന് തോന്നിയിട്ടില്ല.പകലന്തിയോളം അധ്വാനിച്ചു.ധാരാളിത്തം കാണിക്കാൻ അത് പോരായിരുന്നു.
റാണി തന്നേപ്പോലൊരു പുരുഷനെ ആയിരുന്നില്ല ആഗ്രഹിച്ചിരുന്നതെന്ന് പെരുമാറ്റങ്ങളിലൂടെ മനസ്സിലാക്കി തന്നിട്ടുണ്ട്. ആദ്യമൊക്ക അപ്പനെ സ്നേഹിച്ചിരുന്നു മക്കൾ.മാതൃക ആകേണ്ടിയിരുന്ന അമ്മ അവഗണിക്കുന്നതും, കുറ്റപ്പെടുത്തുന്നതും കണ്ട്, കണ്ട് മക്കളും അങ്ങനെ ആയി.
---------------------------------------------------------
"ചേട്ടന്റെ കൂടെ ആരും വന്നിട്ടില്ലേ..? ".
"ഇല്ല ഡോക്ടറേ. ഭാര്യ വിദേശത്താണ്. മക്കൾ കോളേജിൽ പോയി."
"ചേട്ടനെ അഡ്മിറ്റ്‌ ചെയ്യണം. മക്കളോട് ആരോടെങ്കിലും വിളിച്ച് ഒന്ന് വരാൻ പറയൂ ".
" ഒരു പനി അല്ലേ ഉള്ളൂ. ഒരു ഇൻജെക്ഷൻ എടുത്ത്, കുറച്ച് മരുന്നും തന്നാൽ മതി. കിടക്കാനൊന്നും എനിക്ക് സമയം ഇല്ല ഡോക്ടറേ ".
"പനി കൂടുതൽ ആണ് ചേട്ടാ. ചേട്ടൻ മക്കളുടെ ആരുടെയെങ്കിലും നമ്പർ ഒന്ന് പറയൂ. സിസ്റ്റർ വിളിച്ച് പറഞ്ഞോളും ".
കാര്യമില്ലെന്ന് അറിയാമെങ്കിലും ഡോക്ടർ പറഞ്ഞപ്പോൾ അയാൾ മകന്റെ നമ്പർ കൊടുത്തു.
വീട്ടിലെ കാര്യങ്ങൾ ഓർത്തപ്പോൾ ആശുപത്രി കിടക്കയിൽ നിന്നും എഴുന്നേറ്റു പോകാൻ വർക്കി ആഗ്രഹിച്ചു. താൻ ചെന്നില്ലങ്കിൽ മക്കൾ തനിച്ചാണ്. വല്ലതും വെച്ചുണ്ടാക്കി കൊടുക്കണേലും താൻ ചെല്ലണം. കറവയുള്ള രണ്ട് പശുക്കൾ. പുല്ല് ചെത്തിയതൊന്നും കിടപ്പില്ല.മനസ്സ് ബലപ്പെടുത്താൻ ശ്രമിക്കുമ്പോഴും ശരീരം തളരുന്നുണ്ടന്ന് അയാൾക്ക്‌ തോന്നി.
"ആ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ ചേട്ടാ.., വേറെ നമ്പർ ഉണ്ടോ..? ".
"വേറെ... "
അയാൾ മൊബൈൽ എടുത്ത് ആൻസിമോളുടെ നമ്പർ കൊടുത്തു.
"സിസ്റ്ററേ !!, ഞാൻ അവയവ ദാനത്തിന് സമ്മതപത്രം ഒപ്പിട്ടു കൊടുത്തിട്ടുള്ളതാണ് കേട്ടോ. "
"ചേട്ടാ...!!!!".
"നിങ്ങൾ ഒന്നും പറഞ്ഞില്ലേലും എനിയ്ക്കറിയാം സിസ്റ്ററേ.ജീവിച്ചിരുന്ന കാലം ആർക്കും പ്രയോജനപ്പെടാത്ത ശരീരമാണിത്. മരിച്ചു കഴിഞ്ഞാലെങ്കിലും ഉപകാരപ്പെടട്ടെ. "
------------------------------------------------------------
"മോളുടെ പേരെന്താ..? ".
"ആൻസി ".
കോളേജിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സെമിനാർ കഴിഞ്ഞുള്ള കൗൺസിലിംഗിൽ ആയിരുന്നു ആൻസി.
"ആൻസി !!,വീട്ടിൽ ഉള്ളവരെയൊക്കെ മനസ്സിൽ ഓർത്തേ. അതിൽ മോളോട് ഏറ്റവും സ്നേഹം ഉള്ള ആളെയും ഓർക്കുക. ആർക്കാണ് ആൻസിമോളോട് ഏറ്റവും സ്നേഹം ".
"എൻ്റെ അപ്പന്.അപ്പൻ എന്നേ ആൻസിമോളേയെന്നാ വിളിക്കുന്നത്‌ ".
"അപ്പൻറെ കാര്യം പറഞ്ഞപ്പോൾ മോളെന്തിനാ കരഞ്ഞത്,,? ".
"എൻ്റെ അപ്പനോട് ഞാൻ മിണ്ടിയിട്ട് ഒത്തിരി നാളുകളായി ".
"ആൻസിമോളോട് ഒത്തിരി സ്നേഹമുള്ള അപ്പനോട് മിണ്ടാതിരിക്കാൻ എന്തായിരുന്നു കാരണം..? ".
"അമ്മ കാശയച്ചു തരുമ്പോൾ പറയും,അപ്പൻ തരുന്ന കാശൊന്നും മേടിക്കണ്ടെന്ന് .ആവശ്യമില്ലാതെ മിണ്ടുക പോലും വേണ്ടെന്ന്.അപ്പന്റെ കയ്യിൽ കാശില്ല. അമ്മയുടെ കയ്യിൽ നിന്നുള്ള കാശ് കിട്ടിയില്ലെങ്കിലോ എന്നോർത്ത്.. ".
പൂർത്തിയാക്കാനാകാതെ വിങ്ങിപ്പൊട്ടി അവൾ.
"അമ്മയ്‌ക്കെന്താ അപ്പനെ ഇഷ്ടമില്ലാത്തത്..? ".
"അറിയില്ല.. !!,അപ്പന് ചാണകത്തിന്റെ മണം ആണെന്നാ അമ്മ പറയാറ്.വീട്ടിൽ ആരും അപ്പനോട് മിണ്ടാറില്ല. "
"അപ്പന് ചാണകത്തിന്റെ മണം വന്നത് എന്തു കൊണ്ടായിരിക്കും..?, നിങ്ങൾക്ക് വേണ്ടിയുള്ള കഷ്ടപ്പാടിൽ വന്ന് ചേർന്ന മണം ആയിരിക്കും അത്.
എല്ലാവർക്കും വേണ്ടി ജീവിക്കുമ്പോഴും, ആരുടെയും ഒരു പരിഗണനയും, സ്നേഹവും കിട്ടാതെ വന്നപ്പോൾ, ആ മനസ്സ് എന്തുമാത്രം വേദനിച്ചിട്ടുണ്ടാവും.ഈ ലോകത്തിൽ അച്ഛൻ ഇല്ലാത്ത, അല്ലങ്കിൽ അച്ഛന്റെ സ്നേഹം ലഭിക്കാതെ എത്രയോ കുട്ടികൾ ഉണ്ടാവും.നല്ലൊരു അപ്പൻ ഉണ്ടായിട്ടും ആ സ്നേഹം നിങ്ങൾ തിരസ്ക്കരിക്കുവായിരുന്നു."
ആൻസിയുടെ കണ്ണുനീർ കടലായി ഒഴുകി.
കൗൺസിലർ തുടർന്നു.
"സാരമില്ല. !!!.തെറ്റുകൾ മനസ്സിലാവുമ്പോൾ അത് തിരുത്തുന്നവരാണ് ജീവിതത്തിൽ വിജയം നേടുന്നത്. ആൻസിമോൾക്ക്‌ അതിന് കഴിയും. അമ്മയുടേയും, ചേട്ടന്റെയും സ്നേഹം മോള് അപ്പന് നേടി കൊടുക്കണം.ഞാനും പ്രാർത്ഥിക്കാം എല്ലാവരും ഒന്നാകാൻ വേണ്ടി ".
------------------------------------------------------------
അന്ന് വീട്ടിൽ ചെന്ന് ആൻസി,ആദ്യം തൊഴുത്തിലേക്ക് കയറി.അറപ്പ് ഇല്ലാതെ ചാണകം വാരിക്കളഞ്ഞ് തൊഴുത്ത്‌ വൃത്തിയാക്കി. അപ്പന്റെ ചാണക മണമുള്ള വസ്ത്രങ്ങൾ എടുത്തു കഴുകി ഇട്ടു.
അടുക്കളയിലേക്ക് കയറിയിട്ട് എവിടെ തുടങ്ങണം എന്നറിയാതെ കുറേ നേരം അവൾ ഇരുന്നു.പിന്നെ ഒരറ്റത്ത് നിന്നും തുടങ്ങി.അപ്പൻ വരുന്നതിനു മുൻപ് എല്ലാം ചെയ്തു തീർക്കാൻ അവൾ വേഗം കൂട്ടി.പലപ്പോഴും സങ്കടം സഹിക്കാൻ കഴിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
സാധാരണ അപ്പൻ വരുന്ന സമയം ആയിട്ടും കാണാതിരുന്നപ്പോൾ, വിളിച്ചു നോക്കാൻ അവൾ മൊബൈൽ എടുത്തു.പുതിയതായി എടുത്ത സിമ്മിൽ അപ്പന്റെ നമ്പർ ഇല്ല എന്ന് ഒരു ഇടർച്ചയോടെ അവൾ തിരിച്ചറിഞ്ഞു.
---------------------------------------------------------
പകൽവെട്ടം വിടവാങ്ങി, ഇരുട്ട് പരന്നു തുടങ്ങി.ഹോസ്പിറ്റലിൽ ബൈക്ക് ആക്സിഡന്റായി കൊണ്ടുവന്ന യുവാവിന്റെ ഐഡി കാർഡിലെ വിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് ടൈപ്പ് ചെയ്തുകൊണ്ടിരുന്ന സിസ്റ്ററുടെ വിരലുകൾ വിറച്ചു.പനി കാരണം മരണം അടഞ്ഞ വർക്കി ചേട്ടന്റെ അതേ അഡ്രെസ്സ്.
രണ്ട് ഫോമുകൾ സിസ്റ്റർ എടുത്ത് മേശപ്പുറത്തു വെച്ചു.അവയവം സ്വീകരിക്കാൻ സമ്മതിച്ചു കൊണ്ടുള്ളതും, അവയവം ദാനം ചെയ്യാൻ സമ്മതിച്ചു കൊണ്ടുള്ളതും.
ഹോസ്പിറ്റലുകാർ അറിയിച്ച വിവരവുമായി ഒരു പോലിസ് വാഹനം പുറപ്പെട്ടു.ആ രണ്ട് ഫോമുകളിലും ഒപ്പിടാൻ അവകാശമുള്ള ആൻസി മോളുടെ അടുത്തേക്ക്.
(അവസാനിച്ചു )
Image may contain: 1 person, selfie and closeup
By :ബിൻസ് തോമസ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo