Slider

ഗർഭിണിയായ ഭാര്യയും മണിയറ ഇല്ലാത്ത ആദ്യ രാത്രിയും

0
Image may contain: 1 person
ഷോ റൂമിൽ നിന്ന് പുതിയ വണ്ടി വാങ്ങണം എന്ന് പറഞ്ഞ് അമ്മയെ കൊണ്ട് കുടുംബശ്രീയിൽ നിന്നും ലോൺ എടുപ്പിച്ച് ആ കാശുമായി പോയ എന്നെ പിന്നെ അമ്മ കണ്ടത് ഒരു പകലും രാത്രിയും കഴിഞ്ഞിട്ടാണ്.
പിറ്റേന്ന് രാവിലെ മുറ്റം അടിക്കാൻ വേണ്ടി മുറ്റത്തിറങ്ങിയ അമ്മ കണ്ടത് ഇളിച്ചോണ്ട് നിക്കുന്ന എന്നെയാണ്. മറ്റൊരു പ്രത്യേകത ഉണ്ടായത് എന്റെ ഇടതുകൈയിൽ ഒരു പെൺകുട്ടിയുടെ വലതുകൈ ഉണ്ടായിരുന്നു. അതെ ഞാൻ വിവാഹിതനായി. അമ്മ പുറകിലേക്ക് നോക്കിയപ്പോൾ ഞാനും പെണ്ണും വന്ന വണ്ടിയും ഞങ്ങളെ കൊണ്ടുവന്ന കൂട്ടുകാരും റോഡിൽ നിൽക്കുന്നുണ്ട്.
അമ്മയെ കൊണ്ട് ലോൺ എടുപ്പിച്ച പൈസ കൊണ്ടു ഒരു താലി വാങ്ങി അത് ഒരു മഞ്ഞ ചരടിൽ കെട്ടി അവളുടെ കഴുത്തിൽ ചാർത്തി. ഇതിപ്പോ വേണമെന്ന് കരുതിയതല്ല. പക്ഷെ രണ്ടു കൊല്ലമായി കെട്ടാം കെട്ടാം എന്ന് പറഞ്ഞു നടക്കുന്ന തല്ലാതെ അവളെ ഞാൻ കെട്ടുന്നില്ല എന്ന് കണ്ടപ്പോൾ എന്റെ പേര് പറഞ്ഞ് ആത്മഹത്യാ കുറിപ്പ് എഴുതി വെച്ച് അതെനിക്ക് വാട്ട്സാപ്പിൽ അയച്ചുതന്നു. അതിനുശേഷം തൂങ്ങാൻ വേണ്ടി കെട്ടിയ കയറിന്റെ ഫോട്ടോയും അയച്ചുതന്നു.
ഇത്തരം ഒരു പ്രത്യേക സാഹചര്യത്തിൽ അവളെ കൂട്ടിക്കൊണ്ടു വരിക എന്നല്ലാതെ മറ്റൊരു വഴിയും ഞാൻ കണ്ടില്ല. മാത്രമല്ല ഇപ്പോൾ സർവസാധാരണമായി അമ്മേ. ഞാൻ വിനീത വിധേയനായി അവളെയും കൊണ്ട് അമ്മയുടെ കാലിൽ വീണു. രണ്ടുപേരെയും അനുഗ്രഹിച്ച ശേഷം അവളെ വിളിച്ചോണ്ട് അകത്തേക്ക് പോയ അമ്മ അകത്ത് കയറാൻ ശ്രമിച്ച എന്നെ തടഞ്ഞു നിർത്തി പറഞ്ഞു
" നിൽക്കവിടെ,,, തൽക്കാലം കുറച്ച് ദിവസം മോൻ ചായ്പ്പിൽ കിടക്ക്. ലോണെടുത്ത തന്ന പൈസ എനിക്ക് തിരിച്ചു തന്നിട്ട് അകത്തു കയറിയാൽ മതി "
ഫസ്റ്റ് സീനിൽ തന്നെ അമ്മയുടെ കിടുക്കാച്ചി ഡയലോഗിൽ ഞാൻ സ്വപ്നം കണ്ട ആദ്യരാത്രി സ്വാഹ. കയ്യിലിരുന്ന ചൂലെടുത്ത് കൈപ്പത്തിയിൽ രണ്ട് തട്ട് തട്ടി എല്ലാവരെയും അമ്മ ഒന്ന് രൂക്ഷമായി നോക്കി.
അമ്മ കലിപ്പായി എന്ന് കണ്ടപ്പോൾ ഇവളെ പൊക്കാൻ വന്ന കൂട്ടുകാരെല്ലാം തൽക്കാലം കുറച്ചുദിവസത്തേക്ക് ഗോവക്ക് ടൂർ പോയി. അല്ലെങ്കിൽ ഒരാൾക്കും സമാധാനത്തിൽ വീട്ടിൽ ഇരിക്കാൻ പറ്റില്ല.
ചായ്പ്പിൽ കിടന്ന് മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് കലശലായി ആലോചിക്കുമ്പോഴാണ് കക്ഷത്തിൽ ഒരു ഡയറിയും കയ്യിൽ ഒരു പെന്നുമായി അമ്മയുടെ വരവ്.
ഇതുവരെ തിരിച്ചു തരാം എന്ന് പറഞ്ഞ് ഞാൻ വാങ്ങിയ പൈസയുടെ കണക്കുകൾ ആണ്. ഒരു രൂപ കുറയാതെ തിരിച്ചു കൊടുത്താലേ വിളിച്ചിറക്കി കൊണ്ടു വന്ന പെണ്ണിന്റെ കൂടെ തുടർന്ന് ജീവിക്കാൻ കഴിയൂ. അല്ലാതെ അമ്മ വീട്ടിൽ കയറ്റില്ല.
പിറ്റേന്ന് മുതൽ ഞാൻ പണിക്കു പോകാൻ തുടങ്ങി. പഴയ ആശാന്റെ കൂടെ പെയിന്റിങ് ആണ് പണി. സാമ്പത്തിക ബാധ്യത പെട്ടെന്ന് തീർക്കാൻ പെയിന്റിങ് കഴിഞ്ഞുവന്ന് വീടിന് സമീപം വൈകിട്ട് പാർക്ക് ചെയ്യുന്ന രണ്ട് ബസും കഴുകും.
ഞാനൊരു ഭർത്താവായെന്നും അമ്മയെന്നെ ചായ്പ്പിൽ ആക്കിയെന്നും അയൽപക്കക്കാർ അറിഞ്ഞു. അവർ പുതു പെണ്ണിനെ കാണാൻ വേണ്ടി വന്നു. അവളെ കണ്ടവരെല്ലാം ഒറ്റവാക്കിൽ വിലയിരുത്തി
" അവളൊരു ദുർബലയാണ് ,,,, ആകപ്പാടെ മെലിഞ്ഞുണങ്ങി ഇരിക്കുന്നു "
അവൾ പണ്ടേ ദുർബല ആണ്. ഞാനും ദുർബലൻ ആണല്ലോ,,, മെലിഞ്ഞിട്ടാണ്. അമ്മയുടെ കണക്ക് പ്രകാരം ഉള്ള കടം തീരണമെങ്കിൽ കുറഞ്ഞത് ഒരു നാലു മാസമെങ്കിലും ഈ പെടാപ്പാട് പെടണം. അവളും അമ്മയും ഒന്നിച്ചാണ് കിടപ്പ്. അവര് രണ്ടുപേരും പെട്ടെന്ന് സിംഗ് ആയി. പാവം ഞാൻ പുറത്തായി.
ഒരു അവധി ദിവസം കിട്ടുമ്പോൾ അവൾ അലക്കുന്നിടത്തും അടിച്ചു വാരുമ്പോഴും അവളെ ചുറ്റിപ്പറ്റി നിൽക്കും.
നമ്മൾ ഒരുമിച്ചിരുന്ന് സംസാരിക്കുന്നത് പോലും കണ്ടാൽ പുലിവാൽ കല്യാണത്തിൽ ഹരിശ്രീഅശോകന്റെ അമ്മായി അമ്മയെ പോലെ അമ്മ ഓടി വരും,, അത് കാണുമ്പോൾ ഞാൻ എണീറ്റ് ഓടും. അവളാണെങ്കിൽ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിൽ കുത്തിയിരിക്കും.
അമ്മയില്ലാത്ത നേരം നോക്കി സംഗമിക്കാനുള്ള പലവഴികളും നമ്മൾ രണ്ടുപേരും കൂടി ആലോചിച്ചു. പക്ഷേ അമ്മ നമ്മളെ നന്നായി വാച്ച് ചെയ്തു. എന്നെ ഇടംവലം തിരിയാൻ സമ്മതിച്ചില്ല. ഒന്നു രണ്ട് മാസം കൊണ്ട് അമ്മയുടെ കടം പാതി തീർന്നു. എന്നാലും കടം മുഴുവൻ തീരാതെ വീട്ടിൽ കയറ്റില്ല എന്ന അമ്മയുടെ തീരുമാനത്തിൽ മാറ്റം വന്നില്ല.
എന്റെ ഈ സങ്കടം ഞാൻ ആരോടു പറയും. രാവിലെ ഉടുത്തൊരുങ്ങി പണിക്കു പോകുമ്പോഴും വൈകിട്ട് നനഞ്ഞ കോഴിയെ പോലെ തിരിച്ചു വരുമ്പോഴും ആൾക്കാരും അയൽപക്കക്കാരും എന്നെ നോക്കി ചിരിക്കും. മണിയറയാക്കി അലങ്കരിച്ച ബെഡ്റൂമിൽ ആദ്യ രാത്രി എന്ന സ്വപ്നം കണ്ടു ചായ്‌പിന്റെ മുകളിൽ എട്ടുകാലി വല ചെയ്യുന്നതും നോക്കി ഞാൻ മലർന്നു കിടക്കും.
പതിവില്ലാതെ ഞാൻ വീട്ടിലെ പറമ്പിലെ പണിയും വാഴ കൃഷിയും പച്ചക്കറി കൃഷിയും എല്ലാം തുടങ്ങി. അമ്മയുടെ മനസ്സ് മാറ്റി വീടിനകത്ത് കയറി സ്വന്തം ഭാര്യയുടെ കൂടെ സമാധാനത്തിൽ ജീവിക്കുക എന്നതാണ് ലക്ഷ്യം. നട്ടുനനച്ച പച്ചക്കറി പൂത്തു കായ്ച്ചു എന്നല്ലാതെ അമ്മയുടെ മനസ്സ് മാറിയില്ല. ആകെ അലങ്കോലമായി കിടന്ന ചായ്പ്പ് ഞാൻ വൃത്തിയാക്കി.
സാമ്പത്തിക സ്വരൂപീകരണത്തിന്റെ ഭാഗമായി ആഴ്ചയിൽ മൂന്നു ദിവസം ഉണ്ടായിരുന്ന മദ്യപാനം ഞാൻ രണ്ടാഴ്ചയിൽ ഒന്നായി വെട്ടിച്ചുരുക്കി. അടിമുടി എനിക്ക് വന്ന മാറ്റം എന്റെ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും അതിശയം ഉണ്ടാക്കുന്നത് ആയിരുന്നു.
മഴയെയും വെയിലിനെയും ഗൗനിക്കാതെ പറമ്പിൽ പണിയെടുത്ത് ഞാൻ വലിയൊരു അധ്വാനി ആയി. പക്ഷേ പതിവില്ലാത്ത ഓരോ പണി തുടങ്ങിയത് കൊണ്ട് ആകപ്പാടെ മേലു വേദനയും. കനത്ത പെയ്ത മഴ നിന്നു കൊണ്ടത് കൊണ്ട് പനിയും പിടിച്ചു. ഇതെല്ലാം സഹിച്ച് ഞാൻ ചായ്‌പിൽ കിടന്നു.
മൂന്ന് മാസം കഴിഞ്ഞു. ഒരു ദിവസം പണിയും കഴിഞ്ഞ് തിരികെ വരുന്ന എന്നെ നോക്കി വലിയൊരു വടിയും പൊട്ടിച്ച് അമ്മ നിൽക്കുന്നുണ്ട്. ആദ്യം ഞാൻ കരുതി പാമ്പിനെ തല്ലിക്കൊല്ലാൻ എന്നെയും നോക്കി നിൽക്കുകയാണെന്ന്. പാമ്പിനെ കൊല്ലാൻ ഞാൻ എക്സ്പെർട്ട് ആണ്. പക്ഷേ അടുത്തെത്തിയപ്പോഴാണ് അമ്മ എന്നെ തല്ലി കൊല്ലാൻ നിൽക്കുന്നതാണെന്ന് മനസ്സിലായത്.
ഞാൻ ജീവനും കൊണ്ടോടി. അമ്മ പുറകെ ഓടി. ഓടുന്ന വഴിക്ക് കയ്യിൽ കിട്ടിയ ഒരു കല്ലുവെച്ചു എന്റെ നടുപുറം നോക്കി എറിഞ്ഞു. അമ്മയ്ക്ക് പണ്ടേ മുഹമ്മദ് കൈഫിനെ വെല്ലുന്ന ഷോർട്ട് ആണ്. പുറം തിരുമ്മിക്കൊണ്ട് ഞാൻ ചായ്പ്പിലേക്കോടി. ഓടിച്ചാടി ഞാൻ ഏണി വെച്ച് ഓടിന് മേലെ കയറി. അവിടെ മാത്രം അമ്മ തോറ്റു. അമ്മയ്ക്ക് ഏണിയിൽ കയറാൻ പേടിയാണ്.
ഓടിന് മേലെ കുത്തി ഇരുന്ന എന്നെ നോക്കി അമ്മ പറഞ്ഞു.
" മര്യാദയ്ക്ക് താഴെയിറങ്ങിക്കോ ഇല്ലെങ്കിൽ ഞാൻ എറിഞ്ഞുവീഴ്ത്തും "
ഒരു വലിയ കല്ലെടുത്ത് എന്റെ നേരെ ഓങ്ങിയ അമ്മയോട് ഞാൻ ദയനീയമായി അഭ്യർത്ഥിച്ചു
" അരുത് അമ്മേ അരുത് സാഹസം കാണിക്കരുത്. എന്നെ ഇങ്ങനെയിട്ട് ഓടിക്കാതെ അമ്മ കാര്യം പറ "
" ഞാനറിയാതെ നീ എപ്പോൾ ഈ വീടിനകത്ത് കയറി ,,,,,, എനിക്കറിയണം "
" ഇല്ല അമ്മ ഇല്ല,,,, അമ്മ അറിഞ്ഞോ അറിയാതെയോ ഞാൻ വീട്ടിൽ കയറിയിട്ടില്ല "
" പിന്നെ ഇതെങ്ങനെ സംഭവിച്ചു "
" ഏത് "
അപ്പോഴാണ് പൂമുഖപ്പടിയിൽ ചിരിച്ചുകൊണ്ട് തലകുനിച്ച് ഇരിക്കുന്ന എന്റെ സഹധർമ്മിണിയെ കണ്ടത്. അതെ എന്റെ ഭാര്യ ഗർഭിണിയാണ്. ഇത് എന്റെ ഗർഭം അല്ല എന്റെ ഗർഭം ഇങ്ങനെയല്ല എന്ന ഈ സാഹചര്യത്തിൽ പറയാൻ പറ്റില്ലല്ലോ. അതെ ഇത് എന്റെ ഗർഭം തന്നെയാണ്.പണ്ടേ ദുർബല ഇപ്പൊ ഗർഭിണി,,,
അതിപ്പോൾ എങ്ങനെ എന്ന് ചോദിച്ചാൽ ഒരുദിവസം ചായ്പ്പിൽ ഞാൻ പനിച്ചു കിടന്നപ്പോൾ അവൾ ചുക്കുകാപ്പി തരാൻ വേണ്ടി ചായ്പ്പിൽ വന്നു. നല്ല ഉറക്കം ആയതുകൊണ്ട് അമ്മയെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി. സത്യം പറഞ്ഞാൽ ഞാൻ പനി അഭിനയിച്ചു കിടക്കുകയായിരുന്നു. അന്നു രാത്രി ആ ചായ്പ് നമ്മുടെ മണിയറ ആവുകയായിരുന്നു.
ഒരു തരത്തിൽ അമ്മയെ പറഞ്ഞ് സമാധാനിപ്പിച്ച് ഞാൻ ഓടിന്റെ മുകളിൽ നിന്ന് ഇറങ്ങി. ഒരു പാത്രത്തിൽ കർപ്പൂരം കത്തിച്ചു എന്റെ തലയ്ക്കു ചുറ്റും ഉഴിഞ്ഞു അമ്മയെന്നെ അകത്തുകയറ്റി. അങ്ങനെ സ്വപ്നം കണ്ട പോലെ മണിയറ ഇല്ലാതെ ഗർഭിണിയായ സ്വന്തം ഭാര്യയുടെ കൂടെ ആദ്യരാത്രി ഞാൻ ആഘോഷിച്ചു.

By: Vipin PG @ Nallezhuth
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo