"ചേച്ചി... അതെനിക്ക് തരോ?"
സ്കൂളിൽ പോകാൻ ബസ് കാത്തു നിൽക്കുമ്പോഴാണ് എന്റെ ബാഗിൽ ഞാൻ തൂക്കിയിട്ടിരുന്ന കീ ചെയിൻ നോക്കി അവളത് ചോദിച്ചത്.
ആരോടും മിണ്ടാതെ ബസ് സ്റ്റോപ്പിന്റെ ഒരു മൂലക്ക് മാറിയിരിക്കുന്ന അവളെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് ഈ അടുത്താണ്. കാരണം എന്നെ കാണുമ്പോൾ മാത്രമേ അവളുടെ മുഖത്തു പുഞ്ചിരി വിടരാറുള്ളൂ എന്ന് പറഞ്ഞത് എന്റെ ഫ്രണ്ട്സ് ആണ്. അതിൽ പിന്നെ ഞാനും അവളെ ശ്രദ്ധിച്ചു തുടങ്ങി. ശെരിയായിരുന്നു അവർ പറഞ്ഞത്.എന്നെ കാണുമ്പോൾ അവളുടെ മുഖത്തു ഒരു കുഞ്ഞു പുഞ്ചിരി വിടരാറുണ്ടായിരുന്നു. അപ്പോൾ അവളുടെ കുഞ്ഞു കവിളിൽ ഒരു നുണക്കുഴി തെളിഞ്ഞു വരും. അതെനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു.
അവളുടെ പേര് ജാനകി എന്നാണെന്ന് അറിയാമായിരുന്നെങ്കിലും ഒരു ദിവസം ഞാൻ അവളോട് പേര് ചോദിച്ചു. ഒന്നും മിണ്ടാതെ അവൾ മാറി നിന്നപ്പോൾ കൂടെ നിന്ന കൂട്ടുകാരെല്ലാം എന്നെ കളിയാക്കിയത് കുറച്ചൊന്നും ആയിരുന്നില്ല എന്നെ ദേഷ്യം പിടിപ്പിച്ചത്. അതിൽ പിന്നെ ഞാൻ അവളെ നോക്കാതായി. എന്നാലും അവൾ എന്നെ നോക്കുന്നുണ്ട് എന്നെനിക്കറിയാമായിരുന്നു.
അങ്ങനെ ഇരിക്കെയാണ് അവൾ എന്നോട് കീ ചെയിൻ ചോദിച്ചത്.അത് അവൾക്ക് കൊടുത്തെന്നു കരുതി എനിക്കൊന്നും നഷ്ടപ്പെടാൻ ഇല്ലായിരുന്നു. എന്നിട്ടും അവളുടെ ചോദ്യം കേട്ട ഭാവം പോലും നടിക്കാതെ ഞാൻ കൂട്ടുകാരികളോട് സംസാരിച്ചു നിന്നു.അപ്പോഴേക്കും ബസ് വന്നു ഞങ്ങൾ അതിൽ കയറുകയും ചെയ്തു. എന്റെ തൊട്ടു പുറകിൽ തന്നെ ആയിരുന്നു അവളും നിന്നിരുന്നത്.
സ്കൂൾ എത്തുന്നത് വരെ കൂട്ടുകാരോട് സംസാരിച്ചു നിന്നു സമയം പോയതറിഞ്ഞില്ല. ബസ് ഇറങ്ങി കുറച്ചു നടന്നപ്പോഴേക്കും കൂട്ടുകാരിൽ ഒരാൾ ആണ് പറഞ്ഞത് കീ ചെയിൻ കാണുന്നില്ലാന്ന്. പെട്ടന്ന് തിരിഞ്ഞതും കണ്ടത് ഞങ്ങളുടെ പുറകെ തല താഴ്ത്തി നടന്നു വരുന്ന അവളെയാണ്.
അവളോടൊന്ന് ചോദിക്ക പോലും ചെയ്യാതെ ഞാൻ അവളെ ചീത്ത പറഞ്ഞു. കള്ളിയെന്ന് മുഖത്തു നോക്കി വിളിച്ചു.ഒന്നും മിണ്ടാതെ അവൾ മുഖത്തേക്ക് നോക്കി നിന്നപ്പോൾ എന്റെ ദേഷ്യം ഇരട്ടിച്ചു. വീണ്ടും വീണ്ടും അവളെ കള്ളിയെന്ന് ഞാനും കൂട്ടുകാരും ചേർന്ന് വിളിച്ചു. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നത് ഞങ്ങളുടെ വിളിയുടെ ആക്കം കൂട്ടുവാനേ സഹായിച്ചുള്ളു.
അത് വഴി പോയ അവളുടെ ക്ലാസ്സ് ടീച്ചറെ തടഞ്ഞു നിർത്തി അവൾ എന്റെ കീ ചെയിൻ മോഷ്ടിച്ചെന്ന് പറഞ്ഞു. അപ്പോഴും അവളൊന്നും മിണ്ടാതെ നിന്നു. അവളെയും കൂട്ടി ടീച്ചർ മുന്നോട്ട് നടന്നപ്പോൾ അവൾ എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
അവളെ നോക്കി കൊണ്ട് നിന്നപ്പോഴാണ് പുറകിൽ നിന്നും ആരോ എന്നെ തോണ്ടിയത്. തിരിഞ്ഞു നോക്കിയപ്പോൾ കൂടെ പഠിക്കുന്ന കുറച്ചു കുട്ടികൾ ആയിരുന്നു. അവരുടെ കയ്യിൽ എന്റെ കീ ചെയിൻ ഉണ്ടായിരുന്നു.വഴിയിൽ കിടന്നു കിട്ടിയതാണെന്ന് പറഞ്ഞു അവർ അതെന്നെ ഏൽപ്പിക്കുമ്പോഴേക്കും അതും മുറുക്കി പിടിച്ചു കൊണ്ട് ഞാൻ സ്കൂളിലേക്ക് ഓടി.
പക്ഷേ. ഞാൻ വൈകി പോയിരുന്നു. ഞാൻ അവിടെ എത്തിയപ്പോഴേക്കും അവളെ ടീച്ചർ തല്ലി കഴിഞ്ഞിരുന്നു. തല കുനിച്ചു ടീച്ചറോട് കാര്യം പറഞ്ഞു.ചെയ്ത തെറ്റിന്റെ ആഴം നല്ലത് പോലെ മനസിലായിട്ടും അവളോട് മാപ്പ് പറയാൻ പോലും ഞാൻ അശക്തയായിരുന്നു.
മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന അവളെ തല്ലാൻ എടുത്ത ചൂരൽ എന്തുകൊണ്ടോ പത്തിൽ പഠിക്കുന്ന എന്റെ നേരെ ടീച്ചർ ഉയർത്തിയില്ല.ഇനിയെങ്കിലും കാര്യമറിയാതെ ആരെയും കുറ്റപ്പെടുത്തരുത് എന്നൊരു ഉപദേശം മാത്രം നൽകി ക്ലാസ്സിലേക്ക് പറഞ്ഞു വിട്ടു.
അന്നെനിക്ക് ക്ലാസ്സിൽ ശ്രദ്ധിക്കാനേ കഴിഞ്ഞില്ല.അവളെ കുറിച്ച് തന്നെ ആയിരുന്നു ചിന്ത. ഉച്ചക്ക് അവളെ കാണാൻ ഒരു ശ്രമം നടത്തി നോക്കിയെങ്കിലും അവളെ അച്ഛൻ വന്ന് കൂട്ടി കൊണ്ട് പോയി എന്നാണ് അറിയാൻ കഴിഞ്ഞത്.
പിന്നീടുള്ള രണ്ട് ദിവസവും എനിക്കവളെ കാണാൻ കഴിഞ്ഞില്ല.അവളെ കണ്ട് അവളോട് മാപ്പ് പറയാതെ ഉറങ്ങാൻ പോലും കഴിയില്ല എന്നെനിക്ക് മനസിലായി. മൂന്നാം ദിവസം ഞാൻ ബസ് സ്റ്റോപ്പിൽ എത്തുമ്പോൾ അവൾ അവിടെ ഉണ്ടായിരുന്നു.പരിസരം പോലും മറന്നു ഓടി ചെന്ന് അവളെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു.ഒത്തിരി മാപ്പ് പറഞ്ഞു. ആ കുഞ്ഞു കവിളിൽ ഒരുപാട് ഉമ്മകൾ നൽകി.
എന്നിട്ടും മതി വരാതെ ഞാൻ കരഞ്ഞു കൊണ്ടിരുന്നു. ഒരു കൈ എന്റെ തലയിൽ തലോടുന്നത് അറിഞ്ഞിട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്. അവളുടെ അമ്മ ആയിരുന്നു അത്. അവളുടെ കവിളിലെ ആ കുഞ്ഞു നക്ഷത്രം ആ അമ്മയുടെ മുഖത്തും ഉണ്ടായിരുന്നു.അല്ല ആ അമ്മയിൽ നിന്നുമാണ് അവൾക്കും ആ നുണക്കുഴി സമ്മാനമായി ലഭിച്ചത്.
പിന്നീട് ആ അമ്മ പറഞ്ഞത് മുഴുവനും അവരുടെ മൂത്ത മകൾ ഗായത്രിയെ കുറിച്ചായിരുന്നു. അനിയത്തി കുട്ടിയുടെ ഗായു ചേച്ചിയെ കുറിച്ചായിരുന്നു.തന്റെ കയ്യിൽ ഇരുന്ന കീ ചെയിൻ അനിയത്തിക്ക് കൊടുക്കാതെ കുസൃതി കാണിച്ചു ഓടുമ്പോൾ എതിരെ വന്നൊരു വണ്ടി ഇടിച്ചു തെറിപ്പിച്ച അവരുടെ പൊന്നോമനയെ കുറിച്ചായിരുന്നു.
ആ ആക്‌സിഡന്റ് നേരിൽ കണ്ടതോടെ ആരോടും മിണ്ടാതെ ആയതാണ് ജാനകി.അതിന് ശേഷം അവൾ വീട്ടിൽ എങ്കിലും പഴയത് പോലെ സംസാരിച്ചു തുടങ്ങിയത് എന്നെ കണ്ടതിനു ശേഷം ആണെന്ന് ആ അമ്മ പറഞ്ഞപ്പോൾ ഒന്നും മനസിലാവാതെ ഞാൻ അവരുടെ മുഖത്തേക്ക് നോക്കി നിന്നു.
അതിന് മറുപടിയായി അവരെന്നെ കാണിച്ചതൊരു ഫോട്ടോ ആയിരുന്നു.ജാനകിയെ കെട്ടിപിടിച്ചു നിൽക്കുന്ന എന്റെ ഫോട്ടോ.എന്നാൽ ആ ഫോട്ടോയിൽ ഉള്ളത് ഞാൻ അല്ല ഗായത്രി ആണെന്നുള്ളത് എനിക്ക് തിരിച്ചറിയാൻ തന്നെ നിമിഷങ്ങൾ വേണ്ടി വന്നു. അത്രക്ക് സാമ്യതകൾ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു.
പിന്നെ ആ അമ്മയ്ക്ക് ഒന്നും പറയേണ്ടി വന്നില്ല.ജാനകിയെ ചേർത്ത് നിർത്തി ഇനിയെന്നും ഇവൾ എന്റെ അനിയത്തി ആയിരിക്കും എന്ന് പറയാൻ എനിക്കൊന്ന് ആലോചിക്കേണ്ട ആവശ്യം പോലും ഇല്ലായിരുന്നു.ബാഗിൽ നിന്നും കീ ചെയിൻ ഊരി അവളുടെ കയ്യിൽ കൊടുക്കുമ്പോൾ ആ കുഞ്ഞു കവിളിലും കണ്ണിലും ഒരായിരം നക്ഷത്രങ്ങൾ തിളങ്ങുന്നുണ്ടായിരുന്നു.
By: Chinnu @ Nallezhuth FB Group
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക