Slider

അമ്മയുടെ അലമാരി

0
Image may contain: 1 person, smiling, selfie and closeup

കുളി കഴിഞ്ഞ് മുറ്റത്തേക്കിറങ്ങി മുടി കോതിക്കോണ്ടിരിക്കുമ്പോഴാണ് അമ്മയുടെ വിളി വന്നത്, "അനൂ, മാലേം വളേമൊക്കെ മേശപ്പൊറത്തെറിഞ്ഞിട്ടാണോടീ പോകുന്നേ... എല്ലാത്തിനും പുറകെ ആളു നടന്നോണം. നിനക്കിത് അലമാരീലെടുത്തു വച്ചിട്ട് കുളിക്കാൻ പൊയ്ക്കൂടാരുന്നോ?". അമ്മ നിർത്തുന്ന ലക്ഷണമില്ല.
" ഞാനിപ്പ എടുത്തോളാമ്മേ, വരുവാ"
മുടി പിന്നിലേക്കിട്ട് കുളിപ്പിന്നൽ പിന്നി തിണ്ണയിലേക്ക് കയറാൻ തുടങ്ങുമ്പോഴേക്കും അപ്പുറത്തെ ഈയമ്മേടെ വിളി വന്നു.
" ആഹാ... അനുമോളേ ക്രിസ്മസും കൊണ്ടിറങ്ങിയതാണോ... രാത്രി എത്തിയോ... ജോക്കുട്ടൻ എന്തിയേ... ഷിന്റോയ്ക്ക് അവധി കിട്ടിയില്ലേ ഈ വർഷം.... അമ്മായി അമ്മ എന്നാ പറയുന്നു.."
ഒറ്റ ശ്വാസത്തിൽ ഈയമ്മ ചോദിച്ചു കൊണ്ടിരുന്നു.
ഗീത എന്നാണ് പേരെങ്കിലും ഞങ്ങളൊക്കെ ഈയമ്മേന്നാണ് വിളിക്കുന്നത്. ജോക്കുട്ടന് ഒന്നര വയസ്സുള്ളപ്പോൾ ഞാൻ കുവൈറ്റിൽ പോയതാണ്. അമ്മായി അപ്പൻ മരിച്ചതോടെ ആറുമാസം മുമ്പ് നിർത്തി പോന്നു. അന്നൊക്കെ അവനെ പുന്നാരിച്ചു വളർത്തിയത് ഈയമ്മയും സുരയച്ചയുമൊക്കെയാണ്. അയൽപക്കംകാരെ അങ്ങനെ വിളിക്കുന്നത് അപ്പന് ഇഷ്ടമല്ല. നിന്റെ അമ്മയും അമ്മാവനുമാണോടീന്നൊക്കെ എന്നോടു ചോദിക്കാറുണ്ടെങ്കിലും ഞാൻ മൈൻഡ് ചെയ്യാറില്ല. എന്തുകൊണ്ടോ ബന്ധുക്കളേക്കാളും എനിക്ക് സ്നേഹവും കരുതലും നൽകിയത് വെറുതെക്കാരെന്ന് അവർ വിളിക്കുന്നവർ തന്നെയായിരുന്നു.
ജോക്കുട്ടന് ഏഴു വയസ്സായെങ്കിലും ഈയമ്മക്കിപ്പൊഴും അവൻ കുഞ്ഞുവാവ തന്നെ.
"നിന്റെ മുടിയെല്ലാം പോയോ മോളേ " അവർ മുറ്റത്തേക്ക് കേറിവന്നു.
"വല്ലാണ്ട് കൊഴിയുന്നുണ്ട് ഈയമ്മേ, ടെൻഷനടിച്ചിട്ടാവും " ഞാൻ അവരുടെ കവിളിലൊന്നു നുള്ളി.
" പിന്നേ.... വല്യ ടെൻഷൻകാരി. " അവർ ചിറികോട്ടിച്ചിരിച്ചു.
" ഒരാഴ്ച കാണുവോ?"
" യ്യോ ... നാളെ രാവിലെ പോണം, അമ്മ അവിടെ തന്നെയല്ലെ ഒള്ളൂ"
ഞങ്ങൾ രണ്ടു പേരും കൂടി വീടിന്നകത്തേക്കു കയറി. ജോക്കുട്ടനെ ഉറക്കത്തിൽ നിന്നെഴുന്നേല്പിക്കാൻ ശ്രമിച്ചെങ്കിലും നടക്കാത്തതിനാൽ അവനൊരുമ്മ നെറ്റിയിൽ പതിച്ചിട്ട് " മിന്നായം പോലെ വന്നു പൊയ്ക്കോണ " മെന്നു പരിഭവിച്ച് ഈയമ്മ തിരിച്ചുപോയി.
"അനുവേ.... ടീ... ഞാൻ തുണി വിരിക്കാനെറങ്ങുവാ... വളേം മാലേം അലമാരിക്കകത്താ... താക്കോലു ഞാൻ കേറി വന്നിട്ടെടുത്തു തരാം.. ആ കറിയൊന്നിളക്കിയിട്ടേരെ... തീയിച്ചിരി കൊറച്ചേക്ക്." അമ്മ വാഷിങ്ങ് മെഷീനിൽ നിന്നും തുണികളുമായി മുറ്റത്തിറങ്ങി.
തീ കുറച്ചിട്ട് കറിയിളക്കിയടച്ചതിനു ശേഷം ജോക്കുട്ടന്റെ അടുത്തു പോയിരുന്നു. എത്ര തണുപ്പാണെങ്കിലും അവൻ പുതയ്ക്കില്ല. എന്റെ വലത്തു കൈ അവന്റെ വയറിലെടുത്തു വച്ചിട്ട് അട്ട ചുരുളുന്നതു പോലെ ചുരുണ്ട് എന്നോട് ചേർന്നേ കിടക്കൂ. അവന്റെയടുത്തിരിക്കുമ്പോൾ വല്ലാത്ത സന്തോഷവും സമാധാനവുമാണ്. സങ്കടങ്ങളൊക്കെ ഏഴുവയസുകാരന്റെ ചിരിയിൽ കൊഴിഞ്ഞു വീഴും. എന്റെ മുഖം വാടിയാൽ അവനറിയും. കണ്ണീരുരുണ്ടുകൂടുന്നതിനു മുമ്പേ തട്ടിത്തെറിപ്പിക്കും. ഷിന്റോ എപ്പൊഴും അസൂയപ്പെടാറുണ്ട് അവൻ അമ്മക്കുഞ്ഞാണെന്ന് പറഞ്ഞ്. എല്ലാവരും അവരവരുടെ തിരക്കിലാകുമ്പോൾ ,വേണ്ടപ്പെട്ടവരൊക്കെ മറന്നു എന്നറിയുമ്പോൾ ... അവൻ എന്റെ സ്വന്തമാണെന്നത് എത്ര സെക്യൂരിറ്റി ഫീലിങ്ങ് ആണ് തരുന്നത്.
പക്ഷേ... അമ്മയുമങ്ങനെയാകേണ്ടിയതല്ലേ... ഞാനുമമ്മയ്ക്കു പ്രിയപ്പെട്ടവളായിരുന്നല്ലോ.. ഇപ്പോളെന്താ ഇങ്ങനെ..? വല്യ വീട്ടിലേക്ക് കെട്ടിച്ചു വിട്ടാൽ എല്ലാം സഹിക്കണമെന്നാണോ? എല്ലാം സഹിക്കാം... മിണ്ടാണ്ടിരിക്കാം... തനിച്ചായവളുടെ നോവിടങ്ങളിലേക്ക് ഒന്നെത്തി നോക്കിക്കൂടെ? മുതിർന്നാലെല്ലാം തന്നെ സഹിക്കണമെന്നാണോ? കാശുകൊണ്ടു മാത്രം മനസ്സമാധാനമുണ്ടാകില്ലെന്ന് അമ്മയ്ക്കറിഞ്ഞൂടെ. വേറൊന്നും ആഗ്രഹിക്കുന്നില്ലല്ലോ.... പോട്ടെ ടീ ..സാരൂല്ല... എന്നൊരു വാക്ക്. എല്ലാമറിയാമായിട്ടും എത്ര ഭംഗിയായാണ് അമ്മ അകലുന്നത്.
സ്വന്തമെന്നു കരുതി എത്ര സ്നേഹിച്ചാലും അന്യയെന്നാവർത്തിക്കുന്നവരുടെ ഒഴിവാക്കലുകളിൽ നെഞ്ചുകീറിയൊഴുകി വീഴുന്ന മാണിക്യവും കൺകോണിലുറയുന്ന വൈരമണികളും കൂടി അമ്മയുടെ അലമാരിയിലൊന്നെടുത്തു വച്ചിരുന്നെങ്കിൽ... ഇന്നലെ രാത്രി മാലയുടെ കൊളുത്തടുപ്പിച്ചിടാൻ എന്റെ നെഞ്ചിലേക്ക് ചാഞ്ഞതല്ലേ... എന്നിട്ടും ഇടറിപ്പെരുകിമുഴങ്ങുന്നത് കേട്ടില്ലെന്നാണോ? അമ്മേ... അതു നിലയ്ക്കാതിരിക്കാൻ ദയവു ചെയ്ത് ഇതുകൂടി അമ്മയുടെ അലമാരിയിലേയ്ക്ക്....
 കലിക
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo