Slider

ഹത്യ

Image may contain: 1 person, selfie, closeup and outdoor
പതിവ് പോലെ ആദ്യത്തെ അലാമിൽ തന്നെ മൂർത്തി ഉണർന്നു.
ഒരു മണിമുഴക്കത്തിൽ കൂടുതലാകാതെ കൈ എത്തിച്ചതിന്റെ സ്വിച്ചിൽ അമർത്തി പിടിച്ചു.
ഇപ്പോൾ ഘടികാരത്തിന്റെ ടിക് ടിക് ശബ്ദം മാത്രം.
മുറിയിൽ നേർത്ത വെളിച്ചമുണ്ടായിരുന്നു.
കട്ടിലിൽ തന്നെ അൽപ്പനേരം എഴുന്നേറ്റിരുന്നു.
അടുത്ത് കിടന്നുറങ്ങുന്ന അവളുടെ
തലമുടിയിൽ പതിയെ തഴുകി.
മരുന്നുകളുടെ പ്രഹരം, നരകയറിയ തലമുടികൾ കൊഴിഞ്ഞ് തുടങ്ങിയിരിക്കുന്നു.
''ഇന്ന് നടക്കാൻ പോണോ?"
ഉറക്കത്തിൽ കണ്ണടച്ചു കൊണ്ട് തന്നെ അവൾ പിറുപിറുത്തു.
മൂർത്തിഎഴുന്നേറ്റു.
പുറത്തേക്കിറങ്ങാൻ നേരം മകന്റെ മുറിയുടെ വാതിലിനരികിൽ അൽപ്പനേരം നിന്നു.
കൈ കൊണ്ട് തള്ളിയപ്പോൾ വാതിൽ തുറന്നു. കുറ്റിയിട്ടിട്ടില്ലായിരുന്നു.
കട്ടിലിൽ അവൻ ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നുണ്ട്.
സർട്ടിഫിക്കറ്റുകൾ അടങ്ങിയ നീല നിറത്തിലെ ഫയൽ,
മുറിയുടെ മൂലയിൽ കിടക്കുന്നു.
തലേന്ന് ഇന്റർവ്യൂന് പോയി വന്ന് വലിച്ചെറിഞ്ഞതാണ്.
ഉമ്മറത്തെ ചാരുകസേരയിലിരുന്ന തന്നെ ഒന്നു നോക്കാതെയാണവൻ അകത്തേയ്ക്ക് പോയത്.
പുറകെ അവളും ചെന്നപ്പോൾ എന്തോ വലിച്ചെറിയുന്ന ശബ്ദവും, ശകാരങ്ങളും കേട്ടിരുന്നു.
ഫാനിന്റെ കാറ്റിൽ ഫയലിനുള്ളിലെ കടലാസ്സുകൾ ഇളകുന്ന ഒച്ചയുണ്ട്.
ശബ്ദം ഉണ്ടാകാതെ വാതിൽ പതിയെ ചേർത്തടച്ചു.
പുറത്തേക്കുള്ള വാതിൽ തുറന്നിറങ്ങി.
മുറ്റത്ത് താൻ നട്ട് വളർത്തിയ മാവ് വളർന്ന് പന്തലിച്ചു പൂവിട്ട് നിൽക്കുന്നു.
ചെറിയ ചാറ്റൽ മഴയുണ്ടായിരുന്നു.
ഉണർന്നപ്പോൾ അറിഞ്ഞിരുന്നില്ല. മഴ ചാറുന്നത്.
വീടിന് മുന്നിലെ ഇരുമ്പ് ഷീറ്റിലേക്കും മഴത്തുള്ളികൾ വീഴുന്ന ശബ്ദമില്ലായിരുന്നു.
ആകാശത്ത് നിന്ന് വിതറുന്ന പൂമ്പൊടി പോലെ മഴത്തുള്ളികൾ.
ഗേറ്റ് കടന്ന് പുറത്തേക്കിറങ്ങുമ്പോൾ പുറകിൽ നിന്ന് പിടിച്ചത് പോലെ,
മാവിന്റെ ശിഖരത്തിൽ ഷർട്ട് ഉടക്കി തിരിഞ്ഞ് നിന്നു.
ഷർട്ടിൽ നിന്നാ ശിഖരം പതിയെ വേർപെടുത്തിയെടുത്തു.
നേർത്ത കാറ്റിൽ കുറച്ച് മഞ്ഞ നിറമുള്ള മാമ്പൂക്കൾ തലയിലൂടെ പൊഴിഞ്ഞു വീണു.
വീട്ടിലേക്ക് ഒന്ന് നോക്കിയിട്ട് മൂർത്തി കൈകൾ വീശി മുന്നോട്ട് നടന്നു.
ചതുരാകൃതിയിൽ പച്ചപ്പുല്ല് വച്ച് പിടിപ്പിച്ച ഗ്രൗണ്ടിൽ എഴുത്തുമ്പോഴേക്ക് ചാറ്റൽ മഴ മാറിയിരുന്നു.
ഗ്രൗണ്ടിന് ചുറ്റും വച്ച് പിടിപ്പിച്ച ചെറിയ മരങ്ങൾക്ക് അരികിലൂടെ സിമന്റ് റ്റൈൽ പാകിയ നടപ്പാത ഉണ്ടായിരുന്നു.
രണ്ട് റൗണ്ട് നടന്ന് വന്നപ്പോൾ മൂർത്തി വിയർത്ത് തുടങ്ങി.
മൂന്നാമത്തെ റൗണ്ട് മുതൽ ഓടാൻ തുടങ്ങി.
കിഴക്ക് സൂര്യൻ എത്തി നോക്കാൻ തുടങ്ങിയതിന്റെ ലക്ഷണങ്ങൾ കണ്ടു.
പതിവ് നടത്തക്കാരായ ഗ്രേസിയും ജോണും കടന്ന് പോയപ്പോൾ പറയുന്ന കേട്ടു.
"മൂർത്തിയിന്ന് ഉഷാറിലാണല്ലോയെന്ന്."
ഒരു പുഞ്ചിരി നൽകി കൊണ്ട് മൂർത്തി ഓട്ടം തുടർന്നു.
വേഗതയിൽ, ഇടം കാലിനെ വെല്ലാൻ വലം കാലും, വലം കാലിനെ വെല്ലാൻ ഇടം കാലും മത്സരിച്ചു കൊണ്ടിരുന്നു.
ഇവരെ രണ്ടിനെയും തോൽപ്പിക്കാൻ അവയെക്കാൾ വേഗതയിൽ ഹൃദയമിടിപ്പും മത്സരിച്ചു കൊണ്ടിരുന്നു.
ഇടത്തെ നെഞ്ചിൽ ഇടയ്ക്കൊന്നു ആണി തറച്ച് കയറും പോലെ മൂർത്തിയ്ക്ക് തോന്നി.
തൊണ്ടയിൽ എന്തോ തടഞ്ഞൊന്നു ചുമച്ചു.
പല്ല് ഇളകി വന്നതു പോലെ കട്ടിയോടെ എന്തോ വായ്ക്കുള്ളിൽ തടഞ്ഞു.
നാവ് കൊണ്ട് ഒന്നമർത്തിയപ്പോൾ മുന്തിരി പോലെ മൃദുത്ത്വം.
കടവായിൽ പല്ലുകൾക്കിടയിൽ വച്ചൊന്നു ഞെരിച്ചു.
മുന്തിരി പൊട്ടി അതിന്റെ നീര് വായ്ക്കുള്ളിൽ ചീറ്റി.
വായിൽ നിന്നത് പുറത്തേക്കാഞ്ഞ് തുപ്പി.
കട്ട ചുവപ്പ് നിറത്തിൽ തറയിലെ പച്ചപ്പുല്ലിൽ വികൃതമായതൊരു ചിത്രമായി.
മൂർത്തിയുടെ മുഖത്തൊരു പുഞ്ചിരി പടർന്നിരുന്നു.
കാലുകൾക്ക് പിന്നെയും വേഗത കൂട്ടി.
ഗ്രേസിയെയും ജോണിനെയും കടന്ന് പോയപ്പോൾ അവർ നടത്തം നിർത്തി നിന്നു.
"മാഷിനിത് എന്ത് പറ്റി?"
അവർ പുറകിലേക്ക് തിരിഞ്ഞ് നോക്കി നിന്നു.
മൂർത്തി ഓടുന്നതിനൊരു വേഗതയും കുറച്ചില്ല.
ശ്വാസം മൂക്കിൽക്കൂടെയും വായിൽക്കൂടെയും പുറത്തേക്കുള്ള പ്രവാഹം തികയാതെ, കാതിൽക്കൂടെയും കണ്ണിൽക്കൂടെയും പുറത്തേയ്ക്ക് പ്രവഹിക്കാൻ ധൃതി കൂട്ടി തുടങ്ങുന്നതറിഞ്ഞു.
ഇടം കാലായിരുന്നു ആദ്യം തളർന്നത്.
ഫലമായി വലംകാൽ ഒന്ന് വേച്ചു.
റ്റൈൽ പാകിയ നടപ്പാതയിൽ നിന്ന് മാറിയോടി പച്ചപ്പുല്ലുകൾ നിറഞ്ഞ ഗ്രൗണ്ടിന് നടുവിലെത്തി നിന്നു.
മഴ നനഞ്ഞ് കുതിർന്ന പോലെ വസ്ത്രങ്ങൾ വിയർപ്പിനാൽ ഒട്ടിയിരുന്നു.
നിന്ന നിൽപ്പിൽ നിന്ന് മുന്നോട്ടൊന്ന് ആടി വീഴാൻ പോയപ്പോൾ പിന്നിലേക്ക് വേച്ചു.
രണ്ടു പ്രാവശ്യം അങ്ങനെ നിന്നാടി.
പിന്നെ ഇടത് വശത്തേയ്ക്ക് ചരിഞ്ഞ് തോള് തറയിൽ ഇടിച്ചു വീണു.
ഗ്രേസിയും ജോണും നടക്കാനുണ്ടായിരുന്നവരും ഗ്രൗണ്ടിന് നടുവിലേക്ക് ഓടിയടുക്കുന്നത് കണ്ട് മൂർത്തിയുടെ ഒരു കണ്ണ് അടഞ്ഞു.
ചുണ്ടുകൾ ഒരു വശത്തേയ്ക്ക് കോടി ഒരു കണ്ണ് മാത്രം തുറന്നിരുന്നു.
ആ കണ്ണിലൂടെ ഓടിക്കൂടിയവരുടെ കൂട്ടത്തിൽ ഇൻഷുറൻസ് കമ്പനി മാനേജർ മൈക്കിളിനെയും മൂർത്തി കണ്ടു.
മൈക്കിളിനെ നോക്കി മൂർത്തി
ഒരു വശത്തേയ്ക്ക് കോടിയ ചുണ്ട് പിളർത്തിയൊന്നു ചിരിക്കാൻ ശ്രമിച്ചു.
"ആത്മഹത്യയല്ല.
അറുപത് വയസ്സ് കഴിഞ്ഞിട്ടുമില്ല. ആകസ്മികമാണ്.
ഇനി തടസ്സങ്ങളില്ലല്ലോ?"
ഇന്നലെ പറഞ്ഞതിനുള്ള മറുപടികൾ മൂർത്തിയുടെ ചിരിയ്ക്കുള്ളിൽ ഉള്ളതായി മൈക്കിളിന് തോന്നി.
മൂർത്തിയുടെ വായ്ക്കുള്ളിൽ നിന്നും കൊഴുത്ത് പതഞ്ഞ ചോര ഒഴുകി.
ഒരു വര പോലെയത് കവിളിലൂടെ ഒഴുകി താഴെ പടർന്നു.
മലർന്ന് കിടന്നിരുന്ന തല ഒരു വശത്തേയ്ക്ക് ചരിഞ്ഞ് വീണു.
അപ്പൊഴും ഒരു കണ്ണ് തുറന്ന് തന്നെയിരുന്നു
എത്രയും പെട്ടെന്ന് പിന്നെ ഉറങ്ങുന്ന അവളുടെ അടുത്തേയ്ക്ക് ഓടിയെത്താനായിരുന്നു.
മൂർത്തിയ്ക്ക് വെപ്രാളം.
ആഗ്രഹം പോലെ തണുത്തൊരു കാറ്റ് വന്ന് മൂർത്തിയെ പെട്ടെന്ന് അവളുടെ അടുക്കൽ കൊണ്ടെത്തിച്ചു.
അവൾ ഉണർന്നിരുന്നു.
കൈയ്യിൽ ആവി പറക്കുന്ന ചായ ഗ്ലാസ്സുമായി ഉറങ്ങുന്ന മകന്റെ കട്ടിൽ തലയ്ക്കൽ ഇരിക്കുന്നുണ്ട്.
അവന്റെ തലയിൽ അവൾ തലോടിയപ്പോൾ അവൻ ഉണർന്നു.
"ചായ കുടിക്ക് മോനെ.."
ചായ ഗ്ലാസ്സ് അവന് നേരെ നീട്ടി.
ഗ്ലാസ്സ് വാങ്ങിയവൻ എഴുന്നേറ്റിരുന്നു.
അവൾ മുറിയുടെ മൂലയിൽ കിടന്ന നീല നിറത്തിലെ കടലാസ്സുകളടങ്ങിയ ഫയൽ എടുത്ത്, അവന്റെ അരികിൽ ഇരുന്നു.
"മോനെ നീ അച്ഛനോട് ഒന്ന് മിണ്ടിയിട്ട് എത്ര നാളായി?"
അച്ഛന് പെൻഷൻ ആകാനിനി കുറച്ച് നാളുകളേയുള്ളു.
കൂടെ പഠിച്ച കൂട്ടുകാരന് അച്ഛൻ മരിച്ച ഇളവിൽ ജോലി കിട്ടിയെന്നും,
കാശില്ലാത്തവന് ഇവിടെ ജോലിയൊന്നും കിട്ടില്ല എന്നൊക്കെ ഇന്നലെ നീ പറഞ്ഞപ്പോൾ അച്ഛന്റെ മനസ്സ് വേദനിച്ച് കാണില്ലേ?
അച്ഛന്റെ ആരോഗ്യവും മോശമാണ്.ഡോക്ടറെ കണ്ടിരുന്നു.ഡോക്ട്ടർ എന്തൊക്കെയോ അച്ഛനോട് പറഞ്ഞിട്ടുണ്ട്.
പിന്നെ നീ പറഞ്ഞ ജോലിയ്ക്കുള്ള തുകയ്ക്കായി ഇൻഷുറൻസ് പൈസ മേടിച്ചെടുക്കാനും ശ്രമിക്കുന്നുണ്ട്.
അവരും എന്തൊക്കെയോ നൂലാമാല തടസ്സങ്ങൾ പറയുന്നു.എന്നാണ് അച്ഛൻ പറഞ്ഞത്. "
അവൾ പറഞ്ഞ് നിർത്തി.
അവൻ ചായ കുടിച്ച ഗ്ലാസ്സ് അമ്മയുടെ കൈയ്യിൽ കൊടുത്തു.
"അച്ഛൻ നടക്കാൻ പോയിട്ട് വന്നില്ലേ?"
അവൻ ചോദിച്ചു.
"ഇല്ല മോനെ, ഇപ്പൊ വരും. സമയമാകുന്നു. മോൻ ഉമ്മറത്ത് തന്നെയിരിക്ക്.
അച്ഛനോട് ഒന്ന് സംസാരിക്ക്.
ഞാൻ ചായ എടുത്തു വരാം."
അവൾ ചൂടു ചായയുമായി വരുമ്പോൾ അവൻ ഉമ്മറത്ത് പടിയിൽ ഇരിയ്ക്കുന്നുണ്ടായിരുന്നു.
മുറ്റത്ത് മാവിന്റെ ചുവട്ടിൽ ഒരു പഴുത്ത മാമ്പഴം വീണു കിടന്നിരുന്നു.
അതിനരികിലായി പത്രവും.
പഴുത്തതെങ്കിലും ഞെട്ടറ്റ് വീണ മാമ്പഴത്തിന്റെ ഞെട്ടിൽ നിന്നും കറ അപ്പൊഴും കിനിയുന്നുണ്ടായിരുന്നു.
കറ വീണ് പത്രത്തിലെ അക്ഷരങ്ങൾ നനയുന്നത് അവൻ കണ്ടു.
പത്രവും, മാമ്പഴവും എടുത്തവൻ പടിയിൽ വന്നിരുന്നു.
മാമ്പഴം അമ്മയുടെ കൈയ്യിൽ കൊടുത്തു.
പത്രം നൽകുവാനായി,
ദൂരെ വഴിയിൽ നിന്നും വിയർത്തൊലിച്ച് വരുന്ന അച്ഛനെയും നോക്കി,
നാല് വഴിക്കണ്ണുകൾ കാത്തിരുന്നു.
ജെ...
both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo