ഹൗസ് ഡ്രൈവർ ' എന്ന എന്റെ അനുഭവക്കുറിപ്പ്
പാർട്ട് 34 (അവസാന ഭാഗം)
02/01/2018 ചൊവ്വാഴ്ച രാത്രി 11 മണിക്ക് ജിദ്ദയിലെ 'കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിൽ' ചെക്കിങ്ങും മറ്റും കഴിഞ്ഞു എന്റെ ഫ്‌ളൈറ്റും പ്രതീക്ഷിച്ചു ഞാനിരുന്നു . എല്ലാത്തിനും ശുഭകരമായ പര്യവസാനം .... രണ്ടുവർഷത്തെ ഹൗസ് ഡ്രൈവർ ജീവിതം അവസാനിപ്പിച്ച് ഞാൻ പ്രതീക്ഷിച്ച പോലെ സന്തോഷത്തിലും സമാധാനത്തിലും ഉള്ള എന്റെ തിരിച്ചുപോക്കിന് ഇനി മിനിട്ടുകളുടെ ദൂരം മാത്രം . രണ്ടുവർഷം മുൻപ് ഇതേ എയർപോർട്ടിൽ വന്നിറങ്ങിയ ദിവസം മുതലുള്ള ഓരോ കാര്യങ്ങളും എന്റെ മനസ്സിലൂടെ ഒരു നിശബ്ദ ചിത്രം പോലെ കടന്നുപോയി . പ്രശ്നങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും സന്തോഷങ്ങളും പ്രതിസന്ധികളും അനുഭവങ്ങളും തീരുമാനങ്ങളും നിലപാടുകളും കാഴ്ചപ്പാടുകളും എല്ലാം നല്ലതിനായിരുന്നു എന്ന് എനിക്കിപ്പോൾ തോന്നുന്നു . തൊട്ടു മുമ്പ് കഴിഞ്ഞുപോയ ചില മണിക്കൂറുകൾ, എന്റെ ക്ഷമയും സഹനവും ശരിയായിരുന്നെന്ന് തോന്നിപ്പിക്കുന്നതായിരുന്നു .
3 മണിക്കൂർ മുമ്പ് റൂമിന് അടുത്തുള്ള , സ്ഥിരമായി പോകാറുള്ള പള്ളിയിൽ ഞാൻ നിസ്കരിക്കാൻ ചെന്നു. ഇശാ നിസ്കാരം കഴിഞ്ഞ ഉടനെ പള്ളിയിലെ ഇമാം എന്റെ കൈപിടിച്ച് പള്ളിയിൽ കൂടിയവരോട് ഇങ്ങനെ പറഞ്ഞു .
"കഴിഞ്ഞ കുറച്ചുകാലമായി നമ്മുടെ പള്ളിയിൽ സ്ഥിരമായി വരികയും ഒന്നാമത്തെ വരിയിൽ തന്നെ നിസ്കരിക്കാൻ നിൽക്കുകയും, മറ്റുള്ള എല്ലാ കാര്യങ്ങളിലും സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്ന നമ്മുടെ സഹോദരൻ നാസർ ഇന്ന് നാട്ടിലേക്ക് യാത്ര പോവുകയാണ് ഉടനെ തിരിച്ചു വരാനുള്ള ഉദ്ദേശമില്ലാതെ എക്സിറ്റിൽ ആണ് പോകുന്നത് അതുകൊണ്ട് നമുക്കെല്ലാവർക്കും സന്തോഷത്തോടെ നമ്മുടെ സഹോദരനെ യാത്രയാക്കാം"
"കഴിഞ്ഞ കുറച്ചുകാലമായി നമ്മുടെ പള്ളിയിൽ സ്ഥിരമായി വരികയും ഒന്നാമത്തെ വരിയിൽ തന്നെ നിസ്കരിക്കാൻ നിൽക്കുകയും, മറ്റുള്ള എല്ലാ കാര്യങ്ങളിലും സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്ന നമ്മുടെ സഹോദരൻ നാസർ ഇന്ന് നാട്ടിലേക്ക് യാത്ര പോവുകയാണ് ഉടനെ തിരിച്ചു വരാനുള്ള ഉദ്ദേശമില്ലാതെ എക്സിറ്റിൽ ആണ് പോകുന്നത് അതുകൊണ്ട് നമുക്കെല്ലാവർക്കും സന്തോഷത്തോടെ നമ്മുടെ സഹോദരനെ യാത്രയാക്കാം"
പിന്നീട് അവിടെ നടന്നത് വികാരനിർഭരമായ യാത്രയയപ്പായിരുന്നു . ഏകദേശം മുഴുവൻ ആളുകളും എന്റെ കൈപിടിച്ച് ഹസ്തദാനം ചെയ്യുകയും ഞങ്ങൾ പരസ്പരം ആലിംഗനം ചെയ്യുകയും ചെയ്തു ഇടക്ക് ചിലർ എന്റെ കൈയിൽ ചില നോട്ടുകൾ വെച്ചുതന്നു. പള്ളിയിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഇമാം പുറത്ത് കാത്തു നിൽപ്പുണ്ടായിരുന്നു അദ്ദേഹം 200 ചെയ്യാൻ റിയാൽ നിർബന്ധിച്ച് എന്റെ കൈയിൽ വെച്ചുതന്നു എന്നോട് യാത്ര പറഞ്ഞു. ഇമാം തന്നതും മറ്റുപലരും തന്നതും ചേർത്ത് 550 റിയാൽ ( പതിനായിരം രൂപ) ഉണ്ടായിരുന്നു .
പള്ളിയിലെ യാത്രപറയൽ കഴിഞ്ഞു ഞാൻ റൂമിൽ തിരിച്ചെത്തി. അയൽവാസിയായ മലയാളി സുഹൃത്ത് ഫവാസുമുണ്ടായിരുന്നു കൂടെ ബില്ഡിങ്ങിലെ മറ്റു ഡ്രൈവർമാരോടും ഹാരിസിനോടും ഒക്കെ യാത്ര പറഞ്ഞു ഞാൻ എന്റെ റൂമിന്റെ വാതിൽ അടച്ചു ചാവി കഫീലിനെ ഏൽപ്പിച്ചു . ഒരു വർഷവും നാലു മാസവും ഞാൻ അന്തിയുറങ്ങിയ എന്റെ ആ റൂമിനോട് ഞാൻ യാത്ര പറഞ്ഞു . വാതിലിൽ ഒട്ടിച്ചുവെച്ചിരുന്നന്ന ഒരു കുറിപ്പ് ഞാൻ ചീന്തിയിട്ടു .'അബ്ദുൽനാസർ ,ഇന്ത്യ കേരള ,ഹൗസ് ഡ്രൈവർ, മൊബൈൽ :0569119495' എന്നിങ്ങനെയായിരുന്നു അതിൽ എഴുതിയിരുന്നത്. ഫവാസിനോടും യാത്രപറഞ്ഞ് ഞാൻ കഫീലിൻറെ കൂടെ അവന്റെ വണ്ടിയിൽ കയറി. തൊട്ടടുത്ത് ഞാൻ സ്ഥിരമായി ഓടിച്ചിരുന്ന ചെറിയ വണ്ടി കിടപ്പുണ്ടായിരുന്നു . രണ്ടുവർഷക്കാലം എന്നെയും എന്റെ സങ്കടങ്ങളേയും വഹിച്ച ശകടമേ നിനക്ക് വിട ...
കഫീലാണ് എന്നെ എയർപോർട്ടിലേക്ക് കൊണ്ടുവിടുന്നത്. അവൻ തന്നെയാണ് വണ്ടി ഓടിക്കുന്നത് ഞാൻ ഞാനവന്റെ തൊട്ടടുത്ത സീറ്റിൽ ഇരുന്നു. പോകുന്ന വഴിയിൽ 'ഇന്ന് നമുക്ക് വല്ലതും കഴിക്കുകയോ അല്ലെങ്കിൽ കോഫീ കുടിക്കുകയോ ചെയ്യാം' എന്ന് ഞാൻ പറഞ്ഞു. അങ്ങനെ ഞങ്ങൾ 'ബാർണീസ് കോഫിയിൽ' കയറി എനിക്കൊരു മിക്യത്തോയും കഫീലിന് തുർക്കി കോഫിയും വാങ്ങി. പണം കൊടുക്കാൻ കഫീൽ ശ്രമിച്ചെങ്കിലും ഇന്നെന്റെ ചിലവ് ആണെന്ന് പറഞ് 19 റിയാൽ ബില്ല് ഞാൻ തന്നെ കൊടുത്തു. വണ്ടിയിൽ എണ്ണയും അടിച്ചു കോഫിയും കുടിച്ച് ഞങ്ങൾ യാത്ര തുടർന്നു
അറബികൾ എണ്ണപ്പണം കൊണ്ട് ഇന്ദ്രജാലം തീർക്കുന്നുന്ന ജിദ്ദ പട്ടണത്തിലൂടെ ഞങ്ങളുടെ വാഹനം മണിക്കൂറിൽ 100 കിലോ മീറ്ററുകൾക്ക് മുകളിൽ വേഗതയിൽ എയർപോർട്ട് ലക്ഷ്യമാക്കി കുതിച്ചു . കഫീലുമായി ഞാൻ പല വിഷയങ്ങളും സംസാരിച്ചു എനിക്ക് തരാനുള്ള പണത്തെപ്പറ്റി ഞാൻ ചോദിക്കാതെ തന്നെ കഫീൽ പറഞ്ഞു. അത് മണി അന്യായമായി എടുത്തത് തന്നെയാണെന്നും , ഞാൻ കഫീലിന് കൊടുക്കാനുള്ള പണം എന്റെ ശമ്പളത്തിൽ നിന്നും പിടിക്കാതിരുന്നത് മണി തരാനുള്ളതിലേക്ക് തന്നതാണെന്നും പറഞ്ഞു . ഇനി മണിയുടെ കൈയിൽ നിന്നും കഫീൽ പണം വാങ്ങിക്കൊള്ളാം എന്നുമാണ് ആ വിഷയത്തിലെ അവസാന തീരുമാനം .
ഞങ്ങൾ എയർപോർട്ടിലെത്തി. ഞാൻ വിളിച്ചതനുസരിച്ച് , എയർപോർട്ടിനോട് ചേർന്നുള്ള ഹജ്ജ് ടെർമിനലിൽ ജോലിചെയ്യുന്ന കഫീലിന്റെ പെങ്ങളുടെ ഭർത്താവ് ഞങ്ങളുടെ അടുത്തേക്ക് വന്നു . എന്റെ ലഗ്ഗേജ് കൂടുതലുണ്ടെന്ന് സംശയമുള്ളതിനാൽ അയാളെയും കൂട്ടി അകത്തുകടന്നു .തൂക്കി നോക്കിയപ്പോൾ കുറച്ചധികം കൂടുതലുണ്ടായിരുന്നു . കഫീലിന്റെ അളിയൻ കാര്യങ്ങൾ കൈകാര്യം ചെയ്തപ്പോഴേക്കും മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി ഞങ്ങളുടെ പദ്ധതികളെല്ലാം തെറ്റി. ഒരു നിലക്കും അധിക ലഗേജ് വിടാൻ ആ ഉദ്യോഗസ്ഥൻ സമ്മതിക്കാതെ വന്നപ്പോൾ ഒരു പെട്ടി കഫീലിന്റെ വണ്ടിയിൽ തിരിച്ചുകൊണ്ടുപോകാൻ ഞങ്ങൾ തീരുമാനിച്ചു . ജിദ്ദയിലുള്ള ജേഷ്ഠൻ കഫീലിൽ നിന്നും പെട്ടി വാങ്ങി ഷറഫിയയിൽ കൊണ്ടുപോയി കാർഗോ വിടാൻ അപ്പോൾതന്നെ തീരുമാനമായി.
ബാക്കിയുള്ള ഒരു പെട്ടിയും എന്റെ ബാഗും ലഗേജിൽ വിട്ട് , ഒരു പെട്ടി കഫീലിന്റെ വണ്ടിയിൽ കൊണ്ടു പോയി വച്ച് ഞാനും കഫീലും കഫീലിന്റെ അളിയനും കൂടി വീണ്ടും അകത്തു കടന്നു .എന്റെ എല്ലാ പേപ്പറുകളും ശരിയാക്കി ഫിംഗർപ്രിന്റ് പതിച്ചു പാസ്പോർട്ടിൽ എക്സിറ്റും അടിച്ചു ബോർഡിംഗ് പാസും കിട്ടിക്കഴിഞ്ഞപ്പോൾ കഫീലും അളിയനും യാത്രപറഞ്ഞു പോകാനൊരുങ്ങി . എന്റെയും കഫീലിന്റെ യും യാത്രപറച്ചിൽ , പതിവ് സൗദിഅറേബ്യൻ പാരമ്പര്യശൈലിയിൽ തന്നെ നടന്നു. ഞങ്ങൾ പരസ്പരം കൈ പിടിച്ച് ഹസ്തദാനം ചെയ്തു ആലിംഗനം ചെയ്തു പിരിഞ്ഞു. കഫീലിന്റെ അളിയനോടും യാത്ര പറഞ്ഞു . അവർ പുറത്തേക്കും ഞാൻ അകത്തേക്കും നടന്നു .
രണ്ടു വർഷം ജോലി ചെയ്തു മടങ്ങിപ്പോകുന്ന എനിക്ക് സമ്മാനമായി കഫീൽ പണമോ മറ്റു സാധനങ്ങളോ ഒന്നും തന്നില്ല. അതേതായാലും നന്നായി ഒരു ആയിരം റിയാൽ എങ്കിലും അവൻ തരുമായിരിക്കും എന്നു ഞാൻ മനസിൽ ചിന്തിച്ചിരുന്നു എന്നത് സത്യമാണെങ്കിലും, അവസാന സമയങ്ങളിൽ പ്രശ്നങ്ങളിലൊന്നും പെടുത്താതെ എക്സിറ്റ് അടിച്ച് ടിക്കറ്റും അവന്റെ പണത്തിന് എടുത്തു തന്നതിൽ ഞാൻ അല്ലാഹുവിനെ സ്തുതിച്ചു. എന്നോട് വളരെ സ്നേഹത്തോടെ സംസാരിച്ചെങ്കിലും അവസാന സമയത്തും കഫീൽ അവന്റെ യഥാർത്ഥ സ്വഭാവം പുറത്തെടുത്തു .എന്റെ ഇഖാമയുടെ കൂടെ ലൈസൻസും അവനെ ഏൽപ്പിക്കണം എന്ന് പറഞ്ഞു .
'ലൈസൻസ് തന്റെ പണത്തിന് എടുത്തത് അല്ലെന്നും പണ്ടു ഞാൻ റിയാദിൽ ജോലിചെയ്ത സമയത്ത് എടുത്ത ലൈസൻസിന്റെ നമ്പർ പുതിയ ഇഖാമയുടെ നമ്പറിലേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്നും' ഞാൻ പറഞ്ഞു . എന്റെ കയ്യിൽ നിന്നും ലൈസൻസ് വാങ്ങാൻ വീണ്ടും അയാൾ ശ്രമിച്ചു. ഒരു നിലക്കും ഞാനത് കൊടുക്കില്ലെന്ന് മനസ്സിലായപ്പോൾ ആ ശ്രമത്തിൽ നിന്നും അവൻ പിൻമാറി. യാത്ര പറയുന്നതിന്റെ തൊട്ടുമുൻപ് മൊബൈൽഫോൺ തിരിച്ചുചോദിച്ചു. രണ്ടുവർഷം മുൻപ് ഞാൻ ജോലിയിൽ പ്രവേശിച്ച ഉടനെ അവന്റെ വീട്ടിലുണ്ടായിരുന്ന , പഴയ ഒരു സാധാരണ മൊബൈൽ എനിക്ക് തന്നിരുന്നു. അതുപോലും തിരിച്ചുചോദിച്ച് , കഴിഞ്ഞ രണ്ടുവർഷത്തെ എന്നോടുള്ള അവന്റെ സ്വഭാവം അവൻ വീണ്ടും ഓർമിപ്പിച്ചു .
എന്റെ ബാഗും ലഗേജിന്റെ കൂട്ടത്തിൽ വിട്ടതുകൊണ്ട് മൊബൈൽ എന്റെ കയ്യിൽ ഇല്ലെന്നും നാട്ടിലെത്തിയിട്ട് നാട്ടിൽ നിന്ന് ആരെങ്കിലും ജിദ്ദയിലേക്ക് വരുമ്പോൾ അവരുടെ അടുത്ത് കൊടുത്തയക്കാം എന്നും പറഞ്ഞപ്പോൾ അയാൾ സമ്മതിച്ചു . ഞാൻ നാട്ടിലേക്ക് പോകുന്ന ദിവസം മാഡവും കുട്ടികളും അവളുടെ വീട്ടിൽ ആയിരുന്നു. ജോലിക്കാരിയും ഡ്രൈവറും ഇല്ലാതെ ഇനിയെത്ര കാലം അവളുടെ വീട്ടിൽ തന്നെ അവൾ കഴിയുമായിരിക്കുമോ ആവോ? അതുകൊണ്ട് കുട്ടികളോട് യാത്ര പറയാൻ പറ്റിയില്ല . അദ്‌നാനെ കാണാൻ വല്ലാത്ത ആഗ്രഹം ഉണ്ടായിരുന്നു അവന് എന്നെ വലിയ ഇഷ്ടമായിരുന്നു . വണ്ടിയിൽ കയറിയാൽ അവന്റെ ഉമ്മയുടെ അടുത്തുനിന്നും ഊർന്ന് ഇറങ്ങി എന്റെ ഷർട്ടിലും മറ്റും പിടിച്ചു വലിച്ച് അവന്റെ ഭാഷയിൽ എന്നോട് അവൻ ഓരോന്നു പറയും . പോരുന്ന സമയത്ത് അവനൊരു മുത്തം കൊടുക്കാൻ പറ്റിയില്ല
എയർപോർട്ടിലെ ഗേറ്റിന് പുറത്ത് ഫ്ലൈറ്റിലേക്ക് ഞങ്ങളെ കൊണ്ടുപോയി വിടാനുള്ള ബസ്സ് വന്നു നിർത്തിയപ്പോൾ ഞാൻ ചിന്തകൾക്ക് വിരാമമിട്ട് എന്റെ സീറ്റിൽ നിന്നും എഴുന്നേറ്റു . പാസ്പോർട്ട് കാണിച്ച് ബസ്സിനകത്തു കടന്നു . അൽപനേരത്തെ ഓട്ടത്തിനു ശേഷം 'ജെറ്റ് എയർവെയ്സിന്റെ' വിമാനത്തിനടുത്ത് ഞങ്ങൾ ഇറങ്ങി . വിമാനത്തിനകത്ത് കയറി സീറ്റ് കണ്ടുപിടിച്ച് സഹയാത്രികരോട് കുശലം പറഞ്ഞിരിക്കുമ്പോൾ 'വിമാനം പുറപ്പെടാൻ ആയെന്ന്' ക്യാപ്റ്റന്റെ സന്ദേശം കേട്ടു . സീറ്റുബെൽറ്റുകൾ ഒക്കെ ഘടിപ്പിച്ച് ഒരു സ്കൂൾ വിദ്യാർഥിയുടെ അച്ചടക്കത്തോടെ ഇരുന്ന ഞങ്ങളെയും വഹിച്ച് വിമാനം റൺവേയിലൂടെ അതിവേഗം കുതിച്ചു പാഞ്ഞു
രണ്ടുവർഷം ഞാൻ കണ്ട സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിൽ, മണിക്കൂറുകൾ കഴിയുമ്പോൾ എത്തിപ്പെടാനുള്ള എന്റെ സ്വന്തം നാടിനെയും വീടിനെയും വീട്ടുകാരെയും ഒക്കെ ഓർത്തു ഞാൻ എന്റെ സീറ്റിൽ ചാരിയിരുന്നു . വിമാനം ജിദ്ദക്ക് മുകളിലെ ആകാശ വഴികളിലൂടെ മുംബൈ ലക്ഷ്യമാക്കി, കാർമേഘങ്ങളെ കീറിമുറിച്ച് അതിവേഗം പറന്നു.
ഇതോടെ രണ്ടുവർഷത്തെ ഹൗസ് ഡ്രൈവർ ജോലിയിലെ എന്റെ അനുഭവ കുറിപ്പ് പൂർണ്ണമാവുന്നു. പുതിയ ജോലികളും അനുഭവങ്ങളും നല്ലതിനാവട്ടെ എന്ന പ്രതീക്ഷയോടെ........
(ശുഭം )
ഇതോടെ രണ്ടുവർഷത്തെ ഹൗസ് ഡ്രൈവർ ജോലിയിലെ എന്റെ അനുഭവ കുറിപ്പ് പൂർണ്ണമാവുന്നു. പുതിയ ജോലികളും അനുഭവങ്ങളും നല്ലതിനാവട്ടെ എന്ന പ്രതീക്ഷയോടെ........
(ശുഭം )
By Abdul MAjeed

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക